(ദേശീയതയെക്കുറിച്ച വിചാരങ്ങൾ രണ്ട് )
മുഹമ്മദ് ശമീം
ലോകത്തെവിടെയാണെങ്കിലും, രാജാവിന്റെ സ്വേഛാധികാരമായാലും കമ്പോളാധിഷ്ഠിത കമ്പനി ഭരണമായാലും അതിരുകൾ സംരക്ഷിക്കപ്പെടുകയും വിപുലീകരിക്കപ്പെടുകയും ചെയ്യുക എന്നത് ദേശസ്‌നേഹം എന്ന പവിത്രീകരിക്കപ്പെട്ട വികാരത്തിന്റെ പേരിലാവുന്നതോടെ അതുമായി ബന്ധപ്പെട്ട സംരംഭങ്ങളിൽ പങ്ക് ചേരാൻ ദേശപരിധിക്കകത്തുള്ള മുഴുവനാളുകളും നിര്‍ബ്ബന്ധിതരാകുന്നു. ദേശീയതയെക്കാൾ പവിത്രമായ മറ്റൊന്നില്ലെന്ന് വരുന്നതോട ദേശവികസനശ്രമത്തിനിടയിലെ നിഷ്ഠുരതകൾ ന്യായീകരിക്കപ്പെടുകയും ചെയ്യുന്നു.

ദേശീയതയുടെ വികാസം
ഒരു ആദർശമായി ദേശീയതയെ വളര്‍ത്തിയതും പ്രചരിപ്പിച്ചതും യൂറോപ്യരാണ്. നവോത്ഥാനം, മതനവീകരണം, ഫ്രഞ്ച് വിപ്ലവം, വ്യവസായ വിപ്ലവം, മുതലാളിത്തവും കോളനീകരണവും തുടങ്ങിയവ ഇതിന്റെ രാഷ്ട്രീയവും ചരിത്രപരവുമായ പശ്ചാത്തലങ്ങളായിത്തീർന്നു. ആധുനികകാലത്തെ ദേശീയതാവാദത്തിന്റെ വേരുകളും ഇപ്പറഞ്ഞവയിൽത്തന്നെയാണ് നിലകൊള്ളുന്നത്.
മധ്യകാലഘട്ടത്തിൽ, വിശുദ്ധ റോമാ സാമ്രാജ്യത്തിന്റെയും പേപ്പസിയുടെയും കീഴിൽ ദേശവുമായി ബന്ധപ്പെട്ട വികാരങ്ങൾ യൂറോപ്പിൽ ഒട്ടും ശക്തമായിരുന്നില്ല. വംശീയ ദേശീയതകൾ കുറെയൊക്കെ നിലനിന്നിരുന്നെങ്കിലും അതിനെല്ലാം മുകളിലായിരുന്നു ക്രിസ്തുമതവും മാർപ്പാപ്പയുടെയും റോമാ ചക്രവർത്തിയുടെയും അധികാരവും. ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ തുടങ്ങിയ പ്രാദേശികഭാഷകൾക്കെല്ലാം മേൽ ഒരു പൊതുഭാഷയായി നിലനിന്നിരുന്ന ലത്തീനിനായിരുന്നു പ്രാധാന്യമുണ്ടായിരുന്നത്.
നവോത്ഥാനത്തിന്റെ അരങ്ങേറ്റത്തോടെ പേപ്പസിയുടെ പിടി അയഞ്ഞു. പ്രാദേശിക രാജാക്കന്മാർ ശക്തി പ്രാപിച്ചു. അതോടെ യൂറോപ്പ് റോമിന്റെയും പോപ്പിന്റെയും അധികാരത്തിൽ നിന്ന് മുക്തമായിത്തുടങ്ങി. ഇതിനനുസരിച്ച് ഇംഗ്ലീഷ് ഉൾപ്പെടെയുള്ള പ്രാദേശികഭാഷകൾക്കും സ്വാധീനം കൈവന്നു. മതനവീകരണത്തിന്റെ സ്വാധീനവും ഈ പ്രക്രിയയെ ശക്തിപ്പെടുത്തി. പ്രൊട്ടസ്റ്റന്റ് സഭകളെല്ലാം പോപ്പിന്റെ അധികാരത്തിന് പുറത്തുള്ള ദേശീയ സഭകളായിരുന്നു. ഇത് ഒരു ഭാഗത്ത് കൂടുതൽ മതമുക്തമായ ജീവിതത്തിലേക്കുള്ള വഴി തുറന്നു. പള്ളിയുടെ ഉഗ്രശാസനകൾക്ക് പുറത്തായി ജനങ്ങളുടെ സാമൂഹ്യ രാഷ്ട്രീയ ജീവിതം. ഇതിന്റെ മറുവശമായിരുന്നു വ്യത്യസ്ത ദേശീയതകൾ ശക്തിപ്പെട്ടത്.

പതിനാല് മുതൽ പതിനേഴ് വരെ നാല് നൂറ്റാണ്ടുകളാണ് നവോത്ഥാന (renaissance) കാലമായി അടയാളപ്പെടുത്തപ്പെടുന്നത്. പതിനാറാം നൂറ്റാണ്ടിന്റെ പൂർവം മുതൽ പതിനേഴാം നൂറ്റാണ്ടിന്റെ മധ്യം വരെ മതനവീകരണ (reformation) കാലമായും അറിയപ്പെടുന്നു. ഇതെത്തുടർന്ന് 1789 മെയ് മുതൽ 1799 നവംബർ വരെ പത്ത് വർഷത്തോളം നീണ്ടു നിന്ന ഫ്രഞ്ച് വിപ്ലവമാണ് ദേശീയതക്ക് കൂടുതൽ ഊർജം പകര്‍ന്നത്. പിതൃരാജ്യത്തോടുള്ള കൂറിനെ ഒരു പൗരന്റെ മറ്റെന്തിനെക്കാളും വലിയ ഗുണമായാണ് ഴോങ് ഴാക് റൂസ്സോവിനെപ്പോലുള്ളവർ കരുതിയത്. ദേശീയ ചിഹ്നങ്ങൾ എന്ന കാഴ്ചപ്പാടും ഇതോടനുബന്ധമായിത്തന്നെ വികസിച്ചതാണ്. പഴയ ഗോത്രജീവിതത്തിലെ റ്റോട്ടം സമ്പ്രദായത്തിനും അതിലെ ചിഹ്നങ്ങൾക്ക് നൽകുന്ന മതപരമായ പവിത്രതക്കും സമാനമായിത്തീർന്നു ദേശീയ ചിഹ്നങ്ങളുമായി ബന്ധപ്പെട്ട പവിത്രതാബോധം.
വ്യവസായ വിപ്ലവാനന്തരം മുതലാളിത്തം ശക്തിപ്പെട്ടതും കോളനീകരണവ്യഗ്രതയും ഒപ്പം പുതിയ ഭൂപ്രദേശങ്ങളുടെ അന്വേഷണവും വെട്ടിപ്പിടുത്തവുമൊക്കെ ദേശീയബോധത്തെ കൂടുതൽ ശക്തിപ്പെടുത്തി. ലോകത്തിന്റെ വ്യത്യസ്തഭാഗങ്ങൾ യൂറോപ്യർ വെട്ടിപ്പിടിച്ചു. അവിടെയെല്ലാം തങ്ങളുടെ ആധിപത്യം സ്ഥാപിച്ചു. ഒപ്പം ആദിമഗോത്രങ്ങളെ ഏതാണ്ട് മുഴുവനായും തുടച്ചു നീക്കിയ, അമേരിക്ക പോലുള്ള ഇടങ്ങളിൽ അവർ പുതിയ ദേശീയ ബോധങ്ങൾ സൃഷ്ടിച്ചു. മാതൃരാജ്യത്തിനെതിരായ പോരാട്ടത്തിലൂടെ നേടിയെടുത്തതാണ് അമേരിക്കൻ സ്വാതന്ത്ര്യം. ഈ സ്വാതന്ത്ര്യപ്പോരാട്ടമായിരുന്നു അമേരിക്കൻ ദേശീയത സൃഷ്ടിച്ചത്.
ദേശീയത, ദൈവവും ദൌത്യവും
ഇതിനെല്ലാം മുകളിൽ വെളുത്തവൻ എന്ന വംശീയ ദേശീയതാ ബോധവും നിലനിന്നിരുന്നു. വെളുത്തവന്റെ ഭാരം (Whiteman’s Burden), പാശ്ചാത്യവും ഇതരവും (West and rest) തുടങ്ങിയ പ്രയോഗങ്ങൾ ഇതിനുദാരരണങ്ങളാണ്.

സാമ്രാജ്യത്വത്തിന്റെ കവിയായ റുഡ്‌യാഡ് കിപ്ലിങ്, യൂറോസെൻട്രിക് വംശീയദേശീയതയുടെ പ്രകീർത്തനമായിക്കൊണ്ട് വൈറ്റ്മാൻസ് ബേഡൻ എന്ന കവിത ആദ്യം എഴുതുന്നത് വിക്ടോറിയാ രാജ്ഞിയുടെ ഭരണത്തിന്റെ ഡയമണ്ട് ജൂബിലി ആഘോഷവേളയിലാണ്. പിന്നീട് 1899-1902ലെ ഫിലിപ്പീൻ-അമേരിക്കൻ യുദ്ധത്തോടനുബന്ധിച്ച് ഇത് പരിഷ്‌കരിച്ച് പ്രസിദ്ധീകരിച്ചു. അമേരിക്കൻ കോളനിവൽക്കരണത്തെയും ഫിലിപ്പൈൻ ദ്വീപുകൾ പിടിച്ചെടുക്കുന്നതിനെയും പ്രോൽസാഹിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു അത്. വെള്ളക്കാരന്റെ വംശീയദേശീയബോധത്തിന് ദൈവികമായ പരിവേഷം കൂടി നൽകുന്ന കിപ്ലിങ്ങിന്റെ ആശയങ്ങൾ യൂറോ-അമേരിക്കൻ ആധിപത്യദേശീയതയുടെ വേദവാക്യമായ മാനിഫെസ്റ്റ് ഡെസ്റ്റിനിയുടെ അടിത്തറയെ ശക്തമാക്കി.
‘ഒരു പുതിയ ഭൂമിയിൽ പുതിയ ആകാശം സൃഷ്ടിക്കാനുള്ള ദൌത്യ’ത്തിൽ നിന്നാണത്രേ മാനിഫെസ്റ്റ് ഡെസ്റ്റിനി (Manifest Destiny) എന്ന ആശയം രൂപപ്പെട്ടത്.
ചരിത്രത്തിലെ ഏറ്റവും ഉജ്വലമായ അധ്യായങ്ങളിലൊന്നാണ് അമേരിക്കൻ സ്വാതന്ത്ര്യ സമരം. എന്നാൽ ഇതില്‍ നിന്ന് ഉൽഭൂതമായ ദേശീയവികാരമാണ് തൊട്ടടുത്ത നൂറ്റാണ്ടിൽ മാനിഫെസ്റ്റ് ഡെസ്റ്റിനി പോലുള്ള ആശയങ്ങൾക്ക് മൂർത്തത നൽകിയത് എന്ന് കരുതാം. പത്തൊമ്പതാം നൂറ്റാണ്ടിൽ അമേരിക്കൻ ദേശീയതയെയും സംസ്‌കാരത്തെയും നിർണയിച്ച ഒരാശയമായിരുന്നു ഇത്. വടക്കേ അമേരിക്കയിലുടനീളം വ്യാപിക്കാൻ മുൻകൂട്ടി വിധിക്കപ്പെട്ടവരാണ് അമേരിക്കൻ കുടിയേറ്റക്കാർ എന്ന ഒരുതരം വിധിവിശ്വാസമായിരുന്നിത്.

മൂന്ന് അടിസ്ഥാനങ്ങളിലാണ് മാനിഫെസ്റ്റ് ഡെസ്റ്റിനി എന്ന ആശയം വികസിച്ചത്.
ഒന്ന്) അമേരിക്കൻ ജനതയുടെയും അവരുടെ സ്ഥാപനങ്ങളുടെയും സവിശേഷ മൂല്യങ്ങൾ.
രണ്ട്) സ്വന്തം പ്രതിഛായയിൽ പടിഞ്ഞാറിനെ വീണ്ടെടുക്കാനും പുനർനിർമിക്കാനുമുള്ള യു.എസിന്റെ ദൗത്യം.
മൂന്ന്) അനിവാര്യമായ ഈ ദൗത്യങ്ങൾ നിറവേറ്റാനുള്ള അലംഘനീയമായ വിധി.
അമേരിക്കയിലെ ആദിമ നിവാസികളെ വംശീയമായി ഉന്മൂലനം ചെയ്യാനുള്ള പ്രത്യയശാസ്ത്രപരവും ‘ദൈവിക’വുമായ ന്യായമായി ഈ സിദ്ധാന്തം മാറി.
ജർമൻ ദേശീയതയുടെ റൊമാന്റിസൈസേഷനും കിഴക്കൻ യൂറോപ്പിലേക്കുള്ള നാസി വികാസത്തിനും അടിത്തറയായ, അഡോൾഫ് ഹിറ്റ്‌ലറുടെ ലെയ്ബൻസ്‌റോം സിദ്ധാന്തവും ഒരുതരത്തിൽ മാനിഫെസ്റ്റ് ഡെസ്റ്റിനി ആണ്. പടിഞ്ഞാറോട്ടുള്ള അമേരിക്കൻ വികാസവുമായി കിഴക്കൻ യൂറോപ്പിലേക്കുള്ള നാസി വികാസത്തെ ഹിറ്റ്‌ലർ താരതമ്യം ചെയ്യുകയും ചെയ്തു.

കൊലമുറികളും ചോരപ്പാടങ്ങളും
*സെറ്റ്‌ലർ കൊളോണിയലിസത്തിന്റെ പ്രതലത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവിൽ ഇംപീരിയൽ ജർമനിയിൽ ആവിഷ്‌കരിക്കപ്പെട്ട ഒരു സിദ്ധാന്തമാണ് യഥാർത്ഥത്തിൽ ലെയ്ബൻസ്‌റോം (Lebensraum). 1914-ലെ **September Program അനുസരിച്ച് തങ്ങളുടെ അധീനപ്രദേശത്തെ വിപുലമാക്കുന്നതിനുള്ള ഒരു ജിയോപൊളിറ്റിക്കൽ അജണ്ട, ഇംപീരിയൽ ജർമനിക്ക് ഒന്നാം ലോകയുദ്ധത്തിൽ ഉണ്ടായിരുന്നു.
ഒന്നാം ലോകയുദ്ധത്തിൽ തകർന്നടിഞ്ഞതിനെത്തുടർന്ന് ജർമനിയിലുണ്ടായ ദേശീയമായ അസംതൃപ്തികളെ ഇന്ധനമാക്കിക്കൊണ്ടാണ് അഡോൾഫ് ഹിറ്റ്‌ലറും നാസി പാർട്ടിയും ശക്തി പ്രാപിക്കുന്നത്. ലെയ്ബൻസ്‌റോം എന്ന സിദ്ധാന്തം ഹിറ്റ്‌ലറുടെയും നാസികളുടെയും പ്രധാന തത്ത്വശാസ്ത്രമായി മാറി.
പത്തൊമ്പതാം നൂറ്റാണ്ടിൽ, ചാൾസ് ഡാർവിന്റെ ‘ദ് ഒറിജിൻ ഒഫ് സ്പീഷീസി’ന് ജർമൻ ബയോളജിസ്റ്റായ ഓസ്‌കർ പെസ്‌കൽ എഴുതിയ നിരൂപണത്തിൽ ജീവിവര്‍ഗങ്ങളുടെ അതിജീവനവുമായി ബന്ധപ്പെട്ട സിദ്ധാന്തം വിവരിക്കുന്നതിന് lebensraum എന്ന പദം ഉപയോഗിച്ചു. ദേശീയ സാംസ്‌കാരിക തലത്തിലേക്ക് ഇതിന്റെ പ്രയോഗം വികസിപ്പിച്ചതാകട്ടെ, ജർമൻ ഭൂശാസ്ത്രജ്ഞനും (Geographer) വംശീയ സംസ്‌കാര ശാസ്ത്രജ്ഞനുമായ (Ethnographer) ഫ്രീദ്രിച് റാറ്റ്‌സെലാണ്. രാഷ്ട്രീയ ഭൂമിശാസ്ത്രത്തെ സംബന്ധിച്ച തന്റെ പഠനത്തിൽ, ഭൂപരമായ സവിശേഷതകൾ സമൂഹത്തെ വികസിപ്പിക്കുന്നതിനുള്ള മനുഷ്യപരിശ്രമങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് വിശദീകരിക്കുന്ന തീസീസിന്റെ ശീർഷകമായാണ് റാറ്റ്‌സെൽ, ലെയ്‌ബെൻസ്‌റോം ഉപയോഗിച്ചത്.
raum എന്ന ജർമൻ പദത്തിന് room, space എന്നൊക്കെയാണ് അർഥം. lebensraum എന്നാല്‍ living space എന്നും. ലെയ്‌ബെൻസ്‌റോം തത്ത്വശാസ്ത്രത്തിലെ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിൽ നാസികളുടെ Generalplan Ost (Master Plan for the East) പോളിസിയിൽ, ജർമൻ ടെറിട്ടറിയുടെ വികാസത്തിനായി മധ്യയൂറോപ്പിലെയും പൗരസ്ത്യയൂറോപ്പിലെയും അനാര്യന്മാരായ സ്ലാവിക് ജനതയെ അവരുടെ പ്രദേശത്തു നിന്നും എന്നെന്നേക്കുമായി ഒഴിപ്പിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പറയുന്നുണ്ട്. ജർമനിക്കകത്താണെങ്കിൽ യൂദന്മാർ ഉൾപ്പെടെയുള്ള അനാര്യന്മാർക്കെതിരെ വംശഹത്യ (Genocide), വംശീയ ശുദ്ധീകരണം (Ethnic cleansing) തുടങ്ങിയവ നടപ്പിലാക്കാനും നാസികൾ തീരുമാനിച്ചു.

ലെയ്ബൻസ്‌റോമിന്റെ യൂജനിക്‌സ് (Eugenics/ ബീജഗുണോൽക്കർഷ സിദ്ധാന്തം) പ്രകാരം ജർമൻ ആര്യന്മാർ ആയിരുന്നു ലോകത്തിലെ ഏറ്റവും ഉന്നതമായ നരവർഗം. സ്വന്തം ലെയ്ബൻസ്‌റോമിന്റെ (own living space) പേരിൽ ഇതര ജനതകളെ അവരുടെ ദേശങ്ങളിൽ നിന്ന് ഉന്മൂലനം ചെയ്യുക എന്നത് തങ്ങളുടെ അവകാശമായാണ് അവർ പരിഗണിച്ചത്. അതിജീവനത്തിനുള്ള അർഹതയെക്കുറിച്ച സോഷ്യൽ ഡാർവിനിസ്റ്റ് സിദ്ധാന്തവും കരുത്തിന്റെ മൂല്യവിചാരവുമായി ബന്ധപ്പെട്ട നീത്ഷ്‌ചേവിയൻ തത്ത്വചിന്തയുമൊക്കെയായിരുന്നു ഹിറ്റ്‌ലറുടെ രാഷ്ട്രീയത്തിന്റെ അടിസ്ഥാനം.
എന്തായാലും സോഷ്യൽ ഡാർവിനിസത്തിലെയും നീത്ഷ്‌ചേവിയൻ തത്ത്വചിന്തയിലെയും അതിജയസിദ്ധാന്തം (survival of the fittest) ഹിറ്റ്‌ലറുടെ lebensraum നെ (living space) ഒരു todesraum (space for death) ആക്കി മാറ്റി. ‘ടോഡെസ്’ എന്നാല്‍ മരണമെന്നര്‍ഥം. ‘ടോഡെസ്‌റോമി’ന് കൊലയറ എന്ന് ലളിതമായി വിവർത്തനം നല്‍കാം.
എന്തെന്നാൽ, സജീവത (living) എന്നത് അതിജയത്തിന് അർഹതയുള്ളവര്‍ക്ക് മാത്രം വിധിക്കപ്പെട്ടതാകുന്നു. മറ്റുള്ളവരെല്ലാം നശിക്കുക എന്നതാണ് വംശീയതയിൽ നീതി. ഉയർത്തപ്പെടുന്ന എല്ലാ നല്ല മുദ്രാവാക്യങ്ങളും നൈതികാശയങ്ങളും അതിജീവനത്തിന് ശേഷിയുള്ളവരുടേത് മാത്രമത്രെ.
വിപ്ലവകരമെന്ന് വിശേഷിപ്പിക്കപ്പെട്ട തത്വദർശനങ്ങളെപ്പോലും വംശീയ ദേശീയത ചോരച്ചൊരിച്ചിലിനുള്ള ന്യായങ്ങളാക്കി മാറ്റിയിട്ടുണ്ട്. കംബോഡിയയുടെ ചരിത്രം അതിലെ ഏറ്റവും കുപ്രസിദ്ധമായ അധ്യായമാണ്. കംബോഡിയയിലെ ഖമര്‍ റൂഷ് (Khmer Rouge) ഒരു കമ്യൂണിസ്റ്റ് പ്രസ്ഥാനമായാണ് സ്വയം അടയാളപ്പെടുത്തിയത്.
മൂന്ന് ചിന്തകളായിരുന്നു ഖമർ റൂഷിന്റെ അടിസ്ഥാനം. അഗ്രേറിയൻ സോഷ്യലിസം, കമ്യൂണിസം, ഖമർ ദേശീയത എന്നിവയാണവ. ഭൂമിക്ക് മേലുള്ള തുല്യാവകാശ സിദ്ധാന്തത്തെയാണ് അഗ്രേറിയനിസം (agrarianism) എന്ന് പറയുക. പക്ഷേ, ആദ്യം പറഞ്ഞ രണ്ട് സമത്വ സിദ്ധാന്തങ്ങളും മൂന്നാമത്തെ ഖമർ ദേശീയതക്ക് കീഴിലായിരുന്നു. അതായത്, തുല്യാവകാശവും കമ്യൂണിസവുമൊക്കെ നടപ്പിലാക്കേണ്ടത് ഖമറുകൾക്കിടയിൽ മാത്രമായിരുന്നു. ഖമറുകൾക്കിടയിൽ കമ്യൂണിസം നടപ്പിലാകണമെങ്കിൽ മറ്റ് എത്‌നിക്കുകൾ തുടച്ചുനീക്കപ്പെടണം.
ചരിത്രത്തിൽ തുല്യതയില്ലാത്ത മനുഷ്യവേട്ടകൾ അങ്ങനെ അരങ്ങേറിത്തുടങ്ങി. ഖമർ റൂഷിന്റെ കൊലനിലങ്ങളിൽ (Khmer Rouge Killing Fields) ചുവന്ന സമുദ്രങ്ങൾ തന്നെയൊഴുകി. കോൺസൻട്രേഷൻ ക്യാമ്പുകൾ എന്ന പേരിൽ ഹിറ്റ്‌ലർ ഒരുക്കിയത് കൊലയറകളായിരുന്നെങ്കിൽ ഖമർ റൂഷിന്റേത് കൊലക്കളങ്ങൾ തന്നെയായിരുന്നുവെന്നർത്ഥം. ലക്ഷക്കണക്കിന് മനുഷ്യജീവിതങ്ങൾ വെറും അസ്ഥിക്കൂമ്പാരങ്ങളായിത്തീർന്നു.

പോൾ പോട്ട് ആയിരുന്നു അന്ന് കംബോഡിയൻ (കമ്യൂണിസ്റ്റ് ഭരണത്തിന് കീഴിൽ കംപൂച്ചിയ) പ്രധാനമന്ത്രി. ഒപ്പം കമ്യൂണിസ്റ്റ് പാർട്ടി ഒഫ് കംപൂച്ചിയയുടെ ജനറൽ സെക്രട്ടറിയും ഖമർ റൂഷ് രക്തരക്ഷസ്സുകളുടെ നേതാവും അയാൾ തന്നെയായിരുന്നു. ഒന്നര മുതൽ രണ്ട് വരെ മില്യൻ കംബോഡിയന്മാർ പോൾ പോട്ടിന്റെ കാലത്ത് ഖമർ റൂഷിന്റെ ആക്രമണത്തിനിരയായും പട്ടിണി കിടന്നും അടിമപ്പണി കാരണവും കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു.
വംശീയദേശീയത
യഥാര്‍ഥത്തിൽ ലെയ്ബൻസ്‌റോമിന് രണ്ട് മുഖങ്ങളുണ്ട്. പ്രത്യക്ഷത്തിൽ വിരുദ്ധമെന്ന് തോന്നുന്ന രണ്ട് മുഖങ്ങൾ. ബാഹ്യജനതയുടെ അധീശത്വത്തെയാണ് (exogenous domination) സെറ്റ്‌ലേർസ് കൊളോണിയലിസം ലക്ഷ്യമാക്കുന്നതെങ്കിൽ, ഇതിന്റെ മറുമുഖം (മണ്ണിന്റെ മക്കൾ വാദം, Sons of Soil/ SOS എന്നറിയപ്പെടുന്നു) ഉന്നയിക്കുന്നത് ആന്തരികജനതയുടെ (indigenous) ആധിപത്യത്തെയാണ്. അതായത്, വംശീയബോധമുള്ള ജനത ആഭ്യന്തരമായി മണ്ണിന്റെ മക്കൾ വാദമുന്നയിക്കുന്നുണ്ടെങ്കിൽ അന്തർദേശപരമായി ഇതിന് വിപരീതമായ നിലപാട് സ്വീകരിക്കുന്നു. യഥാര്‍ഥത്തിൽ ഇൻഡിജെനസ്, മണ്ണിന്റെ മക്കൾ തുടങ്ങിയ സങ്കൽപങ്ങള്‍ തന്നെ ചരിത്രപരമായി തനി അസംബന്ധങ്ങളാണ് എന്നത് വേറെ കാര്യം.
ലോകത്തുള്ള ഒരു ജനതയും എപ്പോഴെങ്കിലും എവിടെയെങ്കിലും മുളച്ചുപൊങ്ങിയതാണെന്ന് സ്ഥാപിക്കാനൊന്നും പറ്റില്ല. വംശീയ ശുദ്ധിവാദം ഉന്നയിച്ചാലും ഇല്ലെങ്കിലും ഏതെങ്കിലും വർഗമോ ഗോത്രമോ അതിന്റെ രക്ത’വിശുദ്ധി’ നിലനിർത്തിയിട്ടുണ്ട് എന്ന് കരുതുന്നതും അസംബന്ധമാണ്.
മെഹർഗഢിലെ ആസ്ത്രലോയ്ഡ്, നീഗ്രോയ്ഡ് വർഗങ്ങളുടെ ഗ്രാമസംസ്‌കാരത്തില്‍നിന്ന് തുടങ്ങുന്നതാണ് അറിയപ്പെടുന്ന ഇന്ത്യൻ ചരിത്രം. അതുതൊട്ട്, സൈന്ധവ തീരങ്ങളിൽ വേരുറപ്പിച്ച ദ്രാവിഡ ജനതയും അതിനു ശേഷം ഗംഗാതടം കേന്ദ്രീകരിച്ച് വികസിച്ച ഇന്‍ഡോ-ആര്യൻ ജനതയുമെല്ലാം കടന്നുവന്നവരാണ്. അതിനു ശേഷവും ഒട്ടേറെ ജനവിഭാഗങ്ങൾ ഇന്ത്യൻ ഭൂപ്രദേശത്തേക്ക് കുടിയേറിയിട്ടുണ്ട്. അവരെല്ലാം ഇവിടത്തെ ജനതയായി മാറുകയും ചെയ്തു.
ഈ ജനവിഭാഗങ്ങൾ തമ്മിലുള്ള സംഘര്‍ഷത്തിന്റെ ചരിത്രത്തേക്കാൾ പ്രാധാന്യമുള്ളത്, ഇവരെല്ലാം ചേർന്നും സമന്വയിച്ചുമാണ് പിന്നീടുള്ള ഇന്ത്യൻ ചരിത്രം മുന്നോട്ടു പോയത് എന്നതിനാണ്. ഈ സമന്വയമാകട്ടെ, സാംസ്‌കാരികം മാത്രമല്ല, ജൈവികം കൂടിയായിരുന്നു എന്നതത്രെ യാഥാര്‍ഥ്യം.
ഈ യാഥാര്‍ഥ്യത്തെ നിരാകരിച്ച് ഭൂപരമോ രക്തപരമോ ആയ അവകാശവാദങ്ങളുന്നയിക്കുന്നവരാണ് ലോകത്തെ ആക്രാമക ദേശീയവാദികൾ മുഴുവനും. യൂദ സയണിസം മുതൽ ഇന്ത്യൻ ആര്യവാദവും ഹിന്ദുത്വയും വരെയുള്ള ആശയങ്ങൾ കെട്ടിപ്പടുത്തിരിക്കുന്നത് ഇത്തരം അവകാശവാദങ്ങള്‍ക്ക് മേലാണ്.
കൃത്രിമമായി ഉയര്‍ത്തിവിട്ട ഈ വികാരങ്ങൾക്ക് മേലാണ് നിങ്ങളുടെ മണ്ണ്, നിങ്ങളുടെ സംസ്‌കാരം തുടങ്ങിയ ആശയങ്ങൾ പ്രാചീനരും അര്‍വാചീനരുമായ എല്ലാ ഫറോവമാരും ഉയർത്തിപ്പിടിച്ചത്. (അർദുകും അഥവാ നിങ്ങളുടെ മണ്ണ്, ത്വരീഖത്തുകും അഥവാ നിങ്ങളുടെ സംസ്കാരം എന്നീ അവകാശവാദങ്ങൾക്ക് മേൽ ജനതയെ ഇളക്കിവിടാൻ ശ്രമിക്കുന്നുണ്ട് ഖുർആനിൽ പരാമർശിക്കുന്ന ഏകാധിപതി ഫറോവ).
_____________ (തുടരും)
…….”ദേശീയതയെക്കാൾ പവിത്രമായ മറ്റൊന്നില്ലെന്ന് വരുന്നതോട ദേശവികസനശ്രമത്തിനിടയിലെ നിഷ്ഠുരതകൾ ന്യായീകരിക്കപ്പെടുകയും ചെയ്യുന്നു”……. rightly said
LikeLike
Barbarbarian എന്ന പ്രയോഗം പോലും കാണിക്കുന്നത് എൻറെ രാജ്യക്കാരൻ അല്ലെങ്കിൽ അവൻ ഒരു കാട്ടാളൻ ആണ്. Rudyard Kipling ന്റ്റ് white Man’s burden ലും, America യില് നടന്ന റെഡ് ഇന്ത്യൻ വെട്ടയിലും നമ്മുക്ക് കാണാൻ കഴിയുന്ന ഒരേ സ്റ്റൈൽ.
LikeLike