അത്യസാധാരാണമായ ഒരു കഥ

മുഹമ്മദ് ശമീം

ഞാനൊരിത്തിരി താമസിച്ചുപോയി. ഒരു സ്ട്രീറ്റ് കാറിന് വേണ്ടി കാത്തുനിൽക്കുകയായിരുന്നു.

ജോൺ സ്‌മോതേർസ് പറഞ്ഞതങ്ങനെയാണ്. ഇത്തിരി താമസിച്ചുപോയി. I was a little late, as I waited for a street car.

ഒരിത്തിരിയേ താമസിച്ചു പോയുള്ളൂ പോലും.

ഓസ്റ്റിൻ നഗരത്തിന്റെ വടക്ക് ഭാഗത്താണ് സ്‌മോതേർസ് കുടുംബം താമസിക്കുന്നത്. ടാക്‌സസ് (Texas) സ്റ്റേറ്റിലെ ഏറ്റവും പ്രധാനപ്പെട്ട സിറ്റിയാണത്. ജോൺ സ്‌മോതേർസ്, അയാളുടെ ഭാര്യ, അഞ്ച് വയസ്സായ ഒരു കുഞ്ഞുമോൾ.

aaa

മോൾക്ക് കോളിക് പിടിപെട്ടതിനെത്തുടർന്ന് മരുന്ന് വാങ്ങാൻ വേണ്ടിയാണ് ജോൺ സ്‌മോതേർസ് പുറത്തേക്ക് പോയത്. പിന്നെ തിരിച്ചുവന്നില്ല. ജോണിന്റെ തിരോധാനത്തിൽ ഒരുപാട് ദുഃഖിച്ചെങ്കിലും കാലം കുറച്ച് കടന്നുപോയതോടെ അയാളുടെ ഭാര്യ മറ്റൊരു വിവാഹം കഴിച്ച് സാൻ അന്റോണിയോയിൽ താമസമാക്കി.

കുഞ്ഞുമോൾ അപ്പോഴേക്കും വളർന്ന് യുവതിയായിക്കഴിഞ്ഞിരുന്നു. അവളെ വിവാഹം കഴിച്ചതാകട്ടെ, മറ്റൊരു ജോൺ, ജോൺ സ്മിത്ത്. അവർക്കും ഒരു മകൾ പിറന്നു. പിതാവിനൊപ്പം താമസിച്ചിരുന്ന, ഓസ്റ്റിനിലെ വീട്ടിൽത്തന്നെയായിരുന്നു അവർ കഴിഞ്ഞു കൂടിയത്.

പാൻസിക്ക് അഞ്ച് വയസ്സായപ്പോൾ, ഒരു ദിവസം അവൾക്കും വന്നു ഉദരശൂല. മരുന്ന് വാങ്ങാൻ പുറപ്പെടാനൊരുങ്ങി ജോൺ. പക്ഷേ, ഭാര്യ വിട്ടില്ല. അവൾ ഭയന്നു. എന്തെന്നാൽ അച്ഛൻ ജോൺ സ്‌മോതേർസ് മരുന്ന് വാങ്ങാൻ പുറപ്പെട്ടുപോയതിന്റെ വാർഷികദിനമായിരുന്നു അന്ന്. പക്ഷേ, പാൻസിയുടെ കോളിക് കൂടിക്കൂടി വന്നു. വേദനയിൽ അവൾ പുളഞ്ഞു. മിസ്സിസ് ജോൺ സ്മിത് ആകെ ധർമസങ്കടത്തിലായി. ഈ ദിനം പുറപ്പെട്ടു പോയ അച്ഛനെക്കുറിച്ച ഓർമ, ആ ഓർമയിൽ ഭർത്താവിനെ പുറത്തേക്ക് വിടാൻ പേടി. ഒപ്പം വേദനിച്ച് കരയുന്ന കൊച്ചു മകളും.

അന്നേരം വാതിൽ തള്ളിത്തുറന്ന് ഒരാൾ അകത്തേക്ക് കടന്നു വന്നു. നരച്ചു വെളുത്ത മുടിയുള്ള, അൽപം കുനിഞ്ഞുനടക്കുന്ന ഒരു വൃദ്ധൻ. അയാളുടെ കൈയിൽ മരുന്ന് കുപ്പി.

‘ഹായ്..! മുത്തച്ഛൻ..!’
ജോൺ സ്‌മോതേർസിനെ ആദ്യം തിരിച്ചറിഞ്ഞത് അയാളെ ഇതുവരെ കണ്ടിട്ടില്ലാത്ത പേരക്കിടാവ് പാൻസിയാണ്. അയാളാകട്ടെ, തന്റെ കൈയിലുള്ള മരുന്ന് ഒരു ടീസ്പൂണിലൊഴിച്ച് പാൻസിയുടെ വായിലേക്ക് പകർന്നു. വളരെപ്പെട്ടെന്ന് തന്നെ അവളുടെ അസുഖം മാറുകയും ചെയ്തു.

aaaa

‘ക്ഷമിക്കണം’, സ്‌മോതേർസ് പറഞ്ഞു തുടങ്ങി: ‘ഞാനൊരിത്തിരി താമസിച്ചുപോയി. ഒരു സ്ട്രീറ്റ് കാറിന് വേണ്ടി കാത്തുനില്‍ക്കുകയായിരുന്നു’.

ഒ ഹെൻറിയുടെ പല കഥകളുമെന്ന പോലെ plot twistന്റെ ഒരു ഉത്തമമാതൃകയാണ് ഈ കഥയും. തലമുറകളുടെ കഥ, ബന്ധത്തിന്റെയും സ്നേഹത്തിന്റെയും അതിബൃഹത്തായ ഒരാഖ്യാനം, എങ്ങനെയാണ് ഇപ്രകാരമൊരു ചെറു, ചെറുകഥയിലേക്ക് സംക്ഷേപിച്ചത് എന്നതും ഒരദ്ഭുതം തന്നെയാണ്.

ഓസ്റ്റിൻ നഗരത്തിലെ ഗതാഗതക്കുരുക്കിനെയും സ്ട്രീറ്റ് കാർ, ടാക്സി സംവിധാനങ്ങളുടെ അപര്യാപ്തതകളെയും ഹാസ്യാത്മകമായി അവതരിപ്പിക്കുന്ന ഒരു തമാശ മാത്രമായി ഈ കഥയെ കണ്ടവരുണ്ട്. ഒരുപക്ഷേ പ്രത്യക്ഷത്തിൽ അത് ശരിയുമായിരിക്കാം. എന്നാൽ അതിനപ്പുറം തലമുറകളിലേക്ക് പടരുന്ന അനുകമ്പയുടെയും സ്നേഹത്തിന്റെയും പ്രകീർത്തനമായി ഇത് വികസിക്കുന്നുണ്ട്.

എത്ര തവണ വായിക്കുമ്പോഴും ഉദ്വേഗവും ഉന്മേഷവും സൃഷ്ടിക്കുന്ന കഥയാണ് ഒ ഹെൻറിയുടെ A Strange Story. പേര് പോലെത്തന്നെ അസാധാരണമായ ഒരു കഥ. കുടുംബം അദ്ദേഹത്തിന്റെ പല കഥകളുടെയും പ്രധാന പ്രതലമാണ്. എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാൻ സഹായിക്കുന്ന പ്രതിബദ്ധതയായും താങ്ങായും പ്രത്യക്ഷപ്പെടുന്ന കുടുംബത്തിന്റെ കരുതൽ. ഒപ്പം മാനുഷികമായ ബന്ധങ്ങൾ, സ്നേഹത്തിന്റെ ഇഴയടുപ്പം. The Gift of the Magi എന്ന കഥ ഏറെ വൈകാരികമായ ഒരുദാഹരണമാണ്.

aa

സ്മോതേർസിന്റെ തിരോധാനത്തിന് ഒ ഹെൻറിയുടെ ജീവിതവുമായി പരോക്ഷബന്ധമുണ്ട്. ഫസ്റ്റ് നാഷനൽ ബാങ്ക് ഒഫ് ഓസ്റ്റിനിൽ അദ്ദേഹം ജോലി ചെയ്തിരുന്നു. പിന്നീട് അവിടം വിട്ട് ഹൂസ്റ്റൻ പോസ്റ്റിൽ എഡിറ്ററായി. എന്നാൽ ബാങ്കിൽ അക്കാലത്തുണ്ടായ ഒരു സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഹെൻറിക്കെതിരെയും കേസ് വന്നു. അതോടെ അദ്ദേഹം അവിടെ നിന്നും ന്യൂ ഓർലിയൻസിലേക്കും പിന്നീട് ഹോണ്ടുറാസിലേക്കും പലായനം ചെയ്തു.

ഹോണ്ടുറാസിൽ ട്രൂജില്ലോയിലെ ഒരു ഹോട്ടലിൽ ജോലി ചെയ്യവേ ആണ് അദ്ദേഹം Cabbages and Kings എന്ന കഥാസമാഹാരം എഴുതിയത്. അദ്ദേഹത്തിന്റെ ഹോണ്ടുറാസ് അനുഭവങ്ങളായിരുന്നു ഇതിലെ കഥകളുടെ പശ്ചാത്തലം. പിന്നീട് ഒരു പൊലിറ്റിക്കൽ ടേമായി വ്യാപകമായി ഉപയോഗിക്കപ്പെട്ട, ബനാന റിപബ്ലിക് എന്ന പദം ആദ്യമായി ഉപയോഗിച്ചത് ഈ പുസ്തകത്തിൽ ഒ ഹെൻറിയാണ്. അസ്ഥിരവും ദരിദ്രവുമായ, അതിജീവനത്തിനായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരികയും തന്മൂലം പലതരം ചൂഷണങ്ങൾക്ക് ഇരയായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന രാജ്യങ്ങളെയാണ് ഇപ്പോൾ ബനാന റിപബ്ലിക് എന്ന് വിശേഷിപ്പിക്കാറുള്ളത്. യുനൈറ്റഡ് ഫ്രൂട് കംപനി പോലുള്ള അമേരിക്കൻ കോർപറേഷനുകൾ ഹോണ്ടുറാസ് പോലുള്ള രാജ്യങ്ങളിൽ നടത്തുന്ന ചൂഷണങ്ങളെയായിരുന്നു ഹെൻറി ആ പദം കൊണ്ട് അടയാളപ്പെടുത്തിയിരുന്നത്.

ഓസ്റ്റിനിൽ തന്നെ തുടരുകയായിരുന്നും ഹെൻറിയുടെ കുടുംബം. എന്നാൽ ഭാര്യ അതോലിന് മാരകമായ അസുഖം പിടിപെട്ടു. അവർ മരിച്ചുകൊണ്ടിരിക്കുകയാണെന്നറിഞ്ഞ അദ്ദേഹം ഓസ്റ്റിനിലേക്ക് തിരിച്ചു വന്നു. പേരമകളുടെ രോഗശയ്യയിലേക്കാണല്ലോ സ്ട്രെയിഞ്ച് സ്റ്റോറിയിലെ സ്മോതേർസ് തിരിച്ചു ചെല്ലുന്നത്.

സ്മോതേർസിന്റെ തിരിച്ചു വരവ് പാൻസിയിൽ രോഗശമനമുണ്ടാക്കിയെങ്കിലും അതോൽ എസ്റ്റെസ് പോട്ടർ രക്ഷപ്പെട്ടില്ല. രോഗമൂർഛയെത്തുടർന്ന് അവർ മരിച്ചു. പഴയ കേസിൽ ഹെൻറി ജയിലിലുമായി. ഓഹിയോ പെനിറ്റൻഷ്യറിയിൽ തടവിൽക്കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ വില്യം സിഡ്നി പോട്ടർ പതിനാലോളം കഥകൾ പല അപരനാമങ്ങളിൽ എഴുതി. McClure’s Magazineൽ 1899 ഡിസംബറിൽ എഴുതിയ Whistling Dick’s Christmas Stocking എന്ന കഥയിലാണ് ഒ ഹെൻറി എന്ന നാമം അദ്ദേഹം ഉപയോഗിക്കുന്നത്. പിന്നീട് പോട്ടർ ആ പേരിൽ പ്രസിദ്ധനായി.

രോഗത്തിന്റെയും മരണത്തിന്റെയും അന്തരീക്ഷം തന്നെയാണ് The Last Leaf എന്ന കഥയിലും ഉള്ളത്. സ്ട്രെയിഞ്ച് സ്റ്റോറിയും ലാസ്റ്റ് ലീഫും പക്ഷേ മരണത്തെ അതിജയിക്കുന്നുണ്ട്. സ്നേഹവും പരിചരണവുമാണ് രണ്ടിലും ജീവിതത്തെ വീണ്ടെടുക്കുന്നത്. എന്നാൽ തന്റെ പ്രേയസിയുടെ കാര്യത്തിൽ, കേസും മറ്റുമൊക്കെയായ പ്രശ്നങ്ങൾ കാരണമാണെങ്കിലും അത്തരത്തിൽ ഒരു സാന്ത്വനമായിത്തീരാൻ തനിക്ക് കഴിഞ്ഞില്ല എന്ന വിഷാദവുമാവാം കഥകളുടെ ശുഭപര്യവസായിത്വമായി പരിണമിച്ചത്.

അതേസമയം പ്ലോട്ട്, ക്രാഫ്റ്റ്, ഐറണികളുടെയും അലങ്കാരങ്ങളുടെയും ഉപയോഗം, കഥാപാത്രങ്ങളുടെ സ്വഭാവം തുടങ്ങിയ കാര്യങ്ങളിലെല്ലാം ലാസ്റ്റ് ലീഫിനോട് ചേർന്നു നിൽക്കുന്ന ഒരു കഥയാണ് സ്ട്രെയിഞ്ച് സ്റ്റോറി. മെലങ്കോലിക് ആയ ഒരു പരിസരം നിലനിൽക്കെത്തന്നെ പ്രസാദാത്മകതയോടെ മുന്നോട്ട് പോകുന്ന കഥയും കഥാപാത്രങ്ങളുമാണ് രണ്ടിലും ഉള്ളത്.

കുടുംബം എന്നത് ഒരേ സമയം ഒരു സ്ഥാപനവും അതേസമയം തന്നെ ഒരു മൂല്യവും മൂല്യവ്യവസ്ഥയുമാണ്. സ്ഥാപനവൽക്കരണത്തിലേക്കും ആൺകോയ്മയുടെ അധികാരത്തിലേക്കും പോകുമ്പോഴാണ് ഈ മൂല്യവ്യവസ്ഥ ചോദ്യം ചെയ്യപ്പെടുന്നത്. അത് വേണ്ടതുമാണ് താനും.

വ്യവസ്ഥയോടുള്ള കലഹം വ്യവസ്ഥാനിരാകരണത്തിന്റെ പ്രതലത്തിലും ആവാം. അതേസമയം സ്ഥാപനവൽക്കരിക്കപ്പെട്ട ഒരു അധികാരവ്യവസ്ഥയെ മാനവിക മൂല്യങ്ങൾക്ക് പ്രഥമപരിഗണന തൽകുന്ന മറ്റൊരു മൂല്യവ്യവസ്ഥയിൽ നിന്നു കൊണ്ട് ചെറുക്കുക എന്ന രീതിയാവും ഫലപ്രദം. എന്തെന്നാൽ തികച്ചും കയോട്ടിക് ആയി ജീവിക്കാൻ മനുഷ്യന് പറ്റുമെന്ന് തോന്നുന്നില്ല.

ഈ മൂല്യങ്ങളുടെയും സദാചാരത്തിന്റെയും പരിസരത്ത് നിന്നുകൊണ്ടാണ് കുടുംബത്തെ ഒ ഹെൻറി പരിചരിക്കുന്നതെന്ന് തോന്നുന്നു. സ്നേഹത്തോടൊപ്പം സമത്വത്തിന്റെയും നീതിയുടെയും ആധാരത്തിലുള്ള കുടുംബത്തെയും സൌഹൃദങ്ങളെയും സൃഷ്ടിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്.

സ്നേഹത്തിന്റെ ആ ഇഴ തലമുറകളിലേക്ക് പടർന്നു കയറുന്നതിന്റെ അനുഭവവും കൂടിയാണ് സ്ട്രെയിഞ്ച് സ്റ്റോറി. അത് കാലവിഭജനങ്ങളെ തകർക്കുന്ന ആഖ്യാനവും കൂടിയാവാം. ഭൂതവും വർത്തമാനവും ഭാവിയും തമ്മിലുള്ള വിഭജനം തന്നെ ഒരു മിഥ്യാബോധം (a stubbornly persistent illusion) മാത്രമാണെന്ന് ആർബട്ട് ഐൻസ്റ്റീൻ പറഞ്ഞിട്ടുണ്ടല്ലോ. സമയം എന്നത് തന്നെ ഒരു ഇല്യൂഷനാണ് അദ്ദേഹത്തിന്റെ വീക്ഷണത്തിൽ.

സ്മോതേർസ് മരുന്ന് കൊണ്ടു വരുന്നത് പാൻസിക്കല്ല. ഒരുപക്ഷേ അദ്ദേഹത്തിന്റെ മനസ്സിൽ രോഗശയ്യയിൽ കിടക്കുന്നത് ഇപ്പോൾ മിസ്സിസ് സ്മിത്ത് ആയിരിക്കുന്ന അദ്ദേഹത്തിന്റെ മകൾ തന്നെയാവാം.

അയാളെ തിരിച്ചറിയുന്നതാകട്ടെ, പാൻസിയാണ്. അവളോ, ഇന്നുവരെ അയാളെ കണ്ടിട്ടേയില്ല. “Hello, here is grandpa” എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് അവൾ സന്തോഷിക്കുന്നുമുണ്ട്.

ഇതിലും അത് തന്നെയാണ് അനുഭവിക്കുന്നത്. കാലാതിവർത്തിയായി തലമുറകളിലേക്ക് പടർന്നു കയറുന്ന, സ്നേഹത്തിന്റെ ആ ഇഴ.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s