ജാതിനിർമൂലനം

മുഹമ്മദ് ശമീം
ജാതിയും ജാതിവിരുദ്ധസമരങ്ങളും –
ഒമ്പത്

മുൻ ലേഖനങ്ങൾ
1) ജാതിയുടെ ജാതകം
2) തത്ത്വമസി
3) ലിംഗായതവും ബ്രഹ്മധർമവും
4) ദലിതം
5) ദ്രാവിഡം
6) ഒരേ ഒരു ജാതി, ഒരേ ഒരു മതം, ഒരേ ഒരു കടവുള്‍
7) നാരായണീയം
8) ബോധിസത്വന്റെ കലാപങ്ങൾ

ജാതീയതക്കെതിരായ പോരാട്ടങ്ങളിൽ മിശ്രഭോജനവും മിശ്രവിവാഹവുമൊക്കെ പ്രധാനസമരമാർഗങ്ങളായി പലരും കരുതിയിരുന്നു. എന്നാൽ ഇത്തരം നടപടികളോട് ബാബാസാഹെബ് അംബേദ്കർ അത്ര ആഭിമുഖ്യം കാണിച്ചില്ല. അവയൊന്നും യഥാർത്ഥ മാർഗങ്ങളല്ലെന്നും ജാതിവ്യവസ്ഥയെ തകർക്കാൻ ജാതിവ്യവസ്ഥയെ സ്ഥാപിക്കുകയും പവിത്രീകരിക്കുകയും ചെയ്ത മതപരമായ ധാരണകളെ ഉന്മൂലനം ചെയ്യുകയല്ലാതെ വഴിയില്ലെന്നും അദ്ദേഹം Annihilation of Caste എന്ന പുസ്തകത്തിൽ പറയുന്നു.

ജാതിയുടെ നിർമൂലനം
എന്നാല്‍ ഹിന്ദു എന്ന സ്വത്വത്തെയും മതത്തെയും അദ്ദേഹം അംഗീകരിക്കുന്നുണ്ടെന്ന് വേണം കരുതാൻ. ഒരു ഹിന്ദുരാഷ്ട്രം സ്ഥാപിക്കാൻ ഛത്രപതി ശിവജിയെ സന്ത് രാംദാസ് (സമർത്ഥ് രാംദാസ്) പ്രേരിപ്പിച്ചതായി ഇതേ പുസ്തകത്തിൽ അംബേദ്കർ പറയുന്നുണ്ട്. അതായത്, ഹിന്ദു എന്നത് ഒരു കൊളോണിയൽ നിർമിതിയല്ല. എന്തെന്നാൽ പതിനേഴാം നൂറ്റാണ്ടിലെ മാറാത്താ സാമ്രാട്ട് ശിവജിയുടെ മതവും തത്വശാസ്ത്രവും ഹിന്ദു ആണ്.

ശിവജിയും സന്ത് രാംദാസും

ശിവജി തന്റെ രാഷ്ട്രീയ സിദ്ധാന്തത്തെ ഹിന്ദവി സ്വരാജ്യ എന്നാണ് വിശേഷിപ്പിച്ചത്. Hindu sef-rule എന്നാണ് എല്ലാവരെയും പോലെ അംബേദ്കറും ഇതിന് അര്‍ത്ഥം കൽപിക്കുന്നത്. അതേസമയം Self-rule of Indian people എന്ന അര്‍ത്ഥത്തിൽ ഗാന്ധിജിയും ഹിന്ദവി സ്വരാജ് എന്ന പദമുപയോഗിച്ചിട്ടുണ്ട്.

എന്തായാലും ദേശവുമായും മതവുമായും കലർന്ന് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഒരു പദം തന്നെയാണ് ഹിന്ദു. ഹിന്ദു, ഹിന്ദുയി, ഹിന്ദി, ഹിന്ദവി തുടങ്ങിയ പദങ്ങൾ ഇന്ത്യൻ എന്ന അർത്ഥത്തിലാണ് സുൽത്താന്മാരുടെയും മുഗളന്മാരുടെയും ഭരണത്തിൽ ഉപയോഗിക്കപ്പെട്ടിരുന്നത്. അമീർ ഖുസ്രു അക്കാലത്ത് നിലനിന്നിരുന്ന ഹിന്ദവി ഭാഷകളെ പട്ടികപ്പെടുത്തുന്നുണ്ട്. ഈ അര്‍ത്ഥത്തിലാവാം കോണ്‍ഗ്രസും ഗാന്ധിയും ഈ പദം പ്രയോഗിച്ചത്. എന്തായാലും ശിവജിയുടെ മതത്തെ ഹിന്ദു എന്നെടുത്താൽ പതിനേഴാം നൂറ്റാണ്ട് മുതൽക്കെങ്കിലും ഹിന്ദു മതം എന്ന ആശയമുണ്ട് എന്നു വരുന്നു.

സാമൂഹിക പരിഷ്‌കരണത്തെയും രാഷ്ട്രീയ പരിഷ്‌കരണത്തെയും സംബന്ധിച്ച ഒരു സംവാദം ഉന്നയിക്കുന്നുണ്ട് അനിഹിലേഷൻ ഒഫ് കാസ്റ്റിൽ. ഇന്ത്യൻ നാഷനൽ കോൺഗ്രസ് രാഷ്ട്രീയമായ പരിഷ്‌കരണങ്ങൾക്ക് വേണ്ടിയാണ് നിലകൊണ്ടതെങ്കിലും, 1887ൽ മഹാദേവ ഗോവിന്ദ റാനഡെ, രഘുനാഥ് റാവു എന്നിവരുടെ നേതൃത്വത്തിൽ മതപരിഷ്‌കരണം ഉൾപ്പെടെ സാമൂഹിക പരിഷ്‌കരണങ്ങൾക്ക് വേണ്ടി ഇന്ത്യൻ നാഷനൽ സോഷ്യൽ കോൺഫറൻസ് എന്ന ഒരു സംഘടനയും കോൺഗ്രസ്സിന്റെ ഭാഗമായിത്തന്നെ പ്രവർത്തിച്ചിരുന്നു.

ഡോ. ബാബാസാഹെബ് അംബേദ്കർ എന്ന സിനിമയിൽ അംബേദ്കറായി മമ്മൂട്ടി

ആദ്യകാലത്തൊക്കെ സോഷ്യൽ കോൺഫറൻസിന് പരിഗണനയും പ്രാധാന്യവും നൽകിവന്ന കോൺഗ്രസ്, പക്ഷേ പിന്നീട് അതിനെ എതിർത്തു. സാമൂഹികമായി ഉദ്ധരിക്കപ്പെടുകയും പരിഷ്‌കരണവിധേയമാവുകയും ചെയ്യാത്ത സമൂഹത്തിന് രാഷ്ട്രീയമായ പരിവർത്തനവും സാധ്യമല്ലെന്ന് സോഷ്യൽ കോൺഫറൻസ് വാദിച്ചു. അസ്പൃശ്യരോടുള്ള പെരുമാറ്റങ്ങളെ മുൻനിർത്തി അംബേദ്കർ കോണ്‍ഗ്രസ്സിന്റെ നിലപാടിനെ വിമർശിക്കുന്നു.

ഒരു രാജ്യം മറ്റൊരു രാജ്യത്തെ ഭരിക്കാൻ യോഗ്യമല്ലെന്ന, ജോൺ സ്റ്റുവർട്ട് മില്ലിന്റെ സിദ്ധാന്തം ആവര്‍ത്തിച്ചുരുവിടുന്ന ഏതൊരു കോണ്‍ഗ്രസ്സുകാരനും ഒരു വർഗം മറ്റൊരു വർഗത്തെ ഭരിക്കാൻ യോഗ്യമല്ലെന്നും സമ്മതിക്കണം. അതേസമയം ജാതിവ്യവസ്ഥയെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാൻ ധൈര്യപ്പെടാത്ത സോഷ്യൽ കോൺഫറൻസിന്റെ പരിഷ്‌കരണ കാഴ്ചപ്പാടിനെയും അദ്ദേഹം തള്ളിക്കളയുന്നു.

ഏതാണ്ടിതേ തലത്തിൽ നിന്നുകൊണ്ടാണ് അംബേദ്കർ കമ്യൂനിസത്തെയും സമീപിക്കുന്നത്. പ്രത്യേകാവകാശമുള്ള ചെറുന്യൂനപക്ഷത്തിന്റെ ചൂഷണം, തത്ഫലമായുണ്ടാകുന്ന ദാരിദ്ര്യവും മറ്റ് പ്രശ്‌നങ്ങളും തുടങ്ങിയ കാരങ്ങളിലുള്ള മാര്‍ക്‌സിസ്റ്റ് സിദ്ധാന്തങ്ങളെ അദ്ദേഹം അംഗീകരിക്കുന്നു. എന്നാൽ ഈ ചൂഷണത്തെ പൂർണമായും സാമ്പത്തികമായി മാത്രം വിശകലനം ചെയ്യാൻ പറ്റില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ചൂഷണത്തിന്റെ സാംസ്‌കാരിക വശങ്ങൾ സാമ്പത്തിക ചൂഷണത്തെക്കാൾ മോശവും നിന്ദ്യവുമാണ്.

അംബേദ്കറും പത്നി രമാബായിയും

ഉത്പാദനോപകരണങ്ങളുടെയും സ്വത്തിന്റെയും സ്വകാര്യ ഉടമാവകാശത്തെ നിയന്ത്രിക്കുക എന്ന മാര്‍ക്‌സിയൻ പരിഹാരങ്ങളെയും അംബേദ്കർ അംഗീകരിച്ചില്ല. വർഗരഹിതമായ ഒരു സമൂഹത്തെ മറ്റൊരു നിലക്ക് അദ്ദേഹവും അംഗീകരിച്ചു. എന്നാൽ ഭരണകൂടത്തിന്റെ നാശവുമായി ബന്ധപ്പെട്ട മാര്‍ക്‌സിയൻ സിദ്ധാന്തങ്ങളെ അംഗീകരിച്ചില്ല. സമൂഹം ഉള്ളിടത്തോളം ഭരണകൂടവും നിലനിൽക്കുമെന്നും നിലനിൽക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. (Buddhism and Communism എന്ന പ്രബന്ധത്തിൽ ഇത് സംബന്ധമായ കാഴ്ചപ്പാടുകൾ അദ്ദേഹം വിവരിക്കുന്നുണ്ട്).

ജാതിയെക്കുറിച്ച സങ്കല്‍പനങ്ങളെ അതിന്റെ വേരിലേക്ക് ചെന്ന് വിശകലനം ചെയ്യുകയാണ് അംബേദ്കർ. വംശത്തിന്റെയും രക്തത്തിന്റെയും ശുദ്ധിയുമായി ബന്ധപ്പെട്ട വാദത്തോട് അദ്ദേഹം പ്രതികരിക്കുന്നത് കാണാം. ലോകത്തൊരിടത്തും ‘ശുദ്ധ’മായ വംശങ്ങൾ നിലനിൽക്കുന്നില്ലെന്നാണ് ഇന്നത്തെ നരവംശശാസ്ത്രജ്ഞരുടെയും ചരിത്രകാരന്മാരുടെയും പൊതുവായ അഭിപ്രായം. എല്ലായിടത്തും സങ്കരങ്ങളേയുള്ളൂ. വര്‍ണങ്ങൾ തമ്മിൽ രക്തത്തിലും സംസ്‌കാരത്തിലും ഇടകലർന്നതിന് ശേഷം മാത്രമാണ് ഇന്ത്യയിലെ ജാതിവ്യവസ്ഥ ഉണ്ടായത് തന്നെ എന്ന് ബാബാസാഹെബ് അഭിപ്രായപ്പെടുന്നു.

പഞ്ചാബിലെ സാരസ്വതബ്രാഹ്മണനും പഞ്ചാബിലെ തന്നെ ചാമറിനും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്? അതുപോലെ മദ്രാസിലെ അയ്യരും പറൈയനും തമ്മിൽ? മറ്റൊരു നിലക്ക് പഞ്ചാബിലെ സാരസ്വതനും മദ്രാസിലെ അയ്യരും തമ്മിലോ പഞ്ചാബിലെ ചാമറും മദ്രാസിലെ പറൈയനും തമ്മിലോ പ്രത്യേകിച്ചെന്തെങ്കിലും വംശീയബന്ധമുണ്ടോ? വംശീയമായും പാരമ്പര്യപരമായും പഞ്ചാബിലെ ബ്രാഹ്മണന് വേറെവിടെയുമുള്ള ബ്രാഹ്മണരെക്കാൾ ബന്ധമുള്ളത് പഞ്ചാബിലെ ചാമറിനോടാണ്.അതുപോലെ അയ്യർക്ക് പറൈയനോടും.

എല്ലാ സമൂഹങ്ങളിലും ജാതിയുണ്ട് എന്ന ഒരു വാദം ഉയർത്തപ്പെടാറുണ്ട്. മുസ്ലിം, സിഖ് സമൂഹങ്ങളിലെ ചില ജാതിപരിഗണനകളെ മുൻനിർത്തിയാണ് ജാതിവാദികൾ ഇങ്ങനെ പറയാറുള്ളത്. അംബേദ്കർ ഇതിനെ കൈകാര്യം ചെയ്യുന്നുണ്ട്. ഒന്നാമതായും ഒരു മുസ്ലിമിന് അല്ലെങ്കില്‍ ഒരു സിഖുകാരന് മുസ്ലിം, സിഖ് എന്നത് തന്നെ മതിയായ ഐഡന്റിറ്റിയാണ്. മുസ്ലിമാണെന്ന് പറഞ്ഞാല്‍ പിന്നെ ആൾ ശീയ ആണോ സുന്നി ആണോ സയ്യിദാണോ ശൈഖാണോ പത്താനാണോ, അല്ലെങ്കില്‍ സിഖ് എന്ന് പറഞ്ഞാൽ ജാട്ടാണോ സെയിനിയാണോ രജ്പുത്താണോ മസ്ഹബിയാണോ റവിദാസിയാണോ എന്നൊന്നും ആരും ചോദിക്കാറില്ല. എന്നാൽ അങ്ങനെ ഹിന്ദുവാകാൻ ഒരാൾക്ക് പറ്റില്ല. അയാളുടെ ഐഡന്റിറ്റി ഹിന്ദുവിലല്ല, ജാതിയിലാണുള്ളത്. രണ്ടാമത്, ജാതിനിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ ഒരു മുസ്ലിമും ഒരു സിഖുകാരനും ബഹിഷ്‌കൃതരോ ഭ്രഷ്ടരോ ആകില്ല. എന്നല്ല, അങ്ങനെയൊരു ജാതിനിയമം തന്നെയില്ല. മൂന്നാമതായി ഹിന്ദുവല്ലാത്തവരിൽ ജാതിക്ക് വിശുദ്ധിയില്ല. അവർക്കത് ഒരു ക്രമമോ അതിജീവനോപാധിയോ മാത്രമാണ്, മതസിദ്ധാന്തമല്ല.

അംബേദ്കറുടെ വീക്ഷണത്തിൽ മുഹമ്മദീയരുടെ ആഗമനത്തിന് മുമ്പ് ഹിന്ദു എന്ന പേരിൽ ഒരു സമൂഹം പോയിട്ട് അങ്ങനെയൊരു വാക്ക് പോലുമുണ്ടായിരുന്നില്ല. (എന്നാൽ ശിവജിയുടെ ഹിന്ദുരാഷ്ട്രസങ്കൽപത്തെ അദ്ദേഹം വിവരിക്കുന്നുണ്ട് താനും). ജാതികളുടെ ഒരു സമാഹാരം മാത്രമായിരുന്നു ഇന്ത്യൻ സമൂഹം. ഇവിടെ, ജാതികളുടെ നിർമൂലനം എന്ന ആശയം ഒരു വൈരുദ്ധ്യത്തെ അഭിമുഖീകരിക്കുന്നുണ്ട്. ഹിന്ദു എന്ന ഐഡന്റിറ്റിയെയും ജാതി എന്ന സമ്പ്രദായത്തെയും ഒരുപോലെ തള്ളിക്കളഞ്ഞാൽ ഇവിടെയുള്ള ജാതിസമൂഹങ്ങളുടെ ഐഡന്റിറ്റി എന്തായിരിക്കും? ഒപ്രസ്ഡ് ക്ലാസസ് എന്ന അർത്ഥത്തിലാണ് അവരെ ദലിത് എന്ന് വിളിക്കുന്നത്. ഒപ്രഷൻ ഇല്ലാതായിക്കഴിഞ്ഞാൽപ്പിന്നെ ദലിത് സ്വത്വവും നിലനിൽക്കില്ല.

ഒരുപക്ഷേ ഈ വൈരുദ്ധ്യവും കൂടിയാകാം ബുദ്ധമതസ്വീകാരത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്.

അതേസമയം ഇത് മറ്റൊരു നിലക്കാണ് അംബേദ്കർ സമ്മതിക്കുന്നത്. ഹിന്ദുമതത്തിന്റെ നിര്‍മാർജനം സാധ്യമല്ലെന്ന് അദ്ദേഹം അംഗീകരിക്കുന്നു. ഒപ്പം ഹിന്ദുമതത്തെ നിലനിർത്തിക്കൊണ്ട് ജാതിനിർമൂലനം സാധ്യമല്ലെന്നും വാദിക്കുന്നു. പിന്നെയുള്ള പോംവഴിയായാണ് മതപരിവർത്തനം നിർദ്ദേശിക്കുന്നത്.

മതത്തെ സമീപിക്കുന്നതിലും വിശകലനം ചെയ്യുന്നതിലുമൊക്കെ ആധുനികയുക്തിയാണ് അംബേദ്കർ സ്വീകരിക്കുന്നത്. ഇതിന് പല ഉദാഹരണങ്ങൾ പറയാന്‍ പറ്റും. ഹിന്ദുമതത്തിന്റെ ഔദ്യോഗികഭാഷ്യമായി അദ്ദേഹം അംഗീകരിക്കുന്നത് യുക്തിയെ പൂർണമായും ബഹിഷ്‌കരിക്കുന്ന മനുവിനെയാണ്. മതവിമർശനത്തിൽ, വിശിഷ്യാ ഇസ്ലാം വിമര്‍ശനത്തിൽ കേവലനാസ്തികയുക്തിവാദികൾ സ്വീകരിക്കുന്ന അതേ സമീപനമാണ് അദ്ദേഹത്തിന്റേതും. യുക്തിക്ക് പരിഗണന നൽകിക്കൊണ്ട് മതത്തെ സമീപിക്കുകയും വിശദീകരിക്കുകയും ചെയ്യുന്നവരെ അവഗണിക്കാനോ മതത്തിന് പുറത്ത് നിർത്താനോ ആണ് അവർ ശ്രമിക്കാറുള്ളത്.

അതുപോലെ മതത്തിന് പൗരോഹിത്യത്തിന്റേതല്ലാത്ത ഒരു വെർഷൻ ഉണ്ട് എന്ന് പറയുന്നതും അദ്ദേഹം അംഗീകരിക്കുന്നില്ല. പുരോഹിത ബ്രാഹ്മണൻ, മതേതര ബ്രാഹ്മണൻ എന്ന് രണ്ട് പ്രയോഗങ്ങളെ സങ്കൽപിച്ചു കൊണ്ടാണ് അനിഹിലേഷൻ ഒഫ് കാസ്റ്റ് എന്ന പ്രഭാഷണത്തിൽ അത്തരമൊരു വെർഷൻ സാധ്യമാണ് എന്ന വാദത്തെ അദ്ദേഹം പരിഹസിക്കുന്നത്. തുടർന്ന് ബ്രാഹ്മണവ്യക്തികളെക്കുറിച്ച ചില മുൻവിധികളും സൃഷ്ടിക്കുന്നുണ്ട്. ബ്രാഹ്മണനായി ജനിച്ച ഒരാളും സാമൂഹ്യവിപ്ലവകാരിയാകാൻ ആഗ്രഹിക്കില്ല എന്ന് അദ്ദേഹം പ്രസ്താവിക്കുന്നു. അങ്ങനെയൊരു ധാരണ തന്നെ അർത്ഥശൂന്യമാണെന്നും തറപ്പിച്ചു പറയുന്നു.

ഗോപാൽ ഹരി ദേശ്മുഖും ഗണേഷ് അഗാർക്കറുമൊക്കെ ജാതീയതക്കെതിരെ തീവ്രമായി പോരാടിയിരുന്ന അതേ മഹാരാഷ്ട്രയിലിരുന്നാണ് അദ്ദേഹം ഇത് പറയുന്നത് എന്നും ഓർക്കേണ്ടതാണ്.

ഖുർആനിന് സയുക്തികവും മാനുഷികവുമായ വായനകൾ നൽകുന്ന മുസ്ലിം ചിന്തകന്മാരോട് കേവല നാസ്തികയുക്തിവാദികൾ പുലർത്തുന്ന അതേ സമീപനം വേദങ്ങളുടെ വ്യാഖ്യാനങ്ങളുമായി ബന്ധപ്പെട്ട് അംബേദ്കറും പ്രകടിപ്പിക്കുന്നുണ്ട്. ജനമനസ്സുകളിൽ വേദങ്ങൾ ഉറപ്പിച്ചെടുത്ത വിശ്വാസങ്ങളുടെ ഫലമാണ് ജനങ്ങളുടെ പ്രവൃത്തികൾ എന്നതിനാൽ അവരെ തിരുത്തണമെങ്കിൽ വേദങ്ങളുടെ വിശുദ്ധിയെക്കുറിച്ച വിശ്വാസം അവസാനിപ്പിക്കുകയല്ലാതെ വഴിയില്ലെന്നും അദ്ദേഹം പറയുന്നു. വേദം വ്യാകരണശുദ്ധിയോടെ വായിച്ചും യുക്തിസഹമായി വ്യാഖ്യാനിച്ചും അവ ജനങ്ങൾ മനസ്സിലാക്കുന്ന കാര്യമല്ല പറയുന്നത് എന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും അവയെ ജനങ്ങൾ എങ്ങനെ മനസ്സിലാക്കുന്നു എന്നത് തന്നെയാണ് പ്രധാനമെന്നും അദ്ദേഹം ശഠിക്കുന്നു.

കൊളോണിയൽ ഭരണത്തിനെതിരെയുള്ള സമരങ്ങളിൽ അതിയായ താത്പര്യമൊന്നും അംബേദ്കർ കാണിച്ചില്ല. അതാകട്ടെ, ജാതിയോടുള്ള കൊളോണിയലിസ്റ്റുകളുടെ വിപരീതസമീപനം നിമിത്തമൊന്നുമായിരുന്നില്ല. മറിച്ച്, അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ സാമൂഹികാധികാരനിഷ്ഠുരതയുമായി താരതമ്യം ചെയ്യുമ്പോൾ രാഷ്ട്രീയാധികാരനിഷ്ഠുരത തീരെച്ചെറുതാണ്. സമൂഹത്തെ വെല്ലുവിളിക്കുന്ന പരിഷ്‌കർത്താവാണ്, അധികാരത്തെ വെല്ലുവിളിക്കുന്ന വിപ്ലവകാരിയെക്കാൾ ധീരൻ.

ഇന്ത്യയിലെ മത, സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയിട്ടുള്ള വ്യക്തിയാണ് ബാബാ സാഹെബ് ഡോ. ബി.ആര്‍ അംബേദ്കർ. നിയമം, രാഷ്ട്രമീമാംസ, തത്വചിന്ത, മതം, സാമ്പത്തികശാസ്ത്രം എന്ന് തുടങ്ങി സകല മേഖലകളിലും മഹത്തായ ചിന്തകളും സംഭാവനകളും അർപ്പിച്ച മഹാൻ. ഒപ്പം ജാതിവിരുദ്ധ സമരങ്ങളിലെ കരുത്തനായ പോരാളിയും. ഇന്നും അധഃസ്ഥിതരുടെ പോരാട്ടങ്ങൾക്ക് ഏറ്റവുമധികം പ്രചോദനം നല്‍കുന്നത് അംബേദ്കർ തന്നെ. ലോകത്ത് തന്നെ ഇന്ന് നടക്കുന്ന സബാൾട്ടേൺ പഠനങ്ങൾ വിശകലനത്തിനും താരതമ്യത്തിനുമൊക്കെ അദ്ദേഹത്തിന്റെ ചിന്തകളെ മാനദണ്ഡമാക്കുന്നു.

അംബേദ്കർ മെമോറിയൽ പാർക്കിലെ (ലക്നോ) വെങ്കല പ്രതിമ

ക്ലാസിക്കൽ ബുദ്ധമതത്തിൽ നിന്ന് വളരെയധികം ഭിന്നമായ ഒരു നവയാനത്തിന് തുടക്കം കുറിക്കുകയാണ് യഥാര്‍ത്ഥത്തിൽ 1956ൽ നാഗ്പൂരിലെ ബുദ്ധമതസ്വീകരണ ചടങ്ങിലൂടെ അദ്ദേഹം ചെയ്തതെങ്കിലും ബുദ്ധതത്വചിന്തയുടെ വികാസത്തിൽ അത് വലിയ സ്വാധീനം ചെലുത്തി. മതപരിവർത്തനം, മനുഷ്യാവകാശപ്രഖ്യാപനങ്ങൾ തുടങ്ങിയവയിൽ നാഗ്പൂർ ചടങ്ങ് ഒരു മാതൃകയായിത്തീരുകയും ചെയ്തു.

മതം, സമൂഹം, ജാതി തുടങ്ങിയ വിഷയങ്ങളിൽ അംബേദ്കറിസ്റ്റ് നിരീക്ഷണങ്ങളെയും നിലപാടുകളെയും വിശകലനം ചെയ്യാനാണ് ഈ ലേഖനം ശ്രമിച്ചിട്ടുള്ളത്. യോജിപ്പുകളും വിയോജിപ്പുകളും പ്രകടിപ്പിച്ചു കൊണ്ടു തന്നെ.

One thought on “ജാതിനിർമൂലനം

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s