മുഹമ്മദ് ശമീം
ആകെ പൂത്തുലഞ്ഞ് മിഴികൾ പാതി കൂമ്പിക്കൊണ്ട് നാദിറ അല്ലാഹുവിനെ സ്തുതിച്ചു, അൽഹംദുലില്ലാഹ്. അതിന് തൊട്ടുമുന്നേ അവളും നവാസും തമ്മിൽ നരകത്തെയും നിയമത്തെയും കുറിച്ചുള്ള സംവാദം നടന്നിരുന്നു.
പേരിനൊരു രാത്രി നാദിറയോടൊപ്പം നിർവികാരനായി കഴിച്ചു കൂട്ടണമെന്ന കരാറിലാണ് നവാസ് വീണ്ടും അവളുടെ ജീവിതത്തിലേക്ക് വരുന്നത്. പക്ഷേ, ആ കരാർ ഉണ്ടാക്കിയത് അവളുമായിട്ടല്ല. അവളുടെ ഉപ്പ, മുൻ ഭർത്താവ്, സ്ഥലത്തെ മുസ്ലിയാർ എന്നിവരാണ് കരാറിലെ മറുകക്ഷികൾ. പിറ്റേന്ന് മൊഴി ചൊല്ലിയിട്ട് വേണം മുൻ ഭർത്താവിന് വീണ്ടും അവളെ നികാഹ് ചെയ്യാൻ.
ഈ കരാർ നിയമവിരുദ്ധമാണെന്ന് നാദിറ തിരിച്ചറിയുന്നു. ഇപ്പോളവൾ നിയമത്തെ തനിക്ക് വേണ്ടിത്തന്നെ വായിക്കുകയാണ്. റശീദും ഉപ്പയും മുസ്ലിയാരുമൊക്കെ ആളെക്കാണിക്കാൻ നിയമം പാലിക്കുകയാണ്. എന്നാൽ അവളങ്ങനെയല്ല. ഇത്ര നാളുമവൾ ‘ആ റബ്ബ് കാട്ടിയ തിരുവേ നടന്നേ, ഇന്നും (again എന്ന അർത്ഥത്തിൽ ഇഩ്ഩും എന്നാണ് ഉച്ചാരണം, അല്ലാതെ even today എന്ന അർത്ഥത്തിലല്ല) അങ്ങനവേന് നടക്കറേ.’

ജഹന്നമിലെ തീയിൽ നിന്നവളെ മോചിപ്പിക്കാൻ, അവളിലേക്ക് പെയ്തിറങ്ങി അവളെ ശുദ്ധീകരിക്കാൻ നവാസിന് കഴിയണം. തന്റെ അടുത്തേക്കു വരാനും തന്നെ ഇറുകെപ്പുണരാനും തന്നിൽ മുത്തമിടാനും എല്ലാവരും കൊതിക്കുന്ന ആ വിഷയത്തെ തന്നിൽ പ്രാവർത്തികമാക്കാനും അവൾ നവാസിനോടാവശ്യപ്പെട്ടു. ചെറുപ്പത്തിൽ ഒളിച്ചുകളിക്കിടയിൽ തന്റെ ശരീരത്തിൽ കുസൃതി കാണിക്കാൻ തുനിഞ്ഞ നവാസിനെ ജഹന്നമിലെ തീയുടെ കാര്യം പറഞ്ഞു കൊണ്ടു തന്നെയാണ് അവൾ തടഞ്ഞിരുന്നത്.
‘ബിസ്മില്ലാഹി, അല്ലാഹുമ്മ ജന്നിബിനശ്ശയ്ത്വാന വ ജന്നിബിശ്ശയ്ത്വാന മിമ്മാ റസഖ്തനാ’. പ്രാർത്ഥനയോടൊപ്പം അവളുടെ കിതപ്പും സീൽക്കാരവും ആകാശത്തേക്കുയർന്നു. അത് മഴയായി ഭൂമിയിലേക്ക് പെയ്തിറങ്ങുകയും ചെയ്തു. ആ മണിയറയിൽ അവൾക്കായിരുന്നു മുൻകൈയും മേൽക്കൈയും. അവളുടെ ഭാവപ്പകർച്ചകളെ അമ്പരപ്പോടെയാണ് നവാസ് നോക്കിക്കണ്ടത്.
സുവീരന്റെ ബ്യാരി എന്ന സിനിമയുടെ അവസാനരംഗമാണ് മുകളിൽ ആവിഷ്കരിച്ചത്. നാദിറയായി മല്ലികയും നവാസായി അൽതാഫ് ഹുസൈനും വേഷമിടുന്നു.
കേവലം ബ്യാരി സമുദായത്തിന്റെ കഥ മാത്രമായി സുവീരന്റെ സിനിമയെ ചുരുക്കരുത്. സ്ത്രീവിരുദ്ധമായ സാമൂഹ്യ പാരമ്പര്യങ്ങളെ അടയാളപ്പെടുത്തുകയാണ് അത്.
____________
Teona Strugar Mitevska എന്ന മാസിഡോണിയൻ ചലച്ചിത്രകാരിയുടെ God Exists, Her Name Is Petrunia (Gospod Postoi, Imetro i’e Petrunija) എന്ന സിനിമ അടുത്ത കാലത്ത് കണ്ടതിൽ ഏറ്റവും പ്രസക്തമായിത്തോന്നിയത്, സിനിമ എന്ന നിലക്ക് അത് അനുഭവിപ്പിക്കുന്ന സൌന്ദര്യാനുഭൂതിയെക്കാളധികം അതിന്റെ പ്രമേയത്തിന്റെ ശക്തി കൊണ്ട് തന്നെയാണ്.
അവൾ എന്ന് ദൈവത്തെ വിശേഷിപ്പിക്കാറില്ല പൊതുവെ. ഒരുപക്ഷേ, ജെൻഡർ ന്യൂട്രലായ സർവനാമങ്ങളെ പുല്ലിംഗസർവനാമങ്ങൾ കൊണ്ട് തന്നെ സൂചിപ്പിക്കുന്ന രീതി എല്ലാ ഭാഷകളിലുമുള്ളത് കൊണ്ടാവാം. എന്നാൽപ്പോലും ദൈവം അവനും അവന് വേണ്ടിയുള്ളതും ആണെന്ന നടപ്പുരീതിയെയാണ് പെട്രൂനിയ അഭിമുഖീകരിക്കുന്നത്.

എപിഫനിയോടനുബന്ധിച്ച് മാസിഡോണിയയിൽ നിലനിൽക്കുന്ന ഒരാചാരമാണ് പശ്ചാത്തലം. പാലത്തിന് മുകളിൽ നിന്ന് വികാരിയച്ചൻ നദിയിലേക്ക് വലിച്ചെറിയുന്ന ചെറുമരക്കുരിശ് കിട്ടുന്നവർക്ക് സൌഭാഗ്യമുണ്ടാകുമത്രേ. കുരിശ് കൈക്കലാക്കാൻ വേണ്ടി ആണുങ്ങൾ പുഴയിലേക്കെടുത്തു ചാടി. അന്നേരം യാദൃഛികമായി ആചാരത്തിന് സാക്ഷ്യം വഹിക്കാനിടയായ പെട്രൂനിയയും നദിയിലേക്കെടുത്തു ചാടുകയും കുരിശ് അവൾക്ക് കിട്ടുകയും ചെയ്തു.
അതോടെയാണ് ബഹളങ്ങൾ തുടങ്ങിയത്. ഒരു പെണ്ണ് കുരിശ് സ്വന്തമാക്കുന്നത് ആചാരലംഘനമത്രേ. ഒട്ടേറെ സംവാദങ്ങളിലൂടെയാണ് പിന്നീട് പെട്രൂനിയ മുന്നോട്ട് പോകുന്നത്. നിയമം, ആചാരം, പാരമ്പര്യം തുടങ്ങിയവയോടെല്ലാം അവൾക്ക് ഏറ്റുമുട്ടേണ്ടി വന്നു. പൊലീസിന്റെയും പള്ളിയുടെയും ആക്രമണോത്സുകരായ മോബിന്റെയും മുന്നിൽ പതറാതെ നിന്ന് പോരാടി ജയിച്ച് കുരിശിന്റെ അവകാശം സ്വന്തമാക്കിയ ശേഷം, പക്ഷേ അവളത് വികാരിയച്ചന് തിരിച്ചേൽപിച്ചു.
തന്നെ വേണ്ടാത്ത ദൈവത്തെ തനിക്കെന്തിന്?
____________
ദേവീസൂക്തം എന്നറിയപ്പെടുന്ന (ദേവീമാഹാത്മ്യം അഞ്ചാം അധ്യായം) യാ ദേവി സർവഭൂതേഷു എന്ന മന്ത്രത്തെ ദേവിയെയും ദുർഗയെയും ചണ്ഡിയെയുമൊക്കെ മാറ്റിവെച്ച്, അതിലെ താന്ത്രിക, അനുഷ്ഠാനവശങ്ങളെയൊക്കെ മറന്ന്, സ്ത്രൈണതയുടെ പ്രകീർത്തനമായി, വിശ്വാത്മാവിന്റെ സ്ത്രീഭാവത്തെ കീർത്തിക്കുന്ന മന്ത്രമായി ഒന്ന് കേട്ടു നോക്കൂ. സ്ത്രീയാണ് ശക്തി എന്നാണല്ലോ സങ്കൽപം.
പ്രപഞ്ചത്തിന്റെ ചൈതന്യമായും ബുദ്ധിയായും നിദ്രയായും വിശപ്പായും നിഴലായും ഊർജമായും തൃഷ്ണയായും ക്ഷമയായും ശാന്തിയായും കാന്തിയായും ശ്രദ്ധയായും തുഷ്ടിയായും സ്മൃതിയായും മായയായും സൃഷ്ടിയായും മാതാവായും നിലകൊള്ളുന്ന ശക്തി.
അങ്ങനെയാണ് ദേവിയും ശക്തിയുമുണ്ടായത്. തത്വം അതാണെങ്കിൽ, പക്ഷേ സന്നിധാനങ്ങൾ സ്ത്രീക്ക് വിലക്കുന്നതിന്റെ യുക്തിയെന്ത് എന്നതായിരുന്നല്ലോ സമീപകാലത്ത് നമ്മുടെ നാട്ടിൽ ഉയർന്ന വലിയ ചോദ്യം.
അതായത്, ആരാധനയും ഉപാസനയുമൊക്കെ ഒരു സൌകര്യമാണ്. ഉപാസിക്കപ്പെടുന്ന ശക്തിയോ വ്യക്തിയോ എന്തുമായിക്കോട്ടെ, അതിനോടുള്ള മറ്റ് ബാധ്യതകളിൽ നിന്ന് ഒളിച്ചോടാനുള്ള ഒരു വഴി. മഹാന്മാർക്ക് പ്രതിമകൾ പണിയുന്നതിലും ഈ മനശ്ശാസ്ത്രമുണ്ടാവാം.
ആരാധിച്ചരുക്കാക്കുന്ന ഈ ജാലവിദ്യയിൽ നിന്ന് സാക്ഷാൽ ദൈവം പോലും രക്ഷപ്പെട്ടിട്ടില്ല. പിന്നല്ലേ.
ശക്തിസ്വരൂപിണിയെന്ന് വാഴ്ത്തി സ്ത്രീയെ ആരാധിക്കാൻ എളുപ്പമാണ്. ലിംഗപരമായ വിവേചനങ്ങളെ മറച്ചുവെക്കാനും അത് സൌകര്യം നൽകും.
ദേവീസൂക്തത്തെ ദേവീപരിവേഷത്തിൽ നിന്ന് വിട്ട്, വിശ്വത്തിൽ ബുദ്ധി, നിദ്രാ, ക്ഷുധാ, ഛായാ, ശക്തി, തൃഷ്ണാ, ക്ഷാന്തി, ശാന്തി, കാന്തി, ശ്രദ്ധാ, തുഷ്ടി, സ്മൃതി… രൂപങ്ങളിൽ സംസ്ഥിതമായിരിക്കുന്ന സ്ത്രീ എന്ന നിലയിൽ പരിഗണിക്കുകയാണെങ്കിൽ, സ്ത്രീയെയും സ്ത്രൈണതയെയും സംബന്ധിച്ച ഏറ്റവും പ്രകാശമാനമായ ദർശനമായിരുന്നേനെ അത്.

എന്നാൽ പ്രായോഗികതലത്തിൽ നമ്മുടെ ദേശപാരമ്പര്യം മറ്റൊന്നാണ്.
കാര്യേഷു മന്ത്രി, കരണേഷു ദാസി, രൂപേഷു ലക്ഷ്മി, സ്നേഹേഷു മാതാ, ക്ഷമയാ ധരിത്രി, ശയനേഷു വേശ്യാ എന്നതത്രേ അത്.
അവൾ ദാസിയെപ്പോലെ പരിചരിക്കണം, ക്ഷമയാൽ ഭൂമിയോളം താഴണം, കിടപ്പറയിൽ വേശ്യയെപ്പോലെ വർത്തിക്കണം.
പുറമേ സമ്മതിച്ചാലും ഇല്ലെങ്കിലും മനുമഹദ്വചനം, നഃ സ്ത്രീ സ്വാതന്ത്ര്യമർഹതി, ഭാരതത്തിൻ്റെ മുദ്രാവാക്യമാണ്. പ്രയോഗത്തിൽ അത് മനുവാദികളുടെ മാത്രം കുത്തകയല്ല താനും.
അല്ലെങ്കിലും, വിപ്ലവം ചെരിപ്പ് പോലെയാണ്. പുറമേ നടക്കുമ്പോൾ ഇടാനുള്ളത്. വീട്ടിനകത്തേക്ക് പ്രവേശിപ്പിക്കില്ല.
കുളിച്ചൊരുങ്ങി പുറത്തേക്ക് പോകുമ്പോൾ ഈ ചെരിപ്പ് കാലിലണിയിച്ചു കൊടുക്കാനുള്ള ബാധ്യതയും പെണ്ണിനാണ്. അവൾ എമ്മേക്കാരിയായാലും നൃത്തക്കാരിയായാലും ശരി.
____________
“ഏട്ടാ നമ്മൾ ‘ചെയ്യു’മ്പോൾ എനിക്ക് പെയിൻ ഉണ്ടാവുന്നു. കൊറച്ച് ഫോർപ്ലേയും കൂടെ ഉണ്ടെങ്കില്..”
സത്യത്തിൽ ‘നമ്മൾ’ ചെയ്യുകയല്ലല്ലോ, അയാളുടെ ചെയ്ത്തിന് അവൾ കിടന്നു കൊടുക്കുകയായിരുന്നല്ലോ.
ജിയോ ബേബിയുടെ ‘ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ സിനിമയിലെ ഭർത്താവിനും ഭാര്യക്കും പേരില്ല. സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ അതൊരു പരമ്പരാഗത ഭാരതീയ അടുക്കളയാണ്. പേരുകൾ അവിടെ അപ്രസക്തമാണ്.

ഒരുപക്ഷേ പേരുള്ള ഒരേയൊരു കഥാപാത്രം, ഉഷ, ഭാര്യക്ക് തീണ്ടാരിയുള്ളപ്പോൾ വീട്ടുപണിക്ക് വരുന്ന ദലിത് സ്ത്രീയാണ്. അവർക്കേയുള്ളൂ സവിശേഷമായ ഐഡന്റിറ്റി. അവരാണെങ്കിൽ ആചാരങ്ങളോട് അത്ര മതിപ്പുള്ളവരല്ല. പീരിയഡ്സിന്റെ സമയത്ത് തീണ്ടാരി പേടിച്ച് വീട്ടിലിരുന്നാൽ തന്റെ കുട്ടികളുടെ പഠിപ്പും ഭക്ഷണവും എങ്ങനെ നടക്കും എന്നാണ് അവളുടെ ചോദ്യം. ആചാരം ആഹാരം തരില്ലല്ലോ.
ഫോർപ്ലേയെക്കുറിച്ചുള്ള ഭാര്യയുടെ ‘അറിവ്’ ഭർത്താവിനെ അലോസരപ്പെടുത്തി. അടുക്കള ‘അവളുടെ പണിയിട’മാണെങ്കിൽ, കിടപ്പറ ‘അയാളുടെ അധികാരസ്ഥല’മാണ്. ലൈംഗികത അയാളുടെ മാത്രം ഉത്തരവാദിത്തവും അവകാശവുമാണ്. അവൾക്കതിൽ അഭിരുചികളുണ്ടാകുന്നത് തെറ്റ്, അത് പ്രകടിപ്പിക്കുന്നതാണെങ്കിൽ മഹാപാപവും.
ഒരു പരമ്പരാഗത മലയാളി ഭർത്താവിന് ഈഗോയുണ്ടാക്കാനും അയാളിൽ പാരനോയിയ ജനിക്കാനും മതിയായ കാരണമാവും രതിയെക്കുറിച്ച ഭാര്യയുടെ അറിവുകൾ. അത്തരം അറിവുകളും അഭിരുചികളും ഗണികകൾക്ക് മാത്രമേ വിധിച്ചിട്ടുള്ളൂ, കുലസ്ത്രീകൾക്കത് പറ്റില്ല.
ടേബിൾ മാനേർസിനെപ്പറ്റി ഭാര്യ ഓർമിപ്പിച്ചതായിരുന്നു അയാളുടെ അഹം വിജൃംഭിച്ച് പൊട്ടിത്തെറിച്ച മറ്റൊരു സന്ദർഭം. അവൾക്കാണെങ്കിൽ ചവച്ചു തുപ്പിയ ഭക്ഷണാവശിഷ്ടങ്ങൾ ഓക്കാനമുണ്ടാക്കുന്നു. പുറമെ പൊട്ടിയൊലിക്കുന്ന വേസ്റ്റ് പൈപ്പും. കിടപ്പറയിലും അവളെയത് വിടാതെ പിന്തുടരുകയും ചെയ്യുന്നു.
എനിക്കും തോന്നണ്ടേ ഈ ഫോർപ്ലേ എന്ന് ഭർത്താവിന്റെ ഈഗോ. എല്ലായ്പോഴും അവൾക്ക് തോന്നിയിട്ടാണോ മിണ്ടാതെ കിടന്നുതരുന്നത് എന്നത് പ്രസക്തമായ ഒരു ചോദ്യമേയല്ല.
ശയനേഷു വേശ്യാ. രതിവിദ്യാപാരംഗതയായ ഗണികയല്ല, മറിച്ച് വെറും കുലവേശ്യ.
____________
ജോലിക്കാരി ഉഷയുടെ (കബനി) വാക്കുകളിൽ തീയുണ്ട്. തറ തൂത്തുതുടയ്ക്കുന്ന നേരത്ത് അവൾ മൂളുന്ന പാട്ടുകളിൽ പ്രതീക്ഷയുടെ വെളിച്ചവുമുണ്ട്. ഒരുപക്ഷേ ഇതായിരിക്കാം സിനിമയിലെ ഭാര്യയിൽ (നിമിഷ സജയൻ) ഉണ്ടായ പരിവർത്തനത്തിന്റെ മുഖ്യരാസത്വരകം.
എന്തെന്നാൽ അവൾക്ക് കലാപത്തിന്റെ ഭൂതകാലമൊന്നുമില്ലായിരുന്നു. ഏതാണ്ടവസാനം വരെ മനംപിരട്ടലും അമർഷവുമൊക്കെ അടക്കിപ്പിടിച്ചു നിൽക്കുന്ന ഒരു ‘മാതൃകാ’ഭാര്യയെയാണ് നാം കാണുന്നത്. അതുകൊണ്ടു തന്നെ അവസാനത്തെ ആ പൊട്ടിത്തെറി നമ്മളെയും ചെറുതായൊന്ന് ഞെട്ടിക്കുന്നുണ്ട്. ഭർത്താവിന്റെയും (സുരാജ് വെഞ്ഞാറമ്മൂട്) അച്ഛന്റെയും (സുരേഷ് ബാബു) മുഖത്തേക്കൊഴിക്കുന്ന വേസ്റ്റ് വെള്ളം പ്രേക്ഷ’കന്റെ’ മുഖത്തേക്കും തെറിച്ചുവീഴുന്നു. ബക്കറ്റ് വലിച്ചെറിയുമ്പോഴുണ്ടാകുന്ന ആ ശബ്ദവും കിടിലം കൊള്ളിക്കുന്നു.
പക്ഷേ, വളരെ നല്ലവരാണ് ഭർത്താവും അച്ഛനുമൊക്കെ. മോളേ ന്നുള്ള വിളിയിൽ വാത്സല്യം കത്തിനിൽക്കുന്നു. പല്ല് തേച്ചിട്ടില്ല എന്നും എന്നാ അച്ഛൻ പല്ല് തേച്ച് വരൂ, ഞാൻ ചായ ചൂടാക്കിവെക്കാം എന്ന് അവൾ പറയുമ്പോൾ ബ്രഷ് കിട്ടിയിട്ടില്ല എന്നുമൊക്കെ പറയുന്നത് എത്രമാത്രം നിഷ്കളങ്കമായാണെന്നോ. എടുത്തു കൊടുക്ക്, നമ്മുടെ അച്ഛനല്ലേ എന്ന് പറയുന്ന ഭർത്താവും അതീവ നിഷ്കളങ്കൻ തന്നെ.
ഈ നിഷ്കളങ്കതയെയും സ്നേഹത്തെയുമൊക്കെ ഇട്ടെറിഞ്ഞാണ് അവൾ, ആ അഹങ്കാരി, വീട് വിട്ടുപോയത്. അവളുടെ അമ്മയുടെ അഭിപ്രായത്തിൽ ആചാരങ്ങൾ പാലിക്കുന്ന ഒരു വീട്ടിൽ ചെന്നു കയറിയത് തന്നെ തന്റെ ഭാഗ്യമാണെന്ന് അവൾ കരുതേണ്ടതായിരുന്നു. അത് കരുതിയില്ലെന്നതോ പോട്ടെ, ‘ഇത്രയും നിസ്സാര’മായ ഒരു കാര്യത്തിന് വീട് വിട്ടുവരിക എന്നുവെച്ചാൽ എന്ത് ധിക്കാരമാണ്. മാപ്പ് പറഞ്ഞ് തിരിച്ചുപോയല്ലേ മതിയാവൂ.
അതിന് മറുപടിയും ഒരലർച്ചയാണ്. അമ്മയോടല്ല, അന്നേരം കയറി വന്ന അനിയനോട്. ആൺകോയ്മയുടെ ആചാരങ്ങൾ സൃഷ്ടിച്ച മാനസികാവസ്ഥയിൽ ജീവിക്കുന്നവൻ തന്നെ അവനും.
____________
സാങ്കേതികമായും സിനിമ ഉയർന്ന നിലവാരം പുലർത്തിയിട്ടുണ്ട്. തുടക്കവും ഒടുക്കവും നന്നായി. ദൃശ്യങ്ങളും സന്നിവേശവും (എന്തിനെന്ന് ഈ കുറിപ്പുകാരന് മനസ്സിലായിട്ടില്ലാത്ത ചില ചാട്ടങ്ങളൊഴിച്ചാൽ) മികച്ചു നിന്നു. പാട്ടുകളും ആകർഷകം.
എല്ലാറ്റിലും ഉപരി, സുരാജിന്റെയും നിമിഷയുടെയും ചെറുവേഷങ്ങളിൽ വരുന്ന മറ്റ് നടീനടന്മാരുടെയുമൊക്കെ അഭിനയവും വളരെയധികം ഉയർന്നു നിന്നു.
ഏറ്റവും ശ്രദ്ധേയം പശ്ചാത്തലസംഗീതത്തിന്റെ അഭാവമാണ്. പൊതുവെ മലയാള സിനിമയിലെ മടുപ്പിക്കുന്ന ഘടകമാണ് പശ്ചാത്തലസംഗീതത്തിന്റെ അമിതവും അസ്ഥാനത്തുള്ളതുമായ പ്രയോഗം. സിനിമയുമായി ഇഴുകിച്ചേരുന്നതിന് സംഗീതത്തിന്റെ അഭാവം ഒരു പ്രധാനകാരണമായിത്തീർന്നു എന്നുപോലും പറയാം.
ആദ്യഭാഗം ഒരു ടിപ്പിക്കൽ ഇന്ത്യൻ വീടകത്തെ മാത്രമേ കാണിക്കുന്നുള്ളൂ. പിന്നെയാണ് ആചാരങ്ങളും പാരമ്പര്യങ്ങളുമൊക്കെ കടന്നുവരുന്നത്. എന്തുകൊണ്ട് ശരാശരി ഇന്ത്യൻ വീടുകളും വീട്ടിലെ ആണുങ്ങളും പെണ്ണുങ്ങളുമൊക്കെ ഇങ്ങനെയായിത്തീരുന്നു എന്നതിന്റെ കൃത്യവും ശാസ്ത്രീയവുമായ വിശകലനമായിത്തീരുന്നു അന്നിലക്ക് സിനിമ.

ആർത്തവാചാരങ്ങളുമായി ബന്ധപ്പെട്ടതാണ് ഇതിൽ ശക്തമായ ഒരു ഭാഗം. ഏട്ടാ, എനിക്ക് പീരീയഡ്സ് ആയി എന്ന് അവൾ അയാളോട് പറയുന്നത് പാഡ് ഇല്ലാത്തതു കൊണ്ട് മാത്രമാണ്. എന്നാൽ അയാളുടെ ആകാംക്ഷ അവൾ അടുക്കളയിൽ കയറിയോ എന്നതിലായിരുന്നു. പാഡിന്റെ കാര്യം അവൾ പറഞ്ഞപ്പോഴേ അയാൾ കേട്ടുള്ളൂ, അതും ഒരൽപം പരിഹാസച്ചിരിയോടെ.
അതേസമയത്ത് തന്നെയാണ് ശബരിമല സന്നിധാനത്തെ സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട ന്യൂസ് അവർ ചർച്ചകളും നടക്കുന്നത്. ഒരാൾ മാലയിട്ട് സ്വാമിയാരായിക്കഴിഞ്ഞാൽ വ്രതങ്ങളൊട്ടേറെ അനുവർത്തിക്കേണ്ടതുണ്ട്. എന്നാൽ അതിലും പ്രയാസങ്ങളെ നേരിടേണ്ടി വരുന്നത് സ്ത്രീ തന്നെ. അവൾക്കാണെങ്കിൽ, തിരുമുറ്റത്ത് പ്രവേശനമൊട്ടില്ല താനും. എന്നല്ല, പരമാവധി സ്വാമിയാരുടെ മുന്നിൽത്തന്നെ വരാതെ നോക്കണം. ആചാരസംരക്ഷണത്തിന് വേണ്ടി പൊരുതുന്ന കുലസ്ത്രീകളുടെ ദൃശ്യവും അവസാനത്തിൽ അവ്യക്തമായി ഫ്രെയിമിലേക്ക് വരുന്നുണ്ട്.
____________
ഇത്രയും എഴുതിക്കഴിഞ്ഞപ്പോഴുള്ള ആത്മനിന്ദയിൽ നിന്ന് ഈ കുറിപ്പുകാരനും മുക്തനല്ല. ഒപ്പം ഇത് ഏതെങ്കിലും ഒരു സമുദായത്തിന്റെ മാത്രം പ്രശ്നമാണെന്ന് തോന്നുന്നുമില്ല. കർതൃത്വത്തിന്റെ കാര്യത്തിൽ പെണ്ണിന്റെ അവകാശത്തെ അംഗീകരിക്കുന്ന പാരമ്പര്യമൊന്നും ഇവിടുത്തെ ഒരു സമുദായത്തിനുമില്ല.
ഒരൊറ്റ മൊഴിയിൽ (മൂന്നെന്ന കണക്ക്, കണക്ക് മാത്രമാണ്; മുത്ത്വലാഖ് മൂന്നും ചൊല്ലി എന്നതാണ് നാട്ടാചാരം) കണക്ക് തീർത്ത് പിരിച്ചുവിടുന്ന ഏർപ്പാടാണ് മുസ്ലിം സമുദായത്തിലെ ഏറ്റവും പ്രകടമായ ദുരാചാരം. മുത്ത്വലാഖല്ല ഇവിടെ പ്രശ്നം. മൊഴിത്ത്വലാഖാണ്. യാതൊരു സാമൂഹികസ്ഥാപനങ്ങളുടെയും അംഗീകാരമില്ലാതെ ഒരൊറ്റ മൊഴി കൊണ്ട് വേർപെടുത്താവുന്ന ഒന്നാണ് വിവാഹമെങ്കിൽ, മീഥാഖുൻ ഗലീള് (ഭദ്രമായ ഉടമ്പടി) എന്നൊക്കെ ഇതിനെ വിശേഷിപ്പിക്കുന്നത് വെറുതെയാവും.
എന്നാൽ ഈ മൊഴി, മൂ ത്വലാഖുകൾ മലയാള സിനിമയിൽ ഇഷ്ടം പോലെ പ്രമേയമായിട്ടുണ്ട്. ബ്യാരി പോലുള്ള അതിശക്തമായ സിനിമകൾ മുതൽ കിളിച്ചുണ്ടൻ മാമ്പഴം പോലുള്ള കോമാളിത്തങ്ങൾ വരെ.
അതിശക്തമായ തിരുത്തലുകൾ പ്രധാനമാണ്, അകത്തും പുറത്തുമെല്ലാം. അത്രയെങ്കിലും പറഞ്ഞ് നിർത്താം.