മുഹമ്മദ് ശമീം
സിനിമ എന്ന കലയുടെ മഹാചാര്യനായറിയപ്പെടുന്ന ഡി.ഡബ്ല്യൂ ഗ്രിഫിത്ത് സിനിമയില്‍ വന്നേക്കാവുന്ന പരിഷ്കാരങ്ങളെക്കുറിച്ച പ്രവചനങ്ങള്‍ നടത്തിയിരുന്നതായി വായിച്ചിട്ടുണ്ട്. എന്നാല്‍ അതോടൊപ്പം അദ്ദേഹം തറപ്പിച്ചു പറഞ്ഞ ഒരു കാര്യം സിനിമ ഒരിക്കലും സംസാരിക്കില്ല എന്നതായിരുന്നു. പ്രകാശത്തിന്റെ കളിയാണല്ലോ സിനിമ. പ്രകാശവും ശബ്ദതരംഗങ്ങളും തമ്മിലുള്ള ഭീമമായ പ്രവേഗവ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ ഒരിക്കലും ദൃശ്യങ്ങളും അതിനു വേണ്ട ശബ്ദങ്ങളും തമ്മില്‍ സിങ്ക് ആവില്ല എന്നതാണ് സിനിമയിലെ ശബ്ദപ്രവേശത്തെന്റെ സാധ്യതയെ നിരാകരിക്കാന്‍ കാരണമായിത്തീര്‍ന്നത്.
വര്‍ണങ്ങള്‍ ഉള്‍പ്പെടെ ഗ്രിഫിത്ത് പറഞ്ഞ കാര്യങ്ങളെല്ലാം പിന്നീട് സിനിമയില്‍ സംഭവിക്കുക തന്നെ ചെയ്തു. എന്നാല്‍ ഇതിനെല്ലാം മുമ്പ് ആദ്യമായി സംഭവിച്ചത് അദ്ദേഹം സാധ്യതയെത്തന്നെ നിരാകരിച്ച, ശബ്ദത്തിന്റെ സന്നിവേശമായിരുന്നു. അതും അദ്ദേഹത്തിന്റെ ജീവിതകാലത്തു തന്നെ. 1927 ലാണ് അലന് ഗോര്ലാന്റും ഗോര്‍ഡന്‍ ഹോലിങ്സ്ഹെഡും ചേര്‍ന്ന് വാര്‍ണര്‍ ബ്രദേര്സിനു വേണ്ടി നിര്‍മിച്ച The Jazz Singer റിലീസ് ആയത്. അതായിരുന്നു സിങ്ക്രണൈസ്ഡ് ഡയലോഗുകള്‍ ഉപയോഗിച്ച ആദ്യത്തെ സിനിമ. 1948 ലാണ് ഗ്രിഫിത്ത് അന്തരിക്കുന്നത്.
എന്നാല്‍ ഒരര്‍ത്ഥത്തില്‍ ജാസ് സിംഗറിനും മുമ്പു തന്നെ ശബ്ദങ്ങള്‍ സിനിമയില്‍ ഉപയോഗിച്ചിരുന്നു. അത് തിയറ്ററുകളില്‍ സംഗീതോപകരണങ്ങളുപയോഗിച്ചും കഥാസന്ദര്‍ഭങ്ങള്‍ വിളിച്ചു പറയുന്ന ആളെ നിര്ത്തിയുമൊക്കെയായിരുന്നു. ആകെ കോലാഹലമയമായിരിക്കും തിയറ്ററുകളും പരിസരവും.
അന്നത്തെ, ഒരുപക്ഷേ എക്കാലത്തെയും, ഏറ്റവും മഹാനായ ചലച്ചിത്രകാരന് ചാര്‍ലി ചാപ്ലിന് സംസാരിക്കുന്ന സിനിമകളെ താല്പര്യത്തോടെയല്ല കണ്ടത്. നിശ്ശബ്ദ സിനിമകള്‍ അതിന്റെ ഭാവപ്രകടനങ്ങളില്‍ വിശ്വവിശാലമായ അര്‍ത്ഥങ്ങളെ ഉള്‍ക്കൊള്ളുന്നുണ്ടെന്ന് 1931 ല്‍ അദ്ദേഹം എഴുതി. അതേസമയം The talking pictures necessarily have a limited field, they are held down to the particular tongues of particular races.
എന്നാല്‍ ശബ്ദസന്നിവേശത്തെ, അതിന്റെ പരിമിതികളെ മറികടക്കാന്‍ സാധിക്കുമെങ്കില്‍ സിനിമയില്‍ പ്രയോജനപ്രദമായി ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞേക്കുമെന്നും അദ്ദേഹം പറഞ്ഞു. 1931 ല്‍ സിറ്റി ലൈറ്റ്സിലും 1936 ല്‍ മോഡേണ്‍ ടൈംസിലും ചാപ്ലിന് അദ്ദേഹം തന്നെ കംപോസ് ചെയ്ത സിങ്ക്രണൈസ്ഡ് മ്യൂസിക് ട്രാക്കും സൗണ്ട് ഇഫക്ടുകളും ഉപയോഗിച്ചെങ്കിലും അതിലും സംഭാഷണങ്ങളുപയോഗിച്ചില്ല.
1940ലാണ് (ജാസ് സിങ്ങര്‍ ഇറങ്ങി പതിമൂന്നു വര്‍ഷത്തിനു ശേഷം) ചാപ്ലിന്റെ ആദ്യത്തെ ടോക്കി സിനിമ, The Great Dictator വരുന്നത്. അതിനു ശേഷം അദ്ദേഹം തന്നെ മൊസ്യൂ വെര്‍ദു, ലൈം ലൈറ്റ് തുടങ്ങിയ സംസാരിക്കുന്ന ചിത്രങ്ങള്‍ ചെയ്തു.

ചാപ്ലിന് ചൂണ്ടിക്കാണിച്ച പരിമിതി സംഭാഷണങ്ങള്ക്കുണ്ട്. അടിസ്ഥാനപരമായി സിനിമ കാഴ്ചയുടെ ഒരു കലയുമാണ്. എന്നാല്‍ ശബ്ദങ്ങള്‍ വളരെപ്പെട്ടെന്ന് തന്നെ സിനിമയുടെ അനിവാര്യഭാഗമായിത്തീര്ന്നു. കൃത്യമായി പ്രമേയത്തെയും പശ്ചാത്തലത്തെയും അനുഭവിപ്പിക്കുന്ന തരത്തിലുള്ള ശബ്ദങ്ങളെ വിന്യസിക്കുന്നതില്‍ വന്‍ പുരോഗതി തന്നെ സിനിമ കൈവരിച്ചു. എങ്ങനെ വേണമെങ്കിലും ശബ്ദങ്ങളെയും ദൃശ്യങ്ങളെയും സൃഷ്ടിക്കാന്‍ തന്നെ കഴിയുന്ന സാങ്കേതിക വിദ്യയുടെ കാലത്താണ് നാം ജീവിക്കുന്നത്.
എന്നാല്‍ എഴുപതുകളിലെ ശബ്ദസാങ്കേതിക വിദ്യകളുടെ പശ്ചാത്തലത്തില്‍ വ്യത്യസ്തമായ ഒരു കഥ പറയുകയാണ് ബ്രിട്ടീഷ് ചലച്ചിത്രകാരന് Peter Strickland, അദ്ദേഹത്തിന്റ Berberian Sound Studio (Italian, English/ UK/ 2012) എന്ന ചിത്രത്തില്‍.
സിനിമയെത്തന്നെ പ്രമേയമാക്കിയ ധാരാളം സിനിമകളുണ്ട്. അക്കൂട്ടത്തിൽത്തന്നെ സിനിമയുടെ വളർച്ചയെ അടയാളപ്പെടുത്തുന്ന ചിത്രങ്ങളുമുണ്ട്. ഹാസനാവിഷ്യസിന്റെ The Artist ശബ്ദ സിനിമകൾ കടന്നു വരുന്ന കാലത്തെയാണ് പശ്ചാത്തലമാക്കുന്നതെങ്കിൽ സിനിമയിൽ സ്പെഷൽ ഇഫക്ടും ഗ്രാഫിക്സും കൊണ്ടുവന്ന ജോർജ് മിലിയെസിന്റെകഥയാണ് സ്കോർസീസിന്റെ ഹ്യൂഗോയുടെ പ്രമേയം. എന്നാല്‍ സ്ട്രിക്ലാന്‍ഡ് പറയുന്നതാകട്ടെ, ഫോളി ആര്‍ട്ട് എന്ന ശബ്ദകലയുടെ കഥയാണ്.
ബ്രിട്ടീഷ് സൗണ്ട് എഞ്ചിനീയറായ ഗില്ദെറോയ് ഇറ്റലിയിലെ ബെര്‍ബേറിയന്‍ സൗണ്ട് സ്റ്റുഡിയോയില്‍ വന്നത് സാന്തിനി എന്ന സംവിധായകന്റെ The Equastrian Vortex എന്ന സിനിമയുടെ ശബ്ദലേഖന ജോലികള്‍ക്ക് വേണ്ടിയാണ്. സിനിമയില്‍ Berberian Sound Studio എന്ന പേരും സ്ട്രിക്ലാന്‍ഡിന്റെ പേരും നമ്മള് അവസാനം മാത്രമേ കാണുന്നുള്ളൂ. തുടക്കത്തില്‍ കാണിക്കുന്ന ടൈറ്റിലുകള്‍ സാന്തിനിയുടെ ഇക്വെസ്ട്രിയന്‍ വോര്‍ടെക്സ് എന്ന, സിനിമയ്ക്കുള്ളിലെ സിനിമയുടേതാണ്.
തനി ശുദ്ധഗതിക്കാരനും ഗ്രാമീണനുമായ ഗില്ദെറോയ് ഇക്വെസ്ട്രിയന്‍ എന്നു കേട്ടപ്പോള്‍ കുതിരകളെപ്പറ്റിയുള്ള ഒരു സിനിമയായിരിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ജോലി തുടങ്ങിക്കഴിഞ്ഞപ്പോഴാണ് അയാള്‍ക്ക് മനസ്സിലായത് ഇതൊരു ഹൊറര്‍ സിനിമയാണെന്ന്. എന്നാല്‍ ഹൊറര്‍ സിനിമയാണിതെന്ന് സാന്തിനി സമ്മതിക്കുന്നില്ല. അയാളുടെ അഭിപ്രായത്തില്‍ ഇതൊരു സാന്തിനി സിനിമയാണ്. മഹത്തരമായ ഒന്ന്. ഹൊറര്‍ സിനിമ എന്ന് ഇതിനെ വിളിക്കരുതെന്ന് അയാള്‍ ഗില്ദെറോയെ താക്കീത് ചെയ്യുന്നുമുണ്ട്.
സിനിമയില്‍ പശ്ചാത്തലശബ്ദങ്ങളുണ്ടാക്കുന്ന കലയെ അക്കാലത്ത് ഫോളി ആര്‍ട്ട് (Foley Art) എന്നാണ് വിളിച്ചിരുന്നത്. പ്രേതങ്ങളും മന്ത്രവാദവുമൊക്കെ നിറഞ്ഞു നില്ക്കുന്ന ഇക്വെസ്ട്രിയന്‍ വോര്‍ടെക്സ് എന്ന സിനിമ ടൈറ്റിലുകള്ക്കപ്പുറം നാം കാണുന്നില്ലെങ്കിലും സ്റ്റുഡിയോയിലുണ്ടാക്കുന്ന ശബ്ദങ്ങളിലൂടെ ആ സിനിമയും നമ്മള് അനുഭവിക്കുന്നുണ്ട്. ഒറ്റക്കാഴ്ചയില്‍ രണ്ട് സിനിമകള്‍ കണ്ട പ്രതീതി.
ദുര്‍മന്ത്രവാദമാരോപിച്ച് പീഡിപ്പിക്കപ്പെടുന്ന തെരേസയുടെയും മോനിക്കയുടെയും ശബ്ദങ്ങള്‍ സില്‍വിയ, ക്ലോഡിയ എന്നീ ഫോളി ആര്‍ടിസ്റ്റുകളിലൂടെ നാം കേള്‍ക്കുന്നു. കെട്ടുകണക്കിന് പച്ചക്കറികള്‍ കൊണ്ടുവന്ന് അവയുടെ മേല്‍ കത്തി കൊണ്ട് കുത്തിയും അവ ചതച്ചരച്ചും വെള്ളമൊഴിച്ചും ഷൂസുകള്‍ നിലത്തിട്ടടിച്ചും കര്‍ട്ടനുകള്‍ ഉലച്ചുമൊക്കെയാണ് ഫോളി ആര്ടിസ്റ്റുകള് സ്റ്റുഡിയോയില്‍ പശ്ചാത്തല ശബ്ദങ്ങളുണ്ടാക്കിയിരുന്നത്. കൂട്ടത്തില്‍ സില്‍വിയയുടെയും ക്ലോഡിയയുടെയും തൊണ്ട പൊട്ടുമാറുള്ള അലര്‍ച്ചകളും ചില നേരങ്ങളിലുള്ള കനത്ത നിശ്ശബ്ദതയുമൊക്കെക്കൂടി സ്റ്റുഡിയോയെത്തന്നെ ഒരു പ്രേതഭവനമാക്കി മാറ്റുന്നു.
അക്കാലത്ത് സിനിമയില്‍ സൗണ്ട് ഇഫക്ടുകള്‍ വരുത്തുന്ന രീതിയുടെ വിശദമായ ചിത്രീകരണം ബെര്‍ബേറിയന്‍ സറ്റുഡിയോ എന്ന സിനിമയെ സിനിമയെക്കുറിച്ചു തന്നെയുള്ള പാഠപുസ്തകമാക്കിത്തീര്ക്കുകയാണ്. അറുപതുകളിലെയും എഴുപതുകളിലെയും സിനിമകളില്‍ നാം കേട്ട അലര്‍ച്ചകളും ദീനരോദനങ്ങളും നിശ്വാസങ്ങളും കാല്പ്പെരുമാറ്റങ്ങളുമൊക്കെ സൃഷ്ടിക്കാന്‍ വേണ്ടി അന്നത്തെ ഫോളി കലാകാരന്മാര് സഹിക്കേണ്ടി വന്ന ത്യാഗങ്ങളെ സ്റ്റ്രിക്ക്ലാന്റ് വളരെ കൃത്യമായും വിശദമായും വരച്ചു കാണിക്കുന്നുണ്ട്.
എന്നാല്‍ ഈ കലാകാരന്മാരോട് അന്നത്തെ നിര്‍മാതാക്കളും സംവിധായകരും കാണിച്ച അനീതികളും ചെറുതല്ല. അതും ഈ സിനിമയുടെ മുഖ്യപ്രമേയമാണ്. തൊണ്ട പൊട്ടിക്കരഞ്ഞ ക്ലോഡിയ അതിന്റെ അവസാനത്തില്‍ നിര്‍ത്താതെ ചുമച്ചു പോകുന്നുണ്ട്. എന്നാല്‍ ആ സമയത്ത് നിര്‍മാതാവ് ഫ്രാന്‍സെസ്കോ പ്രതികരിക്കുന്നത് നിന്റെ ഓര്‍ഗാസത്തിന്റെ ശബ്ദമല്ല എനിക്ക് വേണ്ടതെന്നും അത് നീ നിന്റെ അടുത്ത കാസ്റ്റിങ് ഡയറക്ടറെ കേള്‍പ്പിച്ചാല്‍ മതി എന്നുമാണ്. അന്നും ഇന്നും തൊഴിലിടങ്ങളില്‍ പൊതുവേയും സിനിമയിലും മറ്റ് വിനോദവ്യവസായങ്ങളിലും പ്രത്യേകിച്ചും നിലനില്‍ക്കുന്ന, കാസ്റ്റിങ് കൌച് പോലുള്ള ലൈംഗിക ചൂഷണത്തിന്റെ സാക്ഷ്യവും കൂടിയാകുന്നു അത്.
സ്വതവേ ഇക്വെസ്ട്രിയന്‍ വോര്‍ടെക്സിന്റെ സ്വഭാവം തന്നെ ശുദ്ധനായ ഗില്ദെറോയില് പരിഭ്രാന്തികള്‍ സൃഷ്ടിച്ചിരുന്നു. ഇത്തരം സംഭവങ്ങളാകട്ടെ, ആ മനുഷ്യനെ കൂടുതല്‍ തളര്‍ത്തി. നാട്ടിനെക്കുറിച്ച സ്മരണകളിലും അവിടെ നിന്ന് അമ്മ അയക്കുന്ന കത്തുകളിലും അയാള്‍ ആശ്വാസം കണ്ടെത്താന്‍ ശ്രമിച്ചു. അയാള്‍ പുനഃസൃഷ്ടിക്കേണ്ടിയിരുന്ന ശബ്ദങ്ങള്‍ അയാളെത്തന്നെ വേട്ടയാടിത്തുടങ്ങി. ദുഃസ്വപ്നങ്ങള്‍ അയാളുടെ വിരുന്നുകാരായി.
ദുര്മന്ത്രവാദമാരോപിക്കപ്പെട്ട സില്‍വിയയുടെ ഗുഹ്യഭാഗത്ത് ചൂടുള്ള പീഡനോപകരണം കയറ്റുന്ന ശബ്ദമുണ്ടാക്കാന്‍ ഫ്രാന്‍സെസ്കോ പറഞ്ഞപ്പോള്‍ അയാള്‍ ശരിക്കും നടുങ്ങി.
കലയെക്കുറിച്ച് കുറേക്കൂടി ഉയര്‍ന്ന ധാരണയുള്ളവരായിരുന്നു ഫോളി ആര്‍ടിസ്റ്റുകളായ സില്‍വിയയും ക്ലോഡിയയും. ഇടയ്ക്ക് അവര്‍ തമ്മില്‍ ഈ സിനിമയെപ്പറ്റി ഒരു സംസാരം നടന്നു. അതു കേള്‍ക്കാനിടയായ ഫ്രാന്‍സെസ്കോ നിങ്ങളുടെ സിനിമാ തിയറികള്‍ പിന്നീട് പുറത്തെടുക്കാം, ഇവിടെ നിങ്ങള്‍ നിങ്ങളുടെ ജോലി ചെയ്താല്‍ മതി എന്നു ശകാരിച്ചു. സൗണ്ട് എഞ്ചിനീയറായ ഗില്ദിറോയ്ക്കു പോലും അയാള്‍ യാത്ര ചെയ്ത വിമാന ടിക്കറ്റ് പോലും കമ്പനി ശരിയായി നല്‍കുന്നില്ല.
അഹങ്കാരിയും സ്ത്രീലമ്പടനുമായ സാന്തിനിക്ക് ഈ ശബ്ദകലാകാരന്മാരും തന്റെ ഭോഗോപകരണങ്ങള് മാത്രമായിരുന്നു. സില്‍വിയയെ അയാള്‍ ക്രൂരമായി ബലാല്‍സംഗം ചെയ്തതായി ഗില്ദിറോയോടൊപ്പം നമ്മളും മനസ്സിലാക്കുന്നു. എന്നാല്‍ സില്‍വിയ ഇതിന് പകരം ചെയ്തു. താന്‍ ചെയ്തു വെച്ചിരുന്ന ജോലികള്‍ പോലും താറുമാറാക്കിയും ടേപ്പുകൾ നശിപ്പിച്ചും അവള് അപ്രത്യക്ഷയായി. ശബ്ദചിത്രീകരണം പുനരാരംഭിക്കേണ്ടി വന്ന സ്റ്റുഡിയോയില്‍ പിന്നീട് തെരേസയുടെ ഭാഗം ചെയ്യുന്നത് എലീസ എന്ന നടിയാണ്.
സാവകാശം ഗില്ദെറോയില് വലിയ പരിവര്‍ത്തനം സംഭവിച്ചു. സാന്തിനിയുടെ ഹൊറര്‍ സിനിമ സൃഷ്ടിക്കുന്ന കുറ്റകൃത്യങ്ങളുടെയും ബാധയുടെയും അതോടൊപ്പം സ്റ്റുഡിയാക്കകത്ത് നിലനില്‍ക്കുന്ന ബ്യൂറോക്രസിയുടെയും തൊഴില്‍ പീഡനങ്ങളുടെയുമൊക്കെ ലോകത്തിന്റെ ഭാഗമായി അയാൾ മാറി. യാഥാര്‍ത്ഥ്യവും കൃത്രിമലോകവും തമ്മിലും സിനിമയും ജീവിതവും തമ്മിലുമുള്ള വേര്‍തിരിവ് അയാളില്‍ നിന്ന് മാഞ്ഞുതുടങ്ങി.
ബ്രിട്ടനിലെ ഗ്രാമീണ ലോകത്തില്‍ നിന്നും വന്ന അയാളുടെ നിഷ്കളങ്കത അന്നത്തെ അക്രമാസക്തമായ ഇറ്റാലിയന്‍ സിനിമയിലെവിടെയോ നഷ്ടമായി. പീഡനവിധേയയാകുന്ന തെരേസയുടെ അലറിക്കരച്ചില്‍ കൂടുതല്‍ തനിമയുറ്റതാക്കാന് വേണ്ടി എലീസ എന്ന പുതിയ ഫോളി ആര്ടിസ്റ്റിനെ മാരകമായി വേദനിപ്പിച്ച് കരയിക്കാന്‍ അയാള്‍ ഫ്രാന്സെസ്കോയ്ക്ക് കൂട്ടു നിന്നു.
സിനിമ, അതിലെ ശബ്ദ ചിത്രീകരണം, ഫോളി ആര്‍ട് തുടങ്ങിയവയെക്കുറിച്ചുള്ള മികച്ച പാഠപുസ്തകം എന്ന നിലയിലും മറ്റ് തൊഴിലിടങ്ങളില്‍ എന്ന പോലെ സിനിമയിലും നില നില്ക്കുന്ന ബ്യൂറോക്രസിയുടെയും പീഡനത്തിന്റെയും ചിത്രീകരണം എന്ന നിലയിലും ഗില്ദെറോയ് എന്ന കഥാപാത്രത്തിന്റെ മനസ്സിന്റെ സൂക്ഷ്മതലങ്ങളെ പിന്തുടരുന്ന സിനിമ എന്ന നിലയിലും മികച്ചു നില്ക്കുന്ന ബെര്‍ബേറിയന്‍ സൗണ്ട് സ്റ്റുഡിയോയെ ഗില്ദെറോയ് ആയി വന്ന ടോബി ജോണ്‍സിന്റെ പ്രകടനം തിളക്കമുറ്റതാക്കുന്നു. ഒറ്റ ലൊക്കേഷനിലാണ് സിനിമ പൂര്‍ണമായും ചിത്രീകരിച്ചിരിക്കുന്നത്. ഒട്ടേറെ അന്തര്‍ദ്ദേശീയ പുരസ്കാരങ്ങളും ബെര്‍ബേറിയന്‍ സൗണ്ട് സ്റ്റുഡിയോക്ക് ലഭിച്ചിട്ടുണ്ട്.