ചിതറിത്തെറിച്ച തലച്ചോറ് (തിംബുക്തു -രണ്ട്)

മുഹമ്മദ് ശമീം

പലപ്പോഴും മാനുഷികമായ ഉന്നതചിന്തകളും സ്വഭാവമൂല്യങ്ങളും അതോടൊപ്പം തികച്ചും മാനുഷികം തന്നെയായ ദൌർബല്യങ്ങളും പ്രകടിപ്പിക്കുമ്പോഴും മിലിറ്റന്റ് ജിഹാദിസ്റ്റുകളെ ഇത്രമേൽ ക്രൂരമായി പെരുമാറുന്നവരാക്കി മാറ്റുന്ന ഘടകം മതം ആണ് എന്ന തീർപ്പിലല്ല അബ്ദറഹ്മാൻ സിസ്സാക്കോയുടെ സിനിമ നിൽക്കുന്നത്. ചിത്രത്തിലെ പ്രാദേശിക പള്ളി ഇമാം പ്രതിനിധാനം ചെയ്യുന്നത് ഒരു അരാഷ്ട്രീയമായ മതത്തെയുമല്ല താനും.

വംശീയവും രാഷ്ട്രീയവുമായ കാരണങ്ങളെയാണ് തിംബുക്തു സിനിമ അവതരിപ്പിക്കുന്നത്. സങ്കുചിതത്വത്തിനടിപ്പെട്ടവർ ശരീഅത്തിൽ നിന്നും ചെറി-പിക്കിങ് നടത്തുകയാണ് ചെയ്യുന്നത്. നിങ്ങളിതിൽ നിന്ന് ചില ഭാഗങ്ങൾ മാത്രം എടുക്കുകയും (നിങ്ങൾക്കാവശ്യമുള്ളത്) അതല്ലാത്ത ഭാഗങ്ങളെ തള്ളിക്കളയുകയും ചെയ്യുന്നതെന്ത് എന്ന് ഖുർആൻ തന്നെ ചോദിക്കുന്നുണ്ടല്ലോ.

ഈ നിലപാട് നിങ്ങളെ ഏറ്റവും നിന്ദ്യരാക്കി മാറ്റുകയേയുള്ളൂ എന്നും വേദഗ്രന്ഥത്തിൽ തുടർന്ന് വായിക്കാം (സൂറഃ അൽബഖറഃ 85).

യഥാർത്ഥത്തിൽ ഈ ജിഹാദിസ്റ്റുകളുടെ പ്രഥമ ഇര ഇസ്ലാം തന്നെയാണെന്ന് ഒരു അഭിമുഖത്തിൽ സിസ്സാക്കോ പറയുന്നുണ്ട്. (Screendaily 2014 നവംബർ 21). ഇസ്ലാം ബന്ദിയാക്കപ്പെടുകയാണ് ചെയ്യുന്നത് എന്നദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്യുന്നു.

ശിക്ഷകളോടും ശിക്ഷാനിയമങ്ങളോടും സായുധ തീവ്രവാദികൾ കാണിക്കുന്ന ഭ്രമവും പ്രധാനമാണ്. പ്രഖ്യാപിക്കപ്പെടുന്ന നിയമങ്ങൾ പലതും ജനങ്ങളുടെ സഹവർതിത്വങ്ങളെ വിലക്കുന്നവയായിരുന്നു. അതെല്ലാം നിരോധങ്ങളുമായിരുന്നു. ഒപ്പം സ്ത്രീവിരുദ്ധവും. അതിനാൽ നിയമങ്ങൾക്കെതിരായ ചെറുത്തുനിൽപുകൾ പ്രധാനമായി വരുന്നു. പന്തില്ലാതെ ഫുട്ബാൾ കളിക്കുന്ന പയ്യന്മാരുടേതും ചെറുത്തുനിൽപാണ്. പാട്ട് പാടിയതിന് ശിക്ഷിക്കപ്പെടുന്ന യുവതി, തന്റെ ശരീരത്തിൽ ചാട്ടവാർ പതിക്കുമ്പോൾ പെട്ടെന്ന് നിലവിളിക്കുന്നുണ്ടെങ്കിലും ഉടൻ തന്നെ ആ നിലവിളി ഒരു ഗാനമാക്കി മാറ്റുന്നു. ഒരു പ്രതിരോധരൂപം തന്നെയാണ് അതും.

സംഗീതത്തിന്റെ വശ്യത
സിഗററ്റും സോക്കറും നിരോധിച്ചുകൊണ്ടുള്ള പ്രഖ്യാപനം ആദ്യത്തിൽ നാം കേൾക്കുന്നുണ്ട്. അതേസമയം മിലിഷ്യയിലെ ഒരു വിഭാഗം ഭടന്മാർ ഒഴിവുനേരത്ത് സിദാന്റെയും മെസ്സിയുടെയും വൈഭവങ്ങൾ പറഞ്ഞ് തമ്മിൽ തർക്കിക്കുന്നതായും നാം കാണുന്നുണ്ട്. ഫ്രഞ്ചുകാരനായ അവരുടെ കമാൻഡർ അബ്ദൽകരീം (Abel Jafri) ആരും കാണാതെ സിഗററ്റ് വലിക്കുന്നുമുണ്ട്.

രാത്രികളിൽ ദൂരത്തെവിടെ നിന്നോ ഒഴുകിവരുന്ന ഗിറ്റാർ സംഗീതത്തിന്റെ ഉറവിടം തേടി ഇടവഴികളിലൂടെ നടക്കുന്ന ചില ഭടന്മാരുടെ മുഖങ്ങളാവട്ടെ, സംഗീതോപകരണവാദനം എന്ന ‘നിഷിദ്ധം’ പ്രവർത്തിച്ചവരോടുള്ള രോഷമല്ല പ്രദർശിപ്പിച്ചിരുന്നത്. മറിച്ച് ആ സംഗീതത്തിൽ അവർ ആകർഷിക്കപ്പെടുകയായിരുന്നു എന്നത് വ്യക്തമാണ്.

Timbuktu_2015_1

സംഘർഷത്തിന്റെ ഈ പശ്ചാത്തലത്തിലേക്കാണ് കിദാൻ (Ibrahim Ahmed dit Pino) എന്ന തുവാരെഗ് ഇടയന്റെ ജീവിതം വന്നു വീഴുന്നത്. ഭാര്യ സാതിമ (Toulou Kiki), മകൾ തോയ (Layla Walet Mohamed), തന്റെ സംരക്ഷണയിൽ വളരുന്ന ഇസ്സാൻ (Mehdi AG Mohamed) എന്ന അനാഥ ബാലൻ, പിന്നെ ധാരാളം ആടുകളും ഏതാനും പശുക്കളുമായി അയാൾ കഴിയുന്ന ടെന്റ് പല തവണ നിരീക്ഷണവിധേയമാവുന്നുണ്ട്.

ഒരിക്കൽ സാതിമയെ കണ്ടുമുട്ടുന്ന കമാന്‍ഡർ അബ്ദുൽ കരീം അവളോട് നിഖാബ് ധരിക്കാൻ ആവശ്യപ്പെടുന്നു. മറ്റൊരിക്കൽ കിദാന്റെ ടെന്റിൽ നിന്നുയരുന്ന സംഗീതം കേട്ട് തോക്കുയർത്തി അങ്ങോട്ട് വന്ന ഭടന്മാർ സാതിമയും തോയയും പാടുന്നത് അല്ലാഹുവിനെയും റസൂലിനെയും പ്രകീർത്തിക്കുന്ന പാട്ടുകളാണെന്ന് കണ്ട് ആശയക്കുഴപ്പത്തിലാകുന്നുമുണ്ട്.

വെള്ളം കുടിക്കാൻ ചെന്ന പശുവിന്റെ കാലിൽ കൊളുത്തി വല മുറിഞ്ഞു പോയതിന്റെ പേരിൽ അമാദു എന്ന മീൻപിടിത്തക്കാരൻ (Omar Haidara) കിദാന്റെ, അവർ ജി.പി.എസ് എന്ന് വിളിച്ചിരുന്ന പശുവിനെ കൊന്നുകളഞ്ഞു. ഇതെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിൽ അബദ്ധത്തിൽ കിദാന്റെ കൈയാൽ അമാദു കൊല്ലപ്പെട്ടു. കിദാൻ പിടിക്കപ്പെടുകയും ചെയ്തു.

തുടര്‍ന്ന് അയാൾ വിചാരണ ചെയ്യപ്പെടുന്നു. നിരോധങ്ങളും ശിക്ഷാവിധികളും മാത്രമാണ് ശരീഅത്ത് എന്ന് കരുതിയിരിക്കുന്ന റാഡിക്കലിസ്റ്റുകളുടെ അധികാരവും നിയമവും ഇനി അയാളുടെ വിധി തീരുമാനിക്കാൻ പോവുകയാണ്.

സമാന്തരമായി ഒട്ടേറെ വിചാരണകളും ശിക്ഷകളും അരങ്ങേറുന്നുണ്ട്. മൽസ്യ വിൽപനക്കാരിയായ ഒരു യുവതി തന്നോട് ഗ്ലൗസ് ഇടാൻ കൽപിച്ച ഭടനോട് കയർക്കുന്നു. ഗ്ലൗസിട്ടു കൊണ്ട് മീൻ കച്ചവടം ചെയ്യുന്നതെങ്ങനെ എന്നാണ് അവരുടെ ചോദ്യം. എന്നാൽ ഈ കലാപത്തെ വച്ചുപൊറുപ്പിക്കാൻ മതാധീശത്വത്തിന് പറ്റുമായിരുന്നില്ല.

അതുപോലെ ഉപകരണങ്ങളുടെ അകമ്പടിയോടെ പാട്ട് പാടിയ ഒരു പെണ്ണിന് അതിന്റെ പേരിൽ നാല്‍പത് അടി ശിക്ഷ വിധിച്ചു. പിടികൂടുമ്പോൾ അവളോടൊപ്പം ബന്ധുവല്ലാത്ത ഒരു ആണുമുണ്ടായിരുന്നുവെന്നതിന്റെ പേരിൽ, മുറിയിൽ അവരിരുവരും മാത്രമല്ലായിരുന്നിട്ടു കൂടി, മറ്റൊരു നാൽപതും ചേര്‍ത്ത് ആകെ എൺപത് അടി.

എറിഞ്ഞുടച്ച തലയോടുകൾ
ആരോടോ ഫോണിൽ സംസാരിച്ചതിന്റെ പേരിൽ പിടികൂടപ്പെട്ട മറ്റൊരു പെൺകുട്ടി. സംസാരിച്ചത് സഹോദരനോടാണെന്ന അവളുടെ വാദം അംഗീകരിക്കപ്പെട്ടില്ല. വ്യഭിചരിച്ചു എന്നാരോപിച്ച് ഒരുമിച്ച് ജീവിക്കുന്ന ദമ്പതികളെ തോളറ്റം കുഴിയിൽ മണ്ണിട്ട് മൂടി നിർത്തിയ ശേഷം എറിഞ്ഞു കൊല്ലുന്ന ഒരു രംഗവുമുണ്ട്. കല്ലേറിൽ തകർന്നു തൂങ്ങിയ തലയുമായി മരിച്ചു ‘നിൽക്കു’ന്ന അവരുടെ ദൃശ്യം അതിഭീകരമാണ്. ഇതാകട്ടെ, അഗ്വെൽഹോക്കിൽ നടന്ന യഥാർത്ഥ സംഭവവുമാണ്.

timbuktu-5

സോക്കർ നിരോധിക്കപ്പെട്ടതിനെത്തുടർന്ന് കുറെ ചെറുപ്പക്കാർ ഇല്ലാത്ത ബോൾ സങ്കൽപിച്ചു കൊണ്ട് കളിക്കുന്നുമുണ്ട്. രസകരവും എന്നാൽ അവിശ്വസനീയവുമായ വിധത്തിലാണ് അവർ സോക്കർ മൈം ചെയ്യുന്നത്. ഇതാകട്ടെ, ശക്തമായ ഒരു പ്രതിഷേധവുമാണ്. പാട്ട് പാടിയതിന് അടി ശിക്ഷ ലഭിക്കുന്ന യുവതി ആദ്യം അലറിക്കരയുന്നു. പിന്നെ കരച്ചിലിനിടയിൽത്തന്നെ അവൾ പാടുകയാണ്. കിദാന്റെ വധശിക്ഷാ ‘വേദി’യിലേക്ക് സാതിമ കരഞ്ഞുകൊണ്ടോടിവന്നപ്പോൾ അയാൾ അവൾക്കടുത്തേക്കും ഓടി. ഇതുകണ്ട് തെറ്റിദ്ധരിച്ച ഭടന്മാരുടെ വെടിയേറ്റ് രണ്ടുപേരും മരിച്ചു വീഴുകയും ചെയ്തു.

കിദാനും അമാദുവും തമ്മിലുള്ള സംഘട്ടന രംഗം സമൂഹത്തിന്റെ തന്നെ ഒരു പരിഛേദത്തോടൊപ്പം സമൂഹത്തെക്കുറിച്ച സിസ്സാക്കോയുടെ കാഴ്ചപ്പാടുകളെയും പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് തോന്നുന്നു.

പ്രഥമമായി അത് രണ്ട് വ്യക്തികൾ തമ്മിലുള്ള ഈഗോയുടെ സംഘട്ടനമാണ്. ഒപ്പം അതൊരു nomadic shepherd ഉം rooted fisherman ഉം തമ്മിലുള്ള സംഘട്ടനവുമാണ്. ഇവർ തമ്മിലുള്ള സാംസ്‌കാരികവും വംശീയവുമായ അന്തരങ്ങളാണ് ഇവർക്കിടയിലെ പിരിമുറുക്കം കൂട്ടുന്നത്. കൂടുതൽ ഇരുണ്ട തൊലിയും പശ്ചിമ ആഫ്രിക്കൻ വംശജന്റെ സംസ്‌കാരവുമുള്ള ആളാണ് അമാദു. കിദാനാകട്ടെ, പരമ്പരാഗത ബെര്‍ബർ വസ്ത്രം ധരിച്ച, അൽപം കൂടി വെളുത്ത ചർമമുള്ള ഒരു തുവാരെഗും.

ഒപ്പം തന്നെ ജലത്തിന്റെയും മറ്റ് വിഭവങ്ങളുടെയും അപര്യാപ്തതയും അവർക്കിടയിൽ പ്രശ്‌നമായിത്തീരുന്നുണ്ട്.

ഇവിടെ രണ്ടുപേർക്കും അവരുടെ പാരമ്പര്യങ്ങളും സംസ്‌കാരവും കുടുംബവും തൊഴിലും കന്നുകാലികളുമൊക്കെ പ്രിയപ്പെട്ടതല്ലായിരുന്നെങ്കിൽ അവർ തമ്മിൽ ഒരു തർക്കം ഉടലെടുക്കുമായിരുന്നില്ല. ഈ പ്രിയം ഉപേക്ഷിക്കുകയാണെങ്കിൽ, കന്നുകാലിക്കൂട്ടങ്ങളുമായും മീൻവലകളുമായും മല്ലടിക്കാതെ ഒരു ഗണ്ണുമായി ഖുര്‍ആനിന് തികച്ചും അപരിചിതമായ രീതിയിലുള്ള ഒരു വ്യാഖ്യാനവും നൽകി ഭടന്മാരുടെ കൂട്ടത്തിലൊരാളായി നഗരത്തെയും അവിടുത്തെ ജീവിതത്തെയും നിയന്ത്രിച്ചും ഭരിച്ചും കഴിയാനുള്ള സാധ്യതയും അവർക്ക് മുന്നിലുണ്ടായിരുന്നു.

TIMBUKTU-superJumbo

ഇടയനും മുക്കുവനും തമ്മിലുള്ള ബന്ധത്തിലെ സങ്കീർണതകളും അസഹിഷ്ണുതയുമൊന്നും, അവ എത്രമേൽ പ്രകടവും ദൃശ്യവുമാണെങ്കിലും, മാലിയുടെയോ തിംബുക്തുവിന്റെയോ മണ്ണിൽ നിന്ന് വളർന്നു വന്നതല്ല എന്നത് സിസ്സാക്കോയുടെ ചിത്രീകരണത്തിൽ വ്യക്തമാണ്. അതേസമയം ഇത്തരം ഗോത്രസംഘർഷങ്ങൾ ആഫ്രിക്കൻ ജീവിതത്തിൽ പൊതുവെ ഒരു യാഥാർത്ഥ്യമാണ് താനും. ഈ അസഹിഷ്ണുതയും പ്രശ്‌നങ്ങളുമാണ് അവരുടെ മേൽ അതിജയം നേടാൻ ബാഹ്യശക്തികളെ, ബമാക്കോയിലെ മുതലാളിത്ത ശക്തികളെയും തിംബുക്തുവിലെ ഫണ്ടമെന്റലിസ്റ്റുകളെയും, സഹായിച്ചതെന്നതും വസ്തുതയാണ്.

ഇതാകട്ടെ, അധീശത്വത്തെയും അതിജയത്തെയും സംബന്ധിച്ച് എക്കാലത്തെയും ഏറ്റവും ലളിതമായ തത്വവുമാണ് താനും.

ഈ ഗോത്രസംഘര്‍ഷങ്ങൾ ഉൾപ്പെടെ ആഫ്രിക്കൻ ജീവിതത്തിൽ ഇന്ന് കാണുന്നതും അവരിൽ ആരോപിക്കപ്പെടുന്നതുമായ യാതൊന്നും യഥാര്‍ത്ഥത്തിൽ അവരുടെ അടിസ്ഥാന സ്വഭാവങ്ങളൊന്നുമല്ല എന്ന് ബമാക്കോയിൽ പ്രസ്താവിക്കുന്നുമുണ്ട്.

ബമാക്കോയിലെയും തിംബുക്തുവിലെയും അധിനിവേശങ്ങൾ രണ്ട് സ്വഭാവത്തിലുള്ളതാണ്. സാന്ത്വനത്തിന്റെയും സഹായത്തിന്റെയും വായ്പയുടെയും വേഷം സ്വീകരിച്ചു വന്ന കാപട്യമാണ് ബമാക്കോയിൽ നാം കണ്ടതെങ്കിൽ തിംബുക്തുവിൽ അത് വിശ്വാസത്തിന്റെയും ആയുധത്തിന്റെയും രൂപം ധരിച്ച ഭീകരതയാണ്. എന്നാൽ ഒരു കാര്യത്തിൽ രണ്ടും സമമാണ്. അധിനിവിഷ്ട ജനതയുടെ അന്തസ്സിനെയും ആത്മവീര്യത്തെയും കടന്നാക്രമിക്കാനും തകർക്കാനുമാണ് ഈ രണ്ട് ശക്തികളും പരിശ്രമിക്കുന്നത്.

അവസാനത്തിൽ വീണ്ടും വിരണ്ടോടുന്ന മാൻകുട്ടി. ഓടിക്കിതക്കുന്ന ഇസ്സാന്റെയും തോയയുടെയും ദൃശ്യങ്ങളും.Timbuktu 6

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s