ഷെറിയുടെ ‘കഖഗഘങചഛജഝഞടഠഡഢണ…..’ എന്ന സിനിമയുടെ ആസ്വാദനം.
ബന്ധങ്ങൾ എന്നത് ഒരു യുക്തിപദ്ധതിയാണ്. അതുപോലൊരു പദ്ധതിയാണ് ഭാഷയും. അന്തിമമായി ഒരക്ഷരം എന്നത് ഒരു ശബ്ദം മാത്രമാണ്. അക്ഷരങ്ങളെ കോർത്താണ് നാം വാക്കുകളുണ്ടാക്കുന്നത്. അതാകട്ടെ, ശബ്ദങ്ങളുടെ ഒരു സംയോജനം, ഒരു മിശ്രണം മാത്രമാണ്. ഈ സംയോജനം ഒരു ശബ്ദബിംബമായാണ് (auditory image) കർണപുടത്തില് പതിയുന്നത്. പരിചിതമായ ഒരു ദൃശ്യബിംബത്തോട് (visual image) അതിനെ ചേര്‍ത്തുവെക്കുന്നത് ഭാഷ എന്ന യുക്തിപദ്ധതിയുടെ ഒരു തീർപ്പ് മാത്രമാണ്.
ദൃശ്യവും ശബ്ദവുമായ ഈ ബിംബങ്ങൾ എല്ലാവരുടെയും ഉള്ളിൽ ഉണർത്തുന്നത് ഒരേ പ്രതികരണമാണ് എന്ന് പോലും ഉറപ്പിക്കാൻ പറ്റില്ല. ചുവപ്പ് എന്ന് കേൾക്കുമ്പോൾ എല്ലാവരുടെയും മനസ്സിലുണരുന്ന ചുവപ്പ് ഒന്ന് തന്നെയാണോ?