സംവാദത്തിന്റെ തത്വശാസ്ത്രം ഒന്ന്

മുഹമ്മദ് ശമീം

ബോധത്തിലും ബോധ്യത്തിലും അധിഷ്ഠിതമായ ചിന്തകളിലൂടെയും അനുഭവങ്ങളിലൂടെയുമാവണം ഒരാൾ അയാളുടെ സത്യം തെരഞ്ഞെടുക്കേണ്ടത്. കേവലഗതാനുഗതികത്വം മനുഷ്യരിൽ ശരിയായ ആത്മവിശ്വാസമോ ആത്മസംതൃപ്തിയോ നിറയ്ക്കാൻ പര്യാപ്തമല്ല. കേട്ടും കണ്ടും ചിന്തിക്കുകയോ അവബോധം വികസിപ്പിക്കുകയോ ചെയ്യാത്ത പരമ്പരാഗത മതവിശ്വാസികളെ ഖുര്‍ആൻ കാലികളോടാണല്ലോ ഉപമിക്കുന്നത്.

ഭയവും വ്യസനവുമകന്ന, ആധിവ്യഥകൾ അസ്വസ്ഥമാക്കാത്ത ഒരു ജീവിതത്തെയാണ് വേദം പ്രതിനിധീകരിക്കുന്നത്. ആശയങ്ങളെ മുന്‍നിര്‍ത്തിയുള്ള സംവാദങ്ങളും സംഭാഷണങ്ങളും ഭയരാഹിത്യത്തിന്റെ മാനസികക്രമവും സാമൂഹ്യക്രമവും സൃഷ്ടിക്കാനുള്ള യത്‌നത്തിൽ അനിവാര്യവും അതിന്റെ പ്രഥമോപാധിയുമായിത്തന്നെ അടയാളപ്പെടുത്തപ്പെടേണ്ടതാണ്.

മെസൊപൊട്ടേമിയൻ ഉപനിഷത്തുകൾ

സംവാദങ്ങളുടെയും സംഭാഷണങ്ങളുടെയും ചരിത്രത്തിന് മനുഷ്യന്റെ ചിന്താചരിത്രത്തോളം തന്നെ പഴക്കമുണ്ട് എന്ന് കരുതാം. ഡിബേറ്റ്, ഡയലോഗ്, ഡിസ്‌കഷൻ തുടങ്ങിയ പദങ്ങളെക്കുറിച്ച് തന്നെ ചിന്തകന്മാർ ധാരാളം സിദ്ധാന്തങ്ങളവതരിപ്പിച്ചിട്ടുണ്ട്.

സുമേറിയൻ രേഖകൾ മുതൽ ഋഗ്വേദവും ഉപനിഷത്തുകളും ഉള്‍പ്പെടെയുള്ള പുരാതന ഗ്രന്ഥങ്ങൾ തൊട്ട് ആധുനിക ചിന്തകന്മാർ വരെയുള്ളവർ സംവാദങ്ങളുടെയും സംഭാഷണങ്ങളുടെയും മാതൃകകളും സിദ്ധാന്തങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. ബി.സി.ഇ മൂന്നാം സഹസ്രാബ്ദത്തിലുള്ള ഒരു സുമേറിയൻ മിത്ത് അറിയപ്പെടുന്നത് തന്നെ Sumerian Disputations (സുമേറിയൻ വാദപ്രതിവാദങ്ങൾ) എന്ന പേരിലാണ്. വിഖ്യാതനായ അസീറിയോളജിസ്റ്റ് (മെസപൊട്ടേമിയയുടെ പുരാതനചരിത്രം, സംസ്‌കാരം തുടങ്ങിയവയെക്കുറിച്ച പഠനമാണ് അസീറിയോളജി) സാമുവെൽ നോവ ക്രേമർ സുമേറിയൻ സംവാദങ്ങളെപ്പറ്റി വിശദമായ വിവരങ്ങൾ തരുന്നു.

പ്രധാനമായും ഏഴ് സംവാദങ്ങൾ ഈ മിത്തിൽ ഉള്‍ക്കൊള്ളിച്ചതായി കാണാം. പക്ഷിയും മീനും തമ്മിലുള്ള സംവാദം (Debate between Bird and Fish), ആടും ധാന്യവും തമ്മിലുള്ള സംവാദം (Debate between Sheep and Grain), ആട്ടുകല്ലും ഗുല്‍ഗുൽ കല്ലും തമ്മിലുള്ള സംവാദം (Debate between the millstone and the gulgul-stone/ ഗുല്‍ഗുൽ എന്ന പ്രദേശത്തെ അസീറിയൻ റോക് റിലീഫ് -പാറമേല്‍ കൊത്തുന്ന തിരശ്ചീനപ്രതലത്തിലുള്ള പ്രതിമകൾ- വിഖ്യാതമാണ്), മണ്‍വെട്ടിയും ഉഴുനിലവും തമ്മിലുള്ള സംവാദം (Debate between the Hoe and the Plough), വെള്ളിയും ചെമ്പും തമ്മിലുള്ള സംവാദം (Debate between Silver and Copper), ശിശിരവും ഗ്രീഷ്മവും തമ്മിലുള്ള സംവാദം (Debate between Winter and Summer), ഈത്തപ്പനയും തമാരിസ്കും അഥവാ മരവും ചെറുചെടിയും തമ്മിലുള്ള സംവാദം (Debate between the Date Palm and the Tamarisk) എന്നിവയാണവ.

Copia_de_Enki
സുമേറിയൻ മിത്തുകളിലെ വിദ്യയുടെയും വിധിയുടെയും അധിപനായ എൻകി. സംവാദങ്ങളിലെ വിധികർത്താവ്

ഇതിന് പുറമെ പാഠശാലകളിൽ വിദ്യാര്‍ത്ഥികളും ഗുരുക്കന്മാരും തമ്മിലും വിദ്യാര്‍ത്ഥികൾ പരസ്പരവുമൊക്കെയായി നാല് സംവാദങ്ങളും രണ്ട് സ്ത്രീകൾ തമ്മിലുള്ള സംവാദവുമൊക്കെ സുമേറിയൻ ഡിസ്പ്യുട്ടേഷന്റെ ഭാഗമാണ്.

ഒട്ടേറെ സംവാദങ്ങൾ ഋഗ്വേദവും രേഖപ്പെടുത്തുന്നുണ്ട്. വേദാന്തദര്‍ശനങ്ങളുടെ മുഖ്യാധാരമായ ഉപനിഷത്തുകൾ പലതിന്റെയും ഘടന തന്നെ സംവാദരൂപത്തിലാണ്.

പേര് പോലെത്തന്നെ ഏറ്റവും ബൃഹത്തായ ഉപനിഷത്തായ ബൃഹദാരണ്യകോപനിഷത്തിൽ യാജ്ഞവല്‍ക്യ മുനിയുടെ സംവാദങ്ങളിലൂടെയാണ് തത്വദര്‍ശനങ്ങൾ വിവരിക്കപ്പെടുന്നത്. ഇതിന്റെ ഒന്നാം ഭാഗമായ മധുകാണ്ഡത്തിൽ യാജ്ഞവല്‍ക്യനും പത്‌നി മൈത്രേയിയും തമ്മിൽ സംവാദത്തിലേര്‍പ്പെടുന്നു.

രണ്ടാം ഭാഗത്താകട്ടെ, യാജ്ഞവല്‍ക്യൻ, ജനകരാജാവിന്റെ സദസ്സിലെ വിദ്വാന്മാരുമായാണ് സംവദിക്കുന്നത്. അതില്‍ത്തന്നെ മഹാപണ്ഡിതയും വിദുഷിയുമായ ഗാര്‍ഗി എന്ന സ്ത്രീയുമായി നടത്തുന്ന സംവാദം പ്രസ്താവ്യമാണ്. ജനകനുമായിത്തന്നെയും സുദീര്‍ഘമായ സംവാദത്തിലേര്‍പ്പെടുന്നുണ്ട് യാജ്ഞവല്‍ക്യൻ.

വാദങ്ങളുടെയും പ്രതിവാദങ്ങളുടെയും രൂപമില്ലെങ്കിലും ബൃഹദാരണ്യകോപനിഷത്തിന്റെ അവസാനഖണ്ഡമായ ഖിലകാണ്ഡത്തിൽ ദേവന്മാരും മനുഷ്യരും അസുരന്മാരും പ്രജാപതിയിൽ നിന്ന് ജ്ഞാനം തേടുന്നതായി ചിത്രീകരിച്ചിട്ടുണ്ട്. ഈ മൂന്ന് കൂട്ടര്‍ക്കും പ്രജാപതി നല്‍കുന്ന ഉപദേശമാണ് ടി.എസ് എലിയട്ടിന്റെ തരിശുഭൂമി (Waste Land) എന്ന കാവ്യത്തിന്റെ അവസാനത്തിലെ What the thunder said (ഇടിമുഴക്കം പറയുന്നത്) എന്ന ഖണ്ഡത്തിന്റെ പ്രധാന പ്രമേയം.

ഉനിഷദ് സാഹിത്യത്തിൽ ഇതുപോലെ വിഖ്യാതമായ മറ്റൊരധ്യായം കഠോപനിഷത്തിലെ നചികേതസ്-യമൻ സംവാദമാണ്.

അര്‍ത്ഥസമ്പൂര്‍ണമായ മറ്റൊരാഖ്യാനം മഹാഭാരതത്തിലെ യക്ഷപ്രശ്‌നമാണ്. യക്ഷനും യുധിഷ്ഠിരനും തമ്മിൽ നടക്കുന്ന സംവാദം തന്നെയാണ് അതും. യക്ഷനെ അതിൽ യമന്റെ അവതാരമായി അവതരിപ്പിക്കുന്നു. യമന്റെ പുത്രനാണല്ലോ യുധിഷ്ഠിരൻ.

ബുദ്ധന്റെ പാലിസുത്തങ്ങളുടെ സമാഹാരങ്ങളിൽ പലതും സംവാദങ്ങളുടെ ആഖ്യാനങ്ങളാണ്. തിപിടാകകളിൽ സുത്തപിടക എന്ന പിടാകയിലെ ദീഗനികായ, മഝിമനികായ, സംയുക്തനികായ തുടങ്ങിയ ഭാഗങ്ങൾ ശിഷ്യന്മാരും തത്വജിജ്ഞാസുക്കളും ബ്രാഹ്മണരുമൊക്കെയായുള്ള ബുദ്ധന്റെ സംവാദങ്ങളെയാണ് ഉള്‍ക്കൊള്ളുന്നത്.

ഖുദ്ദകനികായയിലെ മിളിന്ദപണ്‍ഹ (മിളിന്ദപ്രശ്‌നം) ബാക്ട്രിയയിലെ ഇന്‍ഡോ-ഗ്രീക് രാജാവ് മെനാന്‍ഡറുമായി (മിളിന്ദന്‍) ബുദ്ധശിഷ്യനായ നാഗസേനൻ നടത്തിയ സംവാദത്തെ വിവരിക്കുന്നു. ഖുദ്ദകനികായയിലെത്തന്നെ ഥേരഗാഥയിലും ഥേരിഗാഥയിലും ബുദ്ധശിഷ്യന്മാർ അന്നത്തെ പല വിദ്വാന്മാരുമായും രാജാക്കന്മാരുമായി നടത്തിയ സംവാദങ്ങൾ വായിക്കാം.

സംവാദരംഗത്ത് ഭിക്ഷുസംഘത്തിലെ സ്ത്രീകൾ പ്രകടിപ്പിച്ച ആര്‍ജവം എത്രത്തോളമായിരുന്നെന്ന് ഥേരിഗാഥ മനസ്സിലാക്കിത്തരുന്നുണ്ട്. സുജാത, മല്ലിക, ഖേമ, ഭദ്ദകുണ്ഡലകേശ, കിസാഗോതമി, സോന, നന്ദ തുടങ്ങിയ ഭിക്ഷുണികൾ സംവാദവേദികളിലെ സ്ത്രീശബ്ദങ്ങളായി ജ്വലിച്ചു നിന്നു.

menander and nagasena
മിളിന്ദനും (മെനാൻഡർ) നാഗസേനനും തമ്മിലുള്ള സംവാദത്തിന്റെ ചിത്രീകരണം

സംവാദങ്ങളുടെ വര്‍ത്തമാനങ്ങൾ ബൈബിളിലും രേഖപ്പെട്ടിട്ടുണ്ട്. യേശുവും സദൂക്യരും തമ്മിലുള്ള സംവാദം അതിലൊന്നാണ്. അന്നത്തെ യൂദസമൂഹത്തിലെ ഭൗതികവാദികളായിരുന്നു സദൂക്യർ. ഉപമകളും കഥകളും ധാരാളമായി ഉപയോഗിക്കുന്നുണ്ട് ഇത്തരം സംവാദങ്ങളിൽ യേശു ക്രിസ്തു.

സൂക്ഷ്മമായ സ്വഭാവത്തിൽ ഖുര്‍ആനും സംവാദങ്ങൾ രേഖപ്പെടുത്തുന്നു. ചോദ്യങ്ങള്‍ക്കുള്ള മറുപടികളുടെ സ്വഭാവത്തിലാണ് ഖുര്‍ആൻ പല ആശയങ്ങളും വിവരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇത്തരം സൂക്തങ്ങളുടെ വ്യാഖ്യാനത്തിൽ അവതരണപശ്ചാത്തലങ്ങളായി മക്കാ മുശിരിക്കുകൾ, യൂദന്മാര്‍ തുടങ്ങിയവർ നടത്തിയ സംവാദങ്ങൾ സ്വശിഷ്യന്മാർ ഉന്നയിച്ച ചോദ്യങ്ങൾ തുടങ്ങിയവ ഉദ്ധരിക്കപ്പെടുന്നു.

സംവാദത്തിന്റെ തത്വശാസ്ത്രങ്ങളും തത്വശാസ്ത്രസംവാദങ്ങളും
തത്വചിന്തയുടെ ചരിത്രത്തിൽ ഡിബേറ്റുകൾ സുപ്രധാനമായ ഒരു ശീര്ഷകം തന്നെയാണ്. സോക്രട്ടീസ് സംവാദകലയെ ജ്ഞാനാന്വേഷണത്തിന്റെ മുഖ്യോപാധിയായി കണ്ടു. സവിശേഷമായ സംവാദരീതിയും അദ്ദേഹം ആവിഷ്‌കരിച്ചു. സോക്രാട്ടിക് ഡിബേറ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്. ആധുനികചിന്തയിൽ ദെകാര്ത് അവതരിപ്പിച്ച സംവാദരീതിയും വിഖ്യാതമാണ്. കാര്ട്ടീസിയന് ഡിബേറ്റ് എന്ന് വിളിക്കപ്പെടുന്നു ഇത്.
debate
സോക്രാട്ടിക് സംവാദം

തന്റെ അനുഭവങ്ങളോടൊപ്പം, തന്നെ നയിക്കുന്ന യുക്തിയും അതിനും മുകളിൽ തന്നിൽ നിറഞ്ഞു നില്ക്കുന്ന ആന്തരിക ശബ്ദവും ചേര്ന്നതാണ് തന്റെ ജ്ഞാനപ്രമാണങ്ങൾ എന്ന് പ്രഖ്യാപിച്ച സോക്രട്ടീസ് വെളിപാടുകളുടെ പ്രാധാന്യത്തിലാണ് ഊന്നുന്നത്. വെളിപാടുകളുടെ പ്രസക്തിയെ തന്റെ യുക്തിവാദത്തിലൂടെ ദെകാര്ത്തും സ്ഥാപിക്കുന്നുണ്ട്.

നിലനില്ക്കുന്ന ധാരണകളെയും സാമൂഹ്യസമ്പ്രദായങ്ങളെയും സോക്രട്ടീസ് നിശിതമായി ചോദ്യം ചെയ്തു. അദ്ദേഹത്തിന്റെ തത്വശാസ്ത്രത്തിൽ ചോദ്യം ചെയ്യലിന് വലിയ പ്രാധാന്യമാണുള്ളത്. അതിനാല്ത്തന്നെ സോക്രാട്ടിക് ഡിബേറ്റിനെ അഥവാ ഡിബേറ്റിലെ സോക്രാട്ടിക് മെഥേഡിനെ മെഥേഡ് ഒഫ് എലങ്കസ് (method of Elenchus or Elenctic method) എന്ന് വിളിക്കുന്നു. തര്ക്കശാസ്ത്രപരമായ പ്രതിവാദം (logical refutation) എന്നാണ് elenchus എന്ന പദത്തിന്റെ അര്ത്ഥം.
സോക്രട്ടീസിന്റെ ഈ നിരാകരണത്തിന് അന്നത്തെ ആസ്ഥാന തത്വചിന്തകന്മാരായ സോഫിസ്റ്റുകളും ഇരയായി. പണ്ഡിതോചിതവും പ്രമാണബദ്ധവുമായ മുന്വിധികൾ വെച്ചുപുലര്ത്തുന്നവരായിരുന്നു സോഫിസ്റ്റുകൾ. സങ്കീര്ണമായ ജീവിതം സങ്കീര്ണമായ ചോദ്യങ്ങളും ഉല്പാദിപ്പിക്കുന്നുണ്ട്.
ഉറച്ചതെങ്കിലും തെറ്റാവാൻ നല്ല സാധ്യതയുള്ള മുന്വിധികളും ധാരണകളുമുള്ളവരാണ് പണ്ഡിതന്മാർ. ഈ നിലപാടിലൂടെ അവർ അവരവരെത്തന്നെയും ലോകത്തെയും വിഡ്ഢികളാക്കുകയാണ് ചെയ്യുന്നത്. ബഹുഭൂരിഭാഗം വരുന്ന സാധാരണക്കാരാകട്ടെ. ചോദ്യങ്ങളോട് വൈമുഖ്യം കാണിക്കുകയും ചെയ്യുന്നു. ഇതിലൂടെ അവർ വൈജ്ഞാനികവും സാമൂഹികവുമായ പുരോഗതിയോട് പുറം തിരിയുന്നു. ഈ രണ്ട് മനോഭാവങ്ങളെയും സോക്രട്ടീസ് ഒട്ടും ദയയില്ലാതെ പരിഹസിച്ചു.
അറിവിനെസ്സംബന്ധിച്ച് “പണ്ഡിതോചിതം” മാത്രമായ മുൻവിധികൾ വച്ചു പുലർത്തുകയും പാണ്ഡിത്യത്തിന്റേതായ മാനദണ്ഡങ്ങൾ സ്വീകരിച്ച് ജ്ഞാനികളെന്ന ഭാവത്തിൽ പ്രസംഗിച്ചു നടക്കുകയും ചെയ്തവരാണ് സോഫിസ്റ്റുകൾ എന്ന് പറഞ്ഞല്ലോ. ഈ മുൻവിധികളെയും മാനദണ്ഡങ്ങളെയും സോഫോസ് (Sophos) എന്നു വിളിക്കാം.
തങ്ങളാണ് ജ്ഞാനികൾ എന്ന ഈ ഭാവത്തെ പ്രതിരോധിച്ച്, താൻ ഒന്നുമറിയാത്തവനാണെന്ന് പ്രഖ്യാപിക്കുകയും എന്നാൽ ചോദ്യങ്ങളിലൂടെയും അന്വേഷണത്തിലൂടെയും ജ്ഞാനമാർജിക്കാനുള്ള കഴിവ് യുവാക്കളിൽ വളർത്തുകയും ചെയ്ത സോക്രട്ടീസിനെ ചരിത്രം ആദ്യത്തെ ഫിലോസഫർ എന്ന് രേഖപ്പെടുത്തുന്നു.
അതായത്, അറിവിനെ ജനാധിപത്യവൽക്കരിക്കുകയാണ് സോക്രട്ടീസ് ചെയ്തത്. ഒപ്പം രാഷ്ട്രീയ ജനായത്തത്തിനു വേണ്ടിയും സ്ത്രീയുടെ തുല്യപങ്കാളിത്തത്തിനു വേണ്ടിയും കൂടി നില കൊണ്ടു. എന്തായാലും അറിവിന്റെ കുത്തകവൽക്കരണത്തിനെതിരെയാണ് ഫിലോസഫി ഉണ്ടായത് എന്നർത്ഥം.
സോഫോസ് എന്ന പദത്തിനെതിരെ ഫിലോസോഫോസ് (Philosophos) എന്ന വാക്ക് ആദ്യമായുപയോഗിച്ചത്, പക്ഷേ പൈതഗോറസ് ആണ്. ജ്ഞാനത്തെപ്പറ്റി പ്രസംഗിക്കുകയല്ല, ജ്ഞാനിയായി ജീവിക്കുകയാണ് വേണ്ടതെന്ന് ഇതിലൂടെ അദ്ദേഹം പഠിപ്പിച്ചു. Lover of Wisdom എന്നാണ് Philosopher എന്നതിന് അർത്ഥം.
എന്തായാലും, ഈ നിലപാടിൽ നിന്ന് തന്നെയാണ് എലങ്ടിക് മേഥേഡ് എന്ന സോക്രാട്ടിക് മെഥേഡും ഉരുത്തിരിയുന്നത്. പ്രതിവാദം അഥവാ നിരാകരണം എന്ന് സോക്രാട്ടിക് ഡിബേറ്റിനെ വിളിക്കുന്നത് അതുകൊണ്ടാണ്. അദ്ദേഹത്തിന്റെ സംവാദരീതിയെ വിശകലനം ചെയ്തുകൊണ്ട് ഗ്രിഗറി വ്‌ലാസ്റ്റോസ് അതിന് അഞ്ച് ഘട്ടങ്ങളുള്ളതായി ചൂണ്ടിക്കാണിക്കുന്നു.
ഒന്ന്) സോക്രട്ടീസിന്റെ പ്രതിവാദകന് (interlocutor) ഒരു വാദം ഉന്നയിക്കുകയും സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.
രണ്ട്) ആ വാദം തെറ്റാണെന്നാണ് സോക്രട്ടീസിന്റെ പക്ഷം. അത് തെളിയിക്കാൻ അദ്ദേഹം തീരുമാനിക്കുന്നു.
മൂന്ന്) ഇതിനായി അദ്ദേഹം പ്രതിവാദകന്റെ സിദ്ധാന്തത്തെ, അയാളും കൂടി അംഗീകരിക്കാൻ നിര്ബ്ബന്ധിതനായ, എന്നാൽ പ്രത്യക്ഷത്തിൽ വിഷയത്തിന് പുറത്തുള്ള പരിസരങ്ങളിലേക്ക് കൂടി കൊണ്ടുചെന്ന് ബന്ധിക്കുന്നു.
നാല്) ഈ പരിസരങ്ങളുമായി വൈരുധ്യം നിലനില്ക്കുന്ന ഒരു വാദമാണ് പ്രതിവാദകന്റേത് എന്ന് അദ്ദേഹം സമര്ത്ഥിക്കുന്നു. ഇതാകട്ടെ, അയാൾക്കും സമ്മതിക്കേണ്ടി വരുന്ന തരത്തിൽ ഭദ്രവുമായിരിക്കും.
അഞ്ച്) ഈ വൈരുധ്യങ്ങളെ മുന്നിര്ത്തിക്കൊണ്ട് ഇന്റർലോക്യൂട്ടറുടെ സിദ്ധാന്തം തെറ്റാണ് എന്നും അതിന്റെ നിരാകരണമാണ് ശരി എന്നും സോക്രട്ടീസ് അവകാശപ്പെടുന്നു.
നല്ലതും ചീത്തയും തിരിച്ചറിയാനുള്ള കഴിവ് വ്യക്തികളുടെ യുക്തിബോധത്തിലാണ് ഉള്ളതെന്ന് സോക്രട്ടീസ് സിദ്ധാന്തിച്ചു. അദ്ദേഹത്തെസ്സംബന്ധിച്ചിടത്തോളം സംവാദങ്ങളുടെ ന്യായവും ഇതു തന്നെയായിരുന്നു.

________ തുടരും

3 thoughts on “സംവാദത്തിന്റെ തത്വശാസ്ത്രം ഒന്ന്

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s