ലിംഗായതവും ബ്രഹ്മധർമവും

മുഹമ്മദ് ശമീം

ജാതിയും ജാതിവിരുദ്ധസമരങ്ങളും – മൂന്ന്

മുൻ ലേഖനങ്ങൾ
1) ജാതിയുടെ ജാതകം
2) തത്ത്വമസി

ജാതിയും ജാതീയതയും ആഴത്തില്‍ വേരൂന്നിയ ഒന്നാണ് ഇന്ത്യൻ ജീവിതം. അതുകൊണ്ടുതന്നെ ഇന്ത്യയിലെ സാമൂഹ്യപ്രസ്ഥാനങ്ങൾ ജാതിയുമായി ബന്ധപ്പെട്ട് നിലപാട് സ്വീകരിക്കാൻ നിർബ്ബന്ധിതരായിട്ടുണ്ട്. ചില നവോത്ഥാന മുന്നേറ്റങ്ങളാകട്ടെ ജാതീയതക്കും ജാതിനിയമങ്ങൾക്കുമെതിരെ ശക്തമായ പോരാട്ടങ്ങളിലും ഏർപ്പെട്ടു. ബംഗാൾ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് മതനവോത്ഥാനകാലത്ത് ഏറ്റവും ശക്തമായ ജാതിവിരുദ്ധ മുന്നേറ്റങ്ങളുണ്ടായത്. മഹാരാഷ്ട്രയിൽ ഡോ. അംബേദ്കറുടെ പോരാട്ടങ്ങൾ അധഃസ്ഥിതർക്ക് പുതിയ ഉണർവും അന്തസ്സും നേടിക്കൊടുത്തു.

അംബേദ്കറിന് മുമ്പുള്ള ചില സാമൂഹ്യ, മത നവോത്ഥാന സംരംഭങ്ങളെ ലഘുവായി അവലോകനം ചെയ്യാനാണ് ഈ പ്രബന്ധത്തിൽ ശ്രമിക്കുന്നത്.

നവോത്ഥാനം
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലും ഇന്ത്യയിൽ ധാരാളം മതപരിഷ്‌കരണസംരംഭങ്ങളുണ്ടായി. ആധുനികലോകത്തിന്റെ ആവശ്യങ്ങൾ, ജനാധിപത്യം, ശാസ്ത്രം എന്നിവയെ മുന്‍നിർത്തി സമൂഹത്തെ പരിഷ്‌കരിക്കണമെന്ന ഉദ്വേഗത്തോടെ ഹിന്ദു, മുസ്ലിം സമൂഹങ്ങളിൽ പരിവര്‍ത്തനങ്ങൾക്കായി ഒട്ടേറെ സംരംഭങ്ങൾ ഉണ്ടായിട്ടുണ്ട്. ഇന്ത്യൻ സമൂഹത്തിൽ മതം ജീവിതത്തിന്റെ ഒരു അടിസ്ഥാന ഘടകമായിരുന്നു ഏത് കാലത്തും. അതിനാൽ,

ഒന്നാമതായും മതത്തിന്റെ സ്വാധീനത്തെയും സാന്നിധ്യത്തെയും അവഗണിച്ചു കൊണ്ടുള്ള ഏതൊരു സാമൂഹികരാഷ്ട്രീയ സംരംഭവും അസാധ്യമായിത്തീർന്നു.
രണ്ടാമതായി, ഒന്നാമത് പറഞ്ഞ കാരണത്താൽ സാമൂഹികപരിഷ്‌കരണം സാധ്യമാകാൻ മതപരിഷ്‌കരണം കൂടി അനിവാര്യമായിത്തീർന്നു.
അങ്ങനെ മതങ്ങളുടെ അടിസ്ഥാനങ്ങളോട് സത്യസന്ധരായിക്കൊണ്ടു തന്നെ ആധുനിക ലോകത്തിന്റെ ആവശ്യങ്ങൾക്കനുസൃതമായി മതത്തെ പുനക്രമീകരിക്കാനുള്ള പരിശ്രമങ്ങളുണ്ടായി. രാജാറാം മോഹൻറോയിയും വിവേകാനന്ദനും മുതൽ സർ സയ്യിദ് അഹമ്മദ് ഖാനും ഇഖ്ബാലും വരെയുള്ളവരുടെ പ്രവർത്തനങ്ങൾ ഇപ്രകാരമാണ് വിലയിരുത്തപ്പെടുന്നത്.

ഹിന്ദുമതപരിഷ്‌കരണം ഒരവലോകനം
ബിംബാരാധന ഉൾപ്പെടെയുള്ള അനുഷ്ഠാനരീതികളോടുള്ള വിയോജിപ്പ്, അനാചാരങ്ങളോടുള്ള തീവ്രമായ എതിർപ്പ്, ജാതിമേധാവിത്വത്തിനെതിരെയുള്ള തീവ്രമായ കലാപം തുടങ്ങിയവയെ ഹിന്ദുമതപരിഷ്‌കരണസംരംഭങ്ങളുടെ പൊതുസവിശേഷതകളായി എടുക്കാം. ചില പ്രസ്ഥാനങ്ങൾ ലിംഗപദവിയും പരിഗണനയുമായി ബന്ധപ്പെട്ട പരമ്പരാഗത വിശ്വാസങ്ങളോടും ആചാരങ്ങളോടും കൂടി ശക്തമായി കലഹിച്ചു. പ്രധാനപ്പെട്ട സംരംഭങ്ങളെല്ലാം ഏകദൈവവിശ്വാസത്തെ അംഗീകരിക്കുന്നവയായിരുന്നു. മറ്റുചില പ്രസ്ഥാനങ്ങളാകട്ടെ, അദ്വൈതം പോലുള്ള ഏകതത്വവാദ ദർശനങ്ങളുടെ ആധാരത്തിലും നിലയുറപ്പിച്ചു.

ബസവരാജൻ

ഭക്തിപ്രസ്ഥാനം
ആധുനിക ഇന്ത്യൻ നവോത്ഥാന പ്രസ്ഥാനത്തിന്റെ പിതൃത്വം കൽപിക്കപ്പെട്ടിട്ടുള്ളത് റാം മോഹന്‍ റോയിക്കും ബ്രഹ്മസമാജത്തിനുമാണെങ്കിലും പന്ത്രണ്ടാം നൂറ്റാണ്ടിൽ ദക്ഷിണേന്ത്യയിൽ ജന്മമെടുത്ത് ഉത്തരേന്ത്യയിലേക്ക് വ്യാപിച്ച ഭക്തിപ്രസ്ഥാനമാണ് ആധുനിക മത സാമൂഹിക നവോത്ഥാനത്തിന്റെ യഥാർത്ഥനാന്ദി. ദക്ഷിണേന്ത്യയിൽ വൈഷ്ണവ സംന്യാസിമാരായ ആഴ്‌വാർമാരും ശൈവസ്തുതികളാലപിച്ചിരുന്ന നായനാർമാരുമാണ് ഇതിന്റെ അഗ്രിമസ്ഥാനത്തുള്ളത്. CE 1131ൽ കർണാടകയിലെ ബീജാപ്പൂരിൽ ജനിച്ച, ബസവേശ്വരൻ എന്നും ബസവണ്ണ എന്നും അറിയപ്പെട്ട, ബസവരാജനിൽ നിന്നാണ് ഭക്തിപ്രസ്ഥാനത്തിന് നാന്ദി കുറിക്കുന്നത്. ബ്രാഹ്‌മണകുടുംബത്തിൽ ജനിച്ച് കല്യാണിലെ പ്രധാനമന്ത്രി പദത്തിൽ വരെ എത്തിയ ശേഷം ഭക്തിമാർഗത്തിലേക്ക് തിരിഞ്ഞ ബസവരാജൻ വീരശൈവം എന്ന പ്രസ്ഥാനം സ്ഥാപിച്ചു.

ആചാരാധിപത്യത്തെയും (ritualocracy) അതുവഴി ബ്രാഹ്‌മണരുടെ ആത്മീയമായ കര്‍തൃത്വത്തെയും സമ്പൂര്‍ണമായും നിരാകരിച്ചു കൊണ്ടാണ് ശ്രേണീബദ്ധ ജാതിവ്യവസ്ഥയ്‌ക്കെതിരായ തന്റെ പോരാട്ടത്തെ ബസവണ്ണ ശക്തിപ്പെടുത്തിയത്. ഏത് ജാതിയിലെയും ഏത് മനുഷ്യനും നേരിട്ട് തന്നെ ദൈവത്തിലേക്ക് അടുക്കാന്‍ പറ്റും എന്ന പ്രഖ്യാപനവുമായി അദ്ദേഹം അന്നത്തെ ബ്രാഹ്‌മണ മേല്‍ക്കോയ്മയെ പിടിച്ചു കുലുക്കി. ശിവാനുഭവമണ്ഡലം സ്ഥാപിച്ച ബസവണ്ണ, മന്ത്രിയും ജാതിയില്‍ ബ്രാഹ്മണനുമായ സകലേശമധുവരസയോടൊപ്പം തൂപ്പുകാരി സത്യക്ക തുടങ്ങിയവരെയും അതില്‍ തുല്യസ്ഥാനമുള്ള അംഗങ്ങളാക്കി. മാത്രവുമല്ല, മധുവരസയുടെ മകളായ ലാവണ്യ എന്ന ബ്രാഹ്മണകന്യകയെ അവര്‍ണനും ചെരുപ്പുകുത്തിയുമായ ശിലവന്തയ്ക്ക് വിവാഹം കഴിച്ചുകൊടുക്കുകയും ചെയ്തു.

അയിത്തവും തീണ്ടലും മുതൽ വേദപ്രാമാണ്യത്തെ വരെ ബസവണ്ണ വെല്ലുവിളിച്ചു. പിൽക്കാലത്ത് വേറിട്ടൊരു ജാതിയായി മാറിയെങ്കിലും വീരശൈവന്മാർ അഥവാ ലിംഗായത്തുകൾ ഇന്നും അനുഷ്ഠാനപരമായ ഒരാധിപത്യത്തെയും അംഗീകരിക്കുകയോ അയിത്താചാരങ്ങൾ അനുവർത്തിക്കുകയോ ചെയ്യുന്നില്ല.

ലിംഗായത്തുകൾ ശരീരത്തിലണിയുന്ന ഇഷ്ടലിംഗപേടകം

സമ്പന്ന ബ്രാഹ്മണർ സ്വത്ത് കൂട്ടിവെക്കുന്നത് നിമിത്തമുണ്ടാകുന്ന സാമൂഹികാസമത്വത്തെ മറികടക്കാൻ ബസവണ്ണ ജാതിഭേദമെന്യേ എല്ലാവരെയും ചേർത്തുകൊണ്ട് കർഷകകൂട്ടായ്മ രൂപീകരിക്കുകയും കൂട്ടുകൃഷി സമ്പ്രദായത്തിന് തുടക്കം കുറിക്കുകയും ചെയ്തു.

ബസവേശ്വരൻ ഇന്നും ജീവിച്ചിരുന്നെങ്കിൽ ജാതിവ്യവസ്ഥ പൂർണമായും അപ്രത്യക്ഷമാകുമായിരുന്നു എന്ന് ഗാന്ധിജി പറഞ്ഞത് ശ്രദ്ധേയമാണ്. ജാതിവ്യവസ്ഥയുമായി ബന്ധപ്പെട്ട, മുൻകാലത്തെ തന്റെ തന്നെ ചില വീക്ഷണങ്ങളെ തിരുത്തുക കൂടിയായിരുന്നു ഇതിലൂടെ ഗാന്ധി.

ലിംഗാവന്ത എന്ന കന്നഡ പദമാണ് ലിംഗായത്ത് ആയത്. ഇഷ്ടലിംഗം ധരിക്കുന്നയാളെയാണ് ലിംഗാവന്ത എന്ന് പറയുക. ലിംഗവാഹകർ എന്ന് ഈ പദത്തെ വിശദീകരിക്കാം. ലിംഗായത്തുകൾ പ്രായ, ലിംഗവ്യത്യാസമെന്യേ ഒരു ചെറിയ ശിവലിംഗരൂപം ഒരു കൊച്ചുപേടകത്തിലാക്കി കഴുത്തിലണിയുന്നു. ശൈവപാരമ്പര്യത്തിലെ ലിംഗാരാധനയുമായാണ് ഇതിന് ബന്ധമെങ്കിലും ലിംഗരൂപം ഉണ്മയുടെയും അസ്തിത്വത്തിന്റെയും പ്രതീകമാണ്. ലിംഗം എന്ന പദത്തിന് തന്നെയും ഈ അർത്ഥങ്ങളുണ്ട്. ഇഷ്ടലിംഗം എന്നാണ് ലിംഗായത്തുകൾ ഇതിനെ വിളിക്കുന്നത്. ശിവലിംഗം ശരീരത്തിൽ ധരിക്കുക എന്നത് ഇവരുടെ പ്രധാന ആചാരമാണ്. ലിംഗധാരണാദീക്ഷ എന്നും ഇഷ്ടലിംഗധാരണം എന്നുമൊക്കെ ഈ ആചാരത്തെ വിളിക്കാറുണ്ട്. കഴുത്തിലണിയുന്ന ഈ ശിവലിംഗരൂപത്തെ ഇടതുകൈവെള്ളയിൽ പിടിച്ച് ആർക്കും ഏത് നേരത്തും പൂജയും പ്രാർത്ഥനയും നിര്‍വഹിക്കാം. അതിന് ഒരു പുരോഹിതന്റെയോ മധ്യവർത്തിയുടെയോ യാതൊരാവശ്യവുമില്ല എന്നതാണ് ബസവണ്ണയുടെ അധ്യാപനങ്ങളുടെ മുഖ്യതത്വം. അതായത്, പൗരോഹിത്യം എന്ന സ്ഥാനത്തെയും പദവിയെയും ലിംഗായത്തുകൾ ഒരു നിലക്കും അംഗീകരിക്കുന്നില്ല. തുല്യസ്ഥാനമുള്ളവരാണ് എല്ലാ ഉപാസകരും.

“കായകവെ കൈലാസ” (അധ്വാനമാണ് പരമോൽകൃഷ്ടപദം) എന്ന മുദ്രാവാക്യത്തിന് പ്രാധാന്യം നല്‍കിയ ബസവേശ്വരന്റെയും വീരശൈവന്മാരുടെയും പ്രധാനസിദ്ധാന്തം തന്നെ കായകസിദ്ധാന്തം (കർമസിദ്ധാന്തം) എന്നറിയപ്പെടുന്നു. ഇത് തൊഴിലിന് ഉച്ചനീചഭേദങ്ങളില്ല എന്ന് പഠിപ്പിക്കുന്നതോടൊപ്പം സംന്യാസിമാർ അടക്കം എല്ലാവരും തൊഴിൽ ചെയ്തു തന്നെ ഉപജീവനം കണ്ടെത്തണം എന്ന് കൽപിക്കുകയും ചെയ്യുന്നു.

കായകവേ കൈലാസ

കർണാടകയിൽ ഇന്നും നിലനിൽക്കുന്ന വീരശൈവ (ലിംഗായത്ത്) പ്രസ്ഥാനം തങ്ങളെ ഹിന്ദുമതത്തിന്റെ ഭാഗമായി കാണരുതെന്നും വേറിട്ടൊരു മതമായി അംഗീകരിക്കണമെന്നും ആവശ്യപ്പെടുന്നു. ഭക്തിപ്രസ്ഥാനത്തിന്റെ തുടർന്നുള്ള ആചാര്യന്മാരായിരുന്ന ജ്ഞാനേശ്വരൻ, സന്ത് തുക്കാറാം, സൂർദാസ്, കബീർദാസ്, നാനക്ക് തുടങ്ങിയവരും ജാതിയെ ചെറുക്കാനാണ് കൂടുതലും പരിശ്രമിച്ചിരുന്നതെന്നതും ശ്രദ്ധേയമാണ്.

റാം മോഹൻ റോയിയും ബ്രഹ്മസമാജവും
ബംഗാളിലെ രാജാറാം മോഹൻ റോയി ബഹുഭാഷകളിലും ബഹു മതങ്ങളിലും അഗാധവ്യുൽപത്തി നേടിയതിനു ശേഷം 1815ൽ ആത്മീയസഭയും 1826ൽ ബ്രഹ്മൊസഭയും സ്ഥാപിച്ചു. ബ്രഹ്മൊസഭ 1828ൽ ബ്രഹ്മസമാജം (ബ്രഹ്മൊസമാജ്/ Brahmo Samaj) എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. റാം മോഹൻ റോയിക്ക് പുറമെ ദ്വാരകാനാഥ് ടാഗോർ, ദ്വാരകാനാഥിന്റെ പുത്രൻ ദേബേന്ദ്രനാഥ് ടാഗോർ എന്നിവരായിരുന്നു ബ്രഹ്മൊസമാജിന്റെ പ്രധാനാചാര്യന്മാർ.

“The Wife Burning Herself with Some of her Husband’s Property”, etching by Solvyng 1799

തന്റെ സഹോദരനായ ജഗൻ മോഹന്റെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ വിധവ അലോക മഞ്ജരി സതി അനുഷ്ഠിക്കാൻ നിർബ്ബന്ധിതയായതിന്റെ ദുരന്തസ്മരണയാണ് റാം മോഹൻ റോയിയെ പരിഷ്‌കരണസംരംഭത്തിലേക്ക് വഴി തിരിക്കുന്നത്. ഒരുപക്ഷേ സതി അനുഷ്ഠിക്കുന്നതിൽ നിന്ന് ഏതെങ്കിലും വിധേന രക്ഷ പ്രാപിച്ചാൽപ്പോലും വിധവകളുടെ തുടർജീവിതം മരണത്തെക്കാൾ ഭീകരമായിരുന്നു. സതി ആചാരത്തോടൊപ്പം ശൈശവ വിവാഹം, പെൺശിശുഹത്യ തുടങ്ങിയ സമ്പ്രദായങ്ങളും നിലനിന്നു. വേദോപനിഷത്തുകൾ ഉദ്ധരിച്ച് ഇതിനെല്ലാം എതിരെ ശബ്ദമുയർത്തിയ റാം മോഹൻ റോയിയുടെ ശ്രമഫലമായി അന്നത്തെ ബ്രിട്ടീഷ് ഇന്ത്യൻ ഗവര്‍ണർ ജനറൽ വില്യം ബെന്‍ടിക് സതി നിരോധിച്ച് ഉത്തരവിറക്കി.

റാം മോഹൻ റോയിക്ക് ശേഷം ദേബേന്ദ്രനാഥ് ടാഗോറും പിന്നീട് കേശബ് ചന്ദ്ര സെന്നും മുന്നോട്ടുകൊണ്ടു പോയ ബ്രഹ്മസമാജം ഒരിക്കലും തെറ്റാത്ത പ്രമാണമാണ് വേദങ്ങൾ എന്ന വിശ്വാസത്തെ തള്ളിക്കളയുകയും ദുരാചാരമുക്തമായ ഏകദൈവാരാധനയിലും യുക്തിയിലും അധിഷ്ഠിതമായി ഹിന്ദുമതത്തെ പരിഷ്‌കരിക്കാൻ ശ്രമിക്കുകയും ചെയ്തു. ബസവേശ്വരനെയും ഭക്തിപ്രസ്ഥാനാചാര്യന്മാരെയും പോലെ അനുഷ്ഠാനപരമായ മേൽക്കോയ്മയെ ചെറുത്തു കൊണ്ടു തന്നെയാണ് ബ്രാഹ്‌മണാധിപത്യത്തെ തകർക്കാൻ ബ്രഹ്‌മസമാജക്കാരും ശ്രമിച്ചത്. വിഗ്രഹാരാധന, ജാതിവ്യവസ്ഥ തുടങ്ങി ബ്രാഹ്‌മണരുടെ അധീശത്വം ഉറപ്പു വരുത്തുന്ന ആചാരങ്ങളെയും സമ്പ്രദായങ്ങളെയും മുഴുവനായും അവർ നിരാകരിച്ചു.

രാജാ റാം മോഹൻ റോയി

നിഷ്കൃഷ്ടമായ ഏകദൈവത്വ സിദ്ധാന്തമാണ് റാം മോഹൻ റോയിയുടെയും ബ്രഹ്മൊ സമാജിന്റെയും ആദർശാടിത്തറ. റാം മോഹൻ റോയിയുടെ ബഹുഭാഷാ, ബഹുമത പരിജ്ഞാനം അദ്വിതീയമാണ്. ഇസ്ലാമിനെ ആഴത്തിൽ അറിയാനും ഉൾക്കൊള്ളാനും ശ്രമിച്ചിട്ടുള്ള ഒരാളാണ് അദ്ദേഹം എന്നാണ് മനസ്സിലാവുന്നത്.

1809ൽ അദ്ദേഹം തുഹ്ഫതുൽ മുവഹ്ഹിദീൻ (A Gift to the Monotheists) എന്ന ഒരു പുസ്തകം രചിച്ചു. പാർസി ഭാഷയിൽ എഴുതപ്പെട്ട ഒരു ലഘുകൃതി. ആമുഖമായി ഗ്രന്ഥത്തിന്റെ ഉള്ളടക്കം റാം മോഹൻ റോയി തന്നെ അറബിയിൽ സംഗ്രഹിച്ച് ചേർത്തിട്ടുമുണ്ട്. ക്ഷേത്രോപാസനയെയും ബിംബപൂജയെയും അനാചാരങ്ങളെയും അതിശക്തമായി എതിർക്കുന്ന റാം മോഹൻ റോയി ദൈവത്തിന്റെ ഏകത്വം എന്ന തത്വത്തിന്റെ ആധാരത്തിൽ ഒരു സാർവലൌകിക മതാടിത്തറ (common religious foundation) നിർമിക്കാനുള്ള തന്റെ ശ്രമത്തെയാണ് തുഹ്ഫതുൽ മുവഹ്ഹിദീൻ എന്ന പുസ്തകത്തിലൂടെ അടയാളപ്പെടുത്തുന്നത്. ഒപ്പം ജാതീയവും വംശപരവുമായ എല്ലാത്തരം മേൽക്കോയ്മകളെയും അതിശക്തമായി നിരാകരിക്കുകയും ചെയ്യുന്നു.

ഒരു പരമ്പരാഗത സമൂഹം എന്ന നിലക്ക് ഹിന്ദുമതത്തിന്റെ മേന്മകളെക്കുറിച്ച എല്ലാത്തരം അവകാശവാദങ്ങളെയും ചോദ്യം ചെയ്തുകൊണ്ടാണ് തുഹ്ഫ ആരംഭിക്കുന്നത് തന്നെ എന്നത് കൗതുകകരമാണ്.

അതേസമയം തന്നെ ആര്യന്മാരുടെ വംശീയ മേന്മ എന്ന ആശയത്തിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന വംശീയവാദിയായ കേശബ് ചന്ദ്ര സെൻ അധികം താമസിയാതെ റാം മോഹൻ റോയിയുടെ സാർവലൌകിക മതം എന്ന ആശയത്തിൽ നിന്നും പിൻമാറി. 1866ൽ സെൻ ഭാരതവർഷീയ ബ്രഹ്മസമാജം (Bharatvarshiya Brahmo Samaj) സ്ഥാപിക്കുകയും ചെയ്തു. ഇന്തോ-യൂറോപ്യര്‍ എന്ന നിലക്ക് ഇംഗ്ലീഷുകാര്‍ ആര്യന്മാരുടെ ബന്ധുക്കളാണെന്ന് പോലും പോലും അദ്ദേഹം പ്രസ്താവിച്ചതായി കാണാം.

ബ്രഹ്മസമാജത്തിന്റെ ലോഗോ

അനുരഞ്ജനമില്ലാത്ത മാനവികവാദിയായ (humamist, universalist internationalist, ardent anti-nationalist എന്നെല്ലാം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്) രബീന്ദ്രനാഥ് ടാഗോർ (ദേബേന്ദ്രനാഥ ടാഗോറിന്റെ മകൻ) വംശീയൗന്നത്യം, ദേശീയമഹത്വം തുടങ്ങിയ വാദഗതികളെ തീർത്തും തള്ളിക്കളഞ്ഞ് വിശാലമാനവികതയുടെ ആധാരത്തിൽ ജാതീയതക്കെതിരെ പോരാടി. ഏറ്റവും അപകടകരമായ പ്രവണതകളായാണ് അദ്ദേഹം വംശീയതയെയും ദേശീയതയെയും കണ്ടിരുന്നത് എന്നതും പ്രസ്താവ്യമാണ്.

_______________________ (തുടരും)

6 thoughts on “ലിംഗായതവും ബ്രഹ്മധർമവും

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s