വിറ്റാലിനയുടെ യാത്രകൾ

മുഹമ്മദ് ശമീം

ഹോഴ്‌സ് മണിയും മറ്റുമൊക്കെപ്പോലെത്തന്നെ പൂര്‍ണമായും ഒരു സംവിധായകന്റെ സിനിമയാണ് വിറ്റാലിന വരേലയും (Vitalina Varela). പോർചുഗീസ് ഓട്ടേർ, പെദ്രോ കോസ്റ്റയുടെ (Pedro Costa) സിനിമ.

പോർചുഗീസ് സിനിമയിൽ സവിശേഷമായ ഒരാഖ്യാനരീതിക്ക് തന്നെ തുടക്കം കുറിച്ച അന്റോണിയോ റീസിന്റെ പേരിൽ അറിയപ്പെടുന്ന, സ്കൂൾ ഒഫ് റീസിന്റെ ഭാഗമായാണ് പെദ്രോ കോസ്റ്റ വിലയിരുത്തപ്പെടുന്നത്. ‘തന്റെ സിനിമ’ എന്ന കാര്യത്തിൽ അനുരഞ്ജനങ്ങൾക്ക് ഒട്ടും വഴങ്ങാത്ത, എന്നാൽ രൂപഭദ്രതാവാദത്തോട് ചേർന്നുനിൽക്കുന്ന പെദ്രോ കോസ്റ്റയുടെ രചനകളെല്ലാം തന്നെ slow-moving, smouldering outings ആണ്. എന്നാലോ, ഇമയനക്കാതെ നോക്കിയിരിക്കാൻ അനുവാചകനെ പ്രേരിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ ഇമേജുകൾ.

സിനിമയിലെ സാമുവൽ ബെക്കറ്റ് എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട് പെദ്രോ കോസ്റ്റ. സ്ലോ സിനിമയുടെ പ്രയോക്താവായും അദ്ദേഹത്തെ വിലയിരുത്താം. മുകളിൽ പറഞ്ഞതു പോലെ ശരിക്കും smouldering pace ആണ് കോസ്റ്റ സിനിമകൾക്ക്. സുദീർഘമായ ഷോട്ടുകൾ, കാമറയുടെയും കഥാപാത്രങ്ങളുടെയും സ്ലോ പേസ് തുടങ്ങിയവ സ്ലോ സിനിമകളുടെ സവിശേഷതകളാണ്.

താർക്കോവ്സ്കി തൊട്ടുള്ള പ്രഗൽഭർ പലരും സ്ലോ സിനിമയുടെ ആവിഷ്കർത്താക്കളാണ്. ലാ ഡിയാസിന്റെ സിനിമകളും എരിഞ്ഞു തീരുന്നവയാണ്. സമയത്തിന്റെയും ദൃശ്യങ്ങളുടെയും കലയായ സിനിമയുടെ യഥാർത്ഥ സൌന്ദര്യത്തെ പൂർണമായും ആവാഹിക്കുന്നവയുമാണ് ലാ ഡിയാസിന്റെയും പെദ്രോ കോസ്റ്റയുടെയും അപിചാത്പോങ് വിരാസെതാകൂലിന്റെയുമൊക്കെ സിനിമകൾ.

തികച്ചും ധ്യാനാത്മകമായാണ് ഇവരുടെ സിനിമകൾ ദൃശ്യങ്ങളെ പകർത്തുന്നത്. അനുവാചകനോട് അതാവശ്യപ്പെടുന്നതും ധ്യാനം തന്നെയാണ്. ആ മുഴുകലിൽ ചിലപ്പോൾ പ്രേക്ഷകന് ഉറക്കം വന്നേക്കാം. അങ്ങനെ വരുന്നുണ്ടെങ്കിൽ അത് തങ്ങളുടെ സിനിമയുടെ വിജയമാണെന്ന് പറയും അപിചാത്പോങ് വിരാസെതാകൂലിനെപ്പോലുള്ളവർ. ഒരൊറ്റക്കാഴ്ചയിൽ സിനിമ തീരുകയല്ല, മറിച്ച് നിങ്ങളുടെ ആദ്യകാഴ്ചയിൽ അത് തുടങ്ങുകയാണ് ചെയ്യുന്നത്. പലവുരു ആവർത്തിച്ച് കാണേണ്ടി വരും ഡിയാസിന്റെയും കോസ്റ്റയുടെയും വിരാസെതാകൂലിന്റെയുമൊക്കെ സിനിമകൾ.

മനോഹരമായ ഇമേജുകളാൽ സമ്പന്നമാണ് വിറ്റാലിന വരേലയും. ലൈറ്റിങ്ങിന്റെയും ഫ്രെയിമിങ്ങിന്റെയും ഉജ്വലമാതൃകകളാണ് അദ്ദേഹവും ഛായാഗ്രാഹകൻ സിമോസും ഈ സിനിമയുടെ ചുവരിൽ തൂക്കിയിട്ടിരിക്കുന്നത്. ഓരോ ദൃശ്യവും ദീർഘനേരം ആസ്വദിക്കേണ്ട ഓരോ പെയിന്റിങ്ങുകളാണ്.

ദൃശ്യങ്ങൾ പകർത്തുകയല്ല, മറിച്ച് പുതിയ കാഴ്ചകളും അനുഭവങ്ങളും സൃഷ്ടിക്കുകയാണ് പെദ്രോ കോസ്റ്റ.

Pedro Costa
Pedro Costa

ഇരുണ്ട ഒരിടവഴിയിലാണ് സിനിമയുടെ തുടക്കം. അതിനിരുവശത്തുമുള്ള കന്മതിലുകൾ വളരെ സാവകാശമാണ് തെളിഞ്ഞു വരുന്നത്. അതുപോലെ തികച്ചും മന്ദഗതിയിൽ വളരെ ദൂരെ നിന്ന് സാവകാശം അടുത്തേക്ക് ചിലയാളുകളും തെളിഞ്ഞു വരുന്നു. കൂട്ടത്തിലൊരാളുടെ സ്റ്റീൽ വാകിങ് കെയിനിൽത്തട്ടി പ്രതിഫലിക്കുന്ന വെളിച്ചത്തിലാണ് ഈ ഘോഷയാത്രയെ നാം കാണുന്നത്. ഉയർന്ന രണ്ട് കന്മതിലുകൾക്ക് നടുവിൽ ഒരു കിടങ്ങ് പോലെ രൂപപ്പെട്ടിട്ടുണ്ട് ഇടവഴി.

സാവകാശം, കുരിശാകൃതിയിലുള്ള കുഴിമാടക്കല്ലുകൾ കാണുമ്പോഴാണ് സെമിത്തേരിയോട് ചേർന്നുള്ള വഴിയാണത് എന്ന് നാം മനസ്സിലാക്കുന്നത്. ഒരു വിലാപയാത്രയാണ് കടന്നുപോകുന്നത്.

നിശ്ചലരും നിശ്ശബ്ദരുമായ കഥാപാത്രങ്ങളെ ധാരാളം കണ്ടുമുട്ടാം. ആരംഭദൃശ്യത്തിന് ശേഷം വിറ്റാലിന വരേല വിമാനത്തിൽ വന്നിറങ്ങുകയാണ്. പതുക്കെ ചവിട്ടുപടികളിറങ്ങുന്ന നഗ്നപാദദൃശ്യങ്ങളായാണ് അവർ ആദ്യം പ്രത്യക്ഷപ്പെടുന്നത്. അവരെ സ്വീകരിക്കുകയും ഭർത്താവിന്റെ മരണത്തിൽ അനുശോചിക്കുകയും ചെയ്യുന്ന, ലിസ്ബൺ എയർപോട്ടിലെ കാവൽ, ശുചീകരണ തൊഴിലാളികളും കേപ് വെർഡെയിൽ നിന്നുള്ള പ്രവാസികളുമായ സ്ത്രീപുരുഷന്മാരാകട്ടെ, ഏറെ നേരം ഒരു ടാബ്ലോ പോലെ ചലനമറ്റ് നിൽക്കുന്നതായും കാണാം.

ലിസ്ബണിൽ വന്നിറങ്ങിയ വിറ്റാലിനയോട് അനുശോചനത്തിനും ആശ്വസിപ്പിക്കലിനും ശേഷം അവർ പറയുന്നത് തിരിച്ച് നാട്ടിലേക്ക് പോകുന്നതാണ് നല്ലത് എന്നാണ്. അവർക്ക് വേണ്ടി ലിസ്ബൺ നല്ലതൊന്നും കരുതിയിട്ടില്ല. There’s nothing here for you എന്ന് വിറ്റാലിനയോട് അവർ പറയുന്നു.

വിറ്റാലിന വരുന്നത് കേപ് വെർഡെയിൽ നിന്നാണ്. മധ്യ അറ്റ്‌ലാന്റിക്കിലെ ആഫ്രിക്കൻ ദ്വീപരാജ്യമാണത്. കൊല്ലങ്ങളേറെയായി ഭർത്താവ് ജോവാക്വിം വരേലയെ തെരക്കി പോർച്ചുഗലിലേക്ക് പുറപ്പെടാൻ അവർ തയ്യാറായി നിൽക്കുന്നു. എന്നാൽ അതിനുള്ള വിസയും വിമാനവുമൊക്കെ കിട്ടുമ്പോഴേക്കും ലിസ്ബണിൽ അയാളുടെ ശവസംസ്കാരം കഴിഞ്ഞിട്ട് മൂന്ന് ദിവസം കഴിയുന്നു.

ലിസ്ബണിലെ ചേരിപ്രദേശത്ത് (slum) സ്ഥിതി ചെയ്യുന്ന ഭർത്താവിന്റെ ചെറ്റപ്പുരയിലേക്ക് തന്നെ പക്ഷേ, അവർ വന്നു. ഏത് നേരത്തും തകർന്ന് നിലം പൊത്താവുന്ന അവസ്ഥയിലായിരുന്നു ആ കൂര.

ഭോഗാതുരതയുടെയും മൽസരത്തിന്റെയും നാഗരികതയിൽ ഓടിയെത്താൻ പറ്റാത്തവരുടെയും വീണുപോകുന്നവരുടെയും നിവാസസ്ഥാനമാണ് സ്ലമ്മുകൾ അഥവാ ചേരികൾ. ലോകത്തിലെ എല്ലാ വൻനഗരങ്ങളോടനുബന്ധിച്ചും ഇത്തരം ചേരികൾ കാണാം. പൊതുവെ വികസിതരാജ്യങ്ങളോടൊപ്പം എത്താൻ കഴിയാതെ പിന്തള്ളപ്പെട്ടു പോകുന്ന രാജ്യങ്ങളിൽപ്പോലുമുണ്ട് ചേരികൾ. കേപ് ടൌണിലെ (ദക്ഷിണാഫ്രിക്ക) ഖയെലിഷ്ത, നെയ്റോബിയിലെ (കെനിയ) കിബേര, മുംബൈയിലെ (ഇന്ത്യ) ധാരാവി, മെക്സിക്കോയിലെ നെസാ എന്ന നെസാഹുവൽകോയോത്ത് സിറ്റിയിലെ ചേരി, കറാച്ചിയിലെ (പാകിസ്ഥാൻ) ഓറങ്ഗി തുടങ്ങിയവ ഏറ്റവും വലിയ സ്ലമ്മുകളായി കണക്കാക്കപ്പെടുന്നു.

പലപ്പോഴും വൃത്തിഹീനമായ പരിസരമായിരിക്കും ചേരികളുടേത്. മെക്സിക്കോയിലെ ഏറ്റവും വലിയ ലാൻഡ്ഫില്ലിനടുത്താണ് നെസാ സ്ലം. ലോകത്തിലെ ഏറ്റവും വൃത്തികെട്ട പ്രദേശങ്ങളിലൊന്നാണ് ഈ ലാൻഡ്ഫിൽ.

ചെറിയ പ്രദേശത്ത് പതിനായിരക്കണക്കിനാളുകൾ തിങ്ങിപ്പാർക്കുന്നത് കൊണ്ടു തന്നെ അപര്യാപ്തതയും ദാരിദ്ര്യവും അതിൽ നിന്നുണ്ടാകുന്ന അജ്ഞതയും കുറ്റകൃത്യങ്ങളുമെല്ലാം ചേരികളുടെ പ്രത്യേകതയായിത്തീരുന്നു. ചേരികളിലെ വിഭവങ്ങൾ ഊറ്റിയെടുത്ത് സമ്പന്നമായിത്തീർന്ന നഗരങ്ങൾ അതിന്റെ മാലിന്യം ചേരികളിലേക്കൊഴുക്കുകയും ചെയ്യുന്നു. പോർചുഗലിലെ കോവ ദാ മൌറ പോലുള്ള ചേരിപ്രദേശങ്ങളിൽ തിങ്ങിപ്പാർക്കുന്നത് പ്രധാനമായും കേപ് വെർഡെ ദ്വീപുകൾ പോലുള്ള, ആഫ്രിക്കയിലെ മുൻ പോർചുഗീസ് കോളനികളിൽ നിന്നുള്ള കുടിയേറ്റക്കാരാണ്.

സാമൂഹികമായി പിന്നോക്കം നിൽക്കുന്ന ജനതയുടെ ജീവിതങ്ങളാണ്, പ്രത്യേകിച്ചും ലിസ്ബനിലെ സ്ലം ജനതയുടെ ജീവിതങ്ങൾ, പെദ്രോ കോസ്റ്റയുടെ സിനിമ. പ്രത്യേകിച്ചും പോസ്റ്റ് കൊളോണിയൽ പോർചുഗലിലെ അടിച്ചമർത്തപ്പെട്ടവരും പാർശ്വവൽകൃതരുമായ ജനങ്ങളുടെ, ഒട്ടും പ്രതീക്ഷ നൽകുന്നതല്ലാത്ത ജീവിതസാഹചര്യങ്ങൾ. കോവ ദാ മൌറയിൽ നിന്ന് തന്നെയാണ് അദ്ദേഹത്തിന്റെ പല സിനിമകളും പിറന്നുവീണത്. ഈ ചേരിയുടെ ഇടനാഴികളിലൂടെയും ഊടുവഴികളിലൂടെയും അദ്ദേഹത്തിന്റെ കാമറ അലഞ്ഞു നടന്നു.

അതാകട്ടെ, പടിഞ്ഞാറൻ നഗരങ്ങളെയും ജീവിതങ്ങളെയും സംബന്ധിച്ച് ഒരുപക്ഷേ പലരും വെച്ചുപുലർത്തുന്ന തിളക്കമുള്ള ഛായകളിൽ നിഴൽ കയറ്റി അദൃശ്യമാക്കുകയും ചെയ്യുന്നു.

വിറ്റാലിന വരേലയുടെ ജീവിതാനുഭവങ്ങളും വ്യത്യസ്തമല്ല. സംഭാഷണങ്ങൾ തീരെക്കുറവായ ചിത്രത്തിൽ ഉള്ളത് തന്നെ കൂടുതലും മോണോലോഗ് സ്വഭാവത്തിലാണ്. വിവാഹത്തിന് ശേഷം ജോവാക്വിമും വിറ്റാലിനയും ചേർന്ന് ഒരു കേപ് വെർഡെയിൽ ഒരു വീടുണ്ടാക്കാൻ തുടങ്ങിയതായും അത് പൂർത്തീകരിക്കുന്നതിന് മുമ്പായിത്തന്നെ അയാൾ ലിസ്ബണിലേക്ക് വന്നതായും അതിലൂടെ നാം അറിയുന്നു. പിന്നീട് തിരിച്ചു വന്ന് വീടുപണി പൂർത്തീകരിച്ചെങ്കിലും പെട്ടെന്ന് അപ്രത്യക്ഷനായി.

ഒരു വാക്ക് പോലുമുരിയാടാതെ അയാൾ പുറപ്പെട്ടു പോയതെന്തിനായിരുന്നു? പിന്നീട് അയാളുമായി ബന്ധപ്പെടാൻ പല നിലക്കും ശ്രമിച്ചിട്ടും അവർക്ക് സാധിച്ചില്ല. ഒടുക്കം ഉദ്വേഗത്തിന്റെയും സങ്കടത്തിന്റെയും ദ്വേഷത്തിന്റെയുമൊക്കെ മൂധന്യത്തിലാണ് വിറ്റാലിന പോർചുഗലിലേക്ക് വരാൻ തീരുമാനിക്കുന്നത്.

അതിന് മുന്നേ ഭർത്താവിന്റെ വിയോഗം അവർ അറിഞ്ഞിരുന്നോ എന്ന് സിനിമ പറയുന്നില്ല. എന്നാൽ താരതമ്യേന സുഖകരമായ സ്വദേശജീവിതത്തിലേക്ക് തിരിച്ചു പോകാതെ സ്ലമ്മിലെ തകർന്നുതുടങ്ങിയ ചെറ്റക്കുടിലിൽത്തന്നെ തുടരാൻ അവർ തീരുമാനിച്ചതെന്തുകൊണ്ടായിരുന്നു? ഒരിക്കൽ കുളിക്കുമ്പോൾ മുകളിൽ നിന്നൊരു കല്ലടർന്ന് അവരുടെ നെറ്റിയിൽ പതിക്കുന്നുമുണ്ട്. അവരാകട്ടെ, ലിസ്ബണിൽ വന്നിറങ്ങിയ ഉടനെ കേൾക്കുന്നത് There’s nothing here for you എന്നായിരുന്നല്ലോ.

വിറ്റാലിനക്ക് അറിയണമായിരുന്നു, അവരുടെ ജോവാക്വിമിന്റെ ജീവിതത്തെയും മരണത്തെയും പറ്റി. ആ അന്വേഷണത്തിനിടയിലാണ് സിനിമയിലെ ചുരുക്കം കഥാപാത്രങ്ങൾ കടന്നുവരുന്നത്. അക്കൂട്ടത്തിൽ ഏറ്റവും പ്രധാനം പാർകിൻസൺസ് രോഗിയായ പാതിരി തന്നെ. ചെറിയൊരു ഷെഡ്ഡിൽ നിരത്തിയിട്ട കുറേ കസേരകൾ, പ്രസംഗപീഠമായി ചെറിയൊരു പോഡിയം, ബലിപീഠമായി ഒരു ചെറുമേശയും. ഇതാണ് ലിസ്ബണിലെ ആ സ്ലമ്മിൽ കറുത്ത വർഗക്കാരുടെ പള്ളി.

ഏതാണ്ട് തൊണ്ണൂറ്റൊമ്പതേ മുക്കാൽ ശതമാനവും nocturnal ഷോട്ടുകളാണ്. അതായത്, രാത്രിയിൽ ഇരുണ്ട പശ്ചാത്തലത്തിലുള്ള സംഭവങ്ങൾ. തന്റെ ജീവിതം ഇരുട്ടിൽ നഷ്ടപ്പെട്ടുപോയി എന്ന് പരിതപിക്കുന്നുണ്ട് പുരോഹിതൻ. ആ സമയത്ത് വിറ്റാലിന അയാളോട് കയർക്കുകയാണ്. നിങ്ങൾ ആണുങ്ങൾ എപ്പോഴും ആണുങ്ങൾക്ക് മാത്രം പരിഗണന നൽകുന്നുവെന്ന് അവർ ആരോപിക്കുന്നു. സ്ത്രീകൾ പിന്തുണയില്ലാത്തവരാണ്. നിഴലുകളിൽ ഉപേക്ഷിക്കപ്പെടുന്നവരും.

ചലച്ചിത്രാസ്വാദനത്തിൽത്തന്നെ തീർത്തും വേറിട്ട് നിൽക്കുന്ന ഒരനുഭവമായിത്തീരുന്നു പെദ്രോ കോസ്റ്റയുടെ വിറ്റാലിന വരേല.

പോർചുഗീസ് എഴുത്തുകാരിയും നടിയുമായ വിറ്റാലിന വരേലയാണ് ഇതിൽ അതേ പേരിലുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അവരുടെ തന്നെ യഥാർത്ഥ ജീവിതമാണിത് എന്ന് എവിടെയോ വായിക്കാൻ കഴിഞ്ഞു. കോസ്റ്റയുടെ സിനിമകളിലെ പതിവ് മുഖമായ വെൻചുറ ആണ് പുരോഹിതന്റെ വേഷം ചെയ്തത്. ഹോഴ്സ് മണി എന്ന കോസ്റ്റ ചിത്രത്തിലും വെൻചുറയും വിറ്റാലിന വരേലയും തന്നെയാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

One thought on “വിറ്റാലിനയുടെ യാത്രകൾ

  1. ഞാനൊരിക്കലും നല്ലൊരു പ്രേക്ഷകനല്ല .അധികം ചിത്രങ്ങൾ കണ്ടിട്ടില്ല ഈ ആസ്വാദനം പറങ്കി സിനിമയിലേക്ക് വാതിൽ തുറക്കുന്നു സിനിമ കാണൻ പ്രേരിപ്പിക്കുന്നു. ക്രിമിനൽ രംഗങ്ങൾ പ്രദർശിപ്പിക്കാൻ വേണ്ടി മാത്രമാണ് ഇവിടെ ചേരികൾ ചിത്രീകരിക്കുന്ന ത്. നന്ദി, ഷമീം… ഈ ക്ഷണത്തിന്

    Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s