“നോവല്‍, നാടകം, സിനിമ, ചിത്രകല, സംഗീതം, തത്വചിന്ത, മനശ്ശാസ്ത്രം, വ്യത്യസ്ത മതചിന്തകള്‍, യുക്തിവാദം തുടങ്ങിയ വൈവിധ്യമാര്‍ന്ന ജ്ഞാന-അനുഭൂതിലോകത്തിലൂടെയുള്ള ഒരു പ്രതിഭാശാലിയുടെ നിരന്തരയാത്രയുടെ സാന്നിധ്യം; യോജിപ്പിനും വിയോജിപ്പിനുമപ്പുറം, മികച്ചൊരു വായനാനുഭവമായിത്തീരുന്നു എന്നതാണ്, മൂല്യകേന്ദ്രിതമായൊരു മുന്നണിക്കുവേണ്ടിയുള്ളൊരു സാംസ്കാരികശ്രമമായി വളരുന്നു എന്നുള്ളതാണ്, ശമീമിന്റെ, മത-സാംസ്കാരിക വിമര്‍ശനകൃതിയെ വേറിട്ടതാക്കുന്നത്.”
“തൊട്ടാൽ കൈപൊള്ളുന്ന, സാമ്പ്രദായിക മതവിശ്വാസത്തെ മുറിപ്പെടുത്തുന്ന, മനുഷ്യമഹത്വത്തിൽ അചഞ്ചലമായി ദൃഢപ്പെടുന്ന, കലയുടെയും അതുവഴി സ്വാതന്ത്ര്യത്തിന്റെയും കവാടം തുറന്നുവെക്കുന്ന, സ്വന്തം ബോധ്യങ്ങളിൽ ഒത്തുതീര്‍പ്പുകളില്ലാതെ തന്നെ, സര്വ്വബോധ്യങ്ങളുടെയും സ്വാതന്ത്ര്യം അംഗീകരിക്കുന്ന ഒരു എഴുത്തു രീതി; അസഹിഷ്ണുതയുടെയും, ആക്രോശങ്ങളുടെയും പരപുഛത്തിന്റെയും കാലത്ത് ഒരെഴുത്തുകാരന് കാത്തുസക്ഷിക്കാൻ കഴിയുകയെന്നുള്ളത്, അഭിനന്ദനാര്‍ഹമായൊരു കാര്യമാണ്.”