ദലിതം

മുഹമ്മദ് ശമീം
ജാതിയും ജാതിവിരുദ്ധസമരങ്ങളും -നാല്

മുന്‍ ലേഖനങ്ങള്‍
1) ജാതിയുടെ ജാതകം
2) തത്ത്വമസി
3) ലിംഗായതവും ബ്രഹ്മധര്‍മവും

ജാതീയതക്കെതിരായ പോരാട്ടം സമൂഹപരിഷ്‌കരണത്തിന്റെ ഏറ്റവും ശക്തമായ ഘടകമായിത്തീർന്ന ഇടങ്ങളിലൊന്നാണ് മഹാരാഷ്ട്ര സംസ്ഥാനം. അതിന്റെ തുടര്‍ച്ചയിലാണ് നാം ജ്യോതിറാവു ഫൂലെയെയും ഭീംറാവ് അംബേദ്കറെയും കാണുന്നത്.

പരമഹംസമണ്ഡലി
1844ല്‍ ഗുജറാത്തിലെ സൂറത്തിൽ ദുർഗാറാം മേത്താജിയും (ദുർഗാറാം മഞ്ഛറാം ദവെ) ദാദോബാ പാണ്ഡുരംഗും ചേര്‍ന്ന് സ്ഥാപിച്ച മാനവധർമസഭയുമായി ബന്ധപ്പെട്ട് വികസിച്ചുവന്ന നിഗൂഢ മതഗ്രൂപ്പായ പരമഹംസമണ്ഡലിയാണ് മഹാരാഷ്ട്രയില്‍ പരിഷ്‌കരണങ്ങൾക്ക് തുടക്കം കുറിച്ചതെന്ന് പറയാം. ദാദോബായുടെ സഹോദരൻ ആത്മാറാം പാണ്ഡുരംഗും മാനവധർമസഭക്ക് നേതൃത്വം നൽകിയിരുന്നു.

മേത്താജി ദുർഗാറാം

ഏകദൈവത്തിലും മനുഷ്യസമത്വത്തിലും അടിയുറച്ച് വിശ്വസിച്ച പരമ ഹംസമണ്ഡലി, സമൂഹം പവിത്രമായി കണ്ടിരുന്ന ജാതിനിയമങ്ങളെ പരസ്യമായിത്തന്നെ ലംഘിച്ചുകൊണ്ടാണ് ജാതീയതക്കെതിരായ പോരാട്ടത്തെ സ്ഥാപിച്ചത്. പരമഹംസ മണ്ഡലിയുടെ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ലോകഹിതവാദി എന്നറിയപ്പെട്ട ഗോപാല്‍ ഹരി ദേശ്മുഖിന്റെ സംരംഭങ്ങള്‍. ജാതിശ്രേണിയില്‍ ഏറ്റവുമുയരത്തില്‍ നില്‍ക്കുന്ന സമുദായങ്ങളിലൊന്നായ ദേശാഷ്ട ബ്രാഹ്മണവിഭാഗത്തില്‍ ജനിച്ച ദേശ്മുഖ് ബ്രാഹ്മണ്യത്തെയും ബ്രാഹ്മണാധികാരത്തെയും തീര്‍ത്തും ഉപേക്ഷിച്ചു.

ദാദോബാ പാണ്ഡുരംഗ്

കാര്യങ്ങളുടെ അര്‍ത്ഥം മനസ്സിലാക്കാതെ ആവര്‍ത്തിക്കുകയും അറിവിനെ അര്‍ത്ഥശൂന്യമായ ആവര്‍ത്തനമന്ത്രപദങ്ങളാക്കി മാറ്റുകയും ചെയ്യുന്ന ബ്രാഹ്മണര്‍, ദേശ്മുഖിന്റെ അഭിപ്രായത്തില്‍ ഒട്ടും വിശുദ്ധി ഇല്ലാത്തവരാണ്. ജാതിമേല്‍ക്കോയ്മ മുന്നോട്ടുവെച്ച ശുദ്ധാശുദ്ധവാദത്തിന്റെ കടപുഴക്കുന്ന പ്രഖ്യാപനമായിരുന്നു ഇത്. ബ്രാഹ്മണപുരോഹിതന്മാര്‍ വിശുദ്ധി ഇല്ലാത്തവരാണെങ്കില്‍ അവരിലെ പണ്ഡിതന്മാര്‍ അതിനെക്കാളും മോശമാണ്. യഥാര്‍ത്ഥത്തില്‍ അജ്ഞരും എന്നാല്‍ അഹങ്കാരികളുമാണ് അവര്‍. ഏത് വിധത്തിലാണ് ബ്രാഹ്മണര്‍ക്ക് മറ്റുള്ളവരെക്കാള്‍ മേന്മയുള്ളത്? ഇരുപത് കൈകളുണ്ടോ അവര്‍ക്ക്? മൂഢമായ ആശയങ്ങളെ ഉപേക്ഷിച്ച് എല്ലാ മനുഷ്യരും തുല്യരാണെന്നും അറിവ് നേടാനുള്ള അവകാശം ഓരോരുത്തര്‍ക്കും ഉണ്ടെന്നും ബ്രാഹ്മണര്‍ മനസ്സിലാക്കണം.

പരിഷ്‌കരണം അനുവദിക്കാത്ത ഒന്നാണ് നിങ്ങളുടെ മതമെങ്കില്‍ നിങ്ങള്‍ മതം മാറണം എന്ന് അദ്ദേഹം പ്രസ്താവിച്ചു. പ്രാര്‍ത്ഥനാസമാജം സ്ഥാപിച്ച് ഏകദൈവാരാധന പ്രചരിപ്പിക്കുകയും ജാതിനിയമങ്ങള്‍ ലംഘിക്കാന്‍ പ്രേരിപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്തു.

ബ്രാഹ്മണരില്‍ത്തന്നെ ഏറ്റവും ഉയര്‍ന്നതായി ഗണിക്കപ്പെടുന്ന ചിത്പവന്‍ സമുദായത്തില്‍ പിറന്ന ഗോപാല്‍ ഗണേഷ് അഗാര്‍ക്കര്‍ എല്ലാ പാരമ്പര്യങ്ങളെയും വിശ്വാസങ്ങളെയും നിരാകരിച്ചു കൊണ്ട് യുക്തിചിന്തയില്‍ ഊന്നി നിന്നാണ് ജാതീയതയെ നേരിടാന്‍ ശ്രമിച്ചത്.

ഗോപാൽ ഹരി ദേശ്മുഖ്, ഗോപാൽ ഗണേഷ് അഗാർകർ

ഫൂലെയുടെ സമരങ്ങള്‍
ഗോപാല്‍ ഹരി ദേശ്മുഖിന്റെ സമകാലീനനായ സാമൂഹിക പരിഷ്‌കര്‍ത്താവാണ് മഹാരാഷ്ട്രയില്‍ത്തന്നെ മാലി സമുദായത്തില്‍ ജനിച്ച, ജ്യോതിബാ എന്നറിയപ്പെടുന്ന ജ്യോതിറാവു ഗോവിന്ദറാവു ഫൂലെ.

ഫൂല്‍ മാലി എന്നും അറിയപ്പെട്ടിരുന്ന മാലികള്‍ സ്വയം ക്ഷത്രിയരായി കരുതിയിരുന്നെങ്കിലും മറ്റുള്ളവര്‍ അവരെ ശൂദ്രരായാണ് ഗണിച്ചത്. ബ്രാഹ്മണരുടെ ജാത്യാധിപത്യത്തിനെതിരെ ജ്യോതിബാ ഫൂലെ അതിശക്തമായി രംഗത്തുവന്നു.

ഇതുവരെ പ്രസ്താവിക്കപ്പെട്ടവരെല്ലാം വരേണ്യതാബോധങ്ങളെയും ജാതീയതയെയും തകര്‍ത്തു കളയാന്‍ തന്നെ പരിശ്രമിച്ചവരാണെങ്കിലും അവരെല്ലാവരും വരേണ്യസമുദായങ്ങളില്‍ പിറന്നവരാണ്. ഇവരില്‍ നിന്നും ഫൂലെ വ്യത്യസ്തനാവുന്നത് അദ്ദേഹം അടിച്ചമര്‍ത്തപ്പെട്ട സമൂഹത്തില്‍ നിന്നാണ് ഉയര്‍ന്നു വന്നത് എന്നതു കൊണ്ടാണ്.

കീഴ് ജാതിക്കാരെ തദ്ദേശീയരായും ബ്രാഹ്മണരെ പരദേശികളായും പരിഗണിക്കുന്ന ഫൂലെയാണ് oppressed ജനതയെ ദലിത് എന്ന മറാത്തി പദം കൊണ്ട് (broken, crushed എന്നെല്ലാമാണ് ദലിതിന്റെ അര്‍ത്ഥം) ആദ്യമായി അടയാളപ്പെടുത്തിയത്. വിദ്യാഭ്യാസത്തിന്റെ അഭാവമാണ് ജനതയെ പിന്നോക്കം നിര്‍ത്തുന്ന പ്രധാനഘടകം എന്ന് ചിന്തിച്ച അദ്ദേഹം അത് പരിഹരിക്കുന്നതിനു വേണ്ടിയുള്ള യത്‌നങ്ങളിലേര്‍പ്പെട്ടു. ശൂദ്രര്‍ക്കും അവര്‍ണര്‍ക്കും സ്ത്രീകള്‍ക്കും അക്കാലത്ത് വിദ്യ അഭ്യസിക്കാന്‍ പറ്റുമായിരുന്നില്ല.

സ്വന്തം ഭാര്യ സാവിത്രിബായി ഫൂലെയെ പഠിപ്പിച്ചു കൊണ്ട് ഫൂലെ തന്റെ കലാപം ആരംഭിച്ചു. 1873ൽ സത്യശോധകസമാജ് എന്ന സംഘം സ്ഥാപിച്ച് അദ്ദേഹം വിദ്യാഭ്യാസത്തിനായുള്ള കഠിനയത്‌നങ്ങളിലേര്‍പ്പെട്ടു.
ഒരു കവി കൂടിയായ ഫൂലെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ ഇങ്ങനെ കുറിച്ചു.

Lack of education leads to lack of wisdom
Which leads to lack of morals
Which leads to lack of progress
Which leads to lack of money
Which leads to the oppression of the lower classes
See what state of the society one lack of education can cause!

സാവിത്രിബായി ഫൂലെ, ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ

ദേശത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥരായ അവര്‍ണരെ വിദേശാക്രമികളായ ബ്രാഹ്മണര്‍ കീഴ്‌പ്പെടുത്തിയതിന്റെ ചരിത്രം ജ്യോതിബാ ഫൂലെ അദ്ദേഹത്തിന്റെ Slavery (Gulamgiri) എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ഫൂലെയുടെ Virulent Anti-Brahminism ത്തോടൊപ്പം, കൊളോണിയല്‍ വാഴ്ചയെ embrace ചെയ്യുന്ന പ്രവണതയും ഈ പുസ്തകത്തില്‍ വ്യക്തമാണ്.

ധോണ്‍ഡിബാ എന്ന സങ്കൽപകഥാപാത്രവും ജ്യോതിറാവുവും തമ്മിലുള്ള സംഭാഷണത്തിന്റെ രൂപത്തില്‍ എഴുതപ്പെട്ട ആ പുസ്തകം വായനക്കാര്‍ക്ക് പെട്ടെന്നുള്ള വായനയില്‍ ഒരു സറ്റയര്‍ പോലെ തോന്നിക്കുമെങ്കിലും ഫൂലെ അത് ചരിത്രപരമായ ആധികാരികതയുടെ ഭാവത്തിലാണ് അവതരിപ്പിക്കുന്നത്.

അത്യന്തം രസകരമാണ് ഫൂലെയുടെ ചരിത്രാവതരണം. പുരാണങ്ങളിലെ മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളില്‍ പരശുരാമന്‍ വരെയുള്ളവരെ ബ്രാഹ്മണാധിപത്യത്തിന്റെ പ്രതീകങ്ങളാക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. ഇറാനില്‍ നിന്ന് ഇന്ത്യയിലേക്ക് കടല്‍ വഴിയായി ബ്രാഹ്മണരുടെ കവര്‍ച്ചാസംഘങ്ങള്‍ വന്നു എന്ന് ആദ്യമേ സ്ഥാപിക്കുന്നു. ആദ്യസംഘം ചെറുതോണികളിലാണ് വന്നതെന്നും അതിനാല്‍ ആ സംഘത്തിന്റെ നേതാവിനെ മല്‍സ്യം എന്ന് വിളിച്ചുവെന്നുമാണ് മല്‍സ്യാവതാരത്തെപ്പറ്റി അദ്ദേഹം പറയുന്നത്. ബ്രാഹ്മണര്‍ എന്ന് പൊതുവായി പറയുന്നെങ്കിലും പുസ്തകത്തിന്റെ രണ്ടാമധ്യായത്തിന്റെ തുടക്കത്തില്‍ ധോണ്‍ഡിബായുടെ ചോദ്യത്തില്‍ ആര്യന്മാര്‍ എന്ന് പ്രയോഗിക്കുന്നുണ്ട്. ഇതിലൂടെ ആര്യന്‍ സമം ബ്രാഹ്മണന്‍ എന്ന സമീകരണം ഉണ്ടാകുന്നു.

ഇത് ചരിത്രപരമായി ശരിയല്ല. അതേസമയം ഫൂലെ ചരിത്രത്തെ സമീപിക്കുന്നത് ബ്രാഹ്മണ-ശൂദ്ര സംഘട്ടനത്തിന്റെ ആഖ്യാനം എന്ന നിലക്കാണ്. അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ ശൂദ്രന്‍ ഡീഗ്രേഡ് ചെയ്യപ്പെട്ട ക്ഷത്രിയനാകുന്നു. അതിനാല്‍ ബ്രാഹ്മണരെ മാത്രമേ അദ്ദേഹം ഇറാനില്‍ നിന്ന് വന്നവരില്‍ പെടുത്തുന്നുള്ളൂ. ശൂദ്രരുടെ ഉല്‍പത്തിയെപ്പറ്റി അംബേദ്കറും ഇതേ ധാരണയാണ് പുലര്‍ത്തുന്നതെങ്കിലും ആര്യാധിനിവേശത്തിന്റെ ചരിത്രത്തെ അദ്ദേഹം അംഗീകരിക്കുന്നില്ല. അതേസമയം ആധുനികചരിത്രപണ്ഡിതരുടെ വീക്ഷണത്തില്‍ ഇന്തോ-ഇറാനീയര്‍ ഇന്ത്യയിലേക്ക് കുടിയേറിയവരാണ് എന്നത് ശരിയാണെങ്കിലും ഒരു വംശീയാക്രമണമോ ആര്യ-ദ്രാവിഡന്മാര്‍ തമ്മിലുള്ള സംഘര്‍ഷമോ ഒന്നും അതിനോടനുബന്ധിച്ച് നടന്നിട്ടില്ല. കുടിയേറ്റത്തിന്റെ കാര്യത്തിലാണെങ്കില്‍ ദ്രാവിഡന്മാരും കുടിയേറിയവരാണ് എന്നതാണ് ശരി.

ജ്യോതിബാ ഫൂലെ

രണ്ടാമത് വന്ന കവര്‍ച്ചാ സംഘം കുറേക്കൂടി വലിപ്പമുള്ള കപ്പലുകള്‍ ഉപയോഗിച്ചിരുന്നുവെന്നും അത് ആമയെപ്പോലെ തോന്നിച്ചതു കൊണ്ടാണ് അതിന്റെ നേതാവ് ആമ (കൂര്‍മം) എന്ന് വിളിക്കപ്പെട്ടതെന്നും ഫൂലെ തുടരുന്നു. സത്യത്തില്‍ ഇന്തോ-ഇറാനിയന്‍ അതിര്‍ത്തി കടന്നും അഫ്ഗാനിസ്ഥാനില്‍ നിന്നുമാണ് ആര്യന്മാര്‍ വടക്കേ ഇന്ത്യയിലേക്ക് കുടിയേറിയത്. കടല്‍ മാര്‍ഗമായിരുന്നില്ല അത്. ഈ ആമയെത്തുടര്‍ന്ന് കടന്നുവന്ന ആര്യ നേതാവിനെ തദ്ദേശീയര്‍ പന്നി (വരാഹം) എന്ന് അവഹേളനപരമായി വിളിച്ചതാണെന്നും അദ്ദേഹം പറയുന്നു. സിംഹമായി വേഷപ്പകര്‍ച്ച നടത്തിയ ആളാണ് പിന്നെ വന്ന നരസിംഹം. തുടര്‍ന്ന് വരുന്നത് വാമനനും പരശുരാമനും.

ഇപ്രകാരം ആറ് അവതാരങ്ങളെ ബ്രാഹ്മണരുടെ രാജാക്കന്മാരായും ചരിത്രത്തിലെ ദുഷ്ടപാത്രങ്ങളായും ചിത്രീകരിക്കുമ്പോള്‍, സ്വാഭാവികമായും ഇവരുടെ മറുപക്ഷത്ത് നിന്നിരുന്ന ഹയഗ്രീവന്‍, ഹിരണ്യാക്ഷന്‍, ഹിരണ്യകശിപു, മഹാബലി തുടങ്ങിയവരെല്ലാം വിശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു. ഋണാത്മകസ്വഭാവമുള്ള പുരാണ കഥാപാത്രങ്ങളെ അധഃസ്ഥിതരുടെ കുലപിതാക്കളായി കാണുന്ന പ്രവണത ഒരുപക്ഷേ ഫൂലെയുടെ ഈ ചരിത്ര സമീപനത്തില്‍ നിന്നാവാം ഉടലെടുത്തത്.

ഫൂലെയുടെ ചരിത്രവീക്ഷണത്തില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. മിത്തോളജിക്ക് ചരിത്രപരമായ ആധികാരികത നല്‍കുന്നു എന്നതാണ് അതില്‍ പ്രധാനം. തീര്‍ച്ചയായും മിത്തുകള്‍ ചരിത്രവായനയുടെയും ആഖ്യാനത്തിന്റെയും ടൂളുകള്‍ തന്നെയാണ്. അതേസമയം അവയെ പൂര്‍ണമായും historicize ചെയ്യുന്ന നിലപാടാണ് ഫൂലെയുടേത്. അതോടൊപ്പം ഇന്ത്യന്‍ മിത്തുകളിലെ ദേവ, അസുര സംവര്‍ഗങ്ങളെ ആര്യ, ദ്രാവിഡ വിഭാഗങ്ങളിലേക്ക് ചേര്‍ക്കുന്നതിന് ചരിത്രപരമായ നീതീകരണമില്ലെന്നാണ് തോന്നുന്നത്. ഇതെഴുതുന്നയാളിന്റെ അറിവില്‍, ദേവാസുരന്മാര്‍ ഇന്തോ-ആര്യന്‍മാരിലെത്തന്നെ രണ്ട് വിഭാഗങ്ങളാണ്. പുരാണത്തില്‍ത്തന്നെ അവര്‍ ദിതി, അദിതി എന്നീ സഹോദരിമാരുടെ മക്കളാണ്. കശ്യപ പ്രജാപതിക്ക് നിരവധി ഭാര്യമാരില്‍ നിന്നുണ്ടായ മക്കളാണ് വ്യത്യസ്ത വര്‍ഗങ്ങളില്‍പ്പെട്ട മനുഷ്യര്‍ എന്നാണല്ലോ ഹൈന്ദവവിശ്വാസം.

അതില്‍ സഹോദരിമാരായ ദിതിയുടെയും അദിതിയുടെ മക്കള്‍ എന്ന, ദേവാസുരന്മാരെക്കുറിച്ച സങ്കല്‍പം അവര്‍തമ്മിലുള്ള വംശീയമായ ബന്ധത്തെ സൂചിപ്പിക്കുന്നു എന്ന് കരുതാം. ദൈത്യന്മാര്‍ എന്ന വിശേഷണത്തെപ്പോലും അസുരന്മാര്‍ക്കെതിരായ, അതായത് ഫൂലെയുടെ വീക്ഷണത്തില്‍ അധഃകൃതര്‍ക്കെതിരായ ആക്ഷേപമായാണ് അദ്ദേഹം വിലയിരുത്തുന്നത്. യഥാര്‍ത്ഥത്തില്‍ ദിതിയുടെ മക്കള്‍ എന്ന നിലക്കാണ് അസുരന്മാര്‍ ദൈത്യന്മാരെന്ന് വിളിക്കപ്പെടുന്നത്. ഇറാനില്‍ നിന്നും ശത്രുതയോടെ വേര്‍പിരിഞ്ഞ രണ്ട് ആര്യവിഭാഗങ്ങളാണ് ദേവന്മാരും അസുരന്മാരും.

ഋഗ്വേദത്തിലാകട്ടെ, ദേവന്റെ പ്രതിദ്വന്ദ്വമായി വരുന്നത് ദസ്യുക്കളാണ്. ആര്യന്മാരുടെ നേതാവായ ഇന്ദ്രനെ സ്വന്തം നേതാവായും അംഗീകരിക്കാന്‍ തയ്യാറാകാത്ത ജനവിഭാഗങ്ങളെ പൊതുവില്‍ വിശേഷിപ്പിക്കുന്ന പേരാവാം അത് എന്നാണ് ആര്‍.സി മജുംദാറിന്റെയും കൂട്ടരുടെയും അഭിപ്രായം. ആദ്യം ദസ്യു എന്ന് വിളിക്കപ്പെട്ടത് യദു, തുര്‍വസു, ദ്രുഹ്യു, അനുദ്രുഹ്യു, പൂരു എന്നീ ഗോത്രങ്ങളാണത്രേ. പിന്നീടാണ് ഇന്ദ്രന്റെ നേതൃത്വം അംഗീകരിക്കാത്ത ജനതകളുടെ പൊതുനാമമായി അത് മാറിയത്. യദുക്കളും തുര്‍വസുക്കളും യഥാക്രമം യാദവന്മാരും നാഗന്മാരും എന്നറിയപ്പെട്ടു. ഈ രണ്ട് വിഭാഗങ്ങളും ബി.സി.ഇ ആയിരത്തോടടുത്ത് കേരളത്തിലെത്തിയതായും കേരളത്തിലെ നായന്മാരും ഈഴവരും തമിഴ് നാട്ടിലെ തിറയരും ഇവരുടെ പിന്‍ഗാമികളാണെന്നും പറയപ്പെടുന്നു.

സത്യശോധകസമാജിന്റെ ഓഫീസ്

എന്നുവെച്ചാല്‍, ഫൂലെയുടെ ചരിത്രവീക്ഷണത്തിന് ഒന്നാമതായും ആധികാരികതയില്ല. രണ്ടാമത്, അത് മിത്തുകളെ ചരിത്രവല്‍ക്കരിക്കുന്നു. ഇതിനെക്കാളൊക്കെ പ്രധാനം ആര്യന്മാരെ ഇന്ത്യയുടെ ‘അവകാശികള്‍’ എന്ന് സങ്കല്‍പിച്ചു കൊണ്ട് ഹിന്ദുത്വവംശീയവാദികള്‍ നടത്തുന്ന ചരിത്രരചനയെ അദ്ദേഹം വംശീയമായിത്തന്നെ മറിച്ചിടുകയാണ് ചെയ്യുന്നത് എന്നതാണ്. വൈദേശികാധീശത്വശക്തികളായ ബ്രാഹ്മണന്മാരും തദ്ദേശീയരായ കീഴ്ജാതിക്കാരും തമ്മില്‍ സംഘര്‍ഷം നിലനിന്നിരുന്നുവെന്ന വായനയും തജ്ജന്യമായ മുന്‍വിധികളും തന്നെയാണ് അദ്ദേഹത്തിന്റെ ചരിത്രവായനയുടെ ആധാരം.

ജ്യോതിബാ ഫൂലെയുടെ പ്രവര്‍ത്തനങ്ങളും ചിന്തകളും അസ്പൃശ്യജനതയില്‍ വമ്പിച്ച ഉണര്‍വുണ്ടാക്കി. ഇസ്‌ലാമിനെപ്പറ്റി തികച്ചും ക്രിയാത്മകമായ ചിന്തകള്‍ വെച്ചുപുലര്‍ത്തിയിരുന്നു ജ്യോതിബാ. മാനവ മുഹമ്മദ് എന്ന പേരില്‍ അദ്ദേഹത്തിന്റെ ഒരു കവിതയുണ്ട്. അതിലൊരു ഭാഗത്ത് പ്രവാചകാനുയായികളെ വര്‍ണിക്കുന്നത് കാണുക:
They learned after coming of the Aryas’ evil,
[so] they freed the Shudras from slavery.
They propagated Islam, defeated the Aryas’ trade,
Fixed the chains of truth on their feet.
The Dsayus were freed by Islam, led to God all the time,
The contentiousness of Arya dharm was broken by Islam,
(tr. by Gail Omvedt and Bharat Patankar).
ആര്യദുഷ്ടതകള്‍ക്ക് ശേഷം വന്നവര്‍ പ്രബുദ്ധരായി
ശൂദ്രജനതക്കവര്‍ അടിമത്ത വിമുക്തി നല്‍കി
അവര്‍ ഇസ്ലാം വ്യാപിപ്പിച്ചു, ആര്യവ്യവഹാരങ്ങള്‍ തകര്‍ത്തു
സത്യത്തിന്‍ ചങ്ങലകളണിയിച്ചു കാലില്‍
ഇസ്ലാമിനാല്‍ സ്വതന്ത്രരായി ദസ്യുക്കള്‍, ആനയിക്കപ്പെട്ടവര്‍ ദൈവത്തിലേക്ക്
ആര്യധര്‍മത്തിന്റെ അക്രമങ്ങള്‍ തകര്‍ത്തെറിഞ്ഞു ഇസ്ലാം.

ആര്യന്മാരെ തകര്‍ക്കാന്‍ വരുന്നവരായാണ് മുസ്‌ലിംകളെ അദ്ദേഹം സങ്കല്‍പിക്കുന്നത് എന്നത് ശ്രദ്ധിക്കുക. അസ്പൃശ്യരുടെ ഇന്ത്യയെ ഫൂലെ ബലിരാജ്യം എന്നാണ് അദ്ദേഹം വിളിക്കുന്നത്. Slavery എന്ന പുസ്തകത്തിലും അദ്ദേഹം ഇത് സംബന്ധമായ ആശയങ്ങള്‍ പറയുന്നുണ്ട്. ആര്യനായ വാമനനാല്‍ ചവിട്ടിത്താഴ്ത്തപ്പെട്ട മഹാബലി ആണ് ബലിരാജ്യത്തില്‍ സ്മരിക്കപ്പെടുന്നത്. ഈ ബലിരാജ്യത്തിന്റെ പുനഃസ്ഥാപനത്തിന് വേണ്ടിയത്രേ ഫൂലെയുടെ വീക്ഷണത്തില്‍ മുസ്‌ലിംകള്‍ നിലകൊള്ളുന്നത് അഥവാ നിലകൊള്ളേണ്ടത്.

ആര്യസമാജം
1875ൽ മുംബൈയിലെ ഗിർഗാവിലാണ് സ്വാമി ദയാനന്ദ സരസ്വതി ആര്യസമാജ് സ്ഥാപിച്ചത്. സമാജിന്റെ പ്രധാന ഉദ്ദേശ്യങ്ങളിലൊന്ന് മറ്റു മതങ്ങളിലേക്കുള്ള ഹിന്ദുക്കളുടെ മാറ്റം തടയുക എന്നതായിരുന്നു എന്ന് വിലയിരുത്തപ്പെടുന്നു. എന്തായാലും ഇതരമതങ്ങള്‍ക്കെതിരെ ശക്തമായ പ്രചാരണം ആര്യസമാജം നടത്തിയിരുന്നു. ഇതാകട്ടെ, കടുത്ത മതസ്പര്‍ദ്ധ വളരാന്‍ കാരണമായിട്ടും ഉണ്ട്.

സത്യാര്‍ത്ഥപ്രകാശം എന്ന തന്റെ കൃതിയില്‍ ദയാനന്ദ സരസ്വതി ഇസ്‌ലാം, ക്രിസ്തുമതം, സിഖ് മതം, ജൈനമതം, ബുദ്ധമതം എന്നീ മതങ്ങളെ വിലയിരുത്തുന്നുണ്ട്. ക്രൂരവും അധാര്‍മികവും എന്ന് ഇസ്‌ലാമിനെയും ക്രിസ്തുമതത്തെയും ആക്ഷേപിക്കുന്ന ദയാനന്ദന്‍ സിഖ് മതത്തെ വിവരം കെട്ടതെന്നും ജൈനമതത്തെ ഭയാനകം എന്നും വിശേഷിപ്പിക്കുന്നു. ബുദ്ധമതം ആന്റി വേദിക്കും എതീസ്റ്റിക്കുമാണ് ദയാനന്ദന്റെ കാഴ്ചപ്പാടില്‍.

ദയാനന്ദ സരസ്വതി

മതപരിഷ്‌കരണവുമായി ബന്ധപ്പെട്ട ആര്യസമാജത്തിന്റെ പ്രബോധനങ്ങളും പ്രവര്‍ത്തനങ്ങളും മനുഷ്യത്വ വിരുദ്ധവും അനാരോഗ്യകരവുമായ പല സാമൂഹിക പ്രവണതകള്‍ക്കുമെതിരെ കലാപമുയര്‍ത്തി എന്ന കാര്യം സമ്മതിക്കുമ്പോഴും അതിന്റെ മതനിലപാടുകള്‍, ഇവിടുത്തെ വ്യത്യസ്ത മതവിശ്വാസികളില്‍ ദേശീയബോധവും സ്വാതന്ത്ര്യവാഞ്ഛയും ഉണര്‍ത്തി ഏകോപിപ്പിക്കാനുള്ള, കോണ്‍ഗ്രസ്സിന്റെ ശ്രമങ്ങള്‍ക്ക് പ്രതിബന്ധം സൃഷ്ടിച്ചു എന്നത് പറയാതിരിക്കാനാവില്ല. അതായത് ദേശീയ ഐക്യത്തിന് ആര്യസമാജം തടസ്സമായിരുന്നു.

വേദസംഹിതകളില്‍ ഊന്നിയ ദയാനന്ദന്‍ വേദവ്യാഖ്യാനത്തില്‍ ബ്രാഹ്മണര്‍ക്കുള്ള അധികാരത്തെ ചോദ്യം ചെയ്തു. വേദങ്ങള്‍ വെളിപാടുകളിലൂടെ ലഭിച്ചതാണെങ്കിലും ഓരോ മനുഷ്യനും യുക്തിയുടെ അടിസ്ഥാനത്തില്‍ അതിനെ വ്യാഖ്യാനിക്കുകയാണ് വേണ്ടത് എന്നായിരുന്നു ദയാനന്ദന്റെ വാദം. സ്വാര്‍ത്ഥരും അജ്ഞാനികളുമായ ബ്രാഹ്മണപുരോഹിതന്മാര്‍ സമൂഹത്തെ ദുഷിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച ദയാനന്ദന്‍, ജാതിശ്രേണിയെയും ബ്രാഹ്മണരുടെ ആധികാരികതയെയും അവജ്ഞയോടെ തള്ളിക്കളഞ്ഞു.

വിവേകാനന്ദനും ശ്രീരാമകൃഷ്ണമിഷനും
സ്വാമി വിവേകാനന്ദൻ ജനിച്ചതും ശ്രീരാമകൃഷ്ണ മിഷനും മഠവും സ്ഥാപിച്ചതുമെല്ലാം ബംഗാളിലെ കൊൽക്കത്തയിലാണ്. വിവേകാനന്ദന്റെ പ്രവര്‍ത്തനങ്ങളില്‍ ജാതീയത മുഖ്യവിഷയമാകുന്നില്ലെങ്കിലും ജാതിവിവേചനങ്ങളെ അദ്ദേഹം ശക്തമായി എതിര്‍ത്തിരുന്നു എന്നതില്‍ സംശയമില്ല. ഒരു പ്രഭാഷണത്തില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു: “നമ്മുടെ ആത്മീയത ഇപ്പോള്‍ അടുക്കളയില്‍ ചുരുങ്ങുമോ എന്ന ഒരു ഭീഷണിയുണ്ട്. ഇപ്പോള്‍ നമ്മില്‍ മിക്കവരും വേദാന്തികളോ പുരാണികരോ താന്ത്രികരോ അല്ല. തൊടരുത്, തൊടരുത് എന്ന് പറയുന്നവര്‍ മാത്രമാണ് നാം. നമ്മുടെ ആത്മീയത അടുക്കളയിലും ദൈവം പാചകപാത്രങ്ങളിലുമാണ്. മന്ത്രമാകട്ടെ, എന്നെ തൊടരരുത്, ഞാന്‍ ശുദ്ധിയുള്ളവനാണ് എന്നതും. ഒരു നൂറ്റാണ്ട് ഇങ്ങനെത്തന്നെ മുന്നോട്ട് പോവുകയാണെങ്കില്‍ നാമോരോരുത്തരും ഓരോ ഭ്രാന്താലയമായിത്തീരും.”

ശുദ്ധാശുദ്ധസങ്കല്‍പത്തെത്തന്നെയാണ് വിവേകാനന്ദനും ഇവിടെ ചോദ്യം ചെയ്യുന്നത്.

അനിൽ വർധന്റെ പെയിന്റിങ്

മുകളില്‍ വിവരിച്ചവരില്‍ ജ്യോതിറാവു ഫൂലെയുടെ പ്രസ്ഥാനത്തെ വ്യത്യസ്തമാക്കുന്നത് അത് അധഃസ്ഥിതരില്‍ നിന്ന് തന്നെ ഉയര്‍ന്നു വന്ന ശബ്ദമായിരുന്നു എന്നതാണ്. അദ്ദേഹത്തെ ഗുരുവും വഴികാട്ടിയുമായി സ്വീകരിച്ചു കൊണ്ട് രംഗത്ത് വന്ന, അടിച്ചമര്‍ത്തപ്പെട്ടവരുടെ പോരാട്ടത്തിന്റെ എക്കാലത്തെയും ഏറ്റവും വലിയ മാതൃകകളിലൊന്നായ ഡോ. ഭീംറാവ് റാംജി അംബേദ്കറാകട്ടെ, മഹാരാഷ്ട്രയിലെത്തന്നെ മറ്റൊരു അധഃകൃത സമൂഹമായ മഹര്‍ സമുദായത്തിലാണ് ജനിച്ചത്. തീക്ഷ്ണമായ അനുഭവങ്ങളില്‍ നിന്നും ഉയിര്‍ കൊണ്ട തീവ്രമായ പോരാട്ടമായിരുന്നു അംബേദ്കറുടേത്.

____________________________ (തുടരും)

7 thoughts on “ദലിതം

  1. Tarabai Shinde, contemporary of Jyotirao Phule and Savitribai Phule was an equally important social reformer, probably the first feminine voice against suppression and oppression of women in Hindu scriptures. She is known to have quoted many incidents and instances from Hindu Mythology and Scriptures that glorified ill-treatment of women. She too is, by all means, eligible for a mention in such articles that emerge from deep research and understanding.
    The article series is quite interesting. Your efforts to remain just to evidences and historical facts are appreciable.

    Like

  2. നായൻമാർ ആദ്യം ഇന്ത്യയിലേക്ക് കടന്നുവന്ന ആര്യൻമാർ തന്നെയാണെന്നാണ് പറയപ്പെടുന്നത്..അത് കൊണ്ടുതന്നെയാണവർക്ക് ശുദ്രരിൽ ഉയർന്നവരെന്ന സ്ഥാനം ലഭിക്കുന്നതും.ജാതി വിവേചനത്തെ ശക്തമായി എതിർക്കുമ്പോഴും കായീക ബൗദ്ധീക പ്രായോഗീക ജീവിതത്തിൽ ജനുസിനു പങ്കുണ്ടോ പലപ്പോഴും തോന്നിയിട്ടുണ്ട്.

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s