മുഹമ്മദ് ശമീം
”ക്രമീകരണങ്ങൾ വ്യക്തികളും രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളെപ്പോലും തകരാറിലാക്കി” പ്രഫസർ തുടർന്നു.
ബ്ലേമിങ് ദ് വിക്ടിം
സാമ്രാജ്യ ശക്തികൾ തങ്ങളുടെ അതിക്രമങ്ങൾക്ക് ഇരകളെത്തന്നെ പഴിചാരുന്നു. നീഗ്രോ മടിയനും കഴിവുകെട്ടവനുമാണെന്നും അവന് സ്വതന്ത്രമായി വികസിക്കാൻ സാധ്യമായിരുന്നില്ലെന്നുമുള്ള ഒരു വർത്തമാനത്തെ നേരിട്ടുകൊണ്ട് പ്രഫസർ പറഞ്ഞു: ”എന്നാൽ ഇതേ നീഗ്രോകളെ അടിച്ചമര്‍ത്തി അടിമകളാക്കിയും നാശത്തിൽ തള്ളിവിട്ടുമാണ് നിങ്ങൾ നിങ്ങളുടെ പുരോഗതി നേടിയത്. അഥവാ, നിങ്ങളുടെ വികസനം ഉറപ്പുവരുത്തിയത് ഇതേ നീഗ്രോകൾ തന്നെയല്ലേ?”

ഇരയെ പഴിചാരൽ (victim blaming) ഒരു മേലാളതന്ത്രമായിരുന്നു എക്കാലത്തും. ഒരുപക്ഷേ സൈക്കോളജിസ്റ്റ് വില്യം റയാൻ (William Ryan) ആയിരിക്കും ആദ്യമായി ഈ പ്രയോഗം നടത്തിയത്. 1971ൽ അദ്ദേഹം Blaming the Victim എന്ന പേരിൽ ഒരു പുസ്തകമെഴുതി. മനശ്ശാസ്ത്രം എന്ന തലം വിട്ട് ഒരു സാമൂഹ്യ സമീപനം, ഒരു പ്രത്യയശാസ്ത്രം എന്ന നിലക്ക് തന്നെ ഇതിൽ വിക്ടിം ബ്ലേമിങ്ങിനെ പരിചരിക്കുന്നു.
1965ൽ ഡെമോക്രാറ്റിക് പാർട്ടി മെമ്പറും സോഷ്യോളജിസ്റ്റുമായ ഡാനിയൽ പാട്രിക് മൊയ്നിഹാൻ എഴുതിയ The Negro Family: The Case for National Action (മൊയ്നിഹാൻ റിപ്പോട്ട് എന്നറിയപ്പെടുന്നു) എന്ന കൃതിയുടെ വിമർശമായാണ് റയാൻ Blaming the Victim എഴുതിയത്. കറുത്ത വംശക്കാരുടെ സാമൂഹിക പിന്നോക്കാവസ്ഥയെയും അവരിലെ കുറ്റകൃത്യങ്ങളുടെ നിരക്കിനെയുമൊക്കെ കുടുംബഘടനയുമായി ബന്ധപ്പെടുത്തുന്നതായിരുന്നു മൊയ്നിഹാൻ റിപ്പോട്ട്.
ആഫ്രിക്കൻ-അമേരിക്കൻ ജനതയുടെ പിന്നോക്കാവസ്ഥയ്ക്ക് കാരണമായി അമേരിക്കയിലെ വംശീയ, വർണ വിവേചനങ്ങളെയൊന്നും മൊയ്നിഹാൻ കാണുന്നില്ല. പകരം അതിനെയെല്ലാം നീഗ്രോ കുടുംബഘടനയുമായി ബന്ധപ്പെടുത്തുന്നു. ഇത് യഥാർത്ഥത്തിൽ ഇരകളെ അവരുടെ ഇരത്വത്തിന്റെ (victimhood) പേരിൽ കുറ്റപ്പെടുത്തലാണെന്നാണ് റയാന്റെ നിലപാട്.
പ്രത്യക്ഷ അടിമത്തം മുതൽ നൂറ്റാണ്ടുകളായി തുടരുന്ന വിവേചനങ്ങളും അടിച്ചമർത്തലുകളുമെല്ലാം ഇതുവഴി ന്യായീകരിക്കപ്പെടുകയാണെന്ന് റയാൻ ചിന്തിച്ചു.

നിലനിൽക്കാൻ അർഹതയില്ലാത്തവരും അസന്തുലിതരും ദുർബ്ബലരും കുറ്റവാളികളുമൊക്കെയായി നാസികൾ ഉൾപ്പെടെയുള്ള വംശീയവാദികളും തങ്ങളുടെ വംശീയതയുടെ ഇരകളെ ചിത്രീകരിച്ചിരുന്നു.
സാമൂഹികമായും ജാതീയമായുമൊക്കെ തരം താഴ്ത്തപ്പെടുന്നവരെയും ഇപ്രകാരം ചിത്രീകരിക്കാറുണ്ട്. നീചജാതികളുടെ മുജ്ജന്മ ദുഷ്കൃതങ്ങളെക്കുറിച്ച് നമ്മുടെ നാട്ടിൽ അംഗീകരിക്കപ്പെട്ടിരുന്ന സവര്‍ണ സിദ്ധാന്തങ്ങൾ ഇതിന് മതപരമായ പവിത്രത കൂടി നൽകുന്നുണ്ട്. ആദിവാസികൾ ഭൂരഹിതരായത് അവർ മദ്യപരും കഴിവുകെട്ടവരുമായതുകൊണ്ടാണെന്ന ലഘൂകരണമുണ്ടല്ലോ നമ്മുടെ തന്നെ നാഗരികർക്ക്.
ആഫ്രിക്ക എന്ന യാഥാർത്ഥ്യം
ആഫ്രിക്കയെപ്പറ്റി ഇപ്പോഴും ഇതേ വര്‍ത്തമാനങ്ങൾ പ്രചരിപ്പിക്കുന്നു. ഗോത്രമാത്സര്യവും വംശഹത്യകളും, അഴിമതി, ഏകാധിപത്യ വാഴ്ചകൾ, എയ്ഡ്സ് തുടങ്ങിയവയുടെ പേരിലാണ് പലപ്പോഴും ആഫ്രിക്ക മാധ്യമങ്ങളിൽ വരുന്നത്. വംശീയതയും ഗോത്രസംഘർഷങ്ങളും കൊളോണിയൽ കാലത്തിന്റെ സൃഷ്ടിയാണ് സത്യത്തിൽ. ആ രാജ്യങ്ങളിൽ ഏകാധിപതികളെ ഇക്കാലത്ത് നിലനിർത്തുന്നതും സാമ്രാജ്യശക്തികൾ തന്നെ.
സിനിമയിൽ ബാങ്കിനും നിധിക്കുമെതിരെ വാദിക്കുന്ന വെള്ളക്കാരൻ വക്കീൽ ഇത് പറയുന്നുണ്ട്. അഴിമതി ആഫ്രിക്കയുടെ ജനിതക സ്വഭാവമൊന്നുമല്ല. യഥാര്ഥത്തിലതിവിടെ വന്നത് ധനിക രാജ്യങ്ങളിൽ നിന്നത്രേ. ലോകബാങ്ക് ക്രമീകരണത്തിന്റെ ഫലമായുണ്ടായ ദരിദ്രവൽക്കരണം മൂലം ആരോഗ്യത്തിലും പോഷകാഹാരത്തിലുമുണ്ടായ കുറവിനെത്തുടർന്ന് മരണനിരക്ക് വർധിക്കുകയും പ്രതീക്ഷിത ആയുർദൈർഘ്യം കുറയുകയും ചെയ്തു. ഇത്തരം പരാജയങ്ങളെ മറയ്ക്കാൻ കൃത്രിമമായി സൃഷ്ടിച്ച കണക്കുകളാണ് എയ്ഡ്സ് പ്രചാരണത്തിലുള്ളത്.
”കോളനീകരണത്തിന് മുമ്പ്.” പ്രഫസർ പറയുന്നു: ”സമ്പന്നവും ശക്തവുമായ, ഉന്നത ജീവിത നിലവാരമുള്ള രാജ്യമായിരുന്നിത്. കോളനിയായതോടെ ഇവിടുത്തെ ആളും അർത്ഥവും അപഹരിക്കപ്പെട്ടു. ഏറ്റവുമേറെ സ്വർണമുൽപാദിപ്പിക്കുന്ന ഒരു രാജ്യത്ത് ജനങ്ങളെല്ലാം ദരിദ്രർ. പേരിനെങ്കിലും ഒരു സ്വര്‍ണാഭരണം ധരിച്ച ഒറ്റ സ്ത്രീപോലുമില്ലിവിടെ.”
പ്രഫസറിലൂടെ സിസ്സാക്കോ പറയുന്ന കാര്യങ്ങൾ തികച്ചും വാസ്തവമെന്നതിന് ചരിത്രം സാക്ഷി. ‘ഇരുണ്ട വൻകര’യെന്ന പ്രയോഗം യൂറോപ്യരുടെ അജ്ഞതയാലുണ്ടായതാണ്. പതിനഞ്ചാം നൂറ്റാണ്ടിൽ യൂറോപ്യർ ‘കണ്ടുപിടിച്ച’ പല ആഫ്രിക്കൻ പ്രദേശങ്ങൾക്കും പൗരാണികകാലം മുതൽക്ക് തന്നെ ഇന്ത്യയുമായും ചൈനയുമായും വ്യാപാരബന്ധമുണ്ടായിരുന്നു.

യൂറോപ്പിന്റെ ‘ഇരുണ്ട കാല’ത്ത് ലോകത്തിലെത്തന്നെ പ്രബലതുറമുഖങ്ങളിലൊന്നായിരുന്നു സാൻസിബാർ. യേശുവിന്റെ കാലത്ത് തന്നെ ആഫ്രിക്കയിൽ ക്രിസ്തീയ ആശയങ്ങൾ പ്രചരിച്ചു. മധ്യകാലത്ത് മലിയിലെ തിംബുക്തു ഭൂമിയിലെ ഏറ്റവും സമ്പന്നമായ സാംസ്കാരിക ദേശങ്ങളിലൊന്നായിരുന്നു. ഇവിടുത്തെ ഇസ്ലാമിക പഠനകേന്ദ്രത്തിലേക്ക് അറബ് നാടുകളിൽ നിന്നു പോലും പണ്ഡിതന്മാർ വന്നു.
കോളനിവൽക്കരണം ആഫ്രിക്കൻ ജീവിതത്തിലും സമൂഹത്തിലും മനസ്സിലും ആഴത്തിലുള്ള ആഘാതങ്ങളും ഛിദ്രതയും സൃഷ്ടിച്ചു. ബന്ധങ്ങൾ പോലും തകരാറിലായി.
ഈ ശൈഥില്യമാണ് ‘ബമാക്കോ’ എന്ന സിനിമയുടെ പ്രധാന പശ്ചാത്തലം. മെലെയും ഭര്‍ത്താവും മാനസികമായി വളരെ അകന്നിരിക്കുന്നു. വിവാഹമോചനത്തിന്റെ വക്കിലാണവർ. ബാർ ഗായികയായ മെലെ ഉപരിവർഗത്തിന്റെ ഒരുപകരണമായി. ഷകയാകട്ടെ, വളരെ നിസ്സംഗൻ. അയൽക്കാരുമായി അവരുടെ ബന്ധത്തിലും ഈ തകരാറുകൾ കാണാം. ചുറ്റുപാടുകളാകട്ടെ, വളരെ ദരിദ്രവുമാണ്.
ഇവിടെയാണ് സാങ്കൽപിക കോടതി നടക്കുന്നത്. സാധാരണ ജീവിതവും നമുക്കു മുന്നിൽ തുടരുന്നു. സങ്കൽപവും യാഥാർത്ഥ്യവും തമ്മിലുള്ള അതിർവരമ്പുകൾ പലപ്പോഴും ലംഘിക്കപ്പെടുന്നു. വികസനത്തെക്കുറിച്ച സംവാദങ്ങളരങ്ങേറുന്നു കോടതിയിൽ. ഒരു സമൂഹം സത്യത്തിൽ വികസിതമായിത്തീരുന്നതെപ്പോൾ, എങ്ങനെ?
സംവാദങ്ങളിൽ നിരക്ഷരരായ സാധാരണക്കാർ ഇടപെടുന്നു. വാദിഭാഗത്ത് ആഫ്രിക്കൻ സമൂഹവും എതിർസ്ഥാനത്ത് അന്താരാഷ്ട്ര ധനസ്ഥാപനങ്ങളും നില്ക്കുന്ന ഈ വിചാരണയിൽ, ക്രമീകരണത്തെത്തുടർന്ന് ജോലി പോയ അധ്യാപകനും റെയില്‍വെ സ്വകാര്യവൽക്കരണത്താൽ ഒറ്റപ്പെട്ടുപോയ സ്ത്രീയും ഗതികെട്ട് പലായനം ചെയ്യേണ്ടിവന്ന യുവാവുമെല്ലാം സാക്ഷികളായെത്തുന്നു (കഴിഞ്ഞ പോസ്റ്റിൽ തുടക്കത്തിൽ കൊടുത്ത ഭാഗങ്ങൾ നോക്കുക). വികസനം മുതൽ ഭീകരതക്കെതിരായ യുദ്ധം വരെയുള്ള കാര്യങ്ങളിൽ മാധ്യമങ്ങളുടേത് പാശ്ചാത്യ ഭാഷയാണ്. എന്നാൽ സിസ്സാക്കോ അവതരിപ്പിക്കുന്ന സംവാദത്തിൽ ആഫ്രിക്ക കേന്ദ്രസ്ഥാനത്ത് വരുന്നു.
രണ്ട് സംസ്കാരങ്ങൾ തമ്മിലുള്ള ദൂരം
പടിഞ്ഞാറും ആഫ്രിക്കയും തമ്മിലുള്ള ദൂരത്തെ ആവിഷ്കരിക്കാൻ അബ്ദറഹ്മാൻ സിസ്സാക്കോ എന്ന ചലച്ചിത്രകാരൻ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. ഭൗതികവും മാനവികവും എന്ന് വ്യത്യസ്തമായ രണ്ട് ദര്‍ശനങ്ങൾ തമ്മിലുള്ള ദൂരമായും ഇത് വികസിക്കുന്നു. ആഫ്രിക്കൻ ജീവിതത്തിന് മേൽ ആധിപത്യം ചെലുത്താനുള്ള, പടിഞ്ഞാറൻ ദുരയുടെ ശ്രമമാണല്ലോ ബമാക്കോയുടെ ഇതിവൃത്തം. 2002ൽ നിർമിച്ച Waiting for Happiness എന്ന സിസ്സാക്കോ ചിത്രത്തിന്റെയും പ്രമേയ പരിസരം ഈ മൂല്യവ്യവസ്ഥകളുടെ അകലം തന്നെയാകുന്നു.
യൂറോപ്പിലേക്കുള്ള യാത്രക്കായി കാത്തിരിക്കുന്ന അബ്ദുല്ല, മൗറീഷ്യൻ തീരത്തെ നോദിബൗവിൽ വെച്ച് അമ്മയെ കണ്ടെത്തുകയാണ്. അവിടെയവൻ കണ്ടുമുട്ടുന്ന കൊച്ചുപെൺകുട്ടിയിൽ നിന്ന് പ്രാദേശിക ഭാഷയായ ഹസനിയ്യയും ഖുർആനിലെ പ്രാരംഭാധ്യായവും പഠിക്കുന്നതോടെ തന്റെ സാംസ്കാരികമായ വേരുകളെപ്പറ്റി തനിക്കുള്ള അജ്ഞത അവൻ തിരിച്ചറിയുന്നു.

യൂറോപ്പിലേക്കുള്ള സഞ്ചാരത്തെക്കുറിച്ച അവന്റെ സ്വപ്നവും ഇതേ സ്വപ്നം പങ്കുവെക്കുന്ന മറ്റൊരു യുവാവും അവനെ വശീകരിക്കാൻ ശ്രമിക്കുന്ന യുവതിയും ഒരു ഭാഗത്തും, അമ്മ, മാതൃഭാഷ, അതു പഠിപ്പിക്കുന്ന കുട്ടി അവളിൽ നിന്ന് കേൾക്കുന്ന ഖുർആൻ എന്നിവ മറുഭാഗത്തും നില്ക്കുന്നു. പരമ്പരാഗതമായ മീൻപിടുത്തം ഉപേക്ഷിച്ച് ഇലക്ട്രീഷ്യനായി മാറിയ ഒരു കഥാപാത്രമുണ്ടിതിൽ. ആവശ്യമുള്ളപ്പോൾ അണഞ്ഞുപോകുന്ന വൈദ്യുതബൾബാണ് ‘വെയ്റ്റിംഗ് ഫോർ ഹാപ്പിനസ്സി’ൽ പടിഞ്ഞാറൻ നാഗരികതയുടെ പ്രതീകം.
വ്യവസായവൽകൃത സമൂഹത്തിന്റെ പ്രധാന കണ്ടുപിടുത്തമായ വൈദ്യുതി മനുഷ്യനും രാപ്പകലുകളും തമ്മിലുള്ള ബന്ധത്തെ വരെ മാറ്റി മറിച്ചിട്ടുണ്ട്. ആരും കാണാനില്ലാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ടി.വി നോക്കി ‘യഥാർത്ഥത്തിലിവർക്ക് വൈദ്യുതി ആവശ്യമുണ്ടോ’യെന്ന് ഇലക്ട്രീഷൻ തന്നെ അമ്പരക്കുന്നുണ്ട്. അങ്ങനെ വികസനത്തിന്റെ മുൻഗണനാക്രമത്തെക്കുറിച്ച അന്വേഷണവുമാകുന്നു ഇത്.
സാമ്പത്തിക ആഗോളവൽക്കരണത്തിന്റെ അടയാളങ്ങൾ ‘വെയ്റ്റിംഗ് ഫോര്‍ ഹാപ്പിനസ്സി’ലും ഉടനീളമുണ്ട്. പുത്തൻ ഉൽപന്നങ്ങൾ വിൽക്കുന്ന ചൈനീസ് വഴിയോരക്കച്ചവടക്കാരനും കരോക്കെ സംഗീതവുമൊക്കെയായി. ‘ബമാക്കോ’യിലുമുണ്ട് ഒരു കണ്ണടവിൽപനക്കാരൻ. മറുവശത്ത് ദുരിതമയമായ ആഫ്രിക്കൻ ജീവിതവും. സത്യത്തിൽ മൂലധനകേന്ദ്രിത വികസനം ജീവിതത്തിനു സമ്മാനിക്കുന്നതെന്താണ്?
ഘടനാപരമായ ക്രമീകരണത്തിനെതിരായ കുറ്റപത്രങ്ങൾ
പ്രസ്തുത ചോദ്യത്തിനുള്ള ഉത്തരമാണ് ‘ബമാക്കോ’യിൽ നാം കണ്ടെത്തുന്നത്. ആഫ്രിക്കൻ രാജ്യങ്ങളുടെ വികസനത്തിന് വേണ്ടിയാണോ വായ്പകൾ സ്വീകരിച്ചിരിക്കുന്നത്?
കണക്കുകള്മറിച്ചൊരു ചിത്രമാണ് നല്‍കുന്നത്. ചിത്രത്തില്‍ കറുത്ത വര്ഗക്കാരിയായൊരു വക്കീൽ ആ കണക്ക് പറയുന്നു. കെനിയയുടെ ദേശീയ ബജറ്റിൽ അടിസ്ഥാന സൗകര്യങ്ങളുടെയും സേവനങ്ങളുടെയും വികസനത്തിനായി നീക്കിവെച്ചത് 12.6 ശതമാനം മാത്രമാണെങ്കിൽ, വിദേശ കടം തീർക്കാനുള്ള (പലിശയൊടുക്കാനുള്ള) വിഹിതം 40 ശതമാനം ആണ്. സാംബിയയിൽ ഇത് യഥാക്രമം 6.7ഉം 40 ഉം ശതമാനം. കാമറൂണിൽ വികസനത്തിന് 4 ശതമാനം, കടം തീര്‍ക്കാൻ 36 ശതമാനം.
സാക്ഷിയായി ഹാജരായ എഴുത്തുകാരി ‘തുറന്ന ലോകം’ എന്ന പ്രയോഗത്തിലെ കാപട്യത്തെയും വിമർശിക്കുന്നു. ആഗോളവല്‍ക്കരണം തുറന്നിട്ടിരിക്കുന്നത് വെള്ളക്കാർക്ക് വേണ്ടിയുള്ള ഒരു ലോകമാണ്. അതൊരിക്കലും കറുത്തവർക്കുള്ളതല്ല. ‘കരുണയുള്ളത്’ എന്ന് തത്വത്തിൽ അവകാശപ്പെട്ടാൽ പോലും ഈ സ്വകാര്യവൽകൃത ലോകത്ത് ലോകബാങ്ക് അങ്ങേയറ്റം നിഷ്ഠുരമായിത്തീരുന്നുവെന്ന് ബാങ്കിനെതിരെ, ആഫ്രിക്കൻ സമൂഹത്തിന് വേണ്ടി വാദിക്കുന്ന വെള്ളക്കാരനായ വക്കീൽ ബൗർദൻ വിലയിരുത്തുന്നുണ്ട്.
___________________ (തുടരും)
വളരെ ക്രൂരമായ അനുഭവങ്ങൾ ഏറ്റു വാങ്ങേണ്ടി വന്ന ഒരു പ്രദേശമാണ് ആഫ്രിക്ക. മനുഷ്യ ക്രൂരതകളും മനുഷ്യൻറെ അധികാരമോഹവും മനുഷ്യൻ ന്റേ സാമ്പത്തിക മോഹവും എത്രത്തോളം ഇരുളടഞ്ഞ താവാം എന്ന് കണ്ടത് കൊണ്ട് ആവാം ആഫ്രിക്ക The Dark Continent എന്നു അറിയപ്പെടുന്നത്.
LikeLiked by 1 person
എനിക്ക് വളരെ ഇഷ്ടമുള്ള കവിയാണ് Rudyard Kipling. പക്ഷേ ദുഖ കരം എന്ന് പറയട്ടേ അദ്ദേഹം ലോകത്തിന് സംഭാവന ചെയ്ത ഒരു statement ഉണ്ട് . White Man’s burden. ഇൗ ലേഖനം വായിച്ചപ്പോൾ ഓർമ വന്നു.
LikeLiked by 1 person