വെടിയേറ്റ മരപ്പാവകൾ (തിംബുക്തു -ഒന്ന്)

മുഹമ്മദ് ശമീം

One of the true humanists of recent cinema എന്ന് വിശേഷിപ്പിക്കപ്പെടാറുണ്ട് അബ്ദറഹ്മാൻ സിസ്സാക്കോ. അധികാരവ്യവസ്ഥയുമായി ബന്ധപ്പെട്ട തന്റെ ധാർമികരോഷങ്ങളെയും അതിന് നിമിത്തമായിത്തീരുന്ന സാമൂഹ്യ ദുരന്തങ്ങളെയും തികഞ്ഞ കൃത്യതയോടെ mise en scène (മീസ് ഓൺ സെൻ) തന്ത്രങ്ങളും സിനിമയുടെ സകല സാധ്യതകളും ഉപയോഗിച്ച് വ്യക്തതയോടെ ആവിഷ്‌കരിക്കുന്നതിൽ പൂർണമായും വിജയിക്കുന്നു എന്നതാണ് സിസ്സാക്കോയുടെ സവിശേഷതയും.

അധിനിവേശത്തിന്റെ കഥ
ഈ വിശേഷണത്തെ ഒന്നുകൂടി സ്ഥിരീകരിക്കുന്നുണ്ട് തിംബുക്തു എന്ന, 2014ലെ സിനിമയും. തിംബുക്തുവിന്റെ കാര്യത്തിൽ, സാക്ഷാത്കാരമികവിന് പുറമെ സിസ്സാക്കോയും Kessen Tallഉം ചേർന്ന് തയ്യാറാക്കിയ തിരക്കഥയും Sofian El Faniയുടെ ദൃശ്യപരിചരണവും Amine Bouhafa ഒരുക്കുന്ന സംഗീതപശ്ചാത്തലവും വളരെ ഷാർപ് ആയ ദൃശ്യാനുഭവം അനുവാചകന് പ്രദാനം ചെയ്യുന്നുണ്ട്.

Kessen+Tall+Timbuktu+Photo+Call+Cannes+V5TBjPwi3mCl
അബ്ദറഹ്മാൻ സിസ്സാക്കോ, തിംബുക്തുവിന്റെ സഹതിരക്കഥാകൃത്ത് കെസ്സെൻ താളിനൊപ്പം

ലോകബാങ്കിനെയും ആഗോളവൽക്കരണത്തെയും പ്രതിക്കൂട്ടിൽ കയറ്റുകയും യാതൊരു മറയുമില്ലാതെ നിശിതമായി വിചാരണ ചെയ്യുകയും ചെയ്യുന്ന ബമാക്കോ എന്ന സിനിമയ്ക്ക് ശേഷം തിംബുക്തുവിന്റെ പ്രമേയ പശ്ചാത്തലം 2012ല്‍ വടക്കൻ മാലിയിലുണ്ടായ അൽഖാഇദ അനുകൂല സായുധ ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളുടെ അധിനിവേശമാണ്.

ഒരുപക്ഷേ അഗ്വെൽഹോക്കിൽ (Aguelhok) നടന്ന ഒരു സംഭവം ഈ സിനിമക്ക് വലിയ പ്രചോദനമായിത്തീർന്നിട്ടുണ്ടാവാം. വടക്കൻ മാലിയിലെ കിദാൽ പ്രവിശ്യയിൽപ്പെട്ട ഒരു ഗ്രാമമാണ് അഗ്വെൽഹോക് (അജെൽഹോക്). ഇത് യഥാർത്ഥത്തിൽ ഒരു കമ്യൂൺ ആണ്.

ഈ സമൂഹത്തിൽപ്പെട്ട ദമ്പതികളെ വ്യഭിചാരം ആരോപിച്ച് പിടി കൂടിയ അൻസാറുദ്ദീൻ, അൽഖാഇദ മിലീഷ്യ കല്ലെറിഞ്ഞു കൊന്നു. ഒരുമിച്ച് ജീവിക്കുന്ന, മക്കളുമുള്ള ഇവർ നിയമപരമായി വിവാഹിതരല്ലെന്നായിരുന്നു കാരണം പറഞ്ഞിരുന്നത്. ഈ സംഭവം സിനിമയിൽ വരുന്നുമുണ്ട്.

2006ലാണ് ബമാക്കോ റിലീസ് ചെയ്യപ്പെടുന്നത്. ആഫ്രിക്കൻ ജീവിതത്തിന് മേൽ ആധിപത്യം ചെലുത്താനുള്ള, പടിഞ്ഞാറൻ കൊളോണിയൽ ദുരയുടെ ചിത്രീകരണമാണത്. ബാർ ഗായികയായ മെലെയുടെയും അവളുടെ ഭർത്താവ് ഷകയുടെയും തകർന്നു കൊണ്ടിരിക്കുന്ന അവരുടെ ദാമ്പത്യത്തിന്റെയും കഥ പറഞ്ഞുകൊണ്ടിരിക്കെത്തന്നെ അവരുടെ വീട്ടുമുറ്റത്തുള്ള സാങ്കൽപിക കോടതിയിൽ അന്തർദ്ദേശീയ ധനകാര്യ സ്ഥാപനങ്ങളെയും അവർ ആവിഷ്‌കരിച്ച സ്ട്രക്ചറൽ അഡ്ജസ്റ്റ്‌മെന്റുകളെയും വിചാരണ ചെയ്യുകയും ചെയ്യുന്നു. ആഗോളവല്‍ക്കരണം ജീവിതത്തെ എത്രമേൽ അട്ടിമറിക്കുന്നു എന്നത് ഒരു ഫാന്റസൈസ്ഡ് വിചാരണയിലൂടെ വെളിപ്പെടുത്തുന്ന, വസ്തുനിഷ്ഠമായ വിവരണം കൂടിയാതിത്തീരുന്നു ബമാക്കോ.

ഒന്നു രണ്ട് സംയുക്ത സംരംഭങ്ങളും ഒരു ഷോട്ഫിലിമും ഒഴിച്ചാൽ ബമാക്കോയ്ക്ക് ശേഷം സിസ്സാക്കോ ഒരുക്കുന്ന സിനിമയാണ് 2014ലെ തിംബുക്തു. മാലിയുടെ തലസ്ഥാനമാണ് ബമാക്കോ. എന്നാൽ മാലിയിലെ ഏറ്റവും പ്രധാനപ്പെട്ടതും ചരിത്രപ്രധാനവുമായ നഗരമാണ് തിംബുക്തു. ബമാക്കോയിൽ സിനിമക്കുള്ളിൽ ഒരു സിനിമ പ്രത്യക്ഷപ്പെടുന്നുണ്ട്. ഡെത് ഇൻ തിംബുക്തു എന്നാണ് അതിന്റെ പേര്. അതിന്റെ പശ്ചാത്തലവും തിംബുക്തു എന്ന നഗരമാണ്.

View of Timbuktu, Heinrich Barth (1858)
തിംബുക്തു നഗരദൃശ്യം 1858, Heinrich Barthന്റെ ചിത്രീകരണം

സ്ഥലങ്ങളും അതിരുകളും അൽപം ചരിത്രവും
ഒരര്‍ത്ഥത്തിൽ അതിരുകളെ സൂചിപ്പിക്കുന്നതാണ് സ്ഥലങ്ങളും അവയുടെ പേരുകളും. എന്നാൽ സിസ്സാക്കോ സ്ഥലപ്പേരുകളുള്ള തന്റെ സിനിമകളിലൂടെ അതിരുകളെ അതിവർത്തിക്കുകയാണ് ചെയ്യുന്നത്. വൈവിധ്യങ്ങളെ ഉൾക്കൊള്ളാനുള്ള ആഫ്രിക്കയുടെ ശേഷിയെത്തന്നെയാണ് അവ അടയാളപ്പെടുത്തുന്നത് എന്നും കാണാം.

സിനിമയുടെ പശ്ചാത്തലം മനസ്സിലാക്കുന്നതിനായി അൽപം ചരിത്രം കൂടി പറയാം.

ഈ നൂറ്റാണ്ടിന്റെ ആദ്യത്തിലാണ് മാലിയിൽ ആഭ്യന്തര സംഘര്‍ഷം രൂപപ്പെട്ടത്. വടക്കൻ മാലിയുടെ സ്വയം ഭരണമോ പ്രത്യേക തുവാരെഗ് രാഷ്ട്രമോ വേണമെന്നാവശ്യപ്പെട്ടു കൊണ്ട് തുവാരെഗ് ദേശീയവാദികൾ അസവദ് എന്ന് വിളിക്കപ്പെട്ട കാംപെയിൻ ആരംഭിച്ചു. വടക്കൻ മാലിയിലെ അറബ് നൊമാഡുകളും അവരോട് ചേർന്നു.

സഹാറൻ ജനതയായ തുവാരെഗുകൾ യഥാര്‍ത്ഥത്തിൽ ഒരൊറ്റ ഗോത്രമല്ല. മറിച്ച് ഒട്ടേറെ ഗോത്രങ്ങളുടെ ഒരു കൂട്ടമാണ്. കേൽ തമാശെഖ്, കേൽ തഗെൽമസ്ത് എന്നൊക്കെയുള്ള പേരുകളിലും അറിയപ്പെടുന്ന തുവാരെഗ് ഗോത്രങ്ങൾ തമാശെഖ്, മഗ്‌രിബി അറബി, ഹസനിയ അറബി തുടങ്ങിയ ഭാഷകൾ സംസാരിക്കുന്നു. സഹാറയില്‍ ലിബിയ, തെക്കൻ അൾജീരിയ, നൈജർ, മാലി, ബുർകിന ഫാസോ തുടങ്ങിയ പ്രദേശങ്ങളിൽ വ്യാപിച്ചു നിൽക്കുന്ന ഇവർ ഇരുമ്പുയുഗത്തിൽ വടക്കൻ ആഫ്രിക്ക കേന്ദ്രമായി വളർന്നു വന്ന ഗാരമാന്റസ് ഗ്രാമീണ സംസ്‌കാരത്തിന്റെ പിന്തുടർച്ചക്കാരാണ്.

അസ്‌വാദ് പക്ഷക്കാരുടെ ചെറുസംഘങ്ങൾ ഒത്തുചേര്‍ന്ന് National Movement for the Liberation of Azawad (MNLA) എന്ന മൂവ്‌മെന്റ് രൂപപ്പെട്ടു. താമസിയാതെ കിദൽ, ഗാവോ, തിംബുക്തു എന്നീ നഗരങ്ങൾ അവർ അധീനപ്പെടുത്തി.

ഈ സമയത്ത് അൻസാറുദ്ദീൻ പോലുള്ള, അൽ ഖാഇദ ആഭിമുഖ്യമുള്ള ഇസ്ലാമിക് റാഡിക്കലിസ്റ്റ് ഗ്രൂപ്പുകൾ എം.എൻ.എൽ.എയോടൊപ്പം ചേർന്നു. എന്നാൽ വളരെപ്പെട്ടെന്ന് തന്നെ തുവാരെഗ് നാഷനലിസ്റ്റുകളും റാഡിക്കൽ ഇസ്ലാമിസ്റ്റുകളും തമ്മിൽ സംഘർഷങ്ങൾ രൂപപ്പെട്ടു. ഇവർ തമ്മിലുള്ള പോരാട്ടത്തിൽ തിംബുക്തു ഉൾപ്പെടെയുള്ള നഗരങ്ങളുടെ നിയന്ത്രണം എം.എൻ.എൽ.എക്ക് നഷ്ടമായി. തീവ്ര അക്ഷരമൗലികവാദികളായ ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകൾ ആധിപത്യം പിടിച്ചെടുത്തു.

അധികം താമസിയാതെ മാലി സര്‍ക്കാർ വിദേശസഹായത്തോടെ റാഡിക്കൽ ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളുടെ ആധിപത്യത്തെ തകർക്കുകയും തുവാരെഗ് വിഘടനവാദികളുമായി കരാർ ഒപ്പുവെക്കുകയും ചെയ്‌തെങ്കിലും തുവാരെഗ് നാഷനലിസ്റ്റുകളും തീവ്ര മതമൗലികവാദി ഗ്രൂപ്പുകളും തമ്മിലുള്ള പോരാട്ടം ഇപ്പോഴും തുടരുന്നുണ്ട്. ചെറിയ തോതിലാണെങ്കിലും വിഘടനവാദികളും സര്‍ക്കാർ സേനയും തമ്മിലുള്ള ഏറ്റുമുട്ടലുകളും നടക്കാറുണ്ട്.

ഈ പശ്ചാത്തലത്തിലേക്കാണ് സിസ്സാക്കോ തന്റെ കാമറ തുറന്നുവെച്ചത്.

tuareg women.
തുവാരെഗ് സ്ത്രീകൾ പരമ്പരാഗത വേഷത്തിൽ

ഗോത്രദേശീയതകൾ, വൈവിധ്യങ്ങളോടുള്ള സമീപനങ്ങളും
വടക്കന്‍ മാലിയിലെ ആഭ്യന്തര പ്രശ്‌നങ്ങളിൽ തുവാരെഗ് ദേശീയവാദികളുടെ പങ്ക് പ്രത്യക്ഷത്തിൽ സിസ്സാക്കോ തന്റെ ആഖ്യാന പ്രതലത്തിലേക്ക് കൊണ്ടുവരുന്നില്ല. പ്രധാന കഥാപാത്രങ്ങളായ കിദാന്റെയും സാതിമയുടെയും മക്കളുടെയും തുവാരെഗ് സ്വത്വം ചിത്രം മറച്ചുവെക്കുന്നില്ല. ഒപ്പം അവരുടെ മുസ്ലിം സ്വത്വവും വ്യക്തമാണ്. അതേസമയം ഗോത്രദേശീയതയുടെ പ്രാതിനിധ്യങ്ങളായല്ല അവരോ അവിടുത്തെ പ്രാദേശിക പള്ളി ഇമാമോ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. തനത് എന്ന ആവിഷ്‌കാരപ്രതലത്തിൽ നിൽക്കുന്ന ഒരു ഇസ്ലാമിനെ പ്രതിനിധാനം ചെയ്യുന്നതോടൊപ്പം വിശാലമായ മനുഷ്യസ്‌നേഹവും ആഗോളകാഴ്ചപ്പാടും ഇമാമിന്റെ വാക്കുകളിൽ അനുഭവിക്കാൻ പറ്റും.

അന്നിലക്ക്, തുവാരെഗ് ദേശീയതാവാദം എന്ന സങ്കുചിതത്വത്തെയും സിനിമ നിരാകരിക്കുന്നുണ്ട്.

പ്രാദേശിക ഇമാമും മിലിറ്റന്റ് ഇസ്ലാമിസ്റ്റുകളും തമ്മിലുള്ള ക്ലാഷ് ആകട്ടെ, ഒരു നിലക്കും ഗുഡ് മുസ്ലിം – ബാഡ് മുസ്ലിം ദ്വന്ദ്വവുമായി ബന്ധപ്പെട്ട കൊളോണിയൽ നിർമിത വിശകലനങ്ങളുടെ നിറം സ്വീകരിക്കുന്നേയില്ല എന്ന കാര്യവും എടുത്തു പറയേണ്ടതാണ്.

അത് മാത്രമല്ല, പൊതുവെ നാടോടികളായ തുവാരെഗുകളും നഗരവാസികളായ ഇതര വ്യത്യസ്ത ഗോത്രങ്ങളും തമ്മിലുള്ള സഹവർത്തിത്വത്തെയും, അവർക്കിടയിലുള്ള ഏറ്റുമുട്ടലുകളോടൊപ്പം തന്നെ തിംബുക്തു കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. പരസ്പരം ഒട്ടൊക്കെ മാന്യമായി ഇടപെടുന്ന ജനതയുടെ മൾട്ടികൾചറൽ മെയ്ക് അപ് സംവേദ്യമാക്കുന്ന തരത്തിലാണ് തന്റെ സിനിമയെ സിസ്സാക്കോ രൂപകൽപന ചെയ്തിരിക്കുന്നത്.

അങ്ങനെയായിരിക്കെത്തന്നെ ഗോത്രീയമായ ഈഗോ നിമത്തമുണ്ടായ അവിചാരിത സംഭവമായിരുന്നു കിദാന്റെ കഥയുടെ ക്ലൈമാക്സ് എന്നതും ശ്രദ്ധേയമാണ്.

തകർന്നുവീണ മരപ്പാവകൾ
തിംബുക്തുവിലെ തനത് ഇസ്ലാമിക പാരമ്പര്യത്തെ ഒരു ജനതയുടെ സംസ്‌കാരവും ആത്മധൈര്യവുമായാണ് നാം അനുഭവിക്കുന്നത്. ഇതിനെ മുറിപ്പെടുത്തുന്ന ഒന്നായിരുന്നു ഒരു ട്രക്‌ലോഡായി അവിടെ വന്നിറങ്ങിയ, മിലിറ്റന്റ് ജിഹാദിസ്റ്റുകളുടെ മെഷീൻ ഗണ്ണുകൾ.

Sankore University and Mosque in Timbuktu
തിംബുക്തുവിലെ പ്രസിദ്ധമായ Sankore സർവകലാശാലയും അനുബന്ധ മസ്ജിദും

ഈ സംഘർഷം ചിത്രത്തിന്റെ ആരംഭത്തിൽത്തന്നെ കാണാം. അംഗഭംഗം വന്നതും തകർക്കപ്പെട്ടതുമൊക്കെയായ ചെറുപ്രതിമകളാണ് ഒരു ഭാഗത്തുള്ളതെങ്കിൽ മറുഭാഗത്ത് ഗണ്ണുകളാണ്. ഇതുപോലെ ഇരുപുറം നിൽക്കുന്ന പരമ്പരാഗതമായ മുഖാവരണങ്ങളും മിലീഷ്യ അടിച്ചേൽപിക്കുന്ന നിഖാബ്, കൈയുറ തുടങ്ങിയവയും. (സെമി നൊമാഡ് ജനതയായ തുവാരെഗുകൾ യാത്രയിൽ ആണും പെണ്ണും മുഖാവരണം ധരിക്കാറുണ്ടെങ്കിലും സാധാരണഗതിയിൽ സ്ത്രീകളെക്കാൾ പുരുഷന്മാരാണ് അവർക്കിടയില്‍ മുഖം മറയ്ക്കാറുള്ളത്). നൂറ്റാണ്ടുകൾ പഴക്കമുള്ള, തനതും വൈവിധ്യങ്ങൾക്കിടം നൽകുന്നതുമായ പാരമ്പര്യത്തിലേക്ക് മുരട്ടുവാദത്തിന്റെ മാലിന്യം വലിച്ചെറിയുന്നത് പോലെ.

അതേസമയം പ്രതീകങ്ങളെക്കാൾ മനുഷ്യരിലേക്ക് കേന്ദ്രീകരിക്കുന്നതാണ് സിസ്സാക്കോയുടെ ആഖ്യാനം

വില്ലന്മാരായി തീവ്രമതമൗലികവാദികളെ കാണിക്കുമ്പോഴും അവരെയും സ്റ്റീരിയോടിപ്പിക്കൽ ‘ചെകുത്താന്മാരാ’യി പ്രദർശിപ്പിക്കുന്നില്ല. പലപ്പോഴും തങ്ങളുടെ ഉള്ളിലുള്ള പച്ച മനുഷ്യഹൃദയങ്ങളെ അവർ തന്നെയും തിരിച്ചറിയുന്നുണ്ട്. എന്നാൽ അതിനെ പുത്തൻ യാഥാസ്ഥിതിക ഡോഗ്മകളുടെ ഉരുക്കു കവചത്തിൽ പൊതിയാൻ അന്നേരം തന്നെ അവർ ജാഗ്രതപ്പെടുകയും ചെയ്യുന്നു.

തന്റെ ചിത്രീകരണത്തിൽ തികഞ്ഞ സത്യസന്ധത കാണിക്കുന്ന സിസ്സാക്കോ സായുധ മതമൌലികവാദ രാഷ്ട്രീയത്തോട് തീവ്രമായ എതിർപ്പ് പ്രകടിപ്പിക്കുമ്പോഴും അവരെസ്സംബന്ധിച്ചുള്ള സ്ഥാപിതമായ ധാരണകളെയും വിശേഷണങ്ങളെയുമൊന്നും അവലംബിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. (അവരെ സൂചിപ്പിക്കാൻ ഈ ലേഖനത്തിൽ ഉപയോഗിച്ചിട്ടുള്ള വിശേഷണപദങ്ങൾ പോലും ഈ ലേഖനത്തിന്റേത് മാത്രമാണ്. പദങ്ങളിൽ ഒരുതരം സാമ്പ്രദായികത്വം കടന്നുവരുന്നതാകട്ടെ, ഈ ലേഖകന്റെ പദസമ്പത്തിന്റെ കുറവിനെ മാത്രമാണ് കുറിക്കുന്നത്).

ഹസനിയ അറബിയും തമാഷെക്കും ബംബാരയും ഉൾപ്പെടുന്ന പ്രാദേശികഭാഷകൾ സംസാരിക്കുന്ന; തുവാരെഗുകൾക്ക് മുൻതൂക്കമുള്ളതെങ്കിലും ഒട്ടേറെ ഗോത്രവര്‍ഗക്കാർ താമസിക്കുന്ന തിംബുക്തുവിലേക്കാണ് ഫ്രഞ്ചും അറബിയും ഇംഗ്ലീഷും സംസാരിക്കുന്ന മിലിറ്റന്റുകളും അവരുടെ തോക്കുകളും വന്നിറങ്ങുന്നത്.

വലിയൊരാപത്തിനെക്കുറിച്ച ഭീതി ഉളവാക്കിക്കൊണ്ടാണ് ചിത്രത്തിന്റെ തുടക്കം തന്നെ. വിരണ്ടോടുന്ന ഒരു മാൻകുട്ടിയെ നാം കാണുന്നു. പെട്ടെന്നൊരു വെടിശബ്ദം. മൾട്ടികൾചറലിസത്തിന്റെ പ്രതീകമായി തൊട്ടടുത്ത ഫ്രെയിമിൽ നാം കാണുന്ന ചെറുമരപ്രതിമകൾ വെടിയേറ്റു വീഴുന്നു. അംഗഛേദം വന്ന നിലയിൽ അവയെയും നാം കാണുന്നുമുണ്ട്. നഗരത്തിന്റെ അധികാരവും നിയന്ത്രണവും ഏറ്റെടുത്തതായി സായുധ ജിഹാദിസ്റ്റുകളുടെ പ്രഖ്യാപനം.

അവർ നഗരത്തിൽ സംഗീതവും സിഗരറ്റും സോക്കറും നിരോധിച്ചതായി പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങൾ തമ്മിലുള്ള സാമൂഹിക സഹവർത്തിത്വത്തെയും വിലക്കി. നിഖാബ് മാത്രമല്ല, ഗ്ലൗസും സോക്‌സും ഉൾപ്പെടെ ധരിച്ച് ശരീരം മുഴുവൻ മൂടിക്കൊണ്ടല്ലാതെ സ്ത്രീകൾ പുറത്തിറങ്ങരുതെന്നും കൽപിച്ചു.

മതവും മദവും
സിസ്സാക്കോ സിനിമകൾ മതത്തോടും അതിന്റെ സാധ്യതകളോടും സംസ്‌കാരത്തോടും നിഷേധാത്മക മനോഭാവമല്ല പുലര്‍ത്തുന്നത് എന്നതും ഇവിടെ ശ്രദ്ധേയമാണ്. വെയിറ്റിങ് ഫോർ ഹാപ്പിനസിൽ തന്റെ സംസ്‌കാരത്തെയും സ്വത്വത്തെയും തിരിച്ചറിയുന്ന അബ്ദുല്ലയിൽ ആ അവബോധം പ്രവേശിപ്പിക്കുന്ന ഘടകങ്ങളിൽ ഖുർആനിലെ പ്രാരംഭാധ്യായവും (സൂറഃ അല്‍ഫാതിഹഃ) പെടുന്നുണ്ട്. ബമാക്കോയിലെ പ്രാദേശിക ജീവിതത്തിലും അതിന്റെ ബഹുസ്വരതയെ ഉൾക്കൊണ്ടു കൊണ്ട് അതിൽത്തന്നെ അലിഞ്ഞു ചേര്‍ന്ന ഇസ്ലാമിനെ കണ്ടെത്താം.

The Tuareg have travelled across the Sahara for more than 1,000 years, the camels leading the way to fresh pastures
തുവാരെഗ് നാടോടികൾ

തിംബുക്തുവിലാകട്ടെ, ആയുധധാരികളോട് സംവാദത്തിലേർപ്പെടുന്ന പ്രാദേശിക പള്ളി ഇമാമിനെ (Adel Mahmoud Cherif) നാം കാണുന്നു. ആയുധം ധരിച്ചു കൊണ്ടു തന്നെ പള്ളിയിലേക്ക് വന്ന മിലിറ്റന്റുകളോട് ഈ പള്ളിയിൽ, അല്ലാഹുവിന്റെ ഭവനത്തിൽ നിങ്ങളാരോടാണ് ജിഹാദ് ചെയ്യുന്നത് എന്നദ്ദേഹം ചോദിക്കുന്നു. സങ്കുചിതവും തീവ്രവുമായ അവരുടെ മതയാഥാസ്ഥിതികത്വത്തെ അദ്ദേഹം ധീരമായി എതിർക്കുന്നുണ്ട്. തിംബുക്തുവിലെ ജനങ്ങൾ അവരുടെ മതത്തിനും വിശ്വാസത്തിനും സമർപ്പിതരാണ് എന്ന് പറഞ്ഞ ഇമാം പക്ഷേ, അവരത് ചെയ്യുന്നത് അവരുടെ തലച്ചോറ് കൊണ്ടാണ്, ആയുധങ്ങൾ കൊണ്ടല്ല എന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു.

എന്നാൽ തങ്ങൾ സകല പ്രവൃത്തികളുടെയും ഉടമസ്ഥരും രക്ഷിതാക്കളുമാണ് എന്നായിരുന്നു ഭടന്റെ പ്രതികരണം. അഭിപ്രായ സ്വാതന്ത്ര്യത്തോടും പ്രവൃത്തി സ്വാതന്ത്ര്യത്തോടുമുള്ള എല്ലാ അസഹിഷ്ണുതയും അയാൾ പ്രകടമാക്കുകയും ചെയ്യുന്നു.

മനുഷ്യൻ ചെയ്യുന്ന പല ക്രൂരതകൾക്കും പിന്നിൽ മതപരമായ ഉറപ്പുകൾ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന, പാസ്‌കലിന്റെ നിരീക്ഷണം റിച്ചഡ് ഡോക്കിൻസ് ഉദ്ധരിക്കുന്നുണ്ട്. അതേസമയം ഇതിൽ ശരിക്കും പ്രവര്‍ത്തിക്കുന്നത് മതത്തിന്റെ വക്രീകരണമാണ് എന്നതാണ് യാഥാർത്ഥ്യം. ഇതിലൂടെ രൂപപ്പെടുന്ന, മതപിൻബലമുള്ള അധീശവ്യവസ്ഥയാകട്ടെ, മറ്റ് അധികാരവ്യവസ്ഥകളെക്കാൾ മോശവും പിന്തിരിപ്പനും ചിലപ്പോൾ ക്രൂരവുമായിത്തീരും. ആത്മീയ, ഭൗതികജീവിതങ്ങളെ അത് മുരടിപ്പിക്കും. ഉന്നത മൂല്യങ്ങളോടുള്ള പ്രതിബദ്ധതയെ തകർക്കുകയും ചെയ്യും.

നിങ്ങളുടെ പ്രബോധനത്തിൽ ഇസ്ലാം എന്നതിനല്ല, ഏത് ഇസ്ലാം എന്നതിനാണ് പരമപ്രാധാന്യമുള്ളത് എന്ന് അലി ശരീഅത്തി പറഞ്ഞതും അതുകൊണ്ട് തന്നെയാണ്. മര്‍വാന്റെയും സുൽത്താന്മാരുടെയും കൊട്ടാരങ്ങളുടെ ഇസ്ലാമാണോ അതോ പാവങ്ങളുടെയും ചൂഷിതരുടെയും ഇസ്ലാമാണോ?

സാമൂഹിക നീതിയും പരമമായ നന്മയും മാനുഷിക ബന്ധങ്ങളുമാണ് ജീവിത്തിന്റെ അടിസ്ഥാനമൂല്യങ്ങളായി ഖുര്‍ആൻ മുന്നോട്ട് വെക്കുന്നത് (സൂറഃ അന്നഹ്ൽ 90). നീതിക്ക് വേണ്ടിയുള്ള വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തെ അത് ആഹ്വാനം ചെയ്യുന്നു. ഈ സമരത്തിന്റെ സ്ഥാനത്ത് വിധിവാദം പ്രതിഷ്ഠിക്കപ്പെട്ടത് രാജാധികാരങ്ങളുടെ കാലത്താണ്. ISIL, അൽഖാഇദ പോലുള്ള സംഘങ്ങൾ ചെറുത്തുനിൽപ് എന്ന പേരിൽ നടത്തുന്ന പോരാട്ടങ്ങൾക്ക് പിന്നിൽപ്പോലും ഗോത്ര പുരുഷാധിപത്യ യാഥാസ്ഥിതിക മൂല്യങ്ങളും വംശീയമായ പരിഗണനകളും കാണാം. ഒപ്പം ഇതിനെയൊക്കെയും ചോദ്യം ചെയ്യാതെ അനുസരിക്കാൻ അനുശീലിപ്പിക്കുന്ന കര്‍ക്കശമതവ്യവസ്ഥകളും.

അതുകൊണ്ടാണല്ലോ ഇവരുടെ മേധാവിത്ത പരിധിയിൽ സംഗീതവും ചിത്രരചനയും സിനിമയും ചെസ്സും ഫുട്‌ബോളും എന്തിന് പട്ടം പറത്തൽ പോലും നിരോധിക്കപ്പെടുന്നതും സ്ത്രീകൾ വെറും നിഴലുകൾ മാത്രമായി ഒതുക്കപ്പെടുന്നതും. കൂടുതലും മാട്രിയാർക്കൽ വ്യവസ്ഥ പരിപാലിക്കുന്ന തുവാരെഗ് ഗോത്രങ്ങൾ സ്ത്രീകൾക്ക് ആദരവും അംഗീകാരവും നൽകുന്നവരാണ്.

________________ തുടരും

4 thoughts on “വെടിയേറ്റ മരപ്പാവകൾ (തിംബുക്തു -ഒന്ന്)

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s