ലിലിയൻ ആലിങ്ങിന്റെ യാത്ര

മുഹമ്മദ് ശമീം

ആയിരത്തി തൊള്ളായിരത്തി ഇരുപതുകളുടെ തുടക്കത്തിലാണ് പോളണ്ടിൽ ജനിച്ചു വളർന്ന ലിലിയൻ ആലിങ് എന്ന റഷ്യൻ യുവതി വടക്കേ അമേരിക്കയുടെ കിഴക്കൻ തീരത്തെത്തുന്നത്. യൂറോപ്പിൽ നിന്നുള്ള യുദ്ധാനന്തര കുടിയേറ്റത്തിന്റെ ഭാഗമായിരുന്നിരിക്കണം അവളുടെയും വരവ്.

പുതിയൊരു ലോകം അമേരിക്കയിൽ ആ കുടിയേറ്റക്കാർ സ്വപ്‌നം കണ്ടിരിക്കാം. പുതിയൊരു തുടക്കം, അനതിവിദൂരമായ ഒരു സമൃദ്ധി.

എന്നാൽ അമേരിക്കയിലെ ഏറ്റവും ബിസിയസ്റ്റ് ഇമിഗ്രേഷൻ ഇൻസ്‌പെക്ഷൻ സ്റ്റേഷനായ, ന്യൂ യോർക്കിലെ എല്ലിസ് ദ്വീപ് അമേരിക്കൻ ഫെഡറൽ നിയമത്തിന്റെ പ്രോസസിങ്ങിലൂടെ ദശലക്ഷക്കണക്കിന് കുടിയേറ്റക്കാരെ ന്യൂ യോർക്കിലെ തെരുവുകളിൽ വലിച്ചെറിയുകയാണ് ചെയ്തത്. അക്കൂട്ടത്തിൽ ലിലിയൻ ആലിങ്ങും.

Lillian Alling photo taken by Marie Murphie in 1928.
ലിലിയൻ ആലിങ്. 1928ൽ മാരി മർഫി പകർത്തിയ ചിത്രം
Patricja Planic as Lillian Alling
ലിലിയൻ ആലിങ്ങായി പട്രീഷ്യ പ്ലാനിച്

അതിജീവനത്തിനായി വീട്ടുജോലികളും മറ്റും ചെയ്തുകൊണ്ട് മുന്നോട്ട് പോവേണ്ടി വന്നെങ്കിലും, കുടിയേറ്റക്കാരോടുള്ള തങ്ങളുടെ വാഗ്ദാനങ്ങൾ ഒരിക്കലും പൂര്‍ത്തീകരിക്കാൻ അമേരിക്കക്ക് പറ്റില്ല എന്ന തിരിച്ചറിവിൽ അവൾ അസംതൃപ്തയായിരുന്നിരിക്കണം. ആ അതൃപ്തിയുടെ മൂര്‍ധന്യത്തിലാവാം ആലിങ് മാതൃഭൂമിയായ റഷ്യയിലേക്ക് പോകാൻ തീരുമാനിക്കുന്നത്.

വിമാനത്തിലോ കപ്പലിലോ പോകാൻ കൈയിൽ പണമില്ല. അതിസാഹസിമായ ഒരു നീക്കത്തിന് അവൾ തയ്യാറായി. സിബീരിയ ലക്ഷ്യമാക്കി അവൾ നടന്നു. ന്യൂ യോർക്കിൽ നിന്നും പടിഞ്ഞാറോട്ട്. ഷിക്കാഗോ, ഫർഗോ (നോർത് ഡകൗട), വിനിപെഗ് (മനിറ്റോബ, കനഡ), ആഷ്ക്രൗഫ്റ്റ് (ബ്രിട്ടീഷ് കൊളംബിയ, കനഡ)…

ക’നഡ ക്രോസ് ചെയ്ത് വടക്ക് ബ്രിട്ടീഷ് കൊളംബിയ, യൂകോണ്‍.

ബി.സിയിലെ വാന്‍കൂവറിൽ അവൾ പൊലീസ് പിടിയിലായി. രണ്ട് മാസത്തോളം ഓക്കലാ ജയിലിൽ കിടന്നു. എന്തിനാണ് അവളെ ജയിലിലടച്ചത്? പല കാര്യങ്ങളുമെന്ന പോലെ ഇതും അജ്ഞാതമാണ്. ദൈവനിന്ദയുടെ പേരിൽ ശിക്ഷിച്ചതാണെന്ന് ചില രേഖകൾ പറയുന്നു. എന്നാൽ അസ്ഥികൾ മരവിച്ചു പോകുന്ന ശൈത്യകാലത്ത് വടക്കോട്ടേക്കുള്ള യാത്ര മുടക്കി അവളെ രക്ഷിക്കാൻ വേണ്ടി ഒരു ലോക്കൽ പൊലീസ് കോൺസ്റ്റബിൾ കേസ് ചുമത്തി അകത്താക്കുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്.

lillian-french-movie-posterരണ്ട് മാസത്തെ ജയിൽ വാസത്തിന് ശേഷം അവൾ അലാസ്‌കയിലേക്ക്. പിന്നെ അലാസ്‌കയും കടന്ന് ബെറിങ് സ്‌ട്രെയിറ്റിനരികിലേക്ക്. ബെറിങ് കടലിടുക്കാണ് യു.എസിനെയും റഷ്യയെയും തമ്മിൽ വേർതിരിക്കുന്നത്. ഉൾക്കടലിനോട് ചേർന്നാണ് മിഡ്‌ലാൻഡ് സിബീരിയയും (റഷ്യ) അലാസ്‌കയിലെ (യു.എസ്) സിവാഡ് പെനിൻസുലയും നിലകൊള്ളുന്നത്.

അവൾ ബെറിങ് സ്‌ട്രെയിറ്റ് കടന്നോ? അതാർക്കുമറിയില്ല. എന്തായിരുന്നു ഈ സാഹസത്തിന് അവളെ പ്രേരിപ്പിച്ചത്? അതും കൃത്യമായി അറിയില്ല. മുകളിൽ സൂചിപ്പിച്ച അസംതൃപ്തിയുടെ കാര്യം ഒരു ഊഹം മാത്രമാണ്.

എന്തായാലും നാല് കൊല്ലത്തോളം തുടർച്ചയായി അവൾ നടന്നതായാണ് കരുതപ്പെടുന്നത്. ദിവസം ശരാശരി മുപ്പത് മൈലോളം നടന്നെന്നും കാണാം. അവളുടെ യാത്രയെപ്പറ്റി പലരും പുസ്തകങ്ങളെഴുതി. സൂസൻ സ്മിത്-ജോസഫിയുടെ Lillian Alling: The Journey Home, കാൽവിൻ ററ്റ്സ്റമിന്റെ The New way of the Wilderness തുടങ്ങിയവ പ്രധാനമാണ്. അതുപോലെ ആസ്‌ത്രേലിയൻ ചരിത്രകാരിയും സിഡ്‌നി യൂനിവേഴ്‌സിറ്റി പ്രഫസറും എഴുത്തുകാരിയുമായ Cassandra Pybus എഴുതിയ രണ്ട് പുസ്തകങ്ങൾ, The Woman who Walked to Russia: A writer’s search for a Lost legend ഉം Raven Road ഉം. ആദ്യത്തേത് പൂര്‍ണമായും ലിലിയനെക്കുറിച്ച അന്വേഷണമാണെങ്കിൽ രണ്ടാമത്തെത് ലിലിയന്റെ കഥയെ ഉപജീവിച്ചു കൊണ്ടുള്ള ഒരു ട്രാവലോഗാണ്.

ആമി ബ്ലൂമിന്റെ Away എന്ന നോവലും ലിലിയാൻ ദെ കെര്‍മാദെക്കിന്റെ The Telegraph Rout എന്ന സിനിമയും ലിലിയന്റെ കഥയെ ഉപജീവിക്കുന്നു.

ഇപ്പോൾ ആസ്ട്രിയൻ ഫിലിം മെയ്കർ ആൻഡ്രിയാസ് ഹോര്‍വാത് (Andreas Horvath) ഒരുക്കിയ ‘ലിലിയൻ (Lillian)’ എന്ന സിനിമയാകട്ടെ, ദൃശ്യാനുഭവത്തിന്റെ ഒരുന്മാദമായി മാറുന്നു. അതിമനോഹരമായ ഒരു റോഡ് മൂവി, ഒരു ട്രാൻസ് അമേരിക്കൻ ട്രക്, ട്രാൻസ് അമേരിക്കൻ ഒഡിസി.

നിരവധി ഡോകുമെന്ററികളിലൂടെ പ്രശസ്തനായ, ലോകോത്തര പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ ഹോർവാതിന്റെ ആദ്യ ഫീച്ചർ ഫിലിമാണ് ലിലിയൻ.

യഥാർത്ഥ ലിലിയൻ ആലിങ്ങിന്റെ പ്രചോദനം എന്തെന്ന് വ്യക്തമല്ലെങ്കിലും ഒരു അഡൾട്ട് മൂവി പ്രൊഡ്യൂസറുമായുള്ള സംഭാഷണം ഹോർവാതിന്റെ സിനിമയിൽ കാണാം.

പോളിഷ് നടി Patrycja Planik അവതരിപ്പിക്കുന്ന ഹോർവാതിന്റെ ലിലിയൻ ദൃഢചിത്തതയുടെ പ്രതീകമാണ്. അവളോടൊപ്പം നമ്മളും ന്യൂ യോർക്കിൽ നിന്നും യാത്ര തിരിക്കുന്നു. ആദ്യം ബഫലോയിലേക്ക്. നയാഗ്ര വഴി കാനഡ ക്രോസ് ചെയ്യുന്നു.

Andreas_Horvath
ആൻഡ്രിയാസ് ഹോർവാത്

ഗുഡ്‌വിൽ സ്‌റ്റോറുകളിൽ നിന്നും അവൾ ഭക്ഷണം മോഷ്ടിക്കുന്നു. കർഷകരുടെ ചന്തകളിൽ നിന്നും ലോണ്ട്രികളിൽ നിന്നും വസ്ത്രവും. പിന്നെ ആളൊഴിഞ്ഞ വീടുകളും പോർട്ടബിൾ ടോയ്ലെറ്റുകളും പാർപ്പിടവുമാക്കുന്നു.

ചിലനേരങ്ങളിൽ കഠിനതാപം. വ്യത്യസ്തമായ ഭൂപ്രദേശങ്ങൾ അനുഭവിക്കാം അനുവാചകന്. കാടുകളും ചോളപ്പാടങ്ങളും സമതലങ്ങളും മണൽക്കുന്നുകളും റോഡുകളും.

മണലാരണ്യങ്ങളുടെ ഊഷരതയിൽ ലിലിയന്റെ ശരീരം വിണ്ടുകീറി. വിണ്ടുകീറിയ ചുണ്ടുകളും മണ്ണും കാണിക്കുന്നുണ്ട് ഒരു സീനിൽ എല്ലുറഞ്ഞുപോകുന്ന അലാസ്കൻ ശിശിരം.

അവളുടെ ഡിസെപ്പിയറൻസ് ചിത്രീകരിച്ചിരിക്കുന്നതും അങ്ങനെയാണ്. മഞ്ഞിൽ പുതഞ്ഞ് അവൾ കിടക്കുന്നത് നാം കാണുന്നു. മരവിച്ച ഒരു മൃതദേഹം പോലെ. എന്നാൽ അവളുടെ ഇമകൾ അനങ്ങുന്നുണ്ട്.

പ്രതീകങ്ങളാലും ബിംബങ്ങളാലും സമ്പന്നമാണ് ഹോർവാതിന്റെ സിനിമ. മണ്ണും പെണ്ണും തമ്മിലുള്ള ആദിമവും പ്രകൃതിപരവുമായ ബന്ധം ചലച്ചിത്രകാരൻ അടയാളപ്പെടുത്തുന്നുണ്ട്. ആദ്യാവസാനം നായിക ഒരക്ഷരം ഉരിയാടുന്നില്ലെങ്കിലും, വഴികളിൽ കാണുന്ന സൂചികപ്പലകകൾ അടക്കം ഫെയിമുകളിലെ ഓരോ ബിന്ദുവും വാചാലമാണ്.

അതുപോലെ ഒരിടത്തു നിന്നവൾക്ക് കിട്ടുന്ന പാവ. തന്റെ മുടി മുറിച്ച് അവളാ പാവയുടെ തലയിലൊട്ടിക്കുന്നുണ്ട്.

പിന്നെയതിന്റെ മുറിച്ചെടുത്ത തലയും അവൾ ഒപ്പം കരുതുന്നു.

അവസാനത്തിൽ വരുന്ന തിമിംഗലവേട്ടയുടെ കഥ, പ്രകൃതിയിൽ നിന്ന് സ്വയം അന്യവൽക്കരിക്കുന്ന മനുഷ്യനെ അടയാളപ്പെടുത്തുന്നുണ്ടോ?

ആഴമുള്ള ദൃശ്യങ്ങളാൽ സമ്പന്നമായ സിനിമയുടെ ഛായാഗ്രാഹകനും ഹോർവാത് തന്നെ. പശ്ചാത്തല സംഗീതവും അദ്ദേഹം തന്നെ നിർവഹിച്ചിരിക്കുന്നു.

lillia

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s