ഗാന്ധിയുടെ ജാതി

മുഹമ്മദ് ശമീം
ജാതിയും ജാതിവിരുദ്ധസമരങ്ങളും –
പത്ത്

മുൻ ലേഖനങ്ങൾ
1) ജാതിയുടെ ജാതകം
2) തത്ത്വമസി
3) ലിംഗായതവും ബ്രഹ്മധർമവും
4) ദലിതം
5) ദ്രാവിഡം
6) ഒരേ ഒരു ജാതി, ഒരേ ഒരു മതം, ഒരേ ഒരു കടവുള്‍
7) നാരായണീയം
8) ബോധിസത്വന്റെ കലാപങ്ങള്‍
9) ജാതിനിര്‍മൂലനം

തന്റെ കാലിക പ്രസക്തിയെ മോഹൻദാസ് കരംചന്ദ് ഗാന്ധി ഇന്നും ഏറ്റവും ശക്തമായി അടയാളപ്പെടുത്തുന്നത് തന്റെ മരണം കൊണ്ട് തന്നെയാണ്. എന്തെന്നാൽ, ഉന്മൂലനം ചെയ്യപ്പെടേണ്ട ഒരേയൊരു നേതാവേ ഹിന്ദുത്വശക്തികൾക്ക് സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നുള്ളൂ. ഹിന്ദുത്വ വംശീയ ഭ്രാന്ത് കൊണ്ട് സമനില തെറ്റിയ ഏതെങ്കിലും ക്രിമിനലിന്റെ കൈയാൽ താൻ കൊല്ലപ്പെടുമെന്ന് അദ്ദേഹം മുന്‍കൂട്ടി കണ്ടിരുന്നുവെന്ന് വേണം കരുതാൻ. വെടിയേറ്റ് മരിക്കുന്നതിന്റെ തലേന്നാൾ മനുവിനോട്, താൻ ആശ്രമത്തിന്റെ സുരക്ഷിതത്വത്തിന് കീഴിൽ കട്ടിലിൽക്കിടന്ന് സുഖമരണം വരിക്കുകയാണെങ്കിൽ, ഈ മഹാത്മാ വെറുമൊരു കപടനായിരുന്നെന്ന് ലോകത്തോട് നീ വിളിച്ചു പറയണം എന്ന് ഗാന്ധിജി പറഞ്ഞിരുന്നുവത്രേ.

“Hey Ram! The Death of Gandhi” by Sedunath Prabhakar

ആ മൂന്ന് വെടിയുണ്ടകളുടെ പിന്നിൽ ചലിച്ച വിരലുകളിലാണ് ഇന്ന് ‘സ്വതന്ത്ര’ ഇന്ത്യയുടെ നിയമ, നീതി വ്യവസ്ഥകളൊക്കെയും പപെട്രി കളിച്ചു കൊണ്ടിരിക്കുന്നത് എന്നതും മഹാത്മാ ഗാന്ധി എന്ന വിസ്മയത്തിന്റെ പ്രസക്തിയെ വർദ്ധിപ്പിക്കുന്നു.

ദക്ഷിണാഫ്രിക്കയിൽ വെച്ച് വർണവിവേചനത്തിന്റെ അപകടങ്ങൾ തിരിച്ചറിഞ്ഞ് അതിനോട് പ്രതികരിച്ചു കൊണ്ടാണ് എം.കെ ഗാന്ധി സാമൂഹ്യ രാഷ്ട്രീയ രംഗത്തേക്ക് വരുന്നത്. ഇന്ത്യയിൽ തിരിച്ചു വന്നപ്പോൾ താനിതുവരെ കണ്ട വർണവിവേചനത്തെക്കാൾ അപകടകരമായ ഒന്നാണ് ഇന്ത്യയിലെ ജാത്യാചാരങ്ങളും അയിത്തവും എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.

ശുദ്ധാശുദ്ധത്തിന്റെയും അനുഷ്ഠാനത്തിന്റെയും പേരിലുള്ള തീണ്ടലാചാരങ്ങൾ വർണവിവേചനത്തിന്റെ ഭാഗമായിരുന്നില്ല. സ്പർശനം കൊണ്ടോ ദർശനം കൊണ്ടോ അപകടപ്പെട്ടു പോകുന്ന ശുദ്ധിയെക്കുറിച്ചുള്ള വിചാരങ്ങൾ ദക്ഷിണാഫ്രിക്കയിൽ മാത്രമല്ല, ലോകത്തൊരിടത്തും വെള്ളക്കാർ ഒരുകാലത്തും വെച്ചുപുലർത്തിയിരുന്നുമില്ല.

അതേസമയം തന്നെ, ജാതിയതയുടെയും അയിത്തത്തിന്റെയും വിഷയത്തിൽ അംബേദ്കറിൽ നിന്ന് വ്യത്യസ്തമായ സമീനങ്ങളാണ് ഗാന്ധിജി വെച്ചു പുലർത്തിയിരുന്നത്. ജാതിനിർമൂലനം (annihilation of caste) എന്ന, അംബേദ്കർ ആശയത്തെ ആദ്യകാലത്ത് അദ്ദേഹം അംഗീകരിച്ചിരുന്നില്ല. പകരം മുന്നോട്ട് വെച്ചത് അയിത്തോച്ചാടനം (remolval of untouchability) എന്ന ആശയമായിരുന്നു. അതാകട്ടെ, തൊഴിൽ, തൊഴിൽ വൈദഗ്ദ്യം, തൊഴിൽ വൈവിധ്യം, തൊഴിൽ വിഭജനം തുടങ്ങിയവ സംബന്ധമായ അദ്ദേഹത്തിന്റെ സമീപനവുമായിക്കൂടി ബന്ധപ്പെട്ടതായിരുന്നു.

എന്നാൽ പിൽക്കാലത്ത് ഈ നിലപാട് ഗാന്ധി തിരുത്തുന്നുണ്ട്. ജാതി പോകണം എന്നും ജാതി ഉള്ളിടത്തോളം കാലം ഈ സമൂഹത്തിൽ സാമൂഹ്യവിവേചനം അവസാനിക്കാൻ പോകുന്നില്ലെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. ജാതി പോകണം എന്ന ശീര്‍ഷകത്തിൽത്തന്നെ അദ്ദേഹം അതെഴുതിയിട്ടുമുണ്ട്.

Annihilation of Caste എന്ന അംബേദ്കറുടെ പ്രഭാഷണം പ്രസിദ്ധീകരിക്കപ്പെടുന്നത് 1936ലാണ്. (പക്ഷേ, ജാതിനിർമൂലനം എന്ന ആശയം മുന്നോട്ട് വെച്ചത് ഇതിലല്ല). എന്നാൽ ഇതിന് രണ്ട് വർഷം മുമ്പ് തന്നെ ഒരു സാമൂഹ്യ സമ്പ്രദായം എന്ന നിലക്ക് പോലും ഗാന്ധി ജാതിവ്യവസ്ഥയെ പൂർണമായും തള്ളിപ്പറഞ്ഞിട്ടുണ്ട്. 1935 നവംബർ പതിനാറാം തീയതി The Removel of Untouchability എന്ന പരമ്പരയിൽ ഹരിജനിൽ അദ്ദേഹം എഴുതിയ ലേഖനത്തിന്റെ ശീർഷകം തന്നെ Caste Has to Go എന്നായിരുന്നു.

ഗാന്ധിജി സബർമതി ആശ്രമത്തിൽ

അസ്പൃശ്യത ഉൾപ്പെടെയുള്ള പല ആചാരങ്ങളെയും ഗാന്ധി ചെറുപ്രായം തൊട്ടേ ലംഘിക്കുകയും വെല്ലുവിളിക്കുകയും ചെയ്തിരുന്നതായി കാണാം. പന്ത്രണ്ടാം വയസ്സിൽ അസ്പൃശ്യരായ അയൽക്കാരുടെ വീടുകളിലെ ശൗചാലയങ്ങൾ വൃത്തിയാക്കാൻ അദ്ദേഹം തുനിഞ്ഞു. അവർണരായ ആളുകളെ സ്പർശിക്കരുത് എന്ന അമ്മയുടെ താക്കീതുകളെ അവഗണിക്കുകയും തൊട്ടുകൂടായ്മയ്ക്ക് ഹിന്ദുമതം അനുവാദം നല്‍കുന്നില്ല എന്ന് വെല്ലുവിളിക്കുകയും ചെയ്തു. വിദേശയാത്ര വിലക്കുന്ന ജാത്യാചാരത്തെ ലംഘിച്ച് പതിനെട്ടാം വയസ്സിൽ ലണ്ടനിലേക്കും തുടര്‍ന്ന് ദക്ഷിണാഫ്രിക്കയിലേക്കും യാത്ര ചെയ്തു.

ഈ യാത്രകളിൽ സമുദായത്തിൽ ചിലരുടെ പിന്തുണ അദ്ദേഹത്തിനുണ്ടായിരുന്നു. മാവ്ജി ദേവ് ജോഷിജി എന്ന ബ്രാഹ്മണ പുരോഹിതന്റെ ഉപദേശമനുസരിച്ചാണ് ഗാന്ധി നിയമപഠനത്തിനായി ലണ്ടനിലേക്ക് പോയത്.

തത്വങ്ങളെക്കാൾ പ്രയോഗത്തിൽ വിശ്വസിച്ചിരുന്ന ഗാന്ധി ജീവിതകാലം മുഴുവൻ ഇത്തരം ആചാരലംഘനങ്ങളിൽ പരസ്യമായി ഏർപ്പെട്ടു കൊണ്ടിരുന്നു. തോട്ടിപ്പണിയെടുക്കുന്ന ഒരു തൊഴിലാളിയും ധർമോപദേശവും ആചാരങ്ങളിലുള്ള കൈകാര്യകർതൃത്വവും നിര്‍വഹിക്കുന്ന പുരോഹിതനും തമ്മിൽ പദവിയിലോ പരിഗണനയിലോ യാതൊരന്തരവും ഉണ്ടാവരുത് എന്ന് പഠിപ്പിച്ച ഗാന്ധി, പലപ്പോഴും ആശ്രമത്തിലെ തോട്ടിപ്പണി സ്വയം ചെയ്തു.

നീചജാതിക്കാരായി വിശേഷിപ്പിക്കപ്പെടുന്ന ധാരാളമാളുകൾ ആശ്രമത്തിൽ വരുന്നുണ്ടെന്നിരിക്കെ, അവരുടെ പാത്രങ്ങൾ കഴുകാനും ശൗചാലയങ്ങൾ വൃത്തിയാക്കാനും മടി കാണിച്ച കസ്തൂർബയെ അദ്ദേഹം ശകാരിക്കുകയും പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു എന്നത് അവരുടെ നിര്‍ണയാവകാശത്തിന് മേലുള്ള, പുരുഷാധിപത്യപരമായ കടന്നുകയറ്റമായി അപലപിക്കപ്പെട്ടേക്കാൻ ഇടയുണ്ടെങ്കിലും ജാതിബോധത്തെത്തന്നെ ഉന്മൂലനം ചെയ്യുന്നതിൽ അദ്ദേഹത്തിനുള്ള ജാഗ്രതയെ കുറിക്കുന്നു.

ജാതിയിൽ ഒരു ബനിയ വൈശ്യനായിരിക്കെ, ഒരു ഭാഗത്ത് തോട്ടിപ്പണി ഉൾപ്പെടെ അന്ന് അവർണർക്ക് വിധിക്കപ്പെട്ട തൊഴിലുകളിലേർപ്പെട്ടു കൊണ്ടും മറുഭാഗത്ത് ബ്രാഹ്മണർക്ക് വിധിക്കപ്പെട്ട ആചാര്യവൃത്തികൾ സ്വയമേറ്റെടുത്തും ഗാന്ധി ജാതിവൈജാത്യങ്ങളെ അട്ടിമറിച്ചു. ജാതീയചിന്തകളുടെ വേരറുത്തു മാറ്റുന്നതിന് വേണ്ടി സ്വയം സ്വീകരിച്ച വ്രതങ്ങളിലൊന്ന്, വധു ഹരിജൻ പെൺകുട്ടിയാണെങ്കിലല്ലാതെ ഒരു ബ്രാഹ്മണയുവാവിന്റെ വിവാഹത്തിന് താൻ കാര്‍മികത്വം വഹിക്കുകയോ സന്നിഹിതനാവുക പോലുമോ ഇല്ല എന്നതായിരുന്നു.

നിര്‍മൂലനവും ഉച്ചാടനവും
1936 ജൂലൈ 11, 18 ലക്കങ്ങളിലെ ഹരിജനിൽ, അംബേദ്കറുടെ ജാതിനിർമൂലന പ്രഭാഷണത്തോട് (Annihilation of Caste) മഹാത്മാ ഗാന്ധി പ്രതികരിക്കുന്നുണ്ട്. ഹിന്ദു സമൂഹത്തിന് മേൽ അംബേദ്കർ മൂന്ന് കാര്യങ്ങളാണ് ആരോപിക്കുന്നതെന്ന് ഗാന്ധി പറയുന്നു. സ്വയമേവയുള്ള മനുഷ്യത്വരഹിതമായ പെരുമാറ്റങ്ങൾ, ആ പെരുമാറ്റങ്ങളുടെ നിര്‍ലജ്ജമായ ന്യായീകരണം, ആ ന്യായീകരണത്തിന് പ്രാമാണികത്വം നൽകുന്ന മതവും മതഗ്രന്ഥങ്ങളും എന്നിവയാണവ. ഈ കുറ്റാരോപണങ്ങളുടെ അടിസ്ഥാനത്തിൽ മൂന്ന് ചോദ്യങ്ങൾ പ്രസക്തമാണെന്നും അദ്ദേഹം കരുതുന്നു.

ആ ചോദ്യങ്ങൾ ഇവയാണ്:
1) ഏതൊക്കെയാണ് വിശുദ്ധഗ്രന്ഥങ്ങൾ അഥവാ മതഗ്രന്ഥങ്ങൾ?
2) വിശുദ്ധഗ്രന്ഥങ്ങളിൽ ഇപ്പോൾ കാണുന്നതെല്ലാം അതിന്റെ അവിഭാജ്യഭാഗം തന്നെയാണോ അതോ അനധികൃതമായ കൂട്ടിച്ചേർക്കൽ എന്ന നിലയിൽ ഏതെങ്കിലും ഭാഗം ഉപേക്ഷിക്കാൻ പറ്റുമോ?
3) അങ്ങനെ ശുദ്ധി ചെയ്യപ്പെട്ടതും സ്വീകാര്യവുമായ മതഗ്രന്ഥങ്ങൾ പദവികളിലെ അസമത്വം, ജാതിവ്യവസ്ഥ, തൊട്ടുകൂടായ്മ, മിശ്രഭോജനം, മിശ്രവിവാഹം തുടങ്ങിയ കാര്യങ്ങളിൽ എന്ത് നിലപാടാണ് മുന്നോട്ടു വെക്കുന്നത്?

തുടർന്നുള്ള പരിശോധനകളിലെ ഗാന്ധിയുടെ നിലപാടനുസരിച്ച്, വേദങ്ങളും ഉപനിഷത്തുകളും സ്മൃതികളും പുരാണങ്ങളും ഹിന്ദുക്കൾക്ക് വിശുദ്ധ ഗ്രന്ഥങ്ങളാണ്. എന്നു കരുതി അവയിൽ അച്ചടിക്കപ്പെട്ടതോ എഴുതപ്പെട്ടതോ ആയ എല്ലാം വേദവാക്യങ്ങളോ യഥാർത്ഥ വിശുദ്ധഗ്രന്ഥങ്ങളുടെ യഥാർത്ഥഭാഗം പോലുമോ ആവണമെന്നില്ല. സ്മൃതിനിയമങ്ങളാകട്ടെ, പലതും ഒരിക്കലും ദൈവവചനമാണെന്ന് പോലും കരുതാനേ പറ്റില്ല. അതിനാൽത്തന്നെ ഡോ. അംബേദ്കർ വിമർശനത്തിന്റെ ഭാഗമായി സ്മൃതികളിൽ നിന്ന് ഉദ്ധരിക്കുന്ന പലതും ഗാന്ധിയുടെ അഭിപ്രായത്തിൽ ഒട്ടും ആധികാരികതയില്ലാത്തവയാണ്.

ഗാന്ധിയുടെ വീക്ഷണത്തിൽ മതവുമായി ജാതിക്ക് പ്രത്യേകിച്ച് ബന്ധമൊന്നുമില്ല. അതൊരു സാമൂഹികാചാരമാണ്. അതിന്റെ ഉറവിടം ഏതുമായിക്കൊള്ളട്ടെ, ആത്മീയവും ദേശീയവുമായ വളർച്ചയ്ക്ക് ദോഷകരമാണ് ജാതി എന്ന് തനിക്കറിയാം. അതേസമയം വർണവും ആശ്രമവും ജാതിയുമായി ബന്ധമില്ലാത്ത സ്ഥാപനങ്ങളാണ്.

ഗാന്ധിയുടെ വീക്ഷണത്തിൽ വർണനിയമങ്ങൾ അവകാശങ്ങളെക്കാൾ കടമകളെയാണ് നിർവചിക്കുന്നത്. മാനവക്ഷേമത്തിനിണങ്ങുന്ന പാരമ്പര്യത്തൊഴിലുകളെ തീർച്ചയായും വർണനിയമവും അംഗീകരിക്കുന്നുണ്ട്. അതേസമയം ഏറ്റവും താഴ്ന്നതോ ഏറ്റവും ഉയർന്നതോ ആയ തൊഴിൽ എന്ന ഒന്നില്ല. ഒരു ആത്മീയഗുരുവിന്റെ തൊഴിലും ഒരു തോട്ടിയുടെ തൊഴിലും തുല്യമാണ്.

ഓരോന്നിന്റെയും യഥാർത്ഥ നിര്‍വഹണം ദൈവത്തിന് മുന്നിൽ മേന്മയുള്ളതാണ്. പദവിയുടെ ഒന്നത്യം എന്ന സങ്കൽപത്തിന്റെ ബലത്തിൽ ഒരു വർണം മറ്റൊന്നിന് മേൽ ആധിപത്യം പുലര്‍ത്തുന്നത് നിയമനിഷേധമാണെന്നും അയിത്തത്തിന് ആധികാരികത നൽകുന്ന യാതൊന്നും വർണനിയമത്തിലില്ലെന്നും ഗാന്ധി തറപ്പിച്ചു പറയുന്നു.

ചിലപ്പോഴെങ്കിലും ഗാന്ധി-അംബേദ്കർ സംവാദം അൽപം ബാലിശമായ തലത്തിലേക്ക് താഴ്ന്നു പോകുന്നതും കാണാം. അനിഹിലേഷൻ ഒഫ് കാസ്റ്റിന് ഗാന്ധി ഹരിജനിലെഴുതിയ, മേൽ സൂചിപ്പിച്ച പ്രതികരണത്തിന് അംബേദ്കർ ഒരു മറുപടി പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ നേരത്തേ ഉന്നയിച്ച ആരോപണങ്ങൾ ആവർത്തിക്കുന്നതിനപ്പുറം ഗാന്ധിയുടെ പ്രതികരണത്തെ പരിഗണനീയമായ ഒന്നായി അദ്ദേഹം അതിൽ അംഗീകരിക്കുന്നു പോലുമില്ല. ജാതി പോകണം എന്ന തന്റെ നിലപാട് ഗാന്ധി ആവർത്തിക്കുന്നത് പോലും ഗൗനിക്കുന്നില്ല. വേദങ്ങളുടെ പ്രാമാണികത, നിലവിലുള്ള ടെക്സ്റ്റ് പൂർണമായും വേദത്തിന്റേത് തന്നെയാണോ എന്നത്, സ്മൃതികളുടെ സ്ഥാനം, മതത്തിന്റെ മോശവും മഹിതവുമായ മാതൃകകൾ തുടങ്ങി ഗാന്ധി ഉന്നയിക്കുന്ന വിഷയങ്ങളിൽ ശാഠ്യം പുലർത്തുക മാത്രമാണ് അദ്ദേഹം ചെയ്യുന്നത്.

പാരമ്പര്യത്തൊഴിലുകളെപ്പറ്റിയുള്ള ഗാന്ധിയുടെ ആശയത്തോടുള്ള പ്രതികരണമാണ് ഇതിൽ ഏറ്റവും വിചിത്രം. തന്റെ ചിന്ത പ്രാവർത്തികമാക്കാൻ ഗാന്ധിക്ക് പറ്റിയിട്ടില്ലെന്നാണ് അംബേദ്കർ പറയുന്നത്. ബനിയ എന്ന സ്വസമുദായം കച്ചവടക്കാരായ വൈശ്യരാണെന്നിരിക്കെ, ബ്രാഹ്മണവൃത്തിയായ മന്ത്രിപ്പണി സ്വീകരിച്ചതും അതിൽത്തന്നെ ഗാന്ധി സ്വയം അഭിഭാഷകനും പിന്നീട് രാഷ്ട്രീയ പ്രവർത്തകനുമായതും ഇളയ മകൻ പത്രപ്രവർത്തനത്തിൽ ഏർപ്പെട്ടതും ആ മകൻ തന്നെ ഒരു ബ്രാഹ്മണയുവതിയെ വിവാഹം കഴിച്ചതുമൊക്കെയാണ് ഇതിന് ഉദാഹരണമായി പറയുന്നത്. മുത്തശ്ശൻ കൂട്ടിക്കൊടുപ്പുകാരനാണെങ്കിൽ പേരക്കുട്ടിയും മുത്തശ്ശി വേശ്യയാണെങ്കിൽ കൊച്ചുമോളും ഒക്കെ അതേ പാരമ്പര്യത്തൊഴിൽ തന്നെ ചെയ്യണമെന്ന് പറയുന്നത് സാമൂഹികമായി അപ്രായോഗികവും ധാർമികമായി അന്യായവുമാണെന്നും അംബേദ്കർ പ്രസ്താവിക്കുന്നു.

യഥാര്‍ത്ഥത്തിൽ ജാതിവിവേചനത്തിന് കൈവന്ന അനുഷ്ഠാനാധിപത്യത്തിന്റെയും ശുദ്ധാശുദ്ധ നിയമങ്ങളുടെയും പിൻബലത്തെ അവഗണിച്ചു കൊണ്ടാണ് ഗാന്ധിജി അതിനെ സമീപിക്കുന്നത്. ഒരു മതനിയമമായോ പവിത്രീകരിക്കപ്പെടേണ്ട ഒരു സമ്പ്രദായമായോ അദ്ദേഹം അതിനെ കാണുന്നേയില്ല. മാത്രവുമല്ല, തൊഴിലുമായി ബന്ധപ്പെട്ട തന്റെ സങ്കൽപങ്ങളുമായി ചേർത്ത് നിർത്തി ജാതിവ്യവസ്ഥയെ ഒരു സാമൂഹ്യ സമ്പ്രദായം എന്ന നിലക്ക് മാത്രം പരിശോധിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്.

അത്ര സൂക്ഷ്മമായ ഒരു നിലപാടാണ് ഇത് എന്ന് പറയാൻ പറ്റില്ല. വർണവും ശുദ്ധാശുദ്ധതയുമൊക്കെ ആരോപിക്കപ്പെടുന്നതിന് മുമ്പ് തന്നെയും ചരിത്രപരമായി ജാതിവിഭജനം നിലനിന്നിരുന്നുവെങ്കിലും സ്മൃതിനിയമങ്ങളുടെ അടിസ്ഥാനത്തിൽ ഇതിനെ മതപരം ആക്കി മാറ്റിയതോടെ കേവലം ഒരു സാമൂഹിക തൊഴിൽ വിഭജന വ്യവസ്ഥ എന്ന നിലക്ക് മാത്രം ജാതിവ്യവസ്ഥയെ പരിഗണിക്കാൻ പറ്റാതായിത്തീർന്നിരുന്നു.

എന്തായാലും ഇത്തരം വീക്ഷണവ്യത്യാസങ്ങളുടെ പേരിൽ ഗാന്ധിയെയും അംബേദ്കറെയും രണ്ട് കോളത്തിൽ നിർത്തുകയോ കറുപ്പ്-വെളുപ്പ് ദ്വന്ദ്വത്തിന്റെ അടയാളങ്ങളായി ചിത്രീകരിക്കുകയോ ചെയ്യുന്നതിൽ അർത്ഥമൊന്നുമില്ല. സങ്കുചിതരായ ചില ഗാന്ധിയന്മാർക്ക് അംബേദ്കർ ഒരു കപടദൈവമാണ്. അംബേദ്കറിസ്റ്റുകളിൽ ചിലരാകട്ടെ, ഗാന്ധിയെ തനി പ്രതിലോമകാരിയും വ്യാജപ്രവാചകനുമായും മുദ്ര കുത്തുന്നു.

ചമ്പാരൻ -ഇന്ത്യയിൽ ഗാന്ധി നയിച്ച ആദ്യസമരം

എല്ലാ ഇന്ത്യക്കാരെയും കൊളോണിയൽ വിരുദ്ധ സമരങ്ങളിൽ ഒരുമിപ്പിക്കുക എന്നതായിരുന്നു ഗാന്ധിയുടെ മുൻഗണന. അതിനായുള്ള കഠിനയത്‌നങ്ങളിലാണ് അദ്ദേഹം ഏര്‍പ്പെട്ടത്. എന്നാൽ അംബേദ്കറെസ്സംബന്ധിച്ചിടത്തോളം മുഖ്യമായ ലക്ഷ്യം ദലിത് വിമോചനവും ജാതി നിർമൂലനവും തന്നെയായിരുന്നു. മുൻഗണനകളിലുള്ള ഈ അന്തരം സ്വാഭാവികമായും നയപരമായ അഭിപ്രായവ്യത്യാസങ്ങളിലേക്ക് നയിക്കും.

ഭരണകൂടം, നിയമം തുടങ്ങിയവയിലൂടെ ജാതിനിര്‍മാര്‍ജനം സാധിക്കുമെന്ന് അംബേദ്കർ കരുതിയിരുന്നെങ്കിൽ ഗാന്ധി തുടക്കം മുതലേ ഭരണകൂടത്തെ അത്രത്തോളം വിശ്വാസത്തിലെടുക്കുന്ന ഒരാളായിരുന്നില്ല.

ഒരർത്ഥത്തിൽ കേന്ദ്രിതവും സംഘടിതവുമായ ഒരു രാഷ്ട്രത്തെയോ അധികാരവ്യവസ്ഥയെയോ അംഗീകരിക്കാൻ പറ്റുമായിരുന്നില്ല, ഹെന്റി ഡേവിഡ് തോറോയെ രാഷ്ട്രീയ ഗുരുവായി അംഗീകരിച്ചിട്ടുള്ള ഗാന്ധിജിക്ക്. അദ്ദേഹത്തിന്റെ അഹിംസാ സമരങ്ങൾ മുതൽ നിസ്സഹകരണ പ്രസ്ഥാനം വരെയുള്ള രാഷ്ട്രീയാശയങ്ങളുടെയെല്ലാം വേര് നീളുന്നത് തോറോയിലേക്ക് തന്നെയാണ്.

ഹെൻറി ഡേവിഡ് തോറോ

എല്ലാ ഉച്ചനീചത്വങ്ങൾക്കുമെതിരെ അടരാടിയ, ട്രാൻസെൻഡെന്റലിസ്റ്റും അബോളിഷനിസ്റ്റുമായ ഹെന്റി ഡേവിഡ് തോറോ അറിയപ്പെട്ടത് തന്നെ ഒരു അനാർകിസ്റ്റ് ആയിട്ടാണ്. കേന്ദ്രീകൃത വ്യവസ്ഥകൾ മനുഷ്യന്റെ ശുദ്ധപ്രകൃതത്തെ തകർക്കും എന്ന് തോറോ വിശ്വസിച്ചു. ഗാന്ധി മുന്നോട്ടു വെച്ച സ്വരാജും ഒരു അതോറിറ്റേറിയൻ ഘടനയെ ഒരുനിലക്കും അംഗീകരിക്കുന്ന ഒന്നല്ല. ‘രാജ്യത്തിന്റെ ജനങ്ങൾ’ എന്നതല്ല, മറിച്ച് ‘ജനങ്ങളുടെ രാജ്യം’ എന്നതാണ് സ്വരാജ് എന്നതിന്റെ അടിസ്ഥാനം.

ജനാഭിപ്രായം, ജനഹിതം, ജനസുഖം എന്നിവയ്ക്ക് മുന്‍ഗണന നൽകിക്കൊണ്ടുള്ള ഒരു രാഷ്ട്രസങ്കൽപമാണത്. ‘ബഹുജനഹിതായ, ബഹുജനസുഖായ’ എന്ന് ബുദ്ധൻ പഠിപ്പിച്ചിട്ടുണ്ട്. ‘സർവഭൂതഹിതേരതഃ’ എന്ന് മറ്റൊരു പ്രമാണം. ഹീറയിൽ നിന്ന് മക്കയിലേക്ക് ഒരു പെണ്‍കുട്ടി ഒറ്റക്ക് സഞ്ചരിക്കുമ്പോഴും കിസ്‌റയുടെ കൊട്ടാരം തകർന്നുവീഴുമ്പോഴും എല്ലാ ആശ്രിതത്വങ്ങളിൽ നിന്നും ജനം മുക്തരാകുമ്പോഴുമാണ് തന്റെ പ്രബോധനം പൂർത്തീകരണം നേടുക എന്ന പ്രവാചക പ്രഖ്യാപനവും ഇവിടെ ചേർത്തു വായിക്കാവുന്നതാണ്.

______________ തുടരും

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s