സമരവും മൂല്യവും

മുഹമ്മദ് ശമീം
യുദ്ധവും സമാധാനവും (ഭാഗം മൂന്ന്)

മുന്‍ ഭാഗങ്ങള്‍
1) യുദ്ധവും സമാധാനവും
2) സത്യാസത്യങ്ങളുടെ പോര്

(ലേഖനത്തിന്റെ പോഡ്കാസ്റ്റ്)

നുബുവ്വത്തിന് മുമ്പ് പ്രവാചകചരിത്രത്തിൽ നടന്ന വലിയ ഗോത്രയുദ്ധമായിരുന്നു ഫിജാർ യുദ്ധം. ഇതെത്തുടർന്നുണ്ടായ ഒരു കരാറിൽ പങ്ക് വഹിക്കാൻ സാധിച്ചത് തന്റെ ജീവിതത്തിലെ ഏറ്റവും മഹത്തരമായ കാര്യങ്ങളിലൊന്നായി പ്രവാചകൻ അനുസ്മരിക്കാറുണ്ടായിരുന്നു. ഹില്‍ഫുൽ ഫുദൂൽ (നന്മകളുടെ ഉടമ്പടി) എന്നാണ് ഈ കരാർ അറിയപ്പെടുന്നത്.

ഗോത്രപ്പോരിന്റെ കെടുതികളും അതിലെ അനീതികളും അവസാനിപ്പിക്കാൻ വേണ്ടി നിലവിൽ വന്ന ഒരു കോൺഫെഡറസിയായിരുന്നു അത്. പ്രവാചകത്വത്തിന് ശേഷവും നബി ഇതിന് നൽകിയ പ്രാധാന്യം കാരണം ഇസ്ലാമിക സാമൂഹിക ധാർമികതയെക്കുറിച്ച ചർച്ചയിൽ സുപ്രധാനമായ സ്ഥാനം ഈ ഉടമ്പടിക്കുണ്ട്.

മഹത്തായ ഉടമ്പടി
ഇസ്ലാമിന്റെ പ്രബോധനത്തിനും ഇസ്ലാമിക സമൂഹത്തിന്റെ സംസ്ഥാപനത്തിനും ശേഷവും ഈ കോൺഫെഡറസിയുടെ സാധുതയെയും കരാറിന്റെ പവിത്രതയെയും (അതിൽ ഭൂരിപക്ഷവും അമുസ്ലിംകളായിരുന്നിട്ടും) മുഹമ്മദ് നബി മാനിച്ചു. ഇതിൽ പ്രഖ്യാപിക്കപ്പെട്ട നീതിയെയും മൂല്യങ്ങളെയും ഇസ്ലാമിന്റെ പ്രബോധനത്തിലും നബി ഉൾച്ചേർക്കുകയും ചെയ്തു.

War and Peace by Manju Lamba

ഉൾക്കൊള്ളലിന്റെ സ്വരമായിരുന്നു ഈ ഉടമ്പടിക്ക്. ഇസ്ലാമിക ധർമനീതിയുടെ സ്വഭാവവും അത് തന്നെയായിരുന്നു എന്നത് പിന്നീടും നബി ഇതിനെ മാനിച്ചതിൽ നിന്ന് മനസ്സിലാക്കാം. കോൺഫെഡറസിക്ക് പിൽക്കാലത്തും പ്രവാചകൻ നൽകിയ അംഗീകാരത്തെ നാല് കാര്യങ്ങളുടെ അടയാളമായി വിശകലനം ചെയ്ത ചരിത്രകാരന്മാരുണ്ട്.

ഇസ്ലാമിക് ഡെമോക്രസി എന്ന ആശയത്തിന്റെ സാധുതയാണ് അതിലൊന്ന്. രണ്ടാമത്തെത് മനുഷ്യാവകാശങ്ങളോടുള്ള ഇസ്ലാമിന്റെ താത്പര്യമാണെങ്കിൽ അത്തരം അവകാശങ്ങളുടെ സംരക്ഷണത്തോട് പ്രവാചകനും മുസ്ലിംകൾക്കുമുള്ള വ്യഗ്രതയാണ് മൂന്നാമത്തെ തത്വം. നാലാമത്തെതാകട്ടെ, സ്വതന്ത്രേച്ഛ, മനുഷ്യമനസ്സാക്ഷി തുടങ്ങിയവക്ക് ഇസ്ലാം നൽകുന്ന അംഗീകാരവും.

ഇപ്പറഞ്ഞവയെ ഒന്നുകൂടി വിപുലമാക്കിയാൽ ഇസ്ലാമിക സമൂഹത്തിന് പുറത്തു നിന്നാണെങ്കിലും പൊതുമനസ്സാക്ഷിയിൽ നിന്ന് ഉരുത്തിരിയുന്ന മൂല്യങ്ങളെ ഇസ്ലാം മുറുകെപ്പിടിക്കുന്നു. സ്വാഭാവികമായും അമുസ്ലിം വ്യക്തികളുടെയും സമൂഹങ്ങളുടെയും നന്മയെ അത് അംഗീകരിക്കുന്നു.

എല്ലാറ്റിലുമുപരിയായി, In the Footsteps of the Prophet എന്ന പുസ്തകത്തിൽ താരീഖ് റമദാൻ ചൂണ്ടിക്കാണിക്കുന്നത് പോലെ, ഒരു അടഞ്ഞ സമുദായത്തോടുള്ള പ്രതിബദ്ധത വളർത്തുന്നതിന് പകരം ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നത് സാർവത്രിക തത്വങ്ങളോടുള്ള (universal principles) കൂറാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഇതര സമൂഹങ്ങളും മൂല്യവ്യവസ്ഥകളുമായി തിരസ്‌കാരം (exclusion), കലഹം (conflict), മാത്സര്യം (rivalry) എന്നീ നിലപാടുകളല്ല ഇസ്ലാം ആഗ്രഹിക്കുന്നത്.

ഇത്രയും വിശദമായി ഇതിവിടെ വിവരിച്ചത് ഇസ്ലാമിക മൂല്യവിചാരത്തിന്റെ ഈ ആധാരത്തിലും കൂടി വേണം ബദ്ർ ഉൾപ്പെടെയുള്ള പോരാട്ടങ്ങളെ വിലയിരുത്താൻ എന്നതു കൊണ്ടാണ്.

മാനവികനൈതികതയുടെ നേതാവ്
ബദ്ര്‍ രണം നൽകുന്ന പാഠങ്ങളെന്തൊക്കെയാണ്?

ഏറ്റവും പ്രധാനം അത് വംശീയമായ ചിന്തകളെയും സംഘർഷങ്ങളെയും പൂർണമായും നിരാകരിക്കുന്നു എന്നതാണ്.

ഗോത്രപരതയുടെ രൂപത്തിലാണ് അന്നത്തെ അറബികളിൽ വംശീയബോധം നിലനിന്നിരുന്നത്. വിശുദ്ധഖുർആൻ സൂറഃ അൽഹുജുറാത്ത് പതിമൂന്നാം വാക്യത്തിൽ ശുഊബ്, ഖബാഇൽ എന്നിങ്ങനെ രണ്ട് പദങ്ങൾ ഉപയോഗിക്കുന്നുണ്ട്. ബഹുവചനപ്രയോഗങ്ങളാണ് രണ്ടും. ശഅ്ബ്, ഖബീല എന്നിങ്ങനെയാണ് ഏകവചനങ്ങൾ.

Humanity by Ankur

വംശങ്ങൾ എന്നും ഗോത്രങ്ങൾ എന്നും ശുഊബിനെയും ഖബാഇലിനെയും ലഘുവായി വിവർത്തനം ചെയ്യാം. ഇത് രണ്ടിന്റെയും അസ്തിത്വവും യാഥാര്‍ത്ഥ്യവും പൂർണമായും അംഗീകരിച്ചു കൊണ്ടു തന്നെ ഈ വക കാര്യങ്ങളിലുള്ള ഉത്കൃഷ്ടതാവാദങ്ങളെ തീർത്തും തള്ളിക്കളയുകയും ചെയ്യുന്നു അൽഹുജുറാത്തിലെ വാക്യം. ശ്രേഷ്ഠതയുടെ മാനദണ്ഡം ശുഊബിയഃ (racism), ഖബ്‌ലിയഃ (tribalism) എന്നിവയല്ലെന്നും അത് മാനവികമാണെന്നും സ്ഥാപിക്കുന്നുണ്ട് അത്.

കൽപനാരൂപേണ പല കാര്യങ്ങളും പറയുന്ന അല്‍ഹുജുറാത് സൂറയിൽ അത് സംബന്ധമായ മറ്റ് വചനങ്ങളിലെല്ലാം സംബോധന ചെയ്യുന്നത് യാ അയ്യുഹല്ലദീന ആമനൂ (ഗ്രാഹ്യമുള്ളവരേ) എന്നാണെങ്കിൽ ഈ വചനത്തിൽ മാത്രം അത് യാ അയ്യുഹന്നാസ് (ഹേ, മനുഷ്യരേ) എന്നാണ് എന്നതും ശ്രദ്ധിക്കുക. ഈമാൻ എന്നതിനെക്കുറിച്ച ശരിയായ തിരിച്ചറിവ് നൽകുന്ന വചനവും അൽഹുജുറാത്തിൽത്തന്നെയാണ് ഉള്ളത്. പതിനാലാം വാക്യം. (കേവലം വിശ്വാസം എന്ന അർത്ഥത്തിലല്ല ഈമാനിനെ മനസ്സിലാക്കേണ്ടത് എന്ന് ആ വാക്യം വായിക്കുമ്പോൾ തോന്നുന്നു. അതുകൊണ്ടാണ് വിശ്വാസികളേ എന്ന സാമ്പ്രദായിക വിവർത്തനം ഇവിടെ ഒഴിവാക്കുന്നത്).

കൽപനാരൂപേണയുള്ള ഈ സൂറയിലെ വർത്തമാനങ്ങളാകട്ടെ, മനുഷ്യത്വത്തെക്കുറിച്ച ഈ വചനത്തോടെ അവസാനിക്കുകയും ചെയ്യുന്നു. മുഅ്മിനുകളെ (ഗ്രാഹ്യമുള്ളവർ) സംബോധന ചെയ്തുകൊണ്ട് പ്രത്യേകമായി നൽകുന്ന കൽപനകളെ മാനവികം എന്ന സമഗ്രതയിലേക്ക് സംക്ഷേപിക്കുകയും കൂടിയാണ് അവിടെ ഖുർആൻ.

ശുഊബിയക്കും ഖബ്‌ലിയക്കും എതിരായി ഖുർആൻ കൈക്കൊണ്ട നിലപാട് ആധുനികമനുഷ്യന് പല കുറി ആവർത്തിച്ച് സ്വീകരിക്കേണ്ടതായി വന്നിട്ടുണ്ട്. ഗോത്രങ്ങളെ അടിച്ചമർത്തുന്നിടത്തും ഇതര വംശങ്ങൾക്ക് മേൽ അധികാരം നേടുന്നിടത്തും വംശീയമായ വാദങ്ങളുന്നയിച്ച, വൈറ്റ് ഇംപീരിയലിസവും കൊളോണിയലിസവും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ വരെ ശാസ്ത്രത്തെപ്പോലും അതിനായി ഉപയോഗിച്ചു എന്നതാണ് വസ്തുത.

ഇന്നും ആദരിക്കപ്പെടുന്ന പല ശാസ്ത്രജ്ഞന്മാരും അംഗീകരിച്ച ഒരു തത്വമായിരുന്നു സയന്റിഫിക് റേസിസം.

എല്ലാ അടിച്ചമർത്തലുകൾക്കും അധിനിവേശങ്ങൾക്കുമൊടുവിൽ 1950ൽ യുനെസ്‌കോ The Race Question എന്ന പേരിൽ ഒരു പ്രസ്താവന ഇറക്കി. വംശം എന്നതിന്റെ ശാസ്ത്രീയയാഥാർത്ഥ്യങ്ങളെയും മിത്തുകളെയും തമ്മിൽ വേർതിരിക്കേണ്ടതുണ്ട് എന്ന് അതിൽ പറയുന്നു. വംശം എന്നത് ഒരിക്കലും ഒരു ജീവശാസ്ത്ര പ്രതിഭാസം (biological phenomenon) അല്ലെന്നും അതൊരു സാമൂഹിക മിത്ത് (social myth) മാത്രമാണെന്നുമുള്ള തിരിച്ചറിവും പ്രകാശിപ്പിക്കുന്നു.

ഈ മിത്ത് ആകട്ടെ, മാനുഷികവും സാമൂഹ്യവുമായ ഒട്ടേറെ ഡാമേജുകൾ സൃഷ്ടിച്ചിട്ടുണ്ടെന്നും മനുഷ്യജീവിതത്തിൽ കനത്ത നാശനഷ്ടവും വിവരണാതീതമായ ദുരിതങ്ങളും വിതക്കുകയും ചെയ്തിട്ടുണ്ടെന്നും ആ പ്രസ്താവന തിരിച്ചറിയുന്നു. ബയളജിക്കൽ എന്നതിനെക്കാൾ ഒരു സോഷ്യോപൊളിറ്റിക്കൽ ഫെനോമെനൻ ആയാണ് വംശം എന്നതിനെ വിലയിരുത്തേണ്ടത് എന്ന് ആന്ത്രോപോളജിസ്റ്റുകൾ ‘തീരുമാനി’ക്കുകയും ചെയ്തു.

അതേസമയം തത്വശാസ്ത്രവും ശാസ്ത്രവും ചരിത്രവും ഒക്കെ വച്ചുകൊണ്ടുള്ള വംശീയ ചിന്തകൾ മനുഷ്യരാശിക്ക് മേൽ വർഷിച്ച ദുരിതങ്ങൾ ഇപ്പോഴും ശക്തിയായി തുടരുന്നു എന്നതാണ് ശരി.

ഈ പശ്ചാത്തലത്തിൽ സൂറഃ അൽഹുജുറാത്തിന്റെ ഈ വായന കൂടുതൽ പ്രസക്തമായിത്തീരുന്നു. ഒരു സാമൂഹ്യരാഷ്ട്രീയ യാഥാർത്ഥ്യം എന്ന നിലക്ക് ശുഊബിനെയും ഖബാഇലിനെയും ഖുർആൻ പൂർണമായും അംഗീകരിക്കുന്നു. എന്നാൽ വംശീയവും ഗോത്രപരവുമായ ശുദ്ധി, ശ്രേഷ്ഠതാ വാദങ്ങളെ മുഴുവനായും, ഒരനുരഞ്ജനവും സാധ്യമല്ലാത്ത വിധം തള്ളിക്കളയുകയും ചെയ്യുന്നു.

ഈ മാനവികതയാണ് ബദ്‌റിൽ ജയം നേടിയത് എന്നതാണ് അതുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ചരിത്രപാഠം. ബദ്ർ രണത്തോടെ, ഭ്രഷ്ടനായ ഒരു മക്കക്കാരൻ (Meccan outcast) എന്നതിൽ നിന്ന് പുതിയൊരു സമൂഹത്തിന്റെയും ജീവിതത്തിന്റെയും മാനവികനൈതികതയുടെയും വ്യവസ്ഥയായ മദീനയുടെ നേതാവ് എന്ന പദവിയിൽ മുഹമ്മദ് നബിയെ അംഗീകരിക്കാൻ അന്നത്തെ അറബ് സമൂഹം നിർബന്ധിതമാവുകയും ചെയ്തു.

ഫിത്‌നയും പോരാട്ടവും
ഫിത്‌നഃ അവസാനിക്കുന്നതിന് വേണ്ടിയാണ് പോരാട്ടം എന്ന് ഖുർആൻ വ്യക്തമാക്കുന്നുണ്ട്. പ്രലോഭനം എന്നതോടൊപ്പം ദുരിതം, പീഡനം എന്നിങ്ങനെയും അർത്ഥമുള്ള പദമാണ് ഫിത്‌ന. മനുഷ്യനെ മനുഷ്യൻ അടിച്ചമർത്തുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന എല്ലാ സമ്പ്രദായങ്ങളെയും സംഭവങ്ങളെയും ഫിത്‌ന എന്ന് വിളിക്കാം. ഫിത്‌ന അവസാനിക്കുന്നേടത്താണ് ദീൻ (ധർമം, മാർഗം) അല്ലാഹുവിന്റേതായി മാറുക എന്ന അർത്ഥത്തിൽ വേണം സൂറഃ അൽബഖറയിലെ നൂറ്റിത്തൊണ്ണൂറ്റി മൂന്നാം വാക്യം വായിക്കേണ്ടത് എന്ന് തോന്നുന്നു.

തുടക്കത്തിൽ പറഞ്ഞ, നന്മതിന്മകളുടെ സംഘർഷത്തിൽ തിന്മ മേൽക്കൈ നേടുന്ന സന്ദർഭങ്ങളുടെ ഏറ്റവും മൂർത്തമായ രൂപമാണ് ഫിത്‌ന. ഇടപെടാനും പൊരുതാനും കൽപിക്കുന്നേടത്ത് ഫിത്‌നയെ തകർക്കുക എന്നത് ലക്ഷ്യമായിത്തീരുന്നതും അതുകൊണ്ടാണ്. ഫിത്‌ന എന്നത് നീതിയുടെ വിപരീതമാണ്. ഫിത്‌ന ഇല്ലാതാവുന്നതോടെ നീതി പുലരും. നീതി പുലരുമ്പോഴാണ് ദീൻ അല്ലാഹുന്റേതായിത്തീരുക.

ഒരു സർഗാത്മകന്യൂനപക്ഷത്തെക്കുറിച്ചുള്ള ആർനൾഡ് ടോയിൻബിയുടെ ചിന്തയുമായി ബന്ധപ്പെട്ടും ബദ്‌റിനെ വായിക്കാം. നന്മ-തിന്മ ദ്വന്ദ്വങ്ങൾ തമ്മിലുള്ള സംഘർഷത്തിന്റെ പൊതുവിശകലനങ്ങളിൽ ഖുർആൻ പറയുന്ന ഒരു കാര്യമുണ്ട്. ‘എത്രയോ ചെറുസംഘങ്ങൾ (ഫിഅതുൻ ഖലീല) അല്ലാഹുവിന്റെ കല്‍പനയാൽ വന്‍സൈന്യങ്ങളെ (ഫിഅതുൻ കഥീറ) അതിജയിച്ചിട്ടുണ്ട്’ (സൂറഃ അൽബഖറഃ 249).

ആർനൾഡ് ടോയ്ൻബി

സർഗാത്മക (ക്രിയാത്മക) ന്യൂനപക്ഷങ്ങൾ (creative minorities) എന്ന ആശയം ടോയിൻബി മുന്നോട്ട് വെക്കുന്നത് A Study of Historyയിലാണ്. അതേസമയം ടോയിൻബിക്ക് മുമ്പ് ഈയാശയം അവതരിപ്പിച്ചത് ഇബ്‌നു ഖൽദൂൻ ആണ്. ഏതൊരു സമൂഹത്തിന്റെയും നാഗരികതയുടെയും വികാസത്തെയും വളർച്ചയെയും നയിക്കുന്നത് ക്രിയേറ്റീവ് മൈനോറിറ്റീസ് ആണ്. ഒരു സമൂഹം നേരിടുന്ന വെല്ലുവിളികൾക്ക് അവർ പരിഹാരം കണ്ടെത്തുന്നു.

ഇബ്നു ഖൽദൂൻ പ്രതിമ, അൾജീരിയ

അറബ് സമൂഹത്തിന്റെ വിശ്വാസപരവും സാമൂഹ്യവുമായ ധാർമികത്തകര്‍ച്ചകള്‍ക്കെതിരായ ശബ്ദമാണ് പ്രവാചകനിൽ നിന്നും അനുയായികളിൽ നിന്നും ഉയർന്നത്. ഈ ശബ്ദം സൃഷ്ടിച്ച സംഘർഷം അതിന്റെ മൂർധന്യത്തിലെത്തിയപ്പോഴാണ് സൈനികമായ ഏറ്റുമുട്ടൽ നടക്കുന്നത്. പ്രവാചകന്റെ ആദ്യ സൈനികസംരംഭവും ആദ്യവിജയവും ബദ്ർ ആണ്. ബദ്‌റില്‍ പരസ്പരം പൊരുതുമ്പോഴാകട്ടെ, പ്രവാചകനൊപ്പമുണ്ടായിരുന്നത് ഒരു ചെറുന്യൂനപക്ഷം. എന്നാൽ ഫിഅതുൻ ഖലീലയെക്കുറിച്ച ഖുർആനിക പരാമർശത്തെ സാധൂകരിക്കുന്ന വിധത്തിൽ ആ ചെറു ന്യൂനപക്ഷം വിജയം നേടി. സർവായുധസജ്ജരായ ഭൂരിപക്ഷത്തെയാണ് അവർ പരാജയപ്പെടുത്തിയത്.

ചെറുതായാലും വലുതായാലും ചരിത്രത്തിൽ എല്ലാ സർഗാത്മക സമൂഹങ്ങളെയും പിന്നീട് ജഡികത ബാധിച്ചിട്ടുണ്ട്. അതോടെ അവരുടെ സർഗാത്മകത അവസാനിക്കുന്നു. അത് കേവലം ഡോമിനന്റ് മൈനോറിറ്റി ആയി അധഃപതിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയയും വിവരിക്കുന്നുണ്ട് ടോയിൻബി. പ്രകാശമാനമായ ചരിത്രം പോലും അതിന്റെ യാഥാര്‍ത്ഥ്യത്തിൽ നിന്ന് കേവലം ചേരിപ്പോരിന്റെ ആഖ്യാനമായി അധഃപതിക്കുന്നതും അതിന്റെ ഫലമാണ്. ബദ്‌റിനെയും വിഭാഗീയമായ അന്തസ്സുമായി ബന്ധപ്പെടുത്തമ്പോൾ സംഭവിക്കുന്നതും അത് തന്നെ.

മനുഷ്യന്റെ സ്വതന്ത്രവും വിശുദ്ധവുമായ പ്രകൃതം, ഇച്ഛാശക്തി ഒപ്പം നീതി, സ്വാതന്ത്ര്യം തുടങ്ങിയ മൂല്യങ്ങളുടെ പ്രതിനിധാനമാണ് ഇസ്ലാമും തൗഹീദും. അല്ലാഹു എന്ന ഏകത്വത്തിൽ മാനുഷികതയെ ഏകോപിപ്പിക്കാനാണ് ഇസ്ലാമിന്റെ പരിശ്രമം. ഈ പരിശ്രമത്തിന്റെ പ്രതിഫലനങ്ങൾ തന്നെയാണ് പ്രവാചകജീവിതത്തിലെ ഓരോ സംഭവങ്ങളും. അവിടുത്തെ യുദ്ധങ്ങളും അപ്രകാരം തന്നെ വായിക്കപ്പെടണം. അതിലെ ഏറ്റവും ഉജ്വലമായ അടയാളമാണ് ബദ്ർ. നന്മ-തിന്മ സംഘർഷങ്ങളുടെ ആഖ്യാനമായ മനുഷ്യചരിത്രത്തിന്റെ ഒരു മാനദണ്ഡമോ നിദർശനമോ ആയി ബദ്‌റിനെ ഖുർആൻ അവതരിപ്പിക്കുന്നതും അതുകൊണ്ടാണ്. കോരിത്തരിപ്പിക്കുന്ന യുദ്ധചരിത്രം എന്നതിനെക്കാൾ, നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള നിരന്തരപോരാട്ടത്തിന്റെ അടയാളമാണത്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s