മുഹമ്മദ് ശമീം
യുക്തിയും ദൈവവും ദെകാർത്തും
കാര്ട്ടീസിയൻ സംവാദങ്ങളും യുക്തിയെയാണ് ആശ്രയിക്കുന്നത്. വിശകലനത്തിന്റെ നാല് നിയമങ്ങള്‍ അവതരിപ്പിക്കുന്നുണ്ട് ഹൊനെ ദെകാർത്ത് (Rene Descartes).
ഒന്ന്) ഒരു കാര്യത്തെ വ്യക്തമായും വിവേചിച്ചും അറിയുന്നത് വരെ അതിനെ സത്യമെന്ന് കരുതാൻ നമുക്കാവില്ല.
രണ്ട്) ഈ അറിവ് ഉള്‍ക്കൊള്ളുന്നതിന് വസ്തുതകളെയും വാദങ്ങളെയും ചെറുഘടകങ്ങളാക്കിത്തിരിക്കേണ്ടതുണ്ട്. എല്ലാ ചെറുവിചാരങ്ങളെയും അളന്നും തൂക്കിയും പഠിക്കുകയും വേണം.
മൂന്ന്) ലാളിത്യത്തിൽ നിന്ന് സങ്കീര്‍ണതയിലേക്കാണ് തത്വചിന്ത സഞ്ചരിക്കേണ്ടത്. എങ്കിലേ പുതിയ ഉള്‍ക്കാഴ്ച സ്വരൂപിക്കാനാവൂ.
നാല്) വാദത്തിന്റെ സകല ബന്ധങ്ങളെയും കൃത്യമായി പരിശോധിച്ചുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അങ്ങനെ തത്വചിന്താപരമായ തീര്‍പ്പ് കൈയെത്തുന്ന ദൂരത്തിലാവും.

തെളിവും പ്രസ്താവനയും തമ്മിലുള്ള ബന്ധങ്ങളെപ്പറ്റി വ്യത്യസ്തവും വിരുദ്ധവുമായ വിശകലനങ്ങളുണ്ട്. ജ്ഞാനത്തിന്റെ സ്വത്വഃപ്രാമാണ്യത്തിലാണ് ഇന്ത്യൻ ദാർശനികനായ ജൈമിനി ഊന്നിയിരുന്നത്. അതായത്, ജ്ഞാനം സ്വയം തന്നെ ഒരു പ്രമാണമാണ്.
വിപരീതമായ തെളിവുകളാൽ തെറ്റെന്ന് തെളിയുന്നത് വരെ എല്ലാ അറിവും സത്യമാണെന്ന് ജൈമിനി സിദ്ധാന്തിച്ചപ്പോൾ, ഗോതമൻ, കണാദൻ തുടങ്ങിയ മറ്റു ചില ഇന്ത്യൻ ദാർശനികർ അനുകൂലതെളിവുകളാൽ ശരിയെന്ന് സ്ഥാപിക്കപ്പെട്ടെങ്കിലല്ലാതെ ഒരറിവും സത്യമല്ലെന്നും വാദിച്ചു.
വ്യക്തമായും വിവേചിച്ചും തെളിയിക്കപ്പെടുന്നത് വരെ ഒരറിവും സത്യമല്ലെന്ന് തന്നെയാണ് ദെകാർത്തിന്റെയും മതം. എന്നാൽ തെളിവുകൾക്ക് അദ്ദേഹം ആശ്രയിച്ചത് യുക്തിയെയും വിവേചനബോധത്തെയുമാണ്.
ആകയാൽ കാർട്ടീസിയൻ തത്വശാസ്ത്രം യുക്തിവാദമായി അറിയപ്പെടുന്നു.
പ്രതിവാദം, നിരാകരണം എന്നിവയ്ക്ക് സോക്രട്ടീസിനെപ്പോലെ ദെകാര്ത്തും പ്രാധാന്യം നല്കി.
എല്ലാത്തിനെയും സംശയിക്കുക എന്നത് മാത്രമാണ് നിശ്ചിതത്വമുള്ള ഏകപ്രക്രിയ. സംശയിക്കുമ്പോഴാണ് നാം ചിന്തിക്കാന്‍ നിര്‍ബ്ബന്ധിതരാവുക. ചിന്തിക്കുന്നുണ്ടെങ്കില്‍ നാം ഉണ്ടെന്ന് തീര്‍ച്ചയാണ്. കോഗിറ്റോ എർഗോ സും (Cogito Ergo Sum/ I think, therefore I am).
അനുഭവത്തെക്കാൾ പ്രധാനം ചിന്തയാണ്, യുക്തിയാണ്.
തന്റെ യുക്തിചിന്തയുടെയും സംവാദന്യായങ്ങളുടെയും അടിസ്ഥാനത്തിലാണ് ദൈവാസ്തിക്യത്തെയും ദെകാര്‍ത് സമീപിക്കുന്നത്. ദൈവം എന്ന ആശയത്തിന്റെ ഉല്പത്തിയെക്കുറിച്ച വാദം (Argument from the origin of the idea of God) എന്നും സത്താശാസ്ത്രപരമായ വാദം (Ontological argument) എന്നും ഇതറിയപ്പെടുന്നു.
ഇത് സംബന്ധമായി ദെകാര്‍ത് മുന്നോട്ടുവെക്കുന്ന ആര്‍ഗുമെന്റിന്റെ പ്രധാന അടിസ്ഥാനങ്ങൾ കാര്യ-കാരണങ്ങളുമായി ബന്ധപ്പെട്ടതാണ്.
അതായത്, ആശയമായാലും വസ്തുവായാലും (ഐഡിയയായാലും മാറ്ററായാലും) ഏതിനും ഒരു ഉല്പത്തി, കാരണം ഉണ്ടായിരിക്കും. ഈ കാരണമാകട്ടെ, അതിൽ നിന്നുല്‍ഭൂതമാകുന്ന ആശയത്തെക്കാൾ, വസ്തുവിനെക്കാൾ വലുതും ബൃഹത്തുമായിരിക്കും.
ഇതിന്റെ അടിസ്ഥാനത്തിൽ, ദൈവം എന്ന ആശയത്തിന്റെ ഉല്പത്തിയെക്കുറിച്ച കാര്ട്ടീസിയൻ വാദങ്ങളെ ഇപ്രകാരം സംഗ്രഹിക്കാം.
1) ഒട്ടേറെ കാര്യങ്ങളെക്കുറിച്ചുള്ള ആശയങ്ങൾ നമുക്കുണ്ട്.
2) ഈ ആശയങ്ങളെല്ലാം ഒന്നുകിൽ നമുക്കകത്ത് നിന്നോ അല്ലെങ്കിൽ പുറത്തുള്ള എന്തിൽ നിന്നെങ്കിലുമോ ഉല്‍ഭവിച്ചതാണ്.
3) ഈ ആശയങ്ങളിൽ ഒന്നാണ് അനന്തനും (infinite) സര്‍വാതിശായിയായ അസ്തിത്വവുമായ (all perfect being) ദൈവത്തെക്കുറിച്ച ആശയം.
4) ഈ ആശയം ഒരിക്കലും നമ്മുടെ ഉള്ളിൽ നിന്ന് ഉല്ഭവിച്ചതാവാൻ സാധ്യതയില്ല. എന്തെന്നാൽ നാം പരിമിതരും അപൂര്‍ണരുമാണ് (limited and imperfect). ഒരിക്കലും കാര്യം അതിന്റെ കാരണത്തെക്കാൾ ബൃഹത്താകില്ല (no effect can be greater than it’s cause).
5) ആയതിനാൽ ഈ ആശയത്തിന്റെ ഉല്പത്തി നമുക്ക് പുറത്തുള്ള എന്തെങ്കിലുമായിരിക്കാം. അതാകട്ടെ, ദൈവം എന്ന ആശയത്തെക്കാൾ ബൃഹത്തായ ഗുണങ്ങളുള്ക്കൊള്ളുന്നതായിരിക്കണം.
6) എന്നാൽ ദൈവം എന്ന ആശയത്തിൽ സങ്കല്പിക്കപ്പെടുന്നതിനെക്കാള് ബൃഹത്തായ ഗുണങ്ങൾ എവിടെയും കണ്ടെത്തുക സാധ്യമല്ല.
7) ആകയാൽ ദൈവം എന്ന ആശയത്തിന്റെ കാരണവും ദൈവം തന്നെയാണ്.
8) Therefore God exists.
എന്തായാലും വാദത്തിന്റെ എല്ലാ ബന്ധങ്ങളെയും സങ്കീർണതകളെയും കൃത്യമായും സൂക്ഷ്മമായും പരിശോധിച്ചു കൊണ്ട് തത്വചിന്താപരമായ തീർപ്പിലേക്കെത്തുക എന്നതാണ് കാർട്ടീസിയൻ സംവാദങ്ങളുടെ സ്വഭാവം.
വാദവും വിതണ്ഡവാദവും
ഒരു കാര്യത്തിന്റെ സത്യാവസ്ഥ അറിയാനോ സ്ഥാപിക്കാനോ വേണ്ടി, പരസ്പരഭിന്നമായ ആശയങ്ങൾ വെച്ചുപുലര്‍ത്തുന്ന രണ്ടോ അതിലധികമോ പേർ നടത്തുന്ന വിഹിതമായ ചര്‍ച്ച എന്ന് സംവാദത്തെ നിര്‍വചിക്കാം.
ഭിന്നങ്ങളും വിവിധങ്ങളുമായ ദര്‍ശനപദ്ധതികൾ ഉടലെടുത്ത പ്രദേശമായ ഇന്ത്യയിൽ സംവാദങ്ങള്‍ക്ക് പ്രത്യേകം പ്രാധാന്യം നല്‍കുകയും അതിന്റെ വിവിധഘടകങ്ങളെ മുഖ്യവിഷയങ്ങളായി പരിഗണിക്കുകയും ചെയ്ത ഒരു ദര്‍ശനപദ്ധതിയാണ് ഗൗതമൻ അവതരിപ്പിച്ച ന്യായദര്‍ശനം. ഗൗതമൻ വിശകലനം ചെയ്യുന്ന വിഷയങ്ങളിൽ ഒരു സംവാദത്തിൽ അനിവാര്യമായ കാര്യങ്ങൾ വരുന്നുണ്ട്. ഒപ്പം വിഹിതമായ ചര്‍ച്ചകളെ അന്യായമായ കുതര്‍ക്കങ്ങളിലേക്ക് പരിവര്‍ത്തിപ്പിക്കുന്ന, ഒരിക്കലും അനുവദിക്കാൻ പറ്റാത്ത ഘടകങ്ങളും അതിൽ കടന്നുവരുന്നു.
ഗൗതമസൂത്രങ്ങളിൽ എണ്ണിപ്പറയുന്ന ഘടകങ്ങളെ സംവാദവുമായി ബന്ധപ്പെടുത്തി മൂന്ന് ഇനങ്ങളാക്കി തിരിക്കാം.
സംവാദം രൂപപ്പെടണമെങ്കിൽ ഉണ്ടാവേണ്ട കാര്യങ്ങളാണ് ഇതിൽ ഒന്നാമത്തെ ഇനം. പ്രമേയം ആണ് ഇതിൽ പ്രധാനം. അറിയേണ്ട കാര്യത്തെ, വസ്തുവിനെ, വസ്തുതയെ, സിദ്ധാന്തത്തെ ഒക്കെയാണ് (object of valid knowledge) പ്രമേയം എന്ന് പറയുക. അനിവാര്യമായ രണ്ടാമത്തെ ഘടകം പ്രമാണം ആണ്. അറിവിന്റെ സ്വീകാര്യമായ അടിത്തറയാണത് (valid means of knowledge).
പ്രമാണത്തിന് ഒരു നിർവചനമുണ്ട്. പ്രമേതാവിന് (ജ്ഞാനാർത്ഥി, അന്വേഷകൻ, സംവാദകൻ) പ്രമേയത്തെപ്പറ്റി (വിഷയം), പ്രമ (ജ്ഞാനം) നൽകുന്ന മാർഗമാണ് പ്രമാണം.
സംവാദത്തിന്റെ ശരിയായ രീതികളെ അടയാളപ്പെടുത്തുന്നതാണ് ഗൌതമസൂത്രങ്ങളിലെ രണ്ടാമത്തെ ഇനം.
വാദങ്ങൾ കൊണ്ടുണ്ടാവേണ്ട പ്രയോജനമാണ് ഇതിൽ പ്രധാനം.

അടുത്തത് സംശയം. നിരാകരണബോധത്തിൽ നിന്നാണ് സംശയം ഉണ്ടാകുന്നത്. നിരാകരണത്തിന്റെ പ്രാധാന്യം മുൻ പോസ്റ്റുകളിൽ വിവരിച്ചിട്ടുണ്ടല്ലോ. സംശയം അഥവാ നിരാകരണം ഇല്ലാതെ വാദമില്ല.
സംശയത്തിൽ നിന്ന് വാദമുണ്ടാകുന്നു. അതെത്തുടര്‍ന്ന് വാദത്തിൽ അനിവാര്യമായ മറ്റ് ഘടകങ്ങളും.
വാദപ്രതിവാദവാക്യങ്ങൾ, ഊഹാധിഷ്ഠിതമായ യുക്തികൾ (hypothetical reasoning), വാദത്തെ സ്ഥാപിക്കുന്ന ഉദാഹരണങ്ങളും ദൃഷ്ടാന്തങ്ങളും, സിദ്ധാന്തം, നിഗമനം തുടങ്ങിയവ ഇക്കൂട്ടത്തില്‍പ്പെടും.
മൂന്നാമത്തെ ഇനത്തിൽ വരുന്നത് ന്യായവും വിഹിതവുമായ സംവാദങ്ങളിൽ അഭികാമ്യമല്ലാത്തതും വാദങ്ങളെ കുതര്ക്കങ്ങളാക്കി മാറ്റുന്നതുമായ ഘടകങ്ങളാണ്. ജല്പം, വിതണ്ഡ, ചല, ജതി തുടങ്ങിയവയാണ് അവ.
സത്യത്തോടോ സത്യാന്വേഷണത്തോടോ യാതൊരാഭിമുഖ്യവുമില്ലാതെ എതിരാളിയെ തോല്പിക്കുക എന്ന ഉദ്ദേശ്യത്തിൽ മാത്രം നടത്തുന്ന വാചാടോപങ്ങളാണ് ജല്പം (wrangling).
സ്വന്തമായ വാദം സ്ഥാപിക്കാൻ വേണ്ടിയെങ്കിലും മറുപക്ഷത്തെ നിരന്തരം അയുക്തികമായി ഖണ്ഡിക്കുന്ന നിലപാടിനെ വിതണ്ഡ (caviling) എന്നും പറയാം.
വക്രോക്തികൾ ഉന്നയിച്ച് യഥാര്‍ത്ഥവിഷയത്തിൽ നിന്ന് ഒഴിഞ്ഞു മാറാനോ വിഷയത്തെ വഴിതിരിച്ചുവിടാനോ ഉള്ള ശ്രമങ്ങളെ ചല (quibbling) എന്ന് വിളിക്കുന്നു.
തെറ്റും കൃത്രിമവുമായ താരതമ്യങ്ങളാണ് ജതി (sophisticated refutations).
ഇത്തരം ശ്രമങ്ങൾ സംവാദത്തിന്റെ നിറം കെടുത്തുകയും നിലപാടുകളെ പരിഹാസ്യമാക്കുകയും ചെയ്യുന്നു. സത്യസന്ധതയും ആര്ജവവുമാകണം സംവാദങ്ങളുടെ മുഖമുദ്ര. അതാകട്ടെ, ഉന്നയിക്കുന്ന വിഷയത്തിൽ നമുക്കുള്ള നിലപാടിനോടുള്ള തികഞ്ഞ ബോധ്യത്തെയും കൂടിയാണ് അടയാളപ്പെടുത്തുക. താൻ പറയുന്നതിൽ തനിക്ക് തന്നെ ബോധ്യമില്ലായ്മയാണ് ഇത്തരം കൃത്രിമത്വങ്ങളിലേക്ക് നയിക്കുക.
മറുപക്ഷത്തിരിക്കുന്നയാളെ ഒരു എതിരാളിയായി കാണാതിരിക്കുക എന്നതാണ് സംവാദം പ്രയോജനപ്രദമായിത്തീരാൻ ആവശ്യമായ പ്രധാന ഘടകം. ശത്രു, കലാപകാരി, പ്രതിയോഗി, എതിരാളി (enemy, rival, adversary, opponent) തുടങ്ങിയ നിലകളിലല്ല മറുപക്ഷത്തെ കാണേണ്ടത്. സംവാദത്തിൽ രണ്ട് കക്ഷികളും പരസ്പരം ഇന്റര്ലോക്യുട്ടര്മാർ (പ്രതിവാദകന്മാർ interlocutors) മാത്രമാണ്.
________ തുടരും
3 thoughts on “സംവാദത്തിന്റെ തത്വശാസ്ത്രം -രണ്ട്”