മുഹമ്മദ് ശമീം
പുതിയ കാലത്തെ ചില കാഴ്ചകൾ
ഒന്ന്) അലച്ചിൽ
സാക്ഷിക്കൂട്ടിൽ മാദൂകെയ്ത, ഫ്രഞ്ചുകാരൻ ജഡ്ജിയോട് ദ്വിഭാഷിയുടെ സഹായത്തോടെ ബംബാര ഭാഷയിൽ തന്റെ കഥ പറഞ്ഞു.
“സ്പെയിനിലേക്ക് പോകാൻ മലിയിൽ നിന്ന് ഇദ്ദേഹം പുറപ്പെട്ടു.” ദ്വിഭാഷി വ്യക്തമാക്കി. നൈജർ നദി കടന്ന് അൾജീരിയയിലേക്കും അവിടുന്ന് മൊറോക്കോവിലേക്കും..”
ക്ലേശപൂർണമായൊരു പലായനത്തിന്റെ കഥ പറയപ്പെട്ടു. മാദൂകെയ്ത അത് തുടർന്നു. “മൊറോക്കന്മാർ ഞങ്ങളെ ഉജ്ദയിലേക്ക് തിരിച്ചുകൊണ്ടുപോയി. ഒരു ട്രക്കിൽ ഞങ്ങൾ സഹാറയിലെത്തി. മരുഭൂമിയിലൂടെ വീണ്ടൂം അൾജീരിയയിലേക്ക്. നേരത്തെ സഹായിച്ചിരുന്ന അൾജീരിയക്കാർ ഇത്തവണ ഞങ്ങളെ വെടിവെച്ചു. ആർക്കുമതിൽ മുറിവേറ്റില്ല. ഞങ്ങൾ യാത്ര തുടർന്നു. മുപ്പത് പേർ ഒരാഴ്ച നടന്നു. അന്നമോ വെള്ളമോ ഇല്ലാതെ.
“ദുരിതമയമായൊരലച്ചിൽ. ഞങ്ങളിൽ ചില രോഗികൾ പെട്ടെന്നു തളർന്നു. ഒരാൾ വീണു. അയാളുടെ അനുജൻ കാത്തിരിക്കാൻ തുനിഞ്ഞപ്പോൾ അയാൾ പറഞ്ഞു. ‘വേണ്ട. എനിക്ക് തുടരാനാവില്ല. ഞാൻ മരണത്തെ സ്വീകരിക്കാൻ തയ്യാറായിക്കഴിഞ്ഞു. ഉടൻ പോകൂ’.
ഘാനയിൽ നിന്നുള്ള ഒരു സ്ത്രീയുണ്ടായിരുന്നു ഞങ്ങളോടൊപ്പം. സ്ത്രീയാണെന്ന് ഞങ്ങളറിഞ്ഞില്ല. ഒരു പുരുഷന്റെ വേഷം ധരിച്ച്. അവളും തളർന്നു വീണു. ഞങ്ങളവളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല.”
വീട്ടുമുറ്റത്ത് കൂടിയ കോടതിയുടെ പരിസരത്ത് തുണിയലക്കിക്കൊണ്ടിരിക്കുന്ന സ്ത്രീകള്‍. വീടുകളിൽ കുട്ടികളുടെ ശബ്ദം. പുഴുങ്ങി കഞ്ഞിപിഴിഞ്ഞ തുണിയിൽ നിന്ന് ചുവന്ന വെള്ളം ഒഴുകിപ്പരന്ന് ചോര പോലെ തളം കെട്ടിനിന്നു. അതിൽ നിന്ന് ആവി പറന്നു. ചുവന്ന തുണി രക്തം മുങ്ങിയ ഒരു തിരശ്ശീല പോലെ ദൃശ്യം നിറഞ്ഞു നിന്നു.
കത്തിക്കാളുന്ന സൂര്യന് താഴെ പൊരിമണലിൽ ഒരു യുവാവ് തളർന്നു കിടന്നു. മണലിലിഴയുന്ന ചെറുപ്രാണികൾ. ഒരു കുപ്പി വെള്ളം അയാൾക്കരികിൽ വച്ച് മറ്റൊരാൾ അകലേക്ക് നടന്നു. കണ്ണുകൾ പാതിയടച്ച് യുവാവ് മലർന്നുകിടന്നു. മാറിടം തുണി കൊണ്ടമർത്തിക്കെട്ടി, ആണിനെപ്പോലെ ഷര്‍ട്ടു ധരിച്ചൊരു പെണ്ണായിരുന്നു അത്.കരുവാളിച്ച മുഖത്ത് മണൽത്തരികളും പ്രാണികളും പറ്റിക്കിടന്നു. പതുക്കെ അവളുടെ കണ്ണുകളടഞ്ഞു. ചത്തുമലച്ച് അവൾ കിടന്നു. സഹാറാ മരുഭൂമിയുടെ അനന്തതയിൽ കൊടുംവേനലിൽ ചെറുഭാണ്ഡങ്ങളും പേറി കുറേ ചെറുപ്പക്കാർ നടന്നകന്നു.
ചുവന്ന തുണിയിൽ നിന്ന് വീണ്ടും വെള്ളം വാർന്നു. സ്ത്രീകളുടെ കണ്ണുകളും നിറഞ്ഞൊഴുകി. മാദൂ വിവരണം തുടർന്നു. “ഞങ്ങൾ മുപ്പതുപേരിൽ ബാക്കിയായവർ പത്ത്. മറ്റുള്ളവർ മരിച്ചോ, അതോ സഹാറയിൽ ഇപ്പോഴും അലയുന്നുണ്ടോ..?”
അപ്പോൾ ലോകബാങ്കിന് വേണ്ടി വാദിക്കുന്ന കറുത്ത വർഗക്കാരൻ വക്കീൽ ചോദിച്ചു: “നിങ്ങളെന്തിന് നാടുവിട്ടു? നിങ്ങളുടെ വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ എന്നിവയിലെല്ലാം സ്റ്റേറ്റ് നിങ്ങളെ സഹായിച്ചിരുന്നില്ലേ?” മാദൂ പറഞ്ഞു: “സ്റ്റേറ്റ് എനിക്കൊന്നും തന്നിട്ടില്ല, ഒന്നും.”
അലക്കിക്കൊണ്ടിരുന്ന സ്ത്രീ അപ്പോൾ ഇടപെട്ടു. അവർ വക്കീലിനെ അധിക്ഷേപിച്ചു. സമാധാനം പാലിക്കാനപേക്ഷിച്ച ജഡ്ജിയോടവർ പറഞ്ഞു: “ഈ വിഡ്ഢിയോടല്പം സംസാരിക്കാൻ അനുവദിക്കണം സര്. ഈ യുവാവിനെ നമ്മളെന്തിനവിശ്വസിക്കണം? ഈ വിചാരണയൊക്കെ വെറും നാട്യങ്ങളാണ്. ഇതിന്റെ മറവിൽ നിങ്ങൾക്കൊക്കെ സുഖിച്ചു ജീവിക്കാൻ.”
“ഈ പീഡനം നിർത്തുക.” സ്ത്രീ അലറി. “ഈ കപടനാടകം നിർത്തുക.”
അപ്പോൾ ജഡ്ലി പ്രഖ്യാപിച്ചു: “വിചാരണ മാറ്റിവെച്ചിരിക്കുന്നു.”
രണ്ട്) നിഷ്കാസനം ചെയ്യപ്പെട്ട ഒരാൾ
സാംബാദിയാക്കിത്തേ എന്ന സാക്ഷിയുടെ പേരു വിളിച്ചു. അയാളെഴുന്നേറ്റ് ആളുകൾക്കിടയിലൂടെ സാക്ഷിക്കൂട്ടിൽച്ചെന്നു നിന്നു. മധ്യവയസ്സിലേക്കു കടന്ന ഒരാൾ. “ഞാൻ സാംബാദിയാക്കിത്തേ 1953ൽ ഹംദലയെ ജില്ലയിൽ ദക്കറിൽ ജനിച്ചു.”
“ജോലി?” ജഡ്ജി ചോദിച്ചപ്പോൾ അയാൾ പറഞ്ഞു: “മുൻ സ്കൂളധ്യാപകൻ.”
“മുൻ അധ്യാപകനോ?” എന്ന ജഡ്ജിയുടെ ചോദ്യത്തിന് അയാൾ മറുപടി പറഞ്ഞില്ല. കുറെ നേരത്തെ കട്ടപിടിച്ച മൌനം.
വീണ്ടും, നിങ്ങൾക്ക് യാതൊന്നും പറയാനില്ലേയെന്നന്വേഷിച്ചു ജഡ്ജി. തൊഴിൽരഹിതരായ ചില യുവാക്കൾ ഉച്ചഭാഷിണിയിലൂടെ വിചാരണ കേട്ടു കൊണ്ടിരിക്കയായിരുന്നു. നീണ്ട മൌനം അവരെ അസ്വസ്ഥരാക്കി. അവരിലൊരാൾ ഉച്ചഭാഷിണി പരിശോധിച്ചു.
സാക്ഷി, കൂട്ടിൽ നിന്നിറങ്ങി നടന്നു. നേരെ ഗേറ്റ് കടന്ന് പുറത്തേക്ക്.
പിന്നീടെപ്പോഴോ സാംബാ ദിയാക്കിത്തേ തൊഴിൽരഹിതരായ ചെറുപ്പക്കാർക്കൊപ്പം വന്നിരുന്നു.
മൂന്ന്) സ്വകാര്യ ഗതാഗതം
ബമാക്കോയിൽ (ആഫ്രിക്കന്‍ രാജ്യമായ മാലിയുടെ തലസ്ഥാനം) ജനിച്ച ഒരു സ്ത്രീ, വയസ്സ് 52
“നിങ്ങളെ ആരാണ് സാക്ഷിയായി ഹാജരാക്കിയതെന്നറിയാമോ?”
“അറിയാം. ഞാന്‍ വാദിഭാഗം സാക്ഷിയാണ്.”
“അതെ, വാദിഭാഗത്ത് ആഫ്രിക്കന്‍ സമൂഹം, പ്രതിഭാഗത്ത് അന്തർദ്ദേശീയ ധനകാര്യസ്ഥാപനങ്ങളും. സത്യമല്ലാതൊന്നും പറയില്ലെന്ന് കൈയുയർത്തി സത്യം ചെയ്യൂ.”
“മരങ്ങൾ ജീവിതത്തിന് ആരോഗ്യദായകമല്ലേ?” കോടതി അവരോട് ചോദിച്ചു.
“അതു ശരിയാണ്. എന്നാൽ ഒരു കമ്പനി നടത്താൻ മരങ്ങൾ വേണ്ടല്ലോ?” (വൻ കമ്പനികൾ വനവൽക്കരണത്തിന് വായ്പ നല്‍കുന്നതിലെ വൈരുദ്ധ്യത്തെയാണ് അവർ സൂചിപ്പിച്ചത്).
“കൊള്ളാം, വളരെ ശരി തന്നെ.” ജഡ്ജ് സമ്മതിച്ചു.
“റെയിൽപ്പാതയോടു ചേർന്നു നിൽക്കുന്ന ഗ്രാമങ്ങൾ,” അവർ വിവരിച്ചു; “റെയിൽവേയെ ആശ്രയിച്ചാണ് കഴിയുന്നത്. കഴിഞ്ഞ നൂറു വർഷത്തെ ജീവിതത്തിന് ശേഷം ഇപ്പോഴവർ കടക്കെണിയിലായി. റെയിൽ യാത്ര അവർക്കിപ്പോൾ പ്രാപ്യമല്ല. കൃഷി ചെയ്തുണ്ടാക്കുന്ന പച്ചക്കറികൾ വിൽക്കാൻ പറ്റുന്നില്ല. മറ്റ് സാധനങ്ങൾ വാങ്ങാൻ യാത്ര ചെയ്യാനും പറ്റുന്നില്ല. അങ്ങനെയവർ ഗ്രാമം വിട്ടുപോയി. തിരിച്ചു വന്നപ്പോൾ സ്ഥിതി കൂടുതൽ പരിതാപകരം.
“ഇതൊരു ഗൂഢാലോചനയുടെ ഫലമാണ്. ഗതാഗത സംവിധാനങ്ങൾ സ്വകാര്യവൽക്കരിച്ചില്ലെങ്കിൽ സഹായങ്ങൾ നിർത്തിക്കളയുമെന്ന് ലോകബാങ്ക് അറിയിച്ചിട്ടുണ്ട്. സ്വകാര്യവൽക്കരണമാണ് റെയിൽവേയുടെയും മറ്റും സൌകര്യങ്ങൾ ഗ്രാമവാസികൾക്ക് നിഷേധിച്ചത്.
“വാര്‍ത്താവിനിമയം, ഊര്‍ജം, ഗതാഗതം എന്നിവയുടെ മേൽ നിയന്ത്രണമില്ലാത്ത ഒരു രാജ്യവും പരമാധികാര രാഷ്ട്രമല്ല. ഇവയെ നമ്മിൽ നിന്ന് പിടിച്ചെടുക്കാൻ ബഹുരാഷ്ട്രക്കുത്തകകൾ ശ്രമിക്കുന്നു. അതനുവദിച്ചുകൂടാ. നമുക്കത് തടയാനാവും” സ്ത്രീ ആവേശത്തോടെ പ്രഖ്യാപിച്ചു.
“ഇതെല്ലാം ലോകബാങ്കിനെതിരെ കേവലം ദോഷൈകദൃഷ്ടിയോടെയുള്ള ആരോപണങ്ങൾ മാത്രം.” ലോകബാങ്ക് വക്കീൽ റപ്പപോർട് പറഞ്ഞു.
നാല്) ആഗോളഗ്രാമം
ബാങ്കിന്റെ വക്കീൽ, വെള്ളക്കാരൻ റപ്പപോർട് ബമാക്കോയിലെ തെരുവിൽ നിന്ന് വാങ്ങിയ, ഇറ്റാലിയൻ ഡിസൈനർ ഗുചി രൂപകല്പന ചെയ്ത, കൂടുതൽ കറുത്തിരുണ്ട ചില്ലുകളുള്ള, കണ്ണട ധരിച്ച് സെൽഫോണിൽ സംസാരിച്ചുകൊണ്ട് അങ്ങുമിങ്ങും നടന്നു.
വീട്ടുമുറ്റത്തു മേഞ്ഞിരുന്ന (ഉദാരവൽക്കരണത്തെപ്പറ്റി അറിവില്ലാത്ത) ഒരാട് പെട്ടെന്ന് പാഞ്ഞടുത്തപ്പോൾ അയാൾ പേടിച്ച് പുറ്കോട്ടു മാറി.
അഞ്ച്) കുടുംബം
രാത്രിയിൽ ഷകയും മകൾ ഇനയും വീട്ടില്‍ കുറെ നേരം ബലൂൺ കൊണ്ട് കളിച്ചു. അപ്പോൾ അയാളുടെ ഭാര്യ മെലെ ദൂരെയൊരു ബാറിൽ പാടിക്കൊണ്ടിരിക്കുകയായിരുന്നു. അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങി. പാടുന്നതിനിടെ തിരിഞ്ഞു നിന്ന് അവൾ കണ്ണുകൾ തുടച്ചു. വീട്ടിൽ അച്ഛൻ മകളെ തലോടി ഉറക്കി. ചുവരിൽ ഷകയുടെയും മെലെയുടെയും വിവാഹത്തിനുടനെ എടുത്തതെന്നു തോന്നിക്കുന്ന ഫോട്ടോ.
ഇപ്പോൾ ഇന നന്നായുറങ്ങി. ഒരു ഫാൻ മകൾക്ക് നേരെ തിരിച്ചുവച്ച് ഓൺ ചെയ്ത ശേഷം അച്ഛൻ പുറത്തിറങ്ങി.
ഒരു വെടിയൊച്ച.ഇലക്ട്രിക് തൂണിനരികെ ഒരാൾ വീണു. സ്വയം വെടിവച്ചു വീണ ഷകയാവാം അത്. ദൂരെ ഒരു കാർ നിർത്തി. ഒരാളിറങ്ങിവന്ന് ടയർ പരിശോധിച്ച ശേഷം വീണ്ടും ആ വണ്ടി ഓടിച്ചു പോയി.
പ്രഭാതത്തിൽ മരിച്ചുകിടന്ന ഷകയുടെ അരികിലൊരു തെരുവുനായ മണപ്പിച്ചു നിന്നു.
ഷകയുടെ വീട്ടിലേക്ക് ആളുകൾ വന്നു കൊണ്ടിരുന്നു. കൂടിയിരുന്നവർ “ലാ ഇലാഹ ഇല്ലല്ലഹ് മുഹമ്മദു റസൂലുല്ല്ലാഹ്” എന്നുരുവിട്ടു. അവരുടെ കൂടെ വെള്ളക്കാരനായ ജഡ്ജിയും ഇരിക്കുന്നുണ്ടായിരുന്നു. വിധവയായിത്തീര്‍ന്ന മെലെയോടൊപ്പമുണ്ടായിരുന്ന സ്ത്രീകൾ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. മൃതദേഹം വീട്ടിൽ നിന്ന് പുറത്തേക്ക്. നിസ്കാരത്തിനു ശേഷം അത് വഹിച്ചു കൊണ്ട് ആളുകൾ ചെറിയ ഗേറ്റ് കടന്നു നീങ്ങി. ഒരാൾ മുറ്റത്തിട്ട പായകൾ മടക്കി വെച്ചു. കോടതിയിലെ കസേരകൾ മുറ്റത്ത് അട്ടിവെച്ചിരിക്കുന്നു.
അങ്ങനെ ഒന്നും വിധിക്കാതെ കോടതി പിരിഞ്ഞു.
‘അബ്ദറഹ്മാൻ സിസ്സാക്കോ’വിന്റെ ‘ബമാക്കോ’ എന്ന ആഫ്രിക്കൻ സിനിമയിലെ (Bamako/ Abdarrahmane Sissaako/ 2006/ Mali, USA, France/ french, bambara) ചില ദൃശ്യങ്ങളുടെ വാഗ്വിവര്ത്തനം. ആഗോളീകരണം സൃഷ്ടിക്കുന്ന ജീവിതത്തിന്റെ ഈ അവതരണം ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.
ഐ.എം.എഫും ലോകബാങ്കും പ്രതിക്കൂട്ടിൽ
അന്തർദേശീയ ധനകാര്യ സ്ഥാപനങ്ങളെ നേർക്കുനേർ വിചാരണ ചെയ്യുന്ന ഒരു പ്രമേയ പ്രതലമാണ് ‘ബമാക്കോ’ എന്ന ഏതാണ്ടൊരു ഡോക്യുമെന്ററി മാനവും കൂടിയുള്ള കഥാ ചിത്രത്തിന്റേത്. മൂലധനത്തിന്റെ പ്രയാണവും മേല്‍ക്കോയ്മയും ലക്ഷ്യമിട്ട് സ്വതന്ത്രകമ്പോളം സ്ഥാപിക്കുന്നതിനാവശ്യമായ, ഘടനാപരമായ പരിഷ്കരണങ്ങൾ (structural adjustments) നടപ്പിലാക്കുന്നതിനു വേണ്ടിയാണ് അന്തർദേശീയ നാണയനിധിയും ലോകബാങ്കുമെല്ലാം നിലകൊള്ളുന്നത്. ഈ ക്രമീകരണങ്ങളാണ് ആഗോളവൽക്കരണമായി (globalization) വികസിച്ചത്. ഇതിന്റെ അനിവാര്യഘടകങ്ങൾ തന്നെയാണ് സ്വകാര്യവൽക്കരണവും (privatization) ഉദാരവൽക്കരണവും (liberalization).

സ്വതന്ത്രങ്ങളായ കോളനിരാജ്യങ്ങൾ സാമ്പത്തിക സ്വാശ്രയത്തിനായി ശ്രമിച്ചുകൊണ്ടിരുന്ന ഘട്ടത്തിൽ കൈക്കൊണ്ടിരുന്ന വ്യാപാര നിയന്ത്രണങ്ങളും പൊതുമേഖലയുടെ സംരക്ഷണവും മുതലാളിത്തത്തിന്റെ സ്വതന്ത്ര വ്യാപാര സിദ്ധാന്തങ്ങൾക്കും കമ്പോളത്തിന്റെ യുക്തിക്കും എതിരായിരുന്നു. ഉദാരീകരണ നടപടികൾക്കായുള്ള നിർബ്ബന്ധങ്ങളിലൂടെ ഇവയെ തകർക്കാനാണ് ബാങ്കും നിധിയും ശ്രമിച്ചത്.
അങ്ങനെ പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കപ്പെട്ടു. രാജ്യാന്തര കുത്തകകൾ അവ കൈക്കലാക്കി. അതോടെ ഓരോ രാജ്യത്തേക്കും ഉൽപാദന വിതരണങ്ങൾ കുത്തകകളുടെ നിയന്ത്രണത്തിലായി. ഇപ്പോൾ പൊതുസേവനങ്ങൾ (വിദ്യാഭ്യാസം, ബാങ്കിംഗ്, ഇൻഷുറന്‍സ്….), പൊതു ഇടങ്ങൾ (റോഡ്, പാലം, റെയിൽ…..), പൊതു സ്രോതസ്സുകൾ (ജലം, നദി, ധാതുനിക്ഷേപം…) എന്നിവ പോലും മൂലധനശക്തികൾ കൈയടക്കി.
വായ്പയെ ആയുധമാക്കിയാണ് മൂലധനം ജീവിതത്തിനുമേൽ മേൽക്കോയ്മ സ്ഥാപിക്കുന്നത്. വായ്പയെ അധിനിവേശത്തിന്റെ ഏറ്റവും വലിയൊരായുധമായി സിസ്സാക്കോ തിരിച്ചറിയുന്നുണ്ട്. ദക്ഷിണാഫ്രിക്കൻ രാജ്യമായ മലിയുടെ തലസ്ഥാനമാണ് ബമാക്കോ. ബമാക്കോയുടെ പ്രാന്തപ്രദേശത്തുള്ള ഒരു വീട്ടുമുറ്റത്ത് കോടതിയും വിചാരണയും ഒരുക്കപ്പെട്ടിരിക്കുന്നു. ധനസ്ഥാപനങ്ങള്ക്കെതിരായ കുറ്റപത്രങ്ങളും എതിർവാദങ്ങളും അവതരിപ്പിക്കപ്പെടുന്നു. ആഗോളീകരണം ആഫ്രിക്കൻ സമൂഹത്തിൽ സൃഷ്ടിച്ച ഉച്ചനീചത്വങ്ങളെ നാമിതിൽ തിരിച്ചറിയുന്നു.
മെലെ എന്ന ബാർ ഗായികയുടെ വീട്ടുമുറ്റത്താണ് സിസ്സാക്കോ സാങ്കൽപിക കോടതി ഒരുക്കുന്നത്. യഥാർത്ഥ ജീവിതവും ഫാന്റസിയും ഇതിൽ ഇഴചേര്‍ന്നു പോകുന്നു. മെലെ, ഭര്‍ത്താവ് ഷക, മകൾ ഇന എന്നിവരടങ്ങിയ കൊച്ചുവീട്. ചേർന്നു തന്നെ വേറെയും വീടുകൾ. എല്ലാ ദരിദ്രം.
ഒരു രോഗിയെയും അയാളെ ശുശ്രൂഷിക്കുന്ന മകളെയും നാമിടക്കിടെ കാണുന്നു. കോടതി നടക്കുന്ന അതേ മുറ്റത്ത് അലക്കും പാചകവും നടക്കുന്നു. കുഞ്ഞുങ്ങൾ കളിക്കുകയും വളർത്തു മൃഗങ്ങൾ മേയുകയും ചെയ്യുന്നു. നമ്മുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തന്നെയാണ് വിശകലനം ചെയ്യപ്പെടുന്നതെന്ന് നാം മനസ്സിലാക്കുന്നു.
ദേശവാസികൾ വിചാരണ ശ്രവിക്കുകയും ചിലപ്പോൾ ഇടപെടുകയും ചെയ്യുന്നുണ്ട്. എന്നാൽ ഒരു ഭാഗത്ത് ചെറുപ്പക്കാർ നിസ്സംഗരായിരിക്കുമ്പോൾ ഏറ്റവും തീവ്രമായി ഇടപെടുന്നത് സ്ത്രീകളാണ്. യാഥാർത്ഥ്യവും ഫാന്റസിയും വളരെ സമർത്ഥമായി ഇഴ ചേർക്കപ്പെടുന്നുണ്ട് ഈ ചിത്രത്തിൽ.

എന്തുകൊണ്ട് ആഫ്രിക്കൻ ജീവിതം ഇത്ര ദരിദ്രമായി? വിചാരണയിൽ സാക്ഷിയായി വരുന്ന എഴുത്തുകാരി പ്രഖ്യാപിക്കുന്നത് ”ദാരിദ്ര്യം ആഫ്രിക്കയുടെ അടിസ്ഥാന സ്വഭാവ(key characteristic)മൊന്നുമല്ലെ”ന്നാണ്. ”തന്റെ തന്നെ സമ്പന്നതയുടെ ഇരയാണ് യഥാര്‍ഥത്തിലവൾ” എന്ന് അവർ തുടരുന്നു. ”നാം ചർച്ച ചെയ്യേണ്ടത് ദാരിദ്ര്യത്തെപ്പറ്റിയല്ല, ദരിദ്രവൽക്കരണത്തെപ്പറ്റിയാണ്.” ഈ ദരിദ്രവൽക്കരണ പ്രക്രിയയുടെ ഹൃദയവും സംഘാടകനുമായി യു.എസ് പ്രസിഡന്റ് ബുഷിനെ ചിത്രം അടയാളപ്പെടുത്തുന്നുമുണ്ട്.
ലോകബാങ്ക് വരുന്നതിനു മുമ്പും ആഫ്രിക്കൻ രാജ്യങ്ങൾ ദരിദ്രമായിരുന്നില്ലേയെന്ന് കറുത്തവര്‍ഗക്കാരനായ ഒരു ബാങ്ക് വക്കീലിന്റെ ചോദ്യം. സാക്ഷി വിചാരണക്ക് ഹാജരായ പ്രഫസർ അതിനിങ്ങനെ മറുപടി നൽകി: ”ഈ രാജ്യങ്ങൾ നൂറ്റാണ്ടിലേറെക്കാലത്തെ കോളനി വാഴ്ചക്ക് കീഴിലായിരുന്നല്ലോ. അതിനുശേഷം നില മെച്ചപ്പെടുത്താനുള്ള ശ്രമത്തിലായി ഈ ജനത. അപ്പോഴവർക്ക് അന്തർദേശീയതലത്തിലുള്ള ഡിക്ടാറ്റുകളെയും (diktat/ അടിച്ചമർത്തപ്പെട്ടവരുടെയും തോറ്റവരുടെയും മേൽ അടിച്ചേൽപിക്കപ്പെടുന്ന നിയമങ്ങളും വ്യവസ്ഥകളും) പ്രതിസന്ധികളെയും നേരിടേണ്ടി വന്നു. അധികം താമസിയാതെ അന്താരാഷ്ട്ര സ്ഥാപനങ്ങളും ഘടനാപരമായ ക്രമീകരണങ്ങളും വന്നു.”
_____________ (തുടരും)
ആഗോള വൽക്കരണത്തിന്റെ ഉപോല്പന്നമാണ് നാം ഇപ്പോൾ ശ്വസിച്ചു കൊണ്ടിരിക്കുന്ന മാരക മായ കോവിഡ്..
LikeLike