പോസ്റ്റ് അപോകാലിപ്റ്റിക് കാലത്തെ വേദവും പ്രവാചകനും

മുഹമ്മദ് ശമീം

മൂസാ അയാളോട് പറഞ്ഞു: ഞാൻ താങ്കളെ അനുധാവനം ചെയ്തു കൊള്ളാം, താങ്കളുടെ വിജ്ഞാനം എന്നിലേക്കും പകരുമെങ്കിൽ
അയാൾ പറഞ്ഞു: താങ്കൾക്കതിനുള്ള ക്ഷമയുണ്ടാവുമെന്ന് തോന്നുന്നില്ല. പൊരുൾ അറിയാത്ത കാര്യങ്ങളിൽ താങ്കളെങ്ങനെ ക്ഷമ കൈക്കൊള്ളും (മനുഷ്യൻ അവനറിയാത്ത കാര്യങ്ങളെച്ചൊല്ലി വൃഥാ വേവലാതിപ്പെടുന്നവനാണല്ലോ).
മൂസാ അതിനിങ്ങനെ പ്രതികരിച്ചു: അല്ലാഹു ഉദ്ദേശിച്ചാൽ തീര്‍ച്ചയായും ഞാൻ അങ്ങേയറ്റം ക്ഷമാലുവാണെന്ന് കണ്ടെത്താന്‍ താങ്കൾക്ക് കഴിഞ്ഞേക്കും.
അപ്പോൾ അയാൾ പറഞ്ഞു: ശരി, താങ്കൾക്കെന്നെ അനുഗമിക്കാം. എന്നാൽ ഒരു കാര്യത്തെപ്പറ്റിയും ഞാനത് വിശദീകരിക്കുന്നത് വരെ എന്നോട് ചോദിക്കരുത്.
________ (ഖുര്‍ആന്‍, സൂറഃ അല്‍ കഹ്ഫ് 66-70).

സൂറഃ അൽ കഹ്ഫ് എന്ന പേരിലുള്ള, ഖുർആനിലെ പതിനെട്ടാം അധ്യായം അന്യാപദേശങ്ങളുടെ ഒരു ആഖ്യാനം (narrative of parables) ആണ്. മുഖ്യമായും നാല് കഥകൾ വരുന്നുണ്ട് അതിൽ. അതിൽ രണ്ടെണ്ണത്തിന്റെ ഘടന ചരിത്രാഖ്യാന സ്വഭാവത്തിലുള്ളതാണ്. ഗുഹയിൽ അഭയം തേടിയ ചില ചെറുപ്പക്കാരുടെ കഥയാണ് അതിലൊന്ന്. ആ ആളുകളുടെ എണ്ണം, ഗുഹയിൽ അവർ കഴിച്ചു കൂട്ടിയ കാലം തുടങ്ങിയ കാര്യങ്ങളിലെ അതിഭാവുക വര്‍ണനകളെ ഖുർആൻ നിരാകരിക്കുകയും ചെയ്യുന്നു. മറ്റൊന്ന് ദുൽഖർനൈൻ എന്ന ഭരണാധികാരിയുടെ കഥ.

images8712247191964623379.jpg

പിന്നെയുള്ളത് പ്രവാചകൻ മൂസാ ഒരാളുമായി സന്ധിച്ച കഥയാണ്. ആഖ്യാനം എന്ന നിലയിൽ അവ്യക്തതയും ദുരൂഹതയുമുള്ള, എന്നാൽ ദൈവികമായ ഒരു ബോധത്തെയും വിധിയും ഭാഗധേയവും തമ്മിലുള്ള സംഘർഷത്തെയും ആഴത്തിൽ അനുഭവിപ്പിക്കുന്ന ആഖ്യാനം. ഇതാണ് ടർകിഷ് സിനിമാ സാക്ഷാത്കാരകനായ സമീ കപ്ലനോഗ്ലു (Semih Kaplanoglu) തന്റെ പുതിയ ചിത്രത്തിലൂടെ (Grain) ആധുനികലോകത്തേക്ക് -അതുമല്ല, ഒരു വിദൂര ഭാവികാലത്തിലേക്ക്- പറിച്ചു നടുന്നത്. ഇതേ അധ്യായത്തിൽ വരുന്ന, രണ്ട് കൃഷിക്കാരുടെ ഉപമയാകട്ടെ, തികച്ചും കഥാരൂപത്തിലുള്ളതുമാണ്.

ഇബ്നു അറബി

ഫുസൂസുൽ ഹികം (The Seals of Wisdom) എന്ന തന്റെ ഗ്രന്ഥത്തിൽ പ്രസിദ്ധ സൂഫി ദാർശനികനായ ഇബ്‌നു അറബി അൽ കഹ്ഫിന് നല്‍കുന്ന വ്യാഖ്യാനമാണ് Grain (Bugday) എന്ന തന്റെ സിനിമയുടെ അവലംബമെന്ന് കപ്ലനോഗ്ലു പറയുന്നു.

യൂസഫ് ട്രിലഗി എന്നറിയപ്പെടുന്ന, Egg (Yamurta), (Milk (Sut), Honey (Bal) എന്നീ സിനിമകൾക്ക് ശേഷം കപ്ലനോഗ്ലു സംവിധാനിച്ചതാണ് Grain.

വലിയ ഇടവേളകൾക്ക് ശേഷം മാത്രം സിനിമ ചെയ്യാറുള്ള കപ്ലനോഗ്ലു 2010ലാണ് യൂസഫ് ത്രയത്തിലെ അവസാനത്തെ ചിത്രം Honey പൂർത്തിയാക്കിയത്. ഗ്രെയിനിനും യൂസഫ് ത്രയത്തിനും പുറമെ രണ്ട് സിനിമകള്‍ മാത്രമേ അദ്ദേഹം 2001 മുതല്‍ക്കിങ്ങോട്ട് സംവിധാനിച്ചിട്ടുള്ളൂ. ഹണിക്ക് ബെർലിനാലെയിൽ (Berlin International Film Festival) ഗോൾഡൻ ബെയർ പുരസ്‌കാരം ലഭിക്കുകയും ചെയ്തു.

യൂസഫ് എന്ന കവിയുടെ കഥയാണ് യൂസഫ് ത്രയം. കപ്ലനോഗ്ലുവിന്റെ ആത്മകഥാപരമായ ആഖ്യാനങ്ങളാണവ. വർഷങ്ങള്‍ക്ക് ശേഷം, തന്റെ അമ്മയുടെ മരണത്തെത്തുടർന്നാണ് താൻ ബാല്യകാലം ചെലവഴിച്ച, ഗ്രാമത്തിലെ തകർന്നു വീഴാറായ വീട്ടിലേക്ക് യൂസഫ് തിരിച്ചു വരുന്നത്. അവിടെ അയാളെയും കാത്ത് നിൽക്കുന്ന ആലിയ എന്ന അകന്ന ബന്ധത്തില്‍പ്പെട്ട പെൺകുട്ടിയുടെ സാന്നിധ്യത്തെപ്പറ്റി അയാൾ ബോധവാനല്ല.

അയാളിലുണരുന്ന കുറ്റബോധവും വൈകാരിക സമ്മർദ്ദങ്ങളുമൊക്കെയാണ് എഗ്ഗ് എന്ന സിനിമയിൽ നാം കാണുന്നത്. മരിച്ചു പോയ അമ്മയ്ക്ക് തന്നെക്കുറിച്ചുണ്ടായിരുന്ന പ്രതീക്ഷകൾക്കും തന്റേതായ അഭിലാഷങ്ങൾക്കുമിടയില്‍ തന്റെ യൗവനത്തെ നിർവചിക്കാനാവാതെ കുഴങ്ങുന്ന യൂസഫാണ് മിൽക് എന്ന ഖണ്ഡത്തിൽ പ്രത്യക്ഷമാകുന്നത്. തേൻ ശേഖരിക്കാൻ കാട്ടിൽ പോയ അച്ഛൻ അപ്രത്യക്ഷനായതോടെ പ്രതിസന്ധിയിലാകുന്ന കുട്ടിയുടെയും കുടുംബത്തിന്റെയും കഥയാണ് ഹണി. ജീവിതം വീണ്ടെടുക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായി ആറു വയസ്സുകാരനായ യൂസഫ് തന്റെ പിതാവിനെ അന്വേഷിച്ച് മരങ്ങൾക്കിടയിലൂടെ അലഞ്ഞു നടന്നു.

images1388170598650830990.jpg
സെമി കപ്ലനോഗ്ലു

പോസ്റ്റ് അപോകാലിപ്റ്റിക് സൈ-ഫൈ ഗണത്തിൽപ്പെടുത്താവുന്ന സിനിമയാണ് ഗ്രെയിന്‍. ആന്ദ്രേ താർക്കോവ്‌സ്‌കിയുടെ Stalker ന്റെ മാതൃകയിൽ ഒരു dystopian sci-fi classic ഒരുക്കുകയാണ് കപ്ലനോഗ്ലു. അതും അത്യഗാധത അനുഭവപ്പെടുത്തുന്ന മോണോക്രോം ഫ്രെയിമുകളിൽ.

ഗ്രെയിനിനെപ്പറ്റി വറൈറ്റി മാഗസിനു വേണ്ടി എദ് മെസയ്ക്ക് നല്‍കിയ അഭിമുഖത്തിൽ, ഈ സിനിമയിൽ സമൃദ്ധമായി ഉപയോഗിച്ചിട്ടുള്ള റിലിജ്യസ് സിംബലിസത്തെപ്പറ്റി കപ്ലനോഗ്ലുവിനോട് ചോദിക്കുന്നുണ്ട്. അതിനദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു. I have a deep interest in all religions. Islam affirms that all of the prophets that lived throughout history are true prophets. The Quran devotes a great deal of space to the Prophet Moses and includes many parables about him. The journey undertaken by Erol and Cemil in ‘Grain’ is based on a parable from the ‘The Cave’ (al-Kahf) Sura of the Quran. Through the ages this parable has been analyzed by many Islamic theologians, but in this film I have tried to use the interpretation of this surah as delineated both by Ibn-Arabi in his work, ‘Fusus al-Hikam’ (The Seals of Wisdom), and that based on my own understanding. I believe that the text of these sacred books are not merely stories from the past, but continue to be relevant to the lives we live. Human truths, after all, can never be regarded as something that is relegated to past times.

ഭൂതകാലത്തേക്കുള്ള പുരാവൃത്തങ്ങളല്ല വേദപുസ്തകങ്ങളിൽ പറയുന്നതെന്നും കഴിഞ്ഞു പോയ കാലവുമായി മാത്രം കൂട്ടിക്കെട്ടി മനുഷ്യനെ തരം താഴ്ത്തുന്നത് ആശാവഹമല്ലെന്നും പറയുന്ന കപ്ലനോഗ്ലു ഇപ്പോഴത്തെ ജീവിതത്തിന്റെ പൊരുളാണ് വേദത്തിൽ തേടേണ്ടത് എന്നും അഭിപ്രായപ്പെടുന്നു.

ഇന്റര്‍നാഷനൽ കാസ്റ്റിങ് ആണ് തന്റെ സിനിമയ്ക്ക് വേണ്ട് സമീ കപ്ലനോഗ്ലു നടത്തിയത്. മുഖ്യ കഥാപാത്രമായ പ്രഫ. ഇറോൾ എറിൻ എന്ന സീഡ് ജനെറ്റിസിസ്റ്റിനെ അവതരിപ്പിക്കുന്നത് ജര്‍മൻ നടനായ ഷാങ് മാര്‍ക് ബാർ ആണ്. ബോസ്‌നിയ ആന്റ് ഹെര്‍സെഗൊവീനയിൽ നിന്നുള്ള എർമിൻ ബ്രാവോ മറ്റൊരു പ്രധാന കഥാപാത്രമായ ജമീൽ അക്മന് ജീവൻ പകരുന്നു. റഷ്യൻ നടൻ ഗ്രിഗോറി ഡോബ്രിജിൻ, റൊമാനിയൻ നടി ക്രിസ്റ്റിന ഫ്യുതൂർ, ബെൽജിയൻ നടി ലുബ്‌ന അസാബൽ തുടങ്ങി വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള താരനിരയുമായി ഇംഗ്ലീഷ് സംഭാഷണങ്ങളോടെ മൂന്ന് ഭൂഖണ്ഡങ്ങളിൽ ചിത്രീകരിച്ച ഈ സിനിമയെ സ്‌റ്റെഫാൻ ഡാൽട്ടൻ വിശേഷിപ്പിക്കുന്നത് a philosophical sci-fi fable എന്നാണ് (Hollywood Reporter- 2017 August). ബ്രിട്ടീഷ് സിനിമാറ്റോഗ്രാഫർ ജിലേസ് നട്‌ജെൻസ് (Giles Nuttgens) ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

വിവരണാതീതമായ ഒരു സമീപ ഭാവി ലോകമാണ് പശ്ചാത്തലം. നഗരങ്ങളും കാർഷികമേഖലകളുമായി അത് വിഭജിക്കപ്പെട്ടിരിക്കുന്നു. കമ്പനികളാൽ ഭരിക്കപ്പെടുന്നതും വരേണ്യവര്‍ഗങ്ങൾ താമസിക്കുന്നതുമാണ് രണ്ട് തരം സ്ഥലങ്ങളും. ഡെഡ് ലാൻഡ്സ് എന്ന് വളിക്കപ്പെടുന്ന ഇതര മേഖലയിലാകട്ടെ, ജനിതകപ്പൊരുത്തമില്ലാത്ത കുടിയേറ്റക്കാർ ക്ഷാമത്താലും പകര്‍ച്ചവ്യാധികളാലും കഷ്ടപ്പെടുന്നു.

പ്രഫ ഈറോൾ എറിൻ എന്ന വിത്ത് ജനിതക ശാസ്ത്രജ്ഞൻ താമസിക്കുന്ന നഗരം കുടിയേറ്റക്കാരിൽ നിന്നും കാന്തിക മതിലുകൾ കൊണ്ട് സുരക്ഷിതമാക്കിയതാണ്. എന്നാൽ നഗരത്തിന്റെ അഗ്രികൾചറൽ പ്ലാന്റേഷനുകൾ തിരിച്ചറിയാനാവാത്ത ഒരു ജനിതക പ്രതിസന്ധിയിലകപ്പെട്ടിരിക്കുകയാണ് (apocalyptic harvest failure). അതാകട്ടെ, ആഗോളഭക്ഷ്യ പ്രതിസന്ധി സൃഷ്ടിച്ചു.

images6583690273005719651.jpg

പ്രഫസർ ജോലി ചെയ്യുന്ന നൊവൂസ് വിറ്റയുടെ ഹെഡ് ക്വാർട്ടേർസിൽ ഒരു യോഗം ചേര്‍ന്നു. അവിടെ വെച്ചാണ് ജമീൽ അക്മൻ എന്ന ഫെലോ ജെനിറ്റിസിസ്റ്റിനെപ്പറ്റി അദ്ദേഹം കേൾക്കുന്നത്. ജെനെറ്റിക് കയോസിനെപ്പറ്റി അക്മന്റെ ഒരു വിവാദ സിദ്ധാന്തമുണ്ടത്രേ. പെട്ടെന്നൊരു നാൾ അപ്രത്യക്ഷനായ അദ്ദേഹം നഗരത്തിനപ്പുറത്തുള്ള ഏതോ തരിശു ഭൂമിയിലേക്ക് പോയതായി അഭ്യൂഹങ്ങളുണ്ട്. അക്മനെ കാണാൻ വേണ്ടി എറിൻ ഒരു യാത്ര പുറപ്പെട്ടു.

ആ യാത്ര എറിന്റെ അറിവിൽപ്പെട്ട സകലത്തിനെയും മാറ്റി മറിക്കുന്ന ഒന്നായിരുന്നു.

ഒടുക്കം എറിൻ അക്മനെ കണ്ടെത്തുക തന്നെ ചെയ്തു. ഇതോടെ സിനിമയുടെ തന്നെ ഗതി മാറുന്നുണ്ട്. പശ്ചാത്തലം നഗരത്തിൽ നിന്നും ഗ്രാമത്തിലേക്ക് മാറി. ആകാംക്ഷ നിറയ്ക്കുന്ന ഒരു സസ്‌പെന്‍സ് ത്രില്ലർ എന്നത് വിട്ട് ധൈഷണികാധ്വാനം ആവശ്യമുള്ള ഒരു ആത്മീയ അന്യാപദേശമായിത്തീര്‍ന്നു സിനിമ. അത് ശാസ്ത്രത്തിൽ നിന്നും തത്വശാസ്ത്രത്തിലേക്കും മാറുന്നു.

വിദൂരസ്ഥമായ ഒരു കോട്ടയിലേക്ക് അക്മൻ എറിനെ നയിച്ചു. പിന്നെ നാം പാപത്തെയും അഹംബോധത്തെയും സംബന്ധിച്ച ചർച്ചകളിലൂടെയും സ്വപ്‌ന സമാനമായ ദൃശ്യങ്ങളിലൂടെയും കടന്നു പോകുകയാണ്.

ഒരു ബോട്ടിൽ ജമീൽ അക്മനോടൊത്ത് സഞ്ചരിക്കവേ, അക്മൻ ബോട്ട് വെട്ടിപ്പൊളിക്കുന്നത് കണ്ട് എറിൻ അമ്പരന്നു. തടയാൻ ശ്രമിച്ചപ്പോൾ അയാൾ വഴങ്ങിയില്ല. വെള്ളത്തിൽ മുങ്ങിയ രണ്ടു പേരും എങ്ങനെയൊക്കെയോ നീന്തി രക്ഷപ്പെട്ടു. എന്നെ ചോദ്യം ചെയ്യരുതെന്ന് ഞാൻ പറഞ്ഞിരുന്നതല്ലേ എന്ന് അക്മന്റെ ചോദ്യം.

images8282993465529657940.jpg

നീന്തിക്കയറവേ തന്നെ ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടിരുന്നു അവർ. ആ കുഞ്ഞിനെ കണ്ടെത്തിയ അക്മൻ അതിനെയുമെടുത്തു കൊണ്ട് മലമുകളിലേക്കോടിക്കയറി. കുറേ നേരം ഒറ്റയ്ക്കലഞ്ഞ ശേഷമാണ് എറീൻ പിന്നെ അക്മനെ കണ്ടെത്തുന്നത്. തകർന്നു വീഴാറായ ഒരു കെട്ടിടത്തിനകത്തു നിന്നും ജമീലിന്റെ നിര്‍ദ്ദേശ പ്രകാരം ചാക്കുകളിൽ മണ്ണ് ശേഖരിച്ച് മറ്റൊരിടത്ത് കൊണ്ടിട്ടു.

അവസാനത്തിൽ വീണ്ടും ഒരകൽച്ചയ്ക്ക് ശേഷം ജമീലിനെ പ്രഫസർ കാണുമ്പോൾ അയാൾ ഒരു മതിൽ നിർമാണത്തിലാണ്. അടുത്തു ചെന്നു നോക്കിയപ്പോൾ ഒരു കല്ലിനുള്ള വിടവ് ഒഴിച്ചിട്ടിരിക്കുന്നത് കണ്ടു. അതിലൂടെ നോക്കിയ പ്രഫസർക്ക് പല ചോദ്യങ്ങളുടെയും ഉത്തരം ലഭിച്ചു.

ദൂരെ ജമീലിന്റെ രൂപം. മതിലിന് തൊട്ടപ്പുറത്ത് മനോഹരമായ ഒരുദ്യാനത്തിൽ ഇരിക്കുന്ന രണ്ട് കുട്ടികളുടെ ടാബ്ലോ സമാനമായ ദൃശ്യം. ആദ്യ രംഗത്തിന് ശേഷം ചിത്രത്തിൽ നാം കാണുന്ന ഏക ബഹുവർണ ഫ്രെയിം.

മണ്ണിൽ ഒരു വൃത്തം വരഞ്ഞ പ്രഫസർ വീണ്ടും അതിനകത്ത് ചില വരകൾ കൂടി വരഞ്ഞ ശേഷം ഒരിടത്ത് കുഴിച്ചു. അപ്പോഴയാൾക്കത് കിട്ടി. മണ്ണ് പുരണ്ട ജൈവ ഗോതമ്പ് വിത്തുകൾ. അയാൾ അന്വേഷിച്ചത് തന്നെ. ലോകത്തിന്റെ പ്രതിസന്ധികൾക്കുള്ള പരിഹാരം. A road back to nature.

ഇബ്‌നു അറബിയുടെ ആത്മീയ ചിന്തകൾക്ക് ഇങ്ങനെയൊരു സാമൂഹിക വികാസം സാധ്യമാണെന്ന്, ഒരു പക്ഷേ അദ്ദേഹത്തെ കൂടുതൽ വായിച്ചിട്ടില്ലാത്തത് കൊണ്ടാകാം, ഞാൻ ചിന്തിച്ചിരുന്നില്ല. എന്നാൽ ഖുർആൻ കഥയിൽ നിന്ന് തന്നെ കപ്ലനോഗ്ലു കാണേണ്ടത് തന്നെ കണ്ടെത്തുന്നു.

സവിശേഷമായ ആഖ്യാന ശൈലിയിലൂടെ അത് അനുവാചകന്റെ ചിന്തയിലേക്ക് പകരുകയും ചെയ്യുന്നു. പ്രത്യേകിച്ചൊരു മതചിഹ്നവും ചിത്രത്തിലെവിടെയും കടന്നു വരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

One thought on “പോസ്റ്റ് അപോകാലിപ്റ്റിക് കാലത്തെ വേദവും പ്രവാചകനും

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s