ആഷാമേനോന്‍
(‘ബുദ്ധൻ യേശു മുഹമ്മദ് -ലോകമതങ്ങളെപ്പറ്റി ഒരു പുസ്തകം’ എന്ന ഗ്രന്ഥത്തിന് ആഷാമേനോൻ എഴുതിയ അവതാരിക)

സര്‍ക്യൂട്ട് (Circuit) എന്ന പദത്തിന് പാരസ്പര്യമെന്ന അര്‍ഥം കല്‍പിച്ചുകൊടുക്കുന്നത് എത്രമാത്രം ശരിയെന്ന് തിട്ടമില്ല. വിദ്യുച്ഛക്തിയുടെ വര്‍ത്തുളഗതിയാണ് അതുകൊണ്ട് ഉദ്ദിഷ്ടമാവുന്നത്. ധനഋണധ്രുവങ്ങൾ തമ്മിൽ സംയോജിക്കുമ്പോഴാണ് അത് ജീവത്താവുക. നമുക്ക് ഒരിക്കലും കാണാൻ വയ്യാത്ത ഈ പ്രഭാവം ബോധ്യപ്പെടണമെങ്കില്‍, നിശ്ചയം, നമുക്കുള്ളിൽ അതിന്റെ ഒരു ടെര്‍മിനൽ കൂടിയേ കഴിയൂ. ഈ ടെര്‍മിനലിന്റെ സാന്നിധ്യത്തെയാണ് പാരസ്പര്യംകൊണ്ട് സൂചിപ്പിക്കാൻ ശ്രമിച്ചത്. ടെര്‍മിനൽ മൂടിപ്പോയിട്ടുണ്ടെങ്കിൽ ഈ പ്രവാഹം ഒരിക്കലും പൂര്‍ത്തിയാകയില്ല; നമുക്ക് ഇതിന്റെ കുതിപ്പ് അനുഭവപ്പെടുകയുമില്ല.
ലോകമെങ്ങും വ്യാപിച്ചുകിടപ്പുള്ള ഈ അദൃശ്യബലത്തെ ദൈവാസ്തിത്വവുമായി ബന്ധിപ്പിക്കുന്നത്, റിച്ചഡ് ഡോക്കിന്‍സിന്റെ ദൈവമെന്ന മതിഭ്രമത്തെ (God Delusion) ചെറുതായൊന്ന് ചെറുക്കാനാണ്. മധ്യകാലഘട്ടത്തിലോ അതിനുമുമ്പോ മനുഷ്യകുലത്തിൽ കട്ടകുത്തിനില്‍പുള്ള ഇരുട്ടിൽ ആഴ്ന്നുകിടക്കുന്ന ഒന്നാണ് ദൈവസങ്കല്‍പമെന്ന് ഈ നാസ്തികൻ പറയുന്നു. ദൈവം മതിഭ്രമമെങ്കിൽ അതിലേക്കുള്ള വിഭിന്ന പദങ്ങളെന്നനിലയിൽ മതങ്ങളും അസാധുവെന്ന് സ്ഥാപിക്കുക എളുപ്പമാണ്.
ദൈവം ഉണ്ടെന്നതിന് എന്ത് തെളിവാണ്, ഈ പ്രപഞ്ചത്തില്‍? ഒരു ഗണിതത്തിലെ സൂത്ര വാക്യമെന്ന നിലക്കാണോ അദ്ദേഹം ദൈവത്തെ സമീപിക്കുക? ഈ പ്രപഞ്ചം മുഴുവൻ ദൈവത്തിന്റെ സൗന്ദര്യാത്മക സാത്മ്യങ്ങൾ മുള പൊട്ടിയിട്ടും ഡോക്കിന്‍സിനെപ്പോലൊരാള്‍ക്ക് അത് അനുഭവസ്ഥമാകുന്നില്ലെങ്കില്‍, അത്, നേരത്തേ പറഞ്ഞ ടെര്‍മിനലിന്റെ അഭാവം കൊണ്ടു തന്നെയായിരിക്കണം.
ദൈവാനുഭൂതി മസ്തിഷ്‌കത്തിൽ സ്പന്ദിക്കണമെങ്കില്‍, അതിനെ അധികാര സത്തയായി കാണാതിരിക്കണം. മതത്തെ സംബന്ധിച്ച് ഇതുതന്നെയാണ് നേര്. ദൈവത്തെക്കുറിച്ച് ഏറ്റവും സമീപകാലത്തു വന്ന ഈ നാസ്തിക്യത്തിന്റെ പശ്ചാത്തലത്തില്‍, മുഹമ്മദ് ശമീമിന്റെ ലോകമതങ്ങളെക്കുറിച്ചുള്ള വിചിന്തനം ഗൗരവ പൂര്‍ണമായ പരാമര്‍ശമര്‍ഹിക്കുന്നു.
ബുദ്ധന്‍, യേശു, മുഹമ്മദ് എന്ന രീതിയിൽ അതിനെ സംക്ഷേപിക്കുമ്പോള്‍, ഒരു സൗന്ദര്യാത്മക ക്രമം സിദ്ധിക്കുന്നുവെന്ന് പറയട്ടെ. ആധ്യാത്മികതയെ തോറ്റുന്ന ഹൈന്ദവതയെ, അദ്ദേഹം അതിന്റെ തനിമയില്‍, അപൗരുഷേയം എന്ന ജനുസ്സിൽ ഉള്‍പ്പെടുത്തുന്നല്ലോ. ഹിന്ദുമതത്തിൽ പ്രവാചകന്മാരില്ല. വേദങ്ങളാവട്ടെ, ഉപനിഷത്തുകളാവട്ടെ, എല്ലാം അജ്ഞാതരായ ഋഷിവര്യരാൽ രചിക്കപ്പെടുകയാണുണ്ടായത്. ശ്രുതിയിലൂടെ, സ്മൃതിയിലൂടെ അത് പരമ്പരകള്‍ താണ്ടിവരുകയായിരുന്നു, കഴിഞ്ഞ അമ്പത് നൂറ്റാണ്ടുകളിലൂടെ. ഇതിഹാസങ്ങള്‍ക്ക് മാത്രമേ, വേദവ്യാസന്റെയും വാല്മീകിയുടെയും കര്‍ത്തൃത്വം അവകാശപ്പെടാൻ ഉള്ളൂ. ഈ അഭാവത്തെ അതിന്റെ മിഴിവില്‍ തന്നെ ശമീം അവതരിപ്പിക്കുന്നു.
സരതുഷ്ട്രരുടെ മതംപോലും പഠിക്കാൻ തയാറാവുന്ന ഈ ഗവേഷകന്‍, പക്ഷേ, ഗുരു ഗ്രന്ഥസാഹബിനും നാനക്കിനും അനുവദിച്ച ഇടം എന്തേ ഇത്ര കുറഞ്ഞു എന്ന സന്ദേഹം ബാക്കിയാണ്. പാലിൽ പൂവിതൾ പോലെ ഞാൻ നിങ്ങള്‍ക്കിടയിൽ വസിച്ചുകൊള്ളാമെന്ന നാനക്കിന്റെ ഒരൊറ്റ സന്ദേശത്തിൽ ഒരുപാട് ഗുരുത്വം ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. ഇന്ത്യൻ ദേശീയതയിൽ എത്രയോ ത്യാഗനിര്‍ഭരമായ പങ്കാണ് ശിഖര്‍ക്കുള്ളതെന്നത് നാം വിസ്മരിച്ചുകൂടാ. സര്‍ദാര്‍ജിമാരെ കേന്ദ്രീകരിച്ച് പ്രചരിപ്പിക്കപ്പെടുന്ന വിലകുറഞ്ഞ തമാശകള്‍ക്കപ്പുറം ഒരു സ്വത്വം അവര്‍ക്കുണ്ട്, തീര്‍ച്ച. ഹിമാലയത്തിലെ ഹേമകുണ്ഡ് സാഹബുമായി ബന്ധപ്പെട്ട സിഖ് ധര്‍മസംഹിതയെ ഈ ആര്യാവര്‍ത്തത്തിന്റെ അനിഷേധ്യമായ ഒരു പൈതൃകമായിത്തന്നെ നാം മനസ്സിലാക്കുന്നല്ലോ. ഇതുപോലൊരു പഠനഗ്രന്ഥം സമഗ്രമാവണമെങ്കിൽ ആ സാന്നിധ്യം ഒഴിവാക്കിക്കൂടാ.
നന്മ ദൈവത്തിലേക്ക് വഴി കാണിക്കുന്നുവെന്ന സങ്കല്‍പമാണ് മതത്തിന്റെ അവലംബങ്ങളിലൊന്ന്. ഇത്തരമൊരു ദൈവം, നന്മയുടെ സാകല്യമായിരിക്കണം. ഒരുപക്ഷേ, മനുഷ്യന്റെ എത്രയോ അന്വേഷണങ്ങളുടെ പാരമ്യാവസ്ഥ, ഇനിമേൽ മൂര്‍ത്തമാവേണ്ടത്. അത്തരമൊരു വിചാരത്തിന് മനുഷ്യന്റെ ഭാഗധേയങ്ങൾ വീതിച്ചു കൊടുക്കുന്ന ഒരു അധികാരസത്തയല്ല, ദൈവം.
ഒരുപക്ഷേ, മനുഷ്യന്റെ ഉദാത്തമായ സത്യസൗന്ദര്യ സങ്കല്‍പമാവാം, ദൈവം. ധര്‍മം എന്ന് സംസ്‌കൃതത്തിലും ദീൻ എന്ന് അറബിയിലും ഉപയോഗിക്കപ്പെടുന്ന പദങ്ങള്‍, ഒരു ജീവിതശൈലി ദ്യോതിപ്പിക്കുന്നെന്ന് ശമീം എഴുതുന്നു. മതത്തിന്റെ (religion) മൂലാര്‍ഥവും ഇവിടെ വിവക്ഷിക്കപ്പെടുന്നുണ്ട്. re ligare, ഈശ്വരനും മനുഷ്യനും തമ്മിലുള്ള പാരസ്പര്യം ആദ്യം സ്വീകരിച്ച വാക്കുതന്നെ.
എല്ലാറ്റിനെയും അത് ധനാത്മക സ്വഭാവത്തിൽ ബന്ധിക്കുന്നു. പക്ഷിയെയും മൃഗത്തെയും ശിലയെയും സസ്യത്തെയും ഈ പരിണാമശൃംഖലയിലെ അഗ്രബിന്ദുവായ മനുഷ്യനോട് ബന്ധിക്കുന്നു. അങ്ങനെ അര്‍ത്ഥവത്തായ ഒരു ജൈവക്രമം രൂപപ്പെടുത്തുന്നു. മതത്തിന്റെ പാരിസ്ഥിതിക സാംഗത്യമാണ് ഇവിടെ ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചത്, re ligare എന്ന ലത്തീന്‍ വാക്കിന്റെ ധാത്വര്‍ഥം വഴി. ഒന്നും വിഭജിതമായിരിക്കയല്ല കാമ്യാവസ്ഥ; എല്ലാം സംയോജിതമായിരിക്കേണ്ടതുണ്ട്.
ഇങ്ങനെ സംയോജിതമായ പദത്തെയാണ് ഋതം എന്ന പേരുകൊണ്ട് നിര്‍ണയിക്കുക. പ്രപഞ്ചത്തിന്റെ സര്‍ഗാത്മകമായ ഗതിയെ സൂചിപ്പിക്കാന്‍ മറ്റൊരു വാക്ക്, ഇനിയൊരു ബാബേല്‍ പിളര്‍ന്നാലും കണ്ടെത്തുക പ്രയാസമാണ്. ഒരു പക്ഷേ, ഇനിയൊരു സൗരയൂഥത്തിലേക്കുപോലും അപേക്ഷിക്കാവുന്ന മഹാപഥമാവണം അത്. ആകാശത്തിന്റെയും ഋതുക്കളുടെയും പക്ഷികളുടെയും നദികളുടെയും നക്ഷത്രങ്ങളുടെയും മാര്‍ഗങ്ങൾ മനുഷ്യന് സ്വീകാര്യമെന്ന് പറഞ്ഞ ലൗ ത്‌സു ഈ ഋതത്തോട് സമീപസ്ഥനായിരുന്നെന്ന് ധരിക്കാം.
ഋതം എപ്പോഴും ഉദ്ഗ്രഥനാത്മകമാണ്, ചിട്ടക്കേടിനെക്കാള്‍, ക്രമഭംഗത്തെക്കാൾ ചിട്ടയും ക്രമവുമാണ് അതിൽ നിലീനമായിട്ടുള്ളത്. “ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടികളിലും രാപ്പകലുകൾ മാറിമാറി വരുന്നതിലും ഒരു ബുദ്ധിമാന് ഗ്രഹിക്കാൻ പല ദൃഷ്ടാന്തങ്ങളുമുണ്ട്” (ഖുര്‍ആൻ 3:190) എന്നവാക്യം ഇവിടെ അന്വയിക്കാവുന്നതാണ്. നക്ഷത്രാകീര്‍ണമായ ആകാശത്തിനു മുന്നില്‍ പരിണാമസിദ്ധാന്തത്തിന്റെ വക്താവായ ഡാര്‍വിനും apriori principle (ആദിഹേതു സിദ്ധാന്തം) ഉന്നയിച്ച കാന്റും ഒരുപോലെ വിസ്മയിച്ചുനിന്നിരുന്നല്ലോ.
പ്രപഞ്ചത്തിന്റെ ഈ താളാത്മകതയിലാണ് ജൈവമനസ്സ് ഗര്‍ഭസ്ഥമായിരിക്കുക. ഈ ലോകത്തിലെ നല്ലതോ ചീത്തയോ ആയ ഭവിഷ്യത്തുകള്‍ക്ക് ഉത്തരവാദിത്തം ചാര്‍ത്തിക്കൊടുക്കേണ്ട ഒരു സത്തയല്ല, അത്. മനുഷ്യന്റെ വര്‍ഷിച്ചു കൊണ്ടേയിരിക്കുന്ന കണ്ണീരിന് കാരണക്കാരന്‍ ഈശ്വരനാണെങ്കില്‍, അത്തരമൊരു ഈശ്വരന്‍, അകാരുണികനായവന്‍, തനിക്ക് അഭിമതനല്ലെന്നാണ് ബുദ്ധൻ പറഞ്ഞത്. നാം യോജിച്ചുപോവുന്ന ഒരു പരിതോവസ്ഥതന്നെയാണത്.
മറിച്ച്, ഓരോ കര്‍മവും അതിന്റേതായ സദ്ഫലമോ ദുഷ്ഫലമോ ഉളവാക്കുമെന്ന നിഗമനം കൈക്കൊള്ളുകയാണെങ്കിൽ ദൈവത്തെപ്പറ്റി പരുഷചിന്തകളുണ്ടാവില്ല. ഹൈന്ദവരുടെ ഈ കര്‍മസിദ്ധാന്തം ജാതി വ്യവസ്ഥ ഉറപ്പിക്കാൻ സഹായകമാവുന്നില്ലേ എന്നൊരു സംശയം ശമീം ഉയര്‍ത്തുന്നുണ്ട്. പൂന്താനത്തിന്റെ ‘ജ്ഞാനപ്പാന’യിൽ ഇതിനുള്ള സമാധാനം കണ്ടെത്താമെന്ന് ഞാൻ കരുതുന്നു. ബൃഹത്തായൊരു ജന്മചക്രമാണ് പൂന്താനം അവിടെ ചിത്രീകരിക്കുന്നത്. വൃക്ഷവും മൃഗവും നരനും നാരിയും ഷഡ്പദവും ഭാഗഭാക്കാവുന്ന ഒരു ജന്മചക്രം ഇതെങ്ങനെയാണ് ജാതിവ്യവസ്ഥക്ക് ഉപോദ്ബലകമാവുക? അല്ലെങ്കില്‍, അചേതനങ്ങളും ജാതിയുടെ വിഭാഗീയതയിൽ പെടുന്നുണ്ടാവണം!
കര്‍മസിദ്ധാന്തത്തിന്റെ സംഭവ്യതകള്‍, ഈ ലേഖകനെ സംബന്ധിച്ചെങ്കിലും പാളിപ്പോവുക, ജൂതരുടെ നിസ്സഹായമായ വിധി പരിഗണിക്കുമ്പോഴാണ്. കഴിഞ്ഞ നൂറ്റാണ്ടിൽ നടമാടിയ വംശഹത്യക്ക്, ആന്‍ഫ്രാങ്ക് ഉള്‍പ്പെട്ടുപോയ ആ നര മേധത്തിന് ഏത് രീതിയിലാണ് കര്‍മസിദ്ധാന്തം സാധൂകരണമാകുക? ചക്രവാളാന്തരങ്ങളിൽ തട്ടിവരുന്ന ഒരു നിശ്ശബ്ദത മാത്രമാണ് അത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരമെന്ന് തേങ്ങുക മാത്രം. നൈതികമായ ലയഭംഗങ്ങള്‍ക്കൊക്കെയും ഒരു മറുപടി മാത്രം. ഗാന്ധിജിയായാലും ദലൈലാമയായാലും അതിന് പരിഹാരം പോയിട്ട് ഒരു സമര്‍ത്ഥനം പോലും ഏകുക വയ്യ.
സെന്റ് അഗസ്റ്റിന്റെ ജന്മപാപസിദ്ധാന്തത്തോടൊപ്പം ഈ കര്‍മഫലസിദ്ധാന്തം പരിചരിക്കുമ്പോള്‍ ശമീം, ഒരുപക്ഷേ, അറിയാതെ രണ്ടാമത്തേതിന്റെ മികവ് ചൂണ്ടിക്കാണിക്കുന്നുണ്ട് (ദൈവരാജ്യത്തിന്റെ സുവിശേഷം). തീര്‍ച്ചയായും അതിലെ നീതിയുടെ മൂലകമാണ് വിവക്ഷിതമാവുന്നത്. ക്രൈസ്തവ സംഹിതയില്‍ മനുഷ്യജന്മം പാപമാണ്. ആര്‍ഷമതസംഹിതയില്‍, പക്ഷേ, അത് പാവനമാണ്. വിശേഷബുദ്ധിയുള്ള, വിവേചന സ്വഭാവമുള്ള മനുഷ്യനായി പിറക്കയെന്നത്. നേരത്തേ ഓര്‍മിച്ച പൂന്താനത്തിന്റെ ഈ വരികള്‍, എത്ര ജന്മങ്ങൾ മരങ്ങളായി നിന്നതും, എത്ര ജന്മങ്ങൾ ജലത്തില്‍ കഴിഞ്ഞതും… മനുഷ്യജന്മലബ്ധിയുടെ അവിചാരിതത്വത്തിന് ഒരു ചൂണ്ടു പലകയാണ്.
എല്ലാ ചരാചരങ്ങളുമായി ഒരു അഭേദത്വം തുടിക്കുന്നതു കൊണ്ടാവണം, ഇത് ഹൈന്ദവതയുടെ ഉള്‍ക്കാമ്പായി ഗ്രഹിക്കപ്പെട്ടത്. പ്രാതഃധ്യാനത്തിലെ മന്ത്രങ്ങളിലൊന്ന് ‘ലോകാഃ സമസ്താഃ സുഖിനോ ഭവന്തു’ എന്നാണ്. അതിന് അനുപദമായിട്ടുള്ളത്, സര്‍വേ ഭദ്രാണി പശ്യന്തു, മാ കശ്ചദി ദുഃഖഭാഗ്ഭവേത് എന്നതുമാണ്.

ഈ പ്രാതഃധ്യാനത്തിന് സമസ്ഥിതമായൊന്ന് നബി അനുശീലിച്ചിരുന്നെന്ന് ശമീം പറയുമ്പോൾ എനിക്ക് ആഹ്ലാദം തോന്നുന്നു. ഹിറാ ഗുഹയില്‍വെച്ച് ഏതോ ദിവ്യപ്രബോധനം നബി കൈക്കൊള്ളാനിടയായി എന്നതുവരെ മാത്രം വായിച്ച ഒരു അന്വേഷിക്ക് അത് അങ്ങനെയേ വരൂ. ആകാശ ഭൂമികളുടെ ഘടനയിലും രാപ്പകലുകളുടെ നിരന്തര പരിക്രമണത്തിലും ചിന്തിക്കുന്നവര്‍ക്ക് പാഠങ്ങളുണ്ട് (ഇത് ഞാന്‍, അല്‍പം മുമ്പ് ഉദ്ധരിച്ചതാണല്ലോ, ദൈവമേ) എന്നു തുടങ്ങുന്ന ഖുര്‍ആൻ ഭാഗം പാരായണം ചെയ്ത് ചക്രവാളത്തിലേക്ക് ദൃഷ്ടി പായിച്ച് വളരെനേരം ധ്യാനത്തിൽ മുഴുകുകയെന്നത് നബിയുടെ പതിവായിരുന്നു. അതിനുശേഷമാണ് ‘സ്വലാത്തി’ലേക്ക് അദ്ദേഹം കടക്കുക. ദൈവാനുഭൂതിക്ക് മാര്‍ഗദര്‍ശകമായ ഈ സ്വയംമറക്കലിൽ ഒരു തരത്തിലുള്ള ആധിപത്യത്തിനും പങ്കില്ലെന്ന് ശ്രദ്ധിക്കുക.
ഈ ഭൗതിക പ്രപഞ്ചം അതിന്റേതായ നിയമങ്ങളില്‍ നില നില്‍ക്കുന്നെന്ന് കണ്ടെത്തിയതിനാലാണ് ന്യൂക്ലിയർ ശാസ്ത്രജ്ഞര്‍, ആ നിയമങ്ങളെങ്ങനെയെന്ന് ആരായാൻ മുതിര്‍ന്നത്. അത് നിശ്ചയം, ക്രമത്തിന്റെ (order) സത്തയായിരിക്കണമെന്ന അഭിമതത്തിൽ അവർ ചെന്നെത്തിയതും ഇതേത്തുടര്‍ന്നാണ്. അഥവാ, ഈ പ്രപഞ്ചം ചിലേടങ്ങളിൽ ക്രമഭംഗം (chaos) പ്രതിഫലിപ്പിക്കുന്നെങ്കില്‍പോലും അതിന് ഒരു ക്രമമുളവാകും!
നിയമങ്ങള്‍ പ്രപഞ്ചോല്‍പത്തിക്ക് കാരണമാവില്ലെന്നുകൂടി നാം ഗ്രഹിക്കുക. കാരണം, ഉല്‍പത്തിക്കു ശേഷമാണല്ലോ നാം നിയമങ്ങളെക്കുറിച്ച് അറിയുക. ഈ ലോകം പഞ്ചഭൂതാത്മകം മാത്രമല്ലെന്ന് സിദ്ധിക്കുന്നതും ഇതേ ചിന്താഗതിയില്‍ ആവണം. പദാര്‍ത്ഥാതീതമായ ഒന്ന്, ചൈതന്യം, ഊര്‍ജനടനം, ജൈവ മനസ്സ് വിവിധ അഭിധകളാല്‍ വിവക്ഷിതമാവുന്നത് മനുഷ്യന്റെ ഭ്രമചിത്തതയായി മുന്‍ചൊന്ന ശാസ്ത്രജ്ഞര്‍ക്ക് (വെര്‍ണര്‍ ഹിഡന്‍ബര്‍ഗ് തൊട്ട് ഫ്രിജോഫ് കാപ്ര വരെയുള്ള ഭൗതിക ശാസ്ത്രജ്ഞര്‍ക്ക്) തോന്നിയില്ല.
റിച്ചഡ് ഡോക്കിന്‍സിനെ പോലുള്ളവര്‍ സ്വന്തം നിസ്സഹായതയില്‍ വെളിപ്പെടുന്നത് അത്തരം വേളകളിലാണ്. ഇവ്വിധമൊരു സത്തയെ ബുദ്ധന്‍ അംഗീകരിച്ചിരുന്നു എന്ന് ശമീം ചൂണ്ടിക്കാണിക്കുന്നുണ്ട്. സ്വതവെ, ആത്മാവിനെ, ഈശ്വരനെ സംബന്ധിച്ച തര്‍ക്കങ്ങളില്‍ ബുദ്ധന്‍ തല്‍പരനായിരുന്നില്ലെങ്കിലും അപൂര്‍ണമായ മനുഷ്യബുദ്ധിയുടെ അപ്പുറമാണ് ഈ യാഥാര്‍ത്ഥ്യം എന്ന് അദ്ദേഹം ക്ലിപ്തമായി പറയുന്നുണ്ട്. തഥാഗതര്‍ക്ക്, അവിടംവരെ എത്തിയവര്‍ക്ക് പോലും അതിന്റെ മാത്രകളേ ‘മുദ്രിത’മാവുകയുള്ളൂ.
ഈ യാഥാര്‍ത്ഥ്യത്തെ ബുദ്ധൻ profound silence എന്ന നിലയിലാണ് നിര്‍വചിക്കാV ഉദ്യുക്തനായത്. അതിരില്ലാത്ത ഒരു പ്രകാശവലയമായി പ്രതിഭാസങ്ങള്‍ക്കപ്പുറം ഒരു പ്രതിഭാസികതയായി അദ്ദേഹം ഇതിനെ വന്ദിച്ച് പിന്മാറുകയാണ്, പ്രജ്ഞയില്‍നിന്ന് കരുണയിലേക്ക്. ആത്മാവായിരിക്കട്ടെ നിങ്ങളുടെ വെളിച്ചവും രക്ഷാസ്ഥാനവും എന്നത് ബുദ്ധന്റെ അവസാന സന്ദേശങ്ങളിൽ ഒന്നാണ്. ബുദ്ധന്റെ അനാത്മവാദത്തെ തികഞ്ഞ സമവായമായി കാണാന്‍, ശമീം ഇവിടെ മുതിരുന്നത് ശ്ലാഘനീയമാണ്. ബുദ്ധ മതത്തിലെ അഷ്ടമാര്‍ഗങ്ങള്‍, ഈ ആധുനിക കാലഘട്ടത്തിൽ ഏറ്റവും അഭിലഷണീയമായ സമ്പദ്ശാസ്ത്രത്തിന് വാഴികാട്ടിയാണെന്ന് പറഞ്ഞത് ഷുമാഗ്‌റാണ്. ഇത് സമ്മതിക്കുമ്പോള്‍തന്നെ പാരിസ്ഥിതിക മതമെന്ന നിലയില്‍ ബുദ്ധദര്‍ശനങ്ങള്‍ക്ക് ഹൈന്ദവദര്‍ശനങ്ങളോളം സമഗ്രതയില്ലെന്ന് സൂചിപ്പിക്കട്ടെ. ലോകചരിത്രത്തില്‍ സിദ്ധാര്‍ഥ രാജകുമാരന്റേതിന് സമശീര്‍ഷമായ ഒരു പരിത്യാഗം നടന്നിട്ടില്ലെന്ന് തിരിച്ചറിയുന്ന ഒരു ചേതനയുടെ തികച്ചും അകന്മഷമായ സൂചനയായി നിങ്ങള്‍ ഇതിനെ കാണുക.
പാരിസ്ഥിതികാവബോധം പ്രതിഫലിക്കുന്ന ഖുര്‍ആനിലെ ചില ഭാഗങ്ങള്‍ ശമീം നമ്മുടെ ശ്രദ്ധയില്‍ കൊണ്ടു വരുന്നുണ്ട്. ഭൂമിയുടെ വിശാലതയില്‍, നങ്കൂരമുറപ്പിക്കപ്പെട്ടിരിക്കുന്ന പര്‍വതങ്ങളില്‍, വിളവുകളില്‍, ഇണകളായി സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ഫലങ്ങളില്‍, വൈവിധ്യത്തില്‍, എല്ലാ ജീവജാലങ്ങള്‍ക്കുമുള്ള ജീവനോപാധികളില്‍, സകലത്തിലും ചിന്തിക്കുന്ന മനുഷ്യന് പാഠങ്ങളുണ്ട് (അര്‍റഅദ്, അര്‍ഹിജ്ര്‍).
പൂക്കളിലും തേനിലും ഈ പ്രപഞ്ചത്തിന്റെ സൃഷ്ടി രഹസ്യമുണ്ടെന്നത് കവിതയല്ല. ചിറ്റോളങ്ങളിൽ പോലും ചലന ശാസ്ത്രത്തിന്റെ (dynamics) പ്രാഥമികതത്വങ്ങൾ ദര്‍ശിക്കാമെന്ന് പറഞ്ഞ എമേഴ്‌സണെ നിനവിൽ കൊണ്ടു വരുന്ന ഈ താരള്യങ്ങള്‍, ഗോത്രകലാപങ്ങൾ നിറംകെടുത്തിക്കളഞ്ഞ ഇസ്‌ലാമിനെ മറ്റൊരു വീക്ഷണത്തിൽ സമീപിക്കാൻ സഹായകമാണ്. പ്രത്യേകിച്ച്, ഈ ഭൂമിയിലെ ഇതര ജീവികൾ ഏവയും മനുഷ്യനുവേണ്ടി സൃഷ്ടിക്കപ്പെട്ടവ ആണെന്ന ക്രിസ്ത്യൻ ദര്‍ശനം ഓര്‍ക്കുമ്പോള്‍. ദൈവം മനുഷ്യനെ സ്വന്തം പ്രതിരൂപത്തിൽ സൃഷ്ടിക്കയുണ്ടായി എന്ന വചനംപോലും പാരിസ്ഥിതിക വിവേകത്തിന് നിരക്കുന്ന ഒന്നല്ല. കാരണം, ജീവികൾ ഓരോന്നും, ചേതനയുടെ അഭാവമുണ്ടെങ്കിൽ പോലും ജീവന്റെ തുടിപ്പ് പേറുന്നവയാണ്.
ലൗ ത്‌സുവിന്റെ കാഴ്ചപ്പാടിൽ താവോ, ഭൂമിയും സ്വര്‍ഗവും ആവിര്‍ഭവിക്കുന്നതിന് മുമ്പേ ഉള്ളതാണ്. അതിന് ആദിയും അന്തവുമില്ല; കാരണം, അതാണ് ആദിയും അന്തവും. ഈശാവാസ്യോപനിഷത്തില്‍ ഇതിന് സദൃശമായൊരു മന്ത്രം ശമീം വായിക്കുന്നുണ്ട്. ‘തദൈജതി തന്നൈജതി, തദ്ദൂരേ തദ്വന്തികേ..’ (അത് ദൂരത്താണ്, അടുത്തുമാണ്; അത് ചലിക്കുന്നില്ല, എന്നാല്‍, അത് ചലിക്കുന്നുണ്ട്). ഖുര്‍ആൻ അല്ലാഹുവിനെയും ഇതേ വിഭൂഷകളില്‍ സ്‌തോത്രം ചെയ്യുന്നു. അവൻ ആദിയാണ്, അന്തമാണ്; അകമാണ്, പുറമാണ്.
സരതുഷ്ട്ര, അഹുര മസ്ദിനെ ആകാശ ഭൂമികളുടെ ഭാസായി മനസ്സിലാക്കുന്നു. മനുഷ്യൻ സ്വീകരിക്കേണ്ടത് പ്രകൃതിയുടെ മതമാണെന്ന ഇസ്‌ലാമിന്റെ ആഹ്വാനം മറ്റൊരു പ്രോജ്വലമായ പ്രതീകം നമുക്ക് തരുന്നുണ്ട്.
തുലാസ്. സ്പഷ്ടമായും നീതിയുമായി പ്രകൃതിയിൽ ഗര്‍ഭസ്ഥയായ നീതിശാസനയുമായി പിണഞ്ഞുകിടക്കുന്നു ഇത്. സൂര്യചന്ദ്രന്മാർ (അവയുടെ പഥത്തില്‍) വിധിയാംവണ്ണം ചരിക്കുന്നു. താരകവും വൃക്ഷവും പ്രണാമമര്‍പ്പിക്കുന്നു. അല്ലാഹു ആകാശത്തെ ഉയര്‍ത്തി തുലാസ് സ്ഥാപിക്കുന്നു (അര്‍റഹ്മാന്‍ 5.79)
ഈ തുലാസ് നീതിയാണ്. നീതി പ്രകൃതിയുടെ ഏറ്റവും ആഴത്തിൽ നിക്ഷിപ്തമാണെന്നും അതിന് ഏല്‍ക്കുന്ന ചെറിയൊരു പോറൽ പോലും പ്രകൃതി സഹിക്കയില്ലെന്നും അര്‍ത്ഥം വരുന്ന വരികൾ എമേഴ്‌സൺ എഴുതിയിട്ടുണ്ട്. പ്രകൃതിയുടെ നീതി, വ്യക്തമായും സന്തുലനത്തിന്റെ, സഹജീവനത്തിന്റെ, സമകാംക്ഷയുടെ വ്യവസ്ഥ ആണ്. അത് തിരിച്ചറിയുന്ന ഒരാൾ ഏത് മതവിശ്വാസിയായാലും സാഹോദര്യം പുലര്‍ത്താനേ തുനിയൂ.
ഏത് തീക്ഷ്ണമായ പരീക്ഷണ ഘട്ടത്തിലും. മുഹമ്മദ് ശമീമിന്റെ ഈ അന്വേഷണം അഭിലഷിക്കുന്നത് അത്തരമൊരു സഹവര്‍ത്തിത്വത്തിന്റെ സാധ്യതകളാണ്.
അത്തരമൊരു ആദര്‍ശം, ‘അര്‍ദുഹസ്സ മാവാതു വല്‍ അര്‍ദ്’ആകാശഭൂമികളെക്കാള്‍ വിശാലമാണ്.
