ചെകുത്താന്റെ കൈയേറ്റത്തിൽ വേദപാഠങ്ങൾക്ക് സംഭവിക്കുന്നത്

പി.ടി കുഞ്ഞാലി

(“ചെകുത്താന്റെ വേദപുസ്തകം” എന്ന പുസ്തകത്തിന് പി.ടി കുഞ്ഞാലി എഴുതിയ ആസ്വാദനം)

അനുഷ്ഠാനങ്ങൾ സ്വയം ലക്ഷ്യമല്ലെന്നും തിന്മയുടെ നിർമാർജനമാണ് ധർമമെന്നും പറഞ്ഞത് ഗൌതമബുദ്ധനാണ്. അമാനുഷമായ ദിവ്യാദ്ഭുതപ്രകടനങ്ങളല്ല മതം എന്ന് മനുഷ്യരെ ഉപദേശിച്ചതും ബുദ്ധൻ തന്നെ. എന്നാൽ കാലം കൊണ്ട് ബുദ്ധോപദേശങ്ങളപ്പാടെ ആചാരശാഖകളുടെ കള്ളിമുൾക്കാട്ടിൽ മുരടിച്ചു പോയി. നിരവധിയായ മാന്ത്രികാചാരങ്ങളും താന്ത്രികാനുഷ്ഠാനങ്ങളും കുമിഞ്ഞ് ബുദ്ധസരണി ബുദ്ധന് അന്യമായൊന്നിലേക്ക് ശിഥിലമായി. അത്യന്തം സരളവും മനുഷ്യോന്മുഖവുമായ മതം എങ്ങനെയാണ് മനുഷ്യവിരേധികൾ ഇവ്വിധം കൈയേറി അതിലെ മാനവികതയെയും അതിന്റെ വിമലസാധ്യതകളെയും ഇവ്വിധം അട്ടിമറിക്കുന്നത് എന്ന അന്വേഷണം തികച്ചും കൌതുകകരമായിരിക്കും.

പി.ടി കുഞ്ഞാലി

ഇതാകട്ടെ, ബുദ്ധമതത്തിന്റെ മാത്രം പ്രതിസന്ധിയല്ല. ഈ ക്ഷുദ്രത അധിനിവേശം ചെയ്തിട്ടില്ലാത്ത മതസരണികളില്ല തന്നെ. മാത്രമല്ല, മതത്തിന്റെ അരിക് പറ്റിയും എന്നാൽ ബദലാചാരങ്ങൾ പ്രഖ്യാപിച്ചും ആചാര്യവേഷങ്ങൾ സ്വയം എടുത്തണിഞ്ഞും കൊണ്ടുള്ള മനുഷ്യവിരുദ്ധതയുടെ ആഘോഷങ്ങളാണ് നമ്മുടെ മുന്നിൽ ഏറെ വ്യാപകത്വം നേടുന്നത്. ഇപ്രകാരം ഇന്ന് അരങ്ങത്താടുന്ന മതാപരങ്ങളെയും അത് സമൂഹത്തിൽ സൃഷ്ടിക്കുന്ന കേവലോന്മാദങ്ങളെയും മതിഭ്രമങ്ങളെയും അവയുടെയൊക്കെയും പരിമിതികളെയും വിശദമായി അന്വേഷിക്കുന്ന മൌലികരചനയാണ് മുഹമ്മദ് ശമീം എഴുതിയ, ചെകുത്താന്റെ വേദപുസ്തകം.

ശാന്തിയും അപരോന്മുഖത്വവുമാണ് മതം മുന്നോട്ട് വെക്കുന്നത്. സ്നേഹവും സുതാര്യയതയും മസൃണതയുമാണത്. പ്രതിമതങ്ങൾ പ്രക്ഷേപിക്കുന്നതാകട്ടെ, ഇതിനൊക്കെയും വിരുദ്ധമായ ആശയമണ്ഡലങ്ങളുമത്രേ. മന്ത്രവാദങ്ങളെയും ആഭിചാരങ്ങളെയുമാണ് പൊതുവെ അവ ആശ്രയിക്കുന്നത്. വിഭ്രാന്തിയോളമെത്തുന്ന അനുഷ്ഠാനങ്ങളെയും. അവയൊക്കെയും എത്രമേലാണ് സ്ഥാപനവൽക്കരിക്കപ്പെടുന്നതും അധികാരത്തിന്റെയും മേധാവിത്വത്തിന്റെയും പരകോടിയിലേക്ക് അവയുടെ ശ്രേണീബന്ധങ്ങളെ വിപുലപ്പെടുത്തുകയും ചെയ്യുന്നത്! വൻ കോർപറേറ്റുകളാൽ നടത്തപ്പെടുന്ന കൾട്ടുകളും ആൾദൈവങ്ങളും വരെയുണ്ട് ഇന്ന്. ഈ വൈരുദ്ധ്യം കൂടി ചർച്ചക്കെടുക്കുന്നുണ്ട് ശമീം. അതിനായി ചിത്രകല, സംഗീതം, സിനിമ, മറ്റ് സർഗാത്മകാവിഷ്കാരങ്ങൾ എന്നിവയിലൂടെയും പുസ്തകം സഞ്ചരിക്കുന്നു.

മനുഷ്യപക്ഷത്ത് നിന്ന് മതത്തെ അടർത്തിയെടുത്ത് ചൂഷണത്തിൽ സ്ഥാപിച്ചു നിർത്താൻ നടന്ന ഉത്സാഹങ്ങൾക്ക് ഗ്രന്ഥകാരൻ സൂചിപ്പിക്കുന്ന ഏറ്റവും സഫലമായ ഉദാഹരണമാണ് മോശെ പ്രവാചകനെക്കുറിച്ച വേദാഖ്യാനത്തിൽ കടന്നു വരുന്ന സാമിരി എന്ന കൾട്ട്. മഹത്തായ മനുഷ്യവിമോചനമായിരുന്നു മോശെ പ്രവാചകന്റെ ലക്ഷ്യവും ദൌത്യവും. ഫറവോന്റെ അടിമത്ത ഭീകരതയിൽ നിന്നുള്ള യിസ്രായേൽ ജനതയുടെ സ്വാതന്ത്ര്യവും വിമോചനവും. ഈ സ്വാതന്ത്ര്യത്തിലേക്കുള്ള ഉയിർപ്പിനാണ് മോശെയും അഹരോനും നിയുക്തരായത്, അതിന് വേണ്ടിയാണ് അവർ യത്നിച്ചത്. എന്നാൽ ഈ സാമൂഹ്യനിയോഗത്തെ നിഗൂഢതയിൽ മറിച്ചിടാൻ ശ്രമിക്കുകയായിരുന്നു സാമിരി. അതിനയാൾ പറഞ്ഞ ന്യായങ്ങളിലൊിന്ന് തന്നെ ജനങ്ങളാരും കാണാത്ത ഒന്ന് ഗൂഢനേത്രത്താൽ താൻ കാണുന്നു എന്നാണ്. പ്രവാചപാദങ്ങൾ പതിഞ്ഞിടത്ത് നിന്നും ഇത്തിരി മണ്ണ് താൻ കോരിയെടുത്തു എന്നും അയാൾ പ്രഖ്യാപിക്കുന്നുണ്ട്.

ബുദ്ധനും സുനാഘതനും തമ്മിൽ നടക്കുന്ന സംവാദത്തിലും ഈ നിരീക്ഷണം വരുന്നുണ്ട്. മറ്റാരും കാണാത്തതും കേൾക്കാത്തതും (നിഗൂഢമായത്) അറിയുക എന്നതിലൂടെ സുനാഘതനും സാമിരിയും തോൽപിക്കാൻ ശ്രമിക്കുന്നത് ബുദ്ധനെയും മോശെയെയുമാണ്.

അതായത്, ലളിതമാനവികതയെ നിഗൂഢതാവാദം കൊണ്ട് തോൽപിക്കുക.

ഇപ്രകാരം മനുഷ്യരെയും അവരുടെ ജീവിതലാളിത്യത്തെയും തോൽപിക്കാനുള്ള ശ്രമം തന്നെയാണ് ചെകുത്താൻ ആയി അടയാളപ്പെടുന്നത്. ഈ ചെകുത്താൻ ഊർനമ്മുവിന്റെ കാലത്തെ ബാബിലോണിയൻ ആഭിചാരക്രിയകളായും ആചാര്യ രജനീഷ് മുതൽ സൈക്കഡലിക് ആത്മീയതയിലൂടെയും ഹിപ്പികളിലൂടെയും പലതരം സൂഫീ ധാരകളിലൂടെയും ആചാര്യ രജനീഷ് തൊട്ടുള്ള കൾട്ടുകളിലൂടെയും ഇതേ രാശിയിൽ സഞ്ചരിക്കുന്നുവെന്ന് ഗ്രന്ഥകാരൻ നിരീക്ഷിക്കുന്നു.

ആഭിചാരം -ബാബിലോണിയൻ ചുവർച്ചിത്രം

ജീവിതത്തിന്റെ ഹരിതസുഭഗതയല്ല, മറിച്ച് ബൊഹീമിയൻ ജീവിതത്തിന്റെ പെരും അരാജകത്വമാണ് ഇത്തരം പ്രതിമതസംഘങ്ങളൊക്കെയും ഏറ്റെടുക്കുന്നതും പ്രചരിപ്പിക്കുന്നതും. മനോവിഭ്രാന്തിയും ആനന്ദമൂർഛയും ഉളവാക്കുന്ന ലഹരിമരുന്നുകൾ ഇത്തരം നവപ്രതിമതങ്ങളുടെ ആചാരാഘോഷങ്ങളെ സാന്ദ്രമാക്കുന്നു.

തുടക്കത്തിൽത്തന്നെ ഗ്രന്ഥകാരന്റെ അന്വേഷണത്തിന് വിധേയരാവുന്ന ഒരു വിഭാഗം ബീറ്റ് ജനറേഷനാണ്. എൽ.എസ്.ഡി ഉൾപ്പെടെയുള്ള സൈക്കഡലിക് മരുന്നുകളുടെ സേവയാണ് ഹിപ്പി ആചാര്യന്മാർ അവരുടെ പ്രധാന കൂദാശയായി കാണുന്നത്. തങ്ങൾ പുതിയ മതത്തിന്റെ അന്വേഷകരാണെന്നാണ് ഇവരുടെ അവകാശവാദം. എന്തിനെയാണ് അന്വേഷിക്കുന്നത് എന്നതിന് ജാക് കെറ്വോക്ക് പറഞ്ഞ മറുപടി ദൈവത്തെയാണ് അന്വേഷിക്കുന്നത് എന്നത്രേ. വിചിത്രമാണിത്. പൊതുജീവിതത്തിൽ നിന്ന് തന്നെത്തന്നെ റദ്ദാക്കുകയും സാമൂഹികതയുടെ സഹജഭാവത്തെ നിഷേധിക്കുകയും ചെയ്യുന്ന ഒരുകൂട്ടമാളുകൾ പറയുന്നത് തങ്ങൾ ദൈവത്തെ അന്വേഷിക്കുന്നവരാണെന്ന്. അന്വേഷണത്തിന്റെ വഴിയാകട്ടെ, സംഹാരരുദ്രമായ ലഹരിയുടേതും.

ഇത്തരം പരമതസിദ്ധാന്തങ്ങളുടെ ഉദ്ഭവത്തെയയും അതിന്റെ കാരണങ്ങളെയും അതിലെ ന്യായങ്ങളെയും കൂടി പരിശോധിക്കുന്നുണ്ട് ശമീം. രണ്ട് രീതിയിൽ ഇത് സംഭവിക്കാമെന്ന് അദ്ദേഹം കരുതുന്നു. മോശെക്കെതിരെ ഭക്ത്യുന്മാദത്തെ വികസിപ്പിച്ച സാമിരി തൊട്ട് ഫലത്തിൽ അന്തിക്രിസ്തുവായിത്തീർന്ന പുരോഹിതന്മാർ വരെയുള്ളവർ സ്വാർത്ഥബോധ്യങ്ങളുടെ പ്രതീകങ്ങളാണ്. ദൈവികനടപടികളെ കൌശലപൂർവം അട്ടിമറിക്കാനാണ് അവർ ശ്രമിച്ചത്. പല രീതിയിലാണെങ്കിലും അവർ കൂട്ടുപിടിക്കുന്നത് ദൈവത്തെത്തന്നെ. അതിനവർ തങ്ങളുടെ നിഗൂഢഭ്രമങ്ങളും ക്ഷോഭഹാസങ്ങളും ഉപയോഗിക്കുന്നു. അങ്ങനെ അവരുടെ കരിഷ്മകളിൽ വിഭ്രമിച്ചു പോകുന്ന സാമാന്യ മനുഷ്യർ ഭീകരമായി അപനിർമിക്കപ്പെടുന്നു.

ഈ അനുയായികൾ സത്യത്തിൽ സഹതാപമർഹിക്കുന്നവരാണ്. യുക്തിയുടെയും ബോധത്തിന്റെയും അഭാവത്തിൽ ഭക്തി വെറും വിഭ്രാന്തി മാത്രമാകുന്നു.

പവിത്രീകരിക്കപ്പെട്ട എല്ലാ വ്യവസ്ഥകളും വ്യക്തിയെ റദ്ദ് ചെയ്യുന്നേടത്താണ് രണ്ടാമത്തെ രീതി വികസിക്കുന്നത്. സൈക്കഡലിക് സ്പിരിച്വാലിറ്റിയുടെ കാര്യം അതാണ്. കൊല്ലുകയും തടവിൽ പാർപ്പിക്കുകയും ചെയ്യുന്ന ഒരു സാമൂഹ്യവ്യവസ്ഥയോടുള്ള കലാപമാണ് ഇത്തരം അപമതങ്ങൾ.

അതായത്, സാമൂഹ്യബാധ്യതകളിൽ നിന്നുള്ള രക്ഷപ്പെടൽ മാത്രമല്ലിത്. അതിന്റെ സാമ്പ്രദായിക സ്വരൂപങ്ങളോടുള്ള യുക്തിരഹിതമായ വിഛേദവും കൂടിയാണ് ഇത്തരം ദർശനങ്ങൾ. അതുകൊണ്ടാണിവർ ക്ഷൌരവും ശൌചവുമില്ലാതെ ലഹരിയിൽ മുങ്ങി ജീവിക്കുന്നത്. സത്യത്തിൽ ക്ഷോഭിക്കുകയാണിവർ. ലാഭക്കൊതിയും താൻപോരിമയും അധികാരേഛയും തിമിർത്താടുന്ന ഈ ലോകനരകത്തിൽ നിന്നുള്ള സ്വാതന്ത്ര്യപ്രഖ്യാപനമാണ് ഒരുപരിധി വരെ സൈക്കഡലിക് കൾട്ടുകൾ. നിർവാണത്തിന്റെ അനിവാര്യമായ ഉപാധിയാണ് ഇവർക്ക് ലഹരി. സാത്താൻ പൂജകർ എന്നറിയപ്പെടുന്ന വിഭാഗവും ഇവരിലുണ്ടെന്ന് ശമീം കണ്ടെത്തുന്നു.

ഒരുപക്ഷേ ഇത്തരം പ്രതിമതങ്ങൾ സ്വാഭാവികമായിത്തന്നെ എത്തിപ്പെടുക സാത്താൻ പൂജയിലായിരിക്കും. ജനകീയ കലകളും സംസ്കാരവും ഇവയ്ക്ക് എത്രത്തോളം കരുക്കളായി മാറിയിട്ടുണ്ട് എന്നും ഗ്രന്ഥകാരൻ നിരീക്ഷിക്കുന്നുണ്ട്. റോക് സംഗീതരൂപങ്ങൾ മുതൽ സൂഫീ ഗീതങ്ങൾ വരെ ഇത്തരത്തിൽ ഉപകരണങ്ങളാക്കപ്പെട്ടിട്ടുണ്ട്.

ഇപ്രകാരം നിരവധി സമാന്തര ആത്മീയ പ്രസ്ഥാനങ്ങളെയും അവയുടെ നാനാതരം പ്രവണതകളെയും പറ്റി ഇത്രയും വിസ്താരത്തിൽ ഒരന്വേഷണാത്മകഗ്രന്ഥം ഒരുപക്ഷേ മലയാള ഭാഷയിൽത്തന്നെ ആദ്യത്തേതായിരിക്കും.

പുസ്തകത്തിലെ അവസാന അധ്യായം വളരെ പ്രസക്തമാണ്. ഭക്തിയും ഭ്രാന്തും എന്നതാണതിന്റെ തലക്കെട്ട്. എന്താണ്, എന്തായിരിക്കണെ യഥാർത്ഥ മതം എന്ന് അതിൽ യുക്തിഭദ്രമായി അന്വേഷിക്കുന്നു ഗ്രന്ഥകർത്താവ്. ഇന്നിക്കാണുന്ന രൂപത്തിലല്ല മതത്തെ അതിന്റെ ആദിപ്രഭവകേന്ദ്രങ്ങൾ വിഭാവനം ചെയ്തിരുന്നത്. ശമീമിന്റെ കാഴ്ചപ്പാടിൽ ബോധപൂർവമായ അനുവർത്തനമാണ് മതം ആവശ്യപ്പെടുന്നത്. ബോധത്തോടൊപ്പം ബോധ്യവും അതിനാവശ്യമാണ്. ചിന്താശീലമില്ലാത്ത വിധേയത്വവും അയുക്തികമായ ആചാരഭ്രമവുമല്ല യഥാർത്ഥ മതജീവിതം.

മതത്തിൽ കേവലഗതാനുഗതികത്വം പ്രാവർത്തികമാക്കാവതല്ല. അങ്ങനെയാവുന്നതു കൊണ്ടാണ് മതം ഇത്രമേൽ അലങ്കോലപ്പെടുന്നത് എന്നാണ് ഗ്രന്ഥകാരന്റെ നിരീക്ഷണം. വിശ്വാസം അന്ധമാവരുതെന്നും അതിൽ സന്ദേഹത്തിന് സ്ഥാനമുണ്ടെന്നും ശമീം സ്ഥാപിക്കുന്നു. ഗതാനുഗതികത്വത്തിന്റെ മതത്തിലാണ് സന്ദേഹം വിശ്വാസത്തിനെതിരാവുന്നത്. ഈ ഗതാനുഗതികത്വത്തെ ഇസ്ലാം നിരാകരിക്കുന്നുണ്ട്. അത് സന്ദേഹത്തെ പുണരുന്നുമുണ്ട്. സന്ദേഹം വിശ്വാസത്തിന്റെ പൂർണതയാണ് എന്ന പ്രവാചകവചനത്തെ ശമീം വ്യാഖ്യാനിക്കുന്നത് ഏറെ കൌതുകമുളവാക്കുന്ന വായനാനുഭവമാണ്. സന്ദേഹത്തിലൂടെയല്ലാതെ തീർപ്പിലേക്കും വഴിയില്ലല്ലോ.

മതത്തെ മിത്തുകളുടെ സമാഹാരമാക്കിച്ചുരുക്കുക എന്നത് അധികാരത്തിന്റെ താത്പര്യമാണ്. യഥാർത്ഥ മതദർശനങ്ങൾ എല്ലാ അനാശാസ്യതകളോടും ശക്തിയായി കലഹിച്ചിട്ടുണ്ട്. അതിശക്തമായ സാമൂഹ്യവിമർശം പ്രവാചകൻ മുഹമ്മദ് മുന്നോട്ടു വെച്ചിട്ടുണ്ട്. മനുഷ്യന്റെ സ്വാതന്ത്ര്യം, സമാധാനം, അഭിവൃദ്ധി തുടങ്ങിയവയെല്ലാം പ്രവാചകന്റെ ഉത്കണ്ഠകൾ തന്നെയായിരുന്നു. ദൈവത്തിന്റെ ഭൂമിയിൽ നിർഭയമായ ജീവിതം, സംതൃപ്തരായ മനുഷ്യർ. അതാണ് മതം, അതിനാണ് പ്രവാചകൻ.

അതിൽ ആത്മീയ, ഭൌതിക വിഭജനങ്ങളുമില്ല. മൂല്യവത്തായ സാമൂഹ്യജീവിതമാണ് ആത്മീയത. സമൂഹത്തെ നിരാകരിച്ചാൽ നാം വിഭ്രമങ്ങളിൽച്ചെന്നു ചാടും. ഇതാണ് ഗഹനവും ഏറെ പ്രൌഢവുമായ ഈ ഗ്രന്ഥം സ്ഥാപിക്കുന്നത്.

മൌലികമാണ് ശമീമിന്റെ പഠനം. നാടകം, സിനിമ, സംഗീതം, സാഹിത്യം, ചിത്രകല തുടങ്ങിയവയെല്ലാം ഇതിൽ നിഷ്കൃഷ്ടനിരീക്ഷണത്തിന് വിധേയമാവുന്നു. എന്താണ് മതം എന്നറിയാൻ എന്തല്ല മതം എന്നും അറിയണം. അത് ഈ പുസ്തകം പറഞ്ഞുതരും.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s