ഒരേ ഒരു ജാതി, ഒരേ ഒരു മതം, ഒരേ ഒരു കടവുള്‍

മുഹമ്മദ് ശമീം
ജാതിയും ജാതിവിരുദ്ധസമരങ്ങളും
-ആറ്

മുൻ ലേഖനങ്ങൾ
1) ജാതിയുടെ ജാതകം
2) തത്ത്വമസി
3) ലിംഗായതവും ബ്രഹ്മധർമവും
4) ദലിതം
5) ദ്രാവിഡം

സംഘകാലത്തോ അതിന് മുമ്പോ ദക്ഷിണേന്ത്യയിൽ ജാതിവിഭജനം അത്ര കർക്കശമായിരുന്നില്ല. ജാതീയതയോ ജാതിവിവേചനമോ ഉണ്ടായിരുന്നില്ല. പിൽക്കാലത്ത് ഉത്തരേന്ത്യയിൽ ബുദ്ധ, ജൈന മതങ്ങൾ ശക്തി പ്രാപിച്ചതോടെ ഗംഗാ സമതലത്തിൽ നിന്ന് കുടിയേറിയ ബ്രാഹ്‌മണരാണ് അയിത്തവും ജാതിവിവേചനവും ഇവിടെ സ്ഥാപിച്ചത്. ആദ്യം കര്‍ണാടകയിലും അതുവഴി കേരളത്തിലും തമിഴകത്തും പ്രവേശിച്ച ബ്രാഹ്മണർ അവരുടെ വേദ മന്ത്ര തന്ത്ര ജ്ഞാനങ്ങൾ വഴിയും മറ്റും രാജാക്കന്മാരെ സ്വാധീനിച്ചു.

മയൂരശർമൻ

ഇങ്ങനെ സ്വാധീനിക്കപ്പെട്ട, കര്‍ണാടകത്തിലെ കദംബ സാമ്രാജ്യ സ്ഥാപകനായ മയൂരശര്‍മന് ക്ഷത്രിയപദവി നൽകിക്കൊണ്ടാണ് ആര്യ, ബ്രാഹ്‌മണ പ്രസ്ഥാനത്തിന് ദക്ഷിണേന്ത്യയിൽ തുടക്കം കുറിച്ചത്. CE 345 മുതൽ 365 വരെയാണ് മയൂരശർമന്റെ ഭരണകാലം. CE 566 വരെ നിലനിന്ന കദംബ രാജവംശം തെന്നിന്ത്യയിലെ ആദ്യത്തെ ക്ഷത്രിയവംശവുമായി. സാവകാശം ഇവിടെ മേൽക്കൈ നേടിയ ബ്രാഹ്‌മണർ ഇവിടെയുണ്ടായിരുന്ന ദ്രാവിഡ കുലങ്ങളെ ജാതികളാക്കി മാറ്റുകയും തങ്ങളുടെ അഭിമതം അനുസരിച്ച് ജാതികൾക്ക് പല പദവികൾ നിശ്ചയിക്കുകയും ചെയ്തു. തങ്ങളെ സൂര്യ, ചന്ദ്ര, യാദവ രാജവംശങ്ങളോട് ബന്ധിപ്പിച്ചത് വലിയ അനുഗ്രഹമായാണ് ഇവിടുത്തെ രാജാക്കന്മാർ കണ്ടത്.

നേരത്തേ തന്നെ ഗോത്രപരവും സാമൂഹികവുമായ അനുഷ്ഠാനാചാരങ്ങൾക്കൊക്കെ നേതൃത്വം നൽകിയിരുന്നവരെ ബ്രാഹ്മണരായി ഉപനയിച്ചു.

മലയാളത്തിന്റെ ജാതി
കേരളത്തിൽ നമ്പൂതിരിമാരാണ് തദ്ദേശീയ ബ്രാഹ്മണർ. അയ്യർ, അയ്യങ്കാർ, ഗൗഡസാരസ്വത ബ്രാഹ്മണർ എന്നിവർ പരദേശി ബ്രാഹ്മണരാണ്. വേദപഠനം ത്യജിച്ചോ അതിന് പുറമെയോ യുദ്ധത്തിലും മറ്റും ഏർപ്പെട്ടിരുന്ന വാൾനമ്പി, ചെങ്ങഴി നമ്പി, നമ്പിടി, നമ്പ്യാതിരി തുടങ്ങിയവരെ ബ്രാഹ്മക്ഷത്രിയരായും ചാക്യാർ, മാരാർ, നമ്പീശൻ തുടങ്ങിയ അമ്പലവാസികളെ അന്തരാളജാതികളായും പരിഗണിച്ചു.

പെരുമാൾ (വർമ), തിരുമുൽപ്പാട്, തിരുപ്പാട്, തമ്പാൻ, തമ്പുരാൻ, രാജ എന്നൊക്കെ വിളിക്കപ്പെട്ട നാടുവാഴി, രാജ വിഭാഗങ്ങളിൽപ്പെട്ടവരെയാണ് ക്ഷത്രിയരായി ഉയർത്തിയത്. തമ്പി, കർത്താ, കൈമൾ, ചെമ്പകരാമൻ, ഉണ്ണിത്താൻ, വല്യത്താൻ, മന്നാഡിയാർ, കിരിയത്ത് നായർ, നമ്പ്യാർ, പിള്ള, മൂപ്പിൽ നായർ, പടനായർ, നായനാർ, അടിയോടി, മേനോൻ, നെടുങ്ങാടി, ഏറാടി തുടങ്ങിയവർ സാമന്ത ക്ഷത്രിയരാണ്. അതായത്, ക്ഷത്രിയ പദവിയുള്ള ശൂദ്രന്മാർ. പാരമ്പര്യത്തൊഴിലുകൾ ചെയ്തിരുന്ന വെളുത്തേടത്ത് നായർ, ചക്കാല നായർ, ഇടയനായർ, വിളക്കിത്തല നായർ, ചെമ്പുകൊട്ടി നായർ, ഓട്ടത്ത് നായർ, അത്തിക്കുറിശ്ശി നായർ, ചീതികൻ നായർ, ചാലിയൻ നായർ, കടുപ്പട്ടൻ നായർ തുടങ്ങിയ മറ്റ് നായന്മാർക്ക് ശൂദ്രസ്ഥാനമാണ് നൽകപ്പെട്ടത്.
വൈശ്യർ എന്ന വർണവിഭാഗത്തിലേക്ക് ചേർക്കപ്പെട്ട ജാതികളൊന്നും കേരളത്തിൽ ഇല്ല. സാമൂതിരി രാജാക്കന്മാർ ക്ഷത്രിയരാക്കപ്പെട്ടതിനും തെളിവില്ല. സ്വത്ത് പലതായി വിഭജിക്കപ്പെടാതിരിക്കാൻ ബ്രാഹ്മണ കുടുംബങ്ങളിലെ മൂത്താൾക്ക് (മൂസാമ്പൂരി) മാത്രം സ്വജാതി വിവാഹം (വേളി) നിശ്ചയിക്കുകയും മറ്റുള്ളവർക്ക് (അപ്ഫൻ നമ്പൂതിരിമാർ) സാമന്തക്ഷത്രിയരായ നായർ യുവതികളുമായുള്ള സംബന്ധം വിധിക്കുകയും ചെയ്തു.

ഇത്രയും വിഭാഗങ്ങളെ സവർണരും അതിലെ ശൂദ്രവിഭാഗത്തെ കൂട്ടത്തിൽ താഴ്ന്നവരുമായി പരിഗണിച്ച ശേഷം അല്ലാത്തവരെയെല്ലാം പഞ്ചമരും അവർണരുമായി പുറന്തള്ളി. ചെറുജന്മാവകാശികളായിരുന്ന കമ്മാളരും കണിയാന്മാരും, വെറും പാട്ടക്കാർ എന്ന് വിളിക്കപ്പെട്ടിരുന്ന ഈഴവരും തീയരും ചോമരും, പിന്നെ മലയൻ, മണ്ണാൻ, പണിയൻ, എഴുത്തച്ഛൻ, ധീവരർ തുടങ്ങി ഒട്ടേറെ വിഭാഗങ്ങളും അവർണജാതികളായി. പുലയർ, പറയർ തുടങ്ങിയവരെയും കാട്ടു ഗോത്ര വിഭാഗങ്ങളെയും പുറം ജാതിക്കാരായി തീർത്തും അകറ്റി നിർത്തുകയും ചെയ്തു.

പ്രാചീനകാലത്ത് കേരളത്തിൽ അധികാരം കൈയാളിയിരുന്നവരാണ് പുലയർ എന്നും ആദിമ ചേരരാജാക്കന്മാരുടെ പിൻമുറക്കാരായിരുന്നു അവർ എന്നും ബ്രാഹ്മണാധിനിവേശത്തെ ചെറുത്തുനിന്നത് നിമിത്തം അടിമകളാക്കപ്പെട്ടതാണെന്നും ഒരു ചരിത്രവായനയുണ്ട്. സംഘകാലത്തിന് മുമ്പ് ഇവരെക്കുറിച്ചുള്ള രേഖകളൊന്നും ലഭ്യമല്ലെങ്കിലും, കേരളത്തിലെ ആദിമനിവാസികളായിരുന്നു പുലയർ എന്നതിനും യുക്ത്യധിഷ്ഠിതമായ തെളിവുകൾ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ശിലായുഗത്തിൽത്തന്നെ ദക്ഷിണേന്ത്യയിൽ ഉണ്ടായിരുന്ന പ്രാചീന മനുഷ്യരുടെയും പിന്നീട് കടന്നു വന്ന ദ്രാവിഡാദി കുടിയേറ്റക്കാരുടെയും പിന്‍ഗാമികളാണ് കേരളത്തിൽ പല ജാതികളായി അറിയപ്പെട്ടത്.

കൃഷി ചെയ്തിരുന്നവരായതിനാലാണ് പുലയർ എന്നറിയപ്പെട്ടത് എന്ന് ഒരു വാദം. പുലം എന്നാൽ ഭൂമി, നിലം എന്നൊക്കെ അർത്ഥം. പുലങ്ങളിൽ ജോലി ചെയ്തവൻ പുലയൻ. തൊഴിൽ വിഭജനമാണ് പുലയൻ തുടങ്ങി അരയൻ, ആശാരി, കൊല്ലൻ തുടങ്ങിയ ജാതികളുടെയെല്ലാം അടിസ്ഥാനം. എന്നാൽ പുലയന് ചേരമൻ എന്നും ചെറുമൻ എന്നും പേരുണ്ട്. ചേര രാജാക്കന്മാരുടെ പിൻഗാമികളായതിനാലാണത്രേ ആ പേരുകൾ വന്നത്.

തിരുവനന്തപുരം ജില്ലയിലെ വേളികായലിന്റെ പരിസരപ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഭരണം നടത്തിയിരുന്ന ‘പുലയ’രാജവംശം പുലയരിൽ നിക്ഷിപ്തമായിരുന്ന രാജാധികാരത്തിന് തെളിവാണ്. രണ്ട് നൂറ്റാണ്ട് മുമ്പ് ഇവിടെ ഭരണം നടത്തിയിരുന്ന കാളിപ്പുലയന്റെ കോട്ടയായിരുന്നു ഇന്നും നിലനില്‍ക്കുന്ന പുലയനാർ കോട്ട (the fort of the Pulaya’s King). കോട്ടയും സ്ഥലവുമൊക്കെ സര്‍ക്കാർ തലത്തിലും സ്വകാര്യ തലത്തിലുമൊക്കെ പ്രവർത്തിക്കുന്ന ആശുപത്രികളും മറ്റ് സ്ഥാപനങ്ങളും കൈയടക്കി.

പുലയനാർക്കോട്ടയിലെ ഇടിയാടി ക്ഷേത്രം

ബ്രാഹ്മണാധിപത്യത്തെ ചെറുത്തു നിന്നതിനാൽ ഇവർ അടിമകളാക്കപ്പെട്ടു. നിലങ്ങളിൽ (പുലങ്ങളിൽ) അടിമപ്പണിയെടുക്കാൻ നിയോഗിക്കപ്പെട്ടതിനെത്തുടർന്നാണ് ഇവർ പുലയരായി അറിയപ്പെട്ടത്.

ഇതോടെ കേരളത്തിൽ ശുദ്ധാശുദ്ധ നിയമങ്ങൾ ഉത്തരേന്ത്യയിലേതിനെക്കാൾ കർക്കശമായി ആചരിക്കപ്പെട്ടു തുടങ്ങി. ബ്രാഹ്മണനിൽ നിന്ന് നായർ നാലടിയും ഈഴവൻ ഇരുപത്തെട്ടടിയും പുലയൻ തൊണ്ണൂറ്റാറടിയും അകന്നുമാറി നിൽക്കണമായിരുന്നു. അവർണനെ സ്പർശിക്കുന്ന കാറ്റിന് പോലും അയിത്തം കല്‍പിക്കപ്പെട്ടു.

ബ്രാഹ്മണരുടെയും നാടുവാഴികളുടെയും പിന്തുണയോടെയാണെങ്കിലും അധികാരത്തിലും സമ്പത്തിലും മേല്‍ക്കൈ നേടിയ, സാമന്തക്ഷത്രിയരായ നായന്മാർ പിന്നീട് കേരളത്തിലെ സാമൂഹിക ശ്രേണിയിൽ ഏറ്റവും തലപ്പത്ത് വന്നു.

അയ്യാവഴി
തെക്കൻ തിരുവിതാംകൂറിലെ അയ്യാവഴി എന്ന മതപ്രസ്ഥാനമാണ് അവർണർക്ക് വേണ്ടി ശബ്ദിച്ച കേരളത്തിലെ ആദ്യമുന്നേറ്റമായി അറിയപ്പെടുന്നത്. കന്യാകുമാരി ജില്ല കേന്ദ്രമായാണ് അയ്യാ വൈകുണ്ഠർ എന്നും ശ്രീമൻ നാരായണ വൈകുണ്ഠ സ്വാമി എന്നു അറിയപ്പെടുന്ന വൈകുണ്ഠ സ്വാമി ഈ പ്രസ്ഥാനം സ്ഥാപിച്ചതെങ്കിലും തെക്കൻ തിരുവിതാംകൂറിലുടനീളം ഇതിന്റെ സ്വാധീനം നിലനിന്നു.

അയ്യാവഴി പ്രസ്ഥാനത്തിന്റെ പ്രതീകം

മഹാവിഷ്ണുവിന്റെ അവതാരം എന്ന് സ്വയം അവകാശപ്പെട്ടിരുന്നു വൈകുണ്ഠ സ്വാമി. അതേസമയം തന്നെ അദ്ദേഹം വൈദിക ഹിന്ദുമതത്തെയും ജാത്യാചാരങ്ങളെയും ശക്തമായി എതിർത്തു. ഒപ്പം ക്രിസ്ത്യൻ മിഷനറി പ്രവര്‍ത്തനങ്ങളെയും ചെറുത്തു നിന്നു. ക്രിസ്തുമതം സ്വീകരിച്ച നാടാർ (ചാന്നാർ) വിഭാഗത്തിൽപ്പെട്ട സ്ത്രീകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് മൂന്ന് പതിറ്റാണ്ടുകളോളം നീണ്ടുനിന്ന, മുലമാറാപ്പ് വഴക്ക് എന്നും മേൽശീല കലാപം എന്നും കൂടി അറിയപ്പെടുന്ന, ചാന്നാർ അഥവാ നാടാർ കലാപത്തിന്റെ കാലത്തായിരുന്നു വൈകുണ്ഠ സ്വാമിയുടെ പ്രവർത്തനം. മതം മാറിയാൽ ജാതീയമായ വിവേചനങ്ങളിൽ നിന്നും പീഡനങ്ങളിൽ നിന്നും രക്ഷപ്പെടാമെന്ന, ക്രിസ്ത്യൻ മിഷനറിമാരുടെ വാദത്തിന്റെ പൊള്ളത്തരമാണ് ചാന്നാർ കലാപത്തിലൂടെ വെളിവായതെന്ന് വൈകുണ്ഠ സ്വാമി വിശ്വസിച്ചു.

ചാന്നാർ കലാപം

സമത്വസമാജം എന്ന സംഘടന സ്ഥാപിച്ച സ്വാമി ചാന്നാട്ടികൾക്ക് അവർക്കിഷ്ടമുള്ള വസ്ത്രം ധരിക്കാമെന്നും എല്ലാവർക്കും ബാധകമാണ് വസ്ത്രധാരണസ്വാതന്ത്ര്യമെന്നും പ്രഖ്യാപിക്കുകയും അത് നടപ്പാക്കുന്നതിന് ധൈര്യം പകരുകയും ചെയ്തു. മേൽജാതിക്കാരുടെ മാത്രം അവകാശമായിരുന്ന തലപ്പാവ് ധരിക്കാൻ താഴ്ന്ന ജാതിക്കാരോടാവശ്യപ്പെട്ടു. ഹിന്ദുമതത്തിലെ ക്ഷേത്രങ്ങളെയും പ്രതിഷ്ഠകളെയും തള്ളിപ്പറയുകയും ഒരു കണ്ണാടി സ്ഥാപിച്ച് തലപ്പാവ് ധരിച്ച സ്വന്തം പ്രതിഛായ അതിൽ നോക്കി അതിനെ വണങ്ങാൻ അധഃസ്ഥിതരെ ഉപദേശിക്കുകയും ചെയ്തു.

കൂലിയില്ലാത്ത, ഊഴിയവഴി എന്ന നിർബ്ബന്ധിത ജോലി ചെയ്തുവന്നിരുന്ന പുലയർ, പറയർ, കുറവർ, ചാന്നാർ തുടങ്ങിയ അടിയാളരിൽ ചെറുത്തുതിൽപിന്റെ വിത്തുകൾ പാകിയത് വൈകുണ്ഠ സ്വാമിയായിരുന്നു. ജാതീയ ഉച്ചനീചത്വങ്ങൾ അവസാനിപ്പിക്കാൻ എല്ലാ ജാതിക്കാരെയും ഒരുമിച്ചിരുത്തി സഹപന്തിഭോജനം ആരംഭിച്ചതും വൈകുണ്ഠ സ്വാമിയുടെ സമത്വസമാജമാണ്.

തിരുവിതാംകൂർ രാജാക്കന്മാരെയും ബ്രിട്ടീഷ് ഭരണാധികാരികളെയും രൂക്ഷമായി വിമർശിച്ചിരുന്നു അയ്യാ വൈകുണ്ഠർ. ബ്രിട്ടീഷ് ഭരണത്തെ വെള്ളച്ചെകുത്താന്മാരുടെ ഭരണം എന്ന് വിശേഷിപ്പിച്ച അദ്ദേഹം തിരുവിതാംകൂർ രാജാവിനെ അനന്തപുരിയിലെ പിശാച് എന്നും വിളിച്ചു. ഇത്തരം നിലപാടുകളെത്തുടർന്ന് സ്വാതിതിരുനാൾ രാജാവ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് സിങ്കാരത്തോപ്പ് ജയിലിൽ അടച്ചു. നൂറ്റിപ്പത്ത് ദിവസം നീണ്ടു നിന്ന വിചാരണക്കും ജയിൽവാസത്തിനുമൊടുവിൽ തൈക്കാട് അയ്യാ സ്വാമികളുടെ പരിശ്രമഫലമായി അയ്യാ വൈകുണ്ഠർ ജയിൽ മോചിതനായി.

വിഗ്രഹപൂജയെയും ബഹുദൈവാരാധനയെയും നിശിതമായി എതിർത്ത വൈകുണ്ഠ സ്വാമി സ്ഥാപിച്ച അയ്യാവഴി, വേറിട്ടൊരു മതം തന്നെയാണ്. ഇന്നും ഈ മതവിഭാഗം നിലനിൽക്കുന്നുണ്ടെങ്കിലും ഇതിനെ വേറെ മതമായി ഇന്ത്യാ ഗവൺമെന്റ് ഇതുവരെ അംഗീകരിച്ചിട്ടില്ല. കാനേഷുമാരിക്കണക്കിൽ ഇത് ഇപ്പോഴും ഹിന്ദുമതത്തിന്റെ ഭാഗമാണ്.

പാണ്ടിപ്പറയന്റെ തത്വശാസ്ത്രം
ജനിച്ചത് മലബാറിലെങ്കിലും തിരുവിതാംകൂർ കേന്ദ്രീകരിച്ച് തന്നെയായിരുന്നു സുബ്ബയ്യൻ എന്ന തൈക്കാട് അയ്യാ (അയ്യാവു) സ്വാമികളും പ്രവര്‍ത്തിച്ചത്. ആദ്യം വൈകുണ്ഠ സ്വാമിക്കൊപ്പം സമത്വസമാജത്തിൽ പ്രവര്‍ത്തിച്ചിരുന്ന അയ്യാവ് പിന്നീട് സ്വന്തമായ ഒരു വഴി സ്ഥാപിച്ചു.

തൈക്കാട് അയ്യാ സ്വാമികൾ

സമൂഹത്തിന്റെ ആത്മീയവും ഭൗതികവുമായ ഉന്നമനങ്ങൾക്ക് തുല്യപ്രാധാന്യം നല്‍കി എന്നതാണ് അയ്യാ സ്വാമികളുടെ പ്രത്യേകത. അതുപോലെ ജാതി, മത, ലിംഗ, വര്‍ഗ, വർണ ഭേദമെന്യേ സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെല്ലുകയും താഴ്ന്ന വിഭാഗങ്ങളിൽ ഉള്ളവർക്ക് തനിക്കും മറ്റ് ബ്രാഹ്മണർക്കുമൊപ്പം തുല്യസ്ഥാനം നൽകുകയും ചെയ്തു.

തിരുവനന്തപുരത്ത് തൈക്കാട് വെച്ച് തൈപ്പൂയ സദ്യക്ക് സവര്‍ണർക്കൊപ്പം പുലയനായ അയ്യൻ കാളിയെ ഇരുത്തി പന്തിഭോജനം നടപ്പാക്കി. ഇതിന്റെ പേരിൽ തന്നെ പാണ്ടിപ്പറയൻ എന്ന് വിളിച്ചാക്ഷേപിച്ച സവർണരോട് അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു: ‘ഇന്ത ഉലകത്തിലേ ഒരേ ഒരു ജാതി താൻ, ഒരേ ഒരു മതം താൻ, ഒരേ ഒരു കടവുൾ താൻ.’

ഇതാണ് പിന്നീട് ശ്രീനാരായണ ഗുരുവിന്റെ പ്രധാന മുദ്രാവാക്യമായിത്തീർന്നത്.

പിൽക്കാലത്ത് കേരള സാമൂഹ്യ നവോത്ഥാനത്തിൽ നിസ്തുലമായ പങ്കാളിത്തം വഹിച്ച വലിയൊരു ശിഷ്യസമ്പത്തിനുടമയായിരുന്നു തൈക്കാട് അയ്യാ സ്വാമികൾ. സ്വാതി തിരുനാൾ, കേരളവർമ വലിയ കോയിത്തമ്പുരാൻ, പേഷ്‌കാർ മീനാക്ഷി അയ്യർ, ചാല സൂര്യനാരായണ അയ്യർ, കുമാരസ്വാമി വാധ്യാർ, ചാല അറുമുഖ വാധ്യാർ, ചാല മാണിക്യ വാചകർ, മുത്തു കുമാര സ്വാമി പിള്ള, അപ്പാവു വക്കീൽ, കൊട്ടാരം ഡോക്ടർ കൃഷ്ണപിള്ള എന്ന് തുടങ്ങി തമിഴ് കവിയും സൂഫി തത്വചിന്തകനുമായ തക്കലെ പീര്‍മുഹമ്മദ് ഒലിയുല്ല (പീര്‍ മുഹമ്മദ് ആപ്പ), പേട്ട ഫെര്‍നാന്റസ്, മക്കടി ലബ്ബ, തോട്ടത്തില്‍ രാമന്‍ കണിയാന്‍, സ്വയംപ്രകാശ യോഗിനിയമ്മ (കൊല്ലത്തമ്മ) എന്നിവരുള്‍പ്പെടെ വിവിധ മതവിഭാഗങ്ങളിലും സാമൂഹ്യപദവികളിലുമുള്ള ധാരാളം ശിഷ്യന്മാര്‍.

അക്കൂട്ടത്തിൽ മൂന്നു പേർ പ്രത്യേക പരാമർശമർഹിക്കുന്നു. ജാതീയതക്കെതിരായി കേരളത്തിൽ നടന്ന പോരാട്ടത്തിന്റെ മുൻനിരപ്പോരാളികളാണ് അവർ. അവരുടെ ചരിത്രം കൂടി നാം പരിശോധിക്കേണ്ടതാണ്.

അയ്യൻ കാളി, ചട്ടമ്പി സ്വാമികൾ, ശ്രീനാരായണ ഗുരു എന്നിവരത്രേ ആ മൂന്ന് ശിഷ്യന്മാർ.

വരേണ്യരെ വെല്ലുവിളിച്ച ‘ചട്ടമ്പി’
തിരുവനന്തപുരത്തെ കൊല്ലൂരിൽ ഒരു നായർ കുടുംബത്തിൽ പിറന്ന, അയ്യപ്പൻ എന്ന കുഞ്ഞൻ പിള്ളയാണ് പിന്നീട് ചട്ടമ്പി സ്വാമികൾ എന്നറിയപ്പെട്ടത്. പാഠശാലകളിൽ കുട്ടികൾക്ക് നേതാവായി നിയമിക്കപ്പെടുന്ന കുട്ടിയെ ആണ് ചട്ടമ്പി എന്ന് വിളിക്കുക. പഠിക്കുമ്പോൾ ചട്ടമ്പിയായിരുന്ന കുഞ്ഞന് ആ പേര് സ്ഥിരപ്പെടുകയായിരുന്നു.

(നേതാവ്, പ്രമാണി എന്നൊക്കെ അർത്ഥമുള്ള പദമാണ് ചട്ടമ്പി. ചന്തകളിൽ കൈയൂക്ക് കൊണ്ട് മറ്റുള്ളവരെ അടിച്ചമർത്തുന്നവരെ കവലച്ചട്ടമ്പി എന്ന് പറഞ്ഞിരുന്നു. കാലക്രമത്തിൽ ചട്ടമ്പി എന്ന പദത്തിന് തന്നെ കവലച്ചട്ടമ്പി എന്ന് അർത്ഥം കൈവന്നു).

ചട്ടമ്പി സ്വാമികൾ

ജാതി വ്യവസ്ഥയുടെയും ജാത്യധികാരത്തിന്റെയും അർത്ഥശൂന്യതയെ തുറന്ന് പ്രഖ്യാപിക്കുന്ന ആദ്യത്തെ മലയാള കൃതികൾ ചട്ടമ്പി സ്വാമികളുടേതാണ്. വേദാധികാര നിരൂപണമാണ് ഇതിൽ ഏറ്റവും പ്രധാനം. തെക്കൻ തമിഴ് നാട്ടിലെ ഒരു ചര്‍ച്ചിൽ താമസിച്ച് അവിടുത്തെ പുരോഹിതനിൽ നിന്ന് ക്രിസ്തുമത സിദ്ധാന്തങ്ങൾ പഠിച്ച കുഞ്ഞൻ പിള്ള കന്യാകുമാരിയിലെ ഒരു മുസ്ലിം പണ്ഡിതനിൽ നിന്ന് ഖുർആൻ, സൂഫിസം, അറബി ഭാഷ എന്നിവയും അഭ്യസിച്ചു. അതിനും മുന്നേ തന്നെ ദക്ഷിണേന്ത്യൻ തത്വശാസ്ത്രം, സംസ്‌കാരം, ശൈവ സമ്പ്രദായം, സിദ്ധവൈദ്യം, ചരിത്രം തുടങ്ങിയവ പഠിച്ചിരുന്നു.

ക്രിസ്തുമതത്തെപ്പറ്റി രണ്ട് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഇതിൽ ക്രിസ്തുമതസാരം എന്ന ഒന്നാമത്തെ പുസ്തകം യേശു ക്രിസ്തുവിന്റെ ജീവിതത്തെയും പ്രബോധനത്തെയും അധ്യാപനങ്ങളെയും പറ്റി പ്രതിപാദിക്കുമ്പോൾ രണ്ടാം പുസ്തകമായ ക്രിസ്തുമതഛേദനം മിഷനറിമാർ പ്രബോധനം ചെയ്യുന്ന സാമ്പ്രദായിക ക്രിസ്തുമതം എപ്രകാരം ക്രിസ്തുവിന്റെ യഥാർത്ഥ അധ്യാപനങ്ങളിൽ നിന്ന് വേർപെട്ടിരിക്കുന്നു എന്നാണ് വിശദീകരിക്കുന്നത്.

സൈദ്ധാന്തികമായി ജാത്യധികാരത്തെ വെല്ലുവിളിക്കുന്നതോടൊപ്പം ജാതീയതക്കെതിരായ പ്രായോഗിക പ്രതിരോധം ഉയർത്തുന്നതിനും അയ്യാ സ്വാമികളും ചട്ടമ്പി സ്വാമികളുമൊക്കെ പരിശ്രമിച്ചിരുന്നു. എല്ലാ ജാതിയിൽപ്പെട്ടവരെയും ഉൾപ്പെടുത്തിക്കൊണ്ട് എത്ര താഴെത്തട്ടിൽ നില്‍ക്കുന്നവർക്ക് പോലും സാഹിത്യം, മതം മുതലായ വിഷയങ്ങൾ പഠിക്കാനും അവയിൽ സംവാദങ്ങൾ നടത്താനും പ്രയോജനപ്പെടുത്താനും പറ്റുന്ന വിധത്തിൽ കേരളത്തിലങ്ങോളമിങ്ങോളം ചട്ടമ്പി സ്വാമികൾ അനൗപചാരിക സുഹൃദ് സംഘങ്ങൾ രൂപീകരിച്ചു. ജ്ഞാനപ്രജാഗരം, സഹൃദയ സമാജം തുടങ്ങിയ പേരുകളിലുള്ള സംഘങ്ങൾ.

ഇവയിലൂടെ മതം, ദർശനം എന്നിവ തൊട്ട് സാഹിത്യാദികലകൾ ഉൾപ്പെടെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക വിഷയങ്ങളിലുമൊക്കെ സാധാരണക്കാരിൽ സാധാരണക്കാരായ ആളുകളെ വരെ വിജ്ഞരും ഉദ്ബുദ്ധരുമാക്കാന്‍ അദ്ദേഹം ശ്രമിച്ചു. ഇത്തരം ചര്‍ച്ചകളിൽ അവർക്ക് സജീവമാകാൻ സാധിക്കുമാറ് മലയാള ഭാഷയെ വികസിപ്പിക്കാനുള്ള പരിശ്രമങ്ങളിലും സജീവമായി.

ഇത്തരം സംഘങ്ങളിലെ സംവാദത്തിനും മറ്റും വേണ്ടി തയ്യാറാക്കിയ കുറിപ്പുകളുടെ ശേഖരങ്ങളാണ് സ്വാമികളുടെ കൃതികൾ മിക്കവയും. സകല കലകളിലും നിപുണനുമായിരുന്നു ചട്ടമ്പി സ്വാമികൾ. സംഗീതം, നൃത്തം, ചിത്രമെഴുത്ത് തുടങ്ങിയവയിലെല്ലാം നിഷ്ണാത പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹത്തിന് പഠനവും ഗവേഷണവുമൊക്കെ നിരന്തര തപസ്യയായിത്തീർന്നു.

വീട്ടിലെ ദാരിദ്ര്യം കാരണം പഠനം പാതിയിലുപേക്ഷിച്ച് പല ജോലികൾ ചെയ്യേണ്ടി വന്നു കുഞ്ഞൻ പിള്ളക്ക്. സെക്രട്ടറിയറ്റ് നിര്‍മാണത്തിന് ഇഷ്ടികയും മണലും ചുമക്കുന്ന ജോലി മുതല്‍ക്ക് കൊല്ലൂര്‍ മഠക്കാരുടെ കണക്കെഴുത്തുകാരൻ, വക്കീൽ ഗുമസ്തൻ, ആധാരമെഴുത്തുകാരന്‍ തുടങ്ങിയ നിലകളിലെല്ലാം ജീവിച്ചതു കൊണ്ടു തന്നെ എല്ലാ തലങ്ങളിലും പെട്ട നിരവധി സൗഹൃദങ്ങള്‍ അദ്ദേഹത്തിനുണ്ടായി. അത്തരം സൗഹൃദങ്ങളെല്ലാം അദ്ദേഹം തന്റെ സാമൂഹിക പ്രവർത്തനങ്ങളിൽ ഉപയോഗപ്പെടുത്തുകയും ചെയ്തു.

ബ്രാഹ്മണരും അവരുടെ അധികാരതാത്പര്യങ്ങളുമാണ് കേരളത്തിലും ജാതിവ്യവസ്ഥ സൃഷ്ടിച്ചതെന്ന് ചട്ടമ്പി സ്വാമികള്‍ തിരിച്ചറിഞ്ഞിരുന്നു. അവർണരുടെ മേൽ സവർണർക്കുണ്ടായിരുന്ന ആധിപത്യമാണ് ജാതി വ്യവസ്ഥയുടെ കാതൽ. ഈ സാഹചര്യം മുൻനിര്‍ത്തി വര്‍ണാശ്രമ വ്യവസ്ഥയെത്തന്നെ സ്വാമികൾ തള്ളിക്കളഞ്ഞു.

തങ്ങൾ മഹത്തായ ഒരു പാരമ്പര്യത്തിന് ഉടമകളാണെന്നും സമൂഹത്തില്‍ തുല്യസ്ഥാനവും അവസരങ്ങളും തങ്ങളുടെയും അവകാശമാണെന്നുമുള്ള ബോധം അവർണരിൽ സൃഷ്ടിക്കാനുള്ള ശ്രമം അദ്ദേഹത്തിന്റെ കൃതികളിൽ കാണാം.

6 thoughts on “ഒരേ ഒരു ജാതി, ഒരേ ഒരു മതം, ഒരേ ഒരു കടവുള്‍

  1. പുലയ രാജവംശത്തെ അടിമകളാക്കീ.എന്നു പറഞ്ഞയുടനെ പുലകളിൽ അടിമപ്പണി ചെയ്തതുകൊണ്ടാണ് ആ പേരുണ്ടായത് എന്നും പറയുന്നു.

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s