അവന്റെ അസ്ഥികള്‍ ഓട്ടുകുഴലുകള്‍ പോലെയും അവയവങ്ങള്‍ ഇരുമ്പഴികള്‍ പോലെയും

മുഹമ്മദ് ശമീം

പുളഞ്ഞു പായുന്ന ലിവിയതാനെ അന്ന് കര്‍ത്താവ് തന്റെ വലുതും അതിശക്തവുമായ ഖഡ്ഗം കൊണ്ട് ശിക്ഷിക്കും (ബൈബിള്‍ എശയ്യാ 27 : 1)

ബൈബിള്‍ പഴയ നിയമത്തില്‍ സങ്കീര്‍ത്തനങ്ങള്‍ 104 : 26, എശയ്യാ 27 : 1, ഇയ്യോബ് നാല്‍പത്തൊന്നാമധ്യായം എന്നീ ഭാഗങ്ങേളില്‍ പരാമര്‍ശിക്കുന്ന ഭീകരകടല്‍ വ്യാളിയാണ് ലിവിയതാന്‍ (ലെവായതൻ). ഹീബ്രുവില്‍ ഈ പദത്തിന് വലിയ തിമിംഗലം എന്നു മാത്രമാണ് അര്‍ത്ഥം. സെന്റ് തോമസ് അക്വിനാസ് ഇതിനെ അസൂയയുടെ ദുര്‍ഭൂതം എന്നു വിശേഷിപ്പിച്ചിട്ടുണ്ട്.

"The Leviathan" painting by Arthur Rackham
“The Leviathan” painting by Arthur Rackham

പില്‍ക്കാലത്ത് സോഷ്യല്‍ കോണ്ട്രാക്റ്റിനെക്കുറിച്ച തോമസ് ഹോബ്‌സിന്റെ സിദ്ധാന്തത്തിന്റെ പേരായി ഇത് മാറി. 1651ല്‍ ഹോബ്‌സ് എഴുതിയ പുസ്തകത്തിന്റെ പേര് ലിവിയതാന്‍ എന്നായിരുന്നു. സുസംഘടിതമായ ദേശീയ ഭരണസംവിധാനത്തിന്റെ സുരക്ഷിതത്വത്തില്‍ ജീവിക്കുന്നതിനു പകരമായി മനുഷ്യന്‍ തന്റെ സ്വാഭാവികസ്വാതന്ത്ര്യം ബലികഴിക്കാന്‍ തയാറാകുന്ന രീതിയില്‍ സമൂഹത്തിനു രൂപം നല്കുന്ന രാഷ്ട്രീയതത്വശാസ്ത്രം ആണ് സോഷ്യല്‍ കോണ്ട്രാക്റ്റ്. ഇത് കേന്ദ്രീകൃത അധികാരത്തിന്റെ തത്വശാസ്ത്രമായി മാറി. കടലിനെ അടക്കിഭരിക്കുന്ന, ചാട്ടുളികള്‍ക്ക് ഭേദിക്കാന്‍ കഴിയാത്ത ചര്‍മകാഠിന്യമുള്ള, ബൈബിളിലെ സമുദ്രവ്യാളി അതിശക്തമായ അധീശത്വമുഷ്‌കിന്റെ അടയാളമായിത്തീരുന്നതങ്ങനെയാണ്.

മേയര്‍ വാദിം എന്ന കഥാപാത്രത്തിലൂടെ ആന്ദ്രേ സ്വ്യാജിൻത്സേവ് (Andrei Zvyaguinitsev) ലിവിയതാനെ പുനഃസൃഷ്ടിക്കുകയാണ് Leviathan എന്നു തന്നെ പേരുള്ള റഷ്യന്‍ ചലച്ചിത്രത്തില്‍. അഴിമതിക്കാരനും അധീശരൂപവുമായ മേയറുമായി ഏറ്റുമുട്ടേണ്ടിവരുന്നു ചിത്രത്തിലെ കഥാനായകനായ കോലിയയ്ക്ക്. കോലിയയിലൂടെ ബൈബിളിലെ ഇയ്യോബിനെ പുതിയ കാലത്തില്‍ വായിക്കാനും സ്വ്യാജിൻത്സേവ് ശ്രമിക്കുന്നുണ്ട്. എല്ലാം നഷ്ടപ്പെട്ട് തകര്‍ന്നു പോയ അവസ്ഥയില്‍ നിങ്ങളുടെ ദൈവം എവിടെയാണ് എന്ന് പുരോഹിതനോട് ചോദിക്കുന്ന കോലിയയോട് പുരോഹിതന്‍ ഇയ്യോബിന്റെയും ലിവിയതാന്റെയും കഥ പറയുന്നുമുണ്ട്.

Andreï_Zviaguintsev-_2016_(cropped)
ആന്ദ്രേ സ്വ്യാജിൻത്സേവ്

അതിസൂക്ഷ്മതലത്തിലാണ് ചിത്രത്തില്‍ രാഷ്ട്രീയം കൈകാര്യം ചെയ്യപ്പെടുന്നതെങ്കിലും ലിവിയതാന്‍ ശരിക്കും ഒരു രാഷ്ട്രീയ സിനിമയാണ്. സ്വ്യാജിൻത്സേവിന്റെ തന്നെ The Return എന്ന സിനിമ സ്ഥൂലതലത്തില്‍ പിതൃപുത്രസംഘര്‍ഷത്തിന്റെ വിശദമായ ഒരാഖ്യാനമാണെങ്കിലും പന്ത്രണ്ടു വര്‍ഷം മുമ്പ് അപ്രത്യക്ഷനായ, അധീശരൂപമായ അച്ഛന്റെ തിരിച്ചു വരവാണ് ചിത്രത്തിന്റെ കേന്ദ്രപ്രമേയമെന്നതില്‍ ആ സിനിമ നിര്‍മിക്കപ്പെടുന്നതിന് കൃത്യം പന്ത്രണ്ടു വര്‍ഷം മുമ്പ് തകര്‍ന്നു പോയ സോവിയറ്റ് യൂനിയനിലെ സര്‍വ്വാധിപത്യത്തെക്കുറിച്ച സൂക്ഷ്മനിരൂപണമുണ്ടെന്ന് ചിലരെങ്കിലും ചിന്തിച്ചിട്ടുണ്ട്. കോലിയ തന്റെ രണ്ടാം ഭാര്യ ലിലിയയോടും ആദ്യഭാര്യയിലെ മകന്‍ റോമയോടുമൊപ്പം താമസിക്കുന്ന, ഉത്തര റഷ്യയിലെ ബാരന്‍സ് കടല്‍ത്തീരത്തുള്ള വീട് ഒഴിപ്പിച്ചെടുക്കാനുള്ള ശ്രമം നടത്തുകയാണ് മേയര്‍ വാദിം. ഇതിനു തയ്യാറാകാതിരുന്ന കോലിയയ്ക്ക് പലതരത്തിലുള്ള പ്രതിബന്ധങ്ങളെയും നേരിടേണ്ടി വരുന്നു. നിയമപരമായി തന്നെ സഹായിക്കാനായി മോസ്‌കോവിലെ അഭിഭാഷകനായ സുഹൃത്ത് ദിമിത്രിയെ വരുത്തുകയാണ്. അതോടെ കോലിയയുടെ ജീവിതത്തില്‍ പലതും സംഭവിച്ചു. ദിമിത്രിയും ലിലിയയും തമ്മിലുണ്ടായ അവിഹിത ബന്ധം, ഇതറിയുന്ന റോമയുടെ അസ്വാസ്ഥ്യങ്ങള്‍, കടല്‍ത്തീരത്തെ ഭീകരജീവിയുടെ അസ്ഥികൂടം, ലിലിയയുടെ പാപബോധവും പശ്ചാത്താപവും മറ്റു ചില വന്‍ ദുരന്തങ്ങള്‍ക്കു വഴി തെളിച്ചത്.

പീഡാസഹനത്തിന്റെ മൂര്‍ച്ഛയിലാണ് കോലിയയെ പിന്നീട് നാം കാണുന്നത്. ഏറ്റവുമവസാനം മേയര്‍ വാദിമിന്റെ എസ്‌കവേറ്ററിന്റെ, ലിവിയാഥന്റേതു പോലുള്ള അതിന്റെ പല്ലുകളുടെ പിടിയില്‍ കോലിയയുടെ വീടും കടയും അകപ്പെടുക തന്നെ ചെയ്തു. അവസാനരംഗത്ത് എസ്‌കവേറ്റര്‍ നമ്മുടെ മുഖം മാന്തിപ്പൊളിക്കുകയാണെന്നു തോന്നിപ്പോകും. ബൈബിളിലെ ഇയ്യോബിന് ദൈവാനുഗ്രഹങ്ങളുടെ പുനരാഗമനമുണ്ടാകുന്നുണ്ട്. എന്നാല്‍ കോലിയയുടെ കഥ സ്യാഗനിറ്റ്‌സേവ് ഇവിടെ പറഞ്ഞു നിര്‍ത്തുകയാണ്. കോലിയയുടെ വീട് ഇരുന്നേടത്ത് ഉയര്‍ന്ന പള്ളിയില്‍ പാതിരി ഉപദേശപ്രസംഗം നടത്തിക്കൊണ്ടിരുന്നു. രാഷ്ട്രീയ മത അധികാരരൂപങ്ങള്‍ തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളെയും ചിത്രം അടയാളപ്പെടുത്തുന്നു.

kb3RNnn4CMPRSaGbrX1ejc7lcRNബോറിസ് യെല്‍സിനോട് രൂപസാദൃശ്യമുള്ളയാളാണ് ചിത്രത്തിലെ അധികാരരൂപമായ മേയര്‍. ചിത്രത്തിലൊരിടത്ത് വ്‌ലാദിമിര്‍ പുട്ടിന്റെ ചിത്രം ഒരു ദൈവചിത്രം പോലെ തൂങ്ങുന്നതും കാണാം. അതേസമയം സോവിയറ്റ് യൂനിയന്റെ ചരിത്രത്തോടും അതിന്റെ നേതാക്കളോടുമുള്ള മാറിയ റഷ്യയുടെ മനോഭാവത്തേയും സ്യാഗിനിറ്റിസേവ് അടയാളപ്പെടുത്തുന്നുണ്ട്. കോലിയയും സുഹൃത്തുക്കളും നടത്തുന്ന പിക്‌നിക്കില്‍ ഷൂട്ടിങ് വിനോദത്തിന് ഉന്നം പിടിക്കാന്‍ കൊണ്ടുവന്നത് പഴയ സോവിയറ്റ് നേതാക്കളുടെ, ലെനിന്‍ മുതല്‍ ഗൊര്‍ബച്ചേവ് വരെയുള്ളവരുടെ, ചില്ലിട്ട ചിത്രങ്ങള്‍. യെല്‍സിനും കൂടി വേണമായിരുന്നു എന്നൊരാള്‍ കമന്റും പറയുന്നുണ്ട്.

കേന്ദ്രീകൃതമായ അധികാരം വ്യക്തിയോടും ജീവിതത്തോടും ചെയ്യുന്ന അനീതിയുടെ ഹൃദയാവര്‍ജകമായ ആവിഷ്‌കാരമാണ് ലിവിയതാന്‍.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s