മുഹമ്മദ് ശമീം
ജാതിയും ജാതിവിരുദ്ധസമരങ്ങളും -ഏഴ്
മുൻ ലേഖനങ്ങൾ
1) ജാതിയുടെ ജാതകം
2) തത്ത്വമസി
3) ലിംഗായതവും ബ്രഹ്മധർമവും
4) ദലിതം
5) ദ്രാവിഡം
5) ഒരേ ഒരു ജാതി, ഒരേ ഒരു മതം, ഒരേ ഒരു കടവുള്‍
അയിത്തം, വലിയ സാമ്പത്തികഭാരമുണ്ടാക്കുന്ന ആചാരങ്ങൾ, പ്രാകൃതാചാരങ്ങൾ തുടങ്ങിയവക്കെതിരെ പോരാട്ടം നയിച്ച ശ്രീനാരായണ ഗുരുവാണ് കേരള നവോത്ഥാനത്തിൽ ഏറ്റവും സ്വാധീനം സൃഷ്ടിച്ച വ്യക്തി.
ഈഴവ കുടുംബത്തിലാണ് നാരായണ ഗുരു പിറന്നത്. തീണ്ടലും തൊടീലുമുള്ള അയിത്ത ജാതിയാണ് അക്കാലത്ത് ഈഴവനും. ഈഴവർ തൊട്ട് നായാടി വരെയുള്ളവർക്ക് ക്ഷേത്രപ്രവേശം, വിദ്യാഭ്യാസം, ഉയർന്ന ജോലി എന്നിവ നിഷിദ്ധമായിരുന്നു. ഡോ. പൽപ്പുവിനെപ്പോലെ അപൂർവം ചിലർ ഉന്നത വിദ്യാഭ്യാസം നേടിയെങ്കിലും അഞ്ച് രൂപക്ക് മേൽ മാസശമ്പളം വാങ്ങാൻ അവർക്ക് അനുവാദമുണ്ടായിരുന്നില്ല. തലക്കരം, മുലക്കരം തുടങ്ങിയ അതിവിചിത്രമായ നികുതികളും അവർണരിൽ നിന്ന് പിടിച്ചെടുത്തു.
ഗുരുവിന്റെ വഴി
ജന്മം കൊണ്ട് സിദ്ധമാകുന്ന ഒന്നാണ് ജാതി എന്നാണ് സങ്കൽപം. ജാതി എന്നതിന്റെ പദാർത്ഥവും അതാണ്. ജാ ഇതി (ഇങ്ങനെ ജനിച്ചത്) എന്നതാണ് ജാതി എന്നതിന്റെ നിഷ്പത്തി. എന്നാല്‍ ജനനത്താൽ സിദ്ധമാകുന്ന ഒരു പദവിയെയും ഗുരു അംഗീകരിച്ചില്ല. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ,
മനുഷ്യാണാം മനുഷ്യത്വം
ജാതിർ ഗോത്വം ഗവാം യഥാ
ന ബ്രാഹ്മണാദിരസ്യൈവം
ഹാ! തത്വം വേത്തി കോ പി ന
-ജാതിനിര്‍ണയം
(മനുഷ്യരുടെ ജാതി മനുഷ്യത്വം ആകുന്നു. ഗോക്കളുടെ ജാതി ഗോത്വം ആയതുപോലെ. ബ്രാഹ്മണാദി നാമങ്ങൾ മനുഷ്യത്വമോ ഗോത്വമോ പോലുള്ള ജാതികളാണോ? ആരറിയാൻ ഈ തത്വം!).
ജാതിനിർണയം എന്ന കൃതിയിൽ തുടർന്ന് ഇപ്രകാരം വായിക്കാം.
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്
ഒരു യോനിയൊരാകാരമൊരു ഭേദവുമില്ലതിൽ
ഒരു ജാതിയിൽ നിന്നല്ലോ പിറന്നിടുന്നു സന്തതി
നരജാതിയിതോർക്കുമ്പോളൊരു ജാതിയിലുള്ളതാം
നരജാതിയിൽ നിന്നത്രേ പിറന്നിടുന്നു വിപ്രനും
പറയൻ താനുമെന്തുള്ളതന്തരം നരജാതിയിൽ
പറച്ചിയിൽ നിന്നു പണ്ടു പരാശര മഹാമുനി
പിറന്നു മറ സൂത്രിച്ച മുനി കൈവർത്തകന്യയിൽ
ഇല്ല ജാതിയിലൊന്നുണ്ടോ വല്ലതും ഭേദമോർക്കുകിൽ
ചൊല്ലേറും വ്യക്തിഭാഗത്തിലല്ലേ ഭേദമിരുന്നിടൂ

മതവൈവിധ്യങ്ങളോടും വിശ്വാസഭേദങ്ങളോടും ക്രിയാത്മകമായ സമീപനമായിരുന്നു ഗുരു വച്ചുപുലർത്തിയത്. ജാതിഭേദത്തെ നിരാകരിക്കുന്ന അദ്ദേഹം തൊട്ടുടനെ മതദ്വേഷം എന്ന പദമാണ് പ്രയോഗിക്കുന്നത്. മതഭേദം അപലപനീയമല്ല, മറിച്ച് മതത്തിന്റേ പേരിലുള്ള ദ്വേഷവും ദ്രോഹവുമത്രേ ഗർഹണീയം.
എല്ലാ മതത്തിന്റെയും സാരം, അടിത്തറ ഏകം തന്നെയാണെന്നും അത് മനസ്സിലാക്കാതെയാണ് ആളുകൾ പരസ്പരം ദ്വേഷിക്കുന്നതെന്നും അദ്ദേഹം വിശ്വസിച്ചു.
പലമതസാരവുമേകമെന്നു പാരാ-
തുലകിലൊരാനയിലന്ധരെന്ന പോലെ,
പലവിധയുക്തി പറഞ്ഞു പാമരന്മാ-
രലവതു കണ്ടതലയാതമർന്നിടേണം
അദ്വൈത ദർശനത്തെയാണ് അദ്ദേഹം പിന്തുടർന്നത്. എന്നാൽ ജാതിഭ്രമങ്ങളുടെ പേരിൽ ശങ്കരാചാര്യരെ കഠിനമായി ആക്ഷേപിച്ചിട്ടുണ്ട്. അപശൂദ്രാധികരണം എന്ന തത്വം അവതരിപ്പിക്കുകയും അതിനെ ന്യായീകരിക്കാൻ തത്വശാസ്ത്രം കൊണ്ട് കസർത്ത് കളിക്കുകയും ചെയ്തയാളായിരുന്നു ശങ്കരൻ.
ശങ്കരന്റെ ദേഹവും ചണ്ഡാലന്റെ ദേഹിയും
വാദത്തിൽ ഈ ആചാര്യനോടേറ്റ് അദ്ദേഹത്തെ മുട്ടുകുത്തിച്ച ഒരു ചണ്ഡാലന്റെ കഥ പറയാറുണ്ട്. കുളിച്ച് ശുദ്ധി വരുത്തി ഉപാസനക്ക് പുറപ്പെട്ട ശങ്കരൻ, എതിരെ വരുന്ന ചണ്ഡാലനോട് മാറിപ്പോ ചണ്ഡാലാ എന്ന് കൽപിച്ചത്രേ. ഒരു കൂസലുമില്ലാതെ അടുത്തേക്ക് വന്ന ചണ്ഡാലൻ മാറേണ്ടത് ദേഹമോ ദേഹിയോ എന്ന് ചോദിച്ചു പോൽ.
ശങ്കരൻ തന്നെ പഠിപ്പിക്കുന്ന അദ്വൈത തത്വമനുസരിച്ച് ദേഹം മിഥ്യാബോധവും സകല ദേഹങ്ങളിലും ചൈതന്യമായി വർത്തിക്കുന്ന ദേഹി പരമാത്മാവ് തന്നെയും ആണല്ലോ. അതിനാൽ ഈ ചോദ്യത്തിന് മറുപടി നല്‍കാൻ ജാതിബോധത്തിൽ ഭ്രമിച്ച ശങ്കരാചാര്യർക്ക് പറ്റുമായിരുന്നില്ല.
ഒരുപക്ഷേ ഇത് ചരിത്രത്തിൽ സംഭവിച്ചതാവാം. കണ്ണൂർ ജില്ലയിലെ പെരിങ്ങോം എന്ന സ്ഥലത്ത് നിലനിൽക്കുന്ന ഒരു ഐതിഹ്യമനുസരിച്ച് അലങ്കാരൻ എന്ന പുലയനാണ് ആചാര്യരോട് ഇപ്രകാരം ചോദിച്ചത്. അങ്ങനെയെങ്കിൽ ശൂദ്രരെയും അവർണരെയും സ്വാഭിമാനത്തിലേക്കുയർത്തിയ ബുദ്ധമതസ്വാധീനമാവാം ഈ ‘അഹങ്കാരം’ പ്രവർത്തിക്കാനുള്ള തന്റേടം അലങ്കാരന് നല്‍കിയത്.
മറുത്തൊന്നും മൊഴിയാനാവാതെ നിസ്സഹായനായിപ്പോയ ആചാര്യരെ രക്ഷിക്കാന്‍ വേണ്ടിയാവണം, പിന്നീട് കഥകളിൽ ഈ ചണ്ഡാലൻ ശങ്കരനെ പരീക്ഷിക്കാൻ വന്ന പരമശിവനായി മാറി. എന്നിട്ടോ, ആ ‘പരീക്ഷണ’ത്തിൽ വിജയിക്കാൻ ആചാര്യർക്ക് കഴിഞ്ഞില്ലെന്ന് വേണം അനുമാനിക്കാൻ.
എന്തെന്നാൽ ശങ്കരൻ അതിന് ശേഷവും, നാരായണഗുരുവിന്റെ വാക്കുകളില്‍ പറഞ്ഞാൽ, ജാതി സ്ഥാപിക്കാൻ വേണ്ടി ബുദ്ധി കൊണ്ട് പറന്നുകൊണ്ടേയിരുന്നു.

ജാതീയതയെയും സവർണാധിപത്യത്തെയും പ്രതിരോധിക്കുക എന്നതിനപ്പുറം അവയെ കടന്നാക്രമിക്കുകയും പ്രതിരോധത്തിലാക്കുകയും ചെയ്യുന്ന രീതിയാണ് ശ്രീനാരായണ ഗുരു സ്വീകരിച്ചത്. അരുവിപ്പുറത്ത് ശിവനെ പ്രതിഷ്ഠിച്ചു കൊണ്ടാണ് ഈ ആക്രമണത്തിന് തുടക്കം കുറിച്ചത്. സവർണർ സ്വന്തമാക്കി വെച്ചിരുന്ന അധികാരത്തെ കവർന്നെടുക്കുകയാണ് ഇതിലൂടെ ഗുരു ചെയ്തത്. ഇത് ജാതിമേൽക്കോയ്മയെ അങ്ങേയറ്റം അസ്വസ്ഥരും പ്രകോപിതരുമാക്കി. അവരോട് അദ്ദേഹം പറഞ്ഞ മറുപടിയാകട്ടെ, താൻ ഈഴവശിവനെയാണ് പ്രതിഷ്ഠിച്ചത് എന്നും.
ഇതിലൂടെ ദൈവത്തെത്തന്നെ ഈഴവൻ (അവർണൻ) ആയി പ്രഖ്യാപിക്കുകയായിരുന്നദ്ദേഹം.
ക്ഷേത്രോപാസനയും വിഗ്രഹപ്രതിഷ്ഠയുമൊക്കെ സാമൂഹ്യ നവോത്ഥാനത്തിന്റെ കരുക്കളായി സ്വീകരിച്ചിരുന്ന ഗുരു, പക്ഷേ ഇത്തരം ഉപാസനാരീതികളെ ഉത്തമമായി കണ്ടതൊന്നുമില്ല. അദ്ദേഹം പ്രതിഷ്ഠകൾ നടത്തുകയല്ലാതെ, ക്ഷേത്രങ്ങൾ സന്ദർശിച്ചിരുന്നില്ലത്രേ. കലാപമായിരുന്നു അദ്ദേഹത്തിന് ഓരോ പ്രതിഷ്ഠയും.
1888ൽ അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയാണ് അദ്ദേഹം “ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്” എന്ന് പ്രഖ്യാപിച്ചത്. ശിവഗിരിയിലെ ശാരദാ പ്രതിഷ്ഠ ഉൾപ്പെടെ നിരവധി പ്രതിഷ്ഠകൾക്കിടയിൽ മുരുക്കുംപുഴയിൽ നിർമിച്ചിരുന്ന കാലകണ്‌ഠേശ്വര ക്ഷേത്രത്തിൽ, പിന്നീട് 1921ൽ അദ്ദേഹം വാക്കുകൾ (സത്യം, ധർമം, സ്‌നേഹം, ദയ) പ്രതിഷ്ഠിച്ചു. അതുപോലെ കളവംകോടത്തെ ദേവീ ക്ഷേത്രത്തിൽ 1927ൽ ഓംകാരം ആലേഖനം ചെയ്ത കണ്ണാടിയും. ഇതിനിടയിൽ 1914ൽത്തന്നെ ആലുവയിൽ അദ്വൈതാശ്രമവും സ്ഥാപിച്ചു.
നാണൂ, നീ അകംപൊരുളാണോ പുറംപൊരുളാണോ തേടുന്നത് എന്ന്, നാടൊട്ടുക്കും അദ്ദേഹം നടത്തിയ ക്ഷേത്രപ്രതിഷ്ഠകളെ ഉദ്ദേശിച്ച് ഗുരു തൈക്കാട് അയ്യാ സ്വാമികൾ ചോദിച്ചതായി ഒരു കഥയുണ്ട്. താന്‍ തേടുന്നത് അകംപോരുൾ തന്നെയാണെന്നും പ്രതിഷ്ഠ താൻ നിർവഹിക്കുന്നത് സാമൂഹിക മുന്നേറ്റങ്ങളുടെ ഭാഗമായാണെന്നും ശ്രീനാരായണൻ വിശദീകരിക്കുകയും ചെയ്തത്രേ.
സംഭവം ഉള്ളതായാലും ഇല്ലാത്തതായാലും ഇപ്പറഞ്ഞതിനെ സാധൂകരിക്കുന്നുണ്ട്, ആദ്യകാലത്ത് വിഗ്രഹപ്രതിഷ്ഠകൾ നടത്തിയ ഗുരു പിൽക്കാലത്ത് അക്ഷരങ്ങളെയും ദീപത്തെയും കണ്ണാടിയെയുമൊക്കെ പ്രതിഷ്ഠിച്ച നടപടി.
അതേസമയം ഇത്തരം പ്രതിഷ്ഠകളിലൂടെ ഉയർച്ച കൈവരിച്ച ഈഴവ സമുദായം തങ്ങളുടെ ക്ഷേത്രങ്ങളിൽ പുലയർക്ക് പ്രവേശനം അനുവദിക്കാത്ത കാഴ്ച അവസാനകാലത്ത് ഗുരുവിനെ ഏറെ അസ്വസ്ഥനാക്കിയിരുന്നു.
(തമിഴ് നാട്ടിൽ നമ്മാൾവാരുടെ സമുദായമായ വെള്ളാളർ എന്ന ശൂദ്ര സമുദായത്തെ ജാതിവിവേചനത്തിനെതിരായ സമരത്തിന്റെ ഭാഗമായി രാമാനുജാചാര്യർ ഉപനയനം ചെയ്ത് ബ്രാഹ്മണരാക്കിയ ഒരു കഥയുണ്ട്. അവര്‍ പക്ഷേ പിന്നീട് തമിഴ് നാട്ടിലെ ജാതിശ്രേണിയിൽ ഏറ്റവും ഉയർന്നവരും ആഢ്യരുമായി മാറി, അയ്യങ്കാർ എന്ന പേരിൽ).
ശ്രീനാരായണ ഗുരുവിന്റെ ഉപദേശങ്ങളെ ഇപ്രകാരം സംഗ്രഹിക്കാം.
1) ജാതി ഉണ്ടെന്ന് പോലും വിശ്വസിക്കരുത്. സ്വാർത്ഥന്മാരായ സവർണരുടെ കെട്ടുകഥ മാത്രമാണ് മേൽജാതിയും കീഴ്ജാതിയും. താന്‍ മേൽജാതിയാണെന്ന് കരുതുന്നവൻ അഹങ്കാരം കൊണ്ട് പിശാചായി മാറും. താൻ കീഴ്ജാതിയാണെന്ന് കരുതുന്നവൻ സ്വന്തം സ്വാതന്ത്ര്യത്തെയും സ്വച്ഛന്ദതയെയും തടഞ്ഞ് അഭിവൃദ്ധിയെ നശിപ്പിക്കും. അതിനാൽ ജാതി ഇല്ലെന്ന് തന്നെ കരുതണം.
2) മനുഷ്യരെല്ലാവരും വിദ്യാഭ്യാസം വർദ്ധിപ്പിക്കണം.
3) മതദ്വേഷങ്ങളും മതപരമായ മൂഢവിശ്വാസങ്ങളും ദുർദ്ദേവതകളുടെ ഉപാസനകളും ഉപേക്ഷിക്കണം.
4) വ്യവസായവും സാധുക്കൾക്കുള്ള തൊഴിൽ സാധ്യതകളും വർദ്ധിപ്പിക്കണം.
5) വലിയ ലാഭമുണ്ടായാൽപ്പോലും പാപകരമായ തൊഴിലുകളൊന്നും ചെയ്യരുത്.
6) മദ്യം ഉണ്ടാക്കരുത്, കുടിക്കരുത്, വിൽക്കരുത്.
7) പ്രാണിഹിംസ പാടേ ഉപേക്ഷിക്കണം. ജന്തുക്കളെ ബലിയർപ്പിക്കുന്ന ക്ഷേത്രങ്ങളിൽ പോകരുത്, അവിടെ തൊഴരുത്.
ഡോ. പൽപ്പുവിന്റെ നിർദേശ പ്രകാരം ശ്രീനാരായണ ധർമ പരിപാലന യോഗം രൂപീകരിച്ചെങ്കിലും ജാതിബോധമുള്ള മറ്റൊരു സമുദായമായി ഈഴവർ മാറുന്നതുൾപ്പെടെ, തന്റെ ഉപദേശങ്ങൾക്ക് വിരുദ്ധമായ പല പ്രവണതകളും ഉണ്ടായതിൽ മനം നൊന്ത് ഗുരു യോഗത്തിൽ നിന്ന് രാജി വെച്ചു.
യോഗത്തിന്റെ നിശ്ചയങ്ങൾ പലതും നാം അറിയാതെ പാസ്സാക്കുന്നതു കൊണ്ടും യോഗത്തിന്റെ ആനുകൂല്യം ഒന്നും നമ്മുടെ കാര്യത്തിൽ ഇല്ലാത്തതു കൊണ്ടും യോഗത്തിന്റെ ജാത്യഭിമാനം വർദ്ധിച്ചു വരുന്നതു കൊണ്ടും മുമ്പേ തന്നെ മനസ്സിൽ നിന്നും വിട്ടിരുന്നതു പോലെ ഇപ്പോൾ വാക്കിൽ നിന്നും പ്രവൃത്തിയിൽ നിന്നും നാം യോഗത്തെ ഉപേക്ഷിച്ചിരിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ രാജിക്കത്ത്.
ചരിത്രത്തിലേക്കോടിക്കയറിയ വില്ലുവണ്ടി
പുലയർ, പറയർ എന്നീ അധഃസ്ഥിത വിഭാഗങ്ങൾക്ക് മേൽ ചുമത്തപ്പെട്ടിരുന്ന, ജാതീയവും തൊഴിൽപരവുമായ പീഡനങ്ങളാണ് അയ്യൻ കാളി എന്ന വിപ്ലവകാരിയായ പരിഷ്‌കർത്താവിനെ സൃഷ്ടിച്ചത്. തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരിൽ ഒരു പുലയ സമുദായത്തിലാണ് അയ്യൻ കാളി ജനിച്ചത്.

കേരളത്തിൽ തീർത്തും അധഃസ്ഥിതരായ, പുറംജാതി എന്ന് തള്ളപ്പെട്ടിരുന്നവരുടെ ഇടയിൽ നിന്ന് തന്നെ ഉയർന്നു വന്ന ആദ്യസ്വരമാണ് അയ്യൻ കാളി. ജാതിബോധത്തിന് വിധേയപ്പെട്ടിരുന്ന സ്വന്തം സമുദായം തന്നെ അദ്ദേഹത്തെ എതിർത്തു. എന്നാൽ അദ്ദേഹം പ്രത്യക്ഷയുദ്ധത്തിന് തന്നെ രംഗത്തിറങ്ങി.
സാധുജനപരിപാലന യോഗം രൂപീകരിച്ച് ചെറുപ്പക്കാരെ സംഘടിപ്പിച്ച അയ്യൻ കാളി ജന്മിമാരുടെ കായികമിടുക്കിനെ നേരിടാൻ തന്റെ അനുയായികളെ അടിതടകൾ പരിശീലിപ്പിച്ചു. അയ്യൻ കാളിയുടെ സ്വാധീനമേഖലകളിലെല്ലാം അദ്ദേഹത്തിന്റെ സേനയും ജന്മിമാരുടെ മാടമ്പികളും തമ്മിൽ ഏറ്റുമുട്ടലുകളുണ്ടായി.
തിരുവിതാംകൂറിൽ ആദ്യത്തെ കർഷകത്തൊഴിലാളി സമരം നയിച്ചത് അയ്യൻ കാളിയാണ്. അധഃസ്ഥിതർക്കും വിദ്യാഭ്യാസത്തിന് അവസരം നൽകുക എന്നതായിരുന്നു പ്രധാന ആവശ്യം. പാടങ്ങൾ തരിശിടലുൾപ്പെടെ പല പീഡനമുറകളും സമരത്തിനെതിരെ ജന്മിമാർ കൈക്കൊണ്ടെങ്കിലും തൊഴിൽ ചെയ്യുന്നവരുടെ അവകാശങ്ങൾ ഒരു പരിധി വരെയെങ്കിലും അംഗീകരിച്ചു കൊണ്ടാണ് 1905ൽ ഈ സമരം ഒത്തുതീർപ്പായത്.
അയ്യൻ കാളിയുടെ ചരിത്രത്തിലെ ഏറ്റവം പ്രധാനപ്പെട്ട അധ്യായമാണ് വില്ലുവണ്ടി യാത്ര. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലാണ് തിരുവിതാംകൂറിൽ റോഡുകൾ വരുന്നത്. രാജവീഥികളെന്നും ഗ്രാമവീഥികളെന്നും രണ്ടു തരം റോഡുകളാണ് ഉണ്ടായിരുന്നത്. 1886ൽ എല്ലാ ജാതിമതസ്ഥർക്കും രാജവീഥികൾ ഉപയോഗിക്കാം എന്ന പ്രഖ്യാപനമുണ്ടായെങ്കിലും സവർണ ജന്മിമാർ സമ്മതിച്ചില്ല.
പുലയൻ എന്ന നിലക്ക് ചെറുപ്പം തൊട്ടേ നേരിടേണ്ടി വന്ന സഞ്ചാരസ്വാതന്ത്ര്യനിഷേധത്തോട് കടുത്ത അമർഷം വെച്ചുപുലർത്തിയിരുന്ന അയ്യൻ കാളി ഒരു കാളവണ്ടി വാങ്ങി, ജന്മിമാരുടെ വില്ലുവണ്ടി പോലെ അത് അണിയിച്ചൊരുക്കി. ശേഷം മുണ്ടും വെളുത്ത ബനിയനും മേൽമുണ്ടും വലിയ തലപ്പാവും ധരിച്ച് രാജവീഥിയിലൂടെ അദ്ദേഹം സഞ്ചരിച്ചു. എതിർക്കാൻ വന്ന മാടമ്പിമാരെ കത്തി വീശി വിരട്ടിയോടിച്ച് ജന്മിമാരെ പരസ്യമായി വെല്ലുവിളിച്ചു കൊണ്ട് തന്റെ യാത്ര തുടർന്നു.

സവർണരുടെ മതാധികാരത്തെ നിഷേധിക്കുകയാണ് വൈകുണ്ഠ സ്വാമിയും അയ്യാ സ്വാമികളും ചട്ടമ്പി സ്വാമികളുമൊക്കെ ചെയ്തതെങ്കില്‍ ആ അധികാരത്തെ അവരിൽ നിന്നും പിടിച്ചെടുക്കുകയായിരുന്നു ശ്രീനാരായണ ഗുരു. അയ്യൻ കാളിയാകട്ടെ, സവർണാധികാരങ്ങളെ പരസ്യമായി വെല്ലുവിളിച്ചു. ആവേശഭരിതരായ പുലയരും പറയരും മറ്റ് പുറംജാതിക്കാരും അദ്ദേഹത്തെ അയ്യൻ കാളി യജമാനൻ എന്ന് വിളിക്കാന്‍ തുടങ്ങി.
ഈ സംബോധനയെ അദ്ദേഹം തടഞ്ഞില്ല. എന്തെന്നാൽ സവർണർ കുത്തകയാക്കി വെച്ചിരുന്ന സംബോധനകളിലൊന്നായിരുന്നു അത്. ഭാഷയിലും പദങ്ങളിലുമുണ്ടല്ലോ അധികാരവും രാഷ്ട്രീയവുമൊക്കെ. പ്രത്യേകിച്ചും മലയാളത്തിൽ ഇന്നും നിലനിൽക്കുന്നുണ്ട് ഒട്ടേറെ സവർണ, ഫ്യൂഡൽ പദപ്രയോഗങ്ങൾ.
ഉദാഹരണത്തിന് സാധാരണക്കാരായ പെണ്ണുങ്ങൾ പെറുകയും പ്രസവിക്കുകയും ചെയ്യുമ്പോൾ, ഇന്നത്തെ ജനാധിപത്യവ്യവസ്ഥിതിയിൽ ഭരണഘടനാപരമായി പ്രത്യേകിച്ച് അധികാരങ്ങളൊന്നുമില്ലെങ്കിലും പഴയ രാജാക്കന്മാരുടെ തലമുറകളിൽപ്പെട്ട പെണ്ണുങ്ങള്‍ ഇന്നും പ്രസവിക്കുകയല്ല, മറിച്ച് തിരുവയറൊഴിയാറാണ് പതിവ്. അഥവാ അതാണ് ഈ ജനാധിപത്യകാലത്തും മാധ്യമഭാഷ. ഈ ജനാധിപത്യ മാധ്യമങ്ങൾക്കും രാജകുടുംബക്കാർ മരിക്കാറില്ല, തീപ്പെടാറും കാലം ചെയ്യാറുമേയുള്ളൂ. അമൃതേത്ത് (ഭോജനം), പള്ളിനീരാട്ട് (കുളി) തുടങ്ങിയവ വാർത്തകളല്ലാത്തതു കൊണ്ട് മാത്രമാണ് ദൈനംദിന വൃത്താന്തങ്ങളിലും പത്രങ്ങളിലും നാമവ കാണാത്തത്.
പുറംജാതിക്കാരനായ ഒരാൾ സവർണർക്ക് തുല്യമായ പദങ്ങളിൽ സംബോധന ചെയ്യപ്പെടുക എന്നത് ജാത്യധികാരത്തിന്റെ കൊത്തളങ്ങളിൽ ഇടിത്തീ വീഴ്ത്തുന്ന സംഭവം തന്നെയായിരുന്നു. യജമാനൻ എന്ന് പുലയരും പറയരും വിളിച്ചപ്പോൾ അയ്യൻ കാളി അത് തടയാതിരുന്നതിന്റെ കാരണവും അത് തന്നെ.

വില്ലുവണ്ടി യാത്ര പോലെ പ്രസിദ്ധമായ മറ്റൊരു സമരമാണ് കല്ലുമാല സമരം. പുലയ, പറയ സമുദായങ്ങളിലെ സ്ത്രീകൾ കല്ലുമാലയും കാതിൽ ഇരുമ്പു വളയങ്ങളും ധരിക്കണമെന്നാണ് ജാതിച്ചട്ടം. അവര്‍ക്ക് മാറ് മറയ്ക്കാൻ അനുവാദമുണ്ടായിരുന്നുമില്ല. കൊല്ലത്തെ പീരങ്കി മൈതാനത്ത് സമ്മേളനം വിളിച്ചു കൂട്ടിയ അയ്യൻ കാളി കല്ലുമാലകൾ അറുത്തെറിയാനും ശരീരത്തിൽ മുലക്കച്ച ധരിക്കാനും ആഹ്വാനം ചെയ്തു. ആവേശഭരിതരായ സ്ത്രീകൾ അത് കേട്ട ഉടനെ അവരുടെ കല്ലുമാലകൾ വലിച്ചെറിഞ്ഞ് ചരിത്രം സൃഷ്ടിച്ചു.
കേരള നവോത്ഥാനത്തിന്റെ പിന്തുടർച്ച
നവോത്ഥാന സംരംഭങ്ങളുടെയും ജാതിവിരുദ്ധസമരങ്ങളുടെയുമൊക്കെ ശക്തമായ പാരമ്പര്യത്തെ ഇന്ത്യയിൽ പലേടത്തും ഇന്ന് കവര്‍ന്നെടുത്തത് ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയമാണ് എന്നതാണ് സമകാലിക ഇന്ത്യയിലെ ഏറ്റവും വലിയ വൈരുദ്ധ്യവും ദുരന്തവും. ഏറ്റവും ശക്തമായ പോരാട്ടങ്ങൾ അരങ്ങേറിയ മഹാരാഷ്ട്ര പോലും ഇതിനുള്ള തെളിഞ്ഞ ഉദാഹരണമാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഈ അധിനിവേശത്തെ ഇത്രയും കാലം വലിയൊരു പരിധി വരെയെങ്കിലും അതിജയിച്ച സംസ്ഥാനമാണ് പക്ഷേ കേരളം. ഈ യാഥാർത്ഥ്യത്തെ വിശകലനം ചെയ്യുമ്പോൾ നാം ചെന്നെത്തുന്ന ചില നിഗമനങ്ങളുണ്ട്.
ജാതിബോധത്തെയും മതദ്വേഷത്തെയും നിർമാർജനം ചെയ്യുന്നതിൽ ശ്രീനാരായണ ഗുരു ഉൾപ്പെടെ കേരളത്തിലെ നവോത്ഥാന പ്രവർത്തകരുടെ രീതിശാസ്ത്രം താരതമ്യേന കൂടുതൽ ഫലവത്തായിരുന്നു എന്നതാണത്. ജാതിഭേദത്തിന്റെ കാര്യത്തിൽ അത്രത്തോളം ആശാവഹമായ അവസ്ഥയൊന്നും അവകാശപ്പെടാനില്ലെങ്കിലും ഇതരസംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ (താരതമ്യേന മാത്രം) അൽപം (മാത്രം) മെച്ചം കണ്ടെത്താൻ പറ്റും.
മതദ്വേഷവും സ്പർദ്ധയുമാകട്ടെ, ഈ താരതമ്യത്തിൽ (അതും താരതമ്യേന മാത്രം) കേരളത്തിൽ തീരെ കുറവാണെന്ന് മാത്രമല്ല, വിവിധ മതങ്ങൾ തമ്മിൽ ഉപരിപ്ലവമായെങ്കിലും അൽപസ്വൽപം ബഹുമാനവും ഇവിടെ നിലനിൽക്കുന്നുണ്ട്. സ്വതന്ത്രമായ ചിന്ത, തെരഞ്ഞെടുപ്പ് തുടങ്ങിയ കാര്യങ്ങളിലൊന്നും യാതൊരു സഹിഷ്ണുതയും ഇപ്പോഴും ഇല്ലെങ്കിലും.
ബ്രാഹ്മണ്യവുമായി ബന്ധപ്പെട്ട എല്ലാ സങ്കല്‍പങ്ങളെയും നിരാകരിക്കുമ്പോഴും ജനനത്താൽ ബ്രാഹ്മണനായിത്തീർന്നവനെ അഥവാ ബ്രാഹ്മണൻ എന്ന സ്വത്വത്തെ ശ്രീനാരായണ ഗുരുവോ ചട്ടമ്പി സ്വാമികളോ ഒന്നും അകറ്റി നിർത്തിയിരുന്നില്ല.
അത്തരത്തിൽ ഒരു എക്‌സ്‌ക്ലൂഷൻ ജാതിവിവേചനത്തിന്റെ എല്ലാ കെടുതികളും അതിന്റെ തീവ്രതയിൽത്തന്നെ അനുഭവിച്ചു കൊണ്ടിരുന്ന സമുദായത്തിൽ പിറന്ന കലാപകാരിയായിരുന്നിട്ടും അയ്യൻ കാളിയും കൈക്കൊണ്ടില്ല.
പ്രത്യേകിച്ചൊരു മതവുമില്ല നമുക്ക് എന്ന് പ്രഖ്യാപിക്കുമ്പോഴും മതം എന്ന യാഥാർത്ഥ്യത്തെ വിമർശിക്കുകയോ തള്ളിപ്പറയുകയോ ചെയ്തിട്ടില്ല ശ്രീ നാരായണ ഗുരു. മറ്റുള്ളവരുടെ കാര്യവും അപ്രകാരം തന്നെ. ഹിന്ദു മതത്തോടുള്ള നിലപാടും അത് തന്നെയായിരുന്നു. സംജ്ഞകളെയല്ല, മറിച്ച് സങ്കൽപങ്ങളെയാണ് ഗുരു അപനിർമിച്ചത്.
ബ്രാഹ്മണൻ ഉൾപ്പെടെയുള്ള സങ്കൽപങ്ങളുടെ കാര്യത്തിൽ ബുദ്ധൻ കരിച്ചതും ഇതേ നിലപാടായിരുന്നല്ലോ. ഹിന്ദുമതത്തെ നിഷേധിക്കാതെ തന്നെ ബ്രാഹ്മണൻ ബ്രാഹ്‌മണന്‍ കൈവശം വെച്ചു പോന്നിരുന്ന അവകാശങ്ങളെയെല്ലാം ഈഴവനായ ഗുരു കവർന്നെടുത്തു. അതേസമയം ശ്രേണിയെ തല തിരിച്ചിട്ടാൽ ജാതീയത അവസാനിക്കും എന്ന വിചാരം പുലർത്തിയതുമില്ല.
ഈഴവശിവൻ എന്ന പ്രഖ്യാപനത്തിൽ ദൈവത്തെത്തന്നെ തങ്ങൾക്കൊപ്പം ചേർക്കുന്ന സ്വത്വധാർഷ്ട്യം ഉണ്ട്. ഒപ്പം തന്നെ മനുഷ്യന് ഒരേയൊരു ജാതിയേയുള്ളൂ എന്ന മുദ്രാവാക്യം സ്വത്വപരമായ സങ്കുചിതത്വങ്ങളെ അകറ്റി നിർത്തുകയും ചെയ്യുന്നു.
കേരളത്തിൽ പൊതുസമൂഹത്തിന് ഗുരു സ്വീകാര്യനായിത്തീർന്നതും അതുകൊണ്ടു തന്നെയാണ്.
രാഷ്ട്രീയമായി ഈ പ്രക്രിയയുടെ തുടർച്ചയെ ഹൈജാക് ചെയ്യാൻ കേരളത്തിൽ ഹിന്ദുത്വ ശക്തികൾക്ക് സാധിച്ചില്ല. ആര്‍.എസ്.എസ്സിന് ഏറ്റവും കൂടുതൽ ശാഖകളുള്ള സംസ്ഥാനങ്ങളിലൊന്നായിട്ടു പോലും. അതാകട്ടെ, കേരളത്തിന്റെ രാഷ്ട്രീയമായ സവിശേഷതകളുമായി ബന്ധപ്പെട്ടതാണ്. പ്രത്യേകിച്ചും ശക്തമായ ഒരു ഇടത് പക്ഷ പ്രസ്ഥാനത്തിന്റെ സജീവസാന്നിധ്യം.
മാനസികമായി ഹിന്ദുത്വാനുകൂലമായ പശ്ചാത്തലം രൂപപ്പെട്ടു വരുന്നതിന്റെ അടയാളങ്ങൾ കൂടുതൽ വ്യക്തമായിക്കഴിഞ്ഞിട്ടും, പല മേഖലകളിലും ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികൾ സ്വാധീനം ഉറപ്പിച്ചു കഴിഞ്ഞിട്ടും അതിനെയൊന്നും രാഷ്ട്രീയമായ മുന്നേറ്റമാക്കി മാറ്റാൻ ‘ഇതുവരെ’ സാധിച്ചിട്ടില്ല എന്ന് കാണേണ്ടതാണ്. ഇത്തരം സമകാലിക യാഥാർത്ഥ്യങ്ങളെ ചരിത്രത്തിലേക്ക് ചേർത്ത് വായിക്കുമ്പോഴാണ് ശ്രീനാരായണ ഗുരു ഉള്‍പ്പെടെ ഈ ലേഖനത്തിൽ പരാമര്‍ശിച്ചവരും അല്ലാത്തവരുമായ നവോത്ഥാന നേതാക്കൾ ഇക്കാര്യത്തിൽ പുലര്‍ത്തിയ ജാഗ്രത കൂടുതൽ വെളിവാകുന്നത്.
_____________________ (തുടരും)
3 thoughts on “നാരായണീയം”