മി. ബെര്‍മാന്റെ മാസ്റ്റർപീസ്

മുഹമ്മദ് ശമീം

“എല്ലായിടത്തും എല്ലാത്തിലും കഥകൾ നിറഞ്ഞു നില്‍ക്കുന്നു. ഞാൻ എന്റെ ഏറ്റവും മികച്ച ഇഴകൾ കണ്ടെടുത്തത് പാര്‍ക് ബെഞ്ചുകളിൽ നിന്നും വിളക്കുകാലുകളിൽ നിന്നും ന്യൂസ് പേപ്പർ സ്റ്റാന്റിൽ നിന്നുമൊക്കെയാണ്”
____________ ഒ ഹെൻറി

ജനലിൽ നിന്ന് നോക്കിയാൽ ദൂരെ ഒരു മതിലിനോട് ചേര്‍ന്നു കാണുന്ന, ഇലകൾ കൊഴിഞ്ഞു കൊണ്ടിരുന്ന ഐവി വള്ളിയുടെ നേരെ നോക്കി ജൊവെന്ന എന്ന ജോൻസി കൂട്ടുകാരിയായ സ്യൂവിനോട് ഇങ്ങനെ പറഞ്ഞു: ‘Leaves, On the ivy vine. When the last one falls I must go too. I want to see the last one fall before it gets dark. Then I’ll go too’.

അങ്ങനെയാണ് അവൾ കരുതുന്നത്. ആ ഐവിച്ചെടിയുടെ ഇലകൾ അവളുടെ ആയുസ്സിന്റെ അടയാളങ്ങളാണ്. അതിലെ അവസാനത്തെ ഇലയും കൊഴിഞ്ഞു വീഴുമ്പോൾ അവളും ഈ ലോകം വിട്ട് പോകും.

William_Sydney_Porter
ഒ ഹെൻറി

plot twist എന്നും surprise ending എന്നുമൊക്കെ വിളിക്കാവുന്ന, അമ്പരപ്പിക്കുന്ന കഥാഗതിയുടെയും പരിണാമഗുപ്തിയുടെയും പേരിൽ വിഖ്യാതമാണ് ഒ ഹെൻറി എന്നറിയപ്പെട്ട വില്യം സിഡ്‌നി പോര്‍ട്ടറുടെ കഥകൾ. ഒപ്പം മനുഷ്യബന്ധങ്ങളുടെ ഏറ്റവും ഊഷ്മളമായ ആഖ്യാനവും കൂടിയാണ് അവ.

അക്കൂട്ടത്തിലൊന്നാണ് The Last Leaf (അവസാനത്തെ ഇല) എന്ന കഥയും. ജോൻസിയുടെയും സ്യൂവിന്റെയും കഥയാണ് ഇത്. എന്നാൽ അതിലുപരി ഇത് ബെർമാൻ എന്ന കലഹപ്രിയനും മുരടനുമായ വയസ്സൻ കലാകാരന്റെ കഥയാണ്.

കലാകാരികൾ തന്നെയാണ് ജോൻസിയും സ്യൂവും. ഒപ്പം യുവതികളും. കലിഫോർണിയക്കാരിയാണ് ജോൻസി. സ്യൂ ആകട്ടെ മെയിനിൽ നിന്ന് വരുന്നവൾ. യു.എസിന്റെ തെക്ക് പടിഞ്ഞാറേ അറ്റത്താണ് കലിഫോർണിയയെങ്കിൽ നേരെ എതിരിൽ വടക്ക് കിഴക്കേ അറ്റത്താണ് മെയിൻ. ഇരുവരും താമസിക്കുന്നതാകട്ടെ, ഗ്രീനിച്ചിലെ ഒരു സ്റ്റുഡിയോ അപാര്‍ട്‌മെന്റിലും. ന്യൂ യോർക്കിൽ എയ്ത് സ്ട്രീറ്റ് ദെൽമോനിക്കോ റെസ്റ്ററന്റിലെ *ടാബ്ലെ ദോത് (table d’hote) മെനുവിന് മുന്നിലാണ് അവർ ആദ്യമായി കണ്ടുമുട്ടിയത്. വളരെപ്പെട്ടെന്ന് തന്നെ ശീലങ്ങളും അഭിരുചികളുമൊക്കെ അവർ പരസ്പരം മനസ്സിലാക്കി.

മി ബെർമാന്റെ മാസ്റ്റർപീസിന്റെ കഥയാണ് അവസാനത്തെ ഇല. ജോൻസിയും സ്യൂവും താമസിക്കുന്ന മുറിയുടെ നേരെ താഴെയാണ് അയാൾ താമസിക്കുന്നത്. ഒരു ചിത്രകാരനാണെങ്കിലും അന്നിലക്ക് തികഞ്ഞ പരാജയമാണ്. കഴിഞ്ഞ നാൽപത് കൊല്ലത്തിനിപ്പുറം ഒന്നും വരച്ചിട്ടുമില്ല. രാവിലെ മുതൽ ബ്രഷും കൈയിൽ പിടിച്ച് കാന്‍വാസിന് മുന്നിൽ ഒരേ നിൽപ് നിൽക്കും. തന്റെ മാസ്റ്റർപീസ് രചിക്കാനാണത്രേ. എന്നാൽ നേരം വൈകിയാലും അയാൾ ഒരു വര പോലും വരക്കാറില്ല. എന്നാലും അയാൾക്ക് പ്രതീക്ഷയുണ്ട്. എന്നെങ്കിലും തന്റെ മാസ്റ്റർപീസ് പൂർത്തിയാവുക തന്നെ ചെയ്യുമെന്ന്, അതുവഴി താൻ അംഗീകരിക്കപ്പെടുമെന്നും.

പെട്ടെന്ന് തന്നെ ഇണപിരിയാത്ത കൂട്ടുകാരായി മാറി ജോൻസിയും സ്യൂവും.

ഗ്രീനിച്ച് വില്ലേജിലെ ഒരു pneumonia epidemic ന്റെ കാലത്താണ് ശരിയായ കഥ നടക്കുന്നത്. അനുവാദം ചോദിക്കാതെ പല വീടുകളിലേക്കും കടന്നു ചെന്ന നുമോണിയ ജൊവെന്നയെയും പിടികൂടി. അതീവശ്രദ്ധയോടെ സ്യൂ അവളെ പരിചരിച്ചെങ്കിലും രോഗം മൂര്‍ച്ഛിച്ചു. പരിശോധിക്കാൻ വന്ന ഡോക്ടർ അവളിനി രക്ഷപ്പെടാൻ പത്ത് ശതമാനം സാധ്യതയേയുള്ളൂ എന്ന് വിധിയും കൽപിച്ചു. ആ പത്ത് ശതമാനം സാധ്യത തന്നെ പ്രവര്‍ത്തനക്ഷമമാകണമെങ്കിൽ ജീവിക്കണം എന്ന ആഗ്രഹവും ജീവിതത്തോടുള്ള അഭിനിവേശവും അവളിൽ ഉണ്ടാകണം എന്നും.

എന്നാൽ ഇലകൾ കൊഴിഞ്ഞു തീരുന്നതോടെ തന്റെ ജീവിതം അവസാനിക്കും എന്ന തീർപ്പിൽ ജോൻസി ജനലിലൂടെ പുറത്തേക്ക് ഐവിച്ചെടിയിലേക്ക് തന്നെ നോക്കി കിടന്നു. ശരിക്കും രോഗം അവളുടെ മനസ്സിനെയാണ് ബാധിച്ചിരുന്നത്. സ്യൂ എത്ര ശ്രമിച്ചിട്ടും അവൾ ജീവിതാസക്തിയിലേക്കൊട്ടുമുണർന്നില്ല. അസ്വസ്ഥയായ സ്യൂ വിവരങ്ങളെല്ലാം ബെർമാനോട് പറഞ്ഞു. മുരട്ട് സ്വഭാവക്കാരനായ ബെർമാൻ ജോൻസിയുടെ വിഡ്ഢിത്തത്തിന്റെ പേരിൽ സ്യൂവിനെ കുറേ ചീത്ത പറഞ്ഞു.

കൊഴിഞ്ഞ് കൊഴിഞ്ഞ് അവസാനം ഒരില മാത്രം ബാക്കിയായ രാത്രിയിൽ അതിശക്തമായ കാറ്റും മഴയും ഇടിയും മിന്നലും ഉണ്ടായിരുന്നു. പിറ്റേന്നത്തെ പുലരി തന്റെ തിരിച്ചുപോക്കിന്റെ മുഹൂർത്തമായിരിക്കും എന്ന് ഉറപ്പിച്ചു കൊണ്ടാണ് ജോൻസി ഉറങ്ങിയത്. നേരം വെളുത്തപ്പോൾ ആശങ്കയോടെ ജനൽ തുറന്ന സ്യൂ സന്തോഷം കൊണ്ട് നിലവിളിച്ചു. നോക്കൂ ജോൻസീ, ആ ഇല കൊഴിഞ്ഞിട്ടില്ല.

last-leaf-cami-lee
“The Last Leaf” by Cami Lee

ഞെട്ടിയുണർന്ന ജോൻസിയും അത് കണ്ടു. അതിന്റെ പിറ്റേന്നും ആ ഇല കൊഴിഞ്ഞില്ല. ക്രമേണ ആ ഐവി വള്ളിയിൽ വേറെയും ഇലകൾ കുരുത്തു തുടങ്ങി. ജോൻസിയുടെ മാനസികാവസ്ഥ മാറിയത് വളരെപ്പെട്ടെന്നാണ്. അവളും തളിർത്തു തുടങ്ങി. ദുർബ്ബലമായ ആ ഇല എത്രമാത്രം ആസക്തിയോടെയാണ് ജീവിതത്തെ കെട്ടിപ്പുണരുന്നത് എന്നവൾ കണ്ടു. ‘ഞാനെന്തൊരു വിഡ്ഢിയാണെന്ന് ആ ഇല എനിക്ക് കാണിച്ചു തന്നു’ അവൾ പറഞ്ഞു. ‘മരിക്കണം എന്ന് തീരുമാനിക്കുന്നത് തീര്‍ച്ചയായും വലിയ തെറ്റ് തന്നെ.’

അങ്ങനെ കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് ബെർമാന്റെ മരണവിവരം അവരറിയുന്നത്. പനി ബാധിച്ച് കട്ടിലിൽ വിറച്ചു കിടന്നത് ആരും അറിഞ്ഞിരുന്നില്ല. അറിഞ്ഞപ്പോഴേക്കും വൈകി. നുമോണിയ മൂർധന്യത്തിലെത്തി.

അപ്പോൾ അദ്ദേഹത്തിന്റെ മാസ്റ്റർപീസ്?

സത്യത്തിൽ അതായിരുന്നു ജോൻസിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നത്. പെരുമഴയുള്ള ആ രാത്രിയിൽ ഒരേണിയും കുടയും പെയിന്റും ബ്രഷുമൊക്കെയായി ബെർമാൻ ഇറങ്ങി. ആ മതിലിൽ ചാരി വെച്ച ഏണിപ്പടിമേൽ കയറി ദൂരെ നിന്ന് നോക്കിയാൽ ഐവിയുടെ വള്ളിയിൽത്തന്നെയാണ് നിൽക്കുന്നത് എന്ന് തോന്നത്തക്ക വിധത്തിൽ മതിലിന്മേൽ ഒരു ഇല വരച്ചു വെച്ചു. അവസാനത്തെ യഥാർത്ഥ ഇല കൊഴിഞ്ഞു പോയിരുന്നു. വര തീർന്നപ്പോൾ പെട്ടെന്നൊരിടി വെട്ടി, കാറ്റ് അദ്ദേഹത്തിന്റെ കുടയെ പറത്തിക്കളഞ്ഞു. താഴെ വീണ ബെർമാൻ ആ മഴ മുഴുവനും കൊണ്ടു. എങ്ങനെയോ ഇഴഞ്ഞ് മുറിയിലെത്തി പുതച്ചു കിടന്നു. അപ്പോഴേക്കും അദ്ദേഹത്തെ പനി ബാധിച്ചു തുടങ്ങിയിരുന്നു.

പെരുമഴയുള്ള ആ രാത്രിയിൽ മി. ബെർമാൻ ആ മതിലിന്മേൽ തന്റെ മാസ്റ്റർപീസ് വരച്ചു വെച്ചു.

കലയെയും കലാകാരന്റെ ധര്‍മത്തെയും സംബന്ധിച്ച ചില അവബോധങ്ങളാണ് ഒ ഹെന്റി നമ്മിലേക്ക് പകരുന്നത്.

ഒരാളെ ജീവിതത്തിലേക്കുണർത്തുകയായിരുന്നു ബെർമാന്റെ ചിത്രം. സൗന്ദര്യാസ്വാദനവും ആനന്ദവുമാണ് കലയുടെ പ്രഥമലക്ഷ്യമെങ്കിലും വ്യക്തിയെയും സമൂഹത്തെയും പ്രതീക്ഷയിലേക്ക് നയിക്കുമ്പോഴാണ് അത് കൂടുതൽ സാർത്ഥകമാകുന്നത്. മനസ്സിന് ഉന്മേഷം പകരുന്നതോടൊപ്പം നിരീക്ഷണത്തെ പ്രോൽസാഹിപ്പിക്കുകയും സാമൂഹികബന്ധങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നതെന്തോ അതാണ് ഉത്തമമായ കവിത എന്നാണല്ലോ കങ് ഫ്യു ചിസ് (Analects) പറയുന്നത്. സംഗീതത്തിൽ ഷാവോ ശൈലി സ്വീകരിക്കണമെന്നും ചെങ്ങിന്റെ ഗാനങ്ങളെ ബഹിഷ്‌കരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നുണ്ട്. അന്തസ്സാർന്ന അംഗവിക്ഷേപങ്ങളും ക്രമാനുഗതികത്വവും ഉള്ളതാണ് ഷാവോ ശൈലി. ചെങ്ങിന്റെ ഗാനങ്ങളാകട്ടെ, ക്രമരഹിതവും ആഭാസചലനങ്ങളോട് കൂടിയതുമാണ്.

കവിതയെയും സംഗീതത്തെയും പറ്റി ഇമാം ഗസ്സാലിയുടെ നിരീക്ഷണവും ഇവിടെ പ്രസ്താവ്യമാണെന്ന് തോന്നുന്നു. മതനിയമങ്ങളുടെ അടിത്തറയിൽ നിന്നു കൊണ്ട് അദ്ദേഹം ആവിഷ്‌കാരങ്ങളെ മൂന്ന് തരമാക്കിത്തിരിക്കുന്നുണ്ട്. കേവലാനന്ദം മാത്രമുളവാക്കുന്നതാണ് ഒന്നാമത്തെത്. അത് പക്ഷേ ഒരു മനുഷ്യന്റെ മതജീവിതത്തിന് എതിരല്ല എന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. മനുഷ്യൻ ആനന്ദിക്കുന്നതിൽ വിരോധമുള്ളവനല്ല ദൈവം എന്ന് അതിനദ്ദേഹം ന്യായവും പറയുന്നു.

അതായത്, കലയ്ക്ക് വേണ്ടിയുള്ള കലയും സാര്‍ത്ഥകം തന്നെയാണ്. അത് വ്യക്തികൾക്ക് ആനന്ദവും ഉണർവും നൽകുന്നു എന്നതിനാൽ.

അതേസമയം ഏതൊന്നും കൂടുതൽ സാർത്ഥകമായിത്തീരുന്നത് അത് സോദ്ദേശ്യകമാകുമ്പോഴാണ്. മൂല്യങ്ങളുടെയും നൈതികതയുടെയും സംസ്ഥാപനത്തിന് ആവിഷ്‌കാരങ്ങൾ ഉപകരിക്കുമ്പോൾ അത് ശ്രേഷ്ഠവും പുണ്യകരവുമായിത്തീരും എന്ന് ഗസ്സാലി വിവരിക്കുന്നു. ക്രമരാഹിത്യത്തെയും ആഭാസത്തെയും പറ്റി കങ് ഫ്യു ചിസ് പറഞ്ഞതു പോലെ നൈതിക മൂല്യങ്ങളെയും സദാചാരത്തെയും തകർക്കുന്ന തരത്തിലുള്ള ആവിഷ്‌കാരങ്ങളെ പാപമായും ഗസ്സാലി പരിഗണിക്കുന്നു.

രോഗഗ്രസ്തമായ ഒരു സമൂഹത്തിന്റെ അടയാളമായി ജോൻസിയെ എടുത്തു നോക്കൂ. ഇവിടെ കലാകാരൻ ഒരു ഭിഷഗ്വരനെപ്പോലെ വർത്തിക്കുന്നു. യഥാർത്ഥത്തിൽ കേവലം ആനന്ദം പകരുക എന്നതിന് പോലും ഇങ്ങനെയൊരു മൂല്യമുണ്ട്. അത് ജീവിതത്തെ ഗുണാത്മകമായി ദർശിക്കാൻ പ്രേരിപ്പിക്കുന്നു.

The Last Leaf – Lyka Parejaനോവലിസ്റ്റ്, ഉപന്യാസകാരൻ, നാടകകൃത്ത്, നടൻ, തിരക്കഥാകൃത്ത്, എഡിറ്റർ എന്നിങ്ങനെ ബഹുമുഖമേഖലകളിൽ പ്രശസ്തനായ സോവിയറ്റ്, റഷ്യൻ കവി യെവ്‌ഗെനി യെവ്തുഷെങ്കോവിനെപ്പറ്റി ഒരു കഥയുണ്ട്. പത്തൊമ്പത് വയസ്സുള്ളപ്പോഴാണ് അദ്ദേഹത്തിന്റെ ആദ്യ കവിതാ സമാഹാരം പ്രസിദ്ധീകരിക്കപ്പെട്ടത്. തന്റെ പുസ്തകത്തെക്കുറിച്ച പ്രതികരണങ്ങൾ അറിയാനുള്ള ആകാംക്ഷയോടെ അദ്ദേഹം പുസ്തകശാലയിലും പരിസരത്തും വെറുതെ കറങ്ങി നടക്കുമായിരുന്നത്രേ. അന്ന് പ്രശസ്തനല്ലാത്തതു കൊണ്ട് ആരും അദ്ദേഹത്തെ തിരിച്ചറിഞ്ഞുമില്ല. അതിനിടയിൽ തങ്ങളുടെ ഒരു സുഹൃത്തിനെ കാണാൻ പോകുന്ന വഴി അയാൾക്ക് നല്‍കാനായി ഒരു പുസ്തകം വാങ്ങാന്‍ കടയിൽ കയറിയ ഭാര്യയും ഭര്‍ത്താവും തമ്മിൽ നടന്ന ഒരു സംഭാഷണം അദ്ദേഹം കേട്ടു.

പുതിയ കവിയുടെ പുസ്തകം എന്ന നിലക്ക് ഇത് കൊടുക്കാം എന്ന് യെവ്തുഷെങ്കോയുടെ പുസ്തകമെടുത്ത് പറഞ്ഞ ഭാര്യയോട് ഭര്‍ത്താവ് ഇങ്ങനെ പറഞ്ഞത്രേ. സുഖമില്ലാത്ത ഒരാളെ കാണാനാണ് തങ്ങൾ പോകുന്നത്. അതിനാൽ ജീവിതത്തില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന എന്തെങ്കിലുമാണ് നൽകേണ്ടത്. ഇതിലെ പല കവിതകളും താൻ വായിച്ചിട്ടുണ്ട്. അങ്ങനെയൊരു ഗുണം അതിനുള്ളതായി കണ്ടിട്ടില്ല.

അന്ന് രാത്രി യെവ്തുഷെങ്കോ, തനിക്ക് റോയൽറ്റിയായി ലഭിച്ച റൂബിളുകൾ ഓരോന്നായി മോസ്‌ക്‌വാ നദിയിലേക്ക് വലിച്ചെറിഞ്ഞുവത്രേ.

ചിലപ്പോൾ ചുറ്റുപാടുകളുടെ സമ്മർദ്ദം കലാകാരനെ പ്രതിസന്ധിയിലാഴ്ത്താറുണ്ട്. ജാപനീസ് ചെറുകഥയുടെ പിതാവ് എന്നറിയപ്പെടുന്ന റ്യുനോസുകി അകുതഗാവ തന്റെ മുപ്പത്തഞ്ചാം വയസ്സിൽ ഓവർഡോസ് ബാർബിറ്റാൾ കഴിച്ച് ആത്മഹത്യ ചെയ്തതാണ്. അദ്ദേഹത്തിന്റെ കഥകൾ പ്രദീപ്തമായ ചിത്രങ്ങളല്ല മുന്നോട്ട് വെക്കുന്നത്.

അകുതഗാവയുടെ രണ്ട് കഥകളെ ആധാരമാക്കിയാണ് അകിരാ കുറോസാവ തന്റെ റാഷമോൺ എന്ന ക്ലാസിക് സിനിമ നിര്‍മിച്ചത്. പേരും സ്ഥലപശ്ചാത്തലവും Rashomon എന്ന കഥയിൽ നിന്നും കഥാതന്തു In a Grove എന്ന കഥയിൽ നിന്നും. ഭയാനകമായ ഒരു സംഭവത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങളാണ് ചെറുവനത്തിൽ എന്ന കഥയുടെ പ്രമേയം. ഓരോ ആഖ്യാതാവും അയാളുടെ വശത്തെ ന്യായീകരിച്ചു കൊണ്ടാണ് സംഭവം വിവരിക്കുന്നതെന്ന് പറയാം. സത്യം ആപേക്ഷികമാണ് എന്ന ധ്വനിയും ഈ കഥയ്ക്കും കുറോസാവയുടെ സിനിമയ്ക്കുമുണ്ട്. ആത്മാര്‍ത്ഥമായി ജോലി ചെയ്തിട്ടും പിരിച്ചു വിടപ്പെട്ട കഥാപാത്രം അവസാനം ഒരു കള്ളനാവാൻ തന്നെ തീരുമാനിക്കുന്നേടത്താണ് അകുതഗാവയുടെ കഥ അവസാനിക്കുന്നത്. മനുഷ്യനെക്കുറിച്ച വിഷാദാത്മക വീക്ഷണമാണത്. അതേസമയം കുറോസാവയുടെ സിനിമയുടെ അവസാനത്തിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ ഏറ്റെടുക്കാന്‍ വരുന്ന യാത്രികൻ മനുഷ്യനിലുള്ള വിശ്വാസം നഷ്ടപ്പെടുത്താൻ സമയമായിട്ടില്ലെന്നോര്‍മിപ്പിക്കുന്നു. പ്രസാദാത്മകമാണ് ആ ക്ലൈമാക്‌സ്.

ഒരു തീർപ്പ് കൽപിക്കുകയല്ലെങ്കിലും ഈ പ്രസാദാത്മകത്വം എന്നത് വലിയൊരു കാര്യമാണ്. ജോൻസിയിൽ ജീവിതത്തെക്കുറിച്ച പ്രതീക്ഷ വളര്‍ത്തുകയാണല്ലോ ബെര്‍മാന്റെ ചിത്രം ചെയ്തത്. ഇത് കലയുടെ ധർമത്തെക്കുറിച്ച ഉന്നതമായ ഒരു വീക്ഷണമാകുന്നു.

രോഗഗ്രസ്തയായ പെണ്‍കുട്ടിയെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ബെർമാൻ എന്ന കലാകാരൻ തന്റെ പ്രതിഭയെ മാത്രമല്ല, ജീവൻ തന്നെയാണ് സമർപ്പിച്ചത് എന്നത് ഈ വീക്ഷണത്തെ കൂടുതൽ ഉന്നതിയിലെത്തിക്കുന്നുണ്ട്.
_________________

*fixed price ന് fixed combination ഉള്ള മീൽസ് ആണ് table d’hote. കോംബിനേഷനിൽ വൈവിധ്യങ്ങളുള്ള മെനുവിന് അലാ കാർത് /a la carte/ മെനു എന്നും പറയും.

 

4 thoughts on “മി. ബെര്‍മാന്റെ മാസ്റ്റർപീസ്

  1. ഇമാം ഗസാലിയുടെ നിരീക്ഷണത്തിൻ്റെ റഫറൻസ് കിട്ടുമോ?

    Like

    1. ഇഹ്’യായിൽ ഉണ്ട്. സംഗീതത്തെപ്പറ്റി പരാമർശിക്കുന്നിടത്ത്.
      കൃത്യമായി ഭാഗവും അധ്യായവുമൊക്കെ തപ്പിയെടുക്കാൻ സമയം വേണ്ടിവരും. നോക്കട്ടെ.

      Like

  2. വളരെ mataphorical ആണ് ഇൗ കഥ. രോഗം ബാധിച്ചു മരണാസന്ന നിലയിൽ കിടക്കുന്ന മനുഷ്യ കുലത്തിന്റെ മോചനം കലയിലൂടെ യാണ് എന്നുള്ളത് വളരെ ഭംഗിയായി പറയുന്നുണ്ട് ഇൗ കഥ. മറ്റൊരു വിലയിരുത്തൽ മനുഷ്യ കുലം ഒരു നിലനില്പിന്റെ പ്രതിസന്ധി നേരിടുമ്പോൾ കൊട്ടാര ദർബാറിൽ കള്ള് സഭയിൽ ഒരു touchings ആയിട്ട് വിളമ്പേണ്ട ഒന്നല്ല നല്ല കല. ധിക്കാരികളായ ഭരണാധികാരികളുടെ നേരെ വിരൽ ചൂണ്ടി ഒരു പക്ഷെ മരിക്കേണ്ടി വന്നാലും പറയേണ്ടത് പറയുന്നവനാണ് യഥാർത്ഥ കലാകാരൻ. അതിശക്തമായ മഴയിലും ഒരു സഹജീവിക്കു വേണ്ടി തന്റെ ആയുസ്സ് കൊണ്ട് ചിത്രം വരക്കുന്ന നായകൻ ബെർമാൻ . വേറെ ഒരു ശ്രദ്ധേയമായ കാര്യം , താൻ വർഷങ്ങളോളം ഒന്ന് വരചിട്ടില്ല എന്നുള്ളതാണ്. കയ്യടിക്കു വേണ്ടി പേന ചലിപുക്കുന്നവന്നല്ല കലാകാരൻ. തന്റെ ഉള്ളിൽ നീറി പുകയുന്ന , തന്റെ ഉറക്കം കെടുത്തുന്ന ഒരു ആശയത്തെ ലോകത്തിന് മുമ്പിൽ സമർപ്പിക്കാൻ ശ്രമിക്കുന്നവനാണ്. ജീവിക്കാൻ വേണ്ടി എഴുതുന്നവനല്ല , എഴുതാൻ വേണ്ടി ജീവിക്കുന്നവനാണ്. ലോകം എന്നിക്ക് എന്ത് തരുന്നു എന്നല്ല, ലോകത്തിന് എന്റെ എല്ലാം കൊടുക്കാൻ ഞാൻ ഒരുക്കമാണ് എന്ന് പറയുമ്പോൾ ആണ് ഒരു യഥാർത്ഥ കലാകാരൻ ഉണ്ടാവുന്നത്. ലോകം കണ്ട എല്ലാ വിപ്ലവങ്ങൾക്ക് പിറകിലും കവികളെയും, സാഹിത്യകാരന്മാരെയും കലാകാരന്മാരെയും കാണാൻ കഴിയും. ടാഗോർ , വിക്ടർ ഹ്യൂഗോ , ഇഖ്ബാൽ , ഫിലിപ് ഫ്രീനോ അങ്ങനെ ഒരുപാട് “കലാ”പകാരികളെ നമ്മുക്ക് കാണാൻ കഴിയും. ഇന്ത്യയില് faiz Ahmed Faiz എത്രയാണ് ഇൗ കാലത്ത് സ്മരിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം മരണപ്പെട്ട raahat indori യുടെ മരിക്കാത്ത “കിസി ക ബാപ് ക്ക ഹിന്ദുസ്ഥാൻ തോഡീ ഹെയ്” നിങ്ങൾ ഓർക്കുന്നുണ്ടാവും . ഒരു കലാസൃഷ്ടിയേ അനേശ്വരമാക്കുന്നത് ഒരു ആശയത്തിന് വേണ്ടി ത്യാഗം ചെയാനുള്ള ഒരു വ്യക്തിയുടെ സന്നദ്ധതയാണ്. അത്തരത്തിലുള്ള കലാസൃഷ്ടികൾക്കും കലാകാരന്മാർക്കും മരണമില്ല. അല്ലാമ ഇഖ്ബാൽ പറഞ്ഞ പോലെ ” രാഷ്ട്രങ്ങൾ ജന്മ കൊള്ളുന്നത് കവികളുടെ ഹൃദയങ്ങളിൽ ആണ് ….അത് മരിക്കുന്നത് രാഷ്ട്രീയ കാരുടെ കൈകളാലും….”

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s