മുഹമ്മദ് ശമീം
യുദ്ധവും സമാധാനവും (ഭാഗം ഒന്ന്)

സായുധ പോരാട്ടവും യുദ്ധവുമായി ബന്ധപ്പെട്ട ഇസ്ലാമികാധ്യാപനങ്ങളെ മനസ്സിലാക്കാനുള്ള ഒരു ശ്രമമാണ്. ആദ്യമേ തന്നെ, യുദ്ധത്തെക്കുറിച്ചുള്ള ഒരു സാമാന്യവിശകലനം അനിവാര്യമാണെന്ന് തോന്നുന്നു. ഏതൊക്കെ ശക്തികളോടാണ് ഇസ്ലാം പൊരുതിയതെന്നും ഈ പോരാട്ടവും ബദ്ർ ഉൾപ്പെടെ അതിലെ സായുധപ്രയത്‌നങ്ങളും യുദ്ധത്തെക്കുറിച്ച സാമാന്യപരിഗണനയിൽ നിന്ന് എത്രത്തോളം വിദൂരവും വ്യത്യസ്തവുമാണെന്നും മനസ്സിലാക്കാൻ അത് സഹായകമാണ്.
നരമേധങ്ങളുടെ ഗിരിശൃംഗങ്ങൾ
പോളിമോളജിസ്റ്റുകൾ പല രീതിയിൽ യുദ്ധത്തെ കാണുന്നുണ്ട്. (യുദ്ധത്തെസ്സംബന്ധിച്ച പഠനശാഖയാണ് polemology. ഗ്രീക് ഭാഷയിൽ polemos എന്നാണ് യുദ്ധത്തിന് പറയുക. ology എന്നാല്‍ നിശ്ചിതവിഷയത്തെക്കുറിച്ച പഠനം, ശാസ്ത്രം എന്നൊക്കെ അർത്ഥം).

മനുഷ്യപ്രകൃതത്തിന്റെ സാർവത്രികവും പാരമ്പര്യജന്യവുമായ വശമായി (universal and ancestral aspect of human nature) ചിലർ ഇതിനെ കാണുന്നു. അതേസമയം മറ്റു ചിലർക്ക് ഇത് സാമൂഹിക-സാംസ്‌കാരിക, സാമ്പത്തിക, പാരിസ്ഥിതിക മേഖലകളിലെ സവിശേഷ സാഹചര്യങ്ങളുടെ സൃഷ്ടിയാണ്. പോരടിക്കുന്ന ശക്തികൾ പലതുമാവാം. രാഷ്ട്രങ്ങൾ തമ്മിൽ, രാഷ്ട്രത്തിനകത്തെ പ്രവിശ്യകളോ സംസ്ഥാനങ്ങളോ ജനതകളോ തമ്മിൽ, പുരോഗമനവാദികളോ യാഥാസ്ഥിതികരോ ആയ മിലിറ്റന്റ് കലാപകാരികൾ തമ്മിലോ അത്തരം മിലിഷ്യകളും ഭരണകൂടവും തമ്മിലോ, വംശീയമനസ്സോ മിലിറ്റൻസിയോ ഉള്ള വിഭാഗങ്ങൾ തമ്മിലോ അത്തരം വിഭാഗങ്ങളും ഭരണകൂടവും തമ്മിലോ അങ്ങനെ പലതും. തീവ്രഹിംസ, കൈയേറ്റശ്രമം, നശീകരണവാഞ്ഛ തുടങ്ങിയവയായിരിക്കും ആക്രമണത്തിൽ പങ്കെടുക്കുന്ന സൈനികവിഭാഗങ്ങളുടെ സ്വഭാവം.

ഭരണകൂടങ്ങളുടെ ഉദ്ഭവം മുതൽക്കാണ് സൈനികമായ യുദ്ധങ്ങൾ ആരംഭിച്ചതെന്ന് കരുതാമെങ്കിലും യുദ്ധം എന്ന പ്രക്രിയക്ക് ചരിത്രാതീതകാലത്തോളം പഴക്കമുണ്ട്. നൈൽ നദീതടത്തിലെ ഒരു പ്രീഹിസ്റ്ററിക് സെമിത്തേരിയാണ് ജബൽ സഹാബ. ഏതാണ്ട് പതിനാലായിരം കൊല്ലങ്ങൾക്ക് മുമ്പുള്ള, മെസൊസോയിക് കാലഘട്ടത്തിലെ ആ സെമിത്തേരിയിലെ നാൽപത്തഞ്ച് ശതമാനം അസ്ഥികൂടങ്ങളും സംഘടിത ഹിംസയെത്തുടര്‍ന്നുള്ള മരണത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്.
അട്രോസിറ്റോളജിസ്റ്റ് (atrocitologist) എന്ന് സ്വയം വിശേഷിപ്പിക്കുന്ന ചരിത്രഗവേഷകൻ മാത്യു വൈറ്റിന്റെ പുസ്തകങ്ങളെ ആധാരമാക്കി നാഷനൽ ജിയോഗ്രഫിക്കിൽ Peaks of Brutality എന്ന ഒരു പഠനം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അട്രോസിറ്റോളജി എന്ന പദം തന്നെയും അദ്ദേഹത്തിന്റെ സംഭാവനയാണെന്ന് തോന്നുന്നു. കഴിഞ്ഞ 2500 വർഷക്കാലത്തെ ഏറ്റവും ക്രൂരമായ നൂറ് സംഭവങ്ങളാണ് അതില്‍ വിവരിക്കുന്നത്. Atrocitology: Humanity’s 100 Deadliest Achievements (The Greta Big Book of Horrible Things ) എന്ന, തന്റെ പുസ്തകത്തിൽ മാത്യു വൈറ്റ് മനുഷ്യനോടുള്ള മനുഷ്യന്റെ മനുഷ്യത്വരാഹിത്യത്തെയാണ് വരച്ചിടുന്നത്. യുദ്ധങ്ങളുടെയും വംശഹത്യകളുടെയും കൃത്രിമക്ഷാമങ്ങളുടെയും സ്വാസ്ഥ്യം കെടുത്തുന്ന ചരിത്രമാണ് വൈറ്റിന്റെ പുസ്തകം. മൂന്ന് കാര്യങ്ങൾ വൈറ്റ് ചൂണ്ടിക്കാണിക്കുന്നുണ്ട്. അരാജകത്വം സ്വേഛാധിപത്യത്തെക്കാൾ മാരകമാണ് എന്നതാണ് ഒന്നാമത്തെത്. രണ്ട്, നമുക്ക് വിഭാവനം ചെയ്യാൻ പറ്റുന്നതിലും എത്രയോ അധികം ക്രമരഹിതമാണ് യഥാർത്ഥലോകം. മൂന്നാമതായി വൈറ്റ് പറയുന്നത് യുദ്ധം എല്ലായ്‌പോഴും സൈനികരെക്കാൾ കൂടുതൽ സിവിലിയൻമാരെ കൊല്ലുന്നു എന്നതാണ്. വാസ്തവത്തിൽ ഏറ്റവും സുരക്ഷിതമായ സ്ഥലമാണ് ഓരോ യുദ്ധത്തിലും സൈന്യം.

വൈറ്റ് അടയാളപ്പെടുത്തുന്ന നൂറ് സംഭവങ്ങളിൽ ഒന്നാമത്തെത് അറുപത്താറ് മില്യൻ (എൺപത്തിനാല് വരെ എന്നും കണക്കുണ്ട്) ജനങ്ങളെ കൊന്നുതള്ളിയ രണ്ടാം ലോകയുദ്ധം തന്നെ. രണ്ടാം സ്ഥാനത്ത് നാൽപത് (അറുപത് എന്നും) മില്യൻ മനുഷ്യരുടെ ജീവൻ അപഹരിച്ച, പതിമൂന്നാം നൂറ്റാണ്ടിലെ ചെങ്കിസ്ഖാന്റെ പടയോട്ടം.
മൂന്നാം സ്ഥാനത്ത് ചൈനയിലെ ചെയർമാൻ മൗ സെദോങ്ങിന്റെ വിപ്ലവത്തെ കാണുന്ന വൈറ്റ് നാലാം സ്ഥാനത്ത് നിർത്തുന്നത് കൊളോണിയൽ ഇന്ത്യയിൽ സൃഷ്ടിക്കപ്പെട്ട കൃത്രിമക്ഷാമങ്ങളെയാണ്. ബ്രിട്ടീഷ് രാജിന് കീഴിൽ നടന്ന ഒരു വംശഹത്യ തന്നെയായിരുന്നു ശരിക്കും അത്. 27 മില്യൻ ആളുകൾക്ക് അതിൽ ജീവൻ നഷ്ടപ്പെട്ടെങ്കിൽ മൗവിന്റെ വിപ്ലവത്തിലൂടെ പൊലിഞ്ഞത് നാൽപത് മില്യൻ ജീവനാണ്.
ചൈനയിലെ മിങ് ഡൈനാസ്റ്റിയുടെ തകർച്ച, തായ്പിങ് കലാപം, യോസിഫ് സ്റ്റാലിന്റെ ശുദ്ധീകരണം, മിഡീസ്റ്റിൽ ഏഴാം നൂറ്റാണ്ട് മുതൽ പത്തൊമ്പതാം നൂറ്റാണ്ട് വരെ തുടർന്ന (ദൗർഭാഗ്യവശാൽ മിഡീസ്റ്റിൽ ഇസ്ലാം മതം വേരുറച്ചതിന് ശേഷം തന്നെ) അടിമവ്യാപാരം, തിമൂറിന്റെ പടയോട്ടം പതിനഞ്ച് തൊട്ട് പത്തൊമ്പത് വരെ നൂറ്റാണ്ടുകളിൽ അറ്റ്‌ലാന്റിക്കിൽ നടന്ന അടിമവ്യാപാരം എന്നിവയെ യഥാക്രമം അഞ്ച് മുതൽ പത്ത് വരെ സ്ഥാനത്ത് പരിഗണിക്കുന്ന വൈറ്റ് പതിനൊന്നാമതായി അമേരിക്കൻ ഭൂപ്രദേശത്ത് നടന്ന വെള്ളക്കാരുടെ കുടിയേറ്റത്തെയും പന്ത്രണ്ടാമതായി ഒന്നാം ലോകയുദ്ധത്തെയും പ്രതിപാദിക്കുന്നുണ്ട്.

1095 CEയിൽ തുടങ്ങി മൂന്ന് നൂറ്റാണ്ടുകളോളം നീണ്ടു നിന്ന കുരിശുയുദ്ധങ്ങൾക്ക് മുപ്പതാം സ്ഥാനമാണ് നൽകിയത്. മതങ്ങൾ, സ്വേഛാധിപത്യം, വംശീയത, മുതലാളിത്തം, കമ്യൂനിസം എന്നിങ്ങനെ സകലത്തിനെയും അദ്ദേഹം പ്രതിക്കൂട്ടിൽ കയറ്റുകയും ചെയ്യുന്നു. ഹിംസയുടെ വേരുകൾ തേടുന്നുണ്ട് മാത്യു വൈറ്റ്. വെട്ടിപ്പിടുത്തം, ദുരധികാരം, മതസംഘര്‍ഷങ്ങൾ, തകർന്ന ഭരണകൂടങ്ങൾ, കൊളോണിയൽ ചൂഷണം, കൊളോണിയൽ ആക്രമണങ്ങൾ, നരഹത്യകൾ, അധികാരത്തർക്കങ്ങൾ, അധികാരയുദ്ധങ്ങൾ, വംശീയശുദ്ധീകരണങ്ങൾ, ആഭ്യന്തരസംഘര്‍ഷങ്ങൾ എന്നിവയാണ് അദ്ദേഹം കണ്ടെത്തുന്ന വേരുകൾ.
ആധുനികലോകത്തെ യുദ്ധങ്ങൾ, വിശിഷ്യാ രണ്ട് ലോകയുദ്ധങ്ങൾ ആണ് യുദ്ധത്തെസ്സംബന്ധിച്ച വിശകലനങ്ങളുടെയൊക്കെയും പ്രധാന അടിസ്ഥാനം. യുദ്ധത്തിനനുകൂലമായി ഉന്നയിക്കപ്പെടുന്ന സകല യുക്തികളെയും തള്ളിക്കളയുന്നവരാണ് ചില സൈദ്ധാന്തികന്മാർ. അവരെസ്സംബന്ധിച്ചിടത്തോളം യുദ്ധം മാരകമായ വിപത്തും സാമൂഹിക ദുരന്തവുമാണ്.
അതാകട്ടെ, അതിൽ ഇടപെടുന്ന രണ്ട് പക്ഷങ്ങളെ മാത്രം ബാധിക്കുന്ന ദുരന്തമല്ല. മറിച്ച് മനുഷ്യരാശി മൊത്തത്തിൽത്തന്നെ അതിന് ഇരയാക്കപ്പെടുന്നു. ടോൾസ്റ്റോയിയുടെ War and Peace നോവലൊക്കെ ഈയാശയം പ്രസരിപ്പിക്കുന്നുണ്ട്. രണ്ടാം ലോകയുദ്ധത്തിന്റെ അവസാനത്തോടെ എന്നും അദൃശ്യമായി നിലകൊള്ളുന്ന ഒരു സാമൂഹിക പ്രതിഭാസമായി യുദ്ധം മാറുകയും ചെയ്തു.

സ്വാഭാവികമായും യുദ്ധങ്ങൾ ഇല്ലാതാവുന്നത് മനുഷ്യരാശിയുടെ നിലനിൽപിന് തന്നെ അനിവാര്യമായ ഉപാധിയാണ് എന്നും വന്നു. മറുവശത്താകട്ടെ, കൊളോണിയൽ, ഇംപീരിയൽ ശക്തികൾ യുദ്ധത്തെ നയതന്ത്രോപകരണമായിത്തന്നെ വികസിപ്പിച്ചു. ഫാഷിസ്റ്റ് സിദ്ധാന്തങ്ങളാകട്ടെ, യുദ്ധത്തെയും ആക്രമണത്തെയും ഒരു പവിത്രകർമമായും പഠിപ്പിച്ചു. രാജ്യതന്ത്രത്തിന്റെ അനിവാര്യവികാസമായി യുദ്ധത്തെ അംഗീകരിച്ച രാഷ്ട്രമീമാംസകന്മാരുണ്ട്. ജർമൻ (പ്രഷ്യൻ) മിലിട്ടറി തിയറിസ്റ്റായിരുന്ന ക്ലൗസെവിറ്റ്‌സ് (Karl von Clausewitz) യുദ്ധത്തെ കണ്ടത് വിദേശനയത്തിന്റെ ഏറ്റവും യുക്തിപൂർണമായ ഉപകരണമായിട്ടാണ്.
അധികാരവും ഭോഗവും
യുദ്ധത്തെയും അതിന്റെ കാരണങ്ങളെയും തത്വശാസ്ത്രപരവും മനശ്ശാസ്ത്രപരവുമായി വിശകലനം ചെയ്താൽ ഒരുപക്ഷേ വൈയക്തികചോദനകൾ, ഈഗോ, ജീവിതചാലകങ്ങൾ തുടങ്ങിയവയുടെ കേന്ദ്രബിന്ദുവുമായി ബന്ധപ്പെട്ട ചില ചർച്ചകളിലേക്ക് കൂടി നാം ചെന്നെത്തും.
മനുഷ്യപ്രവര്‍ത്തനങ്ങളുടെ മുഖ്യചാലകം, ചോദനകളുടെ കേന്ദ്രബിന്ദു അധികാരേച്ഛയാണ് (Will to Power) ഫ്രീദ്രിച് നീത്ഷ്‌ചെയുടെ (Friedrich Nietzsche) വീക്ഷണത്തിൽ. നീത്ഷ്‌ചെയുടെ പ്രധാന സിദ്ധാന്തം തന്നെ അതാണ്. ആ പേരിൽത്തന്നെ അദ്ദേഹത്തിന്റെ ഒരു പുസ്തകവുമുണ്ട്. അതേസമയം ആർതർ ഷോപ്പനോവറുടെ (Arthur Schopenhauer) നിരീക്ഷണത്തിൽ അത് ജീവിതേച്ഛ (Will to Live) തന്നെയാണ്. സൈക്കോഅനലിസ്റ്റുകളുടെയും സിഗ്മണ്ട് ഫ്രോയ്ഡിന്റെയും വീക്ഷണത്തിലാകട്ടെ, ഭോഗേച്ഛയാണ് (Will to Pleasure) ജീവിതത്തിന്റെ ചാലകം.

നീത്ഷ്‌ചെയും ഷോപ്പനോവറും സൈക്കോഅനലിസ്റ്റുകളും അവരവരുടെ തത്വശാസ്ത്രത്തെ സാധൂകരിക്കുന്ന തരത്തിലുള്ള വിശകലനങ്ങളാണ് നടത്തുന്നത്. അധികാരേഛയെ വിശകലനത്തിനുള്ള ഒരു ടൂളായിട്ടല്ല, മറിച്ച് തന്റെ തത്വചിന്തയുടെ തന്നെ ആധാരമായിട്ടാണ് നീത്ഷ്‌ചെ കാണുന്നത്. മനുഷ്യത്വവും മനസ്സാക്ഷിയുമായി ബന്ധപ്പെട്ട മതധാർമികതയെ അടിമസാന്മാർഗികത (slave morality) എന്ന് തള്ളിക്കളയുന്ന നീത്ഷ്‌ചെ അത്തരം ധാർമികമൂല്യങ്ങളെയെല്ലാം അതിജയിക്കുന്ന ഉടമസാന്മാർഗികതയുടെ (master morality) അത്യുന്നതമാതൃകയായാണ് തന്റെ അതീതമനുഷ്യനെ (യൂബർമെൻഷ് superman) അവതരിപ്പിക്കുന്നത്. ഫ്രോയ്ഡാണെങ്കിൽ മനുഷ്യമനസ്സിനെക്കുറിച്ച വിശകലനങ്ങളെയെല്ലാം തന്നെ ഭോഗേഛയിലേക്ക് ചുരുക്കുന്നുമുണ്ട്.
അതേസമയം മറുഭാഗത്ത് മനുഷ്യചരിത്രത്തിലെ അട്രോസിറ്റികൾക്ക് ഇതെല്ലാം കാരണമായിത്തീർന്നിട്ടുണ്ടെന്ന് പറയാം. ഇതിൽത്തന്നെ അധികാരം എന്നത് സവിശേഷമായ പരിഗണനയർഹിക്കുന്നുമുണ്ട്.
ഏറ്റവും വലിയ ദൈവനിഷേധശക്തിയായി ഖുർആൻ പരിചയപ്പെടുത്തുന്നത് ത്വാഗൂത്തിനെയാണ്. പ്രവാചകന്മാരുടെ ദര്‍ശനത്തിന്റെ അടിസ്ഥാനമായി ഖുർആൻ ആവർത്തിച്ച് പറയുന്നത് അല്ലാഹുവിന് വഴിപ്പെടുക, ത്വാഗൂത്തിനെ വെടിയുക എന്നതാണല്ലോ. ദുരധികാരശക്തിയെയാണ് വേദഗ്രന്ഥം ത്വാഗൂത്ത് എന്ന് വിശേഷിപ്പിക്കുന്നത്. ത്വാഗൂത്തിനെതിരായ പോരാട്ടത്തിനും ജാഗ്രതയ്ക്കും വേണ്ടിയുള്ള ആഹ്വാനങ്ങൾ ഖുർആനിലുടനീളം കാണാം.

സൂക്ഷിക്കാൻ ഖുർആൻ ആവശ്യപ്പെട്ട കാര്യങ്ങളിൽ മുകളിൽ സൂചിപ്പിച്ച മറ്റ് രണ്ട് കാര്യങ്ങൾ കൂടി പെടുന്നുണ്ട്. അതിര് വിട്ട ജീവിതാസക്തിയെ വഴിപിഴപ്പിക്കുന്ന ഘടകമായി വേദം അടയാളപ്പെടുത്തുന്നു. ‘സകല ജനതകളിലും വെച്ച് ജീവിതത്തോട് ഏറെ ആസക്തിയുള്ളവരായി അവരെ നീ കാണുന്നു. മുശ്‌രിക്കുകളെക്കാളുമധികം. തനിക്കൊരു സഹസ്രാബ്ധകാലത്തെ ആയുസ്സെങ്കിലും വേണമെന്ന് അവരിലോരോരുത്തരും മോഹിക്കുന്നു. എന്നാൽ ആയുസ്സ് ഒരിക്കലും (അവരുടെ പ്രവൃത്തികളുടെ പരിണതിയായ) ക്ലേശങ്ങളിൽ നിന്ന് അവരെ രക്ഷിക്കുകയില്ലല്ലോ. അവരുടെ കർമങ്ങളഖിലവും സൂക്ഷ്മം നിരീക്ഷിക്കുന്നവൻ തന്നെയാണ് അല്ലാഹു’ (സൂറഃ അല്‍ബഖറഃ 96).
ഭോഗേഛയുടെ (ഹവന്നഫ്‌സ്) കാര്യമാണെങ്കിൽ, അതിന്റെ പിടിയിലകപ്പെട്ടവർ ചിന്താശക്തി നഷ്ടപ്പെട്ടവരായി സന്മാർഗത്തിൽ നിന്ന് അകന്നു പോകും എന്നാണ് ഖുർആന്റെ പാഠം. അതേസമയം തന്നെ ഇതിലെല്ലാമപ്പുറത്ത് മനുഷ്യന്റെ സ്വാതന്ത്ര്യത്തെയും സാമൂഹികനീതിയെയും തകർക്കുന്ന, പിഴുതുമാറ്റപ്പെടേണ്ട ഒരു ദുശ്ശക്തിയായിത്തന്നെയാണ് ത്വാഗൂത്തിനെ വേദഗ്രന്ഥം അടയാളപ്പെടുത്തുന്നത്.
മുകളില്‍ യുദ്ധത്തെക്കുറിച്ചും ഹിംസയുടെ വേരുകളെക്കുറിച്ചുമുള്ള വിശകലനത്തിലും ഇച്ഛകളുമായി ബന്ധപ്പെട്ട തത്വശാസ്ത്രങ്ങളിലും എണ്ണിപ്പറയുന്ന കാര്യങ്ങളോടെല്ലാമുള്ള സമരത്തെ സൂചിപ്പിക്കുന്ന ആശയമാണ് ഖുര്‍ആൻ മുന്നോട്ട് വെക്കുന്ന ജിഹാദ്. ആത്യന്തികമായി ഹിംസയല്ല, മറിച്ച് ഹിംസയുടെ വേരറുക്കുന്ന പ്രക്രിയയാണത് എന്നർത്ഥം.
ജാഹദ എന്നതിന്റെ നാമരൂപമാണ് ജിഹാദ്. ഏതെങ്കിലുമൊന്നിനെതിരായി നിരന്തരസമരത്തിലേർപ്പെടുക, ഒരു ലക്ഷ്യത്തിന്റെ പൂർത്തീകരണത്തിനായി കഠിനയത്‌നം ചെയ്യുക എന്നെല്ലാമാണ് ജാഹദയുടെ അർത്ഥം. ഈ യത്‌നത്തെത്തന്നെയാണ് ജിഹാദ് സൂചിപ്പിക്കുന്നതും. വിശുദ്ധയുദ്ധം, holy war എന്നൊക്കെ നിഘണ്ടുക്കളിൽ അര്‍ത്ഥം കാണാമെങ്കിലും ആ പദം ഒരിക്കലും ഒരു യുദ്ധത്തെ സൂചിപ്പിക്കുന്നില്ല. ഖിതാൽ (യുദ്ധം) അല്ല ജിഹാദ്.
സാങ്കേതികമായി ബദ്‌റിനെയും ഉഹ്ദിനെയുമൊക്കെ ഖിതാൽ എന്ന് വിളിക്കുന്നുണ്ടെങ്കിലും ജിഹാദ് എന്ന വലിയ ആശയത്തോടാണ് അവയെ ഖുർആൻ ചേർത്തുവെക്കുന്നത്. അതായത്, പ്രവാചകന്റെ സായുധയത്‌നങ്ങളെ കേവലയുദ്ധങ്ങളായി ഇസ്ലാം കണക്കാക്കുന്നില്ല. ഈ ലേഖനത്തിൽ വിവരിച്ച മാനങ്ങൾ വെച്ചുകൊണ്ട് പരിശോധിക്കുകയാണെങ്കിൽ യുദ്ധം എന്ന വിശേഷണം നിരുപാധികമായി അവയ്ക്ക് ചേരുകയുമില്ല.

____________________ തുടരും
2 thoughts on “യുദ്ധവും സമാധാനവും”