ജാതിയുടെ ജാതകം

മുഹമ്മദ് ശമീം

ജാതിയും ജാതിവിരുദ്ധസമരങ്ങളും -ഒന്ന്

ഇന്ത്യൻ ജീവിതത്തെ ആഴത്തിൽ സ്വാധീനിച്ചിട്ടുള്ള ഒന്നാണ് ജാതി സമ്പ്രദായം. പ്രയോഗത്തിൽ ഇത് മറ്റേതൊരു ചൂഷകവ്യവസ്ഥയെക്കാളും അനൈതികവും മനുഷ്യവിരുദ്ധവുമാണ്. ജാതിയുടെ വേരുകൾ പരിശോധിക്കുമ്പോൾ നാം ഒരുപക്ഷേ മെഹർഗഢ് സംസ്‌കാരത്തോളം ചെന്നെത്തി എന്നും വരാം. സിന്ധു തീരത്തെ ദ്രാവിഡരിലൂടെ ഇത് തുടർന്നു. എന്നാൽ ഇതിനെ പവിത്ര പദവിയിലേക്കുയർത്തുകയും ചൂഷണത്തിന്റെ ഉരുക്കുവാളാക്കി മാറ്റുകയും ചെയ്തത് ആര്യന്മാരാണ്.

ജാതിവ്യവസ്ഥയുടെ ഉല്‍പത്തിയെയും ചരിത്രത്തെയും പരിശോധിക്കുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം. തുടർന്നുള്ള ലേഖനങ്ങളിൽ ജാതീയതക്കെതിരായ ചില പ്രവർത്തനങ്ങളെയും നിലപാടുകളെയും ന്യായങ്ങളെയും കൂടി വിശകലനം ചെയ്യുന്നു.

ഇന്ത്യയിലെ സാമൂഹിക സംവര്‍ഗങ്ങളെക്കുറിച്ച പരാമര്‍ശങ്ങള്‍
1) വർണം
വർണത്തെക്കുറിച്ച കാഴ്ചപ്പാടുകൾ ആദ്യം പ്രത്യക്ഷപ്പെടുന്നത് ഋഗ്വേദത്തിലാണ്. വൈദികാര്യന്മാരുടെ സാമൂഹ്യജീവിതഘടന വര്‍ണാശ്രമധർമത്തിൽ അധിഷ്ഠിതമായിരുന്നു. ജീവിതത്തിന്റെ നാല് ലക്ഷ്യങ്ങളെ (ധർമം, അർത്ഥം, കാമം, മോക്ഷം) പുരുഷാർത്ഥങ്ങൾ എന്നാണ് പറയുന്നതെങ്കിൽ ഇവയോരോന്നും കരസ്ഥമാക്കുന്ന ജീവിതഘട്ടങ്ങളെ ആശ്രമങ്ങൾ എന്ന് വിളിക്കുന്നു. ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സംന്യാസം എന്നിവയാണ് ആശ്രമങ്ങൾ.

ധർമത്തെ മുഖ്യമായും വർണധർമമായാണ് പരിഗണിച്ചിരുന്നത് എന്നതിൽ നിന്നാണ് വർണം എന്ന ആശയം പ്രസക്തമായിത്തീരുന്നത്. ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ എന്നിങ്ങനെ നാല് വർണങ്ങളാണ് ഉള്ളത്. ഋഗ്വേദം പത്താം മണ്ഡലത്തിലെ പുരുഷസൂക്തം എന്നറിയപ്പെടുന്ന തൊണ്ണൂറാം സൂക്തം പന്ത്രണ്ടാം അനുവാകത്തിലാണ് ഈ വർണനാമങ്ങൾ പരാമർശിക്കപ്പെടുന്നത്. വിഭജിതനാകുന്ന പുരുഷൻ എത്രയാകുമെന്നും അവന്റെ മുഖത്തെയും ബാഹുക്കളെയും ഊരുക്കളെയും പാദങ്ങളെയും എന്ത് വിളിക്കുമെന്നും (യത് പുരുഷം വ്യദധുഃ കതിധാവ്യകല്പയൻ മുഖം കിമസ്യകൗ ബാഹൂകാ ഊരൂപാദാ ഉച്യേതെ) പതിനൊന്നാം അനുവാകത്തിൽ ചോദിക്കുന്നു. അതിനുള്ള മറുപടിയാണ് പന്ത്രണ്ടാം അനുവാകത്തിൽ പറയുന്നത്, ബ്രാഹ്മണൻ അവന്റെ മുഖമായിത്തീർന്നു, അവന്റെ കൈകൾ ക്ഷത്രിയനും ഊരുക്കൾ വൈശ്യനുമായപ്പോൾ പാദങ്ങളിൽ നിന്ന് ശൂദ്രൻ ഉദ്ഭവിച്ചു (ബ്രാഹ്മണോസ്യ മുഖമാസീദ് ബാഹൂ രാജന്യഃ കൃതഃ ഊരൂ തദസ്യ യദ്വൈശ്യഃ പദ്ഭ്യാം ശൂദ്രോ അജായത).

പുരുഷന്റെ ഈ വിഭജനത്തെ വർണവിഭജനമായി പരിഗണിക്കുമ്പോൾ, എന്താണ് വർണത്തിന്റെ അടിസ്ഥാനമായി വരിക? ചിലരുടെ വീക്ഷണത്തിൽ അത് ഗുണമാണ്. സത്വം, രജസ്സ്, തമസ്സ് എന്ന് മൂന്ന് ഗുണങ്ങളെപ്പറ്റി ഇന്ത്യൻ ഫിലോസഫിയിൽ പറയുന്നുണ്ട്. ഉയർന്ന ആത്മീയ, ധാർമികഗുണങ്ങളെ സാത്വികമെന്നും വീര്യവും കരുത്തും പ്രകടമാക്കുന്നതിനെ രാജസമെന്നും കായികഗുണങ്ങളെ താമസമെന്നും സാമാന്യമായി പറയാം. സത്വഗുണങ്ങൾ തികഞ്ഞവൻ ബ്രാഹ്മണൻ, രാജോഗുണപ്രധാനൻ ക്ഷത്രിയൻ, രജസ്സും തമസ്സും ചേര്‍ന്നവൻ വൈശ്യൻ, തമോഗുണങ്ങൾ നിറഞ്ഞവൻ ശൂദ്രൻ എന്നാണ് സങ്കൽപം.

മറ്റൊരു രീതിയിൽ പറഞ്ഞാൽ മാതൃകായോഗ്യമായ ജീവിതാവസ്ഥകളെ (ideal living conditions) സൂചിപ്പിക്കുന്നതാണ് ബ്രാഹ്‌മണ്യം. ക്ഷാത്രമാകട്ടെ, ക്രമാനുസാരവും സാധാരണവുമായ ജീവിതത്തെ (normal living conditions) അടയാളപ്പെടുത്തുന്നു. മധ്യമമായ ജീവിതനിലവാരമാണ് (tolerable living conditions) വൈശ്യമെങ്കിൽ തീർത്തും ക്രമരഹിതവും കുഴഞ്ഞു മറിഞ്ഞതുമായ ജീവിതത്തെ (chaotic living conditions) ശൂദ്രമെന്ന് വിളിക്കാം.

കൃത്യമായ ഘടനയും വ്യവസ്ഥയുമായി രൂപം കൊള്ളുന്നതിന് മുമ്പ് വേദത്തിൽ ഒരു പക്ഷേ, ഗുണധർമങ്ങളുടെ അടിസ്ഥാനത്തിലായിരിക്കാം ഇത് പരാമർശിക്കപ്പെടുന്നത്.

ഇതിന് മറ്റൊരു വശം കൂടിയുണ്ട്. സാത്വിക, രാജസ, താമസ ഗുണങ്ങളുടെ സന്തുലനത്തിലാണ് പ്രപഞ്ചത്തിന്റെയും ജീവിതത്തിന്റെയും നിലനിൽപ് എന്ന് പൗരാണിക ഇന്ത്യന്‍ ദാര്‍ശനികന്മാരിൽ പലരും പറഞ്ഞിട്ടുണ്ട്. അങ്ങനെ വരുമ്പോൾ ഗുണങ്ങളിൽ ഒന്ന് ഉന്നതവും ഒന്ന് നീചവും എന്ന് വരുന്നില്ല. ഇതെല്ലാം ചേർന്നു കൊണ്ടുള്ള സന്തുലനത്തെയാണ് അത് സൂചിപ്പിക്കുന്നത്. നിർമാണാത്മകതയെയും സർഗാത്മകതയെയും സൂചിപ്പിക്കുന്നതാണ് സത്വമെങ്കിൽ രജസ്സ് എന്നാൽ ഉദ്വേഗവും ക്രിയാത്മകതയുമാണ്. തമസ്സ് എന്നതിന്റെ വാക്കർത്ഥം ഇരുൾ (darkness) എന്ന് തന്നെയാണെങ്കിലും കായികക്ഷമതയെയും അധ്വാനത്തെയും സൂചിപ്പിക്കുന്നതാണത് എന്ന് കരുതാനും ന്യായമുണ്ട്. ഈ തലത്തിൽ നിന്നുകൊണ്ട് ചിന്തിക്കുമ്പോൾ വർണത്തെ പരാമർശിക്കുന്ന ഋഗ്വേദമന്ത്രം സാമൂഹ്യവിഭജനത്തെയല്ല അടയാളപ്പെടുത്തുന്നത് എന്ന് വാദിക്കാം.

വിരാട് പുരുഷനെന്നും ഹിരണ്യഗർഭനെന്നുമൊക്കെ വിളിക്കുന്ന പരംപൊരുളിനെയാണ് പുരുഷസൂക്തത്തിൽ സ്തുതിക്കുന്നത്. പുരിയിൽ വസിക്കുന്നവനെയാണ് പുരുഷൻ എന്ന് പറയുക. ശരീരമാകുന്ന പുരിക്കകത്ത് ഓരോ മനുഷ്യനും പുരുഷനാണ് (ഇവിടെ പുരുഷൻ എന്നതിൽ ലിംഗസൂചനയില്ല). എന്നാൽ പ്രപഞ്ചമാകുന്ന പുരിയുടെ അധിപനാണ് വിരാട് പുരുഷൻ. വിശ്വത്തില്‍ വിരാട്ടായി അധിവസിക്കുന്നവൻ എന്നർത്ഥം. വിരാട് എന്നാൽ സർവവ്യാപി (omnipresent).

വിരാട് പുരുഷന്റെ വിഭജനം എന്ന് പറയുമ്പോൾ പരംപൊരുളിന്റെ ഗുണങ്ങളുടെ വിഭജനമാണ്. ബുദ്ധിയുടെയും ജ്ഞാനത്തിന്റെയും കേന്ദ്രമാണ് മുഖം (തല). ബാഹുക്കളാകട്ടെ, കരുത്തിന്റെയും ഉദ്വേഗത്തിന്റെയും അടയാളവുമാണ്. ഊരുക്കൾ അഥവാ തുടകൾ എന്നത് ഭോഗത്തിന്റെയും ആസ്വാദനത്തിന്റെയും പ്രതീകമാണെങ്കിൽ ക്ലേശത്തിന്റെയും അധ്വാനത്തിന്റെയും അടയാളമാണ് പാദങ്ങൾ. ഇങ്ങനെ ചിന്തിച്ചാൽ മനുഷ്യനിൽ വിരാട് പുരുഷൻ പ്രകാശിതനാകുന്നതിനെക്കുറിച്ച വിവരണമായിത്തീരും അത്.

അതായത്, മനുഷ്യന്റെ അധ്യയനത്തിലൂടെ പരബ്രഹ്മത്തിന്റെ ജ്ഞാനം പ്രകാശിതമാകുന്നു. പോരാട്ടത്തിലൂടെ കൈകളും ജീവിതാസ്വാദനത്തിലൂടെ ഊരുക്കളും ക്ലേശത്തിലൂടെ പാദങ്ങളും പ്രകാശിതമാകുന്നു. ഈ എല്ലാ വശങ്ങളും ചേരുന്നതത്രേ ജീവിതത്തിന്റെ സമഗ്രത. ഇതിലും സാമൂഹ്യവിഭജനത്തിന്റേതായ തലം കാണാൻ കഴിയുന്നില്ല.

കർമം കൊണ്ട് പ്രാപിക്കാൻ കഴിയുന്ന ബ്രാഹ്മണ്യത്തെയും ക്ഷാത്രത്തെയും മറ്റും സംബന്ധിച്ച വിശദീകരണമാണ് കൂടുതലും കണ്ടുവരുന്നത്. ഈ വിശദീകരണം എത്ര തന്നെ പവിത്രീകരിച്ചുരുവിട്ടാലും ഇത് സാമൂഹ്യവിഭജനം ഉണ്ടാക്കുന്നുണ്ട്. ജാതി ആയിരിക്കാം അല്ലായിരിക്കാം. ഫലത്തിൽ ബ്രാഹ്മണ്യപദവി പ്രാപിക്കുന്നവനും അല്ലാത്തവനും തമ്മിൽ വിഭജനവും വിവേചനവും ഉണ്ടാകുന്നു എന്നതാണ് സത്യം. പ്രയോഗത്തിൽ അത് ജാതി തന്നെയായി മാറുന്നു എന്നതും.

“Tower of Chaturvarnya” by T Murali.

ഒരുപക്ഷേ, ഒരു വ്യക്തിയുടെ അല്ലെങ്കില്‍ ഒരു സമൂഹത്തിന്റെ ഗുണപരമായ പൂർണതയെ ആയിരിക്കാം പുരുഷസൂക്തത്തിലെ വർണമന്ത്രം അടയാളപ്പെടുത്തുന്നത്. എന്നാൽ, ഒരു ശ്രേണീബദ്ധസമുദായഘടന നിലവിൽ വന്നതും നില നിൽക്കുന്നതും ഗുണങ്ങളുടെ ആധാരത്തിലാണെന്ന് വാദിക്കുന്നത് അബദ്ധമാണ്. സ്വഭാവഗുണങ്ങളെ ആധാരമാക്കിക്കൊണ്ട് കണിശമായ ഒരു ഘടന രൂപപ്പെടുകയും വളരുകയും ചെയ്തു എന്ന സങ്കൽപം ഒട്ടും യുക്തിസഹമല്ല. ഋഗ്വേദത്തിൽ കാണുന്ന ഈ വിഭജനം ആദ്യകാലത്ത് ഒരു സാമൂഹിക വിഭജനം എന്ന നിലയിൽ പ്രവര്‍ത്തനക്ഷമമായിരുന്നുമില്ല.

വിഭജനമായിത്തന്നെ ഇതിനെ കണ്ടുകൊണ്ട്, നിറമാണ് ഇതിന്റെ അടിസ്ഥാനം എന്ന് വാദിക്കുന്നവരുണ്ട്. വെളുത്തവൻ ബ്രാഹ്മണനും ചുവന്നവൻ ക്ഷത്രിയനും മഞ്ഞനിറമുള്ളവൻ വൈശ്യനും കറുത്തവൻ ശൂദ്രനും. എന്നാൽ, ഒരു ഘടന എന്ന നിലയ്ക്ക് ഇത് പ്രാവര്‍ത്തികമായത് തൊഴിൽ വിഭജനത്തിന്റെ ആധാരത്തിലാവാനാണ് സാധ്യത. അങ്ങനെയാകുമ്പോൾ പുരോഹിതവൃത്തിയിൽ ഏർപ്പെട്ടവരെ ബ്രാഹ്മണർ എന്നും ഭരണത്തിലും യുദ്ധത്തിലും മുഴുകിയവരെ ക്ഷത്രിയർ എന്നും വിളിക്കാം. വ്യാപാര, വ്യവഹാരാദികളിലേർപ്പെട്ടവരും കായികാധ്വാനം ചെയ്യുന്നവരും യഥാക്രമം വൈശ്യരും ശൂദ്രരുമായി അറിയപ്പെട്ടു.

അടിസ്ഥാനം എന്തായാലും ബ്രാഹ്മണാധിപത്യത്തിന് കീഴിൽ പാരമ്പര്യ ജാതിവ്യവസ്ഥയായി ഇത് മാറി. സ്മൃതിനിയമങ്ങൾ ജാതി മേധാവിത്തത്തെ ഉറപ്പിച്ചു. ക്രൂരമായ ഉച്ചനീചവ്യവസ്ഥ സ്ഥാപിതമായി. അനാര്യന്മാരായ ദസ്യുക്കളും ചണ്ഡാലരും നിഷാദരും മൃഗങ്ങളേക്കാൾ താഴ്ന്ന പടിയിൽ പരിഗണിക്കപ്പെടുകയും ചെയ്തു. ഇതിലേക്ക് കർമഫല സിദ്ധാന്തത്തെക്കൂടി ചേർത്തതോടെ ശൂദ്രനോടും അവർണനോടുമുള്ള വിവേചനങ്ങളും അവർക്കെതിരെയുള്ള പീഡനങ്ങളും അവരുടെ തന്നെ ജന്മാന്തരദുഷ്‌കൃതങ്ങളുടെ ഫലമാണെന്ന് സ്ഥാപിക്കപ്പെടുകയും ചെയ്തു. നീചകർമം ചെയ്യുന്നവൻ പന്നിയോ പട്ടിയോ ചണ്ഡാലനോ ആയി ജനിക്കും (സൂകരയോനിം വാ ശ്വായോനിം വാ ചണ്ഡാലയോനിം വാ) എന്ന പ്രഖ്യാപനത്തിൽ ചണ്ഡാലൻ എന്ന കീഴാളൻ പട്ടിയുടെയും പന്നിയുടെയും സമനായി മാറുന്നുണ്ട്.

2) ജാതി
യൂറോപ്യൻ ഭാഷകളിൽ caste എന്ന പദം ശുദ്ധം, വംശം എന്നീ അര്‍ത്ഥങ്ങളിൽ ഉപയോഗിക്കപ്പെടാറുണ്ട്. chaste (വിശുദ്ധി, പാതിവ്രത്യം) എന്നർത്ഥമുള്ള castus ആണ് ലത്തീൻ മൂലപദം. പോർച്ചുഗീസിൽ casto എന്ന വാക്ക് pure, unmixed തുടങ്ങിയ അർത്ഥങ്ങളിലും വരുന്നു. ഇതില്‍ നിന്ന് തന്നെ വന്ന casta എന്ന പോർച്ചുഗീസ് പദത്തിന് lineage (തലമുറ), race (വംശം), breed (ജീവി, ഇനം) എന്നൊക്കെ അർത്ഥം പറയാം.

ഇതിൽ പ്യൂരിറ്റി ഒഴിച്ചാൽ, ബാക്കിയൊക്കെ ജനനത്തെ സൂചിപ്പിക്കുന്നതാണ്. ജനനമാണ് തരംതിരിവിന്റെ അടിസ്ഥാനമെന്നര്‍ത്ഥം. ജാതി എന്ന വാക്കിന് നേർക്കു നേരെ ജനനവുമായാണ് ബന്ധമുള്ളത്. ജാ ഇതി എന്നാൽ ഇങ്ങനെ ജനിച്ചത് എന്നർത്ഥം. അപ്പോൾ ഒരു പ്രത്യേക വിഭാഗത്തിൽ അംഗത്വം ഉറപ്പാക്കുന്ന ജനനമാണ് ജാതി.

Painting by Rev. Jebasingh Samuvel, Jaffna Diocese, CSI

3) ശ്രേഷ്ഠരും അധമരും
വര്‍ണം എന്ന തരംതിരിവിന്റെ പ്രതിഫലനമായി ശുദ്ധം എന്ന സങ്കൽപം നിലനിൽക്കുന്നു. അനുഷ്ഠാനപരമായ പദവികളെ സൂചിപ്പിക്കുന്ന തരംതിരിവായി ഇവിടെ വർണം മാറുന്നു. പദവിയുടെ ശ്രേണിയിൽ ഏറ്റവും ഉന്നതവും ശുദ്ധവും ബ്രാഹ്മണനാണ്. BCE നാലാം നൂറ്റാണ്ടിൽ ഇന്ത്യൻ സമൂഹത്തെക്കുറിച്ചെഴുതിയ മെഗസ്തനീസ് ഏഴ് സാമൂഹികവിഭാഗങ്ങളെ പരാമർശിക്കുന്നുണ്ടെങ്കിലും ശുദ്ധിയുടെ മാനദണ്ഡത്തിലല്ല അത് രേഖപ്പെടുത്തുന്നത്. ഏഴ് വിശാലവിഭാഗങ്ങളാണത്. ഏറ്റവുമുയർന്ന കൂട്ടത്തിൽ തത്വചിന്തകരെ എണ്ണിയിട്ട് അതിൽ ബ്രാഹ്മണരെയും ശ്രമണരെയും ഉള്‍പ്പെടുത്തിയതായി റൊമിലാ ഥാപ്പർ ഉദ്ധരിക്കുന്നു (Romila Thapper, The Penguine History of Early India: From the Origins to AD 1300).

അനുഷ്ഠാനങ്ങളുടെ അധികാരവും ശുദ്ധാശുദ്ധങ്ങളും -ജാതിയുടെ ഉൽപത്തി
അനുഷ്ഠാനങ്ങളുടെ ആധിപത്യം രൂപപ്പെട്ടത് മുതൽ ബ്രാഹ്മണർ എന്ന് വിളിക്കപ്പെട്ട സമൂഹത്തിന് ഉന്നത സ്ഥാനം ലഭിച്ചു. വർണവ്യവസ്ഥയുടെ വിശദീകരണത്തിൽ ശുദ്ധി എന്ന ആശയത്തിന് പ്രാധാന്യമുണ്ടായിരുന്നു. ബ്രാഹ്മണരാകട്ടെ, അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട ശുദ്ധിനിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരുമായിരുന്നു. അങ്ങനെ നാല് വർണങ്ങൾ ശുദ്ധിയുടെ ഏറ്റക്കുറച്ചിലിന്റെ മാനദണ്ഡത്തിൽ നാല് ജാതികളായി മാറി ഒരു സാമൂഹ്യശ്രേണി രൂപപ്പെട്ടു. നാല് വർണങ്ങളിലും പെടാത്തവർ അവർണരും ഏറ്റവും അശുദ്ധരുമായി അഥവാ പുറം ജാതിക്കാരും അയിത്തക്കാരുമായി മാറ്റി നിർത്തപ്പെടുകയും ചെയ്തു.

ജാതീയത മറ്റൊരു രൂപത്തിൽ, വൈദികസാഹിത്യം ഉണ്ടാകുന്നതിന് മുമ്പേ രൂപപ്പെട്ടിരിക്കാനുള്ള സാധ്യതയെപ്പറ്റി തുടക്കത്തിൽ പറഞ്ഞു. ഒരുപക്ഷേ, കുലം ആയിരുന്നിരിക്കണം ജാതിയുടെ മൂലം. ഓരോ കുലത്തിനും സമൂഹത്തിൽ പ്രത്യേക സ്ഥാനവും തൊഴിലുമുണ്ട്. അതിൽ പിറന്നു വീഴുന്നതോടെ ഒരാളുടെ പരിധികൾ നിർണിതമാകുന്നു. രണ്ട് കുലങ്ങൾ തമ്മിലുള്ള വ്യതിരിക്തത പ്രകടമാക്കും വിധം ആചാരഭേദങ്ങളും പാരമ്പര്യങ്ങളും സൃഷ്ടിക്കപ്പെടുന്നു. വിവാഹബന്ധുത്വം, അനന്തരാവകാശം തുടങ്ങിയ കാര്യങ്ങളിലെല്ലാം ഇത്തരത്തിൽ പരിധികൾ നിശ്ചയിക്കപ്പെടുന്നുണ്ട്. അതായത് വ്യത്യസ്ത സാംസ്‌കാരികസത്തകളും സ്വത്വങ്ങളുമായിത്തീരുന്നു വ്യത്യസ്ത കുലങ്ങൾ. തൊഴിൽ മേഖലകൾ വിപുലമാവുകയും സാമൂഹികമായ പാരസ്പര്യങ്ങളും മറ്റ് കുലങ്ങളുമായുള്ള സമ്പർക്കങ്ങളും സങ്കീർണമാവുകയും ചെയ്തതോടെയാവാം ജാതികള്‍ ഉദ്ഭവിച്ചത്. അങ്ങനെ കുലം ജാതിക്ക് വഴിമാറി.

മെഹർഗഢ് സംസ്‌കാരവും അതിന് ശേഷം രൂപം കൊണ്ട ഹരപ്പൻ നാഗരികതയും നവീനശിലായുഗ (നിയോലിതിക്) സംസ്‌കാരങ്ങളായാണ് വിലയിരുത്തപ്പെടാറുള്ളതെങ്കിലും ചാൽകോലിതിക് കാലത്തിന്റെ അടയാളങ്ങൾ മെഹർഗഢിൽത്തന്നെ പ്രത്യക്ഷമായിത്തുടങ്ങിയിരുന്നു. ഇക്കാലത്ത് നിലനിന്നത് ഗോത്രങ്ങളും കുലങ്ങളുമാണ്. മേൽപ്പറഞ്ഞ സങ്കീർണതകൾ കുറേക്കൂടി ഭദ്രമായ ജാതിസമ്പ്രദായത്തിലേക്ക് കുലങ്ങളെ വികസിപ്പിച്ചു. കുലങ്ങൾ അതിനകത്ത് തന്നെ ജാതിവിഭജിതമായിത്തീര്‍ന്നു. ഇപ്രകാരം വിഭജിതമായ സമൂഹത്തെ, ഗോത്രത്തെ അഥവാ കുലത്തെ, നിയന്ത്രിക്കുന്നതും എളുപ്പമായിരുന്നു. ജാതിധർമങ്ങൾ അവ്യക്തമായെങ്കിലും അതോടെ രൂപപ്പെടുകയും ശ്രേണികളിലേക്ക് അത് സഞ്ചരിക്കുകയും ചെയ്‌തെങ്കിലും ഈ ശ്രേണീബദ്ധത നീതിമത്കരണം നേടിയത് വൈദികാര്യന്മാരുടെ വർണസങ്കൽപത്തെ ഇതിലേക്ക് ചെലുത്തിയപ്പോഴാണ്. വർണം ജാതിയിലേക്ക് തുന്നിച്ചേർക്കപ്പെട്ടതോടെ മതാനുകൂല്യമുള്ള ഒന്നായി ജാതിഘടന മാറുകയും ശുദ്ധാശുദ്ധസങ്കൽപങ്ങൾ ഇതിൽ പരിവര്‍ത്തനങ്ങളെ അസാധ്യമാക്കുകയും ചെയ്തു.

റൊമില ഥാപ്പർ

റൊമിലാ ഥാപ്പർ ഇങ്ങനെ വിശദീകരിക്കുന്നു: നിർണിതമായ ഒരിടം, ബന്ധുത്വം, ഭൗതികസംസ്‌കാരം, ഏതാണ്ട് സമമായ പദവി, ആചാരാനുഷ്ഠാനങ്ങൾ എന്നിവ പങ്കുവെക്കുന്ന ഒരുകൂട്ടം ആളുകളാകും ഒരു വനഗോത്രം (കുലം). അത്തരമൊരു കൂട്ടം, അതിലെ അംഗങ്ങൾക്കിടയില്‍ വിഭവസ്രോതസ്സുകളുടെ പ്രാപ്യതയിൽ അസമത്വമുണ്ടാകാം എന്ന് സമ്മതിക്കുകയും ഈ വ്യത്യാസങ്ങളെ ജന്മനാ കിട്ടിയ പദവിയായി കണക്കാക്കുകയും ചെയ്യുന്നതോടെ ജാതിയുടെ ഘടകങ്ങൾ പുറത്തു വന്നു തുടങ്ങുന്നു (അഥവാ ആ ഗോത്രം ജാതിവിഭജിതമായിത്തീരുന്നു). വിഭവസ്രോതസ്സുകൾ, അധികാരം എന്നിവയോടുള്ള സമീപനത്തിൽ പുതുമകൾ വരുന്നതും ജാതിവിഭജിതമായ മറ്റേതെങ്കിലും സമൂഹവുമായി അടുത്ത ബന്ധം പുലർത്തുന്നതുമൊക്കെ ഈ പരിവർത്തനത്തിന് ത്വരകമായി വര്‍ത്തിക്കും. തുടർന്ന് വരിക വർണവ്യവസ്ഥയായിരിക്കും. അതോടെ ഈ സമൂഹങ്ങൾ ധർമശാസ്ത്രങ്ങൾ അനുശാസിക്കുന്ന ആചാരാനുഷ്ഠാനങ്ങൾ പാലിക്കുകയും ശ്രേണീവൽക്കരണത്തെ അംഗീകരിക്കുകയും ജാതികൾക്കിടയിലെ ശുദ്ധാശുദ്ധകൽപനകളെ അനുസരിക്കുകയും ചെയ്യും. ഗോത്രമൂപ്പന്മാരുടെ കുടുംബങ്ങൾ ക്ഷത്രിയപദവി കാംക്ഷിക്കുകയും മറ്റുള്ളവർ ശൂദ്രജാതികളായി വേർതിരിയുകയും ചെയ്യും. പ്രാദേശിക ഉപാസനാക്രമങ്ങൾ പരിപാലിക്കുന്ന ഒരു കൂട്ടരെ അതിൽ ഉള്‍ച്ചേർക്കേണ്ടി വരുമ്പോൾ അവരെ ബ്രാഹ്മണ്യത്തിലേക്ക് ഉപനയിക്കും. ഇങ്ങനെയാണ് വ്യത്യസ്ത ഗോത്രങ്ങൾ ബ്രാഹ്മണഹിന്ദുമതത്തിലേക്ക് ചേർക്കപ്പെടുന്നത്. ഇപ്രകാരം ചേർക്കപ്പെടുന്ന ഗോത്രത്തിൽ ഉപാസനാക്രമങ്ങൾ അത്ര പ്രധാനമല്ലെങ്കിൽ, ബ്രാഹ്മണമതത്തിന്റെ ഭാഗമായി മാറുമ്പോഴും അതിലെ പൂജാരി വിഭാഗത്തിന് ബ്രാഹ്മണ്യത്തിൽ കുറഞ്ഞ ജാതിപദവിയേ നൽകപ്പെടൂ.

അതായത്, നിലവിലുള്ള ഒരു വർണത്തെ ജാതികളായി വേർതിരിക്കുകയല്ല, മറിച്ച് ജാതികൾക്ക് വര്‍ണവ്യവസ്ഥയിൽ പദവി നിർണയിക്കപ്പെടുകയാണ് ചെയ്തത്.

___________________________________ (തുടരും)

9 thoughts on “ജാതിയുടെ ജാതകം

  1. നല്ല പഠനം…ജാതീയത എന്ന ആശയം ദ്രാവിഡ്ർ മുതലങ്ങോട്ടുള്ളവർ പഠിച്ചത് ആ ആശയം സ്വയമത്താക്കിയത് അവർ കടന്നു വരുമ്പോൾ ഇവിടെ നില നിന്നിരുന്നവരിൽ നിന്നു തന്നെയാണ്.പിൽകാലത്ത് അതിന്റെ ഗുണഭോക്താക്കളും പ്രായോജകരും അവസാനം കടന്ന് വന്ന് ആധിപത്യം സാഥിപിച്ച നവആര്യൻമാരായി.

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s