മുഹമ്മദ് ശമീം
ലാ ഡിയാസിന്റെ സിനിമയിൽ രാഷ്ട്രീയമുണ്ട്, ജീവിതമുണ്ട്. അതേസമയം തന്നെ അത് സൗന്ദര്യാനുഭവത്തിന്റെ തീക്ഷ്ണതയിലേക്ക് ആസ്വാദകനെ നയിക്കുന്നതും ധിഷണാപരമായ സംതൃപ്തി നല്കുന്നതുമാണ്.
അതിദീര്‍ഘമായ ആഖ്യാനങ്ങളാണ് അദ്ദേഹത്തിന്റേത്. നാലേ കാൽ മണിക്കൂറാണ് Norte, the End of Histiry യുടെ ദൈര്‍ഘ്യം. A Lullaby to the Sorrowfull Mistery യാകട്ടെ എട്ട് മണിക്കൂറിലധികം ദൈര്‍ഘ്യമുള്ള സിനിമയാണ്. ഇതിലെയെല്ലാം ഷോട്ടുകളും വളരെ ദീര്‍ഘിച്ചതാണ്. അതേസമയം ഒരു സൂചിപ്പഴുത് പോലും അനുവാചകനെ അസ്വസ്ഥനാക്കുമാറ് കൃത്യമാണ് ലാവ് ഡിയാസിന്റെ ഓരോ ഫ്രെയിമും. കൃത്യതയോടൊപ്പം മൂര്‍ച്ചയുമുള്ള ദൃശ്യങ്ങൾ.
ലാ ഡിയാസ്ഹിസ്റ്റോറിക്കല് ഫാന്റസികളാണ് പൊതുവേ ലാവ് ഡിയാസ് സിനിമകളെല്ലാം. അതായത് ഭൂതകാലത്തിലേക്കാണ് അദ്ദേഹം പലപ്പോഴും കാമറ തിരിച്ചു വെക്കുന്നത്. വര്‍ത്തമാനാവസ്ഥകളുടെ കൃത്യമായ വിശകലനമായി അത് മാറുകയും ചെയ്യുന്നു. ജയിലിൽ കിടക്കുന്ന ഭര്‍ത്താവിന്റെയും രണ്ട് മക്കളുമായി അതിജീവനത്തിനായി പൊരുതുന്ന ഭാര്യയുടെയും സമാന്തരമായി അയാൾ ജയിലിൽ പോകാൻ കാരണമായിത്തീര്ന്നയാളുടെ സൈദ്ധാന്തിക ജീവിതം, അരാജകത്വം, അതുണ്ടാക്കിയ മൂല്യനിരാസം, അതിൽ നിന്നുണ്ടായ ബന്ധവിഛേദങ്ങൾ, ഒപ്പം തന്നെ താൻ കാരണം ജയിലിൽ പോകേണ്ടി വന്ന മനുഷ്യന്റെ കുടുംബത്തെ കണ്ടുമുട്ടുമ്പോഴുണ്ടാകുന്ന പശ്ചാത്താപം തുടങ്ങിയവയുടെയും ആഖ്യാനമാണ് പ്രത്യക്ഷത്തില്‍ നോർട്ടെ. എന്നാൽ അത് ആഗോളവല്ക്കരണവും നവ കൊളോണിയലിസവും ഫിലിപ്പീൻസിലെ ജീവിതത്തെ എങ്ങനെ തകിടം മറിച്ചു എന്നതിന്റെ ചരിത്രരേഖയും കൂടിയാണ്.
ആന്ദ്രസ് ബൊനിഫാചിയോവിന്റെ ശരീരാവശിഷ്ടങ്ങളുടെ അന്വേഷണമാണ് ലുല്ലബി റ്റു ദ സോറോഫുൾ മിസ്റ്ററിയുടെ ഇതിവൃത്തം. വിദേശാധിപത്യത്തിനെതിരായ ഫിലിപ്പീൻസ് പോരാട്ടത്തിന്റെ നേതാവും അന്നത്തെ തഗലോഗ് വിപ്ലവ സര്‍ക്കാറിന്റെ പ്രസിഡന്റും ഫിലിപ്പീന്‍സിന്റെ രാഷ്ട്രപിതാവുമായിരുന്നു ബൊനിഫാചിയോ.
അന്യായത്തടവുജീവിതങ്ങൾ ലാവ് ഡിയാസിന്റെ പല സിനിമകളിലെയും പ്രമേയമായോ പരിസരമായോ വരുന്നുണ്ട്. മേല്‍ സൂചിപ്പിച്ച രണ്ട് സിനിമകളിലും അതുണ്ട്. ആന്ദ്രെസ് ബൊനിഫാചിയോ അനീതിപൂര്ണമായ വിചാരണയെയും തടവിനെയും നേരിടേണ്ടി വന്ന നേതാവാണ്. ഇപ്പോൾ നാം വിശകലനം ചെയ്യുന്ന, The Woman Who Left (Ang Babaeng Humayo) എന്ന സിനിമയിലെയും കഥ വികസിക്കുന്നത് തടവുജീവിതത്തിൽ നിന്നാണ്. ചെയ്യാത്ത കുറ്റത്തിന് മുപ്പത് വര്‍ഷത്തോളം ജയിലിൽ കിടക്കേണ്ടി വന്ന ഹൊറേഷ്യ സൊമോരോസ്ത്രോയുടെ ജീവിതമാണ് ദ വുമൺ ഹു ലെഫ്റ്റ്.
ദസ്തയേവ്സ്കിയുടെ Crime and Punishment നോട് Norte ക്ക് കടപ്പാടുണ്ടെങ്കിൽ The Woman Who letf അഡാപ്റ്റ് ചെയ്തിരിക്കുന്നത് ടോള്‍സ്റ്റോയിയുടെ God Sees the Truth, but Waits എന്ന കഥയെയാണ് ടോള്‍സ്റ്റോയിയുടെ ദിമിത്രി അക്സിനോവിച് തന്നോട് കുറ്റമേറ്റു പറഞ്ഞ മക്കാർ സെമിയോനിച്ചിന് മാപ്പ് നല്‍കുകയാണ് ചെയ്യുന്നത്. അധികൃതരോട് തന്നെ സെമിയോനിച് കണ്‍ഫെഷൻ നടത്തിയതിനെത്തുടര്‍ന്ന് അക്സിനോവിച്ചിന് മോചനം ലഭിച്ചെങ്കിലും മോചിപ്പിക്കപ്പെടുന്നതിന്റെ തലേന്ന് രാത്രി അയാൾ മരിക്കുകയാണ്.
ലാ ഡിയാസിന്റെ ഹൊറേഷ്യയുടെ കാര്യം പക്ഷേ, അങ്ങനെയല്ല. മറ്റൊരു കേസിൽ ജയിലിൽ വന്ന ശേഷം ഹൊറേഷ്യയുടെ അടുത്ത സുഹൃത്തായിത്തീര്‍ന്ന പെട്രാ ആണ് കണ്ഫെസ് ചെയ്യുന്നത്. അവൾക്ക് മാപ്പ് നൽകാൻ ഹൊറേഷ്യയ്ക്ക് രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല. അത് മാത്രമല്ല, സ്വയം ജീവൻ വെടിഞ്ഞു കൊണ്ട് പെട്രാ അവൾക്കൊരു തീരാ നൊമ്പരമായി മാറുകയും ചെയ്തു. എന്നാൽ പെട്രാ അതു ചെയ്തത് മറ്റൊരാൾക്ക് വേണ്ടിയായിരുന്നു. അയാളോടുള്ള പ്രതികാരമായിത്തീർന്നു പിന്നീട് ഹൊറേഷ്യയുടെ ലക്ഷ്യം.
തൊണ്ണൂറുകളിലെ ഫിലിപ്പീൻസിലാണ് ഹൊറേഷ്യയുടെ ജീവിതത്തെ നാം കാണുന്നത്. അതിനും മുപ്പത് വര്‍ഷം മുമ്പാണ്, അന്ന് ഒരു എലിമെന്ററി സ്കൂള്‍ ടീച്ചറായിരുന്ന അവൾക്ക് യാതൊരു പങ്കുമില്ലാത്ത ഒരു കൊലപാതകക്കുറ്റത്തിന്റെ പേരിൽ ആജീവനാന്ത തടവിന് വിധേയയായത്. അവളുടെ പൂര്‍വ കാമുകനായ റോഡ്റിഗോ ട്രിനിഡാഡ് ആണ് അവളെ കേസിൽ കുടുക്കിയത്. വിടുതൽ കിട്ടി നാട്ടിലെത്തിയപ്പോഴേക്കും പക്ഷേ, അവളുടെ ഭര്‍ത്താവ് മരിച്ചു കഴിഞ്ഞിരുന്നു. മകൾ അവിടെ നിന്നും മാറി കുടുംബത്തോടൊപ്പം കഴിയുന്നു. മകനെപ്പറ്റി യാതൊരു വിവരവുമില്ല. അവൻ മരിച്ചു പോയി എന്നാണ് പലരും കരുതുന്നത്. ഒരുപക്ഷേ അവനെ തീവ്രവാദികൾ തട്ടിക്കൊണ്ടു പോയതും ആകാം.
മകനെ അന്വേഷിച്ചുള്ള യാത്രയാണ് പിന്നെ. മുപ്പത് കൊല്ലം മുമ്പ് താൻ സ്വതന്ത്രയായി ജീവിച്ച നാടല്ല ഇന്നത്തെ ഫിലിപ്പീൻസ് എന്ന് അവൾ തിരിച്ചറിയുന്നു. കടുത്ത അഴിമതിയും വ്യാപകമായ അപഹരണങ്ങളും (kidnapping) അതിനെ ദുരിതഭൂമിയാക്കി മാറ്റിയിട്ടുണ്ട്. ദയാലുവും ജനസേവികയും ഉദാരമതിയുമായി ജീവിച്ചിരുന്ന ഹൊറേഷ്യയിൽ പ്രതികാരചിന്ത നിറയുന്നു.
ഒരു ഭാഗത്ത് വധോദ്ദേശ്യത്തോടെ, ഒരു തോക്കുമായി റോഡ്റിഗോയെ പിന്തുടർന്നു കൊണ്ടിരുന്ന ഹൊറേഷ്യ മറുഭാഗത്ത് അവഗണിക്കപ്പെട്ടവരും ജീവിതം തടയപ്പെട്ടവരുമായ പലർക്കും അഭയമായി മാറി. അവളുടെ ഈ രാപ്പകൽ ഇരട്ട ജീവിതത്തിലൂടെയാണ് നാം ജീവിതത്തിന്റെ വ്യത്യസ്തമായ അവസ്ഥകൾ കാണുന്നത്. ഹൊറേഷ്യയുടെ സ്നേഹത്തണലിലേക്കാണ് ക്രൂരമായി പീഡിപ്പിക്കപ്പെട്ട, ഹൊളാണ്ഡ എന്ന ട്രാൻസ്ജെൻഡർ പ്രോസ്റ്റിറ്റ്യൂട്ട് കടന്നു വരുന്നത്.
പ്രതികാരം, മാപ്പു നല്കൽ, കുമ്പസാരം, ദൈവാസ്തിത്വത്തിന്റെ അന്വേഷണം, ക്രിസ്ത്യൻ മൂല്യസങ്കല്പങ്ങൾ, ധാര്‍മികോത്തരവാദിത്തം തുടങ്ങി ടോള്‍സ്റ്റോയിക്കഥകൾ മുന്നോട്ടു വെക്കുന്ന എല്ലാ വിഷയങ്ങളിലുമുള്ള സംവാദമായി പിന്നെ ഡിയാസിന്റെ സിനിമ വികസിക്കുന്നു.
എന്നാൽ അത് മാത്രമല്ല. മറിച്ച് അഴിമതി, ഫിലിപ്പിനോ-ചൈനീസുമായി ബന്ധപ്പെട്ട അസ്തിത്വ പ്രശ്നങ്ങൾ, രാജ്യത്ത് വ്യാപകമായിത്തീർന്ന തട്ടിക്കൊണ്ടു പോകലുകൾ, വികസനവും കുടിയൊഴിപ്പിക്കലും തുടങ്ങിയ രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളും ഹൊറേഷ്യയുടെ ജീവിതത്തിലേക്ക് കടന്നു വരുന്നു. ബ്രിട്ടനിൽ നിന്നും ഹോങ്കോങ് ചൈനയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ട 1997ലാണ് ഡിയാസിന്റെ കഥയുടെ ക്ലൈമാക്സ് നടക്കുന്നത്. തെരുവില്‍ രാത്രികാലങ്ങളിൽ ബാലോട്ട് (പക്ഷിയുടെ, സാധാരണഗതിയില്‍ താറാവിന്റെ, എംബ്രിയോ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു ഫിലിപ്പീനോ ആഹാരം) വില്‍ക്കുന്ന കൂനനുമായി ഹൊറേഷ്യ സൗഹൃദത്തിലാവുന്നുണ്ട്. പൊങ്ങച്ചക്കാരും ക്രിമിനലുകളുമായ സമ്പന്നന്മാരെപ്പറ്റി ഹൊറേഷ്യയോട് സംസാരിക്കുന്നതും അവർക്ക് തോക്ക് വാങ്ങിക്കൊടുക്കുന്നതുമൊക്കെ അയാളാണ്. ആ സമ്പന്ന ക്രിമിനലുകളിലൊരാളായിരുന്നു റോഡ്റിഗോ.
ഹൊളാണ്ടയുടെ അസ്തിത്വമാണ് ഈ കഥയിലെ പ്രധാനപ്പെട്ട ഒരു ഘടകം. ആരായിരുന്നു ഹൊളാണ്ട? സത്യത്തില്‍ ഹൊറേഷ്യ തേടി നടക്കുന്ന ആൾ, അവളുടെ മകൻ ഹൊളാണ്ടയാണോ? വൈയക്തികമായ പ്രതികാരത്തിന്റെ അർത്ഥരാഹിത്യത്തിലേക്ക് ചിത്രം നമ്മെ ഉണർത്തുന്നുണ്ട്. കുടിയൊഴിപ്പിക്കപ്പെട്ട കുട്ടികൾക്ക് അദൃശ്യമായ ഒരു ലോകത്തിലെ സ്വപ്നത്തെക്കുറിച്ച കഥ പറഞ്ഞു കൊടുത്തതിന് ശേഷം (ആ കഥ ജയിലിലെ സഹതടവുകാര്‍ക്ക് പറഞ്ഞു കൊടുക്കുന്നത് നാം തുടക്കത്തില്‍ കണ്ടതാണ്) നാട്ടിലേക്ക് തിരിച്ചു വന്ന ഹൊറേഷ്യ വീണ്ടും മകനെ അന്വേഷിച്ചുഴറുകയാണ്. അതുവരെയുള്ള അവളുടെ മുന്‍ഗണനാ ക്രമത്തിൽ ഗുരുതരമായ പിഴവ് സംഭവിച്ചുവോ?
തിരക്കഥയ്ക്കും സംവിധാനത്തിനും പുറമെ, ചിത്രത്തിന്റെ കാമറയും എഡിറ്റിങ്ങും നിര്‍വഹിച്ചതും ഡിയാസ് തന്നെ. ഡിയാസ് സിനിമകളിലെ കൃത്യതയും മൂർച്ചയുമുള്ള ഫ്രെയിമുകളെപ്പറ്റി പറഞ്ഞുവല്ലോ. മോനോക്രോമിലാണ് വുമണ്‍ ഹു ലെഫ്റ്റിന്റെ ചിത്രീകരണം. ജീവിതത്തിന്റെ ഒട്ടും കാൽപനികമല്ലാത്ത യാഥാർത്ഥ്യങ്ങളെ സമ്പന്നമായ ദൃശ്യങ്ങളിലൂടെ ആവിഷ്കരിക്കുകയാണ് ഡിയാസ്. ഹൊറേഷ്യയുടെ പരിസരങ്ങളോടൊപ്പം അവളുടെ മനസ്സിനെയും പ്രതിഫലിപ്പിക്കുന്നു ദൃശ്യങ്ങൾ.
ബ്ലാക് ആൻഡ് വൈറ്റിലുള്ള ചിത്രീകരണമാണ് ദൃശ്യങ്ങൾക്ക് ആഴം പകരുന്നത്. ബഹുവര്ണച്ചിത്രങ്ങളെക്കാളും അത് അനുഭവവേദ്യമാകുന്നു. ഡിയാസിന്റെ ഫ്രെയിമുകളും കൂടിയാകുമ്പോൾ വിശേഷിച്ചും. ചിത്രത്തിൽ പശ്ചാത്തല സംഗീതം ഒട്ടും ഉപയോഗിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഹൊറേഷ്യയായി ചാരോ സാൻഡോസ്-കോൺഷിയോയും ഹൊറേഷ്യയായി ജോൺ ലോയ്ഡ് ക്രൂസും മികച്ച പ്രകടനം കാഴ്ച വെച്ചു.
2016ലെ വെനീസ് ബിനാലെയിൽ ഗോൾഡൻ ലയൺ (ലിയോണെ ഡി ഓറോ) പുരസ്കാരം നേടിയ ചിത്രമാണ് ദ് വുമൺ ഹു ലെഫ്റ്റ്.
2 thoughts on “ഹൊറേഷ്യയുടെ അന്വേഷണങ്ങൾ”