ആഫ്രിക്ക എന്ന ഇടം (ബമാക്കോ -മൂന്ന്)

മുഹമ്മദ് ശമീം

വീട്ടുമുറ്റത്തൊരുക്കിയ ഫാന്റസൈസ്ഡ് കോടതിയിൽ അന്തർദ്ദേശീയ ധനകാര്യ സ്ഥാപനങ്ങളുടെ ക(പ)ടനയങ്ങളെ വിചാരണ ചെയ്യുകയാണ് സിസ്സാക്കോ. ആഫ്രിക്കൻ ചലച്ചിത്ര സൗന്ദര്യാത്മകതയുടെയും കാഴ്ചാരീതികളുടെയും എല്ലാ സാധ്യതകളുമുപയോഗിച്ചു കൊണ്ടുള്ള ഒരു ഔപചാരിക വിചാരണ തന്നെ. Mise en scène (മീസ് ഓൺ സെൻ) തന്ത്രങ്ങളിലൂടെ ഉസ്മാനേ സെംബീനെപ്പോലുള്ളവർ ആഫ്രിക്കൻ സിനിമക്ക് പരിചയപ്പെടുത്തിയ സോഷ്യൽ റിയലിസത്തെയാണ് ഇത് പ്രതിനിധീകരിക്കുന്നത്.

അറേഞ്ജ്‌മെന്റ്, കോംപോസിഷൻ, സെറ്റുകൾ, സാങ്കേതികപ്രവർത്തകർ, അഭിനേതാക്കൾ, വസ്ത്രങ്ങൾ, ലൈറ്റിങ്, കോസ്റ്റ്യൂംസ് എന്ന് തുടങ്ങി സകലത്തിലുമുള്ള ഘടനാപരമായ കൃത്യതയെ സൂചിപ്പിക്കുന്ന ശബ്ദമാണ് mise en scène.

അതായത്, പ്രേക്ഷകന്റെ കണ്ണിൽപ്പെടുന്ന സകലത്തിന്റെയും കൃത്യതയും അതിലൂടെ ഉണ്ടാക്കിയെടുക്കുന്ന വിശ്വാസ്യതയും. രൂപകൽപനയുടെ വിവിധഘടകങ്ങൾ ഉപയോഗിച്ച് കൃത്യമായ സമയം, സ്ഥലം, മാനസികാവസ്ഥ എന്നിവ സൃഷ്ടിച്ചെടുക്കുന്നതിലൂടെ, എന്നല്ല അനുവാചകന് പുതിയ ഒരു മനോനില തന്നെ നിര്‍ദ്ദേശിക്കുന്നതിലൂടെ തന്റെ സിനിമയുടെ കാഴ്ചപ്പാട് പ്രകടിപ്പിക്കാൻ സാക്ഷാത്കാരകന് സാധിക്കുന്നു.

africa..
ആഫ്രിക്ക -ചില പെയിന്റിങ്ങുകൾ

ആഫ്രിക്ക എന്ന സ്ഥാനം
വൈവിധ്യങ്ങളുടെ ഒരു സമന്വയസ്ഥാനത്ത് നിന്നുകൊണ്ടാണ് അബ്ദറഹ്മാൻ സിസ്സാക്കോ സംസാരിക്കുന്നത്. ഓരോ നാഗരികതക്കും ഓരോ ചിന്തക്കും കൃത്യമായ സ്ഥാനവും അംഗീകാരവും നൽകുന്ന സ്ഥാനമാണത്. സ്ഥലപരമായി ആ സ്ഥാനം ആഫ്രിക്ക തന്നെയാണ്. സിസ്സാക്കോ സ്ഥാപിക്കുന്നതും അത് തന്നെ. പൂർവാധുനിക, ആധുനിക, ഉത്തരാധുനിക നാഗരികതകളിൽ അന്തർലീനമായിരിക്കുന്ന പൊസിറ്റീവ് ഉടോപ്യകളെ കണ്ടെത്തുകയും സമന്വയിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് ഉസ്മാനെ സെംബീന്റെയും സിസ്സാക്കോയുടെയുമൊക്കെ സിനിമകളുടെ പ്രത്യേകത. അതാകട്ടെ, ആഫ്രിക്ക തന്നെ ലോകത്തിന് നൽകുന്ന അമൂല്യസമ്മാനവുമാണ്.

അന്നിലക്ക് ആഗോളവൽക്കരിക്കപ്പെട്ട ലോകത്തെ ബഹുവിധമായ അക്രമങ്ങളെയും നീതിരാഹിത്യങ്ങളെയും മനസ്സിലാക്കുന്നതിന്റെയും ചെറുത്തു നില്‍ക്കുന്നതിന്റെയും ഏറ്റവും പ്രധാനപ്പെട്ട ഉപകരണങ്ങളിലൊന്നായിത്തീരുന്നു സിസ്സാക്കോയുടെ സിനിമയും സൗന്ദര്യശാസ്ത്രവും. അതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഇടമായി ആഫ്രിക്കയും മാറുന്നു.

യഥാര്‍ത്ഥ ആഫ്രിക്കന്‍ സിനിമയെയും ആഫ്രിക്കന്‍ സൗന്ദര്യാത്മകതയെയും പ്രതിനിധീകരിക്കാനുള്ള തീവ്രാഭിലാഷത്തില്‍ നിന്നു തന്നെയാണ് സിസ്സാക്കോയുടെ ഇമാജിനേറ്റീവ് എക്‌സലന്‍സ് ഉല്‍ഭവിക്കുന്നത്.

ബമാക്കോ
ഭൗതിക പ്രക്രിയകളെയും സൗന്ദര്യാത്മക സംഘര്‍ഷങ്ങളെയും കൃത്യമായി യോജിപ്പിച്ചു കൊണ്ടും എന്നാല്‍ സങ്കല്‍പങ്ങളുടെയും പ്രത്യയശാസ്ത്രത്തിന്റെയും കെട്ടുപാടുകളും ചിന്തകളും കൂടാതെയും പോസ്റ്റ് കൊളോണിയല്‍ ആര്‍ട്ട് സിനിമകളുടെ വ്യാഖ്യാനത്തിന് പുതിയ ഇടം കണ്ടെത്തുകയാണ് ബമാക്കോ ചെയ്യുന്നത്.

നേരിട്ടുള്ള പ്രതിരോധമാണ് സിസ്സാക്കോയുടേത്. പുത്തന്‍ കൊളോണിയല്‍ അധിനിവേശ തന്ത്രങ്ങളുമായി ബന്ധപ്പെട്ട വസ്തുതകളെയും സ്ഥാപനങ്ങളെയും വ്യക്തികളെയും മറയില്ലാതെ, നേര്‍ക്കുനേരെ പേരെടുത്തു പറഞ്ഞുകൊണ്ടു തന്നെ വിചാരണ ചെയ്യുന്ന സിനിമ, സിസ്സാക്കോയുടെ കാവ്യാത്മകനിക്ഷേപത്തെയും അല്‍ഭുതകരമായി വെളിപ്പെടുത്തുന്നു. അതാകട്ടെ, നിയോലിബറല്‍ വയലന്‍സിന് സൗന്ദര്യാത്മകമായ പ്രതിരോധം തീര്‍ക്കുകയും ചെയ്യുന്നു.

street-life-in-bamako
ബമാക്കോയിലെ ഒരു തെരുവ്

ഒരുപക്ഷേ അബ്ദറഹ്മാൻ സിസ്സാക്കോയുടെ വീട്ടുമുറ്റത്ത് തന്നെയാവാം ഈ സാങ്കൽപികവിചാരണക്കോടതി ഒരുക്കിയിരിക്കുന്നത്. മൗറിത്താനിയയിലാണ് ജനിച്ചതെങ്കിലും ചെറുപ്രായത്തിൽത്തന്നെ തന്റെ പിതാവിന്റെ ജന്മസ്ഥലമായ ബമാക്കോയിലേക്ക് അദ്ദേഹം കുടിയേറിയിരുന്നു.

കോടതിയിൽ ഹാജരാവുന്ന സാക്ഷികളും അവരവരുടെ പേരുകളിൽത്തന്നെയാണ് വരുന്നത്. ആ തെരുവിലും പരിസരത്തുമായി അതേ പേരിൽത്തന്നെ ജീവിച്ചിരിക്കുന്നവരാണ് മാദൂ കെയ്ത, സാംബാ ദിയാകിത്തേ, സെഗെ ബാംബ തുടങ്ങിയവരെല്ലാം.

ചിത്രത്തിന്റെ കേന്ദ്ര തന്തുവായി വരുന്ന, മെലെയുടെയും (Aïssa Maïga) ഷകയുടെയും (Tiécoura Traoré) ദാമ്പത്യത്തകർച്ചയുമായി ബന്ധപ്പെട്ട കഥയാകട്ടെ, സാമൂഹികാവസ്ഥകളുടെ തന്നെ ഒരു പരിഛേദമായി അനുഭവപ്പെടുകയും ചെയ്യുന്നു.

വെളുത്ത വിദേശികളുടെ വീക്ഷണകോണിലൂടെ ആഫ്രിക്കൻ ജനതയെ അവതരിപ്പിക്കുന്ന ധാരാളം സിനിമകളുണ്ട്. ഇതിന്റെ മറുപുറം, ആഫ്രിക്കൻ ജീവിതത്തിന്റെ യാഥാർത്ഥ്യം അറിയാൻ താല്‍പര്യമുള്ളവർ ഉസ്മാനെ സെംബീന്റെയോ അബ്ദറഹ്മാൻ സിസ്സാക്കോയുടെയോ ചിത്രങ്ങൾ കാണണം.

ബമാക്കോ എന്ന സിനിമക്കകത്ത് മറ്റൊരു സിനിമ അവതരിപ്പിക്കുന്നുണ്ട് സിസ്സാക്കോ. വെളുത്തവരുടെ, ഉപരിസൂചിത ഏകപക്ഷീയ വംശീയ വീക്ഷണത്തെ പ്രതിനിധാനം ചെയ്യുന്ന ഒരു സിനിമയാണത്. ടെലിവിഷനിലെ കുട്ടികളുടെ കാഴ്ച പെട്ടെന്ന് സിനിമ തന്നെയായി പ്രേക്ഷകന് മുന്നിലേക്ക് വന്ന് വീഴുകയാണ്. Death in Timbuktu എന്ന് പേരുള്ള ഈ സിനിമയിൽ ഡെനി ഗ്ലോവറും ഏലിയാ സുലൈമാനും അഭിനയിക്കുന്നു. അവരോടൊപ്പം അബ്ദറഹ്മാൻ സിസ്സാക്കോയും.

Globalization poster by Leon Zernitsky
“Globalization” poster by Leon Zernitsky

വംശീയസമ്മിശ്രതയുള്ള, കൌബോയ്സ് എന്ന് വിളിക്കപ്പെടുന്ന ഒരു വിഭാഗം ഗൺഫൈറ്റേഴ്‌സ്, തിംബുക്തുവിലെ പൊടിപടലങ്ങൾ നിറഞ്ഞ പ്രദേശത്തെ ആക്രമിക്കുകയും പ്രദേശവാസികളെ വെടിവെച്ചു കൊല്ലുകയും ചെയ്യുകയാണ്. നിരാശാജനകമായ ഒരു സാഹചര്യത്തെ വെളിപ്പെടുത്തുന്നുണ്ട് അത്. വിദേശികളും അവരുടെ പ്രാദേശിക സഖ്യകക്ഷികളും ചേർന്ന് ആഫ്രിക്കൻ ഭൂഖണ്ഡത്തെ ചൂഷണം ചെയ്യുന്നതിനെയും അത് അടയാളപ്പെടുത്തുന്നു.

ഡെത്ത് ഇന്‍ തിംബുക്തുവാണല്ലോ ബമാക്കോയിലെ സിനിമയ്ക്കുള്ളിലെ സിനിമ. മാലിയിലെ പ്രധാന നഗരമാണ് തിംബുക്തു. അതിശയകരമായ യാദൃഛികത എന്ന് പറയട്ടെ, ഒന്നുരണ്ട് കൂട്ട് സംരംഭങ്ങളും ഒരു ഷോട് ഫിലിമും ഒഴിച്ചാൽ ബമാക്കോയ്ക്ക് ശേഷം സിസ്സാക്കോ സംവിധാനം ചെയ്ത സിനിമയുടെ പേരും തിംബുക്തു എന്നായിരുന്നു. 2014ൽ പുറത്തിറങ്ങിയ ആ ചിത്രമാകട്ടെ, തിംബുക്തു നഗരത്തെ ഐ.എസ്.ഐ.എൽ തീവ്രവാദികൾ കീഴ്‌പ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.

യൂനിലാറ്ററലിസം
ഈ സ്വകാര്യവൽകൃതലോകത്ത് അങ്ങേയറ്റം നിഷ്ഠുരമായ ഒന്നാണ് ലോകബാങ്കെന്നും കറുത്തവർക്ക് വേണ്ടി അതൊന്നും ചെയ്യുന്നില്ലെന്നും വാദിച്ച വക്കീൽ ബൌർദൻ ഇങ്ങനെ തുടർന്നു.

”ധനകാര്യ മൂലധനവാഴ്ചയുടെ (finance capitalism) ട്രോജൻ കുതിരയെന്ന നിലയ്ക്ക് അതിനങ്ങനെയാവാനേ പറ്റൂ. മൂലധനശക്തികൾ പ്രകടിപ്പിക്കുന്ന കരുണയും പ്രഖ്യാപിക്കുന്ന സഹായവും കപടമാണ്. വികസിത രാജ്യങ്ങളിൽപ്പോലും അഞ്ചുവയസ്സിൽ താഴെയുള്ള രണ്ടുലക്ഷത്തോളം കുഞ്ഞുങ്ങൾ രോഗബാധയിൽ മരിക്കുന്നതിന്റെ പേരിൽ പാരീസിലെ ഒരു സെമിനാറിൽ മുതലക്കണ്ണീരൊഴുക്കിയ പോൾ വോൾഫോവിറ്റ്‌സ് ലക്ഷക്കണക്കിന് കുഞ്ഞുങ്ങളെ കൊന്നുതള്ളിയ ഇറാഖ് ആക്രമണത്തിന് പിന്നിലെ മുഖ്യസൂത്രധാരനായിരുന്നു.”

Paul_Wolfowitz
പോൾ വോൾഫോവിറ്റ്‌സ്

നവമുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനുമെതിരെയുള്ള സിസ്സാക്കോയുടെ വിമർശം തുറന്നതും മൂർച്ചയേറിയതുമാണ്.

ഒരു അമേരിക്കൻ നിയോ കൺസർവേറ്റീവ് പൊളിറ്റിക്കൽ സയന്റിസ്റ്റും ഡിപ്ലൊമാറ്റുമായ പോൾ ഡണ്ടസ് വോൾഫോവിറ്റ്‌സ് (Paul Dundes Wolfowitz) ലോകബാങ്കിന്റെ പ്രസിഡന്റും യു.എസ് പ്രതിരോധ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയുമായിരുന്നു. അമേരിക്കൻ എന്റർപ്രൈസസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിസിറ്റിങ് സ്‌കോളറുമാണ് അദ്ദേഹം.

1992ൽ വോൾഫോവിറ്റ്‌സ് സമർപ്പിച്ച പ്രതിരോധ ആസൂത്രണ മാർഗനിർദ്ദേശങ്ങൾ വോൾഫോവിറ്റ്‌സ് ഡോക്ട്രൈൻ എന്നറിയപ്പെടുന്നു. മറ്റ് രാജ്യങ്ങളിലെ സ്വേഛാധിപതികൾ സൂപർ പവർ പദവിയിലേക്ക് ഉയരുന്നത് തടയുന്നതിന് എന്ന പേരിൽ അവതരിപ്പിച്ച, യൂനിലാറ്ററലിസത്തിന്റെയും (ഏകപക്ഷീയനടപടികളുടെ തത്വശാസ്ത്രം) പ്രീ എംപ്റ്റീവ് മിലിറ്ററി നടപടികളുടെയും സിദ്ധാന്തമായിരുന്നു വോൾഫോവിറ്റ്‌സ് ഡോക്ട്രൈൻ.

ഇറാഖ് ആക്രമണത്തിന്റെ ആദ്യകാല വക്താവായിരുന്ന വോൾഫോവിറ്റ്‌സ് യുദ്ധത്തിന്റെ മുഖ്യശിൽപിയായി അറിയപ്പെട്ടു. എന്നാൽ ആക്രമണത്തെത്തുടര്‍ന്നുണ്ടായ ആഭ്യന്തരയുദ്ധത്തിന്റെയും കലാപത്തിന്റെയും ഉത്തരവാദിത്തത്തെ അദ്ദേഹം നിഷേധിക്കുകയും ചെയ്തു.

“ബാങ്കിന്റെ വായ്പ ആക്രാമകവും അന്യായവുമായ സ്വഭാവവിശേഷങ്ങളുള്ളതാണ്.”
വാദിഭാഗത്തുള്ള കറുത്തവർഗക്കാരിയായ വക്കീൽ പറഞ്ഞു: ”നമുക്കൊരിക്കലുമത് വീട്ടിത്തീർക്കാനാവില്ല. അത് നമ്മുടെ സാമ്പത്തിക വ്യവസ്ഥയെ തകർത്തു. നമ്മുടെ ശേഷികളെയും വിഭവങ്ങളെയും ഊറ്റിയെടുക്കുകയും ചെയ്തു.”

മറ്റുചില വസ്തുതകൾ കൂടി അവർ നിരത്തുന്നുണ്ട്.

സ്വകാര്യവൽക്കരണം കാര്യക്ഷമത കൂട്ടുമെന്ന് വാദിക്കപ്പെടാറുണ്ടല്ലോ. എന്നാൽ ആരോഗ്യരംഗത്തെ സ്വകാര്യവൽക്കരണത്തിന് ശേഷം 2005 ജൂണിനും സെപ്റ്റംബറിനുമിടയിൽ, എന്നോ നിർമാർജനം ചെയ്യപ്പെട്ട മധ്യകാല രോഗമായ കോളറ ബാധിച്ച് 42,000 പേർ മരണമടഞ്ഞു. വില വർധിച്ചതോടെ സാധാരണക്കാർക്ക് മരുന്നുകൾ വാങ്ങാൻ പറ്റാതായി.

വിദ്യാഭ്യാസം സ്വകാര്യവൽക്കരിക്കപ്പെട്ടപ്പോൾ നമ്മുടെ കുഞ്ഞുങ്ങളിൽ മൂന്നിൽ രണ്ടു പേർ നിരക്ഷരരായി. ഇപ്പോൾ ഗതാഗതവും ഊർജവും വാർത്താവിനിമയവും പോലും സ്വകാര്യവൽക്കരിക്കപ്പെടുന്നതോടെ പൊതു ഇടങ്ങളും സ്രോതസ്സുകളും പൂർണമായും നഷ്ടപ്പെടുന്നു. രാഷ്ട്രത്തിന്റെ സ്വയം നിർണയാവകാശം തന്നെ ഇല്ലാതാവുന്നു. വെള്ളവും മറ്റ് സ്രോതസ്സുകളും പോലും അന്യാധീനമാവുന്നു.

കറുത്ത വര്‍ഗക്കാരിയായ വക്കീൽ വിശദീകരിക്കുന്നു: ”നമ്മുടെ നദികൾ.. ജോലിബ (നൈജർ നദി), സെനെഗൽ, സാംബേസി, ലിംപോപോ…. എല്ലാം സ്വകാര്യസ്വത്തുക്കളായി. നമ്മുടെ കഥകളും ഇതിഹാസങ്ങളും പാരമ്പര്യവുമാണ് നമുക്ക് നഷ്ടപ്പെടുന്നത്. നമ്മുടെ സംസ്‌കാരത്തിന്റെ ശവസംസ്‌കാരമാണ് നടന്നുകൊണ്ടിരിക്കുന്നത്.”

river niger
നൈജർ (ജോലിബ) നദി. ആഫ്രിക്കൻ വൻകരയിലെ ഏറ്റവും വലിയ മൂന്നാമത്തെ നദി. (നൈൽ, കോംഗോ എന്നിവയാണ് ഒന്നും രണ്ടും സ്ഥാനത്ത്).

പേറ്റന്റ് നിയമങ്ങൾ പൗരന്റെ അടിസ്ഥാനാവകാശങ്ങളെപ്പോലും നഷ്ടപ്പെടുത്തിയതായും കാണാം. കോടതിയിൽ സെഗെ ബാബംബയെന്ന കര്‍ഷകന്‍ ഇങ്ങനെ ചോദിക്കുന്നുണ്ട്: ”എന്തുകൊണ്ട് എന്നെ വിത്തുപാകാനനുവദിക്കുന്നില്ല? അഥവാ, വിത്തുപാകിയാൽ വിളവെടുക്കാൻ വിടുന്നില്ല? ഇനി വിളവെടുത്തെന്നിരിക്കട്ടെ, അത് ഭക്ഷിക്കാനെനിക്കെന്തുകൊണ്ടു പാടില്ല?”

ജി 8 രാജ്യങ്ങളുമായും ഈ സ്ഥാപനങ്ങളുമായും (ബാങ്കും നിധിയും) നാൽപത്തഞ്ച് വർഷത്തോളമായി തങ്ങൾ നിലനിർത്തുന്ന ബന്ധം തങ്ങളെ വികസന മുരടിപ്പിലാണെത്തിച്ചതെന്ന് പ്രഫസർ വാദിച്ചു. പോഷകാഹാരക്കുറവ്, അനാരോഗ്യം, നിരക്ഷരത, തൊഴിൽരാഹിത്യം….. അന്തസ്സാർന്ന ജീവിതം തന്നെ അസാധ്യമാകുന്നു. ഭരണകൂടങ്ങൾ താറുമാറാകുന്നു. രാഷ്ട്രം തനിക്കൊന്നും തന്നില്ലെന്ന് മാദൂകെയ്ത പറയുമ്പോൾ, മൂന്നിൽ രണ്ട് ലോകത്തുള്ള ജനാധിപത്യ സംവിധാനങ്ങളിൽ ഒരു പൗരൻ തനിക്ക് യാതൊരു പ്രയോജനവുമില്ലാത്ത ഒരു ഘടനയെയാണ് നിലനിർത്തേണ്ടി വരുന്നത്, അതിനു വേണ്ടിയാണ് വോട്ടുചെയ്യേണ്ടത് എന്ന അർത്ഥമാണുള്ളത്.

കമ്പോളത്തിന്റെ യുക്തിയും ധര്‍മനീതിയും
രോഗിയായ ഒരാൾ ‘ബമാക്കോ’യിലെ ഒരു പ്രധാന കഥാപാത്രമാണ്. വാദിഭാഗത്തുള്ള കറുത്ത പെൺ വക്കീൽ അയാളെപ്പറ്റി പറയുന്നുണ്ട്.

ഉദാരീകരണം അവശ്യമരുന്നുകളെപ്പോലും സാധാരണക്കാർക്ക് അപ്രാപ്യമാക്കി.

ഇതിനും കമ്പോളത്തിന് ന്യായമുണ്ട്. ഉൽപന്നം വാങ്ങാനും വാങ്ങാതിരിക്കാനും സ്വാതന്ത്ര്യമുണ്ടല്ലോ? എന്നാല്‍, മരുന്നു വാങ്ങാതിരിക്കാനുള്ള സ്വാതന്ത്ര്യമെന്നാലെന്താണ്? ഒന്നുകില്‍ കൂടിയ വിലയ്ക്ക് മരുന്നു വാങ്ങി കമ്പോളത്തിന്റെ ചൂഷണത്തിനിരയാവുക; അല്ലെങ്കിൽ മരിക്കുക. ഇതാണ് ഉപഭോക്താവിന്റെ സ്വാതന്ത്ര്യം.

കമ്പോളം അതിന്റെ ധർമനീതി സ്വയം തീരുമാനിക്കുകയാണ്.

ക്രയശേഷിയുള്ളവന്റെ കൂടെ മാത്രമേ കമ്പോളം നില്‍ക്കൂ. അങ്ങനെയാണ് പാവപ്പെട്ടവരെ ഒഴിവാക്കിക്കൊണ്ടുള്ള വികസന മുൻഗണനാക്രമങ്ങൾ രൂപപ്പെടുന്നത്. സാധാരണക്കാരന്റെ അതിജീവനം രാഷ്ട്രത്തിന്റെ വികസനനയത്തിന്റെ ലക്ഷ്യമാവേണ്ടതാണ്. അതാണ് ജനകീയ വികസനം. നമ്മുടെ രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിൽ ജനകീയമെന്നാല്‍ ജനപക്ഷമെന്നല്ല, ജനപ്രിയം എന്നത്രേ അർത്ഥം.

ഈ ജനപ്രിയതക്കാധാരമായി വർത്തിക്കുന്ന അഭിനിവേശങ്ങളാകട്ടെ, മൂലധനത്തിന്റെ നിർമിതിയും. കമ്പോളം നിർമിക്കുന്ന വ്യാജ അഭിനിവേശങ്ങളിൽ ജനവികാരങ്ങളെ തളച്ചിട്ട്, ജനവിരുദ്ധമായ വികസനം നടപ്പാക്കാനാണ് ആഗോളീകൃത ഭരണകൂടങ്ങൾ ശ്രമിക്കുന്നത്.

ഈ അഭിനിവേശങ്ങളുടെ കുത്തൊഴുക്കിൽ പ്രാദേശിക സമ്പദ് വ്യവസ്ഥകളും നാട്ടുശീലങ്ങളും തകരുന്നു. ഈ മത്സരത്തിൽ അതിജീവനം അസാധ്യമാകുന്ന കർഷകരും പ്രാദേശിക സാമൂഹിക ഘടനയിലെ ഭക്ഷ്യോൽപാദകരും ഭൂമിയിൽ നിന്ന് നിഷ്‌കാസിതരാകുന്നു. പല ഭക്ഷ്യവസ്തുക്കളും (നമ്മുടെ നാട്ടിലെ താള്, തകര, വാഴപ്പിണ്ടി, കാച്ചിൽ, കിഴങ്ങ് തുടങ്ങിയവ ഉദാഹരണം) കേവലം കളകളായി മാറി. ഭക്ഷണത്തിന് കമ്പോളത്തെ ആശ്രയിച്ചേ മതിയാവൂ എന്നുവന്നു.

ഐ.എം.എഫ് വായ്പക്ക് വേണ്ടി ഇറക്കുമതി നിയന്ത്രണം എടുത്തുകളഞ്ഞതിനെത്തുടർന്നാണ് ഹെയ്തി ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയത്. മണ്ണുകുഴച്ച് ഉപ്പുചേര്‍ത്ത് എണ്ണയിൽ വറുത്ത് തിന്നേണ്ടി വന്നു അവര്‍ക്ക്.
അതിഭീകരമായ അസന്തുലിതത്വവുമുണ്ടായി.

പ്രായപൂര്‍ത്തിയെത്തിയ രണ്ടുപേരും രണ്ട് കൗമാരക്കാരുമടങ്ങിയ ശരാശരി അമേരിക്കൻ കുടുംബം ഒരാഴ്ചത്തെ ഭക്ഷണത്തിന് ശരാശരി 341.98 ഡോളർ ചെലവാക്കുന്നു. ഇത് ജര്‍മനിയിൽ 500ഉം ജപ്പാനിൽ 317.25ഉം ഡോളറാണ്. എന്നാൽ ഇക്വഡോറിൽ പ്രായപൂര്‍ത്തിയായ നാലുപേരും അഞ്ച് കൗമാരക്കാരുമടങ്ങുന്ന ശരാശരി കുടുംബത്തിന്റെ ഒരാഴ്ചത്തെ ഭക്ഷണച്ചെലവ് 31.55 ഡോളർ മാത്രം. ആഫ്രിക്കയിലെ ഛാഡിൽ യഥാക്രമം മൂന്നും മൂന്നും പേരടങ്ങുന്ന കുടുംബത്തിന്റെ ചെലവ് 1.23 ഡോളർ. ഭൂട്ടാനിൽ ശരാശരി കുടുംബം ഏഴ് മുതിര്‍ന്നവരും ആറ് കുട്ടികളുമാണ്. അവരുടെ ചെലവ് 5.03 ഡോളർ.

നിലനില്‍പിനു വേണ്ടിയുള്ള പോരാട്ടത്തിന്റെ അനിവാര്യത
ഐ.എം.എഫും ലോകബാങ്കുമില്ലാത്ത ഒരു ലോകത്തെ സങ്കൽപിക്കാൻ പോലും സാധിക്കുമോ എന്ന് വക്കീൽ ചോദിച്ചപ്പോൾ പ്രഫസറുടെ ഉറച്ച മറുപടി, ‘തീര്‍ച്ചയായും’ എന്നായിരുന്നു. സാക്ഷിവിസ്താരത്തിൽ ആദ്യം അവസരം നിഷേധിക്കപ്പെട്ട വൃദ്ധൻ വാക്കുകളുടെ കരുത്തിനെപ്പറ്റി പറയുന്നുണ്ട്. ബാങ്കിന് വേണ്ടി സംസാരിച്ച വക്കീലിനോടുള്ള അലക്കുകാരി സ്ത്രീയുടെ കലഹം, വിധേയപ്പെടുന്ന ഔദ്യോഗിക സംവിധാനങ്ങൾക്ക് നേരെയുള്ള പ്രതിഷേധമാണ്.

bamako-french-posterനാം എന്തു ചെയ്യണം എന്ന് ബമാക്കോയിലെ എഴുത്തുകാരി വിവരിക്കുന്നു: ”എന്റെ ശബ്ദം കേവലം സബ്‌സിഡികൾക്ക് വേണ്ടിയുള്ളതല്ല, മാലിയെപ്പോലൊരു രാജ്യത്തിന്റെ ശരിയായ സാധ്യതകൾക്ക് വേണ്ടിയുള്ളതാണ്. മാലി അതിന്റെ താൽപര്യപ്രകാരം ഉത്പാദിപ്പിക്കുകയും അതിന്റെ നിലനിൽപിനായി സമ്പാദിക്കുകയും വേണം. ആഫ്രിക്കയെ ഒരുമിച്ച് മുന്നോട്ടു നയിക്കാനുള്ള കരുത്ത് നേടണം.”

സാമ്രാജ്യ ശക്തികളുടെ മറ്റു ചില തന്ത്രങ്ങളും നാം കാണുന്നു. ബാങ്ക് വക്കീലായ വെള്ളക്കാരൻ റപ്പപോർട്, ഇപ്പോൾ ഇതൊന്നുമല്ല, മറിച്ച് ഭീകരവാദത്തിനെതിരെ പോരാടേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയാണ് ചർച്ച ചെയ്യേണ്ടതെന്നു പറയുന്നു. ഇതു തന്നെയാണല്ലോ അമേരിക്കയുടെ ഭീകരവാദ വിരുദ്ധ യുദ്ധത്തിന്റെയും രാഷ്ട്രീയം.

ആഗോളവൽക്കരണം ലോകത്ത് ദുരിതങ്ങൾ വിതയ്ക്കുന്നു. അതിന്റെ ഗുണവശങ്ങളെന്ന് ‘സങ്കല്‍പിക്ക’പ്പെടുന്ന ചില കാര്യങ്ങളുയര്‍ത്തിക്കാട്ടി ആ ദുരിതങ്ങളെ മറച്ചുപിടിക്കാനാവില്ല. ലോകമെമ്പാടും മൂലധനാധീശത്വത്തിനെതിരെ നടക്കുന്ന പോരാട്ടങ്ങളുടെ കാര്യത്തിൽ നിലപാട് സ്വീകരിക്കാനും പ്രഖ്യാപിക്കാനും നമ്മെ നിർബ്ബന്ധിതരാക്കുന്നുണ്ട് ബമാക്കോ എന്ന സിനിമ.

previous parts

part 1

part 2

3 thoughts on “ആഫ്രിക്ക എന്ന ഇടം (ബമാക്കോ -മൂന്ന്)

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s