ബോധിസത്വന്റെ കലാപങ്ങൾ

മുഹമ്മദ് ശമീം
ജാതിയും ജാതിവിരുദ്ധസമരങ്ങളും –
എട്ട്

മുൻ ലേഖനങ്ങൾ
1) ജാതിയുടെ ജാതകം
2) തത്ത്വമസി
3) ലിംഗായതവും ബ്രഹ്മധർമവും
4) ദലിതം
5) ദ്രാവിഡം
6) ഒരേ ഒരു ജാതി, ഒരേ ഒരു മതം, ഒരേ ഒരു കടവുള്‍
7) നാരായണീയം

“പരസ്പരാദരവിലേക്കുള്ള ആരോഹണബോധവും അവജ്ഞയിൽ നിന്നുള്ള അവരോഹണബോധവും സ്വായത്തമാക്കുകയും ദയാര്‍ദ്രമായ ഒരു സമൂഹത്തിന്റെ നിര്‍മിതിയിൽ അലിഞ്ഞുചേരുകയും ചെയ്യുന്ന സമൂഹത്തെ നൈതികസമൂഹം എന്ന് വിളിക്കാം” -ഡോ. ബി.ആർ അംബേദ്കർ

1891ൽ ഇന്നത്തെ മധ്യപ്രദേശിലുള്ള മ്ഹൗവിൽ ഒരു മഹർ കുടുംബത്തിൽ പിറന്ന ഭീംറാവ് റാംജി ആണ് ദലിത് പോരാട്ടത്തിന്റെയും അധഃസ്ഥിതരുടെ ഉണർവിന്റെയും പ്രതീകമായ ബാബാ സാഹേബ് ഡോ. അംബേദ്കർ ആയി അറിയപ്പെട്ടത്.

മഹാരാഷ്ട്രയിലെ ആദിമനിവാസികളായാണ് മഹർ സമുദായം കണക്കാക്കപ്പെടുന്നത്. വര്‍ണവ്യവസ്ഥയുടെ കീഴിൽ ശൂദ്രജാതിയായി വർഗീകരിക്കപ്പെട്ട മഹറുകൾ പേഷ്വാമാരുടെ കാലത്ത് അസ്പൃശ്യരായ അവർണരായി തരം താഴ്ത്തപ്പെടുകയായിരുന്നത്രേ. പതിനെട്ടാം നൂറ്റാണ്ടിൽ മറാത്ത ഭരിച്ച ബ്രാഹ്മണരാജാക്കന്മാരായിരുന്നു പേഷ്വാമാർ. ശിവജി ഉൾപ്പെടെയുള്ള മറാത്താ രാജാക്കന്മാരുടെ പ്രധാനമന്ത്രിമാരായിരുന്ന, ഹിന്ദു ജാതിശൃംഖലയിലെ ഏറ്റവും ഉയർന്ന തട്ടിലുള്ള ചിത്പവൻ ബ്രാഹ്മണ സമുദായത്തിൽപ്പെട്ട പേഷ്വാമാർ പിന്നീട് അധികാരം പിടിച്ചെടുത്തു. പേഷ്വാമാരെപ്പോലെത്തന്നെ ശിവജിയും പിൻഗാമികളും വര്‍ണവ്യവസ്ഥയിൽ ക്ഷത്രിയരിൽപ്പെട്ടവരായിരുന്നില്ല. ദേശാഷ്ട ബ്രാഹ്മണ സമുദായമായിരുന്നു അവരുടേത്.

മറ്റ് അസ്പൃശ്യജാതിക്കാരെക്കാൾ അൽപം ഉയർന്നവരായി പരിഗണിക്കപ്പെട്ടിരുന്ന മഹർ സമുദായത്തിൽപ്പെട്ടവർ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ശ്രദ്ധ പുലർത്തി. പ്രാഥമിക വിദ്യാഭ്യാസമെങ്കിലുമില്ലാത്തവർ അവരിലുണ്ടായില്ല എന്നു തന്നെ പറയാം. ചുരുക്കം ചില കാര്യങ്ങളിലും സന്ദര്‍ഭങ്ങളിലും ഉയർന്ന ജാതിക്കാരുമായി സമ്പർക്കം പുലർത്താനും അവർക്ക് അധികാരമുണ്ടായിരുന്നു. ഭക്തിപ്രസ്ഥാനകാലത്ത് അവർക്കിടയിൽ അറിയപ്പെടുന്ന നിരവധി സന്തുക്കളും കവികളും ഉണ്ടായി വന്നു. ഭക്തിപ്രസ്ഥാനത്തിലെ നാമദേവിന്റെ ശിഷ്യന്‍ ചോഖമേല മഹറുകളുടെ കൂട്ടത്തിലെ അറിയപ്പെടുന്ന സാമൂഹ്യ പരിഷ്‌കര്‍ത്താവും സന്തും നിരവധി *അഭംഗകവിതകളുടെ കർത്താവായ കവിയുമായിരുന്നു. അദ്ദേഹത്തിന്റെ പത്‌നി സൊയാരബായി, മകൻ കർമമേല, മകൾ നിർമല എന്നിവരും മറാത്ത സമൂഹത്തിൽ ആദരിക്കപ്പെട്ടു.

പേഷ്വമാരാൽ അടിച്ചമർത്തപ്പെട്ട മഹറുകളുടെ അവസ്ഥയിൽ അൽപമെങ്കിലും ഉയർച്ചയുണ്ടായത് പത്തൊമ്പതാം നൂറ്റാണ്ടിലെ ഭോസ്‌ലെ രാജവംശത്തിൽപ്പെട്ട രാജർഷി ഷാഹു എന്ന, കോൽഹാപ്പൂരിലെ ഛത്രപതി ഷാഹു മഹാരാജാവിന്റെ കാലത്തായിരുന്നു. ഒരു സാമൂഹ്യ പരിഷ്‌കർത്താവായിരുന്നു ഷാഹു.

ഛത്രപതി ഷാഹു

ബ്രാഹ്മണാധിപത്യത്തിനെതിരെ ഛത്രപതി ഷാഹു കടുത്ത നിലപാടുകളെടുത്തു. വേദോക്ത വിവാദം എന്നറിയപ്പെടുന്ന ഒരു സംഭവമുണ്ടായി അദ്ദേഹത്തിന്റെ കാലത്ത്. അബ്രാഹ്മണർക്ക് വേദം അഭ്യസിപ്പിക്കാനും അവരുടെ കർമങ്ങൾ ചെയ്യാനും ബ്രാഹ്മണർ മടിച്ചു നിന്നപ്പോൾ രാജാവ് ഉടൻ തന്നെ അവരെ എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്തു. പകരം വേദാധ്യാപകരായി മറ്റ് സമുദായങ്ങളിൽ നിന്നുള്ളവരെ നിയോഗിക്കുകയും ചെയ്തു. സമത്വത്തിന്റെ ശക്തനായ വക്താവായിരുന്ന ഷാഹു മഹാരാജ് ബ്രാഹ്മണർക്ക് സവിശേഷമായ എന്തെങ്കിലും പരിഗണന നൽകാൻ ഒരു കാരണവശാലും തയ്യാറായില്ല. എന്നു മാത്രമല്ല, സാമൂഹികമായി ക്വാറന്റൈൻ ചെയ്യപ്പെട്ട വിഭാഗങ്ങളെ മുഖ്യധാരയിലേക്കും ഭരണനിർവഹണത്തിലേക്കും കൊണ്ടുവരാൻ വളരെയധികം യത്‌നിക്കുകയും ചെയ്തു. അതിനായി വിദ്യാഭ്യാസത്തിലും ഉദ്യോഗങ്ങളിലും സംവരണം, സ്‌കോളർഷിപ്പുകൾ തുടങ്ങിയവ നടപ്പിലാക്കുകയും പാഠശാലകൾ വ്യാപിപ്പിക്കുകയും ചെയ്തു. മുസ്ലിംകൾ, ക്രൈസ്തവർ, ജൈനന്മാർ തുടങ്ങിയ ഇതര മതവിഭാഗങ്ങളെയും ഇത്തരം പദ്ധതികളുടെ ആനുകൂല്യത്തിലേക്ക് അദ്ദേഹം കൊണ്ടുവന്നു. ഇന്റർകാസ്റ്റ് വിവാഹങ്ങളെ നിയമവിധേയമാക്കുകയും സ്‌കൂളുകൾ, ആശുപത്രികൾ, പൊതു കിണറുകൾ തുടങ്ങിയ ഇടങ്ങളിലേക്കുള്ള പ്രവേശനാവകാശം എല്ലാവർക്കും തുല്യമാക്കാൻ ഉത്തരവിടുകയും ചെയ്തു. ലിംഗവിവേചനത്തിനെതിരായ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്ത്രീ വിദ്യാഭ്യാസം പ്രോൽസാഹിപ്പിക്കുകയും വിധവാ വിവാഹം നിയമവിധേയമാക്കുകയും ശൈശവവിവാഹങ്ങളെ തടയുകയും ചെയ്തു. ദേവദാസി സമ്പ്രദായം നിരോധിച്ചു.

ജ്യോതിറാവു ഫൂലെയും ഡോ. ബി.ആർ അംബേദ്കറും ഷാഹു മഹാരാജിന്റെ ഭരണകാലത്തിന് സാക്ഷ്യം വഹിച്ചവരാണ്. ഫൂലെയുടെ സത്യശോധകസമാജത്തിന്റെ രക്ഷാധികാരിയായിരുന്നു ഷാഹു എന്ന് പറയാം.

അംബേദ്കറെ സാമൂഹ്യ നേതൃത്വത്തിന്റെ പദവിയിലേക്കുയർത്തിയതും ഛത്രപതി ഷാഹുവാണ്. അംബേദ്കറുടെ ആദ്യകാല കളരിയായ മൂകനായക് പത്രത്തിന്റെ സ്ഥാപകനും ഷാഹു മഹാരാജ് തന്നെ.

പിൽക്കാലത്ത് മഹറുകളിൽ ഭൂരിഭാഗവും അംബേദ്കറെത്തുടർന്ന് ബുദ്ധമതം സ്വീകരിച്ചു.

ഹിന്ദുവും അംബേദ്കറും
അടിച്ചമർത്തപ്പെട്ട ജാതികളുടെ സാമൂഹ്യ ഉന്നമനത്തിനായി ഭരണതലത്തിൽ ഛത്രപതി ഷാഹു തീവ്ര പരിശ്രമങ്ങളിലേർപ്പെടുമ്പോഴും ഗ്രാമീണജീവിതത്തിൽ കടുത്ത വിവേചനങ്ങൾക്കിരയായിരുന്നു മഹർ ഉൾപ്പെടെയുള്ള സമുദായങ്ങൾ. സ്വാഭാവികമായും അയിത്താചരണത്തിന്റെയും അസ്പൃശ്യതയുടെയും ഭീകരതകൾ നേരിട്ടനുഭവിച്ചാണ് അംബേദ്കറും വളർന്നു വന്നത്. എന്നാൽ നിരന്തരപരിശ്രമത്താലും ഷാഹു മാഹാരാജിനെപ്പോലുള്ളവരുടെ പിന്തുണയാലും അദ്ദേഹം ഉയർന്ന വിദ്യാഭ്യാസം നേടി. ബോംബെ, കൊളംബിയ യൂനിവേഴ്‌സിറ്റികളിലും ലണ്ടൻ സ്‌കൂൾ ഒഫ് ഇകനോമിക്‌സിലും പഠനം പൂർത്തിയാക്കിയ ഭീംറാവ് സമൂഹത്തിന്റെ നേതൃനിരയിലേക്കുയർന്നു വന്നു.

ഹിന്ദു എന്ന സ്വത്വത്തെയും വേദങ്ങളുടെ അസ്തിത്വത്തെയും അതിനിശിതമായി ചോദ്യം ചെയ്യുന്നതാണ് ജാതീയതയുമായി ബന്ധപ്പെട്ട അംബേദ്കറുടെ വിശകലനം. സമൂഹത്തിലെ മഹാഭൂരിപക്ഷത്തെയും പാർശ്വവൽക്കരിക്കുന്ന സവർണയത്‌നങ്ങളെ അദ്ദേഹം ഇങ്ങനെ ക്രമീകരിച്ചു.

 • വ്യത്യസ്ത തൊഴിലുകള്‍ ചെയ്തിരുന്ന മനുഷ്യരെ പദവി തിരിച്ച് ക്രമീകരിച്ചു.
 • ഇതില്‍ ശൂദ്രരായി താഴ്ന്ന പടിയില്‍ നിര്‍ത്തിയവരെയും അസ്പൃശ്യ അവര്‍ണരായി കല്‍പിച്ചവരെയും പൂര്‍ണമായും നിരായുധീകരിച്ചു.
 • ശൂദ്രര്‍ക്കും അസ്പൃശ്യര്‍ക്കും വിദ്യാഭ്യാസം നിഷേധിച്ചു.
 • അധികാരഘടനയുടെ ചെറുസ്ഥാനങ്ങള്‍ പോലും അവര്‍ക്ക് വിലക്കി.
 • അവര്‍ സമ്പത്ത് ആര്‍ജിക്കുന്നത് പൂര്‍ണമായും തടഞ്ഞു.
 • സവര്‍ണരും അവര്‍ണരുമായ സ്ത്രീകളെ സമ്പൂര്‍ണമായും തരംതാഴ്ത്തി അടിച്ചമര്‍ത്തി.
 • -What Congress and Gandhi have Done to the Untouchables.

ബോംബെ ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കെ, അസ്പൃശ്യരുടെ ഉന്നമനത്തിന് വേണ്ടി ബഹിഷ്‌കൃത് ഹിതകാരിണി സഭ രൂപീകരിച്ചു കൊണ്ടാണ് അദ്ദേഹം സംഘാടനരംഗത്തേക്ക് വന്നത്. മൂകനായക്, ബഹിഷ്‌കൃതഭാരത് തുടങ്ങിയ പ്രസിദ്ധീകരണങ്ങളും അദ്ദേഹം ആരംഭിച്ചു.

മൂകനായക്, ബഹിഷ്കൃതഭാരത്

പൊതുസ്രോതസ്സിൽ നിന്ന് വെള്ളമെടുക്കാനും ക്ഷേത്രങ്ങളിൽ പ്രവേശിക്കാനും അധഃകൃതർക്ക് അവകാശം ലഭിക്കുന്നതിനായി മഹദിൽ അദ്ദേഹം സത്യഗ്രഹമാരംഭിച്ചു. 1927 ഡിസംബർ 25ന് പരസ്യമായി മനുസ്മൃതി കത്തിച്ചു. ഇത്തരം സമരപരിപാടികൾ പെട്ടെന്ന് രാജ്യമെങ്ങും വ്യാപിച്ചു. ഡിസംബർ 25 ചില ദലിത് സംഘടനകൾ മനുസ്മൃതി ദഹൻ ദിൻ ആയി ആചരിക്കാറുണ്ട്.

അംബേദ്കറുടെ ചരിത്രത്തിലെ സുപ്രധാനസംഭവങ്ങളിലൊന്നാണ് പൂനാ പാക്ട്. അസ്പൃശ്യതക്കെതിരായ സമരവുമായി ബന്ധപ്പെട്ട് ഗാന്ധിയുമായി അദ്ദേഹത്തിനുണ്ടായ അഭിപ്രായ വ്യത്യാസങ്ങളുടെ കൂടി പ്രതിഫലനം ആയിരുന്നു അത്. 1932ൽ ബ്രിട്ടീഷ് സര്‍ക്കാർ പ്രഖ്യാപിച്ച കമ്യൂണൽ അവാഡിൽ, പ്രാദേശിക നിയമനിർമാണസഭകളിൽ Depressed classesന് പ്രത്യേക ഇലക്ടറേറ്റുകൾ ഏർപ്പെടുത്തി. അതിനു മുമ്പ് 1919ലെ ഗവണ്‍മെന്റ് ഒഫ് ഇന്ത്യ ആക്ടിന് വേണ്ടിയുള്ള Southborough Committeeയിൽ പ്രത്യേക ഇലക്ടറേറ്റിനും സംവരണത്തിനും വേണ്ടി അംബേദ്കർ ശക്തിയായി വാദിച്ചിരുന്നു. എന്നാൽ കമ്യൂണൽ അവാഡിനെ ഗാന്ധി ശക്തിയായി എതിർത്തു. പ്രത്യേക ഇലക്ടറേറ്റ് ഇന്ത്യയിലെ ഹിന്ദു സമൂഹത്തെ ഇനിയൊരിക്കലും യോജിക്കാനാവാത്ത വിധം വിഭജിക്കുമെന്നും ജാതിവൈരുദ്ധ്യവും അസഹിഷ്ണുതയും പ്രവചനാതീതമായി മൂർഛിക്കുമെന്നുമായിരുന്നു ഗാന്ധിയുടെ വാദം. സ്വാഭാവികമായും ഇതിന്റെ അനുരണനങ്ങൾ കോണ്‍ഗ്രസ്സിലും ഉണ്ടാകും. ദേശീയപ്രസ്ഥാനത്തിനകത്ത് ഭിന്നിപ്പുണ്ടാക്കുന്നതിനുള്ള ബ്രിട്ടീഷ് ഗൂഢാലോചനയായിപ്പോലും കമ്യൂണൽ അവാഡിനെ വിലയിരുത്തിയവരുണ്ട്.

ആ സമയത്ത് പൂനയിലെ യെർവാദാ ജയിലിലായിരുന്ന ഗാന്ധിജി കമ്യൂണൽ അവാഡിനെതിരെ നിരാഹാര സത്യഗ്രഹമാരംഭിച്ചു. തുടർന്നുണ്ടായ സമ്മർദ്ദങ്ങൾ നിമിത്തം യെര്‍വാദയിൽ വെച്ച് അം6ബേദ്കറും ഗാന്ധിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയ ശേഷം ഒപ്പുവെച്ച കരാറാണ് പൂന പാക്ട്. ദലിതുകൾക്ക് വേണ്ടി അംബേദ്കറും ഹിന്ദുക്കൾക്ക് വേണ്ടി മദൻ മോഹൻ മാളവ്യയും കരാറിൽ ഒപ്പ് വെച്ചു.

മനുസ്മൃതി ദഹൻ

കരാർ പ്രകാരം പ്രത്യേക ഇലക്ടറേറ്റ് റദ്ദ് ചെയ്യപ്പെടുകയും യൂനിഫൈഡ് ഇലക്ടറേറ്റിന് കീഴിൽ ഒപ്രസ്ഡ് ക്ലാസ്സുകൾക്ക് സംവരണം ഏർപ്പെടുത്തുകയും ചെയ്തു. കമ്യൂണൽ അവാഡിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി റംസേ മക്‌ഡൊണാൾഡ് പ്രഖ്യാപിച്ചിരുന്ന 71 സീറ്റുകൾക്ക് പകരം പ്രാദേശിക ലെജിസ്ലേച്ചറിൽ 147 സീറ്റുകൾ ദലിതർക്ക് സംവരണാവകാശമായി ലഭിച്ചു. ഡിപ്രസ്ഡ് ക്ലാസസ് എന്നതിന് പകരം 1935ലെ ഇന്ത്യാ ആക്ടിലും തുടർന്ന് 1950ൽ ഇന്ത്യൻ ഭരണഘടനയിലും ദലിതർ scheduled castes and scheduled tribes (പട്ടികജാതികളും പട്ടികവർഗങ്ങളും) ആയി വിശേഷിപ്പിക്കപ്പെടുകയും ചെയ്തു. സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനാ നിര്‍മാണ സമിതിയുടെ അധ്യക്ഷനായി അംബേദ്കർ തെരഞ്ഞെടുക്കപ്പെട്ടതും പൂനാ പാക്ടിന്റെ ഫലമാണെന്ന് പറയപ്പെടുന്നു.

സംവരണം ചെയ്യപ്പെടുന്ന ഇലക്ടറൽ സീറ്റുകൾക്കകത്ത് പട്ടികജാതി, വർഗങ്ങളുടെ സ്‌പെഷൽ ഇലക്ടറേറ്റിന് പാക്ടിന്റെ രണ്ടാം വകുപ്പിൽ നിബന്ധനയുണ്ട്. സംവരണമണ്ഡലത്തിലെ വോട്ടർ പട്ടികയിൽ രെജിസ്റ്റർ ചെയ്തിട്ടുള്ള ദലിത് വിഭാഗത്തിൽപ്പെട്ട വോട്ടർമാരുടെ ഈ ഇലക്ടറേറ്റിനകത്ത് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതല്‍ വോട്ട് നേടുന്ന ആളുകളായിരിക്കും പൊതു വോട്ടർമാരുടെ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികൾ.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ മുതൽ കേന്ദ്രതലം വരെയുള്ള തെരഞ്ഞെടുപ്പുകളിൽ അധഃസ്ഥിതര്‍ക്കുള്ള പ്രാതിനിധ്യം പൂനാ കരാർ ഉറപ്പു വരുത്തുന്നുണ്ട്. കേന്ദ്ര നിയമസഭയിൽ പതിനെട്ട് ശതമാനം സംവരണവും വ്യവസ്ഥ ചെയ്യുന്നു. വിദ്യാഭ്യാസത്തിലുള്ള സംവരണവും ഇത് ഊന്നിപ്പറയുന്നുണ്ട്.

ശൂദ്രം
ശൂദ്രരെസ്സംബന്ധിച്ച് അംബേദ്കർ എഴുതിയിട്ടുള്ള പുസ്തകങ്ങളിലൊന്നാണ് Who were the Shudras. ശൂദ്രരെ ഇതിൽ രണ്ട് തരമാക്കുന്നു അദ്ദേഹം. ഇന്നത്തെ ശൂദ്രർ ഭിന്നാത്മകശേഖരങ്ങളിൽ നിന്നുള്ള ജാതികളുടെ സമാഹാരമാണ്. മൗലികശൂദ്രന്മാർ ഇൻഡോ-ആര്യൻ സമൂഹത്തിൽപ്പെട്ടവരാണ്.

ഈ മൗലികശൂദ്രരിൽ നിന്ന് വ്യത്യസ്തരാണ് ഇന്നത്തെ ശൂദ്രർ. ആര്യന്മാരുടെ മാതൃദേശം ഇന്ത്യക്ക് പുറത്താണെന്ന സിദ്ധാന്തങ്ങളെ അംബേദ്കർ ഇതിൽ നിരാകരിക്കുന്നുണ്ട്. ഈ വീക്ഷണമാകട്ടെ, ആര്യാധിനിവേശത്തെക്കുറിച്ച ഫൂലെയുടെ സിദ്ധാന്തങ്ങൾക്കെതിരാണ്. മാത്രമല്ല, ഋഗ്വേദത്തിലും മറ്റും പരാമർശിക്കപ്പെടുന്ന ആര്യനും ദാസനും ദസ്യുവുമൊന്നും വ്യത്യസ്തജനതകൾ (different peoples) അല്ലെന്നും അവ പരസ്പരം മല്‍സരിക്കുന്ന മതവിഭാഗങ്ങൾ (competing religious groups) മാത്രമാണെന്നും അദ്ദേഹം വാദിച്ചു. ദ്രാവിഡ ജനതക്ക് മേലുള്ള ആര്യാധിനിവേശം എന്ന ചരിത്രത്തെ അംബേദ്കർ പൂർണമായും തള്ളിക്കളഞ്ഞു.

ബ്രാഹ്മണനിയമങ്ങളുടെ കാർക്കശ്യം കാരണമായി ഇൻഡോ-ആര്യൻ സമൂഹത്തിലെ ശൂദ്രന്മാർ കാലക്രമേണ അധഃപതിക്കുകയും പൊതുജീവിതത്തിൽ വളരെ താഴ്ന്ന നിലയിൽ എത്തിച്ചേരുകയും ചെയ്തു. ആദ്യകാലത്ത് കുറ്റവാളികളെ ഉദ്ദേശിച്ച് രൂപം നല്‍കിയ നിയമസംഹിത പിൽക്കാലത്ത് നിരപരാധികളുടെ മേലും നടപ്പാക്കിത്തുടങ്ങി. അതായത്, മൗലിക ശൂദ്രരുടെ കാര്യത്തിൽ എത്രത്തോളം കർക്കശമായാണോ ആ വ്യവസ്ഥ നടപ്പിലാക്കിയിരുന്നത്, അതേ കാര്‍ക്കശ്യത്തോടെ തന്നെ ഇന്നത്തെ ശൂദ്രരുടെ കാര്യത്തിലും അത് നടപ്പാക്കി.

മൗലിക ശൂദ്രരുടെ ഉൽപത്തിയെയും അവർ നാലാം വർണമായതെങ്ങനെ എന്നതിനെയും സംബന്ധിച്ച നിഗമനങ്ങളെ പുസ്തകത്തിന്റെ മുഖവുരയിൽത്തന്നെ അംബേദ്കർ ഇപ്രകാരം സംക്ഷേപിക്കുന്നു.

 • സൂര്യവംശത്തില്‍പ്പെട്ട ആര്യൻ സമുദായങ്ങളിലൊന്നായിരുന്നു ശൂദ്രർ.
 • ആര്യൻ സമൂഹം ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ എന്നീ മൂന്ന് വർണങ്ങൾ മാത്രം അംഗീകരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.
 • ഇന്തോ-ആര്യൻ സമൂഹത്തിൽ ക്ഷത്രിയ വർണത്തിന്റെ ഭാഗമായാണ് ശൂദ്രർ പരിഗണിക്കപ്പെട്ടിരുന്നത്. അവർ പ്രത്യേക വർണമായിരുന്നില്ല.
 • ശൂദ്രരായിത്തീർന്ന രാജാക്കന്മാരും ബ്രാഹ്മണരും തമ്മിൽ നിരന്തരമായ സംഘർഷങ്ങളുണ്ടായിരുന്നു. തത്ഫലമായി ബ്രാഹ്മണർ പീഡനങ്ങൾക്കും അപമാനങ്ങൾക്കും ഇരയായി.
 • ഈ പീഡനങ്ങളും അപമാനങ്ങളും അവരോട് ബ്രാഹ്മണരിൽ കടുത്ത വിദ്വേഷം ജനിപ്പിച്ചു. അതിനാൽ അവരുടെ ഉപനയനം നടത്താന്‍ ബ്രാഹ്മണർ വിസമ്മതിച്ചു.
 • ഉപനയനം നിഷേധിക്കപ്പെട്ടതോടെ, അതുവരെ ക്ഷത്രിയരായിരുന്ന മൗലിക ശൂദ്രർ സാമൂഹികമായി അധഃപതിക്കുകയും വൈശ്യരുടെ സ്ഥാനത്തിനും താഴെ ചെന്ന് പതിക്കുകയും നാലാം വർണമായിത്തീരുകയും ചെയ്തു.

മൗലികശൂദ്രരും ശൂദ്രരിൽ ചേർക്കപ്പെട്ടവരും എന്ന തത്വത്തിൽ ശരിയുണ്ട്. ഇന്‍ഡോ-ഇറാനിയൻ ജനതയിൽ തന്നെയാണ് വർണപരമായ വിവേചനം ആദ്യം നടപ്പായത്. ഇതരസമൂഹങ്ങളെ ‘വൈദിക’വൽക്കരിക്കുന്നതിന്റെ ഭാഗമായി അതാത് സമൂഹങ്ങളിലേക്ക് കൂടി ഈ വർണവിഭജനം ചെലുത്തുകയായിരുന്നു ബ്രാഹ്മണർ എന്നതിന് കേരളത്തിലെ ജാതികളുമായി ബന്ധപ്പെട്ട ചരിത്രത്തിൽത്തന്നെ തെളിവുകൾ കാണ്ടെത്താം.

അംബേദ്കറുടെ ഈ വിശകലനത്തിലാകട്ടെ, ബ്രാഹ്മണ-ശൂദ്ര പ്രശ്‌നത്തിന് ഒരു കുടിപ്പകയുടെ മാനം കൂടി കൈവരുന്നു. രാഷ്ട്രീയാധികാരം കൈയാളിയിരുന്ന ക്ഷത്രിയരാണ് ബ്രാഹ്മണരെ ആദ്യം പീഡനങ്ങൾക്കും അപമാനങ്ങൾക്കും വിധേയരാക്കിയത്. അനുഷ്ഠാനപരമായ തങ്ങളുടെ അധികാരം ഉപയോഗിച്ച് ബ്രാഹ്മണർ അതിന് പകരം വീട്ടുകയായിരുന്നു. അതേസമയം അദ്ദേഹത്തിന്റെ തന്നെ വിവരണമനുസരിച്ച്, ആദ്യ കുറ്റവാളികളെ, അായത് ഡീഗ്രേഡ് ചെയ്യപ്പെട്ട ക്ഷത്രിയരായ മൗലികശൂദ്രരെ ഉദ്ദേശിച്ച് രൂപം നല്‍കിയ, മനുവാദി സ്മൃതികളിലെ നിയമസംഹിത ഇക്കാര്യത്തിൽ തീർത്തും നിരപരാധരായ പിൽക്കാല ശൂദ്രരെ ഉദ്ദേശിച്ചും നടപ്പാക്കിത്തുടങ്ങി. ക്ഷത്രിയരുടെ രാഷ്ട്രീയാധികാരത്തെക്കാൾ ശക്തമായിരുന്നു ബ്രാഹ്മണരുടെ മതാധികാരം എന്ന് ഈ വിശകലനത്തിൽ നിന്ന് ഗ്രഹിക്കാം.

ജാതി നിർമൂലനവുമായി ബന്ധപ്പെട്ട അംബേദ്കർ ചിന്തകളെ അടുത്ത ലേഖനത്തിൽ പരിശോധിക്കാം.

_____________

*അഭംഗ കവിത: ഭംഗമില്ലാതെ (മുടക്കമില്ലാതെ, അവസാനമില്ലാതെ) ആലപിക്കപ്പെടുന്ന കവിത എന്നാണ് അഭംഗ കവിത എന്നതിന്റെ പദാർത്ഥമെങ്കിലും പ്രധാനമായും വിത്തൽ, വിഠോബ എന്നൊക്കെ വിളിക്കപ്പെടുന്ന, മഹാരാഷ്ട്രയിലെ വിഷ്ണുമൂർത്തിക്ക് അർപ്പിക്കപ്പെടുന്ന പ്രത്യേകതരം അർച്ചനാഗീതങ്ങളെയാണ് അഭംഗം എന്ന് വിളിക്കാറുള്ളത്.

2 thoughts on “ബോധിസത്വന്റെ കലാപങ്ങൾ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s