സംവാദത്തിന്റെ തത്വശാസ്ത്രം -നാല്

മുഹമ്മദ് ശമീം

സംവാദത്തിന്റെ തത്വശാസ്ത്രവുമായി ബന്ധപ്പെട്ട ചർച്ചയിൽ ഒന്നും രണ്ടും ഭാഗങ്ങൾ സംവാദത്തെക്കുറിച്ച പൌരാണിക ചിന്തകളും സോക്രാട്ടിക്, കാർട്ടീസിയൻ സംവാദങ്ങളും ഒക്കെയായി ബന്ധപ്പെട്ട കാര്യങ്ങളാണ് വിശകലനം ചെയ്തത്. മൂന്നാം ഭാഗത്താകട്ടെ, ഇമാം ഗസാലിയുടെ പാഠങ്ങൾ മുതൽ പ്രത്യുൽപന്നമതിത്വം വരെയുള്ള വിഷയങ്ങളും പരാമർശിച്ചു.

ക്രിയാത്മക സംവാദങ്ങളുമായി ബന്ധപ്പെട്ട മറ്റു ചില വശങ്ങൾ കൂടി പരിശോധിക്കാം.

പൊതുവായി ചില കാര്യങ്ങൾ

എന്തായിരിക്കും ഒരാൾക്ക് ഏറ്റവും പ്രിയപ്പെട്ടത്?

മറ്റു പല ചോദ്യങ്ങൾക്കുമെന്ന പോലെ ഇതിനും ആപേക്ഷികമായ ഉത്തരം മാത്രമേ നല്‍കാൻ പറ്റൂ. പട്ടിണിയിലേക്കെത്തി നിൽക്കുന്ന ഒരാൾക്ക് ഭക്ഷണത്തെക്കാൾ പ്രിയപ്പെട്ടതല്ല ഒന്നും. തണുപ്പ് കൊണ്ട് മരിക്കാൻ പോകുന്നയാൾക്ക് ചൂടായിരിക്കും പ്രിയപ്പെട്ടതെങ്കിൽ ഏകാന്തതയിലകപ്പെട്ടു പോയയാൾ ഏറ്റവും കൂടുതൽ കൊതിക്കുക സഹവാസത്തിനായിരിക്കും.

ഇതൊക്കെത്തന്നെയാണ് അടിസ്ഥാനാവശ്യങ്ങൾ. മനുഷ്യനിലും പ്രഥമമായി ഉണര്‍ന്നിരിക്കുന്നത് അവനിലെ മൃഗം തന്നെയാണ്. എന്നാൽ ഇത്തരം ആവശ്യങ്ങളെല്ലാം പൂര്‍ത്തീകരിച്ചു കഴിഞ്ഞാലും പിന്നെയുമെന്തൊക്കെയോ മനുഷ്യൻ ആഗ്രഹിക്കുന്നില്ലേ?

മനുഷ്യൻ അപ്പം കൊണ്ട് മാത്രം ജീവിക്കുന്നില്ല എന്ന് ചിന്തിക്കുന്നവരാണ് തത്വചിന്തകന്മാരും പ്രവാചകന്മാരും. അവർ ലോകത്തെയും ജീവിതത്തെയും നിര്‍വികാരമായി നോക്കിക്കണ്ടില്ല.

കൊച്ചുകുഞ്ഞുങ്ങൾക്ക് ലോകം അത്യധികം വിസ്മയകരമായിരിക്കും. അതുകൊണ്ടാണ് അവർ നിരന്തരം ചോദ്യങ്ങളുന്നയിക്കുന്നത്. എന്നാൽ ലോകം ഒരു ശീലമാകുന്നതോടെ വിസ്മയം അടങ്ങുകയും നിര്‍വികാരത കൈക്കൊള്ളുകയും ചെയ്യും. ചോദ്യങ്ങളോട് വൈമുഖ്യമുള്ള മുതിര്‍ന്നവർ അവർക്ക് നിയന്ത്രണങ്ങളുണ്ടാക്കുകയും ചെയ്യും.

പൊതുവെ അതോടെ അന്വേഷണങ്ങൾ അവസാനിക്കും. അനുധാവനം ശീലിച്ചു തുടങ്ങും. ഒരു പാരമ്പര്യം രൂപപ്പെടും. ഗതാനുഗതികത്വം മാത്രമാവും പിന്നെയുള്ള ശീലം. മുമ്പേ ഗമിച്ചീടിന ഗോവ് തന്റെ പിമ്പേ ഗമിക്കും ബഹുഗോക്കൾ..

എന്നാൽ ഇത്രയും നിര്‍വികാരതയോടെ ലോകത്തെ കാണാൻ വിസമ്മതിക്കുന്നവരാണ് ജിജ്ഞാസുക്കൾ. അവരെ ചോദ്യങ്ങൾ അസ്വസ്ഥരാക്കും. എല്ലാം അവർ വിസ്മയത്തോടെ നോക്കിക്കാണുകയും വിസ്മയങ്ങൾ അവരെ അന്വേഷണത്തിന് പ്രേരിപ്പിക്കുകയും ചെയ്യും.

ശാസ്ത്രജ്ഞാനത്തിന്റെയും ആധാരം ഇതുതന്നെയാണ്. ഞെട്ടറ്റുപോകുന്ന ആപ്പിളുകൾ ന്യൂട്ടന് മുമ്പും താഴോട്ട് തന്നെയാണ് വീണു കൊണ്ടിരുന്നത്. (വീഴ്ച എന്ന് പറയുന്നേടത്ത് താഴോട്ട് എന്ന് ദിശ സൂചിപ്പിക്കേണ്ടതില്ല എന്ന ഒരു ഘടനാ പ്രശ്‌നം ഉന്നയിക്കാം ഈ വാക്യത്തിൽ).

എന്തായാലും ചിന്താകുലനായ ന്യൂട്ടന്റെ കാഴ്ചവട്ടത്തിലേക്കായതോടെ നിലത്ത് പതിച്ച ആപ്പിൾ ചരിത്രത്തിലേക്കിടിച്ചു കയറി. പുതിയ ചിന്തയുടെയും അന്വേഷണത്തിന്റെയും ശാസ്ത്രരംഗത്തുണ്ടായ പുതിയ വികാസത്തിന്റെയും നിമിത്തമായി അത് മാറി.

debate by tamanna sagar
Debate by Tamanna Sagar

ചുരുക്കിപ്പറഞ്ഞാൽ,
– ഗതാനുഗതികത്വവും കേവലാനുധാവനവും വലിയൊരു ജനവിഭാഗത്തിന്റെ ശീലങ്ങളാവാം. ആ ജനവിഭാഗം അവരുടെ പ്രവൃത്തികളിൽ പരമ്പരാഗതമായി നന്മ കാത്തുസൂക്ഷിക്കുകയും അവരുടെ വിശ്വാസങ്ങൾ സത്യവും യുക്തിഭദ്രവുമായിരിക്കുകയും ഒക്കെ ചെയ്യുന്നുണ്ടാവാം, അങ്ങനെയല്ലാതെയുമിരിക്കാം. എന്നാൽ അതത്ര അഭികാമ്യമൊന്നുമല്ല.

– വിസ്മയിക്കുക, അന്വേഷിക്കുക, സംശയിക്കുക, ചോദ്യം ചെയ്യുക തുടങ്ങിയ പ്രക്രിയകൾ പ്രധാനമാണ്.

വിസ്മയം, അന്വേഷണം തുടങ്ങിയ ആധാരങ്ങളില്‍ത്തന്നെയാണ് ആരോഗ്യകരമായ സംവാദങ്ങളും വികസിക്കേണ്ടത്. ഒപ്പം തന്നെ പ്രധാനമാണ് മനുഷ്യജ്ഞാനത്തിന്റെ ആപേക്ഷികതയുമായി ബന്ധപ്പെട്ട വിഷയവും.

ക്രിയാത്മകസംവാദങ്ങൾ

സംവാദങ്ങളിൽ സത്യസന്ധത, ആത്മാർത്ഥത, വിശാലത, ഗുണകാംക്ഷ തുടങ്ങിയ മൂല്യങ്ങൾക്ക് ഖുർആൻ പ്രാധാന്യം നൽകുന്നു. കാര്യങ്ങൾ ശ്രദ്ധിച്ച് കേൾക്കുകയും അതിൽ ഉത്തമമായതിനെ അനുധാവനം ചെയ്യുകയും ചെയ്യുന്നതിനെക്കുറിച്ച പരാമർശം കഴിഞ്ഞ ഒരു പോസ്റ്റിൽ ഉദ്ധരിച്ചിട്ടുണ്ട്. ഒപ്പം രണ്ട് പ്രധാന നിബന്ധനകൾ ഖുർആൻ പ്രത്യേകം മുന്നോട്ട് വെക്കുന്നതായി കാണാം.

ഒന്ന്) ഖൗലുൻ ലയ്യിൻ (സൗമ്യമായ സംസാരം gentle speech).
രണ്ട്) ജിദാലുൻ അഹ്‌സൻ (ക്രിയാത്മകമായ സംവാദം (creative discussion)

ഇതിൽ ഒന്നാമത്തെ നിര്‍ദ്ദേശം മുന്നോട്ടുവെക്കുന്ന സന്ദര്‍ഭം പ്രത്യേകം പ്രസ്താവ്യമാണ്. കടുത്ത സ്വേഛാധികാരിയും ക്രൗര്യമുള്ള വംശീയവാദിയുമായ ഫറോവയുമായി സംവാദത്തിന് പുറപ്പെടാൻ മൂസാ നബിയോട് കൽപിക്കുകയാണ് അല്ലാഹു. ആ സമയത്താണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. സൗമ്യമായി സംസാരിക്കണം. അതയാളെ പേടിച്ചിട്ടല്ല, മറിച്ച് സംവാദത്തിലുള്ള മര്യാദയും അതിന്റെ ഫലപ്രാപ്തിയിലുള്ള വിശ്വാസവും അനിവാര്യമാണ് ഒരു പ്രബോധകന്.

രണ്ടാമത് പറഞ്ഞതിൽ ജിദാൽ എന്ന പദം ഭാഷാർത്ഥം കൊണ്ട് സംവാദത്തെക്കാൾ ചേരുക തർക്കത്തിനാണ്. പ്രത്യക്ഷത്തിൽ കുതർക്കം എന്നൊക്കെ പറയാവുന്ന തരത്തിൽ നിഷേധാത്മകസ്വരമാണ് ആ പദത്തിനുള്ളതെങ്കിലും ദുഷ്ഫലമുളവാക്കുന്ന ഒന്ന് എന്ന തരത്തിലല്ലാതെ ഖുർആൻ തന്നെ ആ പദം ഉപയോഗിച്ചിട്ടുണ്ട്. അമ്പത്തെട്ടാമത്തെ ഖുർആൻ സൂറയിൽ തന്റെ ഭര്‍ത്താവിനെതിരായ പരാതിയുമായി പ്രവാചകനുമായി സംവാദത്തിലേര്‍പ്പെട്ട ഖൗല ബിന്‍ത് ഥഅലബ എന്ന സ്ത്രീയെ മുജാദില എന്നാണ് വിശേഷിപ്പിക്കുന്നത്.

അതേസമയം അവരുടെ വാദഗതികള്‍ക്കൊപ്പമായിരുന്നു ഖുർആൻ. പ്രയോജനപ്രദമായിത്തീര്‍ന്ന ഒന്ന് എന്ന രീതിയിലാണ് അവിടെ ജിദാൽ എന്ന പദം വരുന്നത്.

സ്വാഭാവികമായും നിഷ്പ്രയോജകമായ താര്‍ക്കിക വ്യവഹാരങ്ങളെ ഉപേക്ഷിച്ച് ക്രിയാത്മകമായ സംവാദങ്ങളിലേര്‍പ്പെടുക എന്നതാണ് ജാദിൽഹും ബില്ലതീ ഹിയ അഹ്‌സൻ (ഏറ്റവും ഉത്തമമായ രീതിയിൽ നീ അവരുമായി സംവദിക്കുക) എന്നതു കൊണ്ട് ഖുര്‍ആൻ ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാക്കാം.

സംവാദത്തെക്കുറിച്ച മറ്റൊരു നിര്‍ദ്ദേശവും കൂടിയുണ്ട് ഖുര്‍ആനിൽ. ‘വരൂ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയിൽ പൊതുവായുള്ള തത്വത്തിലേക്ക് പോകാം’ എന്ന് തുടങ്ങണം എന്നതാണത്. യോജിക്കാന്‍ കഴിയുന്ന കാര്യങ്ങളില്‍ നിന്ന് തുടങ്ങാം എന്നു തന്നെ. ഉദ്ഗ്രഥനാത്മകമാവണം സംവാദമെന്നര്‍ത്ഥം.

പ്രതിലോമകരമായ ചില പ്രവണതകൾ

പൊതുവെ മുന്നേ സൂചിപ്പിച്ച തരത്തിലുള്ള ജല്‍പം, വിതണ്ഡ, ചല, ജതി തുടങ്ങിയ പ്രവണതകളാണ് ഇന്ന് സംവാദമുഖങ്ങളിൽ കാണപ്പെടാറുള്ളത്. അറിവിന്റെയും നിലപാടുകളുടെയും വിനിമയത്തിനപ്പുറം സംവാദങ്ങളെല്ലാം തന്നെ കുതര്‍ക്കങ്ങളായി പരിണമിച്ചിരിക്കുന്നത് അതുകൊണ്ടാണ്. സത്യാന്വേഷണത്തെക്കാൾ ഇത്തരം തര്‍ക്കങ്ങളിൽ മുന്നിട്ടു നില്‍ക്കുക വൈയക്തികമായ ഈഗോ സ്ഥാപിക്കാനുള്ള ശ്രമങ്ങളാകുന്നു.

തന്റെ ഇന്റര്‍ലോക്യുട്ടറെ മുന്‍വിധിയോടെ മാത്രം വീക്ഷിക്കുക, അയാളിൽ തീര്‍പ്പുകൾ കല്‍പിക്കുക, ആ തീര്‍പ്പുകൾ സൃഷ്ടിക്കുന്ന അവജ്ഞ സംവാദത്തിലുടനീളം പ്രകടിപ്പിക്കുക തുടങ്ങിയവ ഇതിന്റെ ഫലങ്ങളാണ്.

Francisco de Goya - Night Scene from the Inquisition
അന്വേഷണങ്ങൾക്ക് മേൽ പുരോഹിതാധിപത്യത്തിന്റെ ചങ്ങല ഫ്രാൻസിസ്കോ ഡെ ഗോയയുടെ Night Scene from the Inquisition എന്ന പെയിന്റിങ്

അതിനപ്പുറം, മതസംവാദങ്ങൾ എന്ന ഇനത്തില്‍പ്പെടുന്നവ അഭിമുഖീകരിക്കുന്ന മറ്റ് പ്രശ്‌നങ്ങളുമുണ്ട്. മതം യഥാര്‍ത്ഥത്തിൽ പ്രതിനിധാനം ചെയ്യുന്ന വിശാലതയെയും മനുഷ്യസ്‌നേഹത്തെയും അദൃശ്യമാക്കുന്ന ചില പ്രവണതകളെ മതപാരമ്പര്യങ്ങൾ ഉള്‍ക്കൊള്ളുന്നുണ്ട്. അതിൽ പ്രധാനപ്പെട്ടവ

ഒന്ന്) പുരോഹിതാധിപത്യം (ecclesiastical supremacy)
രണ്ട്) കടുത്ത ആത്മീയതയും ലോകനിഷേധപരമായ വൈരാഗ്യവും (asceticism)
മൂന്ന്) അക്ഷരവ്യഗ്രതയും മതതീവ്രതയും (radicalism)

ഇതിൽ ആദ്യം പറഞ്ഞ രണ്ടെണ്ണം മറ്റ് മതസമൂഹങ്ങളിൽ നിലനില്‍ക്കുന്ന അത്രത്തോളം വ്യവസ്ഥാപിതമായും ഹൈറാര്‍ക്കിക്കലായും മുസ്‌ലിം സമൂഹത്തിൽ നിലനില്‍ക്കുന്നില്ലെങ്കിലും പുരോഹിതാധിപത്യത്തിന്റെയും കടുത്ത ആത്മീയതയുടെയും സ്വാധീനങ്ങൾ പ്രകടമായിത്തന്നെ മുസ്‌ലിം പാരമ്പര്യവും ഉള്‍ക്കൊള്ളുന്നുണ്ട്.

മൂന്നാമത്തെ പ്രവണതയാകട്ടെ, എല്ലാ സ്ഥാപിത മതസമൂഹങ്ങളിലും ഏറിയും കുറഞ്ഞും നിലനില്‍ക്കുകയോ കാലാനുസൃതമായി അങ്ങനെയൊരു മനോഭാവം സൃഷ്ടിക്കപ്പെടുകയോ ചെയ്യുന്നു.

അതേസമയം ഇപ്പറഞ്ഞ മൂന്ന് പ്രവണതകളോടും കടുത്ത നിഷേധാത്മക സമീപനമാണ് ഖുര്‍ആനും നബിവചനങ്ങളും പ്രകടിപ്പിക്കുന്നത്.

റുഹ്ബാനിയഃ എന്നും റഹ്ബാനിയഃ എന്നും രണ്ട് പദങ്ങളുണ്ട്. റഹിബ എന്ന മൂലക്രിയയില്‍ നിന്നാണ് രണ്ടും വരുന്നത്. റഹിബ എന്നാല്‍ ഭയന്നു എന്നര്‍ത്ഥം. എന്നുവെച്ചാല്‍ ഈ രണ്ട് പദങ്ങളും ഭയത്തെ കുറിക്കുന്നതാണ്.

ഇതിൽ ആദ്യത്തെ പദവുമായി ബന്ധപ്പെട്ട റുഹ്ബാൻ എന്ന വാക്ക്, പുരോഹിതാധിപത്യവുമായി ബന്ധപ്പെടുത്തി ഖുര്‍ആൻ ഉപയോഗിച്ചിട്ടുണ്ട് സൂറഃ അത്തൗബയിൽ (34). റഹ്ബാനിയഃ എന്ന രണ്ടാം പദമാകട്ടെ, വിരക്തജീവിതം എന്ന അര്‍ത്ഥത്തിൽ സൂറഃ അല്‍ ഹദീദിലും വന്നിരിക്കുന്നു (27).

ഈ രണ്ട് പ്രവണതകളെയും തീര്‍ത്തും തള്ളിക്കളയുന്ന തരത്തിലാണ് അവിടെ പരാമര്‍ശങ്ങൾ, റഹിബ എന്ന പദനിഷ്പത്തിയെപ്പറ്റി സൂചിപ്പിച്ചുവല്ലോ. യഥാര്‍ത്ഥത്തിൽ ഭയമാണ് ഈ രണ്ട് സമ്പ്രദായങ്ങളുടെയും അടിസ്ഥാനം. ആളുകളെ ഭയത്തിലാഴ്ത്തിക്കൊണ്ട് മാത്രം നിലനില്‍പ് സാധ്യമാകുന്ന ഒന്നാണ് പുരോഹിതാധിപത്യമെങ്കിൽ, ഐഹികലോകത്തോടുള്ള അമിതമായ ഭയവും തന്റെ ആത്മീയവിശുദ്ധിയെ അത് തകരാറിലാക്കും എന്ന ആശങ്കയുമാണ് വൈരാഗ്യസന്യാസത്തിന്റെ പ്രതലം. അതായത്, പേടിപ്പിക്കുന്ന ഒന്നാണ് പുരോഹിതാധിപത്യം. വൈരാഗ്യസന്യാസമെന്നാൽ ഇഹലോകത്തെ പേടിക്കാൻ ശീലിപ്പിക്കുന്നതും.

അക്ഷരവ്യഗ്രതയുടെയും തീവ്രതയുടെയും കാര്യത്തിലാകട്ടെ, നിങ്ങൾ നിങ്ങളുടെ ദീനിൽ അതിരുകവിയരുത് എന്ന് അല്ലാഹു അരുളുന്നതായും ഖുര്‍ആനിൽ വായിക്കാം.

ഈ പ്രവണതകളെല്ലാം തന്നെ മതത്തിന്റെ പുരോഗമനപരവും വിപ്ലവാത്മകവുമായ സാമൂഹ്യ ഉള്ളടക്കത്തെ ചോര്‍ത്തിക്കളയുകയാണ് ചെയ്യുന്നത്. ഫലത്തിൽ മതമെന്നാൽ പരമ്പരാഗതമായ കുറെ ആചാരങ്ങളുടെ കെട്ടുകൾ മാത്രമായിത്തീരുന്നു. പിന്നെയതിന് മറ്റുള്ളവരോട് യാതൊന്നും പറയാനില്ലാതാവും.

അങ്ങനെയാവുന്നതോടെ മതത്തിന്റെ സംവാദസാധ്യത തന്നെ അസ്തമിക്കും. മറ്റ് സമൂഹങ്ങളോട് കടുത്ത മുന്‍വിധി കൂടി ഉണ്ടായിത്തീരുന്നതോടെ ഈയവസ്ഥ അല്‍പം കൂടി അപകടകരമായ തലം ആര്‍ജിക്കുന്നു.

റാഡിക്കലിസ്റ്റുകളായ ഒരു സായുധസമൂഹവും അതിനെ നിയന്ത്രിക്കുന്ന പുരോഹിതാധിപത്യവും ഒന്നിച്ചു ചേരുന്നതോടെ ഇത് അതിമാരകമായ രൂപവും കൈവരിക്കും. അത്തരമൊരവസ്ഥയിൽ സംവാദം എന്നത് തീര്‍ത്തും അപ്രായോഗികമായ ഒരാശയമായും മാറുന്നു.

എന്തായാലും ചരിത്രത്തെ മുന്നോട്ട് നയിക്കുകയും ശരിയായ സാമൂഹ്യപരിവര്‍ത്തനം സാധ്യമാക്കുകയും ചെയ്തുപോന്ന ഒരു സംവിധാനവും സംസ്‌കാരവുമാണ് സംവാദങ്ങൾ. ആശയപ്രബോധനത്തിൽ ഇവ വഹിച്ച പങ്കും അളവറ്റതാണ്.

One thought on “സംവാദത്തിന്റെ തത്വശാസ്ത്രം -നാല്

  1. രിത്രത്തെ മുന്നോട്ട് നയിക്കുകയും ശരിയായ സാമൂഹ്യപരിവര്‍ത്തനം സാധ്യമാക്കുകയും ചെയ്തുപോന്ന ഒരു സംവിധാനവും സംസ്‌കാരവുമാണ് സംവാദങ്ങൾ

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s