പ്രത്യയശാസ്ത്രവും നാസ്തികയുക്തിവാദവും

മുഹമ്മദ് ശമീം

പഴയൊരു എഫ്.ബി പോസ്റ്റ് പൊങ്ങിവന്നു. പ്രത്യയശാസ്ത്രവും നാസ്തികതയും (സോകോൾഡ് യുക്തിവാദം) തമ്മിലുള്ള ബന്ധത്തെക്കുറിച്ച ആർഗുമെന്റാണ്. തങ്ങൾ അവതരിപ്പിക്കുന്നത് പ്രത്യയശാസ്ത്രമല്ല, മറിച്ച് ഒരു രീതിശാസ്ത്രം മാത്രമാണ് എന്ന് സോകോൾഡ് യുക്തിവാദത്തിന്റെ അത്യാധുനികാചാര്യന്മാർ പറയുന്നു.

പൊങ്ങിവന്ന ആ പോസ്റ്റിനെ ഒന്ന് എഡിറ്റ് ചെയ്ത് മിനുസപ്പെടുത്തി വീണ്ടും പോസ്റ്റുന്നു.

അങ്ങനെയെങ്കിൽ എന്താണ് ആ രീതിശാസ്ത്രം എന്ന് ചോദിച്ചാലോ? അതിന് കൃത്യമായ മറുപടിയൊന്നുമില്ല. പകരം പ്രത്യയശാസ്ത്രനിരാകരണത്തിന്റെ ന്യായങ്ങൾ മാത്രം പറയുന്നു. ഭൌതികവാദപരമോ ആശയവാദപരമോ ഇത് രണ്ടുമല്ലാത്തതോ ആയ എല്ലാ ചിന്തകളെയും തള്ളിക്കളയുകയും ചെയ്യുന്നു.

ഈ നിരാകരണം എന്നത് അത്ര ചെറിയ ഒരു കാര്യമല്ല. തിരസ്കാരം എന്നത് അപകടം പിടിച്ചതെങ്കിലും പ്രയാസകരമായ ഒന്നല്ല. അക്കാര്യത്തിലാകട്ടെ, പ്രത്യേകിച്ച് ഒരറിവും ഇല്ലെങ്കിലും കുഴപ്പമില്ല എന്ന് മാത്രമല്ല, അറിവേ ആവശ്യമില്ല എന്ന പക്ഷക്കാരാണ് നാസ്തികരിൽ പലരും.

കാര്യത്തിലേക്ക് വരാം.

കേവലവും നിരപേക്ഷവുമായ രീതിശാസ്ത്രം എന്ന ഒന്നുണ്ടോ? കേവലം ആത്മനിഷ്ഠമായ സമ്പ്രദായങ്ങളെയും നിലപാടുകളെയും സമീപനം എന്നോ രീതി എന്നോ പറയാം എന്നല്ലാതെ അതിന് സമീപനശാസ്ത്രം, രീതിശാസ്ത്രം എന്നൊന്നും സാധാരണഗതിയിൽ ആരും പറയാറില്ല. ശാസ്ത്രം എന്ന് ചേർത്തു പറയുമ്പോൾ അത് ഒരു സാകല്യത്തെയാണ് സൂചിപ്പിക്കുന്നത്.

Ghostbusters and Jesus 1
“Ghostbusters and Jesus” -atheistic art

ഇവിടെ ശാസ്ത്രം എന്നതിന് സാധാരണയായി സയൻസ് എന്ന പദം കൊണ്ട് നാം ഉദ്ദേശിക്കാറുള്ള അർത്ഥമല്ല ഉള്ളത്. രീതിശാസ്ത്രം പോലുള്ളേടത്ത് ഇംഗ്ലീഷിൽ ഉപയോഗിക്കാറുള്ളത് ology എന്ന ശബ്ദമാണ്. A scientific discipline എന്ന് ഇതിന് അർത്ഥം പറയാം. പക്ഷേ, ഇവിടെയും science എന്ന പദം വരുന്നുണ്ട്. ഭൌതികമായി പരീക്ഷിക്കാവുന്നതും നിരീക്ഷിക്കാവുന്നതുമായ വിശദീകരണങ്ങളും പ്രവചനങ്ങളും എന്നതാണ് മോഡേൺ സയൻസിൽ ഈ വാക്കിന്റെ നിർവചനമെങ്കിലും scientia എന്ന ലത്തീൻ പദത്തിന് knowledge എന്ന അർത്ഥമേയുള്ളൂ.

ഈ ഓളജിക്ക് ആധാരമായി വർത്തിക്കുന്ന ഒരു തത്വശാസ്ത്രമുണ്ടാകും. -ism എന്ന പദം കൊണ്ടാണ് അതിനെ വിശേഷിപ്പിക്കുക. -ismos എന്ന ഗ്രീക് പ്രത്യയത്തിനും അതിൽ നിന്നുണ്ടായ -ismus എന്ന ലത്തീൻ പ്രയോഗത്തിനും taking side with എന്നാണ് അർത്ഥം കാണുന്നത്.

അതായത് ഈ -ismത്തിൽ നിന്നാണ് ology ഉൽഭവിക്കുന്നത്. നാസ്തികതയും (atheism) ഒരു -ism തന്നെയാണ്. എന്നാൽ രീതിയിലോ സമീപനത്തിലോ കൃത്യമായ ഒരു ഓളജിയെ ഉൽപാദിപ്പിക്കാൻ കഴിയുന്നില്ല എന്നതാണ് അതിന്റെ ദൌർബല്യം. കേവലയുക്തിവാദവും മതവും തമ്മിലുള്ള സംവാദത്തിൽ ഉന്നയിക്കപ്പെടുന്ന വിമർശവും അതാണ്.

അതല്ലാതെ പ്രത്യയശാസ്ത്രമില്ല എന്ന് ആരും ആക്ഷേപിക്കാറുള്ളതായി കണ്ടിട്ടില്ല. പ്രത്യയശാസ്ത്രമില്ല എന്നതല്ല, രീതിശാസ്ത്രമില്ല എന്നത് തന്നെയാണ് ഉന്നയിക്കപ്പെടാറുള്ള വിമർശം. അതിന് ‘യുക്തിവാദം'(?) ഒരു രീതിശാസ്ത്രമാണ് എന്ന് ശഠിച്ചു കൊണ്ട് പ്രത്യയശാസ്ത്രനിരാകരണത്തെപ്പറ്റി പ്രഭാഷണം നടത്തിയതു കൊണ്ട് കാര്യമൊന്നുമില്ല.

എന്തിനെയും, പ്രത്യയശാസ്ത്രങ്ങളെപ്പോലും സവിശേഷങ്ങളായി രീതികളിൽ സമീപിക്കാം. എന്നാൽ അത്തരം സമീപനങ്ങളുടെയും ആധാരം മറ്റൊരു പ്രത്യയശാസ്ത്രം തന്നെയായിരിക്കും.

യാന്ത്രികമായ ഭൌതികവാദത്തിനും കേവലനാസ്തികതക്കും മാത്രമല്ല, കേവലമായ theismത്തിനും ഒരു രീതിശാസ്ത്രത്തെ ഉൽപാദിപ്പിക്കാൻ കഴിവില്ല. അവിടെയാണ് religion എന്ന ആശയവും തത്വശാസ്ത്രവും പ്രസക്തമായിത്തീരുന്നത്.

രീതിശാസ്ത്രത്തെ വിശകലനം ചെയ്തുകൊണ്ട് കേരളത്തിലെ ഒരു സോകോൾഡ് യുക്തിവാദി നേതാവ് എഴുതിയ പഴയ ഒരു ബ്ലോഗ് ഉണ്ട്. പ്രധാനമായും അതില്‍ രണ്ട് കാര്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.

ഇതില്‍ ഒന്നാമത്തേത് അദ്ദേഹത്തിന്റെ തന്നെ ഭാഷയില്‍ ഇപ്രകാരമാണ്: പ്രപഞ്ചവും മനുഷ്യസമൂഹവും തൊട്ട് എല്ലാം തന്നെ അനുസ്യൂതം മാറിക്കൊണ്ടും വികസിച്ചുകൊണ്ടും ഇരിക്കുന്നു എന്നതാണു യാഥാര്‍ത്ഥ്യം. അതുകൊണ്ടു തന്നെ മാറ്റമില്ലാത്ത ഒരു തത്വസംഹിതയും മനുഷ്യപ്രകൃതത്തിനോ പ്രകൃതിക്കോ യോജിച്ചതല്ല. മാറിക്കൊണ്ടിരിക്കുന്ന ലോകത്തിനു മാറിക്കൊണ്ടിരിക്കുന്ന ബോധവും മൂല്യങ്ങളും തന്നെയാണ് അനിവാര്യമായിട്ടുള്ളത്.

ഈ പ്രസ്താവത്തോട് ഒരു പരിധി വരെ ഞാനും യോജിക്കുന്നു. ഇതിനെ പക്ഷേ കേവല മാറ്റമായല്ല, മറിച്ച് പുരോഗതിയും വികാസവുമായാണ് ഖുര്‍ആന്‍ അവതരിപ്പിക്കുന്നത്. ലതര്‍കബുന്ന ത്വബഖന്‍ അന്‍ ത്വബഖ് എന്ന് ഖുര്‍ആനില്‍ ഒരു പ്രയോഗമുണ്ട്. നിങ്ങൾ പടിപടിയായി മുകളിലേക്ക് കയറിക്കൊണ്ടിരിക്കുന്നു, അഥവാ ക്രമപ്രവൃദ്ധമായി പുരോഗമിച്ചു കൊണ്ടിരിക്കും എന്നര്‍ത്ഥം. ആദിയില്‍ പ്രപഞ്ചത്തിന്റെയും പിന്നെ ജീവന്റെയും അതിനും ശേഷം ജീവിതത്തിന്റെയും പുരോയാനത്തെപ്പറ്റിയാണ് ഇവിടെ പരാമര്‍ശം.

മാറിക്കൊണ്ടിരിക്കുന്ന ലോകമല്ല, പുരോഗമിച്ചു കൊണ്ടിരിക്കുന്ന ലോകം എന്നതാണ് ശരി എന്നര്‍ത്ഥം. Everything changes, except change itself എന്ന് പറയുമ്പോൾ ഹെറാക്ലിറ്റസ് മുതൽ ബുദ്ധൻ വരെയുള്ള ചിന്തകന്മാരെല്ലാം ഉദ്ദേശിച്ചത് ഈ പുരോഗതിയാണ്. ലതർകബുന്ന ത്വബഖൻ അൻ ത്വബഖ് എന്ന ഖുർആന്റെ പ്രസ്താവനയും ഇതിനെയാണ് അടിവരയിടുന്നത്.

കേവലമായ മാറ്റം അല്ല ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്. കേവലമായ മാറ്റം സോകോള്‍ഡ് യുക്തിവാദികളുടെ രീതിശാസ്ത്രം പോലെയാണ്. അതിനൊരടിത്തറ ഉണ്ടാവണമെന്നില്ല. മൂല്യങ്ങൾ പോലും സ്ഥായിയല്ല എന്ന സിദ്ധാന്തത്തിലേക്ക് ഇതിനെ പരിവർത്തിപ്പിച്ചത് മുതലാളിത്ത താൽപര്യങ്ങളാണ്.

6e34c5e1986759f2a117b4036f40f494അതേസമയം പുരോഗമനത്തിന് ഒരടിത്തറയുണ്ടാവണം. ഈ അടിത്തറ ഇളക്കമില്ലാതെ നിൽക്കുന്ന ഒന്നായിരിക്കെത്തന്നെ വികാസക്ഷമവുമായിരിക്കണം. വികസിക്കാത്ത ഒന്നാണെങ്കില്‍ ഈ അടിത്തറ മേല്‍ കുടുസ്സായ ഒരെടുപ്പ് മാത്രമേ സാധ്യമാകൂ. അതേസമയം ഇളകിക്കൊണ്ടിരിക്കുന്ന തറയുടെ മേല്‍ അത്തരമൊരെടുപ്പ് പോലും സാധ്യമല്ല.

അതിനാല്‍ മൂല്യങ്ങളിലെ പുരോഗമനപരമായ (കേവലമല്ല) മാറ്റങ്ങളെ അംഗീകരിച്ചു കൊണ്ടു തന്നെ മതം അവയ്ക്ക് ഉറപ്പും ഭദ്രതയുമുള്ള ഒരടിത്തറ നല്‍കുന്നു. ഇതിനെയാണ് സനാതന മൂല്യങ്ങള്‍ എന്ന് പറയുക.

സത്യവും നീതിയും എന്നത് മാറില്ല, അതിനെക്കുറിച്ച അടിസ്ഥാനബോധവും മാറില്ല. എന്നാല്‍ ജീവിതപുരോഗതിക്കനുസൃതമായി ഇതില്‍ വികാസമുണ്ടാകും. ഇതിനെ മാറ്റമെന്നല്ല, പുരോഗതി എന്ന് തന്നെ പറയണം.

ഈ സനാതനമൂല്യങ്ങള്‍ വസ്തുനിഷ്ഠവും കര്‍മവിഭക്തിയുമാണ്, അഥവാ ഓബ്‌ജെക്ടീവ് ആണ്. അതിനാല്‍ ഇവയെ Objective Moral Values എന്ന് വിളിക്കാം. ഓബ്‌ജെക്ടീവ് ആയ മൂല്യങ്ങളുടെ ഈ അംഗീകാരമാണ് തികച്ചും വ്യക്ത്യുദാരവാദപരമായ അതുകൊണ്ടു തന്നെ chaotic ആയ കേവലയുക്തിവാദത്തില്‍ നിന്ന് ഒരു പ്രത്യയശാസ്ത്രമെന്ന നിലയില്‍ മതത്തെ വേര്‍തിരിക്കുന്നത്.

ഇതിന്റെ ആധാരത്തില്‍ മനുഷ്യന്റെ ധര്‍മത്തെ നിര്‍ണയിക്കാനും മതം ഉദ്യുക്തമാവുന്നു. ചുമതലകളാണ് ഇത്. ഇതിനെ Objective Moral Duties എന്നും വിളിക്കാം. ഈ മൂല്യങ്ങളുടെയും ദൗത്യങ്ങളുടെയും അംഗീകാരത്തിന്റെ കാര്യത്തില്‍ മതത്തോടൊപ്പം നില്‍ക്കുന്ന ഭൗതികപ്രത്യയശാസ്ത്രങ്ങളുമുണ്ട്.

എന്നാല്‍ അഭൗതികമായ ഒരു ചുമതലാബോധവുമായി ഇതിനെ ബന്ധിപ്പിക്കുന്നു എന്നതാണ് മതത്തിന്റെ സവിശേഷത. ഈ ബോധത്തെ Moral Accountability എന്നും പറയാം.

പകരം വെക്കാനാവാത്ത ഈ മൂന്ന് തത്വങ്ങളിന്മേലാണ് മതം ജീവിതത്തെയും സംസ്‌കാരത്തെയും നിര്‍ണയിക്കുന്നത്.

ഒരു ഐഡിയോളജിയുടെ അഭാവം ചോദ്യം ചെയ്യപ്പെടുന്നത് ഈ തത്വങ്ങളുടെ അഭാവത്തിലാണ്. ഒരടിത്തറയുമില്ലാത്ത, തികച്ചും കയോട്ടിക് ആയ ഒരു സമ്പ്രദായത്തെ എത്ര തന്നെ പൊക്കിപ്പറഞ്ഞാലും ഇതിന് പകരം സ്ഥാപിക്കാനാവില്ല.

രണ്ടാമത്തെ കാര്യം നിരീക്ഷണങ്ങളിലൂടെ ബോധ്യപ്പെടുന്ന സത്യത്തെ മാത്രമാണ് ‘യുക്തിവാദി’ അംഗീകരിക്കുന്നത് എന്നതാണ്. അതായത് യാഥാര്‍ത്ഥ്യവും ജ്ഞാനവും പ്രത്യക്ഷം മാത്രമാണ്. അനുമാനങ്ങളെയോ ഉപമാനങ്ങളെയോ അംഗീകരിക്കുന്നില്ല. അതിരിക്കട്ടെ, ഇതിനെ ശാസ്ത്രവുമായി കൂട്ടിക്കെട്ടുകയാണ് നാസ്തികർ ചെയ്യാറുള്ളത്.

ഇവിടെ ശാസ്ത്രത്തെസ്സംബന്ധിച്ച ചില നിരീക്ഷണങ്ങള്‍ പ്രസക്തമാണ് എന്ന് തോന്നുന്നു.

ആവശ്യങ്ങളില്‍ നിന്നാണ് ശാസ്ത്രം ഉണ്ടാകുന്നതെന്ന് ജെ.ഡി ബര്‍ണലിന്റെ ഒരു നിരീക്ഷണമുണ്ട് (Science in History). എന്നല്ല, പരിഹരിക്കുന്നതിനുള്ള ആവശ്യങ്ങളുടെ ക്രമത്തെ നിര്‍ണയിക്കലാണ് ശാസ്ത്രം എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഈ ക്രമത്തിന് പ്രത്യയശാസ്ത്രവുമായി ബന്ധമുണ്ട്. ഒരു മുതലാളിത്തസമൂഹത്തിന്റെയും കമ്യൂനിസ്റ്റ് സമൂഹത്തിന്റെയും മുന്‍ഗണനാക്രമങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ട്.

മാത്രവുമല്ല, ശാസ്ത്രം അതിന്റെ സ്‌പോണ്‍സറോട് പ്രതിബദ്ധമായിരിക്കും എന്നും ബര്‍ണല്‍ വിവരിക്കുന്നു. ഈ സ്‌പോണ്‍സര്‍ വ്യക്തിയോ ജനങ്ങളോ ഭരണകൂടമോ ആയിരിക്കാം. പ്രത്യയശാസ്ത്രപരമായ നിലപാടുകളില്‍ നിന്ന് മുക്തമാവാറില്ല ഈ മൂന്ന് സംവര്‍ഗങ്ങളും. അതായത് ശാസ്ത്രം സ്വയം ഒരു സമീപനരീതിയായിത്തീരുകയല്ല, മറിച്ച് ശാസ്ത്രത്തെ പ്രത്യയശാസ്ത്രാധിഷ്ഠിതമായി സമീപിക്കുകയാണ് ചെയ്യാറുള്ളത് എന്നര്‍ത്ഥം.

ഒരു സമൂഹത്തിന്റെയോ ആ സമൂഹത്തിലെ അംഗം എന്ന നിലക്ക് വ്യക്തിയുടെയോ ലക്ഷ്യങ്ങളെയും പ്രവര്‍ത്തനങ്ങളെയും പ്രതിപാദിക്കുകയും നിര്‍ണയിക്കുകയും ചെയ്യുന്ന ആശയങ്ങളുടെ സമാഹാരത്തെയാണ് സാധാരണഗതിയില്‍ പ്രത്യയശാസ്ത്രം എന്ന് പറയുക. ചിലപ്പോള്‍ അത് അധികാരത്തെ രൂപപ്പെടുത്തുന്ന ഒരു ഘടകമാവാം, അല്ലെങ്കില്‍ അധികാരി വര്‍ഗം സമൂഹത്തിലെ അംഗങ്ങള്‍ക്കായി മുന്നോട്ടു വെക്കുന്ന ആശയങ്ങളുടെ കൂട്ടവുമാവാം. ഇവിടെ അധികാരത്തിന്റെ താല്‍പര്യങ്ങളും സമൂഹത്തിന്റെ അവബോധം, ലക്ഷ്യങ്ങള്‍ എന്നിവയുമൊക്കെയാണ് ഒരു പ്രത്യയശാസ്ത്രത്തെ പിന്തിരിപ്പനോ പുരോഗമനപരമോ ഒക്കെ ആക്കുന്നത്.

നിലവിലുള്ള ആശയങ്ങളുമായി ആഖ്യാനപരവും നിരന്തരവുമായ ചിന്താപ്രക്രിയയിലൂടെ ബന്ധങ്ങള്‍ ഉറപ്പിക്കുകയും അതിലൂടെ പുരോഗതിയും മാറ്റങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്യുക എന്നത് പ്രത്യയശാസ്ത്രത്തിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്നാണ്.

സവിശേഷവും പൊതുകാര്യങ്ങളെ ബാധിക്കുന്നതുമായ ചിന്താപദ്ധതി എന്ന നിലക്ക്, നാം അംഗീകരിച്ചാലും ഇല്ലെങ്കിലും പ്രത്യയശാസ്ത്രം സമൂഹത്തിന്റെ കേന്ദ്രബിന്ദുവായി പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ രാഷ്ട്രവും ഓരോ സമൂഹവും ബോധത്തിലോ അബോധത്തിലോ ഒരു പ്രത്യയശാസ്ത്രത്തെ പിന്‍തുടരുകയും മുന്നോട്ട് പോക്ക് ഉറപ്പ് വരുത്തുകയും ചെയ്യുന്നു.

പ്രശ്‌നങ്ങളെ ഒന്നൊന്നായി നിര്‍ദ്ധാരണം ചെയ്ത് ഇന്നത്തേതില്‍ നിന്നും മെച്ചപ്പെട്ട നാളെയെ സൃഷ്ടിക്കുക എന്നത് മാത്രമേ മനുഷ്യസാധ്യമാകൂ എന്ന കാര്യത്തിൽ തർക്കമില്ല. ഈ മെച്ചപ്പെട്ട നാളെയെ സൃഷ്ടിക്കുന്നേടത്ത്, സമൂഹത്തിന്റെ പുരോഗതി ഉറപ്പ് വരുത്തുന്നേടത്താണ് ബോധത്തിലോ അബോധത്തിലോ പ്രത്യയശാസ്ത്രം പിന്‍തുടരപ്പെടുന്നുണ്ട് എന്ന് ഞാന്‍ പറഞ്ഞത്.

പ്രശ്‌നങ്ങള്‍ ഒറ്റമൂലം അല്ലാത്തതിനാല്‍ പരിഹാരമായി ഒറ്റമൂലി സാധ്യമല്ല എന്ന ഒരു തമാശയും മുന്നോട്ട് വെച്ചിട്ടുണ്ട് ‘യുക്തിവാദി’നേതാവ്. അതായത് പ്രത്യയശാസ്ത്രത്തെ ഒരു ഒറ്റമൂലിയായാണ് സോകോൾഡ് യുക്തിവാദികൾ കാണുന്നത്. ഇത് അതിനെക്കുറിച്ച കാഴ്ചപ്പാടിന്റെ അഭാവം വ്യക്തമാക്കുന്നു. എന്തെന്നാല്‍ പ്രത്യയശാസ്ത്രം ഇപ്പറഞ്ഞതു പോലുള്ള ഒരു ഒറ്റമൂലി അല്ല.

Ravi Viswanathan
by Ravi Viswanathan

കേവലയുക്തിവാദവുമായുള്ള സംവാദത്തിന്റെ മുഖ്യമായ പ്രശ്‌നവും അത് കേവലമാണ് എന്നത് തന്നെയാണ്. പ്രത്യയശാസ്ത്രത്തെ നിരാകരിക്കുന്നേടത്ത് അത് കേവല ഉദാരവാദമായും മാറുന്നു. കൃത്യമായ ഒന്നും വെക്കാനില്ലാത്തതു കൊണ്ടാണ് അത് നിഷേധാത്മകമായി മാറുന്നത്. മതത്തെ വിമര്‍ശിക്കുക എന്നതിനപ്പുറം ഒരജണ്ടയില്ലതിന്.

മതം വിമര്‍ശനാതീതമാണ് എന്നല്ല ഇവിടെ പറയുന്നത്. ജീവിതത്തിന്റെ ക്രമപ്രവൃദ്ധമായ പുരോയാനത്തെ അതെങ്ങനെ വായിക്കുന്നു എന്നതും അതിലുണ്ടാകുന്ന വ്യതിയാനങ്ങളെ എങ്ങനെ തിരുത്താന്‍ ശ്രമിക്കുന്നു എന്നതും പ്രധാനമാണ്.

കേവലയുക്തിവാദത്തെ ഒരു ദര്‍ശനമായി അംഗീകരിക്കാന്‍ പറ്റില്ല. ഒരു സമൂഹത്തെ നിര്‍വചിക്കുന്നേടത്ത് ഖുര്‍ആന്‍ പറയുന്ന ഒരു തത്വമുണ്ട്. ലികുല്ലിന്‍ വിജ്ഹതുന്‍ എന്നതാണത്. ഓരോ സമൂഹത്തിനും അവരവരുടേതായ ഒരു വിജ്ഹ ഉണ്ട് എന്നര്‍ത്ഥം. വിജ്ഹ എന്ന പദത്തിന് ലക്ഷ്യസ്ഥാനം, നിലപാട്, ആഭിമുഖ്യം എന്നെല്ലാം അര്‍ത്ഥം പറയാം. മനുഷ്യര്‍ക്കിടയിലെ വ്യത്യസ്ത സമൂഹങ്ങളും പ്രസ്ഥാനങ്ങളും വ്യത്യസ്തലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നു.

ഖുര്‍ആന്‍ കേന്ദ്രമാക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ രീതിശാസ്ത്രം വെച്ച് ആ ലക്ഷ്യങ്ങളില്‍ നന്മയും തിന്മയുമുണ്ട്. ദേശീയവും വംശീയവുമായ മേല്‍ക്കോയ്മകള്‍ പോലും പ്രസ്ഥാനങ്ങളുടെ ലക്ഷ്യങ്ങളായിത്തീര്‍ന്നേക്കാം. അതായത് ഫലത്തില്‍ അവ മനുഷ്യവിരുദ്ധമായിത്തീരുന്നു എന്നും വരാം. അതേസമയം മൊത്തം മാനുഷ്യകത്തിന്റെ നന്മയും അധഃസ്ഥിതന്റെ വിമോചനവും ലക്ഷ്യങ്ങളായെടുക്കുന്ന പ്രസ്ഥാനങ്ങളുമുണ്ട്. ഏതിനോടായാലും അവയിലെ നന്മകളില്‍ സഹകരിക്കണം എന്ന് ഖുര്‍ആന്‍ അതിന്റെ അനുഗാതാക്കളോട് കല്‍പിക്കുന്നുമുണ്ട്.

വിജ്ഹ ഇല്ലാത്തതിനെ ഒരു സമൂഹമായോ പ്രസ്ഥാനമായോ അംഗീകരിക്കാന്‍ പറ്റില്ല. കമ്യൂനിസത്തിന് കൃത്യമായ ഒരു വിജ്ഹ ഉണ്ട്. അതിനാല്‍ പൊതുനന്മയെ ലാക്കാക്കി അതുമായി സംവാദവും സഹകരണവും ആവശ്യമായി വരും.

വിജ്ഹ ഉണ്ടാകുന്നത് പ്രത്യയശാസ്ത്രത്തില്‍ നിന്നാണ്. പ്രത്യയശാസ്ത്രത്തിന്റെ അഭാവത്തില്‍ ശാസ്ത്രയുക്തിയുടെയും അമൂര്‍ത്തമായ മനുഷ്യസ്‌നേഹത്തിന്റെയും ലേബലില്‍ ലിബറല്‍ ബൂര്‍ഷ്വാ യുക്തികളുടെ പ്രചാരകരായിത്തീരുകയാണ് ഫലത്തില്‍ കേവലയുക്തിവാദികള്‍. ഇതിന്റെ പേരിലാണ് കമ്യൂനിസത്തെയും അവര്‍ക്ക് തള്ളിപ്പറയേണ്ടി വരുന്നത്.

പ്രത്യയശാസ്ത്രത്തെക്കുറിച്ച, ഇത്രമേല്‍ ദുര്‍ബ്ബലവും അനാശാസ്യവുമായ വിലയിരുത്തല്‍ തന്നെ ഒരു രീതിശാസ്ത്രം എന്ന നിലക്കും കേവലയുക്തിവാദത്തിന്റെ നിലനില്‍പിനെ അസാധുവാക്കുന്നു.

One thought on “പ്രത്യയശാസ്ത്രവും നാസ്തികയുക്തിവാദവും

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s