നിശ്ശബ്ദതയിലൂടെ സംവദിക്കുന്ന സ്ത്രീകൾ

മുഹമ്മദ് ശമീം
ഒസ്‌കുറോ (Oscuro) എന്ന സ്പാനിഷ് പദത്തിന് Obscure എന്ന ഇംഗ്ലീഷ് വാക്കിന്റെ അര്ത്ഥമാണ്. Oscuro Animal എന്നാൽ Dark Beast. കൊളംബിയയിലെ യുദ്ധസമാനമായ അന്തരീക്ഷത്തിൽ നിന്ന് കാട്ടിലേക്ക് രക്ഷപ്പെട്ട് വ്യത്യസ്തങ്ങളായി വഴികളിലൂടെ ജീവിതം കണ്ടെത്താൻ ശ്രമിക്കുന്ന മൂന്ന് സ്ത്രീകളുടെ കഥയാണ് ഫെലിപ് ഗെറേറോവിന്റെ (Felipe Guerrero) debut feature film ആയ Oscuro Animal എന്ന കൊളംബിയൻ സ്പാനിഷ് സിനിമ.
മന്ദഗതിയിലുളള്ളതും സുദീര്ഘവുമായ അലച്ചിലിന്റെ കഥ പറയുന്ന ഒസ്‌കുറോ ആനിമലിൽ സംഭാഷണങ്ങളില്ല. പശ്ചാത്തലസംഗീതം അതിമിതമായി മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. അതുകൊണ്ടു തന്നെ പശ്ചാത്തലത്തിലെ സ്വാഭാവിക ശബ്ദങ്ങളിലേക്ക് നമ്മുടെ കേൾവി കേന്ദ്രീകരിക്കപ്പെടുന്നു. ബൊഗോട്ടയിലെ War-torn ഗ്രാമങ്ങളിലെ തോക്കുകളുടെ ശബ്ദത്തോട് മൽസരിക്കുന്നത് കാട്ടിലെ കാറ്റിന്റെയും അരുവികളുടെയും ഒഴുക്കും കിളികളുടെ ചിലപ്പും തന്നെ.
സ്ത്രീകൾക്ക് ശബ്ദം നിഷേധിക്കുന്ന സാമൂഹ്യവ്യവസ്ഥയെ അടയാളപ്പെടുത്തുന്നുണ്ട് ചിത്രത്തിലെ സംഭാഷണരാഹിത്യം. ഒപ്പം ജീവിതത്തിൽ നിന്ന് തന്നെ ഒളിച്ചോടാൻ അവരെ നിര്ബ്ബന്ധിതരാക്കുന്ന രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ച ഒട്ടേറെ ചോദ്യങ്ങളും അതുയര്ത്തുന്നു. അതേസമയം റോഷ്യോയും ലാ മോണയും നെൽസയും പ്രതിലോമപരമായ ഈ political backdrop ല് നിന്ന് മുക്തരായി സ്വന്തം അസ്തിത്വവും ജീവിതവും കണ്ടെത്താനാണ് ശ്രമിക്കുന്നത്. ഒസ്‌കുറോ ആനിമൽ തീർച്ചയായും ഒരു രാഷ്ട്രീയ സിനിമയാണ്, ഒരു തത്വശാസ്ത്ര സിനിമയുമാണ്. നിര്ബ്ബന്ധമായും കണ്ടിരിക്കേണ്ട ഒരു സിനിമയുമാണ് അത്.
ബൊഗോട്ടയിലെ (കൊളംബിയയുടെ തലസ്ഥാനം) പാരാമിലിറ്ററിയിൽ നിന്ന് രക്ഷ തേടിയാണ് അവർ മൂവരും സഞ്ചരിച്ചത്. തികച്ചും വ്യത്യസ്തങ്ങളായ, തമ്മിൽ കൂട്ടിമുട്ടാത്ത കഥകളാണ് മൂവരുടേതും. പാരാമിലിട്ടറിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടോടിയതാണ് റോഷ്യോ. തകർന്നും വിജനമായും കിടക്കുന്ന തന്റെ വീടും പരിസരവും അവളെ സ്തബ്ധയാക്കുന്നു. ആ നേരത്തുള്ള അവളുടെ സ്തബ്ധത അനുവാചകന്റെ നിശ്വാസങ്ങളെ ഉലയ്ക്കുന്നതാണ്. കുറേ അധികം സമയം ഈ അനക്കമില്ലായ്മ നമ്മള് അനുഭവിക്കുന്നുണ്ട്. പിന്നെ ഉണര്ന്ന അവൾ പാരാമിലിറ്ററിയുടെ തിരിച്ചു വരവ് ഭയന്ന് അവളുടെ അത്യാവശ്യസാധനങ്ങളെുത്ത് അവിടെ നിന്നും പലായനം ചെയ്യുകയാണ്.
oscuro_animal_posterനാം കണ്ടുതുടങ്ങുമ്പോൾ ബാലിശമായ സ്വഭാവമാണ് ലാ മോണയുടേത്. അവൾ പാവക്കുട്ടികളോടൊത്ത് കളിയിലേര്പ്പെട്ടിരിക്കുന്നു. പാവകൾക്ക് അംഗഭംഗം വന്നിട്ടുണ്ട്. അവളവളുടെ കാമുകനെ കാത്തിരിക്കുകയാണ്. ഗര്ഭിണിയാണ് അവൾ. എന്നാൽ അതിക്രൂരനായ പാരാമിലിറ്ററി ഭടനായ കാമുകൽ അവളെ നിരന്തരം ഭേദ്യം ചെയ്യുകയും ക്രൂരമായ ബലാൽസംഗങ്ങള്ക്കിരയാക്കുകയും ചെയ്യുന്നു. അയാളിൽ നിന്ന് അവൾക്ക് കിട്ടിയ ഗർഭം അലസിപ്പോയി. ഉറങ്ങിക്കിടക്കുന്ന അയാളെ കത്തി കൊണ്ട് ആവർത്തിച്ച് കുത്തി കൊലപ്പെടുത്തിയ ശേഷമാണ് ലാ മോണ രക്ഷപ്പെടുന്നത്. ആ യാത്രയുടെ ക്ലേശം ഉള്ളുലക്കുന്നതാണ്. അലസിപ്പോയ ഗർഭത്തിന്റെ ശേഷിപ്പ് രക്തപ്രവാഹമായി അവളുടെ ജീൻസിനെ ചുവപ്പിച്ചിട്ടുണ്ട്.
വ്യത്യസ്തമാണ് നെൽസയുടെ കഥ. അവൾ പാരാമിലിറ്ററിയില് അംഗം തന്നെയായിരുന്നു. ഭടന്മാർ വംശഹത്യ ചെയ്ത കർഷകരുടെ ശവശരീരങ്ങൾ കുഴിച്ചിടുകയാണ് അവൾ. സഹപ്രവര്ത്തകരായ male soldiers നെക്കാൾ കരുത്തോടെ അവളാ ജോലി ചെയ്യുന്നുണ്ടെങ്കിലും അവളിൽ മുള പൊട്ടിത്തുടങ്ങുന്ന അന്തക്ഷോഭങ്ങൾ നമുക്ക് വായിച്ചെടുക്കാം. ഒന്നാന്തരം പ്രകടനമാണ് മൂന്ന് നടിമാരും (Marleyda Soto as Rocio, Jocelyn Menese as La Mona and Luisa Vides as Nelsa) കാഴ്ചവെച്ചിരിക്കുന്നത്. ആൺപട്ടാളക്കാരുടേതിന് തുല്യമായ പ്രവൃത്തികൾ താനും ചെയ്തിട്ടും അവര്ക്കില്ലാത്ത അധികബാധ്യത നെൽസയിൽ വന്നു ചേരുന്നു. അവളുടെ കമാന്ററെ ലൈംഗികമായി സുഖിപ്പിക്കുക എന്നതായിരുന്നു അത്. ഒരു കത്രിക കൊണ്ട് നീണ്ടു കിടക്കുന്ന തന്റെ മുടിയിഴകൾ മുറിച്ചു കളഞ്ഞ് അവളും പുറപ്പെടുകയാണ്.
വാക്കുകളുടെ നിശിതമായ ആക്രമണത്തിന് ഇരയായിക്കൊണ്ടല്ലാതെ സംഭാഷണങ്ങളില്ലാത്ത ഈ പടം നാം കണ്ടു തീര്ക്കുന്നേയില്ല. കാടിന്റെ സൗന്ദര്യം അനുഭവിപ്പിക്കുന്നതോടൊപ്പം ദൃശ്യങ്ങൾ കാട് നല്കുന്ന സുരക്ഷയെക്കൂടി മുദ്രണം ചെയ്യുന്നു.

 

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s