സത്യാസത്യങ്ങളുടെ പോര്

മുഹമ്മദ് ശമീം
യുദ്ധവും സമാധാനവും (ഭാഗം രണ്ട്)

ഒന്നാം ഭാഗം

(ലേഖനത്തിന്റെ പോഡ്കാസ്റ്റ്)

മറ്റൊന്ന് കൂടി മനസ്സിലാക്കേണ്ടതുണ്ട്. ഫുർഖാൻ എന്ന പദവുമായി ബന്ധപ്പെട്ടതാണ് അത്. ഖുർആന്റെ ലോക, ജീവിത ദർശനത്തിൽ ആ പദത്തിന് അത്യധികം പ്രാധാന്യമുണ്ട്. പ്രധാനമായും അത് ഖുർആന്റെ തന്നെ വിശേഷണപദമാണ് എന്നതിനാൽ. ഒപ്പം മുൻകാലവേദങ്ങൾക്കും ഖുർആൻ അതേ വിശേഷണം നല്‍കിയിട്ടുമുണ്ട്.

പല അർത്ഥങ്ങളുണ്ട് ഈ പദത്തിന്. മാനദണ്ഡം എന്നതാണ് പ്രധാനം. രേഖ, തെളിവ്, സത്യപ്രസ്താവന, വിശുദ്ധപ്രമാണം എന്നിങ്ങനെയും ഫുർഖാനിന് അര്‍ത്ഥങ്ങളുണ്ട്. ഫറഖ എന്ന ക്രിയയുടെ കൃതികൃത്തായി പരിഗണിക്കുമ്പോള്‍ വേർതിരിക്കൽ എന്ന അർത്ഥം വരും ഇതിന്. ഒപ്പം നിർണയിക്കൽ, നിശ്ചയിക്കൽ എന്നിങ്ങനെയും. സുറിയാനിയിൽ പുർഖാന എന്നും എബ്രായയിൽ (ഹീബ്രു) പുർഖാൻ എന്നും ഉച്ചരിക്കപ്പെടുന്ന പദത്തിൽ നിന്നാണ് ഫുർഖാന്റെ നിഷ്പത്തി എന്ന് ചിന്തിച്ചാൽ അതിന് പ്രായശ്ചിത്തം, വിമോചനം, മോക്ഷം എന്നെല്ലാം അർത്ഥമാകും. പുർഖാൻ, പുർഖാന എന്നെല്ലാം പറയുമ്പോൾ അർത്ഥമാക്കപ്പെടുന്നത് ഈയാശയങ്ങളാണ്.

സത്യാസത്യങ്ങളുടെ പോരാട്ടം
സാങ്കേതികമായി ഖുർആൻ ഈ പദം പ്രയോഗിക്കുമ്പോൾ ഈ അർത്ഥങ്ങളെല്ലാം അതിൽ ചേരുന്നുണ്ട് എന്ന് വേണം കരുതാൻ. ഈ വിശേഷണം മൂന്ന് കാര്യങ്ങൾക്ക് നൽകുന്നുണ്ട് ഖുർആൻ. ഒന്ന് ഖുർആനിന് തന്നെ.

രണ്ടാമതായി ഈ വിശേഷണം നൽകുന്നത് തഖ്‌വയുടെ പ്രകാശനത്തിനാണ്. അഥവാ യഥാർത്ഥ മുത്തഖിയുടെ മനസ്സാണ് ഫുർഖാൻ ആയി അവതരിപ്പിക്കപ്പെടുന്നത്. സൂറഃ അൽഅൻഫാലിൽ ഇരുപത്തൊമ്പതാം വാക്യത്തിലാണ് ആ പരാമർശം. “ബോധമുള്ളവരേ, നിങ്ങൾ അല്ലാഹുവിനെപ്പറ്റി സൂക്ഷ്മത കൈക്കൊള്ളുകയാണെങ്കിൽ, നിങ്ങൾക്ക് അവൻ ഒരു ഫുർഖാൻ ഉണ്ടാക്കിത്തരും. നിങ്ങളുടെ തെറ്റുകളെയവൻ മായ്ച്ചുകളയും. നിങ്ങൾക്ക് പൊറുത്തും തരും. മഹത്തായ ഔദാര്യത്തിനുടയവനല്ലോ അല്ലാഹു”.

ഈ വിശേഷണം നൽകപ്പെടുന്ന മൂന്നാമത്തെ കാര്യവും സൂറഃ അൽഅൻഫാലിൽത്തന്നെ പരാമർശിക്കപ്പെടുന്നു. അതിലെ നാൽപത്തൊന്നാം ആയത്ത്. ‘അറിഞ്ഞിരിക്കണം, നിങ്ങൾ നേടിയെടുത്ത മുതലിൽ അഞ്ചിലൊന്ന് അല്ലാഹുവിനും അവന്റെ റസൂലിനും പിന്നെ അടുത്ത ബന്ധുക്കൾക്കും അനാഥർക്കും അഗതികൾക്കും വഴിയാത്രക്കാർക്കുമുള്ളതത്രേ. അല്ലാഹുവിലും പിന്നെ യൗമു ൽഫുര്‍ഖാനിൽ (ഫുർഖാന്റെ ദിനത്തിൽ) അഥവാ രണ്ട് സംഘങ്ങൾ ഏറ്റുമുട്ടിയ ആ ദിനത്തിൽ നമ്മുടെ ദാസന്റെ മേൽ നാം അവതരിപ്പിച്ചതിലും ബോധ്യമുള്ളവരാണ് നിങ്ങളെങ്കിൽ. സകലത്തിനും കരുത്തുറ്റവനത്രേ അല്ലാഹു’.

ഇത് മൂന്നും ചേർത്ത് ചിന്തിക്കുമ്പോൾ, ഫുർഖാൻ അഥവാ മാനദണ്ഡം എന്ന ആശയം മൂന്ന് തരത്തിൽ പ്രവർത്തിക്കുന്നു. ഒന്ന് ആശയപരമായിത്തന്നെ. രണ്ട്, ജീവിതവുമായി ബന്ധപ്പെട്ട്. മൂന്ന്, ചരിത്രപരമായി. മാനദണ്ഡം എന്നതിനെ സത്യാസത്യവിവേചനബോധമായി മനസ്സിലാക്കുമ്പോൾ, ആശയതലത്തിൽ സത്യാസത്യങ്ങൾ തമ്മിലുള്ള വേർതിരിവിന്റെ ആധാരം വിശുദ്ധ ഖുർആനാണ്. ജീവിതത്തിൽ അതിന്റെ അടിസ്ഥാനം തഖ്‌വയുള്ള മനസ്സാണ്. ചരിത്രത്തിലാകട്ടെ, സത്യാസത്യങ്ങൾ തമ്മിലുള്ള പോരാട്ടത്തിന്റെ പ്രത്യക്ഷമാണ് ബദ്ർ.

കൂട്ടത്തില്‍ച്ചേർത്ത് പറയേണ്ട ഒരു കാര്യം, ഇത് മൂന്നിനെയും ഉൾക്കൊള്ളുന്ന ഒന്നാണ് റമദാൻ എന്നതാണ്. റമദാനിലാണ് വചനങ്ങളുടെ അവതരണം ആരംഭിക്കുന്നത്. റമദാനിലെ വ്രതാനുഷ്ഠാനം തഖ്‌വ എന്ന ഗുണം ആർജിക്കാന്‍ വേണ്ടിയുള്ളതാണ്. ചരിത്രത്തിലെ സത്യാസത്യസംഘർഷങ്ങളുടെ അടയാളമായ ബദ്ർ സംഭവിക്കുന്നതും റമദാനിലാണ്.

മനുഷ്യചരിത്രം എന്നത് ഭൗതികമായി മാത്രം വായിക്കപ്പെടേണ്ട ഒന്നല്ല. ഭൗതികത്തെയും ആശയത്തെയും സമന്വയിക്കുന്ന ഒരു ദർശനമാണ് ഇസ്ലാം. മനുഷ്യൻ എന്ന സത്തയെയും ഇപ്രകാരം മാത്രമേ വിലയിരുത്താൻ പറ്റുകയുള്ളൂ. വിവേചനബോധവും യുക്തിചിന്തയും സവിശേഷതയായുള്ള സൃഷ്ടി എന്ന നിലക്ക് മനുഷ്യൻ ഒട്ടേറെ ആശയങ്ങളിലൂടെ കടന്നുപോകുന്ന അസ്തിത്വം (entity) ആണ്. ഒരർത്ഥത്തിൽ ആശയങ്ങളുടെ മഹാഖ്യാനമാണ് മനുഷ്യചരിത്രം തന്നെ. ആശയങ്ങളെയും സിദ്ധാന്തങ്ങളെയും തത്വശാസ്ത്രപരമായി സമീപിക്കാൻ കഴിവുള്ളവരാണെങ്കിലും അല്ലെങ്കിലും ഈ ആശയങ്ങളും അവ തമ്മിലുള്ള സംഘർഷങ്ങളും അവ സൃഷ്ടിക്കുന്ന സങ്കീർണതകളും സകല മനുഷ്യരുടെയും ജീവിതത്തിൽ ഇടപെടുന്നുണ്ട്. സ്വാഭാവികമായും ഈ സങ്കീർണതളുടെ കുരുക്കഴിക്കാനും സത്തും അസത്തും (existence and nonexistence), ഉണ്മയും അഭാവവും (being and nothingness), ജ്യോതിസ്സും തമസ്സും (light and darkness), ചേതനയും ജഡവും (intellect and inert) ഈ എല്ലാ ദ്വന്ദ്വങ്ങൾക്കുമപ്പുറം സത്യവും മിഥ്യയും (reality and falseness) തമ്മിലുള്ള വേർതിരിവിനെക്കുറിച്ച ബോധം നേടാനും ഒരാധാരം, ഒരു മാനദണ്ഡം അനിവാര്യമായിത്തീരുന്നു. ഖുർആൻ പ്രവർത്തിക്കുന്നത് മൂല്യങ്ങളുടെയും ആശയങ്ങളുടെയും സത്യാസത്യവിവേചനത്തിനുള്ള മാനദണ്ഡമായാണ്.

ആശയതലത്തിൽ നിന്നും ജീവിതത്തിലേക്ക് വരുമ്പോഴാകട്ടെ, എല്ലായ്‌പോഴും പലതരം ചായ്‌വുകൾ (biases) മനുഷ്യനിൽ പ്രവർത്തിച്ചു കൊണ്ടിരിക്കും. ഏത് കാലത്തും എവിടെയും ശരിയായ ബയാസുകൾ ഉണ്ടായിക്കൊള്ളണമെന്നില്ല. ശരികൾ പലപ്പോഴും കാലദേശബന്ധിതമാണ്. സ്വാഭാവികമായും ഖുർആൻ എന്ന ഫുർഖാൻ മുന്നോട്ട് വെക്കുന്ന നീതി, നന്മ, മാനുഷികത തുടങ്ങിയ ശാശ്വതമൂല്യങ്ങളെ ആധാരമാക്കുന്ന ചായ്‌വുകൾ സ്വീകരിക്കുക എന്നത് പ്രധാനമാണ്. ഇതൊരുവശം. മറ്റൊരു ഭാഗത്ത് ദൈനംദിനമുള്ള എല്ലാ ഇടപാടുകളിലും സത്യത്തെയും നീതിയെയും മുറുകെപ്പിടിക്കുക എന്നത് ഖുർആന്റെ നിഷ്‌കൃഷ്ടവും നിശിതവുമായ കൽപനയാണ്. ആ അടിസ്ഥാനത്തിൽ ഏറ്റവും ശരിയായ തീരുമാനങ്ങളിലേക്ക് സ്വയം നയിക്കാനുള്ള പ്രാപ്തി നമുക്ക് തരുന്നത് നാം ആർജിക്കുന്ന വിശുദ്ധി തന്നെയാണ്. ഈ വിശുദ്ധിയെയാണ് നാം തഖ്‌വ എന്ന് വിളിക്കുന്നത്.

ഇതിനപ്പുറം തെറ്റായ ചായ്‌വുകളിലേക്കും അഭിലാഷങ്ങളിലേക്കും നിലപാടുകളിലേക്കുമാണ് ചെകുത്താൻ നമ്മളെ നയിക്കുക എന്നും ഖുർആൻ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സാത്താനികമായ ഇത്തരം പ്രലോഭനങ്ങൾ സൃഷ്ടിക്കുന്ന സംഘർഷങ്ങളാണ് ലോകത്ത് പലതരം അധികാരങ്ങളും താത്പര്യങ്ങളുമൊക്കെയായി രൂപപ്പെടുന്നത്. ഇവിടെ നീതിയുടെ പക്ഷത്ത് നിന്നുകൊണ്ടുള്ള കലാപങ്ങൾ അനിവാര്യമായിത്തീരുന്നു. ഇത്തരം കലാപങ്ങളുടെ ചരിത്രത്തെ മുഴുവനായുമാണ് ഖുർആൻ ഒരൊറ്റ ദിവസത്തിലേക്ക് സംഗ്രഹിക്കുന്നത്. എന്നിട്ടാണ് ആ ദിനത്തെ യൗമു ൽഫുർഖാൻ എന്ന് വിളിക്കുന്നതും.

ബദ്ർ ഭൂമി

സംഘർഷങ്ങളുടെ ആഖ്യാനമായി ചരിത്രത്തെ പലരും വിശേഷിപ്പിച്ചിട്ടുണ്ട്. കാൾ മാർക്‌സും ഫ്രീദ്രിഷ് എംഗൽസും ചേർന്ന് തയ്യാറാക്കിയ മാനിഫെസ്റ്റോ ഒഫ് ദ് കമ്യൂനിസ്റ്റ് പാർട്ടിയുടെ (കമ്യൂനിസ്റ്റ് മാനിഫെസ്റ്റോ) ആദ്യ അധ്യായത്തിലെ (Bourgeoisie and Proletariat) ആദ്യവാചകം തന്നെ The history of all hitherto existing society is the history of class struggles (നാളിതുവരെ നിലനിന്നിട്ടുള്ള എല്ലാ സമൂഹങ്ങളുടെയും ചരിത്രം വർഗസംഘർഷങ്ങളുടെ ചരിത്രമാണ്) എന്നാണല്ലോ. ചൂഷകനും ചൂഷിതനും തമ്മിലുള്ള സംഘർഷങ്ങൾ ചരിത്രത്തിന്റെ മുഖ്യപ്രമേയം തന്നെയാണ്. വിശേഷിച്ചും ചൂഷിതവർഗത്തോടൊപ്പം നിൽക്കുന്നത് എന്ന നിലക്ക് മാർക്‌സിയൻ ചരിത്രവിശകലനത്തിന് പ്രാധാന്യമൊക്കെയുണ്ട്. അപ്പോഴും ചൂഷണം എന്ന സാമൂഹ്യ തിന്മ ഇതിന്റെ അടിസ്ഥാനമായി വരുന്നു.

അതായത്, നാളിതുവരെയുള്ള മനുഷ്യജീവിതത്തെ പോരാട്ടത്തിന്റെ ചരിത്രമായി കണക്കാക്കാമെങ്കിൽ അത് സത്യവും അസത്യവും തമ്മിലുള്ള പോരാട്ടത്തിന്റെ ചരിത്രമാണ്. ഈ ചരിത്രത്തിന്റെ ആകത്തുകയാണ് ബദ്ർ. എന്നുവെച്ചാൽ ബദ്‌റിന്റെ ചരിത്രം എന്നത് ബദ്‌റിന്റെ മാത്രം ചരിത്രമല്ല. കേവലമൊരു യുദ്ധത്തിന്റെ വീരാപദനം എന്ന നിലയിലേക്ക് അതിനെ താഴ്ത്തിക്കെട്ടുന്നത് ബദ്‌റിന്റെ യഥാർത്ഥ സന്ദേശത്തിന് വിരുദ്ധമായി സങ്കുചിതത്വത്തിന്റെയും വംശീയതയുടെയും നിലപാടിലേക്ക് നമ്മെ തള്ളിവിടാൻ പോലും നിമിത്തമായേക്കാം. അത്തരത്തിലുള്ള അപദാനകഥകളാണ് പലപ്പോഴും നാം കേൾക്കാറുള്ളതും. രണ്ട് രീതികൾ ഇത്തരം അപദാനങ്ങളിൽ ബദ്ർ ഉൾപ്പെടെ, പ്രവാചകന്റെയും അനുചരന്മാരുടെയും നേതൃത്വത്തിൽ നടന്ന യുദ്ധങ്ങളെ വിവരിക്കുന്നേടത്ത് സ്വീകരിക്കാറുണ്ട്. ഒന്ന് ഇതര സമൂഹങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളുടെ ചരിത്രമായി അവയെ വായിക്കുന്നു എന്നതാണ്. രണ്ടാമത്തെത് കേവലം പ്രതിരോധമായി അവതരിപ്പിക്കുന്നു എന്നതും.

ഓരോ പോരാട്ടത്തിന്റെയും സാഹചര്യങ്ങൾക്കനുസരിച്ച് ഈ രണ്ട് സമീപനങ്ങളിലും ശരിയുണ്ടാകാം. എന്നാൽ ഇതിനെല്ലാമപ്പുറം പ്രവാചകദൗത്യത്തിന്റെ സമഗ്രതയുമായി ബന്ധപ്പെട്ട് അവയെ സമീപിക്കുമ്പോൾ, നന്മതിന്മകൾ തമ്മിലുള്ള സംഘർഷത്തിന്റെ ചരിത്രത്തിലുള്ള സബോധകമായ ഇടപെടലുകളായി കാണാൻ നമുക്ക് പറ്റുന്നു. ആത്യന്തിക വിജയം നന്മക്കാണ് എന്ന ഫലശ്രുതിയിലേക്കാണ് ചരിത്രവുമായി ബന്ധപ്പെട്ട എല്ലാ ആഖ്യാനങ്ങളെയും ഖുർആൻ കൊണ്ടുപോകുന്നത്. തികച്ചും സ്വാഭാവികമായ ഒരാത്യന്തികപരിണതി എന്ന നിലക്ക് അക്കാര്യം മുന്നോട്ട് വെക്കുമ്പോഴും ചരിത്രത്തിലുള്ള മനുഷ്യന്റെ ഇടപെടൽ എന്നത് മുഖ്യമായ കാര്യമാണ്. ഈ ഇടപെടൽ ഒരുപക്ഷേ ഒരു യുദ്ധത്തിന്റെ രൂപത്തിലുമാകാം എന്നതിനപ്പുറമുള്ള പ്രാധാന്യമൊന്നും യുദ്ധത്തിന് ഇസ്ലാമിലില്ല.

ബദ്‌റിനെക്കുറിച്ച വർത്തമാനത്തിൽ സൂറഃ അൽഅൻഫാലിലെ ഒരു പ്രഖ്യാപനം ഇങ്ങനെയാണല്ലോ. ‘തന്റെ വചനങ്ങളാൽ, സത്യത്തെ സത്യമാക്കാനും സത്യവിരോധികളുടെ വേരറുക്കാനും അല്ലാഹു ഉദ്ദേശിക്കുന്നു. സത്യത്തെ സത്യമാക്കാൻ തന്നെയാണത്, മിഥ്യയെ മിഥ്യയാക്കാനും. അധർമികളിൽ അതെത്രമേൽ ജുഗുപ്‌സയുളവാക്കിയാലും ശരി’ (അൽഅൻഫാൽ 7-8). സത്യത്തെ സത്യമാക്കുക (യുഹിഖ്ഖ ൽഹഖ്ഖ്), മിഥ്യയെ മിഥ്യയാക്കുക (യുബ്ത്വില ൽബാത്വില്‍) എന്നീ പ്രയോഗങ്ങൾ അൽപം വിചിത്രമാണ്.

ഒരു കാര്യം സത്യമായത് കൊണ്ട് കാര്യമില്ല. സത്യാസത്യങ്ങൾ തമ്മിലുള്ള വേർതിരിവുകൾ പലപ്പോഴും അതിസൂക്ഷ്മമായിരിക്കുകയും ചെയ്യും. ഫുർഖാൻ എന്ന ആശയത്തിന്റെ പ്രസക്തി തന്നെ അതാണ്. സത്യത്തെ സത്യമായിത്തന്നെ അനുഭവിക്കാൻ സാധിക്കണം. ഹഖ്ഖ എന്ന ക്രിയാരൂപത്തിന് സത്യമായി എന്നതോടൊപ്പം സ്ഥിരീകരിക്കപ്പെട്ടു, അംഗീകരിക്കപ്പെട്ടു എന്നിങ്ങനെയും അർത്ഥങ്ങളുണ്ട്. സത്യത്തിന്റെ അംഗീകാരം എന്നത് പ്രധാനമാണ്. സത്യത്തെ ജീവിതത്തിന്റെ ആധാരമാക്കി മാറ്റുക. എബ്രായയിൽ (ഹീബ്രു) ഹൊഖ്ഖ് എന്ന പദത്തിന് നിയമം എന്നർത്ഥമുണ്ട്. സുറിയാനിയിൽ അത് ഹുഖ്ഖ ആണ്. നിയമം, ഭരണം എന്നൊക്കെ അർത്ഥം. സത്യത്തെ വെളിവാക്കുകയും അതിനെ മനുഷ്യന്റെ വൈയക്തിക, സാമൂഹിക ജീവിതങ്ങളുടെയും നാഗരികതയുടെയുമൊക്കെ അടിസ്ഥാനമാക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യമാണ് ബദ്ർ എന്ന ഫുർഖാനിലൂടെ അല്ലാഹു സ്വീകരിച്ചിരിക്കുന്നത് എന്നാണ് മനസ്സിലാക്കേണ്ടത്. ഹഖ്ഖിനെ ഹഖ്ഖാക്കുക എന്നാൽ അർത്ഥമതാണ്.

അതുപോലെത്തന്നെ ബത്വല, ബാത്വിൽ എന്നീ പദങ്ങൾ റദ്ദ് ചെയ്യലിനെയും ശൂന്യമാക്കലിനെയും ഉപയോഗമില്ലാതാക്കലിനെയുമൊക്കെ സൂചിപ്പിക്കുന്നു. ഹഖ്ഖ് സ്ഥിരീകരണമാണെങ്കിൽ ബാത്വിൽ റദ്ദാക്കലാണ്. അസത്യത്തെയും അനീതിയെയും മനുഷ്യജീവിതത്തില്‍ നിന്ന് വേരടക്കം പിഴുതുമാറ്റുക എന്നതാവും അപ്പോൾ ബാത്വിലിനെ ബാത്വിലാക്കുക എന്നതിന്റെ അർത്ഥം.

നന്മതിന്മകൾ തമ്മിലുള്ള സംഘർഷത്തിന്റെ ആഖ്യാനമാണ് ചരിത്രം എന്ന് പറഞ്ഞല്ലോ. ഈ സംഘർഷത്തിന്റെ ആരംഭവുമായി ബന്ധപ്പെട്ട് ഖുർആനിൽ സൂറഃ അൽമാഇദയിൽ ഒരു സംഭവം പറയുന്നുണ്ട്. ആദം പുത്രന്മാർ രണ്ടുപേർ എന്നാണ് കഥാപാത്രങ്ങളെക്കുറിച്ച വിശേഷണം. ആദം എന്നാൽ മനുഷ്യൻ എന്നർത്ഥം. ഭൂമിയിൽ നാഗരികജീവിതത്തിന് തുടക്കമിട്ട ആദ്യ മനുഷ്യവ്യക്തിയെയും ഖുർആൻ ആദം എന്ന് വിളിക്കുന്നു. എന്തായാലും ആദം പുത്രന്മാർ എന്നതിനപ്പുറം ഈ കഥാപാത്രങ്ങളുടെ പേരും നാളും കുറിയുമൊന്നും വേദഗ്രന്ഥത്തിലില്ല. രണ്ട് സഹോദരങ്ങൾ എന്ന രീതിയിലുള്ള ആഖ്യാനം. പേരിനെക്കാൾ പൊരുളിനാണല്ലോ പ്രാധാന്യം.

ഒരു ജീവന്റെ വില
കഥയുടെ ക്ലൈമാക്‌സിൽ ഒരാള്‍ മറ്റേയാളെ കൊന്നു കളഞ്ഞു. രണ്ട് പേരും ബലിയർപ്പിച്ചതായും അതിൽ ഒരാളുടെ അർപ്പണം അല്ലാഹു സ്വീകരിച്ചതായും മറ്റേയാൾ തിരസ്‌കരിക്കപ്പെട്ടതായും പറയുന്നതൊഴിച്ചാൽ അവർ തമ്മിലുള്ള തർക്കത്തിന്റെ മൗലികകാരണമെന്തായിരുന്നു എന്ന് ഖുർആനിലോ ഹദീഥുകളിലോ പറയുന്നില്ല. അൽപം കൂടി മിത്തീകരിച്ചു കൊണ്ട് ഇതേ കഥ കുറേക്കൂടി വിശദമായി പറയുന്നുണ്ട് ബൈബിളിൽ. ബൈബിൾ വിവരണപ്രകാരം മൂത്തയാളിന്റെ പേര് കയേൻ എന്നാണ്. രണ്ടാമൻ ആബേലും. നോദ് എന്ന ആദിമസമൂഹത്തിലെ ഒരു സ്ത്രീയുടെ ഭർത്താവാണ് കയേൻ. മൂത്തയാൾ എന്ന നിലക്ക് തന്റെ അധികാരവും പദവിയും സ്ഥാപിക്കുക എന്നത് കയേന്റെ താത്പര്യമായിരുന്നു. എന്തൊക്കെയായാലും ആദിമദശയിൽത്തന്നെ വലിയ കുഴപ്പങ്ങൾ സൃഷ്ടിക്കാൻ മനുഷ്യന് പ്രേരകമായത് നീത്ഷ്‌ചേ പറഞ്ഞ ആ ഇച്ഛ തന്നെയാണെന്ന് കരുതണം. വിൽ റ്റു പവർ, അധികാരേഛ.

തന്റെ ധാർമികവിശുദ്ധിയാൽ അനിയൻ ആബേൽ നേടിയ സ്വാധീനമാവാം അയാളെ അസ്വസ്ഥനാക്കിയത്. ആബേൽ പുരസ്‌കൃതനും കയേൻ തിരസ്‌കൃതനും ആവുന്നതിന്റെ കാരണങ്ങൾ കയേന്റെ ഈ പെരുമാറ്റത്തിലും അസ്വാസ്ഥ്യത്തിലും തന്നെ കാണാം.

“The First Mourning” പ്രഥമവിലാപം -കയേൻ ആബേൽ കഥയെ ആധാരമാക്കി വില്യം അദോൾഫ് ബുഗുറുവിന്റെ (William-Adolphe Bouguereau} പെയിന്റിങ്

നിന്നെ ഞാൻ കൊല്ലും എന്ന് ചേട്ടൻ അനിയനോട്. വിശുദ്ധിയുള്ളവരിൻ നിന്നല്ലേ ദൈവം ബലി സ്വീകരിക്കുക എന്ന് അനിയനും. വിശുദ്ധിയുടെ വഴി ആർക്കും തടയപ്പെട്ടിട്ടൊന്നുമില്ലെന്നും തനിക്ക് മറ്റെന്തെങ്കിലും സവിശേഷതയുള്ളത് കൊണ്ടൊന്നുമല്ല താൻ സ്വീകാര്യനായത് എന്നും അനിയൻ വിശദീകരിച്ചു.

നീ കൊല ചെയ്യാൻ കൈയുയർത്തിയേക്കാം. എന്നാൽ ഞാൻ നിന്റെ നേരെ കൈയുയർത്തില്ല എന്ന് അനിയൻ തന്റെ നയം പ്രഖ്യാപിച്ചു. കരുത്തില്ലാത്തത് കൊണ്ടൊന്നുമല്ല അത്. തന്റെ നിലപാടിന് കാരണം അനിയൻ തന്നെ വ്യക്തമാക്കുന്നു. ‘ഞാൻ ജനതകളുടെ ഉടയോനെ അറിയുന്നു, അവന്റെ അനിഷ്ടത്തെ ഭയപ്പെടുന്നു’. അതായത്, അല്ലാഹുവിന്റെ അനിഷ്ടത്തെ ഭയക്കുന്നവൻ മനുഷ്യജീവനെ ആദരിക്കുന്നു. ചെകുത്താൻ ബാധയേറ്റ കൊലയാളി കൊലപാതകകൃത്യം നിർവഹിച്ചതായി വെളിപ്പെടുത്തിയ ശേഷം ഖുർആൻ മനുഷ്യജീവനുമായി ബന്ധപ്പെട്ട അതി്‌ന്റെ തത്വം പ്രഖ്യാപിക്കുന്നു. ‘അക്കാരണത്താൽ, യിസ്രായേൽ മക്കളോട് നാം കൽപിച്ചിരുന്നു, ഒരു ജീവന് പകരമായോ ഭൂമിയിൽ നാശം വിതച്ചതിന്റെ പേരിലോ (നിയമപ്രകാരമുള്ള ലോ ആൻഡ് ഓഡർ നടപടികൾ) അല്ലാതെ ആരെങ്കിലുമൊരാൾ ഒരു ജീവനെ ഹനിച്ചാൽ അവൻ മനുഷ്യസമൂഹത്തിന്റെയഖിലം ഹന്താവാകുന്നു. ഇനിയൊരാൾ മറ്റൊരാൾക്ക് ജീവനം നൽകിയാലോ, അയാൾ മുഴുമനുഷ്യസമൂഹത്തെയും ജീവിപ്പിച്ചവനുമത്രേ’ (അൽമാഇദഃ 32).

സകല ഗണിതശാസ്ത്ര സമവാക്യങ്ങളെയും തകിടം മറിക്കുന്ന ഒന്നാകുന്നു ജീവന്, മനുഷ്യാസ്തിത്വത്തിന് ഖുർആൻ നൽകുന്ന പ്രാധാന്യം. അതായത്, ഒരു ജീവൻ സമം മുഴുവൻ മനുഷ്യസമൂഹം. ജീവന് വേദം നല്‍കുന്ന പ്രാധാന്യമാണിത്. ‘എന്തൊരു പാതകമാണ് നീ ചെയ്തത്? നിന്റെ സഹോദരന്റെ രക്തമിതാ മണ്ണിൽ നിന്നും എന്നെ വിളിച്ച് കരയുന്നു. നിന്റെ കൈയിൽ നിന്ന് നിന്റെ സഹോദരന്റെ രക്തം കുടിക്കാൻ വാ പിളർന്ന ഈ മണ്ണിൽ നീ ശപിക്കപ്പെട്ടവനായല്ലോ’ (ബൈബിൾ, ഉത്പത്തി 4: 10-11).

സമൂഹമായി മാറിയ മനുഷ്യന് ദൈവം നല്‍കുന്ന ആദ്യകൽപനയാണിത്. ജീവന് നൽകേണ്ടുന്ന ആദരവ്. ഈ സമവാക്യത്തിനപ്പുറം ഖുർആൻ വിവരിക്കുന്ന ഈ സംഭവം നൽകുന്ന ഒരു യുദ്ധവിരുദ്ധ സന്ദേശമുണ്ട്. അത് തിരിച്ചറിയണമെങ്കിൽ രണ്ട് സഹോദരന്മാരുടെ കലഹം എന്ന നിലവിട്ട് അവരുടെ വർത്തമാനങ്ങളെ പരസ്പര വിരുദ്ധമായ രണ്ട് നിലപാടുകളായി എടുക്കണം. ആബേൽ എന്ന് ബൈബിൾ പേര് പറഞ്ഞ് വിളിക്കുന്ന കനിഷ്ഠ സഹോദരന്റെ നിലപാടിനാണ് ഖുർആന്റെ (ബൈബിളിന്റെയും) പിന്തുണ എന്ന് വ്യക്തമാകുന്നുണ്ട്.

എന്റെ നേരെ നീ കൈയുയർത്തിയാലും ഞാനത് ചെയ്യില്ല എന്നതാണ് ആബേലിന്റെ നിലപാട്. ഇത് പക്ഷേ വിധേയത്വത്തിന്റെയും അടിമത്തത്തിന്റെയും നിലപാടല്ല. പ്രതിരോധിക്കാനും പോരാടാനും ആർക്കും അവകാശമുണ്ട്. അതേസമയം, കൊല്ലുന്നവരുടെയും ആക്രമിക്കുന്നവരുടെയും കൂട്ടത്തിൽപ്പെട്ടവനല്ല ഞാൻ എന്നേ ആബേൽ പറയുന്നുള്ളൂ. അതിന്റെ കാരണവും കൃത്യമാണ്. അതായത്, ഈ പാരബ്‌ളിന്റെ ഗുണപാഠങ്ങൾ വ്യക്തമാണ്. അല്ലാഹുവിനെ സൂക്ഷിക്കുന്നവൻ ജീവഹത്യ നടത്തില്ല എന്നതാണ് അതിൽ പ്രധാനം. രണ്ടാമതായി കൊല ഗുരുതരമാണെന്ന അല്ലാഹുവിന്റെ പ്രഖ്യാപനവും. അവിടെയാണ് മുകളിൽ സൂചിപ്പിച്ച ഒന്ന് സമം അഖിലം എന്ന സമവാക്യവും പ്രവർത്തിക്കുന്നത്.

അധികാരേഛയെ ഇസ്ലാം ഒരുകാലത്തും പിന്തുണച്ചിട്ടില്ല. നീത്ഷ്‌ചെയുടെ സിദ്ധാന്തം മനുഷ്യരിൽ എത്ര തന്നെ പ്രവർത്തനക്ഷമമാണെങ്കിലും. ജീവിതത്തെയും ഭൗതികാനന്ദങ്ങളെയും ഒട്ടും നിഷേധാത്മകമായി സമീപിക്കാതിരിക്കുമ്പോഴും ഇപ്പറഞ്ഞ രണ്ടിന്റെയും പരിമിതികളെ ഓർമിപ്പിക്കാനും അവയോടുള്ള അടിമത്തത്തിൽ നിന്ന് മുക്തരാകാനുമാണ് ഖുർആൻ ആഹ്വാനം ചെയ്യുന്നത്. ആകയാൽ ജീവിതവിശകലനത്തിൽ ഇഛകളുമായി ബന്ധപ്പെട്ട് മേൽ സൂചിപ്പിച്ച ടൂളുകൾ ഇസ്ലാമിൽ അപ്രസക്തമാകുന്നു.

സ്വാഭാവികമായും പ്രവാചകന്റെയും ഖുലഫാഉ റാശിദുകളുടെയും പോരാട്ടങ്ങളെ അധികാരസ്ഥാപനത്തിനോ സാമ്രാജ്യ വിപുലീകരണത്തിനോ വേണ്ടിയുള്ള ശ്രമങ്ങളായി കാണാൻ പറ്റില്ല. നീതിക്ക് വേണ്ടിയുള്ള സമരങ്ങളാണത്. ജീവൻ സമർപ്പിക്കാനുള്ള സന്നദ്ധതയാണ് ഇത്തരം സമരങ്ങളിൽ പങ്ക് ചേരുന്നവരിൽ നിന്ന് ഇസ്ലാം ആവശ്യപ്പെടുന്നതും. തങ്ങളെ ആക്രമിച്ചില്ലാതാക്കാൻ ശ്രമിക്കുന്നവരോട് കാർക്കശ്യം പുലർത്താൻ അതാവശ്യപ്പെടുന്നുണ്ടെങ്കിലും.

One thought on “സത്യാസത്യങ്ങളുടെ പോര്

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s