മുഹമ്മദ് ശമീം
1939 ലാണ് അമേരിക്കൻ എഴുത്തുകാരനായ വില്യം ഫോക്നർ ഒരു ബാൺ ബേണറുടെ കഥ പറയുന്നത്. ഹാർപേർസ് മാഗസിനിൽ പ്രസിദ്ധീകരിച്ച കഥ 1950ൽ Collected Stories of William Faukner എന്ന സമാഹാരത്തിൽ എടുത്തു ചേർത്തു.

Barn Burning എന്ന് തന്നെയായിരുന്നു കഥയുടെ പേരും. ഫോക്നറുടെ കഥയിലെ കേന്ദ്രകഥാപാത്രം, പക്ഷേ ബാൺ ബേണിങ് (കളപ്പുര കത്തിക്കൽ) കേസ് ചുമത്തപ്പെട്ട ആബ്നർ സ്നോപ്സിന്റെ മകൻ സാർട്ടി സ്നോപ്സ് ആണ്. നാട് വിട്ടുപോകണം എന്ന നിബന്ധനയിൽ ആബ്നറെ കോടതി വെറുതെ വിട്ടു. ശേഷം സ്നോപ്സ് കുടുംബത്തിന്റെ പലായനത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.
വിശപ്പ്, വംശീയത, പിതുരധികാരം തുടങ്ങിയ ഘടകങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണ് ഫോക്നറുടെ കഥ വികസിക്കുന്നത്.
ഫോക്നറുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ജാപ്പനീസ് എഴുത്തുകാരൻ ഹാരുകി മുറാകമി എഴുതിയ Barn Burning എന്ന് തന്നെ പേരുള്ള കഥയാകട്ടെ, തീർത്തും വ്യത്യസ്തമായ മറ്റൊരു ആഖ്യാനമാണ്. മുറാകമിയുടെ The Eliphant Vanishers എന്ന സമാഹാരത്തിലാണ് ബാൺ ബേണിങ് ഉള്ളത്.
അതിന് അൽപം ഭ്രമാത്മകമായ ഒരു തലമാണുള്ളത്. മുപ്പത് വയസ്സുകാരനും വിവാഹിതനുമായ ഒരു പുരുഷനും ഇരുപതുകാരിയായ യുവതിയും തന്റെ ബോയ് ഫ്രൻഡ് എന്ന് പറഞ്ഞുകൊണ്ട് യുവതി അയാൾക്ക് പരിചയപ്പെടുത്തുന്ന മറ്റൊരു യുവാവും തമ്മിലുള്ള സങ്കീർണബന്ധങ്ങളിലൂടെയാണ് മുറാകമിയുടെ കഥ സഞ്ചരിക്കുന്നത്. ഒരു മൈം കലാകാരിയായ യുവതി ജപ്പാനിൽ നിന്നും അൾജീരിയയിലേക്ക് പോകുന്നു. മൂന്ന് മാസത്തിന് ശേഷം അവൾ തിരിച്ചു വരുമ്പോഴാണ് അവൾക്കൊപ്പം ബോയ് ഫ്രൻഡ് കഥാപാത്രവും പ്രത്യക്ഷപ്പെടുന്നത്. ഒരുമിച്ചിരുന്ന് ചായകുടിക്കുകയും കഞ്ചാവ് പുകയ്ക്കുകയും ചെയ്തു മൂവരും. അതോടെ നിലവിട്ടുപോയ യുവതിയെ അകത്ത് കൊണ്ടുപോയി കിടത്തിയ സമയത്താണ് തന്റെ വിചിത്രമായ ഒരു ശീലത്തെപ്പറ്റി ബോയ് ഫ്രൻഡ് കഥാനായകനോട് പറയുന്നത്.
രണ്ട് മാസത്തിലൊരിക്കൽ അയാൾക്ക് ഏതെങ്കിലുമൊരു ധാന്യപ്പുര കത്തിക്കണം. ഒരു ശീലം എന്നല്ല, ഒരവകാശം എന്ന നിലക്കാണ് അയാൾ അതിനെപ്പറ്റി പറയുന്നത്. പിരിഞ്ഞുപോകാൻ നേരത്ത് അടുത്ത ബേണിങ്ങിന്റെ സമയം ആയിട്ടുണ്ടെന്നും ഇവിടെ അടുത്തു തന്നെയുള്ള ഒരു ബാൺ താൻ കത്തിക്കുമെന്നും കൂടി അയാൾ പറഞ്ഞു.
പ്രദേശത്തുള്ള കളപ്പുരകളെല്ലാം നോക്കിവെച്ച കഥാനായകൻ തന്റെ പ്രഭാതസവാരി അതിനെയെല്ലാം ഉൾക്കൊള്ളുന്ന വിധത്തിലാക്കി. ഒന്നും കത്തിക്കപ്പെട്ടതായി അയാൾ കണ്ടില്ല. പിന്നീട് ബോയ് ഫ്രൻഡിനെ കണ്ട് അന്വേഷിച്ചപ്പോൾ അയാൾ പറയുന്നത് താൻ തീർച്ചയായും ഒരു ബാൺ കത്തിച്ചിട്ടുണ്ടെന്നാണ്. ഇതിനകം യുവതി അപ്രത്യക്ഷയാകുകയും ചെയ്തു.
ശരിക്കും ഈ യുവതി ആരാണ്? ബാൺ ബേണിങ് എന്ന ഈ വിചിത്രമായ ശീലത്തിന്റെ പൊരുളെന്താണ്? മനശ്ശാസ്ത്രപരമായ അന്വേഷണങ്ങൾക്ക് ധാരാളം സ്കോപ്പുള്ള, സങ്കീർണമായ ഒരു നിയോറിയലിസ്റ്റിക് ആഖ്യാനമാണ് മുറാകമിയുടെ കഥ.
മുറാകമിയുടെ കഥയിൽ നിന്ന് കൊറിയൻ ചലച്ചിത്രകാരൻ ലീ ചാങ്-ഡോങ് (Lee Chang-dong) കണ്ടെടുത്തതാകട്ടെ, ഒരു സൈക്കോളജിക്കൽ മിസ്റ്ററിയുടെ ഒരൊന്നാന്തരം ആഖ്യാനവും. അതാണ് കാനിൽ പാം ഡിഓർ നോമിനേഷനും ഫിപ്രസ്കി പുരസ്കാരവും ഉൾപ്പെടെ നിരവധി അന്തർദ്ദേശീയ അവാഡുകൾ സ്വന്തമാക്കിയ സൗത് കൊറിയൻ ചിത്രം Burning (Beoning).
മുറാകമിയുടെ കഥയാണ് ആധാരം എന്ന് വ്യക്തമാക്കിയതിന് പുറമെ വില്യം ഫോക്നറുടെ ഒരു പുസ്തകവും അത് സംബന്ധിച്ച വർത്തമാനവും ഒരു സീനിൽ കടന്നുവരുന്നുമുണ്ട് ബേണിങ്ങിൽ. കഥയിൽ നിന്ന് വ്യത്യസ്തമായി നായകൻ ലീ ജോങ്സു സിനിമയിൽ അവിവാഹിതനാണ്. ഒരു എഴുത്തുകാരനും കൂടിയായ അയാൾ ഒരു നോവൽ എഴുതാൻ ആഗ്രഹിക്കുന്നു. അയാൾ ഉപജീവനം നിർവഹിക്കുന്നതാകട്ടെ, ഓഡ് ജോലികൾ ചെയ്തുകൊണ്ടും. ഒരുപക്ഷേ എഴുത്തിനോടുള്ള ആ അഭിനിവേശം സൃഷ്ടിച്ച ഭ്രമങ്ങളായിരിക്കുമോ പിന്നീടയാളുടെ അനുഭവങ്ങളായി മാറിയത്?
ഫോക്നറുടെ ആബ്നർ സ്നോപ്സിനെപ്പോലെ ജോങ്സുവിന്റെ പിതാവും ഒരു നിയമക്കുരുക്കിൽ കുടുങ്ങി ജയിലിലാണ്. കഥാനായികയായ ഹയേമിയുടെ കാമുകൻ ബെൻ കത്തിക്കുന്നത് Barn അല്ല, മറിച്ച് ഗ്രീൻ ഹൗസുകളാണ് എന്നതാണ് കഥയിൽ നിന്നുള്ള മറ്റൊരു വ്യത്യാസം. മുറാകമിയുടെ കഥയിൽ ബോയ് ഫ്രൻഡ് അവിവാഹിതനാണെങ്കിലും ലീ ചാങ്-ഡോങ്ങിന്റെ സിനിമയിൽ ബെൻ വിവാഹിതനാണ് എന്ന സൂചനയാണ് ലഭിക്കുന്നത്. ആഫ്രിക്കയിലേക്ക് യാത്ര പോകുന്നു എന്നാണ് ഹയേമി ജോങ്സുവിനോട് പറയുന്നത്.
തീവ്രവാദികളുടെ ആക്രമണത്തെത്തുടർന്ന് നെയ്റോബി വിമാനത്താവളത്തിൽ മൂന്ന് ദിവസം കുടുങ്ങിക്കിടന്നപ്പോഴാണ് ഹയേമി ബെന്നിനെ പരിചയപ്പെടുന്നത്.
കത്തിക്കുന്നത് കളപ്പുരകളായാലും ഹരിതഗൃഹങ്ങളായാലും മുറാകമിയുടെയും ചാങ്-ഡോങ്ങിന്റെയും ബോയ് ഫ്രൻഡ് കഥാപാത്രം പൈറോമാനിയാക് ആണ്.
ഒരു ഇംപൾസ് കൺട്രോൾ ഡിസോഡർ ആണ് പൈറോമാനിയ. എന്തെങ്കിലും പ്രവൃത്തിയോടുണ്ടാകുന്ന അസ്വാഭാവികവും അസാധാരണവുമായ ഭ്രമം. പൈറോമാനിയയിൽ അത് തീപ്പിടിപ്പിക്കലിനോടാണ്. ഇതിന് പുറമെ, സെക്ഷ്വൽ കംപൾഷനും ഇന്റർനെറ്റ് അഡിക്ഷനും മുതൽ കംപൾസീവ് ബയിങ് ഡിസോഡറും (ഷോപ്പിങ് മാനിയ) ക്ലെപ്റ്റോമാനിയയും (മോഷണഭ്രമം) വരെ impulse-control disorderൽ (ICD) പെടുന്നു.
പ്രത്യാഘാതങ്ങൾ എത്ര തന്നെ നിഷേധാത്മകവും ഗുരുതരവുമാണെങ്കിലും ഐ.സി.ഡി ബാധിച്ച വ്യക്തിക്ക് തന്റെ ഭ്രമത്തെ നിയന്ത്രിക്കാൻ പറ്റില്ല. തന്റെ ക്രമഭംഗത്തിന്റെ ഇംപൾസിവിറ്റിക്കനുസരിച്ച് ഈ അസാധാരണപ്രവൃത്തി ചെയ്യുന്നതിനുള്ള ആവേശം ഒഴിവാക്കാനാവാത്തതായിത്തീരുന്നു.

അടിമുടി ഭ്രമാത്മകമാണ് ലീ ചാങ്ഡോങ്ങിന്റെ സിനിമ. സത്യവും ഭ്രമവും തമ്മിൽ തിരിച്ചറിയാന് പറ്റാത്ത മാനസികാവസ്ഥ കഥാപാത്രത്തിന് മാത്രമല്ല, അനുവാചകനും സംഭവിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. അതിന് യോജിച്ച വിധത്തിലാണ് ഹുങ് ക്യുങ്-പ്യോവിന്റെ ദൃശ്യപരിചരണവും മൗഗിന്റെ പശ്ചാത്തലസംഗീതവും. ഹയേമിയെ തന്മയത്വത്തോടെ അവതരിപ്പിച്ചു കൊണ്ട് ജിയോൻ ജോങ്-ശിയോ കാനിൽ മികച്ച നടിക്കുള്ള നോമിനേഷനും നേടി.
ബെന്നിന്റെ ഗ്രീൻ ഹൗസ് ബേണിങ് മാനിയ മാത്രമല്ല, ഹയേമിയുടെ പൂച്ച, ചെറുപ്പത്തിൽ താൻ വീണു എന്ന് അവൾ അവകാശപ്പെടുന്ന കിണർ എന്നിങ്ങനെ പല ഘടകങ്ങളും സിനിമയിൽ സത്യത്തിനും മിഥ്യക്കുമിടയിൽ പാവക്കൂത്ത് നടത്തുന്നു. അവസാനത്തിൽ പ്രത്യക്ഷപ്പെടുന്ന, ജോങ്സുവിന്റെ അമ്മക്ക് പോലും ഭ്രമാത്മകപരിവേഷമുണ്ടെന്ന് തോന്നുന്നു. കഥയുടെ കേന്ദ്രമായ പൈറോമാനിയ ആകട്ടെ, അലിഗൊറിക്കലായി പരിചരിക്കപ്പെടുകയും ചെയ്യുന്നു.
ഹയേമിയുടെ അഭാവത്തിൽ ജോങ്സുവാണ് പൂച്ചക്ക് ഭക്ഷണം നൽകുന്നത്. എന്നാൽ അയാൾ ആ പൂച്ചയെ ഇതുവരെ കണ്ടിട്ടില്ല. പിന്നീട് ഹയേമി അപ്രത്യക്ഷയായപ്പോൾ അയാൾ നടത്തുന്ന അന്വേഷണത്തിനിടയിൽ പൂച്ചയെത്തേടി അവളുടെ വീട്ടിൽ വന്നപ്പോൾ വീട്ടുടമസ്ഥ പറയുന്നത് അങ്ങനെയൊരു പൂച്ചയേയില്ല എന്നാണ്. ബെന്നിന്റെ വീട്ടിൽ അയാൾ കണ്ട പൂച്ചയാകട്ടെ, ചാടിപ്പോയപ്പോൾ അതേ പേര് വിളിച്ച് അതിനെ അയാൾ എടുക്കുകയും ചെയ്തു. അതുപോലെ ചെറുപ്രായത്തിൽ താൻ വീണു എന്ന് ഹയേമി പറയുന്ന കിണറിനെപ്പറ്റിയും വ്യത്യസ്തമായ അറിവുകളാണ് അയാൾക്ക് ലഭിക്കുന്നത്.
ചിന്ത, എഴുത്ത്, സാഹിത്യം, ലൈംഗികത, സൗഹൃദം എന്നുതുടങ്ങി ദ്വേഷവും അതിരുകളും വരെ ബേണിങ്ങിൽ വിഷയമായിത്തീരുന്നു. വടക്കൻ, തെക്കൻ കൊറിയകളുടെ അതിര്ത്തിയിലാണ് അയാളുടെ വീട്. അവിടെ നിന്ന് നോക്കിയാൽ വടക്കൻ കൊറിയ കാണാം. അതിർത്തി വിഭജനങ്ങളും മുറിവുകളുമൊക്കെ ഇതിൽ വിഷയമായി വരുന്നു. പുകഞ്ഞുകൊണ്ടിരിക്കുന്ന അവജ്ഞകളും
ജീവിതം തന്നെ ഒരു മിസ്റ്ററിയായി മാറുന്നു. ആ സ്വഭാവത്തിൽ അതിനെ അനുഭവിപ്പിക്കാൻ ചലച്ചിത്രകാരന് സാധിക്കുകയും ചെയ്യുന്നു.ഏതാണ്ട് ഒരേ കഥയാണ് ഫോക്നറും മുറാകമിയും ചാങ്ഡോങ്ങും പറയുന്നത്. എന്നാൽ മൂന്നും മൂന്ന് തരത്തിലുള്ള ഊന്നലുകളും പാഠങ്ങളും മുന്നോട്ട് വെക്കുന്നു. മൂന്നും വ്യത്യസ്തമായ സാമൂഹ്യശാസ്ത്ര, മനശ്ശാസ്ത്ര വിശകലനങ്ങൾ അർഹിക്കുകയും ചെയ്യുന്നു.