‘ആ പെണ്ണ്’ നേതൃത്വമേറ്റെടുത്ത ‘ആ ജനത’ വിജയിക്കുകയില്ല

മുഹമ്മദ് ശമീം

രണ്ട് പെണ്ണുങ്ങളുടെ കഥ പറയാം. വെറും പെണ്ണുങ്ങളല്ല. രണ്ട് രാജ്ഞിമാർ.

ഒന്നാമത്തെയാൾ യൂദോക്രിസ്ത്യൻ, മുസ്ലിം, എത്യോപ്യൻ, യോറുബ പുരാവൃത്തങ്ങളിലെ ഒരു പ്രധാന കഥാപാത്രമാണ്. ശേബാ രാജ്ഞി എന്ന് അവരെ ബൈബിൾ വിളിക്കുന്നു. ശേബ എന്നത് അവരുടെ പേരാവാൻ സാധ്യതയില്ല. എന്തെന്നാൽ അറബി ഐതിഹ്യങ്ങളിലും ഖുർആനിലും അവർ മലികതു സബഅ് ആണ്. സബഅ് എന്നത് ദേശനാമവും. അറബിയിലെ സബഇന്റെ എബ്രായ രൂപമാകണം ശേബ എന്നത്. എന്നുവെച്ചാൽ സബഇലെ (ശേബയിലെ) രാജ്ഞി എന്നേ അർത്ഥമുള്ളൂ. പൊതുവെ മുസ്ലിംകൾക്കിടയില്‍ അവർ ബില്‍ഖീസ് എന്ന് വിളിക്കപ്പെടാറുണ്ട്.

എത്യോപ്യൻ ഇതിഹാസങ്ങൾ അവരെ മകേഡ എന്ന പേരിലാണ് വിളിക്കുന്നത്. ആദ്യത്തെ എത്യോപ്യൻ രാജാവായ മനേലിക് ഒന്നാമൻ മകേഡയുടെയും സോളമന്റെയും മകനാണ് എന്ന ഐതിഹ്യവും ഉണ്ട്. നൈജീരിയയിൽ ഇജ്യെബു ഓഡിലെ യോറുബ ഗോത്രങ്ങൾക്കാകട്ടെ, അവർ ഒലോയെ ബിലിക്കീസു സുങ്ബോ ആണ്.

ശേബാ രാജ്ഞി -ഒരു എത്യോപ്യൻ ചിത്രം

രണ്ടാമത്തെയാൾ ഒരുപക്ഷേ പൂറാന്ദഖ്ത് (Purandokht) ആവാം (ബൊറാൻ അഥവാ ബുറാൻ എന്ന് ലാറ്റിനേറ്റ് ഉച്ചാരണം) അല്ലെങ്കിൽ ആസർമീദഖ്ത് (Azarmidokht) ആവാം. ദീർഘകാലം പേർഷ്യ ഭരിച്ചിരുന്ന ഷാ ഖൊസ്‌റോ പർവേസ് എന്ന ഖൊസ്‌റോ (കോസ്‌റോസ്) രണ്ടാമന്റെ പെൺമക്കളാണ് രണ്ടുപേരും. ഇവരിൽ ആസർമീദഖ്ത് തീർത്തും അപ്രസക്തയായ ഒരു കഥാപാത്രമായതിനാൽ തൽക്കാലം പൂറാന്ദഖ്ത് എന്ന ബൊറാനെ കേന്ദ്രീകരിച്ചു കൊണ്ട് നമുക്ക് കഥ മുന്നോട്ട് കൊണ്ടുപോകാം.

സി.ഇ 630ൽ ഷായുടെ കിരീടം അണിഞ്ഞെങ്കിലും അധികം താമസിയാതെ ഖൊസ്‌റോ രണ്ടാമന്റെ പെങ്ങളുടെയും ബൊറാന്റെ മുൻ ഭരണാധികാരിയായ ശഹ്ർബറാസിന്റെയും മകൻ ഷാപുറെ ശഹ്ർബറാസ് അവരെ പുറത്താക്കി. അയാളും അധികം ഭരിച്ചില്ല. പിന്നീട് പെറോസ് (ഫൈറോസ്) രണ്ടാമൻ, അസർമിദഖ്ത്, ഹൊർമിസ്ദ് (ഹുർമുസ്) അഞ്ചാമനും ആറാമനും, ഖുസ്‌റോ നാലാമനും അഞ്ചാമനും എന്നിവർ കിരീടം വെച്ച് കൊത്തങ്കല്ല് കളിച്ചു. ഒന്നോ രണ്ടോ മാസങ്ങളോ ഏതാനും ആഴ്ചകളോ മാത്രമാണ് ഓരോരുത്തരും ഷായുടെ കിരീടമെടുത്തിട്ടമ്മാനമാടിയത്.

ഖൊസ്റോ 2, കവാദ് 2, അർദശീർ 3, ബൊറാൻ എന്നിവരുടെ നാണയങ്ങൾ

631 ജൂണിൽ ബൊറാൻ വീണ്ടും അധികാരം തിരിച്ചുപിടിച്ചു. കൃത്യം ഒരു കൊല്ലം കഴിഞ്ഞ് 632 ജൂണിൽ കൊല്ലപ്പെടുകയും ചെയ്തു. അവരുടെ പിടിപ്പു കേടും അധികാരക്കൊതിയും കൊണ്ട് കുളം തോണ്ടിയ സാസാനിയൻ സാമ്രാജ്യം തൊട്ടുടനെ രാജാവായ ബൊറാന്റെ സഹോദരപുത്രൻ യസ്ദഗിർദ് മൂന്നാമനോടെ ചരിത്രത്തിലേക്ക് മറയുകയും ചെയ്തു.

ഇനി ഇവരുമായി ബന്ധപ്പെട്ട ചില പ്രമാണങ്ങൾ പരതാം. ഖുർആനിൽ സൂറഃ അന്നംലിൽ ശേബാ രാജ്ഞിയെപ്പറ്റി പറയുന്നുണ്ട്.

പ്രതിപാദന രീതിയില്‍ നിന്ന് മനസ്സിലാക്കാവുന്ന (അഥവാ ഞാന്‍ മനസ്സിലാക്കിയ) കാര്യങ്ങൾ ഇവയാണ്.

ഒന്ന്) അവരുടെ ഭരണനിപുണത, ജനാധിപത്യബോധം, കാര്യക്ഷമത, നയതന്ത്രജ്ഞത തുടങ്ങിയ കാര്യങ്ങളെ ഖുർആൻ വളരെ ആദരവോടെ പരാമർശിക്കുന്നു.
രണ്ട്) ഒരു സ്ത്രീയാണ് ആ ദേശം ഭരിക്കുന്നത് എന്ന് പ്രവാചകനായ സുലൈമാന്റെ ദൂതൻ അദ്ദേഹത്തെ അറിയിച്ചപ്പോൾ, അത് അനാശാസ്യമോ അപരിചിതമോ ആയ കാര്യമാണ് എന്ന മട്ടിൽ അദ്ദേഹം പ്രതികരിച്ചിട്ടില്ല.
മൂന്ന്) ശേബാ രാജ്ഞിയും സുലൈമാനും (ശലമോൻ) തമ്മിൽ ദൈവശാസ്ത്രപരവും ആശയപരവുമായ കാര്യങ്ങളിൽ സംവാദം നടന്നു. ഈ ഘട്ടത്തിലൊക്കെയും ഭരണാധികാരി എന്ന നിലയിൽ അവരെ ആദരിച്ച സുലൈമാൻ ഒരു സ്ത്രീ അധികാരത്തിലേറുന്നതിനെ ഒരു ജനതയുടെ നാശത്തിന് കാരണമായോ അപലപനീയമായ ഒരു കാര്യമായോ തോന്നിക്കുന്ന യാതൊരു പരാമർശവും നടത്തിയില്ല.
നാല്) സ്ത്രീ ഭരണാധികാരിയായതിനാൽ പിഴച്ചു പോയ ജനതയാണ് സബഉകാർ എന്ന് ഖുർആനിലെവിടെയും ലഘുവായ ഒരു വർത്തമാനം പോലും നമുക്ക് കാണാൻ കഴിയില്ല.

ഒരു കാര്യം കൂടിയുണ്ട്. സുലൈമാനുമായുള്ള സംവാദത്തിനൊടുവിൽ സബഅ് രാജ്ഞി പ്രവാചകന്റെ ദൈവശാസ്ത്രവും മതവും അംഗീകരിക്കുന്നതായി ഖുർആനിൽ പറയുന്നുണ്ട്. അതിന് ശേഷവും സബഇലെ ഭരണം അവർ തന്നെ നിർവഹിച്ചതായി വേദഗ്രന്ഥം എടുത്തു പറയുന്നില്ലെങ്കിലും ഖുർആൻ വ്യാഖ്യാതാക്കൾ ഇക്കാര്യം പറയുന്നുണ്ട്.

അതേസമയം, ബൊറാന്റെ കാര്യത്തിൽ പ്രമാണങ്ങൾ അൽപം വ്യത്യസ്തമായാണ് കാണപ്പെടുന്നത്. ഖുർആനിൽ അവർ ഒരു കഥാപാത്രമേയല്ല. എന്നാൽ പ്രവാചകന്റെ സമകാലീന എന്ന നിലക്ക് നബിചരിത്രത്തിലും നബിവചനങ്ങളിലും അവർ പരാമര്‍ശിക്കപ്പെടുന്നുണ്ട്.

അവരുടെ കാര്യത്തിൽ ഉദ്ധരിക്കപ്പെടുന്ന നബിവചനമാകട്ടെ, പ്രത്യക്ഷത്തിൽ അറുപിന്തിരിപ്പനും സ്ത്രീ വിരുദ്ധവുമായിത്തോന്നുന്ന ഒന്നാണ് താനും. അബൂ ബക്‌റ എന്ന സ്വഹാബി നിവേദനം ചെയ്തതായി ബുഖാരി ഉദ്ധരിക്കുന്ന ഹദീഥാണത്. ഖുസ്‌റോയുടെ മകൾ അധികാരത്തിലേറ്റപ്പെട്ട വാർത്തയറിഞ്ഞപ്പോൾ നബി പറഞ്ഞുവത്രേ: ‘തങ്ങളുടെ ഭരണാധികാരം ഒരു സ്ത്രീയെ ഏൽപിച്ചിരിക്കുന്ന ജനത വിജയിക്കുകയില്ല’.

നിയമപരമായ ഒരു തത്വം എന്ന നിലക്ക് പ്രവാചകൻ ഇപ്രകാരം പരാമർശിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും അത് വിമർശനമർഹിക്കുന്ന ഒരു കാര്യം തന്നെ. സത്യത്തിൽ നബി അങ്ങനെ പറഞ്ഞോ? അഥവാ പറഞ്ഞിട്ടുണ്ടെങ്കിൽ ശരിക്കും എന്താണ് അവിടുന്ന് ഉദ്ദേശിച്ചത്?

നബിയുടെ ജീവിതകാലത്ത് സാസാനിയൻ ഷായുടെ സിംഹാസനത്തിൽ ധാരാളമാളുകൾ ഇരുന്നിട്ടുണ്ട്. അനൂശിർവാന്‍ എന്ന എപതെറ്റിൽ അറിയപ്പെട്ട ഖൊസ്‌റോ ഒന്നാമനായിരുന്നു അവിടുത്തെ ജനനകാലത്തെ ഷാ. തുടർന്ന് ഹുർമുസ് (ഹൊർമിസ്ദ്) നാലാമൻ, ഖൊസ്‌റോ രണ്ടാമൻ, ബഹ്‌റാം ഛോബിൻ എന്ന ബഹ്‌റാം നാലാമൻ, വ്‌സ്തം, ശീറൂയ എന്ന കവാദ് രണ്ടാമൻ, അർദശീർ മൂന്നാമൻ, ശഹ്ർബറാസ്, ഖൊസ്‌റോ മൂന്നാമൻ എന്നിവർക്ക് ശേഷമാണ് നമ്മുടെ കഥാനായിക പൂറാന്ദഖ്ത് എന്ന ബൊറാൻ അധികാരത്തിലേറിയത്.

സാസാനിയൻ സാമ്രാജ്യത്തിന്റെ തകർച്ച

ഖൊസ്‌റോ രണ്ടാമനായിരുന്നു ഇക്കൂട്ടത്തിൻ ഏറ്റവും കരുത്തൻ. അദ്ദേഹത്തിന്റെ മരണശേഷം അധികാരത്തിന് വേണ്ടിയുള്ള കടിപിടിയായി മക്കളും മരുമക്കളും തമ്മിൽ. ഖൊസ്‌റോ പർവേസിന്റെ കാലത്ത് തന്നെ ഒരിക്കൽ ബഹ്‌റാം ആറാമനും മറ്റൊരിക്കൽ ഖൊസ്‌റോയുടെ മാതുലൻ വ്‌സ്തമും സിംഹാസനം പിടിച്ചെടുത്തെങ്കിലും രണ്ട് തവണയും അധികം വൈകാതെ വൈകാതെ ഖൊസ്‌റോ അത് തിരിച്ചു പിടിച്ചു. അദ്ദേഹത്തിന്റെ കാലശേഷം മകൻ കവാദ് രണ്ടാമൻ ഭരണത്തിലേറി.

സ്വന്തം പിതാവിനെയും പതിനെട്ട് സഹോദരങ്ങളെയും കൊന്ന് മുടിച്ചിട്ടാണ് ശീറൂയ എന്ന കവാദ് രണ്ടാമൻ കിരീടം കൈക്കലാക്കിയത്. എന്നാൽ രണ്ടോ മൂന്നോ മാസങ്ങൾ മാത്രം. അതോടെ അയാള്‍ പ്ലേഗ് ബാധിച്ചു മരിച്ചു. മകന്‍ തന്നെ കൊന്നേക്കും എന്ന് മനസ്സിലാക്കിയ ഖൊസ്‌റോ, രാജകീയൗഷധം എന്ന പേരില്‍ മകന് കാണാൻ പാകത്തിൽ സൂക്ഷിച്ചു വെച്ച മരുന്ന് കഴിച്ചാണ് കവാദ് രണ്ടാമൻ മരിച്ചത് എന്ന് ഒരു കരക്കമ്പിയുമുണ്ട്. ആ വകയിൽ ഖൊസ്‌റോക്ക് കിട്ടിയ ഒരു പോസ്തുമസ് അവാഡുണ്ട്. The man who killed his killer (അല്‍ മഖ്തൂലുല്ലദീ ഖുതില ഖാതില/ സ്വന്തം ഘാതകനെ കൊന്നുകളഞ്ഞവന്‍) എന്ന പദവി.

അധികാരത്തർക്കങ്ങളും കൊലകളും വീണ്ടും തുടർന്നു. കവാദിന് ശേഷം മകൻ അർദശീർ മൂന്നാമൻ അധികാരമേറി. അയാളെ തട്ടിക്കളഞ്ഞ് ശഹ്ർബറാസ് എന്ന സൈന്യത്തലവൻ അധികാരം പിടിച്ചെടുത്തു. രണ്ടേ രണ്ട് മാസത്തിനുള്ളിൽ അയാളുടെ കാര്യവും തീരുമാനമായി. ഫറഖ് ഹുർമുസ് (Farrukh Hormizd എന്ന് ലാറ്റിൻ) എന്ന മറ്റൊരു സൈന്യത്തലവൻ ചാട്ടുളിയെയ്ത് ശഹ്ർബറാസിനെയും പരലോകത്തേക്കയച്ചു. ശേഷം കിരീടമണിഞ്ഞത് ഖൊസ്‌റോ പര്‍വേസിന്റെ ഭാഗനേയനായ ഖൊസ്‌റോ മൂന്നാമൻ. ദിവസങ്ങളേ കഴിഞ്ഞുള്ളൂ. ഫറഖ് ഹുർമുസിന്റെ സഹായത്തോടെ ഖൊസ്‌റോ പര്‍വേസിന്റെ മകൾ ബൊറാൻ അധികാരമേറി.

ഈ സന്ദർഭത്തിലാണ് നബി ഇത് പറഞ്ഞത് എന്നാണ് ചരിത്രം.

ഇനി ഇതിലൽപം വിശകലനമാവാം. ഈ ഹദീഥിനോട് മൂന്ന് തരത്തിലുള്ള സമീപനമുണ്ട്.
ഒന്ന് ഈ ഹദീഥിന് തന്നെ ദൗര്‍ബല്യമുണ്ട്. ഒരുപക്ഷേ ആശയത്തിൽ, അല്ലെങ്കിൽ വാക്കുകളിലോ ഊന്നലിലോ. അതുമല്ലെങ്കിൽ ആ ഹദീഥ് ഒന്നാകെ ദുർബലമാണ്.
രണ്ട്) ഹദീഥ് ശരിയാണ്. പക്ഷേ അത് ഇസ്ലാമിലെ നിയമമല്ല. സ്ത്രീ ഭരണാധികാരിയാകുന്നതിന് ഇസ്ലാം എതിരല്ല. പശ്ചാത്തലവും സന്ദര്‍ഭവുമായി ചേര്‍ത്ത് മാത്രം വായിക്കേണ്ടതാണ് അത്.
മൂന്ന്) ഹദീഥ് ശരിയാണ്, അത് എക്കാലത്തെയും ഇസ്ലാമിക നിയമവുമാണ്. അതില്‍ ഒരു വിട്ടുവീഴ്ചയുമില്ല. റാഡിക്കൽ സലഫികളുടെ വീക്ഷണമാണിത്.

ഒന്നാമത്തെ വീക്ഷണത്തിന് ചില ന്യായങ്ങൾ സമര്‍പ്പിക്കപ്പെടാറുണ്ട്. അതിൽ ഏറ്റവും പ്രധാനം ഒരേയൊരു സ്വഹാബി മാത്രമേ ഇത് റിപ്പോർട്ട് ചെയ്തിട്ടുള്ളൂ എന്നതാണ്. ഒട്ടേറെ നിവേദക പരമ്പരകളുണ്ടെങ്കിലും എല്ലാത്തിന്റെയും ആദ്യത്തിൽ ഒരേയൊരു സ്വഹാബി. അബൂ ബക്‌റയാണ് അത് (അബൂബക്കർ അല്ല). ഇത്തരമൊരു പ്രഖ്യാപനം നബി നടത്തുമ്പോള്‍ അത് ഒരാൾ മാത്രമേ കേട്ടുള്ളൂ എന്ന് വരുന്നത് വിശ്വാസ്യമല്ല.

ചിലര്‍ ഒരുപടി കൂടി കടന്ന് സ്ത്രീവിരുദ്ധമായ പല പ്രമാണങ്ങളും ഉദ്ധരിച്ചത് ഇതേ അബൂ ബക്‌റ തന്നെയാണ് എന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്.

വേറൊരു പ്രശ്‌നം കൂടിയുണ്ട്. ജമൽ യുദ്ധ സന്ദർഭത്തിലാണ് അബൂ ബക്‌റ ഈ ഹദീഥ് ഉദ്ധരിച്ചത്. അതായത് നബിയുടെ വിയോഗത്തിന് മുപ്പതാണ്ടുകൾക്ക് ശേഷം. അത്രയും കാലം ഇത്രയും സുപ്രധാനമായ ഒരു വചനം പ്രവാചകന്ഞ്ഞിൻ മൊഴിഞ്ഞിട്ടുണ്ടെന്ന് അവിടുത്തെ ഏറ്റവും അടുത്ത സഹചരർക്ക് പോലും അറിയില്ലായിരുന്നു. ജമൽ യുദ്ധത്തിൽ ആയിശയുടെ നേതൃത്വത്തിലുള്ള സംഘം പരാജയപ്പെട്ടപ്പോഴാണ് അബു ബക്‌റ ഇത് പറഞ്ഞത്. ആ സൈന്യം വിജയിക്കില്ല എന്ന് ഈ ഹദീഥിൽ നിന്ന് നേരത്തേ താന്‍ മനസ്സിലാക്കിയിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.

എന്നാല്‍, ഇതേ അബൂ ബക്‌റ ആയിശയുടെ നേതൃത്വം അംഗീകരിച്ചു കൊണ്ട് അവരുടെ സൈന്യത്തിൽ നിലകൊണ്ടിരുന്നു എന്ന ഒരു മറുവശം കൂടിയുണ്ട്. വചനം ഉദ്ധരിക്കുന്ന കാര്യത്തിലോ അത് മനസ്സിലാക്കുന്നതിലോ അദ്ദേഹത്തിന് അഥവാ തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍പ്പോലും ആയിശയുടെ നേതൃത്വം അംഗീകരിക്കുന്നതിന് ഇത് തടസ്സമായില്ല എന്നർത്ഥം.

കാലവും ഒരേയൊരാളിൽ നിന്നുള്ള നിവേദനവും പരിഗണിക്കുമ്പോള്‍, എന്തോ ചില അബദ്ധങ്ങൾ പറ്റിയിട്ടുണ്ടാവാനുള്ള സാധ്യതയിലാണ് ഇതെഴുതുന്നയാള്‍ വിശ്വസിക്കുന്നത്. അത് പക്ഷേ ഒരു സ്വഹാബിയുടെ സത്യസന്ധതയെ സംശയിക്കുന്ന തരത്തിലല്ല. ഊന്നലുകളിലും പദങ്ങളിലും വ്യത്യാസങ്ങൾ വരാം.

എന്നാല്‍ എന്റെ അഭിപ്രായം ആധികാരികമായ ഒന്നല്ല എന്നു കൂടി എടുത്തു പറയേണ്ടിയിരിക്കുന്നു.

ഉദ്ധരിച്ചതിൽ രണ്ടാമത്തെ സമീപനം അല്‍പം കൂടി സന്തുലിതമാണ്. അതായത്, പശ്ചാത്തലവും സന്ദര്‍ഭവുമായി മാത്രം ബന്ധപ്പെട്ടു നില്‍ക്കുന്ന ഒന്നാണ് ഇത്.

സത്യത്തിൽ ഇതിനെ സാധൂകരിക്കുന്ന ഒരു ചരിത്രമുണ്ട്. തന്റെ ദര്‍ശനത്തെ ഒരു വിമോചന ദര്‍ശനമായാണ് നബി അവതരിപ്പിച്ചിരുന്നത്. നിശ്ചയമായും തന്റെ ഈ ദൗത്യത്തെ അല്ലാഹു വിജയിപ്പിക്കും, അന്ന് സൻആയിൽ നിന്ന് ഹദറമൗതിലേക്ക് ഒരാ ക്ക് നിര്‍ഭയം സഞ്ചരിക്കാന്‍ സാധിക്കും എന്നാണല്ലോ അവിടുന്ന് ഒരിക്കല്‍ പറഞ്ഞത്. അന്നത്തെ ഏറ്റവും വലിയ സാമ്രാജ്യ ശക്തിയായിരുന്നു ഷാ എന്നും ഷഹിന്‍ഷാ എന്നുമൊക്കെ വിളിക്കപ്പെട്ടിരുന്ന സാസാനിയൻ ആധിപത്യം.

പലപ്പോഴും ഈ സാമ്രാജ്യത്വം തകരുന്നതിനെപ്പറ്റി നബി പ്രവചനം നടത്തിയിട്ടുണ്ട്. അന്ന് നിലനിന്നിരുന്ന മറ്റൊരു സാമ്രാജ്യത്വമായ ബൈസാന്റൈൻ ഭരണകൂടത്തോടും എതിർപ്പ് നിലനിർത്തിയിരുന്നുവെങ്കിലും സാസാനിയൻ-ബൈസന്റൈൻ സംഘർഷങ്ങളിൽ, കുറേയൊക്കെ നന്മകൾ നിലനിന്നിരുന്ന (അത് ദൈവശാസ്ത്രപരമോ വിശ്വാസപരമോ ആയിരുന്നെന്ന് ഞാൻ കരുതുന്നില്ല) ബൈസന്റൈൻ ഭരണകൂടത്തോടായിരുന്നു പ്രവാചകന് നേരിയ അനുഭാവമുണ്ടായിരുന്നത്.

ഒരിക്കൽ അദിയ്യ് ബ്‌നു ഹാത്വിമിനോട് അദ്ദേഹം പറഞ്ഞത്, കിസ്‌റായുടെ (ഖുസ്‌റോ) കൊട്ടാരം തകരുകയും ഖജനാവിൽ കുന്നുകൂട്ടിയിരിക്കുന്ന ജനങ്ങളുടെ സമ്പത്ത് ജനങ്ങൾക്കിടയില്‍ വിതരണം ചെയ്യപ്പെടുകയും ചെയ്യും എന്നാണ്. മറ്റൊരിക്കൽ സുറാഖ ബ്‌നു മാലിക്കിനോട് കിസ്‌റയുടെ കിരീടകങ്കണങ്ങൾ നിന്റെ ശരീരത്തിലണിഞ്ഞാല്‍ നിന്നെ കാണാന്‍ നല്ല ചേലുണ്ടാവില്ലേ സുറാഖാ എന്ന് ചോദിച്ചതായും കാണാം.

ഖൊസ്‌റോ രണ്ടാമൻ നബി അയച്ച സന്ദേശവാഹകനെ അപമാനിക്കുകയും സന്ദേശം ചീന്തിയെറിഞ്ഞു കളയുകയും ചെയ്തു. ഹുര്‍മുസ് നാലാമന്റെ മകനായിരുന്നു ഖൊസ്‌റോ പര്‍വേസ്. ഈ വാര്‍ത്ത കേട്ടപ്പോൾ നബി, അയാളുടെ സാമ്രാജ്യവും ഇതുപോലെ പിച്ചിച്ചീന്തപ്പെടട്ടെ എന്ന് പ്രതികരിച്ചു. ഈ പ്രതികരണത്തിന് ഒരു പ്രവചനസ്വഭാവമുണ്ടായിരുന്നു. താമസിയാതെ സാസാനിയൻ ഭരണകൂടം അധികാരവടംവലിയിൽ ഛിന്നഭിന്നമാകുകയും ചെയ്തു.

ശലമോനും ശേബയും -ഒരു പെയിന്റിങ്

ഖൊസ്‌റോയുടെ കൽപനപ്രകാരം അയാളുടെ സാമന്തനായ യമൻ രാജാവ് രണ്ടുപേരെ പ്രവാചകന്റെ അടുത്തേക്കയച്ചിരുന്നു. ‘ഏത് ഖൊസ്‌റോ, അയാളെ അയാളുടെ മോൻ തന്നെ കൊന്നുകളഞ്ഞല്ലോ’ എന്ന് നബി അവരോട് പറഞ്ഞു. സത്യത്തിൽ അന്നേരം ആരും ആ സംഭവം അറിഞ്ഞിരുന്നില്ല.

ഇതിന്റെ തുടർച്ചയാണ് വിവാദമായ ആ ഹദീഥ്. അതും യഥാർത്ഥത്തിൽ ഒരു പ്രവചനമാണ്. ഒട്ടും പ്രാപ്തയല്ലാത്ത ഒരു ഭരണാധികാരിയായിരുന്നു ബൊറാൻ. സന്ദർഭവുമായി ബന്ധപ്പെട്ട് ചിന്തിക്കുമ്പോൾ ലൻ യുഫ്‌ലിഹ ഖൗമുൻ വല്ലൗ അംറഹും ഇംറഅതൻ (ഒരു പെണ്ണിനെ തങ്ങളുടെ ഉത്തരവാദിത്തമേൽപിച്ച ജനത വിജയിക്കുകയില്ല) എന്ന പ്രസ്താവത്തിന് ആ പെണ്ണ് നേതൃത്വമേറ്റെടുത്ത ആ ജനത വിജയിക്കുകയില്ല എന്ന അർത്ഥമേയുള്ളൂ.

അതായത്, ഇതിലെ ഇംറഅത് ബൊറാൻ മാത്രമാണ്, ഇതിലെ ഖൗം സാസാനിയൻ പേർഷ്യന്‍ ജനപദം മാത്രമാണ്. ഇതിന്റെ ഭാഷാപരമായ സൂചനയും അതാണ്.

ഒന്നുകൂടി സൂക്ഷ്മമായി ചിന്തിച്ചാൽ ഹദീഥിന്റെ സ്വീകാര്യതയുമായി ബന്ധപ്പെട്ട, മുകളിൽ സൂചിപ്പിച്ച വീക്ഷണത്തെയും ഈ നിലപാടിനെയും സംയോജിപ്പിക്കാൻ പറ്റും. അതായത്, ഇങ്ങനെയൊരു പ്രസ്താവന നബി നടത്തിയിട്ടുണ്ട്. അത് പക്ഷേ, ഈ ഏകനിവേദകനെയും അദ്ദേഹം അത് ഉദ്ധരിച്ച സന്ദർഭവും പരിഗണിക്കുമ്പോൾ പൂർണമായും അതേ ഊന്നലുകളിലും പദങ്ങളിലും ആയിക്കൊള്ളണം എന്നില്ല.

അങ്ങനെ വരുമ്പോൾ ശേഷിക്കുന്ന ഈ പ്രസ്താവനക്ക് ഒരിക്കലും ഒരു നിയമത്തിന്റെയോ സാർവകാലിക തത്വത്തിന്റെയോ സ്ഥാനമില്ല. അത് ആ ഒരൊറ്റ പെണ്ണിനുള്ളതാണ്, ആ ഒരൊറ്റ ജനതക്കുള്ളതുമാണ്. ഇക്കാര്യം ബോധ്യമാകുന്നതിന് വേണ്ടിയാണ് സാസാനിയൻ ചരിത്രം തന്നെ ഇത്രയും വിശദമായി എഴുതിയത്.

തത്വവും നിയമവും നിലകൊള്ളുന്നത് ശേബാ രാജ്ഞിക്ക് ഖുർആൻ നൽകുന്ന അംഗീകാരത്തിലാണ്, അവരോട് കാണിച്ച ആദരവിലാണ്. അതാണ് അടിസ്ഥാന നിലപാട്. എന്തെന്നാൽ അത് ഖുർആനാണ്. അതിനപ്പുറം സ്ത്രീ ഭരണനേതൃത്വമേറ്റെടുക്കുന്നതിനെ തടയുന്ന ഒരു വചനവും ഖുര്‍ആനിലില്ല, ഹദീഥുകളിലും ഉള്ളതായി അറിവില്ല.

റാഡിക്കൽ സലഫികളുടെ വീക്ഷണത്തെ പൂർണമായും നിരാകരിക്കുന്ന ഒരാളാണ് ഈ കുറിപ്പുകാരൻ. അതിനാൽ ഈ ഹദീഥുമായി ബന്ധപ്പെട്ട മൂന്നാമത്തെ വീക്ഷണത്തെ ഇവിടെ ചർച്ചക്കെടുക്കുന്നില്ല. പാഠങ്ങൾ അതിന്റെ അടിസ്ഥാനങ്ങളിലും മൂല്യങ്ങളിലും നിന്നു കൊണ്ട് തന്നെ പഠിക്കുക എന്നതാണല്ലോ ശരി.

2 thoughts on “‘ആ പെണ്ണ്’ നേതൃത്വമേറ്റെടുത്ത ‘ആ ജനത’ വിജയിക്കുകയില്ല

Leave a comment