തത്ത്വമസി

മുഹമ്മദ് ശമീം

ജാതിയും ജാതിവിരുദ്ധസമരങ്ങളും -രണ്ട്

ജാതിയുമായി ബന്ധപ്പെട്ട ചർച്ചകളിൽ, ഇന്ത്യയിലെ സാമൂഹിക സംവർഗങ്ങളെക്കുറിച്ച വിശകലനമാണ് കഴിഞ്ഞ ലേഖനത്തിൽ നടത്തിയത്. ജാതിവൈവിധ്യങ്ങൾ നിലനിൽക്കുന്നു എന്നതുകൊണ്ട് മാത്രം ഒരു സമൂഹത്തെ ജാതീയം എന്ന് വിശേഷിപ്പിക്കാൻ പറ്റില്ല. ജാതീയം എന്നോ ജാത്യധിഷ്ഠിതം എന്നോ വിളിക്കാവുന്ന ഒരു സമൂഹത്തിന്റെ രൂപപ്പെടൽ, ഇന്ത്യൻ പശ്ചാത്തലത്തിൽ താഴെപ്പറയുന്ന വിധത്തിലാവാം.

1) ഒന്നാമതായും ഒരിക്കലും തിരിച്ചിടാൻ സാധിക്കാത്ത ഒരു ശ്രേണി രൂപപ്പെട്ടു.
2) അതിലൂടെ ആ സമൂഹത്തിൽ സാമൂഹിക അസമത്വങ്ങൾ അടയാളപ്പെട്ടു.
3) സ്വാഭാവികമായും ആ ശ്രേണി അത്തരം അസമത്വങ്ങളെ സൈദ്ധാന്തികമായി ന്യായീകരിച്ചു.
4) ആ ശ്രേണിയിലെ ഏറ്റവും ഉന്നതമായ സ്ഥാനം തങ്ങൾക്കാണെന്ന് വാദിച്ചിരുന്നവർ അതിനുള്ള ന്യായമായി പ്രകൃത്യതീതമായ അവകാശവാദങ്ങൾ കൂടി മുന്നോട്ട് വെച്ചു.
5) അനുഷ്ഠാനപരമായ ശുദ്ധാശുദ്ധ നിയമങ്ങൾ ഇതിന് പിൻബലമായി വർത്തിച്ചു.
6) ഇപ്രകാരം ഒരു ശ്രേണീബദ്ധത രൂപപ്പെട്ടതു കൊണ്ടു തന്നെ സാമ്പത്തിക സ്രോതസ്സുകൾ വ്യത്യസ്ത കൂട്ടങ്ങൾക്ക് വ്യത്യസ്ത അളവുകളിൽ മാത്രമേ ലഭ്യമായുള്ളൂ.

Painting by Rev. Jebasingh Samuvel, Jaffna Diocese, CSI

ഗാന്ധിയും അംബേദ്കറും
സാധാരണഗതിയിൽ ഈ ക്രമത്തിന് നേരെ തിരിച്ചും സംഭവിക്കാവുന്നതാണ്. അതായത്, സാമ്പത്തിക സ്രോതസ്സുകളുടെ ലഭ്യതയിലുള്ള അസമത്വങ്ങൾ ശ്രേണികളെ സൃഷ്ടിക്കുകയോ നിർണയിക്കുകയോ ചെയ്യുന്നു എന്നും വരാം. അതേസമയം ഇന്ത്യയിലെ ബ്രാഹ്മണാധിഷ്ഠിത ജാതിക്രമത്തെ ഇപ്രകാരം തല തിരിച്ചിട്ട് വായിക്കാൻ പറ്റില്ല. എന്നാൽ എന്തിനെയും ഉത്പാദനോപകരണങ്ങളുടെ ഉടമസ്ഥാവകാശം, സാമ്പത്തികസ്രോതസ്സുകളുടെ മേലുള്ള അധികാരം എന്നിവയിൽ രൂഢമാക്കുക എന്ന പൊതുവായ കമ്യൂനിസ്റ്റ് രീതി വെച്ച് അങ്ങനെയും ചില വായനകൾ നടന്നിട്ടുണ്ടെന്ന് മാത്രം.

ഇതില്‍ ജാതിവൈവിധ്യം എന്ന സാമൂഹികാവസ്ഥയ്ക്കും ജാതിസമ്പ്രദായം എന്ന സാമൂഹിക സംവിധാനത്തിനും മാത്രം പരിഗണന നൽകിക്കൊണ്ടുള്ള നിലപാടാണ് ഗാന്ധിജി തുടക്കത്തിൽ സ്വീകരിച്ചിരുന്നത്. പിന്നീടിതിന് കൈവന്ന അനുഷ്ഠാനാധിപത്യത്തിന്റെയും ശുദ്ധാശുദ്ധനിയമങ്ങളുടെയും പിൻബലത്തെ നിരാകരിച്ചു കൊണ്ട് ഒരു വ്യവസ്ഥ എന്ന നിലക്ക് ജാതിസമ്പ്രദായത്തെ അദ്ദേഹം പരിഗണിച്ചു. ഇതിനെ മതത്തിൽ നിന്ന് വേർപെടുത്താനാണ് അദ്ദേഹം ശ്രമിച്ചത്. Annihilation of caste (ജാതിയുടെ നിർമൂലനം) എന്ന ആശയത്തെ ഗാന്ധി അനുകൂലിച്ചില്ല. മറിച്ച് അദ്ദേഹം മുന്നോട്ടു വെച്ചത് Removal of untouchability (അസ്പൃശ്യതയുടെ നിർമാർജനം) എന്ന ആശയമാണ്. തൊഴിലിനെക്കുറിച്ച ഗാന്ധിയൻ വിചാരങ്ങളുമായിക്കൂടി ബന്ധപ്പെട്ടു നിൽക്കുന്നതാണ് ഈ ആശയം.

Caste systemത്തെ പഴയ കുലത്തൊഴിൽ സമ്പ്രദായത്തിന്റെ ആധുനികമായ വ്യാപനം (extension) മാത്രമായി കണ്ട അദ്ദേഹം ജനനം മുതല്‍ക്ക് തന്നെ കുലത്തൊഴിലിൽ ലഭിക്കുന്ന പരിശീലനം വഴി സമൂഹത്തിനാവശ്യമായ എല്ലാ തൊഴിലുകളിലും അതിവിദഗ്ദരായ ആളുകൾ വളർന്നു വരും എന്നും പ്രത്യാശിച്ചു. തൊഴിലിന്റെ തരം തിരിവാണ് ശ്രേണികളെ സൃഷ്ടിക്കുന്നത് എന്നും അതിനാൽ ഏതൊരു തൊഴിലും ഒരുപോലെ മഹത്തരമാണ് എന്ന സോഷ്യലിസ്റ്റിക് സങ്കൽപം മാനസികമായും സാമൂഹികമായും വളർത്തിക്കൊണ്ടുവന്നാൽ വിവേചനങ്ങൾ അവസാനിക്കും എന്നും അദ്ദേഹം പറഞ്ഞു. മാസങ്ങളോളം ആശ്രമത്തിലെ തോട്ടിപ്പണി സ്വയം ചെയ്തുകൊണ്ടും മറ്റും തൊഴിലുകളുമായി ബന്ധപ്പെട്ട മാനസികവിവേചനങ്ങൾ ഇല്ലായ്മ ചെയ്യാൻ പരിശ്രമിക്കുകയും ചെയ്തു.

വിവേചനം അവസാനിപ്പിക്കുന്നതിനായി അദ്ദേഹം മുന്നോട്ട് വെച്ച മറ്റൊരു മാർഗം കുല, ജാതിത്തൊഴിലുകൾ നിലനിർത്തിക്കൊണ്ടു തന്നെ വ്യത്യസ്ത ജാതികൾ തമ്മിൽ വിവാഹത്തിലൂടെയും മറ്റുമുള്ള എന്‍ഗേജ്‌മെന്റുകൾ വളർത്തിക്കൊണ്ടു വരിക എന്നതാണ്. ഇതും വിധവാവിവാഹവും ഒക്കെ സ്വന്തം അനുയായികളിൽ അദ്ദേഹം നടപ്പാക്കുകയും ചെയ്തു.

Removal of untouchabilityയുമായി ബന്ധപ്പെട്ട് നൂറുകണക്കിന് ലേഖനങ്ങൾ യംഗ് ഇന്ത്യയിലും ഹരിജനിലും നവജീവനിലും മറ്റുമൊക്കെയായി ഗാന്ധി എഴുതിയിട്ടുണ്ട്. അതേസമയം പിൽക്കാലത്ത് ഈ ജാതിസമ്പ്രദായം തന്നെ ഇല്ലാതാകുകയാണ് വേണ്ടത് എന്നും അത് എത്രത്തോളം വേഗമാകുന്നോ അത്രത്തോളം നല്ലതാണ് എന്നും അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.

ജാതീയതയുമായി ബന്ധപ്പെട്ട അതിതീക്ഷ്ണമായ അനുഭവങ്ങളിലൂടെയാണ് ജ്യോതിറാവു ഫൂലെയും അംബേദ്കറുമൊക്കെ കടന്നുവന്നത്. അനുഷ്ഠാനപരമായ ശുദ്ധാശുദ്ധങ്ങളുടെ പിന്തുണ ജാതീയതക്ക് ലഭിക്കുന്നുണ്ടെന്നതിനാൽ അതിന് പ്രത്യക്ഷകാരണമായ ഹിന്ദു മതത്തെയും വൈദിക സംസ്‌കാരത്തെയും തന്നെ അവർ തള്ളിപ്പറഞ്ഞു.

സംസ്‌കൃതം സംസാരിക്കുന്ന ബ്രാഹ്മണർ വൈദേശികരായ ആര്യന്മാരുടെ പിൻമുറക്കാരാണെന്നും കീഴ്ജാതിക്കാരായ തദ്ദേശീയരാണ് ഈ രാജ്യത്തിന്റെ യഥാർത്ഥ അവകാശികൾ എന്നും ജ്യോതിബാ ഫൂലെ വാദിച്ചു. അതായത്, അദ്ദേഹത്തെപ്പോലുള്ളവരുടെ സമീപനത്തിൽ, വൈദേശികാധീശത്വശക്തികളായ ഉന്നതജാതിക്കാരും കീഴടക്കപ്പെട്ടവരും മര്‍ദ്ദിതരുമായ തദ്ദേശീയ കീഴ്ജാതിക്കാരും തമ്മിലുള്ള സംഘർഷമാണ് ചരിത്രം. ദേശീയതാവാദത്തിന്റെയും മണ്ണിന്റെ മക്കൾ വാദത്തിന്റെയുമായ എല്ലാ കുഴപ്പങ്ങളും ഈ സമീപനത്തിനുമുണ്ട് എന്ന് പറയാം. ജാതിയോടുള്ള സമീപനത്തിൽ Annihilation of caste ആണ് അംബേദ്കർ മുന്നോട്ട് വെച്ച ആശയം.

ഏതാണ്ട് അംബേദ്കറുടേതിന് സമാനമായ അനുഭവങ്ങളിലൂടെ കടന്നുവന്ന ശ്രീ നാരായണ ഗുരുവാകട്ടെ, വൈദിക പാരമ്പര്യത്തെ മറ്റൊരു രീതിയിൽ അപനിർമിക്കാനാണ് തുനിഞ്ഞത്. മാത്രവുമല്ല, വേദത്തിനും അനുഷ്ഠാനങ്ങൾക്കും മേൽ ബ്രാഹ്മണന് മാത്രമായി നൽകപ്പെട്ടിരുന്ന അധികാരത്തെ സ്വന്തമാക്കുക എന്ന കലാപത്തിനും അദ്ദേഹം മുതിർന്നു.

ജാതി നിർമൂലനം തന്നെയായിരുന്നു ആത്യന്തികമായി അദ്ദേഹത്തിന്റെയും ലക്ഷ്യം. വേദാന്തദർശനത്തിലെ അദ്വൈതധാരയെ ആദർശമായി അംഗീകരിക്കുമ്പോഴും ശങ്കരാചാര്യരെ നിശിതമായി വിമർശിക്കുകയും തള്ളിപ്പറയുക തന്നെയും ചെയ്തിരുന്നു അദ്ദേഹം. ജാതി സ്ഥാപിക്കാൻ ശങ്കരൻ ബുദ്ധി കൊണ്ട് പറന്നിട്ടുണ്ട് എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം ഇതിന് മാത്രമല്ല, ജാതി സ്ഥാപിക്കപ്പെടേണ്ട ഒന്നല്ല എന്ന ബോധ്യത്തിനും കൂടി തെളിവാണ്ശ. “ശങ്കരാചാര്യർ വലിയ ആളായിരുന്നല്ലോ. അദ്ദേഹം പോലും ജാതിയെ അംഗീകരിച്ചിട്ടുണ്ട്” എന്ന ചോദ്യം വന്നപ്പോൾ നാരായണ ഗുരു ഇപ്രകാരം പറഞ്ഞത്രേ: “ശങ്കരാചാര്യർ വലിയ ആളായിരിക്കാം. എന്നാല്‍, ജാതിയുടെ കാര്യത്തിൽ ചെറിയ ആളായിരുന്നു.”

ബുദ്ധനും ജൈനനും
ഇന്ത്യയിലെ ശ്രമണപാരമ്പര്യം ജാതിസമ്പ്രദായത്തെ പൂർണമായും തള്ളിപ്പറഞ്ഞു. സിദ്ധാർത്ഥ ഗൗതമ ബുദ്ധൻ, വർദ്ധമാന മഹാവീരൻ എന്നിവർക്ക് പുറമേ, അരാജക ചിന്തകളുടെ പ്രതിനിധികളായ പുരാണകശ്ശപൻ, പകുതകച്ചായണൻ, അജിതകേശകമ്പിളി, മഗ്ഗലി ഗോശാലൻ എന്നീ ശ്രമണമുനിമാരും ജാതിസമ്പ്രദായത്തിനെതിരെ കർക്കശ നിലപാട് സ്വീകരിച്ചു.

ആരാണ് ബ്രാഹ്മണൻ എന്ന പ്രശ്‌നമുന്നയിക്കുന്നുണ്ട് മഹാവീരൻ. ജാതിബ്രാഹ്മണനല്ല യഥാര്‍ത്ഥബ്രാഹ്‌മണന്‍. ധര്‍മചര്യയില്‍ ശരിയായ ശ്രമണപദവിയിലേക്കുയരുന്നയാളാണ് അത്. ഇവിടെ ബ്രാഹ്മണൻ എന്ന പദവുമായി ബന്ധപ്പെട്ട പരമ്പരാഗതധാരണകളെ അപനിർമിക്കാനാണ് മഹാവീരനും ശ്രമിക്കുന്നതെന്ന് കാണാം. ഇതേ നിലപാട് ശ്രീബുദ്ധനും ഉണ്ടായിരുന്നു. ധമ്മപദയിലെ അവസാനത്തെ അധ്യായമായ ബാമ്മണവഗ്ഗയില്‍ അദ്ദേഹത്തിന്റെ ഇത് സംബന്ധമായ ഉപദേശങ്ങൾ കാണാം.

അതേസമയം, മേൽ സൂചിപ്പിച്ചിരുന്ന അനുഷ്ഠാനാധിപത്യത്തിന് (ritualocracy) നേരെ ബുദ്ധനും മഹാവീരനും കർക്കശമായ നിലപാട് സ്വീകരിച്ചു. ഇക്കാര്യത്തിൽ കൂടുതൽ കർക്കശക്കാരനായ ബുദ്ധൻ അനുഷ്ഠാനങ്ങളെത്തന്നെ പൂർണമായും തള്ളിക്കളഞ്ഞു. ശുദ്ധാശുദ്ധതകൾ, ആത്മാവ് തുടങ്ങിയ മതസങ്കൽപങ്ങളെ തന്റെ മതത്തിൽ നിന്ന് പൂർണമായും ബുദ്ധൻ ഒഴിവാക്കിയതിന്റെ പശ്ചാത്തലവും ഇതാണ്.

മഹാവീരശിഷ്യനായ ആർദ്രകനും ഒരു വൈദിക ബ്രാഹ്മണനും തമ്മിൽ നടന്ന സംവാദത്തിൽ, രണ്ടായിരം വിശുദ്ധബ്രാഹ്മണരെ ഊട്ടുന്നവൻ പുണ്യം നേടി ദേവലോകത്ത് പോകുമെന്ന് ബ്രാഹ്മണൻ പറഞ്ഞപ്പോൾ ആർദ്രകൻ ഇങ്ങനെ പ്രതികരിച്ചതായി കാണാം: “രണ്ടായിരം വിശുദ്ധ മാർജാരന്മാരെ ഊട്ടുന്നവൻ നരകത്തിൽ കഠിനവേദനകളനുഭവിക്കും. വിശക്കുന്ന ഹിംസ്രമൃഗങ്ങൾ അവനെ വളയും. ദയയുടെ നിയമം ലംഘിക്കുന്ന ഒരാൾ, തത്വദീക്ഷയില്ലാത്ത മറ്റൊരാളെ ഊട്ടുന്നു. ഇതു കൊണ്ടെന്ത് പ്രയോജനം. അവൻ പോകുന്നത് ദേവലോകത്തേക്കല്ല, ഇരുട്ടിലേക്കാണ്.” (സൂത്ര കൃതാംഗം- ഉദ്ധരണം കെ. ദാമോദരൻ/ഭാരതീയ ചിന്ത). ജാതിബ്രാഹ്മണ്യത്തോടുള്ള നിറഞ്ഞ പരിഹാസമാണ് ഈ ഉദ്ധരണിയിൽ നാം കാണുന്നത്.

“Moksha Buddha” painting by Prince Chand

ജ്ഞാനത്തിന്റെ അവകാശത്തിലാണ് ബുദ്ധൻ കൂടുതൽ ഊന്നിയത്. എപ്പോഴാണ് ധർമം സദ്ധർമമാകുന്നത്? ഇതിന് ബുദ്ധന്റെ മറുപടി എല്ലാവർക്കും അറിവ് നേടാൻ സ്വാതന്ത്ര്യമുണ്ടാകുമ്പോൾ എന്നാണ്. അക്കാലത്ത് ബ്രാഹ്മണമേധാവിത്തം ശൂദ്രർക്കും സ്ത്രീകൾക്കും അറിവ് നിഷേധിച്ചിരുന്നു. എല്ലാ വിവേചനങ്ങളെയും ശക്തമായി എതിർത്തിരുന്ന ശ്രീബുദ്ധൻ അറിവിന്റെ അധികാരത്തിൽ ശൂദ്രനെയും സ്ത്രീയെയും പ്രത്യേകം പരാമർശിക്കുന്നുണ്ട്.

എത്രതന്നെ അട്ടിമറികൾക്ക് വിധേയമായപ്പോഴും ജാതിക്കെതിരായ നിലപാടിൽ വെള്ളം ചേർക്കാൻ ബുദ്ധമതം തയ്യാറായില്ല. ജൈനമതമാകട്ടെ, പിൽക്കാലത്ത് അൽപം അനുരഞ്ജനത്തിന്റെ സ്വഭാവം സ്വീകരിച്ചു. ഈ അനുരഞ്ജനം നിമിത്തം അധികം താമസിയാതെ ജാതീയമായ മേൽക്കോയ്മയോട് ഭ്രമം വളര്‍ത്തുന്ന തരത്തിൽ തന്നെ അവരുടെ പുരാണങ്ങൾ പോലും വ്യാഖ്യാനിക്കപ്പെട്ടു. മഹാവീരൻ തന്നെയും ഒരു ബ്രാഹ്മണസ്ത്രീയുടെ ഗർഭത്തിൽ പിറന്നതാണെന്നും അവിടെ നിന്നും മാതാവായ ത്രിശലയുടെ വയറ്റിലേക്ക് പരഗർഭപ്രവേശം നടത്തിയതാണെന്നും കഥയുണ്ടായി. ഫലത്തിൽ ജൈനമതം ഹിന്ദുമതത്തിലെ പല ജാതികളിലൊന്നായി ചുരുങ്ങുകയും ചെയ്തു. ബുദ്ധമതത്തിന്റെ കർക്കശമായ ജാതിവിരുദ്ധതയാകട്ടെ, അതിന് ശക്തമായ സ്വാധീനമുണ്ടായിരുന്ന ഇടങ്ങളിൽ നിന്ന് പോലും അത് പുറം തള്ളപ്പെടുന്നതിലേക്കാണ് എത്തിയത്. ഈ കാർക്കശ്യം കൂടിയാവാം അംബേദ്കറെ പിന്നീട് ബുദ്ധമതത്തിലേക്കാകർഷിച്ചത്.

ഔപനിഷദം
അതേസമയം വൈദികപാരമ്പര്യത്തിലെത്തന്നെ ബ്രാഹ്‌മണങ്ങളുടെയും ആരണ്യകങ്ങളുടെയും കാലത്തെ ritualocracy-യെയും അതുവഴി രൂപപ്പെട്ടു വന്ന ജാതിമേൽക്കോയ്മയെയും ഉപനിഷത്തുകൾ വിമർശിക്കുന്നുണ്ട്. ബകദാൽഭ്യനും ഗ്ലാവമൈത്രേയനും നായ്ക്കൾ യാഗം നടത്തുന്നത് കണ്ടതായ ഒരു കഥ ഛാന്ദോഗ്യുപനിഷത്തിൽ കാണാം (ഒന്നാമധ്യായം പന്ത്രണ്ടാം ഖണ്ഡം). യാഗത്തിലെ പുരോഹിതന്മാരെപ്പോലെ ശ്വാക്കൾ ഹോമകുണ്ഡത്തെ വലം വെച്ച്, ഹിംകാരം ചെയ്യുന്നു: ഓം ഞങ്ങൾ അന്നം ഭക്ഷിക്കുമാറാകട്ടെ, ഓം ഞങ്ങൾ ജലപാനം ചെയ്യുമാറാകട്ടെ എന്നാണ് ജപം. ഇത് ആധ്യാത്മികചൈതന്യം ഒട്ടുമില്ലാത്ത ജഡാനുഷ്ഠാനങ്ങൾക്ക് നേരെയുള്ള ഉപനിഷത്തിന്റെ പരിഹാസമാണെന്ന വിലയിരുത്തലുണ്ട്. യാഗവേളയിൽ ഓംകാരം ഉച്ചരിച്ചു കൊണ്ടുള്ള, ബ്രാഹ്മണന്മാരുടെ പ്രദക്ഷിണത്തെ ഒരു ശ്വാന പ്രദക്ഷിണമായി അവതരിപ്പിച്ചതാവാം. അന്നമാണ് അനുഷ്ഠാനങ്ങളുടെ ലക്ഷ്യമാകുന്നത് എന്ന പരിഹാസവും ഉണ്ടാവാം ഇതിൽ. ബൗദ്ധ, ജൈന പാരമ്പര്യങ്ങളെപ്പോലും ഹൈജാക്ക് ചെയ്ത ബ്രാഹ്മണ മേല്‍ക്കോയ്മ, പക്ഷേ പിൽക്കാലത്ത് ഈ ഉപനിഷത്തുകളെയും അവർക്ക് വേണ്ട രീതിയിൽ വ്യാഖ്യാനിച്ചു.

വൈദിക ഹിന്ദുമതത്തെ വിമർശിക്കുമ്പോഴും ഉപനിഷത്തുകൾ സൃഷ്ടിച്ച വിപ്ലവത്തെ ഡോ അംബേദ്കർ തന്നെ സമ്മതിക്കുന്നുണ്ട്. അദ്ദേഹം മുഖ്യമായും ഇക്കാര്യം വിലയിരുത്തുന്നത് Riddles in Hinduism (ഹിന്ദുമതത്തിലെ പ്രഹേളികകൾ) എന്ന പുസ്തകത്തിലെ എട്ടാമത്തെയും ഒമ്പതാമത്തെും പ്രഹേളികകളായാണ്. വേദസംഹിതയും വേദാന്തം എന്നു കൂടി അറിയപ്പെട്ടിരുന്ന ഉപനിഷത്തും തമ്മിലുള്ള വൈരുദ്ധ്യമായാണ് അദ്ദേഹം അത് അവതരിപ്പിക്കുന്നത്. വേദത്തിന്റെ സാധ്യതയെയും സാധുതയെയും പൂർണമായും നിരാകരിച്ചു കൊണ്ട് തൊട്ടു മുമ്പും പിറകെയുമുള്ള പ്രഹേളികകളിൽ മുന്നോട്ടു വെക്കുന്ന വാദത്തെ സാധൂകരിക്കുന്ന സ്വഭാവത്തിലാണ് അദ്ദേഹം അതിനെ വിശകലനം ചെയ്യുന്നത്. ഒമ്പതാമത്തെ പ്രഹേളികയിൽ അത് ജൈമിനിയും ബാദരായണനും തമ്മിലുള്ള സംവാദമായി വിശദീകരിക്കുന്നു. ജൈമിനി വേദത്തെയും ബാദരായണൻ ഉപനിഷത്തിനെയും (വേദാന്തം എന്ന പ്രയോഗത്തെ അംബേദ്കർ ചോദ്യം ചെയ്യുന്നുണ്ട്) പ്രതിനിധീകരിക്കുന്നു. യാഗങ്ങൾ അനുവർത്തിക്കേണ്ടത് അനിവാര്യമാണോ എന്നതാണ് ഇതിലെ പ്രധാന തർക്കവിഷയം. അനുഷ്ഠാനപരമായ അധികാരമാണ് ബ്രാഹ്മണാധിപത്യത്തിന് പ്രധാന ആയുധമായി വർത്തിച്ചത് എന്ന് നാം മുകളിൽ പരാമർശിച്ചിരുന്നല്ലോ. ഈ അധികാരത്തെയാണ് ഉപനിഷത്ത് ചോദ്യം ചെയ്തത് എന്നും പറഞ്ഞു. യാഗങ്ങൾ അനുവർത്തിക്കേണ്ടത് അനിവാര്യമാണെന്ന് ജൈമിനി പറഞ്ഞു, അനിവാര്യമല്ലെന്ന് ബാദരായണനും. ഇക്കാരണത്താൽ ജൈമിനിയുടെ ദർശനത്തെ കർമമീമാംസ എന്നും ബാദരായണന്റെ വീക്ഷണത്തെ ജ്ഞാനമീമാംസ എന്നും വിളിക്കാറുണ്ട്.

എന്നാല്‍ ബാദരായണൻ യാഗകർമങ്ങളെ പൂർണമായും തള്ളിപ്പറഞ്ഞില്ല. അത് അനിവാര്യമല്ലെന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ജൈമിനിയുടെ വാദങ്ങളെ പ്രതിരോധിക്കാനല്ലാതെ ഖണ്ഡിക്കാൻ അദ്ദേഹം മുതിരുന്നില്ല. ഇതിന്റെ പേരിൽ അംബേദ്കർ അദ്ദേഹത്തെ വിമർശിക്കുന്നുമുണ്ട്. പരസ്പരം അംഗീകരിക്കാത്ത, വേദ-ഉപനിഷത്ത് ദ്വന്ദ്വം രൂപപ്പെടുന്നതിന് പകരം ഉപനിഷത്തുകൾ വേദാന്തം മാത്രമായിച്ചുരുങ്ങിയത് ഇക്കാരണത്താലാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

“The Problem We All Live With” Painting by Norman Rockwell

വൈദികപാരമ്പര്യത്തിന്റെ തുടർച്ചയെ അനുലോമം എന്നും പ്രതിലോമം എന്നും രണ്ടായി വിശദീകരിക്കുന്നുണ്ട് അംബേദ്കർ. അനുകൂലമായി പിന്തുടരുന്നത് അനുലോമവും തിരിച്ചുള്ളത് പ്രതിലോമവുമാണ് (അനുവർത്തനം എന്നും പ്രതിവർത്തനം എന്നും പറയാം). ഉപനിഷത്തുകള്‍ പ്രതിലോമ നിലപാടാണ് വേദങ്ങള്‍ക്ക് നേരെ കൈക്കൊണ്ടത് എന്നാണ് എട്ടാമത്തെ പ്രഹേളിക അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം സ്ഥാപിക്കുന്നത്.

എന്നാല്‍ ഇവിടെ ചില പ്രശ്‌നങ്ങൾ ഉദ്ഭവിക്കുന്നുണ്ട്. വേദസംഹിതയെയാണ് താൻ ആധാരമാക്കുന്നതെന്ന് ജൈമിനി അവകാശപ്പെടുന്നുണ്ടെങ്കിലും സത്യത്തിൽ അദ്ദേഹം ബ്രാഹ്മണങ്ങളുടെ പ്രതിനിധിയാണ്. നിരീശ്വരവാദിയാണ് ജൈമിനി. അതേസമയം തന്നെ യാഗയജ്ഞാദി അനുഷ്ഠാനങ്ങളുടെ വക്താവുമാണ്. യാഗങ്ങൾ സ്വയം തന്നെ ഫലദായകമായതിനാൽ ഫലദായകനായ ഈശ്വരന് പ്രസക്തിയൊന്നുമില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. എന്നാൽ വേദസംഹിത നിരീശ്വരവാദത്തെ ഒരിക്കലും പ്രോൽസാഹിപ്പിക്കുന്നില്ല. നിരീശ്വരവാദിയായിരിക്കെത്തന്നെ കടുത്ത ജാതിവാദിയുമാണ് ജൈമിനി. യാഗാദി കര്‍മങ്ങൾ ചെയ്യാൻ ശൂദ്രന്മാർക്ക് യാതൊരവകാശവുമില്ല എന്നാണ് അദ്ദേഹത്തിന്റെ മതം.

യാഗാദ്യനുഷ്ഠാനങ്ങളുടെ കാലമാണ് ബ്രാഹ്മണങ്ങളുടെ കാലം. അനുഷ്ഠാനങ്ങളിലൂടെയാണ് ബ്രാഹ്മണവിഭാഗം തങ്ങളുടെ മേൽക്കൈ സ്ഥാപിച്ചതും. ഉപനിഷത്തുകൾ ഇത്തരം പ്രവണതകളോടാണ്, അല്ലാതെ വേദസംഹിതയോടല്ല കലഹിക്കുന്നത്. വേദബ്രാഹ്മണനെയല്ല, ബ്രാഹ്മണബ്രാഹ്മണനെയാണ് ഉപനിഷത്തുകൾ വിമർശിക്കുന്നതെന്നർത്ഥം.

അംബേദ്കറുടെ പ്രഹേളികയിൽ ഉപനിഷദ് പക്ഷത്ത് അവതരിപ്പിക്കപ്പെട്ട ബാദരായണന് ശേഷം വേദാന്തദർശനത്തെ വികസിപ്പിച്ചവരിൽ ശങ്കരാചാര്യർ കടുത്ത ജാതിവാദിയായിരുന്നു. ബാദരായണന്റെ ബ്രഹ്‌മസൂത്രങ്ങളിൽത്തന്നെ അപശൂദ്രാധികരണം (ജ്ഞാനത്തിനും മോക്ഷത്തിനും ശൂദ്രന് അര്‍ഹതയില്ലെന്ന വാദം) ആരോപിക്കപ്പെടാറുണ്ടെങ്കിലും (34 മുതല്‍ 38 വരെ സൂത്രങ്ങൾ) ഈ ഭാഗം കൂട്ടിച്ചേർക്കപ്പെട്ടതാണെന്നാണ് പൊതുവായ അഭിമതം. അതേസമയം ശങ്കരാചാര്യർ അപശൂദ്രാധികരണത്തെ തന്റെ ദര്‍ശനത്തിന്റെ ഏറ്റവും പ്രധാന ഭാഗമായി പരിഗണിച്ചു.

ശങ്കരന്റെ വീക്ഷണത്തിൽ സൃഷ്ടിജാലങ്ങളിൽ അസമത്വമുണ്ടെന്നത് സ്രഷ്ടാവിന്റെ കുറ്റമല്ല. (സ്രഷ്ടാവ്-സൃഷ്ടി ദ്വൈതത്തെ ചില നേരങ്ങളിൽ ശങ്കരൻ അംഗീകരിക്കുന്നു എന്നതാണ് ഇതിലെ മറ്റൊരു വൈരുധ്യം). സൃഷ്ടിയിൽ ഈശ്വരൻ മാത്രമല്ല, മറ്റ് ഘടകങ്ങളും പങ്ക് വഹിക്കുന്നു. സൃഷ്ടിജാലങ്ങളുടെ കർമവും അസമത്വത്തിന് കാരണമാകുന്നു.

മഴ എല്ലാ വിത്തിലും വീഴുന്നു. എന്നാൽ, വിത്തിന്റെ വളർച്ച അതിന്റെ തന്നെ സ്വഭാവത്തെക്കൂടി ആശ്രയിച്ചിരിക്കും. കർമഫലം സൃഷ്ടിയെ വിടാതെ പിന്തുടരുന്നു. ഇക്കാര്യത്തിൽ ഈശ്വരന് യാതൊരു പങ്കുമില്ല എന്ന് ശങ്കരൻ ബ്രഹ്‌മസൂത്ര ഭാഷ്യത്തിൽ വിശദീകരിക്കുന്നുണ്ട്. ഈശ്വരൻ എന്ന ഒരു സങ്കൽപം മാറ്റി നിര്‍ത്തിയാൽ അപശൂദ്രാധികരണത്തിന് ജൈമിനി പറയുന്ന അതേ ന്യായങ്ങൾ തന്നെ ശങ്കരനും നിരത്തുന്നു എന്നർത്ഥം.

ജാതിയും വര്‍ണവുമായി ബന്ധപ്പെട്ട സംജ്ഞകളെയും സംവര്‍ഗങ്ങളെയും ജാതിവ്യവസ്ഥക്കെതിരായ ചില പ്രതികരണങ്ങളെയും വിശദീകരിക്കാനാണ് നാം ഈ ലേഖനത്തിലും കഴിഞ്ഞ ലേഖനത്തിലും ശ്രമിച്ചിട്ടുള്ളത്. ഇന്ത്യയിലെ സാമൂഹിക നവോത്ഥാന സംരംഭങ്ങൾക്കെല്ലാം ജാതിയെ അഡ്രസ് ചെയ്യേണ്ടി വന്നിട്ടുണ്ട്. ഒരര്‍ത്ഥത്തിൽ ജാതിയോടുള്ള അനുലോമമോ പ്രതിലോമമോ ആയ നിലപാടാണ് ഇന്ത്യയിലെ സാമൂഹികസംരംഭങ്ങളെ യാഥാസ്ഥിതികവും നവോത്ഥാനപരവുമായി വേർതിരിക്കുന്നത് എന്ന് പറയാം.

അതേസമയം, ജാതിവ്യവസ്ഥയും അതിന്റെ ഭാഗമായ ശ്രേണീബദ്ധതയും ഇന്നും ഇന്ത്യൻ സമൂഹഗാത്രത്തെ വരിഞ്ഞുമുറുക്കിയിരിക്കുന്നു. ഇന്നും ഏതൊരു സംരംഭത്തെയും യാഥാസ്ഥിതികമോ പുരോഗമനപരമോ ആയി വേർതിരിക്കുന്ന പ്രധാന മാനദണ്ഡമായിക്കൊണ്ട് തന്നെ.

ജാതീയതക്കെതിരായ കലാപങ്ങളുടെയും പ്രവർത്തനങ്ങളുടെയും ചരിത്രം പരിശോധിക്കാം. അടുത്ത ലേഖനങ്ങളിൽ.

______________________________ തുടരും

7 thoughts on “തത്ത്വമസി

  1. ഓർമ്മ വന്നത് വൈവാഹിക പംക്തിയിൽ വന്ന ഒരു പരസ്യമാണ്…ജാതി മതം പ്രശ്നമല്ല…അവളുടെ ജാതിയും അതിനു താഴെയുള്ളവരും വേണ്ട എന്ന കണ്ടീഷൻ.ഭാവിയിൽ വരാനിരിക്കുന്ന ഗാന്ധി,അംബേദ്കർ,ഗുരുജിമാരേക്കൂടി മുന്നിൽ കണ്ടു കൊണ്ടായിരിക്കണം വ്യവസ്ഥകൾ നിർമ്മിച്ചത് ,ആരെങ്കിലും തന്റെ ജാതിക്ക് താഴെയുള്ളവരുമായി ബന്ധത്തിലേർപ്പെടുന്ന കുട്ടി ആ പുറം ജാതിയിലേക്ക് ചേർക്കപ്പെടും എന്ന നിയമം.

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s