മുഹമ്മദ് ശമീം
പൌരാണികമായ സംവാദങ്ങളെയും സോക്രാട്ടിക് സംവാദസിദ്ധാന്തങ്ങളെയും നാം ഒന്നാം ഭാഗത്ത് വിശകലനം ചെയ്തു. രണ്ടാം ഭാഗമാകട്ടെ, കാർട്ടീസിയൻ സംവാദങ്ങളെക്കുറിച്ചും ഉത്തമവും അധമവുമായ സംവാദപ്രവണതകളെയും വിഷയമാക്കി.
ഇമാം ഗസാലി മുന്നോട്ടു വെക്കുന്ന ചില പാഠങ്ങൾ ഈ ഭാഗത്ത് വിശകലനം ചെയ്യാം.
മുനാളറയും മുജാദലയും
ഇസ്ലാമിക പ്രതലത്തിലേക്ക് വരുമ്പോൾ എന്തിലുമെന്ന പോലെ ഇതിലും നിയ്യത്ത് പ്രധാനമായി വരുന്നു. സത്യം കണ്ടെത്തുകയോ സ്ഥാപിക്കുകയോ ചെയ്യുക എന്നതിനപ്പുറം വൈയക്തികമായ ഈഗോയുടെ സംസ്ഥാപനം എന്നതിലേക്ക് ഉദ്ദേശ്യം വഴിമാറിപ്പോയാൽ ഏതൊരു കര്‍മവും പോലെ സംവാദവും നിഷ്ഫലമായിപ്പോകും എന്നതാണ് ഇസ്ലാമിന്റെ നിലപാട്.
ഇമാം അൽ ഗസാലി ചില പദങ്ങളിലൂടെ ആശാസ്യവും അനാശാസ്യവുമായ സംവാദങ്ങളെ വിവരിച്ചത് കാണാം.
മുനാളറ-
ആരോഗ്യകരവും പ്രയോജനപ്രദവുമായ സംവാദങ്ങളെ ഗസാലി മുനാളറ എന്നാണ് വിളിക്കുന്നത്. നള്ര് എന്നാൽ വീക്ഷണം. വീക്ഷണങ്ങളുടെ വിനിമയമാണ് മുനാളറ (argumentation, corresponding). വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനും എന്ന ശ്രീ നാരായണ ഗുരുവിന്റെ പ്രസ്താവന വിഖ്യാതമാണല്ലോ. വീക്ഷണങ്ങളിലും നിലപാടുകളിലും അന്തരങ്ങളുണ്ടാവും, കടുത്ത വൈരുധ്യങ്ങളുമുണ്ടാവും. ഈ വൈവിധ്യങ്ങളെ പരസ്പരം കൈമാറുക എന്നതാണ് മുനാളറയുടെ ലക്ഷ്യം.
മറുപക്ഷത്ത് നില്‍ക്കുന്നയാളോട് സംസാരിക്കുന്നത് കൊണ്ട് പ്രയോജനമുണ്ടായേക്കാം എന്ന തോന്നലിലാണല്ലോ നാം സംവാദത്തിലേര്‍പ്പെടുക. താൻ പറയുന്നത് അയാൾ കേള്‍ക്കണം എന്ന് നാമോരോരുത്തരും ആഗ്രഹിക്കുന്നു. സ്വാഭാവികമായും അയാൾ പറയുന്നത് കേള്‍ക്കാന്‍ നമുക്കും ബാധ്യതയുണ്ട്.
നാം പറയുന്നത് അയാള്‍ക്ക് പ്രയോജനപ്പെട്ടേക്കാം എന്ന് നാം ചിന്തിക്കുന്നത് പോലെ തിരിച്ചിങ്ങോട്ടും ചിന്തിക്കാന്‍ അയാള്‍ക്കവകാശമുണ്ട്. മാത്രവുമല്ല, പറയുന്നത് മാത്രമല്ല കേള്‍ക്കുന്നതും നമുക്ക് തന്നെ പ്രയോജനപ്രദമാവും എന്ന് ചിന്തിക്കാനുള്ള വിവേകവും അനിവാര്യമാണ്.
ബോധമുള്ളവരുടെ അഥവാ മുഅ്മിനുകളുടെ ലക്ഷണമായി ഖുര്‍ആൻ അല്ലദീന യസ്തമിഊനൽ ഖൗല വ യത്തബിഊന അഹ്സന എന്ന് പ്രസ്താവിക്കുന്നുണ്ടല്ലോ. കാര്യങ്ങള്‍ ശ്രദ്ധിച്ച് കേള്‍ക്കുകയും അതില്‍ ഉത്തമമായതിനെ അനുധാവനം ചെയ്യുകയും ചെയ്യുന്നവർ എന്നര്‍ത്ഥം.
പറയപ്പെട്ടതെന്താണെന്ന് പരിശോധിക്കുന്നതിന് പകരം പറയുന്നതാരാണെന്ന് നോക്കുന്ന സമകാലിക പണ്ഡിതന്മാരെ ഗസാലി നിശിതമായി വിമര്‍ശിക്കുന്നുണ്ട്.
മുനാളറ എന്ന സംവാദരീതിയുടെ സവിശേഷതകളെ ഇപ്രകാരം സംക്ഷേപിക്കാം.
വീക്ഷണങ്ങൾ പരസ്പരം വിനിമയം ചെയ്യുക,
ഉള്‍ക്കൊള്ളേണ്ടത് ഉള്‍ക്കൊള്ളുക.
അടിച്ചേല്പിക്കാനുള്ള യാതൊരു ശ്രമവും നടത്താതിരിക്കുക. ആരുടെയും ബോധ്യങ്ങള്‍ക്ക് മേൽ മറ്റാര്‍ക്കും ഒരധികാരവും ഇല്ല.
പിരിഞ്ഞു പോകുമ്പോഴും മനസ്സുകള്‍ പരസ്പരം തുറന്നു തന്നെയിരിക്കക.
ആശയങ്ങള്‍ തമ്മിലുള്ള ഏറ്റവും സാര്‍ത്ഥകമായ പോരാട്ടം സംവാദം തന്നെയാണ്. പോരാട്ടമല്ലത്, വിനിമയമാണ്. വാക്കും വാളും തമ്മില്‍ വ്യത്യാസമുണ്ടല്ലോ. ഏറ്റവും ശരിയായി ഉപയോഗിക്കാവുന്ന ആയുധമാണ് വാക്ക്. അല്പം തെറ്റിയാല്‍ അത് വാളിനെക്കാള്‍ മാരകവും ആയിത്തീരും.
മുജാദല-
മനോവിശാലതയുടെ അഭാവത്തിൽ വീക്ഷണവിനിമയം അഥവാ മുനാളറ, മുജാദല ആയിപ്പോകാന്‍ സാധ്യതയുണ്ടെന്ന് ഗസാലി പറയുന്നു. നിരന്തരം എതിര്‍ത്തുകൊണ്ടേയിരിക്കുക (expostulation) എന്നതാണത്. കഴിഞ്ഞ പോസ്റ്റില്‍ നാം പറഞ്ഞ, കുതര്‍ക്കങ്ങളുമായി ബന്ധപ്പെട്ട ഘടകങ്ങളൊക്കെ വരുന്നത് മുജാദലയിലാണ്.
മുകാബറ-
ഈ വ്യതിയാനത്തിന്റെ പ്രധാന കാരണം നിഷേധാത്മകമായ ഈഗോ സെന്‍സ് ആണ്. പരസ്പരം അറിയാനും അറിയിക്കാനുമല്ലാതെ തന്റെ ഈഗോയെ സ്ഥാപിക്കാനാണ് സംവാദമെങ്കില്‍ അതിനെ ഇമാം ഗസാലി വിളിക്കുന്നത് മുകാബറ എന്നാണ്. കിബ്ര് എന്നുവെച്ചാല്‍ അഹന്ത എന്നര്‍ത്ഥം.
കാണാൻ കഴിയാത്ത ശത്രുക്കളോട് ജിഹാദ് പ്രഖ്യാപിക്കാന്‍ ഉപദേശിക്കുന്നുണ്ട് ഇമാം ഗസാലി. അഹംഭാവം, മദം, ദുരഭിമാനം, സ്വാര്‍ത്ഥത, ലോഭം, കാമം, അസഹിഷ്ണുത, ദ്വേഷം, വ്യാജം, ചതി, കിംവദന്തി, പഴി എന്നിവയാണവ.
നാം പറയുന്നത് എത്രതന്നെ സത്യമാണെങ്കിലും മുജാദലയും മുകാബറയും മനസ്സിനെ ഇടുക്കുകയും മറ്റുള്ളവരില്‍ നിന്ന് അതിനെ കൊട്ടിയടക്കുകയും ചെയ്യും. എന്നാല്‍ മുനാളറയാകട്ടെ, പറയാനുള്ളത് കൃത്യമായും ദൃഢതയോടെയും പറയുക എന്നതോടൊപ്പം തന്നെ മനസ്സിനെ എല്ലായ്പോഴും തുറന്നിടുക എന്നതുമത്രേ.
സംവാദവും കോഴിപ്പോരും
വെറും വാചാടോപങ്ങൾക്കുള്ള ചില ഉദാഹരണങ്ങൾ പറയാം.
നൈജീരിയൻ സാഹിത്യകാരനായ ചിനുവ അചേബേയുടെ ഒരു നോവലാണ് Anthlls of the Savannah. അതിൽ പറയുന്ന ഒരു കഥയുണ്ട്.
ദിവസങ്ങളായി താൻ പിടിക്കാൻ ശ്രമിക്കുകയായിരുന്ന ആമയെ തികച്ചും അനുകൂലമായ ഒരവസ്ഥയിൽ പുള്ളിപ്പുലി കണ്ടുമുട്ടി.
എന്തായാലും താങ്കൾ എന്നെ കൊല്ലും. അതിന് മുമ്പ് ഒരു സൌജന്യം അനുവദിക്കാമോ എന്ന് ചോദിച്ചു ആമ.
ശരി, എന്താണെന്ന് വെച്ചാൽ പറയൂ എന്ന് പുലി.
മരിക്കാൻ എന്റെ മനസ്സിനെ ഞാനൊന്ന് സന്നദ്ധമാക്കട്ടെ. അതുവരെയുള്ള സമയമാണ് ഞാൻ ചോദിക്കുന്നത്.
പുലി ഇതനുവദിച്ചപ്പോൾ മനസ്സിനെ ഏകാഗ്രമാക്കാൻ വേണ്ടി ധ്യാനിച്ചിരിക്കുന്നതിന് പകരം ആമ തന്റെ ശക്തി മുഴുവനുപയോഗിച്ച് മണ്ണ് കുഴിച്ചെടുക്കുകയും ചുറ്റുപാടും വിതറുകയുമാണ് ചെയ്തത്.
ഹേയ്.., നീയെന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് പുലി.
അപ്പോൾ ആമ ഇപ്രകാരം പറഞ്ഞു: “ഇനിയാരെങ്കിലും ഇതുവഴി കടന്നുപോകുമ്പോൾ, ഇവിടെ വെച്ചൊരാൾ അയാളുടെ സമനിലയിലുള്ള എതിരാളിയുമായി മല്ലിട്ടു എന്ന് പറയണം എന്നെനിക്കാഗ്രഹമുണ്ട്”.
ചിനുവ അചേബേ ഈ കഥ പറയുന്നത് മറ്റൊരു മാനത്തിലും ഉദ്ദേശ്യത്തിലുമാണ്. അതിശക്തരായ ഭരണകൂടങ്ങളോട് ജനാധിപത്യവാദികൾ പൊരുതുന്നത് പിന്നീട് കടന്നുവരുന്നവർക്ക് വേണ്ടി ചരിത്രത്തിൽ അടയാളങ്ങൾ സൃഷ്ടിക്കാനാണ് എന്ന ആശയത്തിലൂടെ പോരാട്ടങ്ങളുടെ പ്രസക്തിയെ ഉയർത്തിപ്പിടിക്കുകയാണ് അചേബേ.
എന്നാൽ ഇവിടെ ഈ കഥ ഉദ്ധരിച്ചത് മറ്റൊരാശയം വിശദീകരിക്കാനാണ്.
വാചികാംശത്തിന് പ്രാധാന്യം നൽകുന്ന പ്രഭാഷകരും എഴുത്തുകാരും സംവാദകരുമുണ്ട്. കഥയിലും കലയിലും ഭാവത്തിന് താഴെ വേണം വാചികാംശം വരാൻ. പ്രഭാഷണത്തിലും സംവാദത്തിലുമാകട്ടെ, ആശയമാണ് പ്രധാനം.
തങ്ങൾ പറയുന്നത് എത്രത്തോളം ദുർബ്ബലമാണ് എന്ന് ചിലർക്ക് നല്ല തിരിച്ചറിവുണ്ട്. തങ്ങൾ തന്നെ എത്രത്തോളം ദുർബ്ബലരാണെന്നും അവർക്കറിയാം. അതിന് മുകളിൽ അവർ സൃഷ്ടിക്കുന്ന വാചാടോപം മാത്രമായി വാചികാംശം മാറുന്നു എന്നതാണ്.
പുലിയോട് ഏറ്റുമുട്ടി എന്ന തോന്നലുണ്ടാക്കാൻ വേണ്ടി മണ്ണ് ചികഞ്ഞു പാറ്റുന്ന ആമയെപ്പോലെത്തന്നെ.

പ്രായമായപ്പോൾ അപശബ്ദങ്ങളുണ്ടാക്കുന്നുണ്ട് മാർക്വേസിന്റെ ഉർസുല (Úrsula Iguarán/ One Hundred Years of Solitude). അതിശക്തയായ കഥാപാത്രമായ ഉർസുല മക്കളെക്കാളധികം കാലം ജീവിക്കുകയും തലമുറകൾക്ക് സാക്ഷിയാവുകയും ചെയ്തു. അവസാനകാലത്ത് തന്നിലേക്ക് മറ്റുള്ളവരുടെ ശ്രദ്ധ കിട്ടാൻ അവർക്കുണ്ടായിരുന്ന ഏകപോംവഴി ഈ ശബ്ദങ്ങളായിരുന്നു.
ഓക്സ്ഫേഡ് ബിഷപ്പ്, സാമുവൽ വിൽബർഫോഴ്സും തോമസ് ഹക്സ്ലിയും തമ്മിൽ നടന്ന ഒരു സംവാദമുണ്ട്. പരിണാമസിദ്ധാന്തവും ഡാർവിനിസവുമൊക്കെയായി ബന്ധപ്പെട്ട ഒന്നാണ്. ഡാർവിൻസ് ബുൾഡോഗ് എന്നറിയപ്പെട്ട ഡാർവിനിസ്റ്റാണ് ഹക്സ്ലി.
ഡാർവിനും പരിണാമവാദികളും അവതരിപ്പിക്കുന്ന ശാസ്ത്രസിദ്ധാന്തങ്ങൾ നിമിത്തം തങ്ങളുടെ ദൈവശാസ്ത്രം തകർന്നുപോകും എന്ന് പരിഭ്രമിക്കാൻ മാത്രം ദുർബ്ബലമാണ് അന്നും ഒട്ടൊക്കെ ഇന്നും മതസംവാദകരുടെ ബോധ്യവും വിശ്വാസവുമൊക്കെ. ഈ ദൌർബല്യത്തെയാണ് വിൽബർഫോഴ്സും പ്രതിനിധീകരിച്ചിരുന്നത് എന്നുവേണം കരുതാൻ.
സംവാദത്തിന്റെ ആരംഭത്തിൽത്തന്നെ മെത്രാൻ ഹക്സ്ലിയോട് ഒരു ചോദ്യം ചോദിച്ചു: “മി. ഹക്സ്ലി, ഏത് വഴിക്കാണ് താങ്കളുടെ മുത്തച്ഛൻ ഒരു കുരങ്ങനാവുന്നത്? അമ്മ വഴിക്കോ, അച്ഛൻ വഴിക്കോ?”
അക്ഷോഭ്യനായി ഹക്സ്ലി ഇങ്ങനെ മറുപടി പറഞ്ഞു: “ഉന്നതമായ ഒരു സംവാദവേദിയെ ഇത്തരം വില കുറഞ്ഞ തമാശകൾ കൊണ്ട് ഇടിച്ചു താഴ്ത്തുന്ന താങ്കളെപ്പോലുള്ള ഒരാളെക്കാളും ഞാനിഷ്ടപ്പെടുന്നത് ഒരു കുരങ്ങൻ തന്നെ എന്റെ മുത്തച്ഛനാവുന്നതാണ്”.
മുകളിൽപ്പറഞ്ഞ ആമസൂത്രത്തിന് ഉദാഹരണമാണ് മെത്രാന്റെ ചോദ്യമെങ്കിൽ, ഹക്സ്ലിയുടെ മറുപടിയും മറ്റൊന്നിനുള്ള ഉദാഹരണമാണ്.
അതായത്, പ്രത്യുത്പന്നമതിത്വം എന്ന ഒരു വാക്കുണ്ട്. Promptitude എന്ന് ഇംഗ്ലീഷിൽ ഇതിന് അർത്ഥം പറയാറുണ്ട്. പ്രോംപ്റ്റിറ്റ്യൂഡ് എന്നാൽ the quality of acting quickly and without delay എന്നർത്ഥം. ഒട്ടും അമാന്തം കൂടാതെ, എന്നാൽ തികച്ചും സന്ദർഭാനുസരണമായി പറയാനോ ചെയ്യാനോ ഉള്ള കഴിവിനെയാണ് പ്രത്യുത്പന്നമതിത്വം എന്ന് പറയുക. സംവാദത്തിലാകുമ്പോൾ ഉരുളക്കുപ്പേരി എന്ന മട്ടിലുള്ള പ്രതികരണങ്ങൾ എന്ന് പറയാം.
പ്രത്യുത്പന്നമതിത്വത്തിന് ഉദാഹരണമായി എം കൃഷ്ണൻ നായർ (സാഹിത്യവാരഫലം) ഒരു സംഭവം വിവരിക്കുന്നുണ്ട്. CPSU സെൻട്രൽ കമ്മിറ്റി യോഗത്തിൽ ജോസഫ് സ്റ്റാലിനെയും അദ്ദേഹത്തിന്റെ നയങ്ങളെയും ഏകാധിപത്യത്തെയുമൊക്കെ വിമർശിച്ചത്രേ സ്റ്റാലിനും മലങ്കോഫിനും ശേഷം സോവിയറ്റ് യൂനിയൻ പ്രസിഡന്റായ നികീത ക്രൂഷ്ചേഫ്.
കൊലപാതകങ്ങളടക്കമുള്ള അപരാധങ്ങളൊക്കെ സ്റ്റാലിൻ ചെയ്തുകൂട്ടിയപ്പോൾ, ഇപ്പോഴിത് പറയുന്ന സഖാവ് അന്നെവിടെയായിരുന്നു എന്ന് ഇരിക്കുന്നേടത്തിരുന്നു കൊണ്ടു തന്നെ ഒരാൾ ഉറക്കെ വിളിച്ചു ചോദിച്ചു.
ആ ചോദ്യകർത്താവ് ഒന്നെഴുനേറ്റു നിൽക്കണം എന്നായി ക്രൂഷ്ചേഫ്. പക്ഷേ, ഒരാളും അനങ്ങിയില്ല. അപ്പോൾ ക്രൂഷ്ചേഫ് ഇങ്ങനെ പറഞ്ഞു: “ഇതാണ് കാര്യം. നിങ്ങൾ ഇപ്പോൾ ഏതു നിലയിലിരിക്കുന്നുവോ അതേ നിലയിലായിരുന്നു എന്റെ അന്നത്തെ ഇരിപ്പ്.”

ഈ മറുപടി ക്രൂഷ്ചേഫിന്റെ ഭീരുത്വത്തെ അടയാളപ്പെടുത്തുന്നുണ്ടെങ്കിലും ഇതിൽ അദ്ദേഹത്തിന്റെ പ്രത്യുത്പന്നമതിത്വം പ്രകടമാണെന്ന് കൃഷ്ണൻ നായർ എഴുതുന്നു.
ഈ പ്രോംപ്റ്റിറ്റ്യൂഡിന്റെ ഒന്നാന്തരം ഉദാഹരണമാണ് വിൽബർഫോഴ്സ് മെത്രാനോടുള്ള ഹക്സ്ലിയുടെ പ്രതികരണം.
സംവാദങ്ങൾ എന്ന പേരിൽ ഇന്ന് നടക്കുന്ന മത, മതാന്തര, മത-നാസ്തിക കോഴിപ്പോരുകൾ പലതും ഏത് നിലയിലാണ് നിലകൊള്ളുന്നത് എന്നതിന് ലളിതമായ ചില ഉദാഹരണങ്ങൾ പറഞ്ഞു എന്നേയുള്ളൂ. സംവാദത്തിന്റെ തത്വശാസ്ത്രത്തെക്കുറിച്ച സംവാദത്തിനിടയിൽ ചില നേരമ്പോക്കുകൾ.
2 thoughts on “സംവാദത്തിന്റെ തത്വശാസ്ത്രം -മൂന്ന്”