മുഹമ്മദ് ശമീം
Norte; The End of History എന്ന സിനിമാപ്പേരു തന്നെ ഒരു ചലച്ചിത്രകാരന്റെ വ്യത്യസ്തതയെയും അയാളുടെ ധൈര്യത്തെയും കുറിക്കുന്നു. അതേസമയം Lav Diaz എന്ന ഫിലിപ്പീനോ സിനിമാക്കാരന്‍ തികച്ചും വ്യത്യസ്തനാണെന്ന് ആ സിനിമ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.

ഫിലിപ്പീന്‍സിലെ ഇലോകോസ് മേഖലയുടെ വടക്കന്‍ പ്രവിശ്യയാണ് ഇലോകോസ് നോര്‍ട്ടെ (Ilocos Norte). അവിടെ നിയമപഠനം നടത്തുകയും പാതി വഴിക്ക് പഠനം ഉപേക്ഷിക്കുകയും ചെയ്ത, രോഷാകുലനും താന്തോന്നിയുമായ ഫാബിയന്‍ എന്ന വിദ്യാര്‍ത്ഥിയുടെയും അയാളുടെ കുറ്റകൃത്യം നിമിത്തം ജയിലിലടയ്ക്കപ്പെട്ട ജോക്വിന്‍ എന്ന ഒരു ഇടത്തരം കുടുംബനാഥന്റെയും ഭര്‍ത്താവ് ജയിലിലായതോടെ രണ്ട് മക്കളും ഭര്‍തൃസഹോദരിയുമുള്‍പ്പെടെയുള്ളവരടങ്ങുന്ന കുടുംബത്തിന്റെ അതിജീവനത്തിന്റെ വഴികള്‍ തേടേണ്ടി വരുന്ന, ജോക്വിന്റെ ഭാര്യ എലിസയുടെയും കഥയാണ് ലാ ഡിയാസിന്റെ, Norte, The End of History എന്ന, നാലു മണിക്കൂറിലധികം (250 മിനുട്ട്) ദൈര്‍ഘ്യമുള്ള, അതിബൃഹത്തായതെങ്കിലും ലളിതവും അത്യാകര്‍ഷകവുമായ സിനിമ.
The End of History എന്നത് ഫ്രാന്‍സിസ് ഫുകുയാമ എന്ന മുതലാളിത്ത ദാര്‍ശനിക ചരിത്രകാരന്റെ സിദ്ധാന്തത്തിന്റെയും പുസ്തകത്തിന്റെയും പേരാണ്. മൂലധനവ്യവസ്ഥയും പടിഞ്ഞാറൻ ലിബറല്‍ ഡെമോക്രസിയും ലക്ഷ്യം വെക്കുന്ന ആത്യന്തിക വിജയത്തെയാണ് ചരിത്രത്തിന്റെ അന്ത്യം എന്ന പ്രയോഗം കുറിക്കുന്നത്.
ഫാബിയന്റെയും ജോക്വിന്റെയും എലിസയുടെയും കഥയല്ല, ഒരര്‍ത്ഥത്തിലിത്. മറിച്ച് ആഗോള മുതലാളിത്തം ആധുനിക ഫിലിപ്പീന്‍സില്‍ വിതച്ച ദുരന്തത്തിന്റെ നേര്‍ക്കാഴ്ചയാണ്. പുതുതലമുറയില്‍ അത് സൃഷ്ടിച്ച നിരാശയും ഭയവും, അതില്‍ നിന്നുണ്ടായ വെറുപ്പ്, ഹിംസ, കുറ്റകൃത്യങ്ങള്‍ എന്നിവയോടൊപ്പം തന്നെ ഹൃദയത്തില്‍ത്തൊട്ടു നില്‍ക്കുന്ന പ്രണയവും ഈ സിനിമയില്‍ നമ്മള്‍ അനുഭവിക്കുന്നു. ചിലപ്പോള്‍ ചില ദൃശ്യങ്ങള്‍ നമ്മെ ഹര്‍ഷോന്മാദത്തിന്റെ ലഹരിയിലേക്കുണര്‍ത്തുന്നു. മറ്റു ചിലപ്പോള്‍ അഗാധമായ നിരാശ. അവസാനം അതിശക്തമായി നമ്മെ പിന്തുടരുന്ന വിഷാദം ലാ ഡിയാസിന്റെ ചിത്രം അനുവാചകനില്‍ സൃഷ്ടിക്കുന്നു.
തീവ്രവും അഗാധവുമായ പിന്‍ ഷാര്‍പ് ദൃശ്യങ്ങളിലൂടെയാണ് ലാ ഡിയാസിന്റെ കാമറ മുന്നോട്ടു പോകുന്നത്. അത്യധികം ദൈര്‍ഘ്യമുണ്ട് ഓരോ ഷോട്ടിനും. ചില നേരങ്ങളില്‍ ദീര്‍ഘനേരം നിശ്ചലമായി നില്‍ക്കുന്ന കാമറ. എന്നാല്‍ ഫ്രെയിമിലെ ഓരോ ബിന്ദുവും സചേതനമാണ്. അതിലെ ഇരുട്ടും വെളിച്ചവും ചൂടും തണുപ്പുമെല്ലാം അനുവാചകന്‍ നേരിട്ടനുഭവിക്കുന്നു.
അഴിമതിയും അനുരഞ്ജനവും മുഖമുദ്രയാക്കിയ ഫിലിപ്പീന്‍സിലെ ഭരണവ്യവസ്ഥയോടുള്ള രോഷം ഫാബിയനെയും കൂട്ടുകാരെയും തികഞ്ഞ അരാജകവാദികളാക്കി മാറ്റിയിട്ടുണ്ട്. അവര്‍ക്കിടയില്‍ നടക്കുന്ന ദാര്‍ശനിക ചര്‍ച്ചകള്‍ നാം പല സമയത്തും കാണുന്നുണ്ട്. അവര്‍ സ്വന്തം നാടിന്റെ ചരിത്രത്തെയും പാരമ്പര്യത്തെയും പോലും പരിഹസിക്കുകയും അവജ്ഞയോടെ പുറന്തള്ളുകയും ചെയ്യുന്നു. ഫിലിപ്പീന്‍സിലെ സ്വാതന്ത്ര്യപ്പോരാളിയും സ്വതന്ത്രഫിലിപ്പീന്‍സിന്റെ പ്രഥമ പ്രസിഡന്റുമായ അഗിനാള്‍ഡോയും ബൊനിഫാഷിയോയെപ്പോലുള്ള ദേശീയ വ്യക്തിത്വങ്ങളും വരെ കഠിനമായ പരിഹാസങ്ങള്‍ക്ക് വിധേയരാവുന്നുണ്ട്. മനുഷ്യന്റെ പ്രതികാര വാഞ്ഛയെ നശിപ്പിക്കുകയും അവനെ ഭീരുവാക്കുകയും ചെയ്യുന്ന, അസ്തിത്വമില്ലാത്ത ദൈവത്തെയും കൊലയെ വിലക്കുന്ന ആറാം പ്രമാണത്തെയും തള്ളിപ്പറയുന്ന നിരീശ്വരവാദിയായും ഫാബിയന്‍ സ്വയം കണ്ടെത്തുകയാണ്.
കാലിനേറ്റ പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലായ ജോക്വിന്റെ പരിചരണവും കുടുംബത്തിന്റെ ചെലവുകളുമൊക്കെയായി എലിസ കുറേ കഷ്ടപ്പെടുന്നുണ്ട്. കൊള്ളപ്പലിശക്കാരിയായ മാഗ്ദയുടെ അടുക്കല്‍ വിലപ്പെട്ട പലതും പണയം വെച്ചും വീട്ടുസാമാനങ്ങള്‍ വിറ്റുമൊക്കെ പണം കണ്ടെത്താന്‍ അവള്‍ ശ്രമിക്കുന്നു. ഒരു കഫേ തുടങ്ങണമെന്ന ചിന്തയോടെ ജോക്വിനും മാഗ്ദയില്‍ നിന്ന് കടം വാങ്ങാന്‍ ശ്രമിക്കുകയാണ്. അതിനിടയില്‍ത്തന്നെ അയാള്‍ ആ സ്ത്രീയുമായി തര്‍ക്കിക്കുന്നു. അന്നു രാത്രി അവര്‍ കൊല്ലപ്പെടുകയും ചെയ്തു.
ദസ്തയെവ്സ്കിയുടെ കുറ്റവും ശിക്ഷയും എന്ന നോവലിലെ റസ്‌കോള്‍നിക്കവിനെ ഓര്‍മിപ്പിക്കുന്നു മാഗ്ദയെ കൊലപ്പെടുത്തുന്ന രംഗത്ത് സാക്ഷാല്‍ കൊലാളിയായ ഫാബിയന്‍. കൊള്ളപ്പലിശക്കാരിയായ അല്യോന ഇവാനവ്നയെ കൊലപ്പെടുത്തുന്ന റസ്‌കോള്‍നിക്കവ് പക്ഷേ, വ്യക്തിപരമായിത്തന്നെ തീവ്രമായ അനുഭവങ്ങളിലൂടെയാണ് കടന്നു വരുന്നത്. അയാള്‍ അല്യോനയെ വധിക്കുന്നത് കണ്ടതിന്റെ പേരില്‍ അവരുടെ നിഷ്‌കളങ്കയായ സഹോദരിയെയും കൊലപ്പെടുത്തേണ്ടി വന്നു. അനൈതികമായ വ്യവസ്ഥയുടെ അടയാളം തന്നെയാണ് ദസ്തയെവ്സ്കിയുടെ അല്യോന എന്ന കഥാപാത്രം. ഷൈലോക്കിന്റെ പിന്‍മുറക്കാരി.

പണയം വെച്ച എ.ടി.എം കാര്‍ഡ് തിരിച്ചെടുക്കാനെന്ന മട്ടിലെത്തിയ ഫാബിയന്‍ മാഗ്ദയെ കൊല്ലുന്നത് കണ്ടത് അവരുടെ മകള്‍ തന്നെ. റസ്‌കോള്‍നിക്കവിനെപ്പോലെത്തന്നെ രണ്ട് സ്ത്രീകളെ അയാള്‍ കത്തിക്കിരയാക്കി. കൃത്യം നടത്തുന്നതിനു തൊട്ടുമുമ്പ് അയാളനുഭവിക്കുന്നതായി നമ്മളറിയുന്ന സമ്മര്‍ദ്ദവും റസ്‌കോള്‍നിക്കവിനെ ഓര്‍മിപ്പിക്കുന്നു. കൊലയ്ക്കു ശേഷവും റസ്‌കോള്‍നിക്കവ് മാനസികസമ്മര്‍ദ്ദത്തിലായിരുന്നു. അവസാനമയാള്‍ കുറ്റം സമ്മതിച്ച് ശിക്ഷ സ്വീകരിച്ചു. അസ്തിത്വപരമായ സമ്മര്‍ദ്ദങ്ങളിലാണ് അയാള്‍ എന്നു പറയാം. കൊല ചെയ്യുന്ന റസ്‌കോള്‍നിക്കവ്, കൊലയ്ക്കു ശേഷം മാനസികസമ്മര്‍ദ്ദത്തില്‍ ജീവിക്കുന്ന റസ്‌കോള്‍നിക്കവ്, കുറ്റം ഏറ്റു പറഞ്ഞ് ശിക്ഷ സ്വീകരിക്കുന്ന റസ്‌കോള്‍നിക്കവ് എന്ന് മൂന്ന് ഘട്ടങ്ങളെയാണ് ദസ്തയെവ്സ്കിയുടെ ഇതിഹാസതുല്യമായ നോവല്‍ അവതരിപ്പിക്കുന്നത്.
ഇത് അസ്തിത്വസാഹചര്യങ്ങളുടെ മൂന്ന് ഘട്ടങ്ങളെക്കുറിച്ച, അസ്തിത്വവാദ ദാര്‍ശനികനായ കീര്‍ക്കിഗറിന്റെ തത്വവിചാരത്തെ അനുസ്മരിപ്പിക്കുന്നു. ഫാബിയന്‍ പക്ഷേ വ്യഥ അനുഭവിക്കുന്നത് തന്റെ പ്രവൃത്തി മൂലം ദുരിതത്തിലായ എലിസയെ കാണുമ്പോള്‍ മാത്രമാണ്. അതിന്റെ മൂര്‍ദ്ധന്യത്തില്‍ ജോക്വിന്‍ നിരപരാധിയാണെന്നും അയാളെ രക്ഷിക്കണമെന്നും അയാള്‍ തന്റെ അധ്യാപകരോടും സുഹൃത്തുക്കളോടും പറയുകയും അതുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറുകയും ചെയ്തു. താനാണ് കൊലയാളി എന്ന കാര്യം പക്ഷേ മറച്ചുവെച്ചു.
ജയിലില്‍ ജോക്വിന്റെ ജീവിതം ഒരു തരം ആത്മീയാവബോധം അയാളില്‍ സൃഷ്ടിച്ചു. ജോക്വിന്റെ ജയില്‍ ജീവിതം, കുടുംബത്തിന്റെ അതിജീവനത്തിനായി കഷ്ടപ്പെടുമ്പോഴും ജോക്വിന്റെ തിരിച്ചു വരവ് കാത്തിരിക്കുന്ന എലിസയും മക്കളും, കുറ്റവാളിയെങ്കിലും സ്വതന്ത്രനായി വിഹരിക്കുന്ന ഫാബിയന്റെ തത്വശാസ്ത്രങ്ങളും പ്രവര്‍ത്തനങ്ങളും എന്നിവ സമാന്തരമായി മുന്നോട്ടു പോകുന്നു.
വ്യവസ്ഥയോടുള്ള പ്രതിഷേധം വ്യക്തിവാദാധിഷ്ഠിതമായ അരാജകജീവിതത്തിലേക്ക് നയിച്ചതോടെ ഫാബിയനില്‍ ആപല്‍ക്കരമായ ഒരു ഉന്മാദം നിറയുകയാണ്. സുഹൃത്തിന്റെ കാമുകിയുമായി ജാരബന്ധത്തിലേര്‍പ്പെടുന്ന അയാള്‍ ഹിപ്പോക്രസിയെക്കുറിച്ച തത്വവിചാരത്തിനിടയില്‍ അക്കാര്യം പരസ്യപ്പെടുത്തുകയും സുഹൃത്തുക്കളുമായി ഉടക്കുകയും ചെയ്തു. കുടുംബവ്യവസ്ഥയുടെയും ബന്ധങ്ങളുടെയും അര്‍ത്ഥശൂന്യതയെപ്പറ്റി സ്വന്തം സഹോദരിയോടും അയാള്‍ സംവാദത്തിലേര്‍പ്പെടുന്നുണ്ട്. ജോലി തേടി അച്ഛന്‍ അമേരിക്കയിലും അമ്മ ഇംഗ്ലണ്ടിലും പോയ ശേഷം പരിചാരകരാല്‍ വളര്‍ത്തപ്പെട്ട തങ്ങള്‍ക്ക് അച്ഛനമ്മമാരോടെന്തു കടപ്പാട് എന്നാണയാളുടെ ചോദ്യം.
സ്വന്തം നാട്ടില്‍ ജീവിക്കാന്‍ പറ്റാത്ത നാട്ടുകാര്‍ പ്രവാസികളായി കുടിയേറാന്‍ നിര്‍ബ്ബന്ധിതരാവുന്ന അവസ്ഥയെയും ഇവിടെ പ്രശ്‌നവല്‍ക്കരിക്കുന്നു. ജോക്വിനോട് ഒരു കൂട്ടുകാരന്‍ വിദേശത്തു പോകാന്‍ പറയുന്നുണ്ട്. പോയിരുന്നെങ്കില്‍ ഈ ദുരവസ്ഥ ഉണ്ടാവില്ലായിരുന്നെന്ന് എലിസ പിന്നീടോര്‍മിക്കുകയും ചെയ്യുന്നു.
മൂല്യങ്ങളും മൂല്യവ്യവസ്ഥയുമല്ല, വ്യക്തിയും അവന്റെ അഭിനിവേശങ്ങളും മാത്രമാണ് പ്രധാനം എന്ന തന്റെ തത്വം ഫാബിയന്‍ ശരിക്കും പ്രവൃത്തിയില്‍ കൊണ്ടുവന്നു. കുറേക്കാലത്തിനു ശേഷം സഹോദരിയെ തേടിയെത്തിയ അയാള്‍ അവളെ ക്രൂരമായി ബലാല്‍സംഗം ചെയ്തു. ആങ്ങളയുടെ തിരിച്ചു വരവ് അവളില്‍ അത്യധികമായ ആനന്ദമുണ്ടാക്കിയിരുന്നു. ഇനി എങ്ങോട്ടും പോകരുതെന്നും നാട്ടില്‍ത്തന്നെ ജീവിക്കണമെന്നും അയാളോടു പറയുമ്പോള്‍ അവളില്‍ അനിയനോടുള്ള വാല്‍സല്യം കവിഞ്ഞൊഴുകി.
അതുകൊണ്ടു തന്നെ അവളുടെ നേരെയുള്ള അയാളുടെ അക്രമം ഭീകരമായ നടുക്കത്താല്‍ നമ്മെ സ്തബ്ധരാക്കിക്കളയും. അരുതനിയാ, ഞാന്‍ നിന്റെ പെങ്ങളാണ് എന്ന വിലാപം അയാളില്‍ ഒരു ചലനവുമുണ്ടാക്കിയില്ല. എന്നാല്‍ ചിത്രത്തിന്റെ അവസാനത്തില്‍ അയാള്‍ ഒരു ഭ്രാന്തനെപ്പോലെ പൊട്ടിക്കരയുന്നു.
ഏറ്റവുമവസാനം ഒരു കലാപത്തിന്റെ ദൃശ്യം. എല്ലാം നഷ്ടപ്പെട്ടവരെപ്പോലെ നടന്നു നീങ്ങുന്ന എലിസയും മക്കളും. ഒരു ശരാശരി ഫിലിപ്പീനോ ഇന്നനുഭവിക്കുന്ന ദുരിതങ്ങളുടെ നേര്‍ക്കാഴ്ചകളിലൂടെയാണ് ലാ ഡിയാസ് സഞ്ചരിക്കുന്നത്. മൂലധനത്തിന്റെ മാത്രമല്ല, കുറ്റകൃത്യങ്ങളുടെയും പൈശാചിക ചോദനകളുടെയും ദുരന്തങ്ങളുടെയും ആഗോളവല്‍ക്കരണമാണ് ആധുനിക കാലത്തെ നയിക്കുന്നത്.
നമ്മെ സ്വസ്ഥരാവാനനുവദിക്കാത്ത കഥാപാത്രങ്ങളും സംഭവങ്ങളുമാണ് നോര്‍ട്ടെയില്‍ ലാ ഡിയാസ് അവതരിപ്പിക്കുന്നത്. സിനിമയെക്കുറിച്ച തന്റെ സങ്കല്‍പങ്ങള്‍ വിവരിക്കുന്നേടത്ത് ഒരു ഇന്റര്‍വ്യൂവില്‍ അധീശ വ്യവസ്ഥയെ തകര്‍ക്കുക എന്നതാണ് തന്റെ ലക്ഷ്യം എന്നു പറയുന്നുണ്ട്. ദുരിതം പേറുന്ന ഫിലിപ്പീനോ ജീവിതത്തിനും ആത്മാവിനും മനോനിലയ്ക്കും മേലാണ് തന്റെ സിനിമകള്‍ നിര്‍മിക്കപ്പെടുന്നത് എന്നദ്ദേഹം പ്രഖ്യാപിക്കുന്നു.
ലാ ഡിയാസിന്റെ മറ്റു രണ്ട് സിനിമകളുടെ ആസ്വാദനം ഇവിടെ വായിക്കാം:
The Woman Who Left
The Halt
2 thoughts on “ഒരു മൂന്നാം ലോകരാജ്യത്തിന്റെ വേദനയും പ്രതീക്ഷയും”