‘ഞാനൊരു പെണ്‍വാണിഭക്കാരൻ’ എന്ന് മൊഴിഞ്ഞ പിമ്പിനോട് ജ്ഞാനിയായ അവധൂതൻ അന്വേഷിച്ചത് ‘എങ്കിലെവിടെ നിന്റെ പെണ്ണുങ്ങൾ’ എന്നായിരുന്നു.
പി.എ നാസിമുദ്ദീന്റെ കവിതയാണ്. ‘പിമ്പും ജ്ഞാനിയും’. മാധ്യമം ആഴ്ചപ്പതിപ്പിന്റെ പുതുവത്സരപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത്. ഇപ്പോഴിതോർത്തത് മാധ്യമത്തിന്റെ തന്നെ ജൂലൈ 19ാം ലക്കത്തിൽ എൻ രേണുക എഴുതിയ ‘ഉന്മാദത്തിന്റെ തിരകൾ’ എന്ന ലേഖനം വായിച്ചപ്പോഴും.
ശയ്യാതലത്തിൽ പലതരം യോനികളുടെ വട്ടെഴുത്തുകളും നീട്ടെഴുത്തുകളും വായിച്ചു തുടങ്ങിയതോടെ, പരുപരുത്ത താളുകളിൽ വരണ്ട മഷി കൊണ്ട് താന്‍ അന്നോളം എഴുതിയിട്ട ജ്ഞാനാർത്ഥങ്ങളുടെ ശൂന്യത അവധൂതൻ അറിഞ്ഞു. യോനീമുഖങ്ങളിൽ പ്രപഞ്ചാരംഭത്തിലെ മിന്നലുകൾ പിണർന്നും ചുഴികൾ ഉണർന്നുമിരുന്നു. ഉടലുകൾ വീണകളായി പലതരം പ്രപഞ്ചരാഗങ്ങളുതിര്‍ത്തു. നഗ്നമിനുസമായ ചര്‍മങ്ങളിൽ ദൈവത്തിന്റെ ശിൽപവൈഭവം അയാൾ തഴുകിയറിഞ്ഞു.

പിമ്പാകട്ടെ, തന്റെ ചെറുമുറിയിൽ ഒരു മൂലയിൽ മാറ്റിവെച്ചിരുന്ന അവധൂതന്റെ ഗ്രന്ഥങ്ങളുടെ കെട്ടഴിച്ചത്, ഒരുപക്ഷേ കാത്തിരിപ്പിന്റെ മുഷിപ്പിൽ നിന്ന് രക്ഷ നേടാനാവാം. ഗ്രന്ഥങ്ങളോരോന്നായയാൾ ഉറക്കമൊഴിച്ചു വായിക്കാനാരംഭിച്ചു.
അനുഭവതീക്ഷ്ണതകളുടെ തീച്ചൂടേറ്റ വിരലുകളായിരുന്നു അയാളുടേത്. അത് തൊട്ടമാത്രയിൽ അക്ഷരങ്ങൾക്ക് ജീവൻ വെച്ചതായാണ് നാസിമുദ്ദീൻ എഴുതുന്നത്. അവ ശ്വസിക്കാനും നൃത്തം വെക്കാനും തുടങ്ങി. അയാളുടെ ബോധം ചന്ദ്രനെപ്പോലെ ഉദിച്ചു. തന്നിൽ നിലാവ് പരക്കുന്നുവെന്നും വെളിപാടുണരുന്നുവെന്നും അയാൾ വിളിച്ചു കൂവിയപ്പോൾ, മെലിഞ്ഞ ഒരു പെണ്ണിന്റെ മാറിൽ കിടന്ന് അവധൂതനും പറഞ്ഞുവത്രേ: ‘എനിക്കും.’
പ്രലോഭനങ്ങളുടെ ഇടനാഴികളിൽ ഉന്മാദം അനുഭവിക്കുന്നവരും ജ്ഞാനത്തിന്റെ അഗാധഖനികളിൽ കാറ്റും വെളിച്ചവുമില്ലാതെ ജീവിക്കുന്നവരും എപ്പോൾ വേണമെങ്കിലും പരസ്പരം വെച്ചു മാറാവുന്ന രണ്ട് ബോധങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്ന് എൻ രേണുക എഴുതുന്നു. വിരുദ്ധധ്രുവങ്ങളിൽ അലയുന്ന സ്ത്രീ-പുരുഷന്മാരും അവരുടെ അനിശ്ചിതമായ സഞ്ചാരപഥങ്ങളും, ഒരിക്കലും കൂടിച്ചേരാത്ത സമാന്തരവഴികളുടെ പ്രലോഭനങ്ങൾ. രേണുകയുടെ അഭിപ്രായത്തിൽ അനുഭൂതിയുടെ വിരുദ്ധമണ്ഡലങ്ങൾ സംഗമിക്കുകയും വിഘടിക്കുകയും ചെയ്യുന്ന സാങ്കൽപിക ഇടമെന്ന നിലയിലാണ് കവിതക്ക് നിലനിൽപുള്ളത്.
വിളക്ക് കെടരുത് എന്ന കൽപനയോടെ അതീവരമ്യമായ ഒരുദ്യാനത്തിലേക്ക് യുവാവായ തന്റെ ശിഷ്യനെ പറഞ്ഞുവിട്ട സൂഫിയെ ഓർമ വരുന്നുണ്ട് ഈ കുറിപ്പുകാരന്. സാങ്കൽപികം എന്ന് വിശേഷിപ്പിക്കപ്പെട്ട, വിരുദ്ധമണ്ഡലങ്ങൾ സംഗമിക്കുകയും വിഘടിക്കുകയും ചെയ്യുന്ന, ആ ഇടം ഒരു യാഥാർത്ഥ്യമാണെന്ന് തന്നെ ബോധ്യപ്പെടുത്തുകയായിരുന്നു സൂഫി.
അനുഭവങ്ങളെല്ലാം അതിന്റെ തീക്ഷ്ണതയിൽത്തന്നെ നിറച്ചുവെക്കപ്പെട്ട ഒരിടമായിരുന്നു ഉദ്യാനം. രസ്യാഹാരങ്ങളുടെയും രമ്യദൃശ്യങ്ങളുടെയും മധുരശബ്ദങ്ങളുടെയും സുരഭിലപുഷ്പങ്ങളുടെയും അനുഭൂതിലോകം. അരികിലൂടെ കടന്നുപോകുന്ന അംഗനമാരുടെ ശരീരത്തിന്റെയും നിശ്വാസത്തിന്റെയും സ്പർശനങ്ങളും.
മൃദുവായ കാറ്റ് തന്നോട് കിന്നാരം പറഞ്ഞത്, പക്ഷേ അവൻ കേട്ടില്ല. അവന് കൈയിലുള്ള ചെരാത് കെട്ടുപോകാതെ സൂക്ഷിക്കേണ്ടതുണ്ടായിരുന്നു. പറഞ്ഞതിലും നേരത്തെ അവൻ ഗുരുസവിധത്തില്‍ തിരിച്ചെത്തി. വിളക്ക് കെട്ടിരുന്നില്ല. ഗുരുവിനറിയേണ്ടത് ഉദ്യാനത്തിലെ വിശേഷങ്ങളായിരുന്നു. എന്നാൽ അവനതൊന്നും കണ്ടിരുന്നില്ലല്ലോ. ചെറുകാറ്റിൽ ഉലഞ്ഞു കൊണ്ടിരുന്ന തീനാളത്തിൽ മാത്രമായിരുന്നവന്റെ ശ്രദ്ധ മുഴുവൻ. അതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഉദ്യാനത്തിലെ അനുഭൂതികൾ നഷ്ടപ്പെടുത്തിയതിന്റെ പേരിൽ ഗുരു അവനെ ശാസിച്ചു.
രണ്ടാം നാൾ ചെരാതുമായി പുറപ്പെട്ട അവൻ ഉദ്യാനത്തിൽ മദിച്ചു പുളച്ചു. വിലക്കപ്പെട്ട മരങ്ങളിൽ നിന്നും കനികൾ ഭുജിച്ചു. സുന്ദരിമാർക്കൊപ്പം നീരാടി. നിശ്ചിത സമയവും കഴിഞ്ഞൊരുപാട് നേരത്തിന് ശേഷമാണ് അവൻ തിരിച്ചെത്തിയത്. വിളക്ക് നേരത്തേ തന്നെ കെട്ടുപോയിരുന്നു.

ഇന്ദ്രിയ നിഗ്രഹത്തിന്റെ യോഗമാർഗവും ഇന്ദ്രിയ ലോലുപതയുടെ ഭോഗമാർഗവും. നാസിമുദ്ദീന്റെ ജ്ഞാനിയും പിമ്പും അകപ്പെട്ടിരിക്കുന്ന തടവറകളും അത് തന്നെയായിരിക്കുമെന്ന് തോന്നുന്നു.
ഉടലിന്റെ ശിൽപചാരുതയെയും സംഗീതത്തെയും എഴുതുമ്പോൾ വാചാലമാകുന്ന കവിയുടെ പേന ജ്ഞാനിയുടെ ഗ്രന്ഥക്കെട്ടിലെ അക്ഷരങ്ങളുടെ ആഴങ്ങളെയും കാണുന്നുണ്ട്. എന്നാൽ കവി ഉടൽ അളക്കുന്നതും അറിയുന്നതും പരിവ്രാജകനായ ജ്ഞാനിയിലൂടെയാണ്. അക്ഷരങ്ങൾ ശ്വസിക്കാനും നൃത്തം വെക്കാനും തുടങ്ങുന്നതാകട്ടെ, കൂട്ടിക്കൊടുപ്പുകാരന്റെ അനുഭവതീക്ഷ്ണതകളുടെ തീച്ചൂടേറ്റ വിരലുകൾ അവയെ സ്പർശിച്ചപ്പോള്‍ മാത്രവുമാണ്.
എൻ രേണുക ഇവിടെ നിന്നും നാസിമുദ്ദീന്റെ മറ്റ് കവിതകളിലേക്ക് സഞ്ചരിക്കുന്നുണ്ട്. പ്രപഞ്ചസങ്കരം, സുകന്യ, വിലാസിനി, സരള, സുബൈദ സ്വര്‍ഗത്തിൽ, യോഗിനി മല്ലമ്മയും സൂഫി ഫരീദ് ബാബയും., ചാട്ടവാറും മുതുകും, ഓണ്‍ലൈൻ സൈറ, പള്ളിക്കൽ ബസാർ, ഒരാൾ ഒരിടം രണ്ട് യാത്ര, ജനനേന്ദ്രിയ വൃക്ഷം എന്നിങ്ങനെ ഒട്ടേറെ കവിതകൾ. (വളരെ കുറച്ച് മാത്രമേ നാസിമുദ്ദീൻ എഴുതാറുള്ളൂ എന്നും ചിലപ്പോൾ ഒരു കവിത പൂർത്തിയാക്കാൻ മാസങ്ങൾ തന്നെ എടുക്കാറുണ്ടെന്നും എനിക്കറിയാം). ‘മന്ദ്രസ്ഥായിയിൽ എഴുതപ്പെട്ട ഈ കവിതകളിലെല്ലാം വെളിച്ചത്തിന്റെ യുദ്ധഭൂമികളും നരകവാതിലുകളും പ്രകാശഗോപുരങ്ങളുമുണ്ട്,’ ‘ദൈവവും അഭിസാരികകളും കാമനകളും ജ്ഞാനവും ഉന്മാദവും ഘടനയായി പരിണമിക്കുന്ന നിരവധി കവിതകൾ.’
‘കവിതയുടെ പരിണാമവഴികളിൽ പ്രത്യക്ഷമായും പരോക്ഷമായും ബോധത്തിന്റെ ഇടച്ചിലുകളും അനുരഞ്ജനത്തിന്റെ ആനന്ദനൃത്തങ്ങളുമുണ്ട്.’
മൂന്നാം ദിവസവും ചെരാതുമായി പുറപ്പെട്ട ശിഷ്യൻ ഉദ്യാനത്തിലെ അനുഭൂതികൾ നുകർന്നും എന്നാൽ ചെരാത് കെട്ടുപോകാതെ സൂക്ഷിച്ചും തിരിച്ചെത്തി, സൂഫിയുടെ കഥയെ ശുഭപര്യവസായിയാക്കി.
രേണുകയുടെ ലേഖനം അവസാനിച്ചത് നാസിമുദ്ദീന്റെ യോഗിനി മല്ലമ്മയിലും ഫരീദ് ബാബയിലും. ‘ജന്മങ്ങളുടെ മറുകര തേടുന്ന പ്രതീകാത്മക ജീവിതത്തിൽ ഭൂമിയിൽ തളിർപ്പുകളോടെ ജീവിക്കാനാണ് ദൈവങ്ങളും മനുഷ്യരും പിന്നെ എക്കാലവും അപമാനവീകരിക്കപ്പെട്ട വേശ്യകളും ആഗ്രഹിക്കുന്നത്.’