അധികാരവും ആഘാതങ്ങളും

Lav Diaz ന്റെ നെടുനീളൻ സിനിമകൾ കാണാൻ വലിയ തയ്യാറെടുപ്പുകൾ തന്നെ വേണം. നാല് പാക്കറ്റ് പൊട്ടുകടല, മസാലക്കടല, കടലമിട്ടായി തുടങ്ങിയ സാധനസാമഗ്രികളും കൂടി കരുതിക്കൊണ്ടാണ് ഇരുനൂറ്റെഴുപത്താറ് മിനിട്ട് ദൈർഘ്യമുള്ള പുതിയ സിനിമ കാണാൻ ഞാനും രണ്ട് സുഹൃത്തുക്കളും കയറിയത്.

പ്രതിഭ കൊണ്ട് അതുല്യനായ ഫിലിപ്പീൻ ഓട്ടേർ, ലാ ഡിയാസ് (Lav Diaz), ഒരു ചലച്ചിത്രാസ്വാദകൻ എന്ന നിലക്ക് ഒരിക്കലും എന്നെ നിരാശപ്പെടുത്തിയിട്ടേയില്ല. അതിദൈര്‍ഘ്യത്തിന് (കു?)പ്രശസ്തിയാര്‍ജിച്ച ഈ ചലച്ചിത്രകാരന്റെ ദീര്‍ഘമായ ആഖ്യാനങ്ങൾ ഒരു സെകൻഡ് പോലും വിടാതെ പിന്‍തുടരുന്നതിലൂടെ ലഭിക്കുന്ന അനുഭൂതി അവാച്യമാണ്. എവലൂഷൻ ഒഫ് എ ഫിലിപ്പീനോ ഫാമിലിയും ലുലബി റ്റു ദ് സോറോഫുൾ മിസ്റ്ററിയും നോർടെ ദ് എൻഡ് ഒഫ് ഹിസ്റ്ററിയുമൊക്കെ ഫിലിപ്പീൻസിന്റെ ചരിത്രത്തെയും ഫിലിപ്പീനോകളുടെ ജീവിതത്തെയും ആഴത്തിൽ അനുഭവിപ്പിക്കുന്നു. ഒപ്പം തീവ്രമായ രാഷ്ട്രീയ നിലപാടുകളും ഉൾക്കൊള്ളുന്നു ഡിയാസിന്റെ സിനിമകൾ ആഗോളവൽക്കരണം ഫിലിപ്പീന്‍സിനെ അട്ടിമറിച്ചതിന്റെ ചിത്രം നോര്‍ട്ടെ, ദ് എൻഡ് ഒഫ് ഹിസ്റ്ററിയിൽ കാണാം.

2016ല്‍ ഇറങ്ങിയ The Woman Who Left മുപ്പത് വര്‍ഷത്തെ അന്യായത്തടവിന് ശേഷം മോചിതയായ ഹൊറേഷ്യ എന്ന സ്ത്രീയുടെ അന്വേഷണങ്ങളുടെ കഥ പറയുന്നു. തൊണ്ണൂറുകളിലെ ഫിലിപ്പീൻസ് ആണ് അത്. എന്നാൽ അതിനും മുപ്പത് വര്‍ഷം മുമ്പാണ് ഹൊറേഷേയയിട പേരിലുള്ള കേസിനാസ്പദമായ സംഭവം നടക്കുന്നത്. ലിയോ ടോൾസ്റ്റോയിയുടെ God Sees the Truth, But Waits എന്ന കഥയെ ഉപജീവിക്കുന്നുണ്ട് ദ് വുമൺ ഹു ലെഫ്റ്റ്.

ഇരുണ്ട ജീവിതമാണത്. മോണോക്രോമിലാണ് വുമൺ ഹു ലെഫ്റ്റ് ചെയ്തിരിക്കുന്നതും. ഇപ്പോൾ ഏറ്റവും പുതിയ ചിത്രമായ The Halt (Ang Hupa) ന്റെയും ടോൺ പൂർണമായും ഇരുണ്ടതാണ്.

ഭരണകൂടത്തിന്റെയും അധികാരികളുടെയും ഗൂഢാലോചനകളുടെ ഇരകളായിത്തീരുന്ന ഗ്രാമീണരുടെയും അധഃസ്ഥിതരുടെയും നേരെയാണ് ഡിയാസിന്റെ കാമറ എല്ലായ്‌പോഴും തിരിഞ്ഞു നിൽക്കാറുള്ളത്. ഇതിലൂടെ അധികാരം എന്ന യാഥാര്‍ത്ഥ്യത്തെയും അദ്ദേഹം പ്രശ്‌നവൽക്കരിക്കുന്നു.

ലാ ഡിയാസിന്റെ ഇതരചിത്രങ്ങളെ അപേക്ഷിച്ച് ഹാൾട്ടിന് ചില പ്രത്യേകതകളുണ്ട്. രസകരമെങ്കിലും അതിലൊരു കാര്യം ഇതിന്റെ പേര് തന്നെ. സിനിമകളെപ്പോലെത്തന്നെ ദൈർഘ്യമേറിയതാണ് അവയുടെ പേരുകളും. 2015 ൽ പുറത്തിറങ്ങിയ ഫ്രാഗ്മെന്റും പിന്നെ ഹാൾട്ടും മാത്രമായിരിക്കും അതിനപവാദം. (അതേസമയം സിനിമയുടെ ദൈർഘ്യത്തിന് ഒട്ടും കുറവില്ല താനും).

പ്രധാനപ്പെട്ട മറ്റൊന്നു കൂടിയുണ്ട്. പൊതുവെ ഡിയാസിന്റെ സിനിമകളെല്ലാം തന്നെ ഹിസ്റ്റോറിക്കൽ ഫാന്റസികളാണ്. ഫിലിപ്പീനോ കുടുംബത്തിന്റെ പരിണാമവും ആർദ്രനിഗൂഢതയുടെ താരാട്ടുപാട്ടും ചരിത്രത്തിന്റെ അന്ത്യവുമെല്ലാം ചരിത്രകാൽപനികതയെയാണ് അവതരിപ്പിക്കുന്നത്. വിട്ടയക്കപ്പെട്ട പെണ്ണും വര്‍ത്തമാനത്തിലല്ല നിലകൊള്ളുന്നത്. അതായത്, ഡിയാസ് തന്റെ കാമറ എല്ലായ്‌പോഴും ഭൂതകാലത്തിലേക്കാണ് തിരിച്ചു നിർത്തുന്നത്.

എന്നാല്‍, ഹാള്‍ട്ടിൽ ഡിയാസ് ഭാവിയിലേക്ക് സഞ്ചരിക്കുന്നു. ഹിസ്റ്റോറിക്കൽ ഫിക്ഷനും സയൻസ് ഫിക്ഷനും തമ്മിലുള്ള വ്യത്യാസവും അതാണല്ലോ. കാല്‍പനികചരിത്രാഖ്യാനങ്ങൾ ഭൂതകാലത്തിലേക്ക് സഞ്ചരിക്കുന്നു. ശാസ്ത്രകാൽപനികതയാകട്ടെ, ഭാവിയിലേക്കും. ലക്ഷണമൊത്ത ഒരു Sci-Fi മൂവിയാണ് ഹാള്‍ട്ട്.

പൊതുവെ slow-pace ആണ് ഡിയാസിന്റെ സിനിമകളെല്ലാമെങ്കിൽ ഹാൾട്ട് ചടുലമാണ്. സംഭാഷണങ്ങളിൽ കാണിക്കുന്ന പിശുക്കും ഈ സിനിമയിൽ കാണാനില്ല.

2031 ൽ സെലെബസ് കടലിലേക്കുണ്ടാകുന്ന ഒരു അഗ്നിപര്‍വതസ്‌ഫോടനമാണ് പശ്ചാത്തലം. കഥ നടക്കുന്നത് 2034 ലെ മനിലയിലും. ദക്ഷിണപൂര്‍വേഷ്യ അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ ഇരുണ്ടുപോയിരിക്കുന്നു. വുമൺ ഹു ലെഫ്റ്റ് പോലെ ഹാള്‍ട്ടും മോണോക്രോമില്‍ത്തന്നെ ഒരുക്കിയിരിക്കുന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ഭ്രാന്തന്മാർ കൈയടക്കിയിരിക്കുന്ന രാജ്യങ്ങൾ, സമുദായങ്ങൾ, താറുമാറായ നഗരങ്ങൾ. സൂര്യപ്രകാശം അല്‍പം പോലും കടന്നുവരുന്നില്ല. വന്‍കരയെയാകെ ഗ്രസിച്ചിരിക്കുന്ന ദുരന്തങ്ങൾ. ഒപ്പം മാരകമായ പകര്‍ച്ചവ്യാധികളും. ദശലക്ഷക്കണക്കിനാളുകൾ മരിക്കുന്നു, അതിലേറെയാളുകൾ സ്വദേശം വിട്ടലയുന്നു.

ഒപ്പം സർവത്ര അരാജകത്വം ആളുകളുടെ വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും നടമാടുന്നു. ലൈംഗിക അരാജകത്വവും സ്വവർഗരതിയും ഉൾപ്പെടെ.

ഒരു dystopian ഭാവിലോകത്തെയാണ് ലാ ഡിയാസ് സങ്കല്‍പിക്കുന്നത്. അല്‍ഭുതകരമായ വൈദഗ്ദ്യത്തോടെ. നോര്‍ട്ടെയിലും വുമന്‍ ഹു ലെഫ്റ്റിലും കണ്ടത് പോലെത്തന്നെ പിൻ ഷാര്‍പ് ദൃശ്യങ്ങൾ. ഒരു ഡാര്‍ക് ഡിസ്റ്റോപിയന്‍ സൈ-ഫൈ ഹൊറർ. അപോകാലിപ്റ്റിക് ലോകത്തിന്റെ ആഴം ദൃശ്യങ്ങളിലൂടെ പ്രകടിപ്പിക്കാന്‍ ഡാനിയല്‍ ഉയി എന്ന ഛായാഗ്രഹകന് സാധിച്ചിട്ടുണ്ട്. nocturnal ഫ്രെയിമുകളാണ് ചിത്രത്തലുടനീളം നാം കാണുന്നത്. എന്നാല്‍ ഓരോ ദൃശ്യവും വ്യക്തതയോടെ അനുവാചകനുമായി സംവദിക്കുകയും ചെയ്യുന്നു.

ഡിയാസിന്റെ ഏറ്റവും കരുത്തുറ്റ രാഷ്ട്രീയ സിനിമയാണ് ഹാള്‍ട്ട്. സത്യാനന്തരകാലത്തിന്റെ രാഷ്ട്രീയത്തെ അവതരിപ്പിക്കുന്ന ഡിയാസ് സത്യത്തെക്കുറിച്ച അന്വേഷണങ്ങളെ നിരസിക്കുന്ന അധികാരികളുടെ നിയന്ത്രണത്തിലമരുന്ന രാഷ്ട്രത്തിന്റെ പരിവര്‍ത്തനത്തെ Nation of Forgetting എന്ന് അടയാളപ്പെടുത്തുന്നു. ചിത്രത്തിലെ ഒരു കഥാപാത്രം എഴുതുന്ന പുസ്തകത്തിന്റെ പേരാണ് A Nation Without Memory എന്നത്.

അപോകാലിപ്‌സിന് തുല്യമായ പ്രകൃതിദുരന്തത്തിനും dark killer എന്നറിയപ്പെട്ട പകര്‍ച്ചവ്യാധികള്‍ക്കും ശേഷം രൂപപ്പെട്ട കയോട്ടിക് സാഹചര്യത്തിൽ ഉന്മാദിയും ഡ്രഗ് അഡിക്ടുമായ പ്രസിഡന്റ് നിര്‍വാണോ നവരോ അധികാരം മുഴുവൻ തന്റെ കൈയിലൊതുക്കുകയും ദൈവാഭിഷിക്തനായ ഏകാധിപതിയുടെ പ്രതിഛായ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. തന്റെ ശത്രുക്കളുടെ ഒളിസങ്കേതം എന്ന് സംശയിക്കുന്ന പുല്‍മേടുകളിലൂടെ അയാൾ വിഷവാതകം തുറന്നുവിടുകയും ചെയ്യുന്നു. ബ്ലാക് റെയിനിങ് എന്നാണ് ഈ ഓപറേഷന് അയാൾ നല്‍കിയ പേര്. എതിര്‍പ്പ് കാണിക്കുന്ന സകലരെയും വകവരുത്താൻ സന്നദ്ധമായി നിലകൊള്ളുന്ന ഒരു സായുധപ്പട്ടാളവുമുണ്ടയാള്‍ക്കൊപ്പം.

പിന്നെ, തലങ്ങും വിലങ്ങും പറന്നുകളിക്കുന്ന ഡ്രോണുകളും.

ഡ്രോണുകളുടെ മുരൾച്ചയും തിളക്കവും മിക്ക ദൃശ്യങ്ങളിലുമുണ്ട്. ചിലപ്പോൾ താഴ്ന്ന് ആളുകൾക്ക് നേരെ പറന്നുവരുന്ന ഡ്രോണിന് നേരെ ഐ.ഡി കാഡ് എടുത്തു നീട്ടുമ്പോൾ അതുടൻ ഉയർന്നകന്ന് പോകും.

സർവെയിലൻസ്, പൌരത്വ കാഡ്, പട്ടാളം, സ്വജനതയെ പുറത്താക്കലും വെടിവെക്കലും എന്നിങ്ങനെ അധികാരസ്വരൂപങ്ങളുടെ എല്ലാ കലാപരിപാടികളും ഈ സിനിമയിൽ കാണാം.

പ്രസിഡന്റിന്റെ സുരക്ഷാ ചുമതലയുള്ള മാരിസ, മാര്‍ത്ത എന്നീ രണ്ട് വനിതാ സ്‌പെഷ്യൽ ഫോഴ്‌സസ് ഓഫീസര്‍മാർ, സ്മൃതിഭ്രമം ബാധിച്ച് മോഡൽ 37 എന്ന അപരനാമത്തിൽ ലൈംഗികത്തൊഴിൽ ചെയ്യുന്ന ചരിത്രാധ്യാപിക ഹാമിനില്‍ഡ, അവരുടെ ഓര്‍മപ്രശ്‌നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന സൈകോതെറാപിസ്റ്റും പൊലിറ്റിക്കൽ തിയറിസ്റ്റുമായ ജീന്‍ ഹദോരോ, നിര്‍വാണോ നവരോയുടെ സൈന്യത്തിൽ നിന്നും വേര്‍പിരിഞ്ഞ് അയാളെ വധിക്കാനും ഓപറേഷൻ ബ്ലാക് റെയിനിങ്ങിനെ തകര്‍ക്കാനും ശ്രമിക്കുന്ന മിലിറ്റന്റ് ഹുക് ടൊറോളോ തുടങ്ങിയവർ തമ്മിലുള്ള ബന്ധങ്ങളിലൂടെയാണ് ഹാള്‍ട്ടിന്റെ കഥ വികസിക്കുന്നത്.

Power behind the power എന്ന യാഥാർത്ഥ്യത്തെ അടയാളപ്പെടുത്തുന്നതാണ് മാർത്ത, മാരിസ എന്നീ കഥാപാത്രങ്ങൾ. പ്രസിഡന്റ് നവരോ ആകട്ടെ, ക്രൂരൻ എന്നതോടൊപ്പം പമ്പരവിഡ്ഢിയെപ്പോലെയാണ് പലപ്പോഴും പെരുമാറുന്നത്.

ഹിറ്റ്ലർ മുതൽ ഫെർഡിനാൻഡ് മാർക്കോസ് ഉൾപ്പെടെ ഡോണാൾഡ് ട്രംപ് വരെയുള്ളവർ സംഭാഷണങ്ങളിൽ പരാമർശിക്കപ്പെടുന്നുണ്ട്.

ഫാഷിസ്റ്റ് തത്വശാസ്ത്രങ്ങളെയും അധികാരക്രമത്തെയും നിർവചിക്കാനുള്ള ശ്രമവും ഡിയാസ് നടത്തുന്നുണ്ട്. മോഡൽ 37 എന്ന മനോശൈഥില്യം ബാധിച്ച ഹാമിനിൽഡെ fresh blood കുടിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നു. അതെത്തുടർന്ന് ഒരു കശാപ്പുകാരനെ സമീപിച്ചു അവൾ. അയാൾ പറയുന്നതാകട്ടെ, ഫ്രഷ് ബ്ലഡ് കുടിക്കുക എന്നത് ഒരു പ്രത്യയശാസ്ത്രമാണ് എന്നാണ്. സ്മൃതിഭ്രംശത്തിന് അവളെ ചികിൽസിക്കുന്ന ജീൻ ഹദാരോയാകട്ടെ, മറവിയെയും ദുരധികാരക്രമങ്ങളെയും തമ്മിൽ ബന്ധപ്പെടുത്തുന്നു.

വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകൾ പ്രഖ്യാപിക്കുന്നു ലാ ഡിയാസിന്റെ സിനിമ.

4 thoughts on “അധികാരവും ആഘാതങ്ങളും

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s