മഞ്ഞവരക്ക് മുകളിൽ ചില ജീവിതങ്ങൾ

മുഹമ്മദ് ശമീം

വേട്ടയാടുന്ന അനുഭവങ്ങളുള്ള ഒന്നാണ് സെല്‍സോ ആര്‍ ഗാര്‍ഷ്യ ഒരുക്കിയ The Thin Yellow Line (La Delgada Linea Amarilla) എന്ന മെക്‌സിക്കന്‍ സിനിമ. അഞ്ച്‌ ബ്ലൂ കോളര്‍ ജോലിക്കാരുടെ യാത്രയാണ്‌ ചിത്രത്തിന്റെ പ്രധാന പശ്ചാത്തലം. വ്യത്യസ്‌ത സ്വഭാവവും പശ്ചാത്തലങ്ങളുമുള്ള അഞ്ചു പേര്‍.

സെല്‍സോ ആര്‍ ഗാര്‍ഷ്യ
സെല്‍സോ ആര്‍ ഗാര്‍ഷ്യ

ഒപ്പം ഇത്‌ അന്വേഷണത്തിന്റെ സിനിമയുമാണ്‌. ചിത്രത്തിലെ പ്രധാന കഥാപാത്രമായ തോനോ എന്ന അന്റോണിയോ വര്‍ഷങ്ങളായി ഗാര്‍ഡായി ജോലി ചെയ്യുന്ന ജങ്ക്‌ യാര്‍ഡില്‍ നിന്നും പിരിച്ചു വിടപ്പെടുകയാണ്‌. ആനുകൂല്യമായി അയാള്‍ക്ക്‌ ലഭിക്കുന്നത്‌ പഴയ ഒരു ട്രക്ക്‌ മാത്രം. ഭാര്യയുടെയും മകന്റെയും പഴയ ഫോട്ടോകള്‍ സൂക്ഷിച്ചിട്ടുള്ള ഒരു പെട്ടിയാണ്‌ പിന്നെയയാളുടെ വിലപ്പെട്ട സമ്പാദ്യം.

ഇനിയൊരു ജോലിയന്വേഷിക്കുന്നതിനെപ്പറ്റി അയാളോട്‌ സഹതപിച്ച മേലുദ്യോഗസ്ഥനോട്‌ അയാള്‍ വര്‍ഷങ്ങളായി താന്‍ അന്വേഷണത്തില്‍ത്തന്നെയാണെന്ന്‌ പറയുന്നുണ്ട്‌. മറ്റൊരു കഥാപാത്രമായ പാബ്ലോയോട്‌ അയാള്‍ പിന്നീട്‌ നടത്തുന്ന സംഭാഷണത്തിലാണ്‌ അയാള്‍ എന്താണ്‌ അന്വേഷിച്ചിരുന്നതെന്ന്‌ മനസ്സിലാവുന്നത്‌.

സദാ വിഷാദാത്മകതയുള്ള ഒരാളാണ്‌ അന്റോണിയോ. ഇപ്പോള്‍ അയാള്‍ തൊഴിലന്വേഷണത്തിലാണ്‌. മുമ്പ്‌ ജോലി ചെയ്‌തിരുന്ന കമ്പനിയിലെ, ഏറ്റവും മികച്ച  ഫോര്‍മാനായിരുന്ന അന്റോണിയോയുടെ കഴിവുകൾ തിരിച്ചറിഞ്ഞിരുന്ന എഞ്ചിനീയറെ പതിറ്റാണ്ടുകള്‍ക്കു ശേഷം കണ്ടുമുട്ടിയതോടെ മികച്ച പ്രതിഫലത്തിന്‌ പതിനഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന ഒരു പ്രോജക്ട്‌ അയാള്‍ക്ക്‌ ലഭിച്ചു. ദൗത്യം പൂര്‍ത്തിയാക്കിയതിനു ശേഷം ചിത്രാന്ത്യത്തില്‍ നാം കാണുന്നത്‌ വീണ്ടും തൊഴിലന്വേഷകനായിത്തീര്‍ന്ന അന്റോണിയോയെ. ഫോര്‍മാനായി അയാള്‍ നിയോഗിക്കപ്പെടുന്ന തൊഴില്‍ സംഘത്തിലോരോരുത്തര്‍ക്കുമുണ്ട്‌ ഇത്തരം അന്വേഷണകഥകള്‍.

രണ്ട്‌ മെക്‌സിക്കന്‍ ഗ്രാമങ്ങളെ തമ്മില്‍ ബന്ധപ്പെടുത്തുന്ന റോഡിന്റെ നടുവില്‍ മീഡിയന്‍ ലൈന്‍ വരക്കുക എന്നതാണ്‌ ജോലി. ഇരുനൂറ്റിപ്പതിനേഴ്‌ കിലോമീറ്റര്‍ നീളത്തില്‍ നേരിയ മഞ്ഞ വര വരയ്‌ക്കണം. മഴ തുടങ്ങുന്നതിനു മുമ്പ്‌ വരച്ചു തീരേണ്ടതുള്ളതിനാല്‍ പതിനഞ്ച്‌ ദിവസം മാത്രമേ സമയമുള്ളൂ.

തോനോയൊടൊപ്പമുള്ളത്‌ ഈ ജോലിയില്‍ യാതൊരു മുന്‍ പരിചയവുമില്ലാത്ത നാലു പേരാണ്‌. പൊക്കം കുറഞ്ഞ്‌ ദൃഢഗാത്രനായ അത്തായ്‌ദേ എന്ന മുന്‍ സര്‍ക്കസ്‌ സ്റ്റേജ് ഹാന്റ്‌, പൊണ്ണത്തടിയനായ ഗബ്രിയേല്‍, മാരിയോ എന്ന ദോഷൈകദൃക്ക്‌ പിന്നെ, ഉള്ളില്‍ കലാപത്തിന്റെ തീ കൊണ്ടു നടക്കുന്നവന്‍ എന്ന്‌ തോന്നിക്കുന്ന പാബ്ലോ എന്ന കൗമാരക്കാരനും.

tyl 2പതിനഞ്ച്‌ ദിവസം കൊണ്ട്‌ ഇരുനൂറ്റിപ്പതിനേഴ്‌ കിലോമീറ്റര്‍ നടന്ന്‌ പണിയെടുക്കുക എന്നത്‌ എളുപ്പമുള്ള കാര്യമല്ല. അതിനിടയിലാകട്ടെ, പലതരം അനുഭവങ്ങള്‍ അവര്‍ക്ക്‌ നേരിടേണ്ടി വരുന്നു. ഏകോപനത്തോടെ എല്ലാവരെയും ജോലി ചെയ്യിക്കുന്നതില്‍ തോനോ വിജയിക്കുന്നുണ്ടെങ്കിലും പലതരക്കാരായ ജോലിക്കാരുടെ സ്വഭാവങ്ങളിലും പെരുമാറ്റത്തിലുമുള്ള വൈരുദ്ധ്യങ്ങള്‍ അയാളെ കുഴക്കുന്നുണ്ട്‌.

പതുക്കെ ഈ മീഡിയന്‍ ലൈന്‍ സെല്‍സോ ഗാര്‍ഷ്യയുടെ സിനിമയില്‍ ജീവിതം തന്നെയായി മാറുന്നു. ജീവിതത്തെയും മരണത്തെയും, സന്തോഷത്തെയും ദുഃഖത്തെയും ചിരിയെയും കരച്ചിലിനെയും എല്ലാത്തിലുമുപരിയായി ശരിയെയും തെറ്റിനെയും വേര്‍തിരിക്കുന്നത്‌ ഈ നേരിയ വര മാത്രമാണ്‌. ജീവിതത്തിലെ സര്‍വവൈരുദ്ധ്യങ്ങള്‍ക്കുമിടയിലുള്ള വര വളരെ നേര്‍ത്തതാണ്‌. ഈ മഞ്ഞ വരയ്‌ക്ക്‌ മുകളിലൂടെയാണല്ലോ തൊഴിലാളി സംഘത്തിന്റെ സഞ്ചാരം.

ചിക്കാഗോയിലുള്ള തന്റെ സഹോദരനുമായി ഒത്തു ചേരാനുള്ള ആഗ്രഹത്തോടെ അതിനു വേണ്ടി സമ്പാദിക്കുകയാണ്‌ പാബ്ലോ. അവനോടാണ്‌ തോനോ തന്റെ കഥ പറയുന്നത്‌. കല്യാണം കഴിച്ച് അധികം താമസിയാതെ അന്റോണിയോയുടെ ഭാര്യ മരിച്ചു പോയി. ഏകമകന്‍ പെട്ടെന്നൊരു നാള്‍ അപ്രത്യക്ഷനായി. യു.എസ്സിലേക്ക്‌ നാടു വിട്ടതാണെന്നും അവിടെയെവിടെയോ അവന്‍ ജീവിച്ചിരിപ്പുണ്ടെന്നും അയാള്‍ കരുതുന്നു. അവനെ അന്വേഷിച്ചാണ്‌ തോനോയുടെ ജീവിതം മുന്നോട്ട്‌ പോവുന്നത്‌.

പരുക്കനായ അയാള്‍ക്ക്‌ പാബ്ലോ മകനായിത്തീര്‍ന്നു. എന്നാല്‍ പാബ്ലോയ്‌ക്ക്‌ പണി പൂര്‍ത്തിയാവുന്ന ഘട്ടത്തില്‍ കൂട്ടുകാര്‍ക്കൊപ്പം ഉണ്ടായിരിക്കാനുള്ള ഭാഗ്യം ലഭിച്ചില്ല. ചിക്കാഗോയിലെ സഹോദരനുമായി ഒരിക്കലും സന്ധിപ്പ്‌ സാധ്യമാകാത്ത ഒരു പരിണതി അവന്‌ വന്നു ചേര്‍ന്നു. ഹോസ്‌പിറ്റലില്‍ അവനെ കിടത്തിയ ട്രോളി മുന്നോട്ടു പോകുമ്പോള്‍ അവന്റെ കൈയില്‍ നിന്നും ഇറ്റിവീണ രക്തത്തുള്ളികള്‍ റോഡിലെ മഞ്ഞ വര പോലെ.

നേര്‍ത്ത മഞ്ഞ വര കൊണ്ട്‌ ജീവിതത്തെത്തന്നെ അടയാളപ്പെടുത്തുന്ന സെല്‍സോ ഗാര്‍ഷ്യയുടെ സിനിമ ഉള്ളില്‍ വല്ലാത്തൊരു വിങ്ങല്‍ നിറയ്‌ക്കുന്നു. അതീവ ഹൃദ്യമായ പ്രകൃതി ദൃശ്യങ്ങളിലൂടെയാണ്‌ ആ റോഡ്‌ കടന്നു പോകുന്നത്‌. ആ ദൃശ്യങ്ങളുടെ മനോഹാരിതയാകട്ടെ, പൂര്‍ണമായും ഒപ്പിയെടുത്തിട്ടുണ്ട്‌ ഗാര്‍ഷ്യ. ഒരേ സമയം ആനന്ദവും വിഷാദവുമനുഭപ്പെടുത്തുന്ന സിനിമ വളരെ നേരത്തേക്ക്‌ അനുവാചകനെ ശക്തമായി പിന്തുടരുന്നു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s