ദ്രാവിഡം

മുഹമ്മദ് ശമീം
ജാതിയും ജാതിവിരുദ്ധസമരങ്ങളും –
അഞ്ച്

മുൻ ലേഖനങ്ങൾ
1) ജാതിയുടെ ജാതകം
2) തത്ത്വമസി
3) ലിംഗായതവും ബ്രഹ്മധർമവും
4) ദലിതം

ഇന്ത്യയിലെ ജാതിവിരുദ്ധപോരാട്ടചരിത്രത്തിൽ ശ്രദ്ധേയമായ അധ്യായങ്ങൾ ദക്ഷിണേന്ത്യയിൽ നിന്ന്, വിശിഷ്യാ തമിഴ് നാട്ടിലും കേരളത്തിലും നിന്ന് തുന്നിച്ചേർക്കപ്പെട്ടിട്ടുണ്ട്. ഒട്ടും അനുരഞ്ജനമില്ലാത്ത വിധം ജാതിയെ തള്ളിക്കളയുകയും ജാത്യാചാരങ്ങളെ പരസ്യമായി ലംഘിക്കുകയും ചെയ്ത ബസവരാജൻ സ്ഥാപിച്ച വീരശൈവ പ്രസ്ഥാനത്തെയും ലിംഗായത്തുകളെയും പറ്റി നാം മുമ്പൊരു ലേഖനത്തിൽ വിശദീകരിച്ചിട്ടുണ്ട്.
ഇതോട് ചേർത്ത് തന്നെ വായിക്കേണ്ടതാണ് തമിഴ് നാട്ടിലെ ദ്രാവിഡ രാഷ്ട്രീയ ചരിത്രവും.

ഭാരതീയം
എന്നാൽ അതിനും മുന്നേ, ഭാരതിയാർ എന്ന് വിളിക്കപ്പെട്ട സുബ്രഹ്മണ്യ ഭാരതിയെ നാം അറിയേണ്ടതുണ്ട്. പെരിയാർ ഇ.വി രാമസാമിയിൽ തുടങ്ങുന്ന ദ്രാവിഡ മുന്നേറ്റ ചരിത്രം അബ്രാഹ്മണരുടെ ഇടയിൽ നിന്ന് ഉയർന്നു വന്ന പ്രസ്ഥാനമാണെങ്കിൽ സുബ്രഹ്മണ്യ ഭാരതി ബ്രാഹ്മണ സമുദായത്തിൽത്തന്നെ ജനിച്ച് ബ്രാഹ്മണ്യത്തിനെതിരെ പോരാടിയ ആളാണ്.

സുബ്രഹ്മണ്യ ഭാരതി

തമിഴ് സാഹിത്യ ചരിത്രത്തിൽ പരമപ്രധാനസ്ഥാനമുള്ള കവിയായ സുബ്രഹ്മണ്യ ഭാരതി ചാട്ടുളി പോലെ മൂർഛയേറിയ തന്റെ വരികളിലൂടെ ജാതീയതക്കും ലിംഗവിവേചനത്തിനുമെതിരെ കലാപമുയർത്തിയിരുന്നു. ദ്രാവിഡ രാഷ്ട്രീയ കാഴ്ചപ്പാടിൽ നിന്ന് ഭിന്നമായി ഹിന്ദു മതം എന്ന പ്രതലത്തിൽ അദ്ദേഹം നിലകൊണ്ടു. ഒപ്പം ഇന്ത്യൻ ദേശീയവാദിയുമായിരുന്ന ഭാരതിയാർ ഇന്ത്യൻ നാഷനൽ കോണ്‍ഗ്രസ്സിൽ അംഗമായി.

എട്ടയപുരം ഗ്രാമത്തിൽ ചിന്നസ്വാമി സുബ്രഹ്‌മണ്യ അയ്യരുടെയും ലക്ഷ്മി അമ്മാളിന്റെയും മകനായി പിറന്ന സുബ്ബയ്യ അയ്യർ തന്റെ പേരിൽ നിന്ന് അയ്യർ ജാതിവാൽ മുറിച്ചു കളഞ്ഞത് ജാത്യഭിമാനത്തെ ഉപേക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ്. പകരം ഭാരതി എന്ന് ചേർത്തതാകട്ടെ, എല്ലാ ജാതിവിഭജനങ്ങൾക്കുമപ്പുറം ഇന്ത്യൻ ദേശീയത എന്ന വികാരമാണ് വിശാലാര്‍ത്ഥത്തിൽ വലിയൊരു ജനതയെ ഏകോപിപ്പിക്കുക എന്ന ചിന്ത നിമിത്തവുമാണ്.

സിസ്റ്റർ നിവേദിത

സ്വാമി വിവേകാനന്ദന്റെ ശിഷ്യയായ ഐറിഷ് സന്യാസിനി സിസ്റ്റർ നിവേദിത എന്ന മാർഗരറ്റ് എലിസബത് നോബിളുമായുള്ള സൗഹൃദവും സംവാദങ്ങളുമാണ് ഭാരതിയാരുടെ സാമൂഹ്യ ചിന്തകളെ വികസിപ്പിച്ചത്. സ്വാതന്ത്ര്യസമരം, ജാതിവിരുദ്ധ പോരാട്ടം, സ്ത്രീ സമത്വ സമരങ്ങൾ തുടങ്ങി എല്ലാ മേഖലകളിലും സജീവമായിരുന്ന സുബ്രഹ്മണ്യ ഭാരതി ജാതി നിയമങ്ങളെ പരസ്യമായി ലംഘിക്കുകയും അവക്കെതിരെ അതിശക്തമായ വരികളെഴുതുകയും ചെയ്തു. അബ്രാഹ്മണര്‍ പാകം ചെയ്ത ആഹാരം കഴിച്ച് അവരുടെ കൂടെ താമസിച്ചു കൊണ്ട് ബ്രാഹ്മണമേധാവിത്വത്തെ വിറളി പിടിപ്പിച്ചു. തന്റെ തന്നെ ഫ്യൂഡൽ പാരമ്പര്യത്തെ തള്ളിപ്പറയുകയും വീട്ടിൽ നിന്നുള്ള അന്നം ഉപേക്ഷിക്കുകയും ചെയ്തു.

ഭാരതിയാരും പത്നിയും

പെരിയാറിന്റെ വഴികള്‍
ജാതിവിരുദ്ധസാമൂഹികപ്രസ്ഥാനങ്ങൾ തമിഴ് നാട്ടില്‍ ദ്രാവിഡ രാഷ്ട്രീയത്തിലേക്ക് മൂർത്തമായി. അതേസമയം ജാതിവിരുദ്ധം എന്നതിനെക്കാളേറെ ബ്രാഹ്മണവിരുദ്ധം എന്ന മുഖമാണ് ദ്രാവിഡ രാഷ്ട്രീയം തുടക്കം മുതൽക്കേ പ്രകടിപ്പിച്ചിരുന്നത്. പെരിയാർ എന്നും തന്തൈ പെരിയാർ എന്നും തമിഴ് ജനത ആദരവോടെ വിളിച്ച ഇ.വി രാമസാമി ആയിരുന്നു ദ്രാവിഡ പോരാട്ടങ്ങൾക്ക് തുടക്കം കുറിച്ചത്.

ബ്രിട്ടീഷ് ഇന്ത്യയിൽ മദ്രാസ് പ്രസിഡൻസിയിലെ ഈറോഡിൽ സമ്പന്നമായ ഒരു നായ്ക്കർ കുടുംബത്തിൽ ജനിച്ച ഈറോഡ് വെങ്കട രാമസാമി നായ്ക്കരാണ് പിൽക്കാലത്ത് പെരിയാർ ഇ.വി രാമസാമി ആയി അറിയപ്പെട്ടത്. ആത്മീയാഭിമുഖ്യവും രാഷ്ട്രീയബോധവും ചെറുപ്പം മുതൽക്കേ ഒരുപോലെ പ്രകടിപ്പിച്ചിരുന്ന രാമസാമി 1919ൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിൽ അംഗമായി. നിസ്സഹകരണ പ്രസ്ഥാനത്തിലും സത്യഗ്രഹത്തിലും പങ്കു കൊണ്ട് വളരെ വേഗം തന്നെ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് വരെ ആയ അദ്ദേഹം, പക്ഷേ ജാതിവിരുദ്ധമായ ശ്രമങ്ങളിൽ കോൺഗ്രസ്സിന് ആത്മാർത്ഥതയില്ലെന്നും അത് ബ്രാഹ്മണസേവകരുടെ സംഘമാണെന്നും ആരോപിച്ച് 1925ൽത്തന്നെ പാർട്ടിയിൽ നിന്ന് രാജി വെച്ചു.

തമിഴന്റെ ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണ് തമിഴ് എന്ന വികാരം. അതോടൊപ്പം തന്നെ, കോൺഗ്രസ് ബ്രാഹ്മണ താത്പര്യങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്ന തോന്നലും ശക്തമായിത്തുടങ്ങി. ആദ്യം ഇതിനെതിരായി കോൺഗ്രസ്സിനകത്ത് തന്നെ മദ്രാസ് പ്രസിഡൻസി അസോസിയേഷൻ എന്നൊരു സംഘടന നിലവിൽ വന്നിരുന്നു. രാജ്യസ്‌നേഹം പരിപോഷിപ്പിക്കാൻ കോൺഗ്രസ്സിന്റെ പിന്തുണയിൽ നടക്കുന്ന വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ഇരിപ്പും നടപ്പും പഠിപ്പുമെല്ലാം ബ്രാഹ്‌മണ കുട്ടികൾക്ക് വേറെത്തന്നെയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത രാമസാമി നായ്ക്കർ, വര്‍ണാശ്രമ വ്യവസ്ഥയെ ശക്തമായി വിമർശിച്ചു. അതിനെ അനുകൂലിക്കുന്നു എന്ന പേരിൽ ഗാന്ധിയെയും നിശിതവിമർശനങ്ങൾക്കിരയാക്കി. ഇതേത്തുടർന്നാണ് അദ്ദേഹം കോൺഗ്രസ് വിട്ടത്.

1916 നവംബറില്‍ രൂപം കൊണ്ട ജസ്റ്റിസ് പാര്‍ട്ടിയായിരുന്നു രാമസാമി നായ്ക്കരുടെ പിന്നീടുള്ള പ്രതലം. ഔദ്യോഗിക തലങ്ങളില്‍ നിലനിന്നിരുന്ന ബ്രാഹ്‌മണ അബ്രാഹ്‌മണ അനുപാതം ഭീകരമാം വിധം അസന്തുലിതമായിരുന്നു. അന്നത്തെ ഒരു കണക്കനുസരിച്ച് മദ്രാസ് പ്രസിഡന്‍സിയിലെ എഴുപത്തേഴ് ശതമാനം ഡെപ്യൂട്ടി കലക്ടര്‍മാരും തൊണ്ണൂറ്റി മൂന്ന് ശതമാനം ജില്ലാ മുന്‍സിഫുമാരും ജനസംഖ്യയില്‍ 3.2 ശതമാനം മാത്രം വരുന്ന ബ്രാഹ്‌മണരില്‍പ്പെട്ടവരായിരുന്നു. കാനേഷുമാരിയില്‍ അബ്രാഹ്‌മണ ഹിന്ദുക്കളുടെ ശതമാനം 85.6 ആണ്. സര്‍ക്കാര്‍ തൊഴിലില്‍ അവരുടെ പ്രാതിനിധ്യമാകട്ടെ ഇരുപത് ശതമാനത്തില്‍ താഴെയും.

ഡോ. സി നടേശ മുതലിയാർ, ഡോ. ടി.എം നായർ, പി തേഗരായ ചെട്ടി

ഇത്തരം അസന്തുലിതത്വങ്ങൾക്കെതിരെ മദ്രാസ് പ്രെസിഡൻസിയിലെ ബ്രിട്ടീഷ് ബ്യൂറോക്രസിയിലെ അബ്രാഹ്മണ അംഗങ്ങളായ സി നടേശ മുതലിയാർ, ടി.എം നായർ, പി തേഗരായ ചെട്ടി, ആർക്കോട്ട് രാമസ്വാമി മുതലിയാർ എന്നിവരുടെ നേതൃത്വത്തിൽ ജന്മമെടുത്ത സൌത് ഇന്ത്യൻ ലിബറൽ ഫെഡറേഷന്‍ എന്ന ജസ്റ്റിസ് പാർട്ടിയാണ് തമിഴ് നാട്ടിലെ ആദ്യ ആന്റി ബ്രാഹ്മണിസ്റ്റ് രാഷ്ട്രീയ പ്രസ്ഥാനം. ബി മുനുസ്വാമി നായിഡുവിനും മറ്റുമൊപ്പം ഇ.വി രാമസാമി നായ്ക്കരും ജസ്റ്റിസ് പാർട്ടിയിൽ നേതൃപരമായ പങ്ക് വഹിച്ചു. ഇതോടെയാണ് തമിഴകത്ത് ദ്രാവിഡ രാഷ്ട്രീയം വേര് പിടിച്ചു തുടങ്ങിയത്.

അതിന് മുമ്പ് അബ്രാഹ്മണ സമുദായങ്ങളുടെ വിദ്യാഭ്യാസപരവും സാമൂഹികവുമായ ശാക്തീകരണം ലക്ഷ്യം വെച്ച് രൂപം കൊണ്ടിരുന്ന മദ്രാസ് നോണ്‍-ബ്രാഹ്മിൻ അസോസിയേഷൻ, മദ്രാസ് യുനൈറ്റഡ് ലീഗ്, യുനൈറ്റഡ് ലീഗിന്റെ തന്നെ വിപുലരൂപമായ മദ്രാസ് ദ്രവീഡിയൻ അസോസിയേഷൻ തുടങ്ങിയ സംഘടനകളൊന്നും തന്നെ രാഷ്ട്രീയ ശക്തിയായി മാറിയിരുന്നില്ല.

പിന്നീട് കാഞ്ചീവരം നടരാജ ദുരൈ എന്ന സി.എൻ അണ്ണാദുരൈയുമായി ചേര്‍ന്നതോടെ ദ്രാവിഡ രാഷ്ട്രീയത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് വേണ്ടി രാമസാമി 1944ൽ ദ്രാവിഡർ കഴകം (Dravidian Federation) രൂപീകരിക്കുകയും അതേ വർഷം ആഗസ്തിൽ ജസ്റ്റിസ് പാർട്ടി പിരിച്ചുവിടുകയും ചെയ്തു. എന്നാൽ അധികം താമസിയാതെ പെരിയാറുമായി അഭിപ്രായഭിന്നതയിലായ അണ്ണാദുരൈ 1949ൽ ദ്രാവിഡ മുന്നേറ്റ്ര കഴകം എന്ന പേരില്‍ മറ്റൊരു പാർട്ടിയുണ്ടാക്കി.

പെരിയാറും അണ്ണാദുരൈയും

സ്വാഭിമാന പ്രസ്ഥാനം (Self-Respect Movement) ആണ് പെരിയാറിന്റെ ആദ്യത്തെ സാമൂഹിക സംരംഭം. അവർണർക്ക് ക്ഷേത്രവഴി നിഷേധിച്ചതിനെതിരെ നടന്ന വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്ത അദ്ദേഹം, പിന്നീട് തങ്ങൾക്ക് പ്രവേശനമില്ലാത്ത ക്ഷേത്രത്തെ അവർണർ ഉപേക്ഷിക്കുകയാണ് വേണ്ടത് എന്ന നിലപാട് സ്വീകരിച്ചു. മതവിശ്വാസങ്ങളെ പൂര്‍ണമായും തള്ളിക്കളഞ്ഞ അദ്ദേഹം നാസ്തിക യുക്തിവാദത്തെ ആദര്‍ശമായി അംഗീകരിച്ചു.

പുരാണങ്ങളെയും വേദങ്ങളെയും മറ്റ് വൈദികസാഹിത്യങ്ങളെയും നിശിതനിരൂപണം ചെയ്ത പെരിയാർ ജാതിവ്യവസ്ഥയുടെ സംരക്ഷണത്തിന് വേണ്ടി രചിക്കപ്പെട്ടവയോ അതിന് ഉപയോഗപ്പെടുത്താൻ പറ്റിയവയോ ആണ് പുരാണങ്ങൾ എന്ന് പ്രഖ്യാപിച്ചു. രാമായണത്തിലെ ശംബൂകവധം പോലുള്ള ആഖ്യാനങ്ങളെ അദ്ദേഹം ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിച്ചിരുന്നു.

പുരാണങ്ങളെ ജ്യോതിറാവു ഫൂലെ വായിച്ചതു പോലെയാണ് രാമായണത്തെ പെരിയാറും സമീപിച്ചതെന്ന് തോന്നുന്നു. രാവണൻ ദ്രാവിഡനായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ. രാമൻ ആര്യനും.

ദ്രാവിഡർ കഴകത്തിന്റെ കൊടി

രാമസാമിയുടെ അഭിപ്രായത്തിൽ ഹിന്ദുമതം നശിക്കേണ്ടതും അതിനെ നശിപ്പിക്കേണ്ടതും അനിവാര്യമാണ്. പഴക്കം കൊണ്ട് ചങ്ങല തന്റേതാണെന്ന് കരുതുന്ന അടിമയെപ്പോലെയാണ് ഹിന്ദുമതം തന്റേതാണെന്ന് പറയുന്ന അവർണരെന്നായിരുന്നു രാമസാമിയുടെ വിലയിരുത്തൽ.

ബ്രാഹ്‌മണരല്ലെങ്കിലും ക്ഷത്രിയപദവിയുള്ള സവർണജാതി തന്നെയാണ് നായ്ക്കർ. വിജയനഗർ വേരുകളുള്ള ബാലിജ എന്ന ജാതിയാണ് ശരിക്കും അത്. പിന്നീട് കച്ചവടക്കാരായി ജീവിച്ച ബാലിജരിൽ ഒരു വിഭാഗം കർണാടകയിൽ നിന്നും തമിഴ് നാട്ടിലേക്ക് കുടിയേറി. കവരൈ എന്നറിയപ്പെട്ട ഇവർ നായിഡു, നായുഡു, നായ്ക്കർ എന്നീ പേരുകളിലെല്ലാം വിളിക്കപ്പെട്ടു.

ഈ സമുദായത്തിലാണ് രാമസാമിയുടെ ജനനം. എന്നാൽ
1929ൽ ചങ്ങലപ്പേട്ടിൽ നടന്ന, സ്വാഭിമാന പ്രസ്ഥാനത്തിന്റെ ആദ്യസമ്മേളനത്തിൽ തന്റെ പേരിലുള്ള ജാതിവാൽ മുറിച്ചു കളഞ്ഞതായി പ്രഖ്യാപിച്ച രാമസാമി നായ്ക്കർ പിന്നീട് ജാതിപ്പേരില്ലാതെ ഇ.വി രാമസാമി എന്ന് മാത്രമാണ് അറിയപ്പെട്ടത്. തമിഴ് സമൂഹത്തിലെ വണ്ണാൻ, ക്ഷുരകൻ തുടങ്ങിയ കീഴ്ജാതികളെ അദ്ദേഹം സ്വാഭിമാനികളാക്കി മാറ്റി. അധികം താമസിയാതെ അദ്ദേഹം തമിഴരുടെ പെരിയാർ ആയി മാറി.

സ്‌കൂളുകളിൽ ഹിന്ദി നിർബന്ധവിഷയമാക്കാനുള്ള തീരുമാനത്തിനെതിരെ നടന്ന കലാപമാണ് പെരിയാറിന്റെ നേതൃത്വത്തിൽ നടന്ന മറ്റൊരു സംഭവം. ദ്രാവിഡ സംസ്‌കാരത്തിന് തന്നെ തകർച്ചയുണ്ടാക്കാനാണ് ആര്യന്മാരുടെ ഹിന്ദി അടിച്ചേൽപിക്കുന്നതെന്നായിരുന്നു തമിഴ് ദേശീയവാദികളുടെ വാദം. തമിഴ് നട് തമിഴർക്ക് എന്ന മണ്ണിന്റെ മക്കൾ വാദം ഉയർന്നു വന്നു എന്നത് ഇതിന്റെ ഒരനന്തരഫലമായിരുന്നു.

തീവ്രദ്രാവിഡവാദം വേറെയും മാനങ്ങൾ പ്രാപിച്ചു. സ്വാതന്ത്ര്യപ്രാപ്തി ദക്ഷിണേന്ത്യയിൽ പൊതുവെയും തമിഴരുടെ മേൽ പ്രത്യേകിച്ചും ഉത്തരേന്ത്യയിലെ ആര്യന്മാർക്കും ബ്രാഹ്മണര്‍ക്കും അധികാരം നൽകും എന്ന് വാദിച്ച പെരിയാർ 1947 ആഗസ്ത് 15നെ -ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തെ- വിലാപദിനം (day of mourning) ആയി വിശേഷിപ്പിച്ചു. ബ്രിട്ടീഷുകാരിൽ നിന്നും ബ്രാഹ്മണരിലേക്കും ബനിയകളിലേക്കും അധികാരം കൈമാറുന്നതോടെ സാമ്പത്തിക ചൂഷണത്തിന് പുറമെ അവരുടെ സാംസ്കാരികവും സാമൂഹികവുമായ മേലാളത്തത്തിനും ദ്രാവിഡ ജനത ഇരയായിത്തീരുമെന്നും അത് ബ്രിട്ടീഷ് ഭരണത്തെക്കാൾ ഭീകരമായിരിക്കുമെന്നുമായിരുന്നു രാമസാമിയുടെ നിലപാട്.

തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനെപ്പോലും ഇ.വി രാമസാമി എതിർത്തതിനെത്തുടർന്ന് സി.എൻ അണ്ണാദുരൈ അദ്ദേഹവുമായി വേർപിരിഞ്ഞു. ഇതാണ് ദ്രാവിഡർ കഴകത്തിന്റെ പിളർപ്പിനും ദ്രാവിഡ മുന്നേറ്റ്ര കഴകത്തിന്റെ (ഡി.എം.കെ) രൂപീകരണത്തിനും നിമിത്തമായിത്തീർന്നത്.

ബി മുനുസ്വാമി നായിഡു

ഇതിന് മുന്നേ ജസ്റ്റിസ് പാർട്ടിയിൽത്തന്നെ കടുത്ത ബ്രാഹ്മണവിരുദ്ധവാദത്തിന്റെ ഫലമായി ഫാക്ഷനിസം രൂപപ്പെട്ടിരുന്നു. ബൊള്ളിനി മുനുസ്വാമി നായിഡു 1930ല്‍ മദ്രാസ് പ്രെസിഡൻസിയുടെ ചീഫ് മിനിസ്റ്ററായി തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹമാകട്ടെ, ജസ്റ്റിസ് പാർട്ടിയിൽ ബ്രാഹ്മണർക്ക് കൂടി പ്രവേശനം നൽകണമെന്ന് വാദിച്ചു. ഭരണനേതൃത്വം കൈയാളുന്നവർ എന്ന നിലക്ക് തങ്ങൾ എല്ലാ ജനവിഭാഗങ്ങളുടെയും പ്രാതിനിധ്യം കൈയാളേണ്ടതാണ് എന്നും അതിനാൽ തങ്ങളുടെ പാർട്ടി ഒരു എക്‌സ്‌ക്ലൂസീവ് ഓർഗനൈസേഷനായി അറിയപ്പെടുന്നത് ന്യായമല്ലെന്നുമായിരുന്നു മുനുസ്വാമി നായിഡുവിന്റെ നിലപാട്. രാഷ്ട്രീയ നിലപാടുകളുള്ള ഒരു പാർട്ടി എന്ന നിലക്ക് അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ അനുകൂലിക്കുന്ന ബ്രാഹ്മണരെ ഉൾക്കൊള്ളുന്നതിൽ എന്താണ് തെറ്റുള്ളത് എന്ന് അദ്ദേഹം ചോദിച്ചു.

എന്നാൽ ഈ പ്രമേയത്തെ പാർട്ടിയിലെ വലിയൊരു വിഭാഗം എതിർത്തു. പെരിയാറാകട്ടെ, മുനുസ്വാമി നായിഡുവിനെ രൂക്ഷമായി വിമർശിച്ചു. മറ്റ് പാർട്ടികളിൽ നിന്നും അബ്രാഹ്മണ ജാതിക്കാർ പാർട്ടിയിലേക്ക് കടന്നു വന്നുകൊണ്ടിരിക്കുന്ന സമയത്ത് ഒരു ബ്രാഹ്മണൻ പാർട്ടിയുടെ പദവിയിലിക്കുന്ന പക്ഷം അയാൾ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന രീതികളും അയാൾക്ക് ഉണ്ടായേക്കാവുന്ന മനോഭാവങ്ങളും ഒരിക്കലും ഗുണമല്ല ചെയ്യുക എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

ഈ തർക്കം പാർട്ടിയിൽ വലിയ കുഴപ്പങ്ങൾ സൃഷ്ടിച്ചു. ഒടുക്കം 1932ൽ നായിഡുവിന് മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നു.

ദ്രാവിഡർ കഴകത്തിൽ പിളർപ്പുണ്ടാക്കി ദ്രാവിഡ മുന്നേറ്റ്ര കഴകം രൂപീകരിച്ച അണ്ണാദുരൈയുടെയും പ്രതലം തീവ്രദ്രാവിഡ ദേശീയവാദം തന്നെയായിരുന്നു. സ്വതന്ത്ര ദ്രാവിഡ നാട് രൂപീകരിക്കണം വാദിച്ചിരുന്ന അദ്ദേഹം, പക്ഷേ തെരഞ്ഞെടുപ്പിലൂടെ ദ്രാവിഡർ അധികാരം പിടിച്ചെടുക്കണം എന്നും ചിന്തിച്ചു. എന്നാൽ പിൽക്കാലത്ത് അണ്ണാദുരൈ വിഘടനവാദത്തെ പൂര്‍ണമായും ഉപേക്ഷിച്ചു.

ബ്രാഹ്‌മണം
ബ്രാഹ്‌മണ്യവിരുദ്ധതയുടെ ഒരു റാഡിക്കൽ അഡ്വക്കേറ്റായിരുന്നു പെരിയാർ. ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ ആശയങ്ങൾക്കുള്ള തീവ്രത അദ്ദേഹത്തെ ബ്രാഹ്മണ്യവിരുദ്ധൻ (anti-Brahmanist) എന്നതിനപ്പുറം ബ്രാഹ്മവിരുദ്ധൻ (anti-Brahmin) ആയി വിലയിരുത്താൻ വരെ നിമിത്തമായിട്ടുണ്ട്.

അതേസമയം ഇത് രണ്ടും തമ്മിലുള്ള വേർതിരിവിനെപ്പറ്റി അദ്ദേഹത്തിന് ധാരണയുണ്ടായിരുന്നുവെന്ന് വേണം കരുതാൻ. ‘ബ്രാഹ്മണ’നെയല്ല, ‘ബ്രാഹ്മണ്യ’ത്തെയാണ് താൻ എതിർക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ജാതിയെ നിരാകരിച്ച പെരിയാർ തീർച്ചയായും ജാതി നോക്കിയല്ല, നിലപാട് നോക്കിത്തന്നെയാണ് മറ്റുള്ളവരെയും വിലയിരുത്തിയത്. ജാതിയെ അടിസ്ഥാനമാക്കിയുള്ള വ്യവസ്ഥയെ ചെറുതായിട്ടെങ്കിലും പിന്തുണക്കുന്ന അബ്രാഹ്മണനെയും അദ്ദേഹം ബ്രാഹ്മണ്യത്തിന്റെ വക്താവായി കണക്കാക്കി. ഈ ബ്രാഹ്മണ്യത്തെ തള്ളിക്കളയാൻ അബ്രാഹ്മണരോടെന്ന പോലെ ബ്രാഹ്മണരോടും ആഹ്വാനം ചെയ്യുകയും ചെയ്തു.

ഡി.എം.കെയുടെ കൊടിയും ചിഹ്നവും

ജസ്റ്റിസ് പാർട്ടി അധികാരത്തിൽ വരുന്ന സമയത്ത് സര്‍ക്കാറിലെ എഴുപത് ശതമാനം പദവികളും വഹിച്ചിരുന്നത് ബ്രാഹ്മണരായിരുന്നു. ജനസംഖ്യയിൽ മൂന്ന് ശതമാനം മാത്രം വരുന്ന ബ്രാഹ്മണരുടെ ഈ ആധിപത്യം സൃഷ്ടിക്കുന്ന അസന്തുലിതാവസ്ഥയെ തകർക്കാൻ മദ്രാസ് പ്രെസിഡൻസിയിൽ പാർട്ടി സംവരണം കൊണ്ടുവന്നു.
ദ്രാവിഡ പ്രസ്ഥാനം ബ്രാഹ്മണർക്കോ ബനിയകൾക്കോ എതിരല്ലെന്ന് ഒരിക്കൽ അദ്ദേഹം വ്യക്തമാക്കി. എന്നാൽ ബ്രാഹ്മണിസത്തോടോ ബനിയായിസത്തോടോ യാതൊരു സഹിഷ്ണുതയും കാണിക്കാൻ തങ്ങൾക്ക് പറ്റില്ലെന്നും കൂട്ടിച്ചേർത്തു. എന്നല്ല, അതിനോട് രാജിയാവുന്നവർ പോലും ദ്രാവിഡനാടിനെ തരം താഴ്ത്തുന്നവരാണ്. അത്തരക്കാർക്ക് യാതൊരാനുകൂല്യവും കിട്ടുന്നത് തങ്ങൾ സഹിക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. (ഗെയില്‍ ഒംവെദിന്റെ Dalit Visions: The Anti-caste Movement and the Construction of an Indian Identity എന്ന പുസ്തകം കാണുക).

ഇങ്ങനെ വ്യക്തമാക്കുമ്പോഴും പ്രയോഗത്തിൽ ബ്രാഹ്മണ്യത്തോടെന്ന പോലെ ബ്രാഹ്മണനോടും കടുത്ത അസഹിഷ്ണുതയാണ് പെരിയാർ പ്രകടിപ്പിച്ചിരുന്നതെന്ന് കരുതാൻ ന്യായങ്ങളുണ്ട്. സുബ്രഹ്മണ്യ ഭാരതിയെ വിമർശിക്കുന്നതും ഭാരതിയാരുടെ സമരങ്ങളെ നിഷേധിക്കുന്നതുമൊക്കെ ഈ വികാരത്തിന്റെ പേരിലാവാനേ ഇടയുള്ളൂ.

മതവും ദൈവവും
മതത്തെയും വിശ്വാസത്തെയും സംബന്ധിച്ച് പെരിയാറും മറ്റും പുലർത്തിയ നിലപാടുകൾ കൂടി പരിശോധിക്കേണ്ടതാണ്. തികഞ്ഞ നാസ്തികനായാണ് പെരിയാർ പലപ്പോഴും അറിയപ്പെടുന്നത്. അവർണർ ഇസ്ലാം സ്വീകരിക്കുകയാണ് വേണ്ടത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടതായി കാണാം. സമൂഹത്തെ സ്വാധീനിച്ചിട്ടുള്ള മതപരമായ തിന്മകൾക്കെതിരെ ശക്തമായ നിലപാട് കൈക്കൊണ്ടിട്ടുള്ള ആളായിരുന്നു ഇ.വി രാമസാമി. പ്രത്യേകിച്ചും ബ്രാഹ്മണാധിപത്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ.

പലപ്പോഴും പലരും, പ്രത്യേകിച്ച് പുരോഹിതന്മാരും വരേണ്യവിഭാഗങ്ങളും, മറ്റ് ആളുകളെ കബളിപ്പിക്കാൻ വേണ്ടി ഒരു ഉപകരണമായോ മുഖം മൂടിയായോ മതത്തെയും മതവിശ്വാസത്തെയും ഉപയോഗപ്പെടുത്തുകയാണ്. ഈ തിരിച്ചറിവിൽ അന്ധവിശ്വാസങ്ങൾക്കും പുരോഹിതമേൽക്കോയ്മക്കുമെതിരെ ജനങ്ങളെ ഉദ്‌ബോധിപ്പിക്കുക എന്നത് തന്റെ ദൗത്യമായിത്തന്നെ അദ്ദേഹം കണക്കാക്കിയിരുന്നുവെന്ന് വേണം കരുതാൻ.

നിരീശ്വരവാദി എന്ന് അറിയപ്പെടുന്നെങ്കിലും അദ്ദേഹമൊരിക്കലും നാസ്തികതയുടെ പ്രചാരകനോ സൈദ്ധാന്തികനോ ആയിരുന്നില്ല. നാസ്തികനായി അറിയപ്പെടുന്നത് തന്നെയും അദ്ദേഹത്തിന് അത്ര സ്വീകാര്യവുമായിരുന്നില്ല. ഒരു നാസ്തികന്റെ സംസാരം വിചാരശൂന്യവും ദുഷിച്ചതുമായി കണക്കാക്കേണ്ടതാണെന്ന് പെരിയാർ പറഞ്ഞു.

മറുഭാഗത്ത് ദൈവം എന്ന് താൻ എന്തിനെയെങ്കിലും വിളിക്കുമെങ്കില്‍ ആ ദൈവം എന്തായിരിക്കണം എന്നും അങ്ങനെയൊരു ദൈവത്തെ എങ്ങനെ ഉപാസിക്കണമെന്നും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. Anita Diehl തന്റെ E.V Ramaswami Naicker-Periyar: A Study of the Influence of a Personality in Contemporary South India എന്ന പുസ്തകത്തിൽ അത് വിശദീകരിക്കുന്നുണ്ട്.

മനുഷ്യരിൽ സ്വാതന്ത്ര്യം, സമത്വം എന്നിവ ഉണ്ടാക്കാൻ കഴിയുന്നവനായിരിക്കണം ദൈവം. സ്വതന്ത്രചിന്തയെയും ഗവേഷണങ്ങളെയുമൊന്നും തടയുന്ന ശക്തിയാവരുത്. പണമോ നിവേദനമോ സ്തിതികീര്‍ത്തനങ്ങളോ ക്ഷേത്രങ്ങളോ ആവശ്യപ്പെടാത്ത ഒന്നുമാവണം. ജനങ്ങൾക്ക് സഹായമായി മാറുക, കാപട്യവും വിശ്വാസവഞ്ചനയും ഒഴിവാക്കുക, സത്യം പറയുകയും ചതിക്കാതിരിക്കുകയും ചെയ്യുക തുടങ്ങിയവയായിരിക്കും ഏറ്റവുമുചിതമായ ദൈവസേവനം.

പ്രത്യേകിച്ച് ഉദ്ഭവമോ തത്വശാസ്ത്രമോ അടിസ്ഥാനഗ്രന്ഥമോ ഒന്നും ഇല്ലാത്ത, ബ്രാഹ്‌മണരുടെ ശ്രേഷ്ഠതയും ശൂദ്രന്മാരുടെ അധമത്വവും പഞ്ചമരുടെയും അവർണരുടെയും അസ്പൃശ്യതയും സ്ഥാപിക്കാൻ ശ്രമിക്കുന്ന ഒന്നായിട്ടാണ് ഹിന്ദുമതത്തെ അദ്ദേഹം വിലയിരുത്തിയത്. അതിനെതിരെ നിശിതവിമർശനങ്ങളുയർത്തി പെരിയാർ. ദ്രാവിഡ സമൂഹങ്ങളെ തകർത്ത് തങ്ങളുടെ ആധിപത്യം അടിച്ചേൽപിക്കാൻ ആര്യ ബ്രാഹ്മണർ ഉണ്ടാക്കിയ തന്ത്രങ്ങളുടെ ഭാഗമായാണ് ഹിന്ദു ദൈവങ്ങളെപ്പോലും അദ്ദേഹം കാണുന്നത്. ഒരു ഘട്ടത്തിൽ ശ്രീരാമന്റെ ചിത്രം പരസ്യമായി കത്തിച്ചതിന്റെ പേരിൽ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുക പോലുമുണ്ടായിട്ടുണ്ട്.

ഇത്തരം വാദങ്ങളുയർത്തി അധഃസ്ഥിതരോട് മതം മാറാൻ ആഹ്വാനം ചെയ്തിട്ടുമുണ്ട് പെരിയാർ. ഇസ്ലാമിലേക്കോ ക്രിസ്തുമതത്തിലേക്കോ ബുദ്ധമതത്തിലേക്കോ പോകണം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഈ മൂന്ന് മതങ്ങളാണ് അധഃസ്ഥിതരുടെ വിമോചനവുമായി ബന്ധപ്പെട്ട തന്റെ രാഷ്ട്രീയത്തോട് ചേർന്നു നില്‍ക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. ഇസ്ലാം മുന്നോട്ടു വെക്കുന്ന അമൂർത്തദൈവം എന്ന ആശയവും അതിൽ നിലനില്‍ക്കുന്ന സാമൂഹിക സമത്വവും അദ്ദേഹത്തെ ഏറെ ആകര്‍ഷിച്ചിരുന്നു.

താൻ മുന്നോട്ട് വെക്കുന്ന ദ്രാവിഡ സംസ്‌കാരവും ദ്രാവിഡ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തിയാണ് അദ്ദേഹം ഇസ്ലാമിനെ വായിക്കുന്നത്. പെരിയാറിന്റെ വീക്ഷണത്തിൽ ദ്രാവിഡരുടെ പുരാതന തത്വചിന്തകൾ പിന്തുടരുന്നവരാണ് മുസ്ലിംകൾ. ദ്രാവിഡ മതത്തിന്റെ തന്നെ അറബി പേരാണ് ഇസ്ലാം. ഈ രാജ്യത്ത് ബ്രാഹ്മണിസം അടിച്ചേൽപിക്കപ്പെട്ടപ്പോൾ അതിനെ എതിര്‍ത്തത് അറേബ്യയിൽ ജനിക്കുകയും പ്രവർത്തിക്കുകയും ചെയ്ത മുഹമ്മദ് നബിയാണ്. ദ്രാവിഡ മതത്തെയും അതിന്റെ നയങ്ങളെയും സംസ്‌കാരത്തെയും ഇസ്ലാം ആയി ജനങ്ങളുടെ മനസ്സിൽ നബി പകര്‍ന്നു.

ഇസ്ലാമിന്റെ ഏകദൈവത്വത്തോട് ചേര്‍ന്ന് നിൽക്കുന്ന ഒന്നായിത്തന്നെ അദ്ദേഹം ക്രൈസ്തവ ദൈവശാസ്ത്രത്തെയും മനസ്സിലാക്കി. ക്രിസ്തുമത പരിഷ്‌കര്‍ത്താവും പ്രൊട്ടസ്റ്റന്റ് ക്രൈസ്തവ ധാരയുടെ സ്ഥാപകനുമായ മാര്‍ട്ടിൻ ലൂഥറിന്റെ ചിന്തകളോടായിരുന്നു പെരിയാർ ആഭിമുഖ്യം പുലർത്തിയിരുന്നത്. അതുപോലെ തന്റെ രാഷ്ട്രീയത്തിന്റെ സാക്ഷാത്കാരം അദ്ദേഹം ബുദ്ധമതത്തിന്റെ ചരിത്രത്തിലും കണ്ടെത്തി. സ്വാഭിമാനത്തിന്റെ വീണ്ടെടുപ്പിലും ബ്രാഹ്‌മണഹിന്ദുമതം അടിച്ചേല്‍പിച്ച ജാതിവിവേചനത്തിൽ നിന്നുള്ള മുക്തിയിലും ബുദ്ധമതം അതിശക്തമായ ഒരു ബദലായിരിക്കുമെന്ന് അദ്ദേഹം ചിന്തിച്ചു.

അതേസമയം പെരിയാർ ഇ.വി രാമസാമി ഒരു മതവും സ്വീകരിച്ചില്ല. തന്റെ വിമോചനരാഷ്ട്രീയത്തിന്റെ പ്രതലത്തിൽ നിന്നുകൊണ്ട് മതത്തെ വിലയിരുത്തുമ്പോഴും മറ്റുള്ളവരാൽ നാസ്തികനായിത്തന്നെ വിശേഷിപ്പിക്കത്തക്ക തരത്തിലുള്ള സന്ദേഹവാദമാണ് ദൈവശാസ്ത്രപരമായി അദ്ദേഹം സ്വയം കൈക്കൊണ്ടത്.

ആദ്യം ഗുരുവിനെപ്പോലെ ഒരു അർധനാസ്തികവാദം സ്വീകരിച്ചിരുന്ന അണ്ണാദുരൈ പിന്നീട് മറ്റൊരു നിലപാടിലേക്ക് വന്നു. “ഒന്‌റേ കുലം, ഒരുവനേ തേവർ” (Only one race, Only One God) എന്നതായിരുന്നു അത്. പിന്നീടൊരിക്കൽ അദ്ദേഹം ഇങ്ങനെ പ്രഖ്യാപിച്ചു: ‘I am a Hindu sans the sacred ash (vibhooti or bhasma), a Christian minus the holy cross and a Muslim without the prayer cap.’ (വിഭൂതിയോ ഭസ്മമോ ഇല്ലാത്ത ഹിന്ദുവാണ് ഞാൻ, വിശുദ്ധ കുരിശ് ഏന്താത്ത ക്രിസ്ത്യാനിയും ഒപ്പം നിസ്‌കാരത്തൊപ്പി ധരിക്കാത്ത മുസ്ലിമും).

അധികാരവും ദ്രാവിഡരാഷ്ട്രീയവും
അണ്ണാദുരൈയുടെ ശിഷ്യന്മാരായി ദ്രാവിഡ രാഷ്ട്രീയത്തിന്റെ തുടര്‍നേതൃത്വത്തിലേക്ക് വന്നത് മുത്തുവേൽ കരുണാനിധിയും എം.ജി.ആർ എന്നറിയപ്പെട്ട എം.ജി രാമചന്ദ്രനുമായിരുന്നു. 1924 ജൂൺ മൂന്നിന് തിരുവാവൂരിനടുത്തുള്ള തിരുക്കുവളൈയിൽ ജനിച്ച ദക്ഷിണാമൂർത്തിയാണ് പിന്നീട് കരുണാനിധി ആയത്.

കരുണാനിധി, എം.ജി.ആർ

തമിഴ് ഭാഷയുടെയും ദ്രാവിഡ സ്വത്വത്തിന്റെയും ബോധത്തിൽ പ്രചോദിതനായ അദ്ദേഹത്തിന് ദക്ഷിണാമൂർത്തി എന്ന സംസ്‌കൃത നാമം ഒരു ബാധ്യതയായി മാറി. വടക്ക് നിന്ന് തെക്കൻ ഇന്ത്യക്ക് മേൽ അടിച്ചേൽപിച്ച ബ്രാഹ്മണമേധാവിത്തത്തോടുള്ള വിധേയത്വമായാണ് ആ പേരിനെ അദ്ദേഹം കണ്ടത്. അങ്ങനെ സ്വയം സ്വീകരിച്ച പേരാണ് മുത്തുവേൽ കരുണാനിധി.

അധികാരത്തിലേറിയ ദ്രാവിഡ വിപ്ലവം, പക്ഷേ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ നിന്നും ഏറെ പിറകോട്ട് പോയതായാണ് അനുഭവം. ബ്രാഹ്മണിസത്തോടുള്ള എതിര്‍പ്പും (ഹിന്ദി, സംസ്‌കൃത ഭാഷകളോട് പോലുമുള്ള വിരോധമായും അത് മാറിയിട്ടുണ്ട്) തമിഴ് സ്വത്വത്തിലുള്ള അഭിമാനവും ഇന്നും പൊതുവെ തമിഴന്റെ മുഖമുദ്രയാണെങ്കിലും ദ്രാവിഡ സമൂഹങ്ങൾക്കിടയിൽത്തന്നെ കടുത്ത ജാതീയത ഇന്നും നിലനിൽക്കുന്നു. കൂട്ടത്തിൽ ഒട്ടേറെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും.

പരസ്പരം പോരടിക്കുന്ന ഒരുപാട് കക്ഷികളായി ദ്രാവിഡ രാഷ്ട്രീയം മാറി. ദ്രാവിഡ മുന്നേറ്റ്ര കഴകം തന്നെ കരുണാനിധിയുടെയും എം.ജി.ആറിന്റെയും നേതൃത്വത്തിൽ രണ്ട് പാര്‍ട്ടികളായി പിരിഞ്ഞു. എം.ജി.ആർ ആൾ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ്ര കഴകം (എ.ഐ.എ.ഡി.എം.കെ) രൂപീകരിച്ച് ഭരണത്തിലേറി. ജാതികളുടെയും സമുദായങ്ങളുടെയും പ്രാതിനിധ്യം പേറുന്ന ചെറു പാര്‍ട്ടികൾ വേറെയും. വോട്ടിനും അധികാരത്തിനും വേണ്ടി അവരെപ്പോഴും തങ്ങളുടെ അനുഗാതാക്കൾക്കിടയിൽ ജാതീയതയെ കത്തിച്ചു നിര്‍ത്തുകയും ചെയ്തു.

പാട്ടാളി (proletarita അഥവാ തൊഴിലാളിവർഗം) എന്ന പേരിൽ പ്രവർത്തിക്കുന്ന കക്ഷി വണ്ണിയർജാതിയുടെ താത്പര്യങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. നേരത്തേ പള്ളി എന്നറിയപ്പെട്ടിരുന്ന ഈ സമുദായം സ്വയം വിശേഷിപ്പിക്കുന്നത് വണ്ണിയ കുല ക്ഷത്രിയ എന്നാണ്. തൂത്തുക്കുടിയിലെ ഒരു ഗ്രാമത്തിൽ തങ്ങൾ വളർത്തുന്ന പെൺപട്ടികളുമായി കീഴ്ജാതിക്കാരുടെ നായ്ക്കൾ ഇണ ചേർന്നേക്കുമെന്ന ഭയത്താൽ അവർ പട്ടികളെ വളര്‍ത്തുന്നതിന് മേൽജാതിക്കാർ വിലക്കേർപ്പെടുത്തിയ സംഭവം വരെ നടന്നത് ബ്രാഹ്മണാധിപത്യ കാലത്തൊന്നുമല്ല.

ഈയടുത്ത് ചലച്ചിത്രകാരൻ പാ രഞ്ജിത്ത് തമിഴ് നാട്ടിലെ ജാതീയതക്കെതിരെ അതിശക്തമായി തുറന്നടിച്ചിരുന്നു.
ചുരുക്കിപ്പറഞ്ഞാൽ ദ്രാവിഡരാഷ്ട്രീയത്തിന്റെ ഈ മണ്ണിൽ ജാതീയമായ അസമത്വങ്ങളും വിവേചനങ്ങളും ഇന്നും കൊടികുത്തി വാഴുന്നു. ബ്രാഹ്മണാധിപത്യത്തിനെതിരെ കലാപമുയർത്തിയ ദ്രാവിഡ സ്വത്വവാദം തങ്ങൾക്കിടയിൽത്തന്നെ നിലനിൽക്കുന്ന ജാതീയതയെ പ്രതിരോധിക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ടുവെന്ന് പറയാം. സാങ്കേതികമായി ബ്രാഹ്മണ്യത്തെ തങ്ങളിൽ നിന്ന് അകറ്റി നിർത്തിയെങ്കിലും അവര്‍ക്കിടയിൽ ഇപ്പോഴും ക്ഷത്രിയരുണ്ട്, ദലിതരുമുണ്ട്. അവര്‍ തമ്മിൽ കടുത്ത അന്തരവുമുണ്ട്.

________________________ (തുടരും)

5 thoughts on “ദ്രാവിഡം

  1. ഇവിടേ നിന്നും തദ്ദേശവാസികളായ ഒരു വിഭാഗത്തെ പിൽകാലത്ത് വന്നവരാൽ കടത്തി വിട്ടതായും എവിടെയോ വായിച്ചതോർക്കുന്നു.

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s