മിയാമിയിലെ ഒരു രാത്രി -അമേരിക്കന്‍ ചരിത്രത്തെയും പൗരാവകാശങ്ങളെയും കുറിച്ച സത്യവാങ്മൂലങ്ങള്‍

മുഹമ്മദ് ശമീം

നാടകരചയിതാവും തിരക്കഥാകൃത്തുമായ കെംപ് പവേഴ്‌സ്, മൈക് മാർക്യുസീയുടെ ഒരു പുസ്തകം വായിച്ചതിനെപ്പറ്റി പറയുന്നുണ്ട്. Redemption Song: Muhammad Ali and the Spirit of the Sixtees എന്ന പുസ്തകമായിരുന്നു അത്. (അവലംബം: David Smith, The Humanity of Black Characters in Often Forgotten: Behind Oscar-Tipped One Night in Miami, The Guardian 13/01/2021)

ഡെറാസിനേറ്റഡ് ന്യൂ യോർക് മാര്‍ക്‌സിസ്റ്റ് യൂദൻ എന്ന് സ്വയം വിശേഷിപ്പിക്കാറുള്ള, അമേരിക്കക്കാരനായ മാർക്യുസീ, സ്റ്റോപ് ദ് വാർ കോലിഷന്റെ എക്‌സിക്യൂട്ടീവ് അംഗവും ലേബർ ലെഫ്റ്റ് ബ്രീഫിങ്ങിന്റെ എഡിറ്ററുമായിരുന്നു. വാർ ഓൺ ടെററിന്റെ പശ്ചാത്തലത്തിൽ, ബോക്‌സിങ് താരം മുഹമ്മദ് അലിയുടെ പൈതൃകത്തെ അദ്ദേഹത്തിന്റെ കലാപത്തിന്റെ കാഴ്ചപ്പാടിൽ കാണാനുള്ള ശ്രമമായിരുന്നു റിഡംപ്ഷൻ സോങ്. മാര്‍ക്യുസി അലിയെ വരക്കുന്നത് ഒരു കായികതാരം, ഒരു ബോക്‌സർ എന്ന നിലക്ക് മാത്രമല്ല. പ്രക്ഷുബ്ധമായ പരിവർത്തനങ്ങളുടെ ഒരു ദശാബ്ദത്തിലെ ഒരു റിമാർകബ്ൾ പൊളിറ്റിക്കൽ ഫിഗർ എന്ന, അലിയുടെ അസ്തിത്വത്തെ അദ്ദേഹം കൂടുതലായി പരിശോധിക്കുന്നു. അറുപതുകളിലെ അലിയുടെ രാഷ്ട്രീയ ചിന്തയുടെ വികാസത്തെ അടയാളപ്പെടുത്തുന്നു.

മാർട്ടിൻ ലൂതർ കിങ്, മാൽകം എക്‌സ് തുടങ്ങിയ യുഗപ്രഭാവർക്കൊപ്പം, അവരുടെ തോളോട് ചേർത്താണ് മാർക്യുസി അലിയെ നിർത്തുന്നത്. കറുത്തവരുടെ വിമോചന പോരാട്ട നായകനും യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങളുടെ ഐക്കണും അപൊസ്‌തോലനുമായ അലി പ്രതീക്ഷയുടെ ദീപസ്തംഭം എന്ന് വിശേഷിപ്പിക്കപ്പെടുന്നു.

Kemp Powers

പുസ്തകം വായിച്ച പവേഴ്‌സ് മോസ്റ്റ് ഐക്കൊണിക് ബ്ലാക് മെൻ ആയി താൻ കരുതുന്ന നാല് പേരുടെ ചരിത്രത്തിന് പിന്നാലെ അലയാൻ തുടങ്ങി. ദീർഘമായ ഒരു പര്യവേഷണം. ചിന്തകനും ആക്ടിവിസ്റ്റും പൗരാവകാശ പ്രസ്ഥാനത്തിന്റെ അടയാളവുമായിരുന്ന മാൽകം എക്‌സ് ആയിരുന്നു നാലിലൊരാൾ. മറ്റ് മൂന്നു പേരും കലാ കായിക രംഗങ്ങളിൽ വിഖ്യാതരാണ്. ബോക്‌സിങ് ചാംപ്യൻ മുഹമ്മദ് അലി, സംഗീതജ്ഞനും ഗാനരചയിതാവും സോൾ മ്യൂസിക് എന്ന മ്യൂസിക് ജോനറിന്റെ പയനിയർമാരിലൊരാളുമായ സാം കുക്ക്, ഫുട്‌ബോൾ കളിക്കാരനും ചലച്ചിത്രതാരവുമായ ജിം ബ്രൗൺ എന്നിവരായിരുന്നു അവർ.

ഒരു പത്രപ്രവര്‍ത്തകൻ ആയിരുന്നു കെംപ് പവേഴ്‌സ് അന്നേരം. ഒരു പത്രപ്രവര്‍ത്തകന്റെ അന്വേഷണത്വര കൂടുതലും വസ്തുനിഷ്ഠതയിൽ ഊന്നുന്നതായിരിക്കും. ഈ നാലിൽ രണ്ടുപേർ അന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നു. മുഹമ്മദ് അലിയും ജിം ബ്രൗണും. (2016ൽ അലി അന്തരിച്ചു). ഇവർ രണ്ടുപേരുമായി ബന്ധപ്പെടാനുള്ള തന്റെ അക്കാലത്തെ ശ്രമങ്ങൾ വിജയിച്ചില്ല എന്ന് പവേഴ്‌സ് പറയുന്നു.

1996ലെ അറ്റ്‌ലാന്റ ഒളിംപിക്‌സിന്റെ ദീപശിഖ തെളിയിച്ചത് അലിയായിരുന്നു. അക്കാലത്ത് ലോകത്തിലെ ഏറ്റവും ജനപ്രീതി നേടിയ അത്‌ലറ്റ്. എന്നാൽ അന്ന് അദ്ദേഹത്തെ വാഴ്ത്തിയ ആളുകൾ തന്നെ അറുപതുകളിൽ പുച്ഛിച്ചു തള്ളിയിരുന്നു. ഈ മാറ്റം രസാവഹമാണ് എന്നതോടൊപ്പം അപ്പോഴും അലിയുടെ രാഷ്ട്രീയം അവർ മറക്കുന്നതും പവേഴ്‌സിന് ഒരു വിഷയമായിത്തോന്നി. ഹെവിവെയ്റ്റ് ബോക്‌സിങ്ങിൽ ചാംപ്യൻ പട്ടം കിട്ടിയ അന്നേ ദിവസം തന്നെ, അല്ലാഹുവിന് മാത്രം കീഴ്‌പ്പെടുക എന്ന് ആഹ്വാനം ചെയ്യുന്ന ഒരു ബ്ലാക് അമേരിക്കൻ മൂവ്‌മെന്റില്‍ ചേർന്നതായി പ്രഖ്യാപിച്ചതിലെ രാഷ്ട്രീയവും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ബോക്‌സിങ്ങിലേക്ക് ചേർത്ത് എ ഗ്രേറ്റ് അമേരിക്കൻ എന്ന രീതിയിൽ സെലിബ്രേറ്റ് ചെയ്യപ്പെടുന്നതിനപ്പുറം മഹാനായ ബോക്‌സറെ അദ്ദേഹത്തിന്റെ യഥാർത്ഥ രാഷ്ട്രീയ പശ്ചാത്തലത്തിലേക്ക് ചേര്‍ത്തു നിർത്താനാണ് മാർക്യുസീ ശ്രമിച്ചത്.

കെംപ് പവേഴ്‌സ് തന്റെ മേഖല പിന്നീട് സർഗാത്മക രചനകളിലേക്ക് മാറ്റി. അപ്പോഴാണ് അദ്ദേഹത്തിന് തന്റെ പര്യവേഷണങ്ങൾക്ക് കൂടുതൽ വെളിച്ചവും തെളിച്ചവും ലഭിച്ചത്.

മാല്‍കം എക്‌സിന്റെ തത്വചിന്തകളെ അദ്ദേഹം വിശേഷിപ്പിച്ചത് അവിശ്വസനീയമാം വിധം ശക്തവും മറ്റുള്ളവരിലേക്ക് തറച്ചു കയറുന്നതും എന്നാണ്. ആളുകൾ സംസാരിക്കാൻ വിമുഖത കാണിക്കുകയോ ഭയക്കുകയോ ചെയ്യുന്ന കാര്യങ്ങളെപ്പറ്റി ശബ്ദമുയർത്തി സംസാരിക്കുകയും അതിൽ അഗ്രസീവ് ആകുകയും ചെയ്യുന്ന ആളായിരുന്നു മുഹമ്മദ് അലി. തന്റെ വിശ്വാസങ്ങൾക്കും നിലപാടുകൾക്കും വേണ്ടി സ്വന്തം കരിയർ തന്നെ ബലി കഴിക്കാൻ അദ്ദേഹം തയ്യാറായി.

സാം കുക്ക് കൊല്ലപ്പെടുമ്പോൾ അദ്ദേഹത്തിന്റെ കാറിൽ എലിജാ മുഹമ്മദിന്റെ പുസ്തകമുണ്ടായിരുന്നു. മാൽകമുമായി അതിശക്തമായി വിയോജിക്കുമ്പോഴും ഈ പോപ് ഗായകൻ അദ്ദേഹത്താൽ എത്രത്തോളം സ്വാധീനിക്കപ്പെട്ടുവെന്നതും പവേഴ്‌സ് ചൂണ്ടിക്കാണിക്കുന്നുണ്ട്.

അങ്ങനെയാണ് One Night in Miami എന്ന നാടകം പിറക്കുന്നത്. നിരവധി അംഗീകാരങ്ങൾ നേടിയ ഈ നാടകമാണ് അമേരിക്കന്‍ നടിയും സംവിധായികയുമായ റെജീന കിങ് അഭ്രപാളികളിലേക്ക് പകർത്തിയത്. ഏറെ ടി.വി സീരിയലുകൾ നിർമിച്ച റെജീന കിങ്ങിന്റെ ഡെബ്യൂ ഫീച്ചർ ഫിലിമായിരുന്നു വൺ നൈറ്റ് ഇൻ മിയാമി. നാല് ആണുങ്ങളെപ്പറ്റി ഒരു ആണ് തന്നെ എഴുതിയ നാടകം, അയാൾ തന്നെ തിരക്കഥയാക്കിയത് ഒരു പെണ്ണ് സെല്ലുലോയ്ഡിലേക്ക് ആവാഹിക്കുന്നു എന്ന സവിശേഷതയുമുണ്ട് ഈ സിനിമക്ക്.

Regina King

ജോർജ് ഫ്‌ലോയിഡിന്റെ രക്തസാക്ഷിത്വവും BLM (Black Lives Matter} പ്രക്ഷോഭങ്ങളും സൃഷ്ടിച്ച രാഷ്ട്രീയ പ്രക്ഷുബ്ധതയിലേക്കാണ് കിങ്ങിന്റെ സിനിമ പിറന്നു വീഴുന്നത്. Being black in America requires emotional aerobics എന്ന് പറയുന്നുണ്ട് റെജീന കിങ്. അമേരിക്കയിൽ കറുത്തയാളായി ജീവിക്കുക എന്നാല്‍ വൈകാരികമായ അത്യധ്വാനവും കഠിന വ്യായാമവും അനിവാര്യമാണ്.

ഒരു ചരിത്രസംഗമം, വിജയാഘോഷത്തിന്റെ വേറിട്ടൊരു രീതിയും
പ്രസ്താവ്യരായ നാല് ഐക്കൊണിക് ബ്ലാക് മെൻ, മിയാമിയിലെ ബ്രൗൺസ്‌വില്ലെ നെയ്ബർഹുഡ്ഡിലെ ഹാംപ്റ്റൺ ഹൗസ് എന്ന മോട്ടലിൽ ഒത്തുചേരുന്നതാണ് നാടകത്തിന്റെയും സിനിമയുടെയും കേന്ദ്രപ്രമേയം. 1964 ഫെബ്രുവരി 25നായിരുന്നു ആ സംഭവം. സോണി ലിസ്റ്റനെ മലർത്തിയടിച്ച് ലോക ഹെവിവെയ്റ്റ് ചാംപ്യൻഷിപ് സ്വന്തമാക്കിയ അലിയുടെ (അന്ന് കാഷ്യസ് ക്ലേ) പേരിലുള്ള ആഘോഷം. മാൽകം എക്‌സിന്റെ മുറിയിലേക്ക് മറ്റ് മൂന്നുപേരെയും അദ്ദേഹം തന്നെ ക്ഷണിച്ചു. കറുത്ത സെലിബ്രിറ്റികൾ ഇടക്കൊക്കെ താമസിച്ചിരുന്ന മോട്ടലായിരുന്നു ഹാംപ്റ്റൺ ഹൗസ്.

വിജയാഘോഷത്തിന്റെ ഈ രീതി തന്നെ സവിശേഷമാണ്. മദ്യവും മദിരയുമൊക്കെയായി നടക്കാറുള്ള ഒരു ‘യാഥാസ്ഥിതിക’ വിജയാഘോഷം തന്നെയായിരുന്നു ഒരുവേള സാം കുക്കും ജിം ബ്രൗണും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ മാല്‍കമും ക്ലേയും അത് വർണവിവേചനത്തിനും വംശീയതക്കുമെതിരായ ഗൗരവതരമായ ചർച്ചകളിലേക്ക് കൊണ്ടു പോകുകയാണ്. വെള്ളവംശീയവെറിക്കെതിരായ പോരാട്ടത്തിൽ കലാ, കായിക രംഗങ്ങളിലെ അതികായർ എന്ന നിലക്ക് കുക്കിന്റെയും ബ്രൗണിന്റെയും പങ്കാളിത്തം ആഗ്രഹിച്ചിരുന്നു മാൽകം. ക്ലേയാണെങ്കില്‍ തന്റെ പേരിന്റെയും വിശ്വാസത്തിന്റെയും മാറ്റം പ്രഖ്യാപിച്ചു കൊണ്ട് പൗരാവകാശ പ്രസ്ഥാനത്തിൽ പ്രതീക്ഷയടെ ഒരു തിരി കൊളുത്താൻ പദ്ധതിയിട്ടിരിക്കുകയാണ്.

ഈ സംഗമം ഒരു ചരിത്രമാണ്, യഥാർത്ഥ സംഭവമാണ്. എന്നാൽ ഇതിലേക്ക് തീര്‍ത്തും ഭാവനാസൃഷ്ടമായ സംഭാഷണങ്ങൾ കൊണ്ടുവരികയാണ് കെംപ് പവേഴ്‌സ് ചെയ്തത്. ഇവര്‍ നാല് പേർക്ക് പുറമെ ഏതാണ്ട് തുല്യ പ്രാധാന്യത്തോടെ മാൽകമിന്റെ ഭാര്യ ബെറ്റി മാൽകമും കടന്നുവരുന്നുണ്ട് സിനിമയിൽ.

ഇവരുടെ സംഗമം കഴിഞ്ഞ് അധികം താമസിയാതെ മാൽകം എക്‌സ്, നാഷൻ ഒഫ് ഇസ്ലാമുമായുള്ള ബന്ധം വിഛേദിച്ചു. എന്നാൽ, കാഷ്യസ് ക്ലേ, കാഷ്യസ് എക്‌സാവുകയും പിന്നീട് മുഹമ്മദ് അലിയായി നാഷൻ ഒഫ് ഇസ്ലാമിൽ ചേരുകയും ചെയ്തു. തന്റെ ആത്മകഥയുടെ രചനയുമായി ബന്ധപ്പെട്ട് അലക്‌സ് ഹാലിയുമായുള്ള മാൽകമിന്റെ സംഭാഷണം ഏതാണ്ട് പൂർത്തിയായി. പിന്നെ ഒരു വര്‍ഷത്തിനുള്ളിൽ സാം കുക്കും മാൽകം എക്‌സും കൊല്ലപ്പെട്ടു. തൊട്ടടുത്ത കൊല്ലം ജിം ബ്രൗൺ എന്‍.എഫ്.എല്ലിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപിച്ചു.

കറുത്ത ജീവിതത്തിന്റെ യാഥാര്‍ത്ഥ്യം
അമേരിക്കൻ രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിൽ വലിയ ഇളക്കങ്ങൾ സൃഷ്ടിച്ച സംഭവങ്ങളായിരുന്നു ഇവയെല്ലാം.

കൂടിക്കാഴ്ചക്ക് മുമ്പായി ഇവർക്ക് നേരിടേണ്ടി വന്നിട്ടുള്ള ചില അനുഭവങ്ങൾ ചിത്രീകരിക്കുന്നുണ്ട് കിങ്. ആധുനികതയുടെയും പുരോഗമനത്തിന്റെയും ജനാധിപത്യത്തിന്റെയുമൊക്കെ ഉടമസ്ഥത അവകാശപ്പെടുന്ന അമേരിക്ക യഥാര്‍ത്ഥത്തിൽ എത്രത്തോളം താഴെയാണ് നിൽക്കുന്നത് എന്നതിനുള്ള സാക്ഷ്യങ്ങളായിരുന്നു അവ.

ചലച്ചിത്രകാരി തന്നെ പറഞ്ഞതു പോലെ, അമേരിക്കയിൽ കറുത്തയാളായി ജീവിക്കുക എന്നാൽ വൈകാരികമായ അത്യധ്വാനവും കഠിന വ്യായാമവും അനിവാര്യമാണ്.

1963ല്‍ ലണ്ടനിലെ വംബ്ലി സ്റ്റേഡിയത്തിൽ ഹെന്റി കൂപ്പറിനോട് പരാജയപ്പെടുകയാണ് കാഷ്യസ് ക്ലേ. അപ്പോഴും പിന്നെ പലപ്പോഴും പല രീതിയിലുള്ള അപമാനനങ്ങൾക്ക് വിധേയനായിട്ടുണ്ട് ക്ലേ. പരാജയങ്ങളിൽ കറുത്തവൻ എന്ന നിലക്ക് പരിഹസിക്കപ്പെടുകയും വിജയിക്കുമ്പോൾ കറുത്തവൻ എന്ന നിലക്ക് തന്നെ അവഗണിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ. (പിന്നീട് അവഗണിക്കാനാവാത്ത വിധം ഉയരങ്ങൾ താണ്ടിയതോടെ അദ്ദേഹം പരിഗണിക്കപ്പെടുന്നത് അമേരിക്കൻ എന്ന നിലക്കും).

പൊതുബോധത്തിന്റെ ഈ നിന്ദ്യതയെ മറികടന്നുകൊണ്ടാണ് കാഷ്യസ് ക്ലേ ഉയർന്നു വന്നത്. കറുത്ത ഓരോ അമേരിക്കക്കാരന്റെയും ചരിത്രം അതു തന്നെയാണ്. വൈകാരികമായ അത്യധ്വാനവും കഠിനമായ വ്യായാമവുമാവശ്യമാണ് തന്നെത്തന്നെ പ്രകാശിപ്പിക്കണമെങ്കിൽ.

കോപകബാനയില്‍ പരിപാടി അവതരിപ്പിച്ച സാം കുക്കിന്റെ അനുഭവവും മറ്റൊന്നായിരുന്നില്ല. വെളുത്ത അനുവാചക സദസ്സിന്റെ ശ്രദ്ധ അദ്ദേഹത്തിനൊട്ടും ലഭിച്ചില്ല.

കുടുംബസുഹൃത്ത് കൂടിയായ കാൾട്ടൻ എന്ന വെളുത്ത മനുഷ്യന്റെ വീട്ടില്‍ നിന്ന് ജിം ബ്രൗണിനുണ്ടായ അനുഭവം കുറേക്കൂടി വലുതാണ്. ബ്രൗണിനെ കാൾട്ടൻ ഹൃദ്യമായി സ്വീകരിക്കുന്നു, സിറ്റൗട്ടിൽ സ്‌നേഹപൂർവം സൽക്കരിക്കുന്നു, ഉദാത്തമായി പ്രശംസിക്കുന്നു, ഉദാരമായി തമാശകൾ പറയുന്നു. മകള്‍ പുറത്ത് വന്ന്, വീടിനകത്തെ ഫര്‍ണിച്ചർ മാറ്റിയിടുന്നതിനെപ്പറ്റി പറഞ്ഞപ്പോൾ ബ്രൗൺ സഹായ സന്നദ്ധനായി ഉടനെഴുന്നേറ്റു.

അപ്പോഴാണ് കാൾട്ടൻ, വളരെ മാന്യമായിത്തന്നെ, കാര്യം പറഞ്ഞത്. നിഗ്ഗറുകൾ വീട്ടിനകത്തേക്ക് കയറുന്നതിനെ അവർ പ്രോത്സാഹിപ്പിക്കാറില്ലത്രേ. ഔദാര്യവാനായ ഒരു ‘വെള്ള’ക്കാരൻ അവന്റെ ‘അത്യുദാരത’ പ്രകടിപ്പിക്കുന്നത് വീടിന്റെ സിറ്റൗട്ട് വരെ മാത്രമാണ്.

മാൽകം എക്‌സും അനുഭവിക്കുന്നുണ്ട് ചില അസ്വാസ്ഥ്യങ്ങൾ. അത് പക്ഷേ, നാഷൻ ഒഫ് ഇസ്ലാമിലെ അനുഭവങ്ങളുമായി ബന്ധപ്പെട്ടതാണ്. നാഷൻ ഒഫ് ഇസ്ലാമിന്റെ വഴികൾ ഒട്ടും പ്രയോജനപ്രദമല്ലെന്നും ഒരണു പോലും അഭിവ്യാപ്യമല്ലാത്ത ഒരു സംഘത്തിന് ബാഹ്യത്വത്തിനും വിവേചനത്തിനും വിദ്വേഷത്തിനുമെതിരെ പോരാടാൻ ശേഷിയോ ധാർമികാവകാശമോ ഇല്ലെന്നും ചിന്തിച്ചു തുടങ്ങിയിരുന്നു അദ്ദേഹം.

വർണവെറിയോടും കുക്ലക്‌സ് ക്ലാൻ പോലുള്ള സായുധ വംശീയ ഭീകരന്മാരുടെ ആക്രമണങ്ങളോടും മറ്റ് വിവേചനങ്ങളോടുമൊക്കെയുള്ള പോരാട്ടത്തിൽ നിന്നാണ് പൂർണമായും ഒരു ബ്ലാക് നാഷനലിസ്റ്റ് സംഘടനയായ നാഷൻ ഒഫ് ഇസ്ലാം ജനിക്കുന്നത്. ഈ അവസ്ഥകളോടുള്ള തീവ്രമായ എതിർപ്പ് ഒരുതരം ബ്ലാക് സിപ്രമെസിസ്റ്റ് സ്വഭാവം അതിന് നൽകി. അതിന്റെ അടിസ്ഥാനത്തിലായിരുന്നു സംഘടനയുടെ പ്രവർത്തനങ്ങളും രീതിശാസ്ത്രവുമെല്ലാം രൂപപ്പെട്ടത്.

യൂറോ കേന്ദ്രിതമായ കൊളോണിയൽ, മുതലാളിത്ത താത്പര്യങ്ങളും വർണ, വംശ ബോധങ്ങളും യുദ്ധങ്ങളുമൊക്കെ മുപ്പതുകൾ തൊട്ട്, പ്രത്യേകിച്ച് അമ്പത്, അറുപതുകളിൽ വിശ്വാസത്തകർച്ചയുടെയും പ്രതിഷേധത്തിന്റെയും സാഹചര്യങ്ങൾ സൃഷ്ടിച്ചിരുന്നു.

ഈ പ്രതിഷേധങ്ങൾ ഒരു ഭാഗത്ത് അസ്തിത്വവാദത്തിലേക്കും ഹിപ്പിയിസം തുടങ്ങിയ ജീവിതശൈലികളിലേക്കും തിരിഞ്ഞപ്പോൾ മറ്റൊരു ഭാഗത്ത് ഇത്തരം പ്രതിഷേധങ്ങളെ അടിത്തറയാക്കി പുത്തൻ ആത്മീയ പ്രസ്ഥാനങ്ങൾ വളർന്നു വന്നു. ഇത് രണ്ടിൽ നിന്നും ഭിന്നമായി, എന്നാൽ ഇതിനെക്കാളൊക്കെ വളരെ മുന്നേ തന്നെ, വിമോചനാത്മകമായ ചിന്തകളുമായി പ്രവർത്തനമാരംഭിച്ച മതവിഭാഗങ്ങൾ തന്നെയാണ് നാഷൻ ഒഫ് ഇസ്ലാം, റസ്റ്റഫാരി എന്നിവ. തത്വങ്ങളിലും പ്രവർത്തനങ്ങളിലുമൊക്കെ പ്രതിവിദ്വേഷത്തിന്റെ സ്വഭാവം സ്വീകരിച്ചു കൊണ്ടാണ് ഈ വിഭാഗങ്ങൾ മുന്നോട്ട് പോയത്.

വാലസ് ഡി ഫർദ് മുഹമ്മദ് സ്ഥാപിക്കുകയും അദ്ദേഹത്തിന് ശേഷം എലിജാ മുഹമ്മദ് വളർത്തുകയും ചെയ്ത നാഷൻ ഒഫ് ഇസ്ലാം, മാൽകം എക്‌സിന്റെ ആഗമനത്തോടെയാണ് ശക്തി പ്രാപിച്ചത്. സംഘത്തിന് പുറത്ത് എലിജാ മുഹമ്മദിനെക്കാൾ ശ്രദ്ധിക്കപ്പെട്ടത് മാൽകം എക്‌സ് ആയിരുന്നു.

എന്തായാലും അധികം താമസിയാതെ നാഷൻ ഒഫ് ഇസ്ലാമിന്റെയും എലിജാ മുഹമ്മദിന്റെയും പല നിലപാടുകളോടും മാൽകം വിയോജിച്ചു തുടങ്ങി. സംഘത്തിൽ നിന്ന് അദ്ദേഹം പുറത്തു പോകുവോളം ആ അഭിപ്രായാന്തരങ്ങള്‍ വളരുകയും ചെയ്തു. ഇതിനിടയിൽ കറുത്തവരുടെ വിമോചനവുമായും വർണവിവേചനത്തിന് അന്ത്യം കുറിക്കലുമായും ബന്ധപ്പെട്ട പോരാട്ടത്തിൽ കൂടുതൽ വിശാലമായ പ്രതലങ്ങൾ രൂപപ്പെടുത്തേണ്ടതിന്റെ അനിവാര്യത മാൽകമിന് ബോധ്യപ്പെടുകയും അത് അദ്ദേഹത്തിന്റെ വീക്ഷണങ്ങൾക്ക് തന്നെ കൃത്യതയും വിശാലതയും നൽകുകയും ചെയ്തു.

യഥാര്‍ത്ഥ ഇസ്ലാമും എലിജാ മുഹമ്മദിന്റെ ഇസ്ലാമും തമ്മിലുള്ള അന്തരവും അദ്ദേഹം അറിഞ്ഞു തുടങ്ങി.

ഇങ്ങനെയൊരു ഘട്ടത്തിലാണ് സോണി ലിസ്റ്റനുമായുള്ള കാഷ്യസ് ക്ലേയുടെ മത്സരം അരങ്ങേറുന്നത്. മത്സരത്തിന് മുമ്പായി ഒരു ചെറുമുറിയിൽ മാൽകമുമായി ഒരുമിച്ച് നിസ്‌കരിക്കുന്നതും നാം കാണുന്നു.

ഇവര്‍ക്കിടയിൽ രൂപപ്പെടുന്ന സംവാദങ്ങളും സംഘർഷങ്ങളുമാണ് ഈ നാല് പേരുടെ സംഗമത്തിലും സംഭാഷണത്തിലും പ്രധാനപ്പെട്ട ഭാഗം. പ്രത്യേകിച്ചും മാൽകമും സാം കുക്കും തമ്മിലുള്ള തർക്കം കൈയാങ്കളി വരെ എത്തുന്നുണ്ട്. വൈയക്തികമായ സമ്പത്തോ വിജയമോ സെലിബ്രിറ്റിയോ വംശീയതയുടെ ഘടനാപരമായ പ്രശ്‌നങ്ങളെ മറികടക്കാന്‍ പര്യാപ്തമല്ലെന്നാണ് മാൽകമിന്റെ അഭിപ്രായം. കുക്ക്, ബ്രൗണ്‍ എന്നിവരുമായുള്ള പ്രധാന സംഘട്ടനവും ഇതിന്റെ പേരിൽത്തന്നെ.

മാൽകമിന്റെ നിലപാട് ശരിയാണ് എന്നതിനെ ഈ നാല് പേര്‍ക്കും പലപ്പോഴും ഉണ്ടായിട്ടുള്ള, ഈ സിനിമയിൽത്തന്നെ കാണുന്നതായി നാം മുകളിൽ പ്രസ്താവിച്ച അനുഭവങ്ങൾ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എങ്കിലും അത് അംഗീകരിക്കാൻ കുക്കിനും ബ്രൗണിനും ആവുന്നില്ല.

ശേഷികളുടെ പ്രകാശനത്തെയും കല, സംഗീതം തുടങ്ങിയവയെയും സംബന്ധിച്ച് മാൽകം എക്‌സിന് കൃത്യമായ വീക്ഷണങ്ങളുണ്ട്. ഒരു ഘട്ടത്തിൽ കാഷ്യസ് ക്ലേയോട് പോലും അദ്ദേഹം You are a monkey, dancing for an organ grinder to them എന്ന് പറയുന്നുണ്ട്.

കാഷ്യസിനും മാല്‍കമിനുമിടയില്‍ മറ്റൊരു പ്രശ്‌നം കൂടിയുണ്ട്. മുഹമ്മദ് അലി എന്ന കാഷ്യസ് ക്ലേ, നാഷൻ ഒഫ് ഇസ്ലാമിലേക്ക് വരുന്ന സന്ദർഭമായിരുന്നു അത്. അദ്ദേഹമാകട്ടെ, മാൽകം എക്‌സിന്റെ സ്വാധീനത്തിലാണ് NOIയെപ്പറ്റി മനസ്സിലാക്കുന്നത്. എന്നാൽ മാൽകം ആ സമയമാകുമ്പോഴേക്കും NOIയും എലിജാ മുഹമ്മദുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണ്.

തന്റെ പുതിയ അറിവിലേക്കും അതിന്റെ ആധാരത്തിലുള്ള പ്രവർത്തനങ്ങളിലേക്കും മാൽകം, അലിയെ ക്ഷണിക്കുന്നുണ്ടെങ്കിലും അലി അതിന് തയ്യാറാവുന്നില്ല. എന്തെന്നാൽ NOIയിലേക്കുള്ള തന്റെ പ്രവേശം, വിശ്വാസത്തിലും ആദർശത്തിലും താൻ കൈക്കൊള്ളുന്ന മാറ്റം സമൂഹത്തിൽ ഗുണപരമായ പ്രകോപനങ്ങളുണ്ടാക്കും എന്ന പ്രതീക്ഷയോടെയാണ് അദ്ദേഹം നിൽക്കുന്നത്. ഇക്കാര്യത്തിൽ രണ്ടുപേരം കടുത്ത മനസ്സംഘർഷമനുഭവിക്കുന്നുമുണ്ട്. പരസ്പരം വിയോജിച്ചു നിൽക്കേണ്ടി വന്നതിൽ അവർ അനുഭവിച്ച മനോവേദനകൾ ഇരുവരുടെയും ആത്മകഥകളിൽ വ്യക്തമാണ്.

തന്റെ വിജയവും അതിലൂടെയുണ്ടാകുന്ന സാമ്പത്തിക നേട്ടവും തനിക്ക് സർഗാത്മകമായ സ്വാശ്രയത്വം പ്രദാനം ചെയ്യുമെന്ന് സാം കുക്ക് കരുതി. അതിലൂടെ കറുത്ത സമൂഹത്തെ പ്രചോദിപ്പിക്കാമെന്നാണ് അദ്ദേഹം വാദിച്ചത്. എന്നാൽ കുക്കിന്റെ പദ്ധതിയെ ഒരു കൂട്ടിക്കൊടുപ്പായാണ് മാല്‍കം വിശേഷിപ്പിച്ചത്. കറുത്തവരുടെ വികാരങ്ങളെ വിൽക്കുകയാണ് കുക്ക് എന്നാരോപിച്ച അദ്ദേഹം കുക്കിന്റെ സംഗീതത്തെപ്പോലും പരിഹസിച്ചു.

ചെറുകാറ്റിൽ പറന്നു നടക്കുന്നു, ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
അത് ഒട്ടും അദ്ഭുതകരമായിരുന്നില്ല. ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പോരാളികളിലൊരാളാണ് മാൽകം എക്‌സ്. അദ്ദേഹവും സമകാലീനനായ മാര്‍ട്ടിൻ ലൂതർ കിങ് ജൂനിയറും കറുത്തവരുടെ സമരചരിത്രത്തിലെ ഇതിഹാസങ്ങളാണ്. 1925ൽ ജനിച്ച മാൽകം ലിറ്റിൽ എന്ന മാൽകം എക്‌സ് എന്ന അല്‍ഹാജ് മാലികുശ്ശഹബാസ് 1965ലാണ് കൊല്ലപ്പെടുന്നത്. മൂന്നര വയസ്സിന്റെ വ്യത്യാസത്തിൽ 1929ൽ ജനിച്ച എം.എൽ.കെ ജൂനിയറാകട്ടെ, മാൽകം വെടിയേറ്റ് മരിച്ച് കൃത്യം മൂന്ന് വർഷത്തിന് ശേഷം കൊല്ലപ്പെട്ടു.

Medgar Evers

അതേ കാലത്ത് ജീവിച്ചിരുന്ന, കറുത്തവരുടെ മറ്റൊരു പോരാളിയായ മെഡ്ഗർ എവേഴ്‌സിനും മാൽകം, എം.എൽ.കെ എന്നിവർക്കുമൊപ്പമുള്ള തന്റെ അനുഭവങ്ങൾ വിവരിച്ചു കൊണ്ട് അതേ കാലക്കാരൻ തന്നെയായ, കറുത്തവരുടെ പൗരാവകാശങ്ങൾക്ക് വേണ്ടി പൊരുതിയ നോവലിസ്റ്റും നാടകകൃത്തും കവിയുമായ ജെയിംസ് ബാൾഡ്‌വിൻ Remember This House എന്ന പേരിൽ പൂർത്തിയാക്കാത്ത ഒരു മാനുസ്‌ക്രിപ്റ്റ് തയ്യാറാക്കിയിരുന്നു.

പൗരാവകാശങ്ങൾക്കും അടിച്ചമർത്തപ്പെട്ടവരുടെ അന്തസ്സിന്റെ വീണ്ടെടുപ്പിനും വേണ്ടി തങ്ങളുടെ ജീവിതം തന്നെ ഹോമിച്ച തന്റെ മൂന്ന് സുഹൃത്തുക്കളുടെ ജീവിതത്തിലൂടെ അമേരിക്കയുടെ കഥയും കഥയില്ലായ്മയും തന്നെയാണ് ബാൾഡ്‌വിൻ പറയുന്നത്. ഹെയ്തിയിലെ ഇടതുപക്ഷ രാഷ്ട്രീയ നേതാവും ചലച്ചിത്രകാരനുമായ റഊൾ പെക്, ബാൾഡ്‌വിന്റെ കുറിപ്പുകളെ ആധാരമാക്കി I am Not Your Negro എന്ന പേരിൽ ഒരു ഡോക്യുമെന്ററി സിനിമ നിർമിച്ചിട്ടുണ്ട്. അമേരിക്കയിലെ വംശസമവാക്യങ്ങളുമായി ബന്ധപ്പെട്ട് ബാൾഡ്‌വിൻ അവതരിപ്പിച്ച ചരിത്രത്തെ അത്യന്തം കാവ്യാത്മകവും ശക്തവുമായി പുനഃസൃഷ്ടിക്കുകയായിരുന്നു റഊൾ പെക്.

James Baldwin

ഏതായാലും അത്രമേൽ അവകാശപ്പോരാട്ടങ്ങളോടും സാമൂഹികനൈതികതയോടും പ്രതിബദ്ധത പുലർത്തിയിരുന്ന മാൽകം എക്‌സ്, സംഗീതത്തെക്കുറിച്ച സാം കുക്കിന്റെ ആശയങ്ങളെ ആക്ഷേപിച്ചത് തികച്ചും സ്വാഭാവികം തന്നെയായിരുന്നു. കേവലാസ്വാദനത്തിന് വേണ്ടിയുള്ളതല്ല അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ കല. കല കലക്ക് വേണ്ടിയല്ല. സമൂഹത്തോട്, അതിന്റെ ധാരണകളോട്, അധികാരങ്ങളോട് പൊരുതുന്ന ഒന്നാവണം കലയും സംഗീതവും എന്ന് മാൽകം ഉറച്ചു വിശ്വസിച്ചു. കറുത്ത മനുഷ്യരുടെ അവസ്ഥയെ പരിവര്‍ത്തിപ്പിക്കുന്നതിന് ഉതകാത്ത ധൈഷണികമോ സർഗാത്മകമോ ആയ വ്യവഹാരങ്ങളെല്ലാം തികച്ചും വ്യർത്ഥമാണ്.

Raoul Peck

യഥാര്‍ത്ഥത്തിൽ മാല്‍കം, സാം കുക്കിനെ വെല്ലുവിളിക്കുകയാണ്. ബഹിർമാത്രസ്പർശിയും അന്തസ്സാരശ്ശൂന്യവുമായ പ്രണയഗാനങ്ങളുടെ ‘വെളുത്ത’ വൃത്തങ്ങളിലൂടെ സുരക്ഷിതനായി കടന്നുപോകാൻ ശ്രമിക്കുന്നതിന് പകരം താനടങ്ങുന്ന സമൂഹത്തിന്റെ ജീവിതത്തെ മാറ്റിമറിക്കുന്നതിനായുള്ള പരിശ്രമങ്ങളിലേക്ക് തന്റെ കഴിവുകളെ വിനിയോഗിക്കാനാണ് മാൽകം ആവശ്യപ്പെടുന്നത്.

സാമുമായുള്ള മാൽകമിന്റെ സംവാദം രണ്ട് മനോഭാവങ്ങളെ പ്രശ്‌നവൽക്കരിക്കുന്നുണ്ട്. ഒന്ന് വൈയക്തികമായ സാമ്പത്തിക വിജയം കീഴാളവർഗത്തിന് മേൽക്കൈ നേടാനുള്ള മാര്‍ഗമാണ് എന്ന ചിന്തയെ. രണ്ടാമത്തെത് കീഴാളർക്ക് പ്രചോദനവും സാമൂഹ്യപരിവർത്തനത്തിന്റെ ചാലകവും ആവുക എന്നതൊന്നും ഒരു കലാകാരന്റെയോ പ്രതിഭാശാലിയുടെയോ ബാധ്യതയല്ല എന്ന ആശയത്തെ. ഇത് രണ്ടും അംഗീകരിക്കാന്‍ മാൽകമിന് പറ്റുമായിരുന്നില്ല.

MLK Jr.

അതേസമയം വാണിജ്യപരമായി ലാഭകരമല്ലാത്തതൊന്നും പ്രയോജനപ്രദമല്ലെന്നാണ് സാം കുക്കിന്റെ നിലപാട്. എന്നാൽ വാണിജ്യപരമായ ആശങ്കകളിൽ അർത്ഥമൊന്നുമില്ല എന്നതിന് മാല്‍കമിന്റെ മുന്നിൽ ഉദാഹരണങ്ങളുണ്ട്.

റെകോഡ് പ്ലെയറിൽ ബോബ് ഡിലന്റെ Blowin’ in the Wind പ്ലേ ചെയ്തു കൊണ്ടാണ് അദ്ദേഹം അത് പറയുന്നത്. മിനസൗറ്റയിൽ നിന്നുള്ള ഈ വെള്ളക്കാരൻ (ഡിലൻ) നിങ്ങൾ എഴുതുന്ന പാട്ടുകളെക്കാളധികം കറുത്തവർക്ക് വേണ്ടിയുള്ള ഞങ്ങളുടെ പോരാട്ടങ്ങളോട് ഐക്യപ്പെടുന്നു എന്ന് കുക്കിനെ അദ്ദേഹം പ്രകോപിപ്പിച്ചു. അതേസമയം ഡിലന്റെ പാട്ടുകൾ വാണിജ്യപരമായും വിജയപ്രദമാണ്. വെള്ളക്കാരനായ ഒരു കലാകാരനെയും അദ്ദേഹത്തിന്റെ പ്രതിബദ്ധതയെയും അംഗീകരിക്കാൻ മാൽകം എക്‌സ് തയ്യാറാകുന്നു എന്നതും ഇവിടെ പ്രസ്താവ്യമാണ്. വെളുത്തവരെ ഒട്ടും പരിഗണിക്കുകയോ അംഗീകരിക്കുകയോ ചെയ്യാത്ത നിലപാടായിരുന്നല്ലോ നാഷൻ ഒഫ് ഇസ്ലാമിന്റെത്.

ബ്ലോയിങ് ഇന്‍ ദ് വിൻഡിനെപ്പറ്റി അൽപം പറയേണ്ടതുണ്ട്. 2016ലെ സാഹിത്യ നൊബേൽ ജേതാവ് കൂടിയാണ് ഗാനരചയിതാവും ഗായകനുമായ ബോബ് ഡിലൻ. ലോകോത്തരമായ ആ പുരസ്‌കാരം ലഭിക്കുന്ന ആദ്യത്തെ സംഗീതജ്ഞൻ എന്ന് ന്യൂ യോർക് ടൈംസ് അദ്ദേഹത്തെ വിശേഷിപ്പിച്ചു. ഡിലനാണ് ഈ ഗാനം എഴുതിയതും കംപോസ് ചെയ്തതും പാടിയതും.

1962ൽ റിലീസ് ചെയ്യപ്പെട്ട ഒരു സമരഗാനമായിരുന്നു അത്. യുദ്ധം, സമാധാനം, സ്വാതന്ത്ര്യം തുടങ്ങിയവയെപ്പറ്റി മൗലികമായ ചോദ്യങ്ങൾ ഉന്നയിക്കുകയാണ് ബ്ലോയിങ് ഇൻ ദ് വിൻഡ്. പ്രകോപനപരമായ ചോദ്യങ്ങളുടെ മഹാപരമ്പര സൃഷ്ടിക്കുകയാണ് ഡിലൻ. വിയറ്റ്‌നാം യുദ്ധക്കാലമാണ്. ഇരുപത് വർഷത്തോളം നീണ്ടു നിന്ന യുദ്ധം ഒരുഭാഗത്ത്. മറുഭാഗത്ത് നിരന്തരം ലംഘിക്കപ്പെടുന്ന, ആഫ്രിക്കൻ അമേരിക്കക്കാരുടെ മനുഷ്യാവകാശങ്ങളും. How many roads a man walk down, before you call him a man? (നിങ്ങളവനെ ഒരു മനുഷ്യൻ എന്ന് വിളിക്കുന്നതിന് മുമ്പ്, ഒരു മനുഷ്യൻ എത്ര വഴികൾ താണ്ടണം?) എന്ന ചോദ്യത്തോടെയാണ് ആരംഭം.

എത്ര ജന്മങ്ങൾ ജനിച്ചാലാണ്, എത്ര നൂറ്റാണ്ടുകൾ ജീവിച്ചാലാണ്, എത്ര കാതങ്ങൾ സഞ്ചരിച്ചാലാണ് നിങ്ങളുടെ നേപാം ബോംബുകളിൽ വെന്തെരിയുന്ന വിയറ്റ്‌നാം ജനതക്ക്, നിങ്ങളുടെ ബൂട്ടുകൾക്ക് കീഴിൽ ഞെരിയുന്ന കറുത്ത മനുഷ്യർക്ക് നീതിയും സ്വാതന്ത്ര്യവും ലഭിക്കുക? എത്രവഴികൾ താണ്ടണമൊരാൾ നിങ്ങളവനെ മനുഷ്യനെന്ന് വിളിക്കാൻ?

മറുഭാഗത്ത്, ഒരു യുദ്ധത്തിൽ പങ്കെടുത്തെങ്കിൽ മാത്രമേ ഒരാൾക്ക് ഒരാണായിരിക്കാൻ പറ്റുകയുള്ളൂ എന്ന വിശ്വാസത്തെയും ഡിലൻ ഇതേ വരിയിൽത്തന്നെ ആക്ഷേപിക്കുന്നു. എത്ര രക്തം വീഴ്ത്തിക്കഴിഞ്ഞാലാണ് നിങ്ങളുടെ കൊളോണിയൽ ബോധത്തിന് ഒരാളെ ആണായി അംഗീകരിക്കാൻ പറ്റുക?

ചോദ്യങ്ങളെല്ലാം അവസാനിപ്പിക്കുന്നത് The answer, my friend, is blowin’ in the wind, The answer is blowin’ in the wind എന്ന വരിയിലാണ്. ഒഴുകിനടക്കുകയാണ് കാറ്റിൽ ഉത്തരങ്ങൾ. ആരെങ്കിലും പിടിച്ചെടുക്കാൻ കാത്തിരിക്കുകയാണവ. എന്നാൽ ചോദ്യങ്ങളാരും ചോദിക്കുന്നില്ല, ഉത്തരങ്ങളാരും തേടുന്നുമില്ല. ബ്ലോയിങ് ഇൻ ദ് വിൻഡ് പോലെത്തന്നെ തീവ്രമായ ഗാനങ്ങൾ വേറെയും വന്നിട്ടുണ്ട് ഡിലന്റെ തൂലികയിലും കണ്ഠത്തിലും നിന്ന്. The Times They Are a-Changin’ ഉദാഹരണം.

അതേസമയം ബ്ലോയിങ് ഇൻ ദ് വിൻഡ് പോലെ ഒന്ന് താൻ എഴുതിയിട്ടുണ്ടെന്നും ഇതുവരെ അത് അവതരിപ്പിച്ചില്ലെന്നും സാം കുക്ക്, ജിം ബ്രൗണിനോട് പറയുന്നുണ്ട്. ഫുട്‌ബോൾ വിട്ട് ഒരു ചലച്ചിത്ര നടനാകാനുള്ള മോഹവുമായി നടക്കുകയാണ് ബ്രൗൺ.

സമാഗതമായ ഒരു മാറ്റത്തിന്റെ പടഹം
സിനിമയുടെ അവസാനത്തിൽ മാല്‍കം എക്‌സും നാഷൻ ഒഫ് ഇസ്ലാമും തമ്മിലുള്ള സംഘർഷം പൂർണതയിലെത്തുന്നു. മാൽകം തന്റെ ആത്മകഥ പൂർത്തിയാക്കുന്നു. കാഷ്യസ് ക്ലേ ഔദ്യോഗികമായി നാഷൻ ഒഫ് ഇസ്ലാമിൽ ചേരുകയും മുഹമ്മദ് അലിയായി മാറുകയും ചെയ്തു. ജിം ബ്രൗൺ എന്‍.എഫ്.എല്ലിൽ നിന്ന് വിരമിക്കുകയും ഒരു നടനായിത്തീരുകയും ചെയ്തു.

അതിനിടയിൽ, മാൽകമിന്റെ വീടിന് തീ പിടിച്ചിരിക്കുന്നു. പുറത്തേക്കോടുന്ന മാൽകമും ബെറ്റിയും കുട്ടികളും. കത്തിയമരുന്ന വീടിന്റെ ദൃശ്യങ്ങൾക്കൊപ്പം മറ്റൊരു ഭാഗത്ത് ദ് ടുനൈറ്റ് ഷോയിൽ സാം കുക്കിന്റെ ആലാപനവും കാണാം. കുക്ക് പാടുന്ന പാട്ട് അതാണ്. ബ്ലോയിങ് ഇൻ ദ് വിൻഡ് പോലെ ഒന്ന് താൻ എഴുതിയിട്ടുണ്ടെന്ന് പറഞ്ഞിരുന്നല്ലോ. അത് തന്നെ. ഒരു സമരഗാനം. A Change is Gonna Come.

സോൾ മ്യൂസിക് എന്ന സംഗീതശാഖയുടെ ആചാര്യനാണ് സാം കുക്ക്. സോൾ-ആർ എൻ ബി (റിതം ആൻഡ് ബ്ലൂസ്) ജോനറിൽപ്പെട്ട ഒരു ഗാനമായിരുന്നു എ ചെയ്ഞ്ച് ഇസ് ഗൊണ കം. ടുനൈറ്റ് ഷോയിൽ അവതരിപ്പിച്ച പാട്ട്, ഒരു സിംഗിൾ ആയി റിലീസ് ചെയ്ത അതേ വർഷം (1964ൽ) തന്നെയാണ് ലോസ് ഏഞ്ജൽസിലെ ഒരു മോട്ടലിൽ സാം കുക്ക് വെടിയേറ്റ് മരിച്ചത്. കുക്കിന് വെടിയേറ്റതിന്റെ സന്ദർഭത്തെയും കാരണങ്ങളെയും കുറിച്ചൊക്കെ ഔദ്യോഗിക രേഖകളിൽ വളരെ ജുഗുപ്‌സാവഹമായ കാര്യങ്ങളാണ് ഉള്ളത്. അതേ നിഗമനങ്ങളിൽത്തന്നെ കോടതി കേസ് അവസാനിപ്പിക്കുകയും ചെയ്തു. മോട്ടലിന്റെ മാനേജർ ബെർത്താ ഫ്രാങ്ക്‌ലിൻ എന്ന സ്ത്രീയായിരുന്നു പ്രതി. കുക്ക് തന്നെ കടന്നുപിടിച്ചെന്നും തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്നും ആത്മരക്ഷാർത്ഥമാണ് താൻ നിറയൊഴിച്ചതെന്നും മിസ് ഫ്രാങ്ക്‌ലിൻ മൊഴി നല്‍കി.

എന്നാൽ ഈ അന്വേഷണവും മറ്റുമൊക്കെ പൂർണമായും വ്യാജമാണെന്നാണ് സാം കുക്കിന്റെ ബന്ധുക്കൾ മാത്രമല്ല അദ്ദേഹത്തെ അറിയാവുന്ന ആരും ഒരേ സ്വരത്തിൽ പറയുന്നത്.

പ്രത്യാശയുടെ സന്ദേശവുമായി കാലത്തിന് മുന്നേ സഞ്ചരിച്ച ഒന്നായാണ് എ ചെയ്ഞ്ച് ഇസ് ഗൊണ കം എന്ന ഗാനത്തെ പലരും വിലയിരുത്തുന്നത്. ഒരു ക്രോസോവര്‍ ആര്‍ടിസ്റ്റായി അറിയപ്പെടാൻ പരിശ്രമിച്ചു പോന്ന സാം കുക്കിന്റെ മറ്റെല്ലാ ട്രാക്കുകളിൽ നിന്നും തികച്ചും വ്യത്യസ്തമായ സംരംഭമായും ഈ ഗാനം അറിയപ്പെട്ടു.

I was born by the river, in a little tent
Oh, and just like the river
I’ve been running ever since
It’s been a long
A long time coming
But I know a change gonna come
Oh, yes it will

ബ്രസീലിലെ കോപകബാനയിൽ വെച്ച് സാം കുക്കിനുണ്ടായ അനുഭവം സിനിമയിൽ കാണിക്കുന്നുണ്ടല്ലോ. സമാനമായ മറ്റൊരനുഭവം കൂടി വിവരിക്കുന്നുണ്ട് പ്രശസ്തനായ അമേരിക്കൻ സംഗീത നിരൂപകൻ പീറ്റർ ഗുറാൽനിക്, തന്റെ Sweet Soul Music: Rhythm and Blues and the Southern Dream of Freedom എന്ന പുസ്തകത്തിൽ. ലൂയിസിയാനയിലെ ഷ്രീവ്‌പോട്ടിൽ ഒരവധിക്കാല സത്രത്തിൽ വെച്ചായിരുന്നു അത്. തന്റെ ബാൻഡിനൊപ്പം അവിടെ നിന്നും പിന്തിരിഞ്ഞു പോകേണ്ടി വന്ന ഒനുഭവമുണ്ടായി കുക്കിന്.

തന്റെ പത്‌നി ബാർബറ, ‘സാം ഇവിടെ നിന്ന് പോകുന്നതാണ് നമുക്ക് നല്ലത്, അവർ നിങ്ങളെ കൊല്ലാൻ പോവുകയാണ്’ എന്ന് പറഞ്ഞപ്പോഴും ആദ്യം അദ്ദേഹം വഴങ്ങിയിരുന്നില്ല. ‘ഞാൻ സാം കുക്കാണ്, അവർ ഒരിക്കലും എന്നെ കൊല്ലില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അന്നേരം ബാർബറയിൽ നിന്നുണ്ടായ പ്രതികരണം, വർണവുമായി ബന്ധപ്പെട്ട അമേരിക്കക്കാരന്റെ മനോവൈകൃതത്തെ കൃത്യമായി അടയാളപ്പെടുത്തുന്നതായിരുന്നു. ഐ ആം സാം കുക്ക് എന്ന് പറഞ്ഞ കുക്കിനെ അവർ തിരുത്തി. ‘No, to them you’re just another.’ അവരെസ്സംബന്ധിച്ചിടത്തോളം, ഒരപരൻ മാത്രമാണ് നീ.

ഈ സംഭവത്തിന് ശേഷം, സമാധാനം തകർത്തുവെന്നാരോപിച്ച് കുക്കിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. തുടർന്നാണ്, ഒന്നോ രണ്ടോ മാസത്തിനകം, അദ്ദേഹം ഈ ഗാനം രചിച്ചതെന്ന് ഗുറാൽനിക് എഴുതുന്നു. മറ്റേതൊരു ഗാനത്തെക്കാളും കുറഞ്ഞ പ്രയത്‌നമാണ് ഇതിന് വേണ്ടി കുക്ക് ചെലവഴിച്ചതെന്ന് ഗുറാൽനിക് പറയുമ്പോൾ, തികച്ചും സ്വാഭാവികമെന്നോണം അദ്ദേഹത്തിന്റെ ഉള്ളിൽ നിന്ന് വന്ന ഒന്നാണത് എന്ന് മനസ്സിലാക്കുന്നതിൽ തെറ്റില്ല. അതേസമയം ആ പാട്ട് രചയിതാവിനെത്തന്നെ ഭയപ്പെടുത്തിയിരുന്നതായി ഗുറാൽനിക് ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഒരു തലമുറയുടെ കഥയാണത്. ഒരു ജനതയുടെ കഥ.

ഞാൻ, നദിക്കരയിലൊരു ചെറുകൂടാരത്തിൽ പിറന്നു
ഓടുന്നു നദി പോൽ നിരന്തരമതുതൊട്ടിന്നോളം
സുദീർഘമായ ഒന്ന്,
ദീർഘമായൊരു യുഗം വന്നെത്തുന്നു
എന്നാലെനിക്കറിയാം
ഒരു മാറ്റം വരുമെന്ന്
തീർച്ചയായും അത് വരിക തന്നെ ചെയ്യും

പ്രേക്ഷകർക്ക് മുന്നില്‍ ഒരൊറ്റത്തവണ മാത്രം സാം കുക്ക് പെർഫോം ചെയ്ത എ ചെയ്ഞ്ച് ഇസ് ഗോണ കം അദ്ദേഹത്തിന്റെ സാധാരണ ആസ്വാദകർ വലുതായി ഗൗനിച്ചിരുന്നില്ലെന്ന് ഗുറാൽനിക് പറയുന്നുണ്ട്. അതേസമയം, ഈ ഗാനം കൂടി ഉൾപ്പെടുത്തിക്കൊണ്ട് Ain’t That Good News എന്ന ആൽബം പുറത്തിറങ്ങിയ ഉടൻ തന്നെ അമേരിക്കയിലെ പൗരാവകാശ പ്രസ്ഥാനം അത് ഏറ്റെടുത്തുവത്രേ. തലമുറകളോളം ശ്രവിക്കുന്ന വാഗ്ദാനമാണത് എന്നും ഗുറാൽനിക് രേഖപ്പെടുത്തി.

മരിക്കാനെനിക്ക് ഭയമാണ്
എന്തെന്നാൽ ആകാശത്തിനപ്പുറമെന്തെന്നറിയില്ലെനിക്ക്
എന്നാൽ ദീർഘമായൊരു കാലം വന്നെത്തുന്നു
എനിക്കറിയാം, ഒരു മാറ്റം വരുമെന്ന്
തീർച്ചയായും വരുമെന്ന്.

വികാരതീവ്രമായി സാം കുക്ക് ഈ ഗാനം ആലപിക്കുന്ന ദൃശ്യത്തോട് ചേര്‍ന്നാണ് നാഷൻ ഒഫ് ഇസ്ലാമിലേക്കുള്ള അലിയുടെ വരവും കത്തിയമരുന്ന മാൽകമിന്റെ വീടും നാം കാണുന്നത്.

ചിത്രത്തിന്റെ എന്‍ഡിൽ കാണിക്കുന്ന ടൈറ്റിൽ കാഡും ചരിത്രമാണ്. 1965 ഫെബ്രുവരി 19ലെ ഒരു പ്രഭാഷണത്തിൽ മാൽകം എക്‌സ് പറയുന്ന വാക്കുകളാണത്. It is the time for martyrs now, and if I am to be one, it would be for the cause of brotherhood. That’s the only thing that I can save this country. രക്തസാക്ഷ്യത്തിന്റെ അനിവാര്യതയിൽ ഊന്നുകയാണ് മാൽകം. രക്തസാക്ഷികളുടെ സമയമാണിപ്പോൾ. ഞാനതിലൊരാളാവുകയാണെങ്കിൽ തീർച്ചയായും അത് സാഹോദര്യത്തിന് വേണ്ടി മാത്രമായിരിക്കും. ഈ രാജ്യത്തിന്റെ രക്ഷക്കായി അതല്ലാത്തതൊന്നും എനിക്കിനി ചെയ്യാനില്ല.

ഓഡുബോൺ ബോൾറൂമിൽ പ്രസംഗിക്കുന്ന മാൽകം എക്സ് (കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ്)

ചരിത്രത്തിൽ, ഇത് പറഞ്ഞതിന്റെ മൂന്നാം പക്കം, ഫെബ്രുവരി 21ന് മാൽകം എക്‌സ് വെടിയേറ്റ് മരിക്കുകയും ചെയ്തു. ന്യൂ യോർക് സിറ്റിയിലെ ഓഡുബോൺ ബോൾറൂമിലായിരുന്നു അത്. ചരിത്രം കണ്ട ഏറ്റവും കരുത്തരായ പൗരാവകാശ പ്രക്ഷോഭകരിലൊരാളായ മാൽകം എക്‌സ് തന്റെ പ്രഭാഷണം ആരംഭിച്ചതേയുള്ളൂ. നൂറു കണക്കിനാളുകളെ സാക്ഷി നിർത്തി വെടിയുണ്ടകളുടെ ഒരു പ്രവാഹം തന്നെയുണ്ടായി. ഭാര്യ ബെറ്റി ഷഹബാസും അവരുടെ ആറ് മക്കളിൽ നാല് പേരും അന്നേരം ആ സദസ്സിലുണ്ടായിരുന്നു.

റെജീന കിങ്ങിന്റെ സിനിമയിൽ ആവിഷ്‌കരിക്കുന്ന, മിയാമിയിലെ ആ സംഗമം കഴിഞ്ഞ് കൃത്യം ഒരു വർഷം പൂർത്തിയാവുന്ന ദിവസമായിരുന്നു അത്. നാഷൻ ഒഫ് ഇസ്ലാമിന്റെ റാഡിക്കൽ കാഴ്ചപ്പാടിൽ നിന്നും തീർത്തും അകന്ന മാൽകം, സാഹോദര്യത്തിന്റെ സാര്‍വത്രിക ദർശനത്തെ (universal vision of brotherhood) ആധാരമാക്കി തന്റെ പ്രവര്‍ത്തനങ്ങൾ വിപുലപ്പെടുത്താൻ തുടങ്ങി.

Muslim Mosque Inc എന്ന പേരിൽ മുസ്ലിംകൾക്കായുള്ള ഒരു സംഘടന രൂപീകരിച്ച അദ്ദേഹം പാൻ ആഫ്രിക്കനിസ്റ്റ് തത്വശാസ്ത്രത്തിൽ നിന്നുകൊണ്ട് Organization of Afro-American Unity എന്ന പേരിൽ ഒരു സെക്കുലർ സാഹോദര്യ സംഘത്തിനും രൂപം നൽകി. മാർട്ടിൻ ലൂതർ കിങ് ജൂനിയർ തുടങ്ങിയ ആഫ്രിക്കൻ-അമേരിക്കൻ നേതാക്കളെ സന്ദർശിച്ചു. തൊട്ടുടനെ തന്റെ അർദ്ധസഹോദരിയായ എല്ല ലിറ്റിൽ കോളിൻസിന്റെ സഹായത്തോടെ മക്കയിലേക്ക് പോവുകയും ഹജ്ജ് നിർവഹിക്കുകയും ചെയ്തു. ഹജ്ജ് കർമമാകട്ടെ, വംശീയതയും ബ്ലാക് സിപ്രെമസിയുമായി ബന്ധപ്പെട്ട് അതുവരെ അദ്ദേഹം വച്ചുപുലർത്തിയിരുന്ന തീവ്രചിന്തകളെ മുഴുവനും മാറ്റി മറിക്കുകയും ചെയ്തു.

വംശീയമായ ബന്ധങ്ങളിലും അതിലെ സങ്കീർണതകളിലും പരസ്പര സഹവര്‍ത്തിത്വത്തിലും അവകാശപ്പോരാട്ടങ്ങളിലുമെല്ലാം പൂർണമായും ഇസ്ലാമിക മധ്യമികതയുടെ നില സ്വീകരിച്ചു കഴിഞ്ഞിരുന്നു മാൽകം എക്‌സ്. ബോൾറൂമിലെ ആ ഫ്യുസിലെയ്ഡിൽ പിടഞ്ഞു വീഴുന്നത് വരെ, വിട്ടുവീഴ്ചയില്ലാത്ത ഒരു പോരാളിയായിരുന്നു അദ്ദേഹം.

റെജീന കിങ് തന്റെ സിനിമയുടെ അവസാനത്തിൽ എഴുതിക്കാണിക്കുന്ന പ്രഭാഷണഭാഗം മാൽകം എക്‌സിന്റെ ആത്മകഥയിലും വരുന്നുണ്ട്. രക്തസാക്ഷികളുടെ കാലമാണിത്. ഞാനക്കൂട്ടത്തിലൊരാളായി മാറുകയാണെങ്കിൽ തീർച്ചയായും അത് സാഹോദര്യത്തിന്റെ പേരിലായിരിക്കും. ഈ രാജ്യത്തെ രക്ഷിക്കാൻ എനിക്കതല്ലാതെ മറ്റൊരു വഴിയില്ല.

കലയും കലാപവും
സാങ്കല്‍പികമായ സംഭാഷണങ്ങൾ തികച്ചും ആധികാരികമായി അനുഭവപ്പെടുന്ന തരത്തിലാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. ദൃശ്യപരമായ സത്യസന്ധത അനുഭവിപ്പിക്കുന്ന, തികച്ചും സ്വാഭാവികമായ ഒരൊഴുക്ക്. ഊർജ്ജസ്വലവും വൈകാരികവുമായ നിപുണതയോടെ. ഒരു fly-on-the-wall ഓതെന്റിസിറ്റി പ്രദാനം ചെയ്യുന്നുണ്ട് ഇതിന്റെ പരിചരണം.

(ശരിക്കും ഒരു ഡോക്യുമെന്ററി സങ്കേതമാണ് ഫ്‌ലൈ ഓൺ ദ് വാൾ. കൂടുതൽ വസ്തുതാപരമായ ആഖ്യാനങ്ങളെയാണ് അങ്ങനെ വിശേഷിപ്പിക്കുക. ഒരു ചരിത്രസിനിമയെസ്സംബന്ധിച്ചിടത്തോളം മിനിമം ഇടപെടലുകളോടെ, കൂടുതൽ റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്ന മേതേഡ് എന്ന് പറയാം).

തികച്ചും ലെജൻഡറി ആയ നാല് വ്യക്തികളെ അവരുടെ എല്ലാ മാനുഷിക പ്രകൃതങ്ങളോടും കൂടി അവതരിപ്പിക്കുകയാണ് വൺ നൈറ്റ് ഇൻ മിയാമി. ഒപ്പം അവരുടെ ജീവിതം, രാഷ്ട്രീയം തുടങ്ങിയ കാര്യങ്ങളെ സത്യസന്ധമായും സൂക്ഷ്മമായും അടയാളപ്പെടുത്തുകയും ചെയ്യുന്നു. നാല് പേരുടെയും ജീവിതത്തിലെ ഒരൊറ്റ രാത്രിയാണ് പ്രധാന പശ്ചാത്തലം. അനുബന്ധമായ വാക്കുകളും സംഭവങ്ങളും വളരെക്കുറവുമാണ്. എന്നാൽ നാല് ബയോപിക്കുകൾ കണ്ട അനുഭവമാണ് ഈ ഒരൊറ്റ സിനിമ അനുവാചകന് നല്‍കുന്നത്.

അവര്‍ നാലുപേരും പരസ്പരം സ്‌നേഹിക്കുന്നു, ആദരിക്കുന്നു. എന്നാൽ ഒട്ടും മയമില്ലാതെ പരസ്പരം തർക്കിക്കുകയും തെറി പറയുക പോലും ചെയ്യുന്നു.

മറ്റൊരു പ്രത്യേകത സിനിമയുടെ തീം അതിലുടനീളം അനുഭവിക്കാൻ അനുവാചകന് സാധിക്കുന്നു എന്നതാണ്. ആ തീമിന് നൽകപ്പെടുന്ന ഒരു പേരിൽ അതവസാനിക്കുകയും ചെയ്യുന്നു. ‘ബ്ലാക് പവർ’ എന്നതാണ് ആ പേര്. ബ്ലാക് പവർ എന്നത് ഒരു ഉണർവായും ബോധമായും (എവെയർനെസ്സായും കോണ്‍ഷ്യസ്‌നെസ്സായും) നമ്മുടെ ഉള്ളിലേക്കൊരു ചാട്ടുളി പോലെ കടന്നുകയറുന്നു.

എടുത്തു പറയേണ്ട ഒരു ഘടകം ചിത്രത്തിന്റെ കാസ്റ്റിങ് ആണ്. ചരിത്രകഥാപാത്രങ്ങളുടെ മൊഴിയും ചലനവും, ഒരു വിരലനക്കം പോലും അതിസൂക്ഷ്മതയോടെ അഭിനേതാക്കൾ ആവാഹിച്ചെടുത്തിട്ടുണ്ടെന്ന് തോന്നുന്നു. അങ്ങേയറ്റം കാന്തികവും ഹൃദയാവർജകവുമായ പ്രകടനം. പ്രത്യേകിച്ചും മാൽകം എക്‌സായി വന്നിട്ടുള്ള കിങ്സ്ലി ബെൻ-ആദിർ.

ശരീരപ്രകൃതത്തിലും ഭാവത്തിലും പോലും സമാനതയുള്ളവരാണെന്ന് തോന്നുന്നു അദ്ദേഹവും മറ്റ് അഭിനേതാക്കളും. മുഹമ്മദ് അലിയായി എലി ഗോറിയും സാം കുക്കായി ലെസ്ലി ഓഡോം ജൂനിയറും ജിം ബ്രൗണായി അൽഡിസ് ഹോഡ്ജും വേഷമിട്ടു. ജോക്വിന കലൂകങ്‌ഗോ ആണ് ബെറ്റി എക്‌സായി വരുന്നത്.

കിങ്സ്ലി ബെൻ-ആദിറും ലെസ്ലി ഓഡോമും തമ്മിലുള്ള സംഘർഷരംഗങ്ങൾ പ്രേക്ഷകനെ ആവേശം കൊള്ളിക്കും. പ്രത്യേകിച്ചും സാം കുക് എന്ന കഥാപാത്രം പുറമേക്ക് തനി പ്ലേബോയിയെപ്പോലെയായിരിക്കുമ്പോഴും കറുത്തവർ നേരിടുന്ന വെല്ലുവിളികളോടും സാമൂഹിക വിവേചനങ്ങളോടുമുള്ള പ്രതികരണങ്ങൾ ഉള്ളിൽ തിളച്ചു മറിയുന്നു. പ്രത്യേകിച്ചും അവസാനത്തിൽ, ചെയ്ഞ്ച് ഈസ് ഗോണ കം ആലപിക്കുന്ന ലെസ്ലി ഓഡോം അനുവാചകനിൽ പ്രക്ഷുബ്ധത സൃഷ്ടിക്കുന്നുണ്ട്.

ഒരുപക്ഷേ, ഒരു മാറ്റം ആഗതമായിരിക്കുന്നു എന്ന, സാം കുക്കിന്റെ ഗാനം തന്നെയായിരുന്നല്ലോ കിങ്ങിന്റെ ചിത്രത്തിന്റെ തന്നെ പ്രമേയം. ഗാനരൂപത്തിൽ പ്രേക്ഷകനെ അത് കേൾപ്പിക്കുന്നതിന് മുമ്പ് തന്നെ സാം കുക്കിന്റെ ആ വരികളെ സിനിമ മികച്ച രീതിയിൽ പ്രതിധ്വനിപ്പിക്കുന്നുണ്ട്. പരിവര്‍ത്തനം സൃഷ്ടിക്കുന്നതിൽ വെള്ളക്കാരനായ ബോബ് ഡിലന്റെയും കറുത്തവനായ സാം കുക്കിന്റെയും പങ്കാളിത്തങ്ങളെക്കുറിച്ച ആലോചനയിലേക്ക് തന്നെ വഴിതെളിച്ചേക്കും വിധം.

സംഭാഷണങ്ങളുടെ ആധിക്യമുള്ള വൺ നൈറ്റ് ഇൻ മിയാമിയെ കൂടുതൽ സിനിമാറ്റിക് ആക്കുന്നതിൽ ടെറൻസ് ബ്ലാഞ്ചാഡിന്റെ സംഗീതം വഹിച്ച പങ്ക് പ്രധാനമാണ്. പ്രത്യേകിച്ചും സംഗീതത്തിന് തന്നെ ചിത്രം നൽകുന്ന പ്രാധാന്യവുമായി ചേർത്ത് ചിന്തിക്കുമ്പോൾ. പ്രമേയത്തിന് യോജിച്ച ഫ്രെയിമുകൾ സൃഷ്ടിക്കുന്നതിൽ താമി റെയ്കറും അവയെ ചടുലമായി സന്നിവേശിപ്പിക്കുന്നതിൽ താരിഖ് അൽവറും പൂർണമായും വിജയിച്ചിരിക്കുന്നു.

എന്തുകൊണ്ട് BLM (ബ്ലാക് ലൈവ്‌സ് മാറ്റർ) എന്ന് ചിന്തിക്കുന്നവർ നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് വൺ നൈറ്റ് ഇൻ മിയാമി.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s