ക്വീർ

മുഹമ്മദ് ശമീം

(സ്വവര്‍ഗരതിയെപ്പറ്റി, ഇസ്‌ലാമിക ധര്‍മനീതിയുടെ പ്രതലത്തിൽ നിന്നുകൊണ്ടുള്ള ഒരന്വേഷണം)

അല്‍പം മുമ്പൊരിക്കൽ ഒരു ചെറുപ്പക്കാരനുമായി പുത്തൻ ലൈംഗികാഭിനിവേശങ്ങളെപ്പറ്റി സംസാരിക്കാനിട വന്നു.

സ്വവര്‍ഗരതി ആയിരുന്നു അവന്റെ വിഷയം. എഴുപതുകള്‍ക്ക് മുമ്പ് ഒരു ക്രമഭംഗം (disorder) ആയി പരിഗണിക്കപ്പെട്ടിരുന്ന സ്വവര്‍ഗരതി പിന്നീട് സ്വാഭാവികമായി മാറിയതെങ്ങനെ എന്ന സംശയമാണ് ഞാനുന്നയിച്ചത്. ജനിതകവും മനശ്ശാസ്ത്രപരവുമായ കാരണങ്ങള്‍ക്കപ്പുറം സാമൂഹികവും രാഷ്ട്രീയവുമായ പശ്ചാത്തലങ്ങൾ ഇതിനുണ്ടോ?

ചരിത്രം
അതുമായി ബന്ധപ്പെട്ട് ഞാൻ മനസ്സിലാക്കിയ ചെറിയൊരു ചരിത്രവിവരണമാവാം. ഇതെഴുതുന്നയാൾ ഒരു മനശ്ശാസ്ത്രജ്ഞനല്ല. ജനിതകശാസ്ത്രത്തിലും ആധികാരികമായ അറിവൊന്നുമില്ല. മുകളിൽ സൂചിപ്പിച്ചതു പോലെ ഈ ലേഖനത്തിന്റെ ഉദ്ദേശ്യം ഈ വിഷയത്തെ ഇസ്ലാമിക് എതിക്സിന്റെ ആധാരത്തിൽ, ഞാൻ നേടിയ ഖുർആനിക അവബോധത്തിന്റെ ആധാരത്തിൽ നിന്നു കൊണ്ട് സമീപിക്കാൻ ഒരു ശ്രമം നടത്തുക എന്നതാണ്.

സ്വവര്‍ഗരതി, പരവര്‍ഗരതി പോലെത്തന്നെ ജന്മസിദ്ധവാസനയാണെന്ന വാദം 1901ല്‍ ഹാവ്‌ലോക് എല്ലിസ് ആണ് ഉയര്‍ത്തിയത്. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധം വരെ നിലനിന്നിരുന്ന ചര്‍ച്ചകളിൽ ഏറ്റവും പുരോഗമനപരമായി സ്വീകരിക്കപ്പെട്ടിരുന്ന വാദം പക്ഷേ മറ്റൊന്നായിരുന്നു.

സ്വവര്‍ഗാഭിവാഞ്ഛയെ മതം, പാപം തുടങ്ങിയ പ്രതലങ്ങളിൽ നിന്ന് പുറത്തേക്ക് കൊണ്ടുവരികയും പാതോളജിയുടെ (രോഗനിദാനശാസ്ത്രം) പരിഗണനയിൽ അതിനെ ഉള്‍പ്പെടുത്തുകയും ചെയ്യുന്നതായിരുന്നു അത്. ഒരു രോഗി പാപിയെപ്പോലെയോ കുറ്റവാളിയെപ്പോലെയോ അഭിശപ്തനല്ലെന്ന നിലപാട് മാത്രമായിരുന്നു അത്.

1593162224854
എല്ലിസ്, ഫ്രോയ്ഡ്, ഹൂക്കർ

അതേസമയം ഈ അഭിവാഞ്ഛ പാതോളജിക്കൽ പ്രശ്‌നമല്ലെന്നും അത് സ്വാഭാവികമാണെന്നുമുള്ള നിലപാടാണ് എല്ലിസ് ഉയര്‍ത്തിയത്. പാതോളജി അല്ലെന്ന കാര്യത്തിൽ എല്ലിസുമായി യോജിക്കുന്ന ഫ്രോയ്ഡ്‌ പക്ഷേ, മറ്റൊരു വീക്ഷണമാണ് മുന്നോട്ടു വെച്ചത്. ഗുണപ്രദമായ ഒരു കാര്യമല്ലെങ്കിലും സ്വവര്‍ഗലൈംഗികത ലജ്ജാകരമോ ഉപദ്രവകരമോ അല്ലെന്ന് Letter to an American Mother ൽ അദ്ദേഹം കുറിക്കുന്നുണ്ട്.

സഹജമായി ഉഭയരതിവാഞ്ഛയുള്ളവരാണ് (bisexual) മനുഷ്യർ എന്നാണ് ഫ്രോയ്ഡിന്റെ പക്ഷം. മാതാപിതാക്കളും മറ്റുള്ളവരുമായുള്ള ഇടപെടലുകളിലൂടെയും സാഹചര്യത്തിന്റെ സ്വാധീനം നിമിത്തവും അപരവര്‍ഗരതിതല്‍പരരോ (heterosexual) സ്വവര്‍ഗരതിതല്‍പരരോ (homosexual) ആവുകയാണത്രേ.

എന്നാൽ ഇന്‍ഹെറന്റ് ബൈസെക്ഷ്വാലിറ്റി എന്ന ഫ്രോയ്ഡിയൻ അനുമാനത്തോട് പില്‍ക്കാല സൈക്കോഅനലിസ്റ്റുകൾ യോജിക്കുന്നില്ല. അവരിൽ പലരുടെയും വാദപ്രകാരം ഹെറ്ററോസെക്ഷ്വാലിറ്റി തന്നെയാണ് ജന്മസഹജവാസന. തന്റെ ലൈംഗികചോദനയുടെ പൂര്‍ത്തീകരണത്തിന് തടസ്സം നേരിടുന്ന ഘട്ടത്തിൽ കണ്ടെത്തുന്ന പരിഹാരശ്രമങ്ങളിൽ നിന്നാണ് സ്വവര്‍ഗലൈംഗികത ഉണ്ടാവുന്നതെന്ന് പോലും അവരിൽ ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഒരു വ്യക്തിയില്‍, അയാളുടെ സൈക്കോസെക്ഷ്വൽ വികാസത്തിലെ ഈഡിപ്പൽ ഘട്ടത്തിൽ (ഏതാണ്ട് അഞ്ച് വയസ്സ് വരെ) പാതോളജിക്കൽ കുടുംബബന്ധങ്ങൾ സൃഷ്ടിക്കുന്ന പ്രവണതയായാണ് മറ്റു ചില സൈക്കോഅനലിസ്റ്റുകൾ ഇതിനെ കാണുന്നത്.

അതേസമയം ഇത്തരം നിഗമനങ്ങളെ തള്ളിക്കളയുന്നവർ പറയുന്ന ന്യായങ്ങളിൽ ഒന്ന് രോഗികൾ എന്ന നിലക്ക് തങ്ങളുടെ പരിചരണത്തിൽ കഴിയുന്നവരെ മാത്രമേ സൈക്കോഅനലിസ്റ്റുകൾ വിശകലനം ചെയ്യുന്നുള്ളൂ എന്നാണ്. ഒരു വ്യതിയാനം എന്ന നിലക്ക് ചികില്‍സ തേടുന്നവരുമായി ബന്ധപ്പെട്ട നിഗമനങ്ങൾ ഒരു സ്വത്വവിഭാഗത്തിന് മേൽ സാമാന്യവല്‍ക്കരിക്കുന്നത് ശരിയായ നടപടിയല്ലെന്ന് അവർ വാദിക്കുന്നു.

സ്വവര്‍ഗരതിയെ സ്വാഭാവികമായി കാണുന്നതിലും ഡിസോഡറുകളുടെ പട്ടികയിൽ നിന്ന് അതിനെ നീക്കം ചെയ്യുന്നതിലും ഏറ്റവും സ്വാധീനം ചെലുത്തിയിട്ടുള്ളത് അമേരിക്കൻ സൈക്കോളജിസ്റ്റ് ഈവ്‌ലിൻ ഹൂക്കറുടെ പഠനങ്ങളാണ്. ഇതിനെ മനോരോഗവുമായി ബന്ധപ്പെടുത്തുന്ന പ്രവണത ഒട്ടും ശരിയല്ലെന്ന് അവർ ശക്തിയായി വാദിച്ചു. ഈ പ്രവണത നിമിത്തമാണ് സ്വവര്‍ഗാഭിമുഖ്യമുള്ളവർ മനോവിഭ്രാന്തി ബാധിച്ചവരായി തെറ്റിദ്ധരിക്കപ്പെടുന്നത്. കൾചറൽ ഹെറ്ററോ-സെക്സിസത്തെ തീര്‍ത്തും നിരാകരിച്ച ഹൂക്കർ വികാസപരമായി ഹോമോസെക്ഷ്വാലിറ്റി എന്നത് ഹെറ്ററോസെക്ഷ്വാലിറ്റിയെക്കാൾ ഒട്ടും അധമമല്ലെന്നും സ്ഥാപിക്കാൻ ശ്രമിച്ചു.

ഹൂക്കറുടെ വാദങ്ങളെയും പഠനങ്ങളെയും തുടര്‍ന്നാണ് അമേരിക്കൻ സൈക്കിയാട്രിക് അസോസിയേഷന്റെ The Diagnostic and Statistical Manual of Mental Disorders (DSM) ൽ നിന്ന് സ്വവര്‍ഗരതിയെ നീക്കം ചെയ്തത്.

സംശയപ്രകടനം മാത്രമായിരുന്നു യഥാർത്ഥത്തിൽ എന്റേത്. എന്നാൽ ഇതിന് ആ ചെറുപ്പക്കാരൻ പറഞ്ഞ മറുപടികളൊന്നും എനിക്കത്ര തൃപ്തികരമായി തോന്നിയില്ല. ഒരുപക്ഷേ, അയാള്‍ക്ക് കൂടുതൽ അറിയാത്തതു കൊണ്ടാവാം. അല്ലെങ്കിൽ എനിക്കറിയാത്തതുകൊണ്ടുമാവാം. ഭിന്ന ലൈംഗിക പ്രകൃതങ്ങളെപ്പറ്റി തീരെ അജ്ഞനാണ് ഞാൻ എന്ന് സ്വയം കരുതുന്നില്ല. എന്നാലും ചില സംശയങ്ങൾ ഉണ്ടാവാമല്ലോ.

ന്യായം
ധാർമികതയുമായി ബന്ധപ്പെട്ട ഉദ്വേഗം എന്നത് അത്ര നിസ്സാരമായ ഒരു കാര്യമായി ഇതെഴുതുന്നയാൾക്ക് തോന്നുന്നില്ല. അതേസമയം വ്യക്തിയുടെ അഭിനിവേശങ്ങളെ പൂർണമായും തളച്ചുകളയുന്ന സദാചാരവാദത്തോടും ആഭിമുഖ്യമില്ല. അത്തരം സദാചാരവാദവും അധികാരവും തമ്മിൽ ബന്ധമുണ്ട്. ഒരേസമയം അനുസരണവും അക്രമപ്രവണതയുമുള്ള ആളുകളെ സൃഷ്ടിക്കുന്നതിൽ ഷണ്ഡീകരണത്തിനുള്ള പ്രാധാന്യം അത്ര ചെറുതാണെന്ന് കരുതുന്നില്ല.

ഇതിൽ രണ്ടാമത് പറഞ്ഞ കാര്യം, സദാചാരവാദവും മതാധികാരങ്ങളുടെ ഇടപെടലുകളും, നാം പിന്നീട് ചർച്ച ചെയ്യുന്നുണ്ട്. ധാർമികബോധം എന്നത്, ഭൌതികതയും ആത്മീയബോധവും തമ്മിൽ പൊരുത്തമുള്ള, സന്തുലിതനായ മനുഷ്യനെ സൃഷ്ടിക്കുന്നതിൽ, അത്തരമൊരവസ്ഥയിലേക്ക് തന്നെത്തന്നെ പരിവർത്തിപ്പിക്കുന്നതിൽ മനുഷ്യനെ സഹായിക്കുന്ന ഘടകങ്ങളിൽ പ്രധാനമാണ്. ഒരുപക്ഷേ, മനുഷ്യചരിത്രത്തിന്റെ ശരിയായ വായന തന്നെ, ധാർമികബോധത്തിലുണ്ടായ വികാസവുമായി ബന്ധപ്പെട്ടതാണെന്ന് ഈ കുറിപ്പുകാരൻ കരുതുന്നു.

ഈ നിലപാടിൽ നിന്നു കൊണ്ടു ചിന്തിക്കുമ്പോൾ പറയാവുന്ന ചില കാര്യങ്ങളുണ്ട്. ഒന്നാമത്, ലൈംഗിക അഭിവിന്യാസങ്ങൾ (sexual orientations) പലതരത്തിലുണ്ട്. ചിലര്‍ക്ക് സാധാരണയിലും കവിഞ്ഞ ലൈംഗികാസക്തി ഉണ്ടായി എന്നു വരാം. ഇതിനെ ഒരു paraphilia (വ്യക്തികളോടോ വസ്തുക്കളോടോ സാഹചര്യങ്ങളോടോ അസ്വാഭാവികമായി തോന്നുന്ന ലൈംഗികമോഹത്തെയാണ് പാരഫീലിയ എന്ന് പറയുക) ആയി പരിഗണിക്കാൻ പറ്റില്ല. അതേസമയം ഈ അതിലൈംഗികാസക്തിയും (hypersexuality or sexual addiction) ഒരു ക്രമഭംഗമായാണ് (disorder) മനസ്സിലാക്കപ്പെടാറുള്ളത്. പാരഫീലിയ തന്നെ പലവിധമുണ്ട്. ഇവയിൽ പലതിനെയും കേവലം ക്രമഭംഗം (disorder) ആയല്ല, മറിച്ച് വ്യതിയാനം (deviation) ആയിത്തന്നെയാണ് പരിഗണിച്ചു പോരുന്നത്. ചിലര്‍ക്ക് ബലാല്‍സംഗത്തോട് ആഭിമുഖ്യം കാണും. രേഖപ്പെടുത്തപ്പെട്ടിട്ടുള്ള മനോവ്യതിയാനം തന്നെയാണതും. ബയാസ്റ്റോഫീലിയ അഥവാ റാപ്‌റ്റോഫീലിയ (biastophilia or raptophilia) എന്ന് ഇതിന് പേരും ഉണ്ട്. ഇതിനെക്കാൾ അപ്പുറത്തും ഉണ്ട് സൈക്കിയാട്രിക് ഡിസോഡറുകള്‍. ആന്ത്രൊപ്പോഫിഗലേഗ്നിയ (anthropophagalagnia) എന്ന ഡിസോഡർ ബാധിച്ചവരിൽ റാപ്‌റ്റോഫീലിയക്കൊപ്പം കാനിബാളിസം കൂടി ഉണ്ടാകുമത്രേ. എന്നുവെച്ചാൽ അവർ ബലാല്‍സംഗം ചെയ്ത ശേഷം ഇരയെ കൊന്നു തിന്നും.

A painting by Shilo Shiv Suleman
A painting by Shilo Shiv Suleman

മനുഷ്യരല്ലാത്ത ജീവികളോട് കാമാസക്തി തോന്നുന്ന bestiality അഥവാ zoophilia, ശവശരീരങ്ങളെ കാമിക്കുന്ന necrophilia, കുട്ടികളോട് കാമാസക്തി പ്രകടിപ്പിക്കുന്ന paedophilia എന്നു തുടങ്ങി രതിചിത്രങ്ങളും പോൺ ഫിലിമുകളും കണ്ട് രതിമൂര്‍ഛയനുഭവിക്കുന്ന pictophilia, പരസ്യമായോ എതിര്‍ലിംഗത്തില്‍പ്പെട്ടവരുടെ ശരീരത്തിലേക്കോ മൂത്രവിസര്‍ജനം നടത്തി ഉന്മത്തരാകുന്ന urolagnia, വിസര്‍ജ്യം മണത്തും ശരീരത്തിൽ പുരട്ടിയും നിര്‍വൃതി നേടുന്ന coprophilia, അടിവസ്ത്രം ഉള്‍പ്പെടെയുള്ള നിര്‍ജീവ വസ്തുക്കളിൽ കാമാസ്വാദനം കേന്ദ്രീകരിക്കപ്പെടുന്ന fetishism എന്നിങ്ങനെ ആ പട്ടിക നീണ്ടു നീണ്ട് പോകും.

ഇതൊക്കെയും വ്യത്യസ്തങ്ങളായ ഓറിയന്റേഷനുകൾ തന്നെയാണ്. പൂരപ്പറമ്പിലും ബസ്സിലുമൊക്കെ പെണ്ണുങ്ങളുടെ ശരീരത്തിൽ ലിംഗമുരസി നിര്‍വൃതി കൊള്ളുന്നവര്‍ക്കും കിടപ്പറകളിൽ ഒളിഞ്ഞു നോക്കുന്നവര്‍ക്കുമൊക്കെ സുന്ദരമായ പേരുകളുണ്ട്. ഒന്നാമത്തെ കൂട്ടർ ഫ്രോട്ടേറുകളാണെങ്കിൽ (frotteur) രണ്ടാമത്തെ വിഭാഗത്തെ വിളിക്കുന്നത് വോയുറുകൾ (voyeur) എന്നാണ്.

ഇവരിലൊക്കെയും വലിയൊരു വിഭാഗം ആളുകൾ സ്വാഭാവിക രതിബന്ധത്തിൽ തല്‍പരരല്ലാത്തവരാണ്. ചിലർ അതിന് പറ്റാത്തവർ പോലുമാണ്. ഇവരുടെ അഭിനിവേശങ്ങളെയും വികാരങ്ങളെയും നാം ഏത് രീതിയിലാണ് പരിചരിക്കുക?

എന്റെ ചോദ്യം അയാള്‍ക്കത്ര പിടിച്ചില്ലെന്ന് തോന്നുന്നു. സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലങ്ങളൊന്നുമില്ല. അയാൾ പറഞ്ഞു. ഹോമോസെക്ഷ്വാലിറ്റി ഒരു സ്വാഭാവികാഭിനിവേശം മാത്രമാണ്.

ഏതായാലും പെട്ടെന്ന് അങ്ങനെയൊരു തീരുമാനത്തിലെത്താൻ എനിക്ക് പ്രയാസമുണ്ട്. കാരണം, ആധുനികമോ ഉത്തരാധുനികമോ ആയ തത്വചിന്തകളുടെയൊന്നും അകമ്പടിയില്ലാതെയാണെങ്കിലും ഖുര്‍ആനിൽ ഖൗമു ലൂത്വ് എന്ന് വിളിക്കപ്പെടുന്ന, സദൂമിലെ സമുദായം പറഞ്ഞ ന്യായവും മറ്റൊന്നല്ലല്ലോ.

ആ വായന ശരിയല്ല. അവർ കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നവരായിരുന്നു, പിന്നെ ആക്രമണകാരികളും.

അതെങ്ങനെ ശരിയാകും? ഖുര്‍ആനിൽ പ്രവാചകൻ അവര്‍ക്കെതിരെ ഉന്നയിച്ച കുറ്റാരോപണം വളരെ വ്യക്തമാണ്. ‘ലൂത്വിനെ നാം നിയോഗിച്ചു. അദ്ദേഹം സ്വജനതയോട് പറഞ്ഞതെന്തെന്നാല്‍, നിങ്ങള്‍ക്കു മുമ്പ് ലോകത്താരും ചെയ്തിട്ടില്ലാത്ത നീചവൃത്തിയിൽ നിങ്ങളേര്‍പ്പെടുന്നതെന്ത്? നിങ്ങൾ കാമപൂര്‍ത്തിക്കായി സ്ത്രീകളെ ഒഴിവാക്കി പുരുഷന്മാരെ സമീപിക്കുകയാണല്ലോ. കൊടിയ അക്രമികൾ തന്നെയാണ് നിങ്ങള്‍’ (സൂറഃ അൽ അഅ്‌റാഫ്: 80-81). ഓ.., ഇവര്‍ വലിയ വിശുദ്ധന്മാർ എന്ന് അന്നാട്ടിലെ ‘ചിന്തകന്മാര്‍’ ലൂത്വിനെ പരിഹസിച്ചിരുന്നതായും തുടര്‍ന്ന് പറയുന്നുണ്ട്.

അപ്പോള്‍ ഇപ്പറഞ്ഞതിൽ കുട്ടികളെവിടെ, ആക്രമണമെവിടെ? പിന്നെയുള്ളത് ഒരു സംഭവമാണ്. ലൂത്വിന്റെ വീട്ടിലേക്ക് കൗമാരക്കാരായ മനുഷ്യരുടെ വേഷത്തിൽ ദൈവദൂതന്മാർ വന്ന സന്ദര്‍ഭം. അന്നേരം ആക്രമണോല്‍സുകരായി ആ ജനത പാഞ്ഞടുത്തു എന്നാണ്. സൂറഃ ഹൂദ് 77-83 ആയത്തുകളിൽ ഇക്കാര്യം പറയുന്നുണ്ട്. ഇതുകൊണ്ടു മാത്രം ആ ജനത ആക്രാമക ലൈംഗികതയുടെ ആളുകളാണെന്ന് വരുന്നില്ല. അവര്‍ക്കിടയിൽ നിന്നു കൊണ്ട് നിരന്തരം അവരെ ഉപദേശിക്കുന്ന പ്രവാചകനോടുള്ള രോഷം കൂടിയാവാം അവരെ അങ്ങോട്ടേക്ക് കുതിച്ചെത്താൻ പ്രേരിപ്പിച്ചത്.

എന്നു തന്നെയല്ല, തങ്ങളുടെ ലൈംഗിക അഭിവിന്യാസം ഇന്നതാണ് എന്നും മറിച്ചുള്ള ഒന്നിൽ തങ്ങൾ തല്‍പരരല്ല എന്നും ഈ ജനത ന്യായം പറയുന്നതും ഇതിനിടയില്‍ത്തന്നെയാണ് ഉള്ളത്. ‘യാ ഖൗമി ഹാഉലാഇ ബനാതീ, ഹുന്ന അത്വ്ഹറു ലകും’ (എന്റെ ജനമേ, ഇതാ എന്റെ പെണ്‍കുട്ടികള്‍, ഇവരല്ലേ നിങ്ങള്‍ക്ക് വിശുദ്ധരായ ഇണകള്‍) എന്ന് പ്രവാചകൻ പറഞ്ഞപ്പോള്‍, അവരുടെ പ്രതികരണം ‘ലഖദ് അലിംത മാലനാ ഫീ ബനാതിക മിൻ ഹഖ്, വ ഇന്നക ലതഅ്‌ലമു മാ നുരീദ്’ (നിന്റെ പെണ്‍കുട്ടികളിൽ ഞങ്ങള്‍ക്ക് യാതൊരു താല്‍പര്യവുമില്ലെന്നും ഞങ്ങളുടെ അഭിനിവേശം എന്താണെന്നും നിനക്ക് നന്നായറിയാമല്ലോ) എന്നായിരുന്നല്ലോ (ഹൂദ് 78-79).

സത്യത്തിൽ ഇതുതന്നെയാണ് ഇപ്പോഴും ഉന്നയിക്കപ്പെടുന്ന ന്യായം. അഭിനിവേശം വ്യത്യസ്തമാകുമ്പോൾ അത് സ്വാഭാവികമാകാൻ എത്ര സാധ്യതയുണ്ടോ അത്ര തന്നെയെങ്കിലും സാധ്യത അതൊരു ക്രമഭംഗമാകാനും ഉണ്ടല്ലോ.

ഞാൻ ചിന്തിക്കുന്നത്, ഒരുപക്ഷേ മുകളിൽ പറഞ്ഞ ഡിസോഡറുകളും ക്രമത്തിൽ ഡിസോഡറുകളല്ലാതായിത്തീരും എന്നാണ്. രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളിൽ പീഡോഫീലിയ തികച്ചും സ്വാഭാവികമാണെന്നും പീഡോഫൈലുകൾ ലൈംഗിക ന്യൂനപക്ഷ പരിഗണന അര്‍ഹിക്കുന്നവരാണെന്നും വാദങ്ങൾ ഉയര്‍ത്തപ്പെട്ടേക്കാം.

എന്റെ ഈ വര്‍ത്തമാനം അയാളെ തികച്ചും പ്രകോപിതനാക്കി. ആ സംസാരം അവിടെ അവസാനിക്കുകയും ചെയ്തു.

“Child Abuse” painting by Daniel Gilbreath

വിവിധം
പക്ഷേ, രണ്ടോ മൂന്നോ വര്‍ഷം വേണ്ടിവന്നില്ല. ഏതാണ്ട് ആറ് മാസത്തിനുള്ളില്‍ത്തന്നെ പീഡോഫൈൽ അഡ്വക്കറ്റുകളുടെ വാദങ്ങൾ കേരളത്തിലെ സാമൂഹ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിക്കുന്ന മലയാളികള്‍ക്കിടയിൽ പീഡോഫൈൽ അഡ്വോക്കസി തമാശയായി വിളിക്കപ്പെട്ടത് മഞ്ച് വാദം എന്നാണ്. അയല്‍പക്കത്തെ കൊച്ചുകുട്ടിക്ക് മഞ്ച് മിഠായി വാങ്ങിക്കൊടുക്കുന്നതിന്റെ പിന്നിലെ സ്വന്തം വികൃതാസക്തിയെ പവിത്രീകരിച്ചു കൊണ്ട് ഒരാൾ ഫേസ്ബുക്കിൽ ചെയ്ത പോസ്റ്റിൽ നിന്നാണ് ആ പേര് വന്നത്.

ആഗോളതലത്തിൽ ഇത്തരം വാദങ്ങൾ ശക്തമായി ഉന്നയിക്കപ്പെട്ടു തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളായി എന്ന് തന്നെ പറയാം. പീഡോഫൈൽ ആന്റ് പെഡറാസ്റ്റ് അഡ്വോക്കസി ഗ്രൂപ്പുകൾ ഇന്ന് പലേടത്തും നിലനില്‍ക്കുന്നുണ്ട്. (ബാലലൈംഗികാഭിനിവേശത്തിന് പൊതുവെ പീഡോഫീലിയ എന്നാണ് പേരെങ്കിലും മുതിര്‍ന്ന പുരുഷന്മാര്‍ക്ക് ചെറിയ ആണ്‍കുട്ടികളോട് തോന്നുന്ന ആകര്‍ഷണത്തെ പ്രത്യേകമായി pederasty എന്നാണ് പറയുക). IPCE എന്ന ഒരു അന്തര്‍ദ്ദേശീയ നെറ്റ്‌വര്‍ക്കുണ്ട്. International Pedophile and Child Emancipation എന്ന് പൂര്‍ണരൂപം. ഈ പേര് തന്നെ തമാശയാണ്. പീഡോഫീലിയയും ചൈല്‍ഡ് ഇമാന്‍സിപേഷനും (ബാലവിമോചനം) ഒരുമിച്ച് ചേര്‍ത്തിരിക്കുന്നു. കുട്ടികളോട് മുതിര്‍ന്നവര്‍ക്കുണ്ടാകുന്ന മോഹവൈകൃതത്തിലൂടെ കുട്ടികളുടെ വിമോചനമോ? ഒരുപക്ഷേ അങ്ങനെയുമാവാം. വിമോചനത്തെക്കുറിച്ച കാഴ്ചപ്പാടുകൾ പോലും പുത്തൻ ലിബറൽ കാലഘട്ടത്തിൽ മറ്റൊന്നാണല്ലോ.

സത്യത്തിൽ ഈ ഭ്രാന്ത് ഇവിടെയും നില്‍ക്കുന്നില്ല എന്നതാണ് വാസ്തവം. പീഡോഫൈൽ അഡ്വോക്കസിക്കുമപ്പുറം ഇപ്പോൾ incest advocacy വരെ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഏതൊരു ധര്‍മശാസ്ത്രമനുസരിച്ചും പരസ്പരം ലൈംഗികസമ്പര്‍ക്കത്തിലേര്‍പ്പെട്ടു കൂടാത്ത ബന്ധുക്കൾ തമ്മിലുള്ള ബന്ധമാണല്ലോ incest (അഗമ്യഗമനം).

ഇറാനിയന്‍-കനേഡിയൻ എക്‌സ് മുസ്‌ലിം എതീസ്റ്റും സെകുലർ ആക്ടിവിസ്റ്റും ആയി അറിയപ്പെടുന്ന, പോഡ്കാസ്റ്ററും വ്‌ലോഗറുമായ അര്‍മിൻ നവാബി ഇക്കഴിഞ്ഞ ജൂലൈയിൽ തന്റെ ട്വിറ്ററിൽ കുറിച്ചിട്ടത്, ഗര്‍ഭധാരണത്തിന് കാരണമായിത്തീരുന്നില്ലെങ്കിൽ അഗമ്യഗമനത്തിൽ യാതൊരു തെറ്റുമില്ല എന്നാണ്. അതിനാൽ പരസ്പര സമ്മതത്തോടെ പ്രായപൂര്‍ത്തിയെത്തിയവര്‍ക്കിടയിൽ നടക്കുന്ന ഹോമോസെക്ഷ്വൽ ഇന്‍സെസ്റ്റ് തികച്ചും ശരിയാണെന്നും അപ്രകാരം ബന്ധപ്പെടുന്ന രണ്ട് സഹോദരന്മാരെയോ സഹോദരികളെയോ തമ്മിൽ അകറ്റുന്നത് ‘അധാര്‍മികം’ ആണെന്നും നവാബി തുടരുന്നു.

ഒറ്റപ്പെട്ട വര്‍ത്തമാനങ്ങളായി തള്ളിക്കളയാവുന്നതല്ല ഒന്നും. അര്‍മിൻ നവാബിയുടെ ട്വീറ്റ് വരുന്നത് 2018 ജൂലൈയിലാണെങ്കിൽ 2016 ഫെബ്രുവരി 24 ലെ ഇന്‍ഡിപെന്‍ഡെന്റിൽ സ്വീഡിഷ് ലിബറൽ പീപ്പിള്‍സ് പാര്‍ട്ടിയുടെ യുവജനവിഭാഗമായ ലിബറൽ യൂത് ഒഫ് സ്വീഡന്റെ സ്റ്റോക്‌ഹോം ബ്രാഞ്ചിന്റെ ഒരു പ്രമേയം വായിക്കാം. അഗമ്യഗമനവും നെക്രോഫീലിയയും (ശവരതി) നിയമവിധേയമാക്കണം എന്നതായിരുന്നു ആ പ്രമേയം.

സ്വവര്‍ഗലൈംഗികതയെക്കുറിച്ച ചര്‍ച്ചയിൽ തുടക്കത്തില്‍ത്തന്നെ ഇത്രയും പറയുന്നത് ഈ ലേഖകനിൽ മുന്‍വിധി ആരോപിക്കാൻ നിമിത്തമായിത്തീരും എന്നറിയാതെയല്ല ഇതെഴുതിയത്. മുന്‍വിധി ഇല്ല എന്ന് എനിക്ക് വാദവുമില്ല. പ്രശ്‌നത്തെ ഏത് വീക്ഷണകോണിൽ സമീപിക്കുന്വോഴും ഇത്തരം വിഷയങ്ങള്‍ക്ക് പിന്നിൽ സജീവമായി പ്രവര്‍ത്തിക്കുന്ന ഉദാരലൈംഗികതയുടെ അപകടങ്ങളെപ്പറ്റി സൂചിപ്പിക്കുന്നത് അനിവാര്യമാണെന്ന് ഞാൻ കരുതുന്നു. വ്യക്തിയുടെ സ്വാതന്ത്ര്യവും സമൂഹത്തിന്റെ ഭദ്രതയും തമ്മിലുള്ള സംഘര്‍ഷത്തിൽ ശരിയായ നിലപാടുകൾ സ്വീകരിക്കുമ്പോള്‍, കേവല സദാചാരത്തിന്റെയല്ല (morality) മറിച്ച് ഭദ്രമായ ഒരു ധര്‍മനീതിയുടെ (ethics) പിന്‍ബലം അതിനുണ്ടാവുക എന്നതും അനിവാര്യമാകുന്നു.

മധ്യമം
ഇസ്‌ലാമിക ധര്‍മശാസ്ത്ര സങ്കല്‍പത്തിന്റെ പ്രധാന സവിശേഷത അത് ഒരുവശത്ത് മനുഷ്യന്റെ വൈകാരികാഭിനിവേശങ്ങളെയും വൈയക്തികാഭിലാഷങ്ങളെയും സര്‍ഗാത്മകവും ക്രിയാത്മകവുമായി സമീപിക്കുമ്പോള്‍ത്തന്നെ മറുവശത്ത് അതിന് കൃത്യമായ അതിരുകളും നിശ്ചയിക്കുന്നു എന്നതാണ്. ഇണയോടൊപ്പം ജീവിതോദ്യാനത്തിലേക്ക് കടക്കാനും അതിൽ വിഹരിക്കാനും ഇരുവര്‍ക്കുമിഷ്ടമുള്ളത് ഭുജിക്കാനും മനുഷ്യനോട് പറഞ്ഞത് കേവലം അനുവാദമെന്ന നിലയിലല്ല, മറിച്ച് കല്‍പനയെന്ന നിലയിലാണ്. അതാകട്ടെ, മനുഷ്യനോടുള്ള ദൈവത്തിന്റെ പ്രഥമ ധാര്‍മിക കല്‍പനയുമാണ്. നിത്യബ്രഹ്മചര്യത്തിൽ (celibacy) നിഷ്ഠനാവാൻ ഇസ്‌ലാം അനുവദിക്കുന്നു പോലുമില്ല എന്നതാണ് പ്രത്യേകം മനസ്സിലാക്കേണ്ടത്.

homo 2ഇഷ്ടമുള്ളത് ഭുജിക്കുക എന്നതിൽ വ്യക്തിയുടെ സ്വച്ഛന്ദതയും പരിരക്ഷിക്കപ്പെടുന്നു. അതേസമയം അതോട് ചേര്‍ത്തു തന്നെയാണ് പരിധിയെപ്പറ്റിയും ഉല്‍ബോധിപ്പിക്കുന്നത്. വിലക്കപ്പെട്ട മരം പ്രതീകവല്‍ക്കരിക്കുന്നത് പരിധികളെയാണ്. മതപരമായ ഭാഷയിൽ വിലക്കുകൾ എന്ന് പറയാം. സ്വച്ഛന്ദതയും വിലക്കുകളും തമ്മിൽ വൈരുധ്യമുണ്ട്. വൈരുധ്യങ്ങൾ മനുഷ്യജീവിതത്തിന്റെ അനിവാര്യതയാണ് താനും. വിരുദ്ധധ്രുവങ്ങൾ തമ്മിലുള്ള കൃത്യമായ വൈരുധ്യാത്മകബന്ധത്തെയാണ് ഒരു നിലപാടായി ഖുര്‍ആൻ അടയാളപ്പെടുത്തുന്നത്.

ഇതുപോലെ കൃത്യപ്പെടുത്തേണ്ട മറ്റൊരു വൈരുധ്യാത്മകബന്ധമാണ് വ്യക്തിയുടെ അഭിനിവേശങ്ങളും സമൂഹത്തിന്റെ താല്‍പര്യങ്ങളും തമ്മിലുള്ളത്. ഒരു വ്യക്തിയുടെ സ്വതന്ത്രവും തനതുമായ രീതികളെ ശീലങ്ങൾ എന്ന് പറയാം. അതേസമയം സമൂഹത്തിന്റെ താല്‍പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നത് സാമൂഹികാചാരങ്ങളിലാണ്. അതായത്, വൈയക്തികാഭിനിവേശങ്ങളും സാമൂഹികതാല്‍പര്യങ്ങളും തമ്മിലുള്ള വൈരുധ്യാത്മകതയെക്കാൾ ശീലങ്ങളും ആചാരങ്ങളും തമ്മിലുള്ള വൈരുധ്യാത്മകബന്ധം എന്ന് പറയുന്നതാവും കൂടുതൽ പ്രയോജനപ്രദം. ആചാരങ്ങൾ ശീലങ്ങളെ നിരാകരിക്കുന്നതാവരുത്. അഥവാ വ്യക്തിയുടെ സ്വഛന്ദതയെയും അഭിലാഷങ്ങളെയും അടിച്ചമര്‍ത്താൻ സമൂഹത്തിന് അധികാരമില്ല. നിയമങ്ങൾ അങ്ങനെയൊരു പ്രവണത കാണിക്കുമ്പോൾ അത് ദുരാചാരങ്ങളായിത്തീരും, അവിടെ കേന്ദ്രീകൃതസമഗ്രാധിപത്യം (authoritarianism) വളര്‍ന്നുവരും.

പൂര്‍ണമനുഷ്യൻ എന്ന ഒരു അരിസ്റ്റോട്ടിലിയൻ കാഴ്ചപ്പാടുണ്ട് (അരിസ്റ്റോട്ടിലിന്റെ സ്ത്രീവിരുദ്ധതയെ മറന്നു കൊണ്ടല്ല ഈ ചര്‍ച്ചയിൽ അദ്ദേഹത്തെ ഉദ്ധരിക്കുന്നത്). സമഗ്രതയാണ് മനുഷ്യജീവിതത്തിന്റെ സവിശേഷത. അതായത്, അരിസ്റ്റോട്ടിലിന്റെ അഭിപ്രായത്തിൽ പ്രകൃതിയുടെ മുഴുവൻ ജീവിതവും ജീവിക്കുന്നവനാണ് മനുഷ്യന്‍. എന്നാൽ എല്ലാ ഗുണങ്ങള്‍ക്കും പുറമെ അവന് യുക്തിസഹമായി ചിന്തിക്കാനുള്ള കഴിവുമുണ്ട്. അതിനാൽ അവനിൽ ദൈവികമായ യുക്തിയുടെ ജ്വലനമുണ്ട്. മനുഷ്യന് സന്തോഷിക്കാൻ കഴിയുന്നത് അവന്റെ എല്ലാ കഴിവുകളും സാധ്യതകളും ഉപയോഗിക്കുമ്പോൾ മാത്രമാണ്.

ഈ സന്തോഷാവസ്ഥയ്ക്ക് മൂന്ന് രൂപങ്ങളുണ്ട്. ആഹ്ലാദത്തിന്റെയും സുഖാനുഭവത്തിന്റെയും ജീവിതമാണ് അതിൽ ഒന്നാമത്തെത്. സ്വതന്ത്രനും എന്നാൽ ഉത്തരവാദിത്തമുള്ളവനുമായ പൗരൻ എന്ന നിലക്കുള്ളത് രണ്ടാമത്തെത്. അവസാനത്തെതാകട്ടെ, ചിന്തകനും ദാര്‍ശനികനും എന്ന നിലക്കുള്ള ജീവിതവും. ഈ മൂന്ന് ആനന്ദങ്ങളെയും ആസ്വദിക്കാൻ കഴിയുമ്പോഴാണ് ജീവിതം സമഗ്രമായിത്തീരുക.

സന്തുലിതത്വവും പക്വതയുമുള്ളപ്പോൾ മാത്രമേ ജീവിതത്തിന്റെ ലയാത്മകത കണ്ടെത്താൻ സാധിക്കൂ. അതിനാൽ മധ്യമസ്വഭാവത്തിലാവണം മനുഷ്യജീവിതം. ഇതിനെ അരിസ്റ്റോട്ടിൽ സുവര്‍ണമാധ്യമികത (golden mean or golden middle way) എന്നാണ് വിളിക്കുന്നത്. യഥാര്‍ത്ഥത്തിൽ എല്ലാ ക്ലാസ്സിക്കൽ തത്വചിന്തകന്മാരും പ്രവാചകന്മാരും അംഗീകരിച്ചതാണ് ഈ സന്തുലിതത്വം. ജീവിതം പക്വമായിത്തീരാൻ ആത്യന്തികമായ രണ്ടറ്റങ്ങൾ ഒഴിവാക്കപ്പെടണം എന്നേ ഇതിനര്‍ത്ഥമുള്ളൂ. ആത്യന്തികതകൾ ഒഴിവാക്കപ്പെടുമ്പോഴാണല്ലോ ഖുര്‍ആൻ പ്രഖ്യാപിക്കുന്ന ഉമ്മതുൻ വസത്വ് സാക്ഷാല്‍കൃതമാവുക. ജീവിതം ഈ സുവര്‍ണമാധ്യമികതയിലാവണം. ഭക്ഷണവും ലൈംഗികതയും മുതൽ ചെലവഴിക്കലും സാഹസികതയും വരെ എന്തിലും സ്വീകരിക്കപ്പെടേണ്ടത് ഈ മിതസമീപനമാണ് എന്നാണ് അരിസ്റ്റോട്ടിൽ വിശദീകരിക്കുന്നത്.

ശീലങ്ങളും ആചാരങ്ങളും തമ്മിലുള്ള വൈരുധ്യത്തിലും ഇതേ മധ്യമസമീപനമാണ് കൈക്കൊള്ളേണ്ടത്. ചുറ്റിലും ഒരു സമൂഹമില്ലെങ്കിൽ നാമാരും ശരിക്കുള്ള മനുഷ്യരാവില്ല. കുടുംബവും സമൂഹവും നമ്മുടെ പ്രാഥമികാവശ്യങ്ങളായ ആഹാരം, ലൈംഗികത തുടങ്ങിയവയെ ആരോഗ്യകരമായി നിര്‍വഹിച്ചു തരുന്നു. നമുക്ക് അനിവാര്യമായ സ്‌നേഹം പകര്‍ന്നു തരികയും ചെയ്യുന്നു. അതിനാൽ മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ്. ഏറ്റവും ഉന്നതമായ അവസ്ഥയിൽ ഒരു രാഷ്ട്രീയ ജീവിയും.

ഉദാരം
എന്നാൽ വ്യക്തിയെ സമൂഹത്തിൽ നിന്ന് വിച്ഛേദിക്കുകയാണ് ഉദാര വ്യക്തിവാദികൾ ചെയ്യുന്നത്. ഇതിൽ അങ്ങേയറ്റം അസഹിഷ്ണുതാപൂർണമായ നിലപാടുകളും പലപ്പോഴും പ്രകടിപ്പിക്കപ്പെടാറുണ്ട്. ഉദാരലൈംഗികതയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ അത് കൂടുതൽ ആക്രാമകമാകുന്നതായും കണ്ടിട്ടുണ്ട്. 1973 ലാണ് ഡി.എസ്.എം ഒഫ് മെന്റൽ ഡിസോഡേഴ്സിൽ നിന്ന് സ്വവർഗരതിയെ നീക്കിയതെങ്കിൽ ഹോമോഫോബ് എന്ന പദം അമ്പതുകളില്‍ത്തന്നെ സാമൂഹിക വ്യവഹാരങ്ങളുടെ ഭാഗമായിത്തീര്‍ന്നിരുന്നു. സത്യത്തിൽ ഇതൊരു ലേണിങ് പ്രോസസാണ്. പൊതുബോധത്തെ സ്വാധീനിക്കാനുള്ള വഴികള്‍. ‘സദാചാരവാദിക’ളുടെയും കുടുംബവാദികളുടെയും വിയോജിപ്പുകളെ ഹോമോഫോബിയ ആയി മുദ്ര കുത്തുന്നതോടെ അവർ നിശ്ശബ്ദരായിത്തീരുന്നു. അംഗീകരിച്ചില്ലെങ്കിൽ പിന്തിരിപ്പന്മാരായിത്തീരും എന്ന അവസ്ഥയാണ് അടുത്ത ഘട്ടത്തിൽ ഉണ്ടാവുക. അത് കഴിഞ്ഞാൽ ശാസ്ത്രീയമായ പരീക്ഷണങ്ങൾ.

ഡീൻ ഹാമറുടെ A Linkage Between DNA Makers on the X Chromosome and Male Sexual Orientation എന്ന പഠനം സയന്‍സ് മാഗസിനിൽ പ്രസിദ്ധം ചെയ്യപ്പെടുന്നത് 1993 ലാണ്. സ്വവര്‍ഗാനുരാഗികളുടെ X ക്രോമസോമിൽ X9 28 എന്ന ഒരു ജെനെറ്റിക് മാര്‍കർ ഉണ്ടെന്ന് അതിൽ അവകാശപ്പെട്ടു. ഇതത്രേ ഗേ ജീൻ.

ഇത്തരം പഠനങ്ങളുടെ ആധികാരികതയെ ചോദ്യം ചെയ്യാൻ ഈ ലേഖകൻ ആളല്ല. അതേസമയം ഇതിനെതിരെയുള്ള പഠനങ്ങളും സയൻസ് മാഗസിനിൽത്തന്നെ വന്നിട്ടുണ്ട് എന്നത് യാഥാർത്ഥ്യമാണ്. അതിനപ്പുറവും ചില കാര്യങ്ങളുണ്ട്. മനുഷ്യന്റെ അഭിനിവേശങ്ങൾ നിർണയിക്കുന്നതിൽ ജനിതകഘടകങ്ങൾക്കും ഘടനക്കും എത്രത്തോളം പങ്കുണ്ട് എന്നത് പ്രധാനമാണ്. ജീൻ എന്നത് ഭാഗികമായ ഉത്തരമാണെന്ന് ഹാമർ തന്നെ സമ്മതിക്കുന്നുണ്ട്. ഒരുപക്ഷേ, ജനിതകത്തെക്കാൾ പ്രധാനം പരിസരമാണ്. സാഹചര്യങ്ങൾക്കാവാം ഇത്തരം കാര്യങ്ങളിൽ കൂടുതൽ സ്വാധീനമുള്ളത്. പകുതിയിലധികം പേരുടെയെങ്കിലും സ്വവര്‍ഗാനുരാഗ സ്വഭാവത്തിന് പിന്നിൽ ജനിതകഘടകങ്ങളില്ല എന്ന് ഹാമർ തന്നെ സമ്മതിച്ചതായി 1995 നവംബറിൽ സയന്റിഫിക് അമേരിക്കനിൽ പ്രസിദ്ധീകരിച്ച Gay Genes, Revisited എന്ന പഠനത്തിൽ ജോൺ ഹോര്‍ഗൻ പറയുന്നു. അതേസമയം ഹോര്‍ഗന്റെ പഠനം സ്വവര്‍ഗരതിതല്‍പരതക്ക് എതിരല്ല. മാത്രവുമല്ല, ക്രിസ്ത്യൻ ‘ഹോമോഫോബുകള്‍’ ഗേ ജീനിനെപ്പറ്റിയുള്ള തന്റെ റിപ്പോര്‍ട്ട് ദുരുപയോഗം ചെയ്യുന്നതായി 2010 ൽ അദ്ദേഹം എഴുതിയ ലേഖനത്തിൽ ആരോപിക്കുന്നുമുണ്ട്. ഇവിടെ ഗേ ജനിതകത്തിന്റെ ആധികാരികത സംശയിക്കുക മാത്രമേ നാം ചെയ്യുന്നുള്ളൂ.

Gay love Painting by Yana Ezar
Gay love Painting by Yana Ezar

സദാചാരത്തെക്കുറിച്ച പരമ്പരാഗതമോ മതപരമോ ആയ സങ്കല്‍പങ്ങൾ എന്തു തന്നെയായിരുന്നാലും ആ സങ്കല്‍പങ്ങള്‍ക്ക് അനുഗുണമോ വിരുദ്ധമോ ആയ ലൈംഗിക പ്രവൃത്തികൾ സ്വകാര്യമായിരിക്കുന്നേടത്തോളം സമൂഹത്തെ അത് ബാധിക്കുന്നൊന്നുമില്ല. പിന്തുടര്‍ന്ന് ചെന്ന് പിടികൂടുകയും മര്‍ദ്ദിക്കുകയുമൊക്കെ ചെയ്യുന്ന സദാചാരപ്പോലീസിങ്ങിനെ പൊതുസമൂഹമോ അതിലെ സദാചാരവാദികൾ പോലുമോ അംഗീകരിച്ചിട്ടുമില്ല. അത് സ്വകാര്യതയുമായി മാത്രം ബന്ധപ്പെട്ടതാണ്.

സ്വകാര്യത പരിരക്ഷിക്കപ്പെടുക എന്നതും നടപടികളെ പവിത്രീകരിക്കുക എന്നതും രണ്ടും രണ്ടാണ്.

വിയോജനം
ഒരു ഡിസോഡർ അല്ലെങ്കിൽ ഡീവിയേഷൻ എന്ന നിലയിൽ പരിഗണിച്ചു കൊണ്ട് ഇതിനെ ചികില്‍സിക്കാനോ മാറ്റാനോ ശ്രമിക്കുന്നത് സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങളെ നിഷേധിക്കലാണെന്ന വാദവും ഉയര്‍ത്തപ്പെട്ടിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഇത് സംബന്ധമായി ഉയര്‍ത്തപ്പെട്ട വാദം egodystonic ആണെങ്കിൽ മനശ്ശാസ്ത്രചികില്‍സയാകാം, എന്നാൽ egosyntonic ആണെങ്കിൽ ചികില്‍സ പാടില്ല എന്നായിരുന്നു.

വിചിത്രമെന്ന് തോന്നുന്നതോ (queer) അല്ലാത്തതോ ആയ സ്വന്തം സ്വഭാവസവിശേഷതകളിൽ ഒരാൾ സ്വയം അസ്വസ്ഥനാവാതിരിക്കുകയോ അത് അയാളുടെ ഈഗോയുടെ ലക്ഷ്യമായി പരിഗണിക്കപ്പെടുകയോ തന്റെ ideal self-image ആയി സ്വയം അംഗീകരിക്കപ്പെടുകയോ ചെയ്യുന്നതാണ് ഈഗോസിന്റോണിക്. എന്നാൽ ഒരാളുടെ ചിന്തകളും പെരുമാറ്റങ്ങളും അയാളുടെ ഐഡിയല്‍ സെല്‍ഫ് ഇമേജിന് വിരുദ്ധമായിത്തീരുന്ന അവസ്ഥയാണ് ഈഗോഡിസ്റ്റോണിക്. ഈഗോഡിസ്റ്റോണിക് ആണെങ്കിൽ മാത്രമേ മനശ്ശാസ്ത്രചികിൽസ അർഹിക്കുന്നുള്ളൂ എന്ന നിലപാടിൽ അല്‍പമൊക്കെ ന്യായമുണ്ടെന്ന് സമ്മതിച്ചു കൊടുക്കാം. എന്നാല്‍, ഈ വിഭജനത്തെപ്പോലും നിരാകരിച്ചു കൊണ്ട് ഒരാളിലും ഒരു നിലക്കും ഇതിനെ ഡിസോഡറായി പരിഗണിക്കാവതല്ല എന്ന ശാഠ്യമാണ് ഇപ്പോൾ ഉയര്‍ത്തപ്പെടുന്നത്.

സത്യത്തിൽ സ്വവര്‍ഗവിവാഹം എന്ന ആശയം തന്നെ വിചിത്രമാണ്. ഹെറ്ററോസെക്ഷ്വൽ ബന്ധത്തില്‍പ്പോലും വിവാഹം എന്ന എസ്റ്റാബ്ലിഷ്‌മെന്റിനെ നിരാകരിച്ച്, കൂടെത്താമസിക്കുക എന്ന രീതി പ്രയോഗവല്‍ക്കരിക്കുക എന്ന മതേതര സമ്പ്രദായം അല്‍പസ്വല്‍പം വ്യാപകത്വം നേടിക്കൊണ്ടിരിക്കുന്ന കാലത്ത്, തങ്ങളെ വിവാഹം എന്ന കുരുക്കിൽ ബന്ധിക്കാൻ സ്വവര്‍ഗലൈംഗികതയെ പ്രമോട്ട് ചെയ്യുന്നവർ ശ്രമിക്കുന്നതെന്തിന് എന്ന് മനസ്സിലാവുന്നില്ല.

കുടുംബം എന്ന സ്ഥാപനം വിവാഹം എന്ന ആചാരത്തിൽ മാത്രം നിലനില്‍ക്കുന്ന ഒന്നല്ല. അത് അതിന്റെ തുടക്കം മാത്രമാണ്. അതിന് ഒട്ടേറെ തുടര്‍ച്ചകളുണ്ട്. അനന്തരാവകാശം തൊട്ട് വിവാഹമോചനം വരെ നീളുന്ന ഒട്ടേറെ നിയമങ്ങളും ആചാരങ്ങളും ഇതിൽ കടന്നുവരുന്നുണ്ട്. ഇതിനെയൊക്കെ മാറ്റിനിര്‍ത്തിക്കൊണ്ട് സ്വവര്‍ഗാനുരാഗികളുടെ വിവാഹം എന്ന ആശയം അംഗീകരിക്കപ്പെടുമ്പോള്‍ മറ്റ് തുടര്‍ച്ചകളും ബാധ്യതകളുമൊന്നും ബാധകമാകാത്ത കേവലവിവാഹത്തിന്റെ പ്രസക്തി എന്താണ്? ഒരുപക്ഷേ ഇതിനെ ഒരു സംസ്‌കാരമായി എസ്റ്റാബ്ലിഷ് ചെയ്‌തെടുക്കുക എന്നതുമാവാം വിവാഹം എന്ന ആശയം ഇതില്‍ ചേര്‍ക്കുന്നതിന്റെ യുക്തി.

ഇതുപോലെ വിചിത്രമാണ് തന്റെ പ്രത്യക്ഷാവസ്ഥയ്ക്ക് വിരുദ്ധമായി താൻ സ്വയമോ മറ്റെന്തെങ്കിലും സമ്മര്‍ദ്ദം കാരണമോ തന്റെ ലൈംഗികസ്വത്വമായി സ്വീകരിച്ചിരിക്കുന്ന ലിംഗവിഭാഗത്തിന്റെ വസ്ത്രങ്ങൾ ധരിക്കുന്ന പ്രവണത. സ്ത്രീകളുടേത് എന്നംഗീകരിക്കപ്പെട്ട വേഷങ്ങൾ ഉപേക്ഷിച്ച് പുരുഷനെപ്പോലെ പാന്റും ഷര്‍ട്ടുമിട്ട് നടക്കുന്ന പെണ്ണുങ്ങളുടെ കാലത്താണ് ഇങ്ങനെയൊരു നടപടി. പലപ്പോഴും LGBT മൂവ്‌മെന്റുകളുടെ പ്രവര്‍ത്തകർ അവരുടെ കാമചാപല്യങ്ങൾ പരസ്യമായി പ്രകടിപ്പിക്കുന്നത് ഒരുപക്ഷേ, നിലനില്‍ക്കുന്ന സദാചാര സമ്പ്രദായത്തോടുള്ള പ്രതിഷേധമായിരിക്കാം. എന്നാലത് അങ്ങനെ മാത്രമായിരിക്കാൻ സാധ്യതയുമില്ല. അപ്പോൾ അതിനെ ഒരു behavioral disorder ആയി കാണുന്നത് തെറ്റാണെന്ന് കരുതാൻ പറ്റുമോ?

ഇത്തരം ആസക്തികൾ ജനിതകമാണെന്നതിന് ബലവത്തായ തെളിവുകളൊന്നും സമര്‍പ്പിക്കപ്പെട്ടതായി അറിവില്ലെന്ന് നേരത്തേ പറഞ്ഞു. ഇതൊരു മനശ്ശാസ്ത്ര വ്യതിയാനമാവാം. അതിലുപരി ഇതിനെയൊരു സാംസ്‌കാരിക പരിണാമമായി കാണണം എന്നാണ് ഈ ലേഖകന്റെ പക്ഷം. തീര്‍ച്ചയായും ഇതിന്റെയൊക്കെ അംഗീകാരത്തിലേക്ക് സമൂഹം പരിണമിക്കുന്നതോടെ, ഒരുപക്ഷേ ആ സമൂഹത്തിന്റെ സംസ്‌കാരമായിത്തന്നെ ഇത് വളരുന്നതോടെ കൂടുതലാളുകൾ ഈയവസ്ഥയിലേക്ക് കണ്ടീഷൻ ചെയ്യപ്പെടുന്നു. അതായത്, സംസ്‌കാരവും മാനസികാവസ്ഥകളും പരസ്പരം പ്രതിപ്രവര്‍ത്തിക്കുന്നു. എന്നാല്‍പ്പോലും ഇതില്‍ മാറ്റങ്ങളുണ്ടാവാറുണ്ട്. മൗലികസ്വഭാവമാണെങ്കിൽ അങ്ങനെയൊരു മാറ്റം സാധ്യമല്ലല്ലോ. സ്വവര്‍ഗാസക്തിയുടെ പേരിൽ സാമാന്യം നല്ല ‘പേരുദോഷം’ നേടിയ ഒരു പ്രദേശം ഇതെഴുതുന്നയാള്‍ക്ക് നേരിട്ടറിയാം. ഒരുപക്ഷേ ആ പ്രദേശവാസികളെക്കാൾ സ്വവര്‍ഗാസക്തർ മറ്റിടങ്ങളിലും ഉണ്ടായിരുന്നിരിക്കാം. പൊതുബോധവും മുന്‍വിധികളും നിയന്ത്രിക്കാത്ത സര്‍വേകളും കണക്കുകളും ഉണ്ടാവാൻ സാധ്യതയില്ലല്ലോ. അതേസമയം സ്വവര്‍ഗാഭിരമിത്വം ഉള്ളവർ അവിടെ ധാരാളമുണ്ടായിരുന്നു എന്നത് വസ്തുതയാണ് താനും. അക്കാലത്ത് ഇത്തരം അഭിനിവേശങ്ങളുടെ ഇരകളായിത്തീര്‍ന്നത് പലപ്പോഴും കുട്ടികൾ ആയിരുന്നു. ധാര്‍മികബോധമുള്ള കുറേ ചെറുപ്പക്കാരുടെ നിരന്തര പ്രവര്‍ത്തനങ്ങളുടെ ഫലമായി മൊത്തം ഈ സമൂഹത്തിന്റെ മാനസികാവസ്ഥയിൽ വലിയ മാറ്റമുണ്ടായി. ഇന്ന് ഇവിടെ ഇത്തരം ഓറിയന്റേഷൻ ഉള്ളവർ വളരെക്കുറവാണ്. ഈ ആസക്തിക്ക് തീര്‍ത്തും മൗലികമായ ജനിതകന്യായങ്ങള്‍, എന്തിന് സ്ഥിരത്വമുള്ള മാനസികകാരണങ്ങളെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു മാറ്റം സംഭവിക്കുമായിരുന്നില്ല. ഒരു സമൂഹം എന്ന നിലക്ക് പ്രദേശത്തെ എടുത്താൽ നേരത്തേ ഇവരിൽ ഒരുതരം സാമൂഹിക ദൃഢീകരണം (social reinforcement) പ്രവര്‍ത്തിക്കുന്നുണ്ട്. പ്രകൃതം എന്നതിലുപരി അഭ്യസിപ്പിക്കപ്പെട്ട (learned) ഒരു സ്വഭാവമാണ് ഇത്. ലേണിങ്ങിലൂടെയാണ് ഇത് കണ്ടീഷൻ ചെയ്യപ്പെടുന്നത്. സ്വാഭാവികമായും ഇത് unlearn ചെയ്യാനും പറ്റിയേക്കും.

lesbian-art-painting-i-adore-you-francine-paul
“I Adore You” lesbian art painting by Francine Paul

പൊതുവെ ബിഹേവിയറിസ്റ്റുകൾ കരുതുന്നതും dispositional (പ്രകൃതപരം) എന്നതിനെക്കാൾ learned ആണ് സ്വവര്‍ഗാഭിമുഖ്യം എന്നാണെന്ന് തോന്നുന്നു. സ്വഭാവരൂപീകരണശാസ്ത്രവുമായി (ethology) ബന്ധപ്പെട്ട മറ്റ് ചില നിഗമനങ്ങൾ കൂടിയുണ്ട്. സ്വാത്മതാദാത്മ്യവുമായി (self-identification) ബന്ധപ്പെട്ടതാണ് അതിലൊന്ന്. ഒരാൾ സ്വയം നടത്തുന്ന സ്വത്വനിര്‍ണയം. ഇത് പല കാരണങ്ങളാൽ ഒരാളെ ഒരു mistaken identity യിലേക്കെത്തിച്ചേക്കാം. അതിൽ condition ചെയ്യപ്പെടാം.

Stage by stage ആയ ഒരു പ്രക്രിയയാണ് മനുഷ്യന്റെ സൈക്കോസെക്ഷ്വൽ വികാസം. ഇതിൽ ഏതെങ്കിലും ഘട്ടത്തിൽ എന്തെങ്കിലും കാരണവശാൽ ഏതെങ്കിലും തരത്തിലുള്ള ദൃഢീകരണം സംഭവിക്കുന്നതിനുള്ള സാധ്യതയും ആലോചിക്കാമെന്ന് തോന്നുന്നു. പ്രസക്തമായ മറ്റൊരു കാര്യമുണ്ട്. ചെറുപ്രായത്തിൽ ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടി വന്നവരാണ് സ്വവര്‍ഗാഭിരമികളിൽ വലിയൊരു വിഭാഗം. Pioneer of the modern gay rights movement ആയി അറിയപ്പെടുന്ന കാൾ ഹെന്റിച് ഉല്‍റിച്‌സ് അദ്ദേഹത്തിന്റെ ജീവിതകഥയിൽ ബാല്യത്തിൽ പെണ്‍വേഷങ്ങൾ ധരിപ്പിച്ച് താലോലിക്കാറുണ്ടായിരുന്ന സ്വന്തം അമ്മയെ അനുസ്മരിക്കുന്നുണ്ട്. പതിനാലാം വയസ്സിൽ അദ്ദേഹത്തെ ഒരു കുതിരസ്സവാരി പരിശീലകൻ ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയനാക്കിയത്രേ. എമ്മോ ഗോള്‍ഡ്മാൻ എന്ന ഗേ, തരം കിട്ടുന്വോഴെല്ലാം ലൈംഗികമായും അല്ലാതെയും തന്നെ പീഡിപ്പിച്ചിരുന്ന ചില അധ്യാപകരെപ്പറ്റിയും പരാമര്‍ശിക്കുന്നുണ്ട്. പ്രഖ്യാപിത ട്രാന്‍സ് ജെന്‍ഡറുകളിൽ പലരും ഇത്തരം ബാല്യകാലപീഡകള്‍ക്ക് വിധേയരായിട്ടുണ്ട്. ഇത്തരം പീഡകൾ ഉണ്ടാക്കിയേക്കാവുന്ന മാനസികാഘാതങ്ങളെപ്പറ്റി ശരിയായ പഠനങ്ങൾ അനിവാര്യമാണ്. സ്ത്രീകളുമായി ഫലപ്രദമായും സ്വാഭാവികമായും ഇടപെടാനുള്ള സാമര്‍ത്ഥ്യമോ ശേഷിയോ ഇല്ലായ്മയും പുരുഷന്മാരായ പലരെയും മറ്റ് പുരുഷന്മാരിലോ കുട്ടികളിലോ അഭിനിവേശങ്ങൾ ജനിപ്പിച്ചേക്കാം.

സ്വത്വം
കമ്പോളാധിഷ്ഠിത ആധുനികത ഉദാരലൈംഗികതയിൽ കച്ചവടസാധ്യതകളാണ് കാണുന്നതെങ്കിൽ ഉത്തരാധുനികത ഇതിനെ സ്വത്വരാഷ്ട്രീയത്തിന്റെ കണ്ണുകളിലൂടെയാണ് സമീപിക്കുന്നത്. പ്രകൃതിയുടെ സ്ഥാപിത നിയമങ്ങളെപ്പോലും എതിര്‍ക്കപ്പെടേണ്ട ബൃഹദാഖ്യാനങ്ങളായി കാണുന്നതിൽ വിശേഷിച്ച് ഗുണമൊന്നുമില്ലെങ്കിലും.

homo 4
കാൾ ഉൽറിച്സ്, ഡീൻ ഹാമർ

പൊതുവായ സവിശേഷതകളെക്കാൾ വ്യത്യസ്തതകള്‍ക്കാണ് സ്വത്വരാഷ്ട്രീയം പ്രാധാന്യം നല്‍കുക. പൊതുവായി മനുഷ്യരെ വിലയിരുത്താൻ അതിന് താല്‍പര്യമില്ല. മനുഷ്യന്റെ പൊതുസവിശേഷതകൾ മാത്രമല്ല, മനുഷ്യൻ എന്ന വ്യവഹാരത്തിന്റെ സാധുത തന്നെ ചോദ്യം ചെയ്യപ്പെടാറുണ്ട്. വ്യത്യസ്തതകളെയാണ് കൂടുതൽ മാനിക്കേണ്ടത് എന്നു വരുമ്പോൾ സ്വാഭാവികം എന്ന പരികല്‍പനം തന്നെ അര്‍ത്ഥശൂന്യമായിത്തീരും. സാധാരണ സ്ത്രീ-പുരുഷ ബന്ധം എന്നത് അസംബന്ധമായും മാറും. പിന്നെ, ലൈംഗികത എന്നത് വിലക്ഷണം എന്ന് നേര്‍ബുദ്ധി വിശേഷിപ്പിക്കുന്ന പ്രവണതകളെ ആഘോഷിക്കലുമാകും.

വിശകലനം
ഒരു സമൂഹത്തിന്റെ മാനസികവും ധൈഷണികവുമായ ഊര്‍ജം മുഴുവനും രതിയിലേക്ക് പരിമിതപ്പെടുത്തുന്നത് സമൂഹത്തിന്റെ വികാസത്തെയല്ല സൂചിപ്പിക്കുന്നത്. ജീവിതാവബോധവും ജീവിതാനന്ദവും സമഗ്രമാണ് എന്ന തിരിച്ചറിവ് അനിവാര്യമാണ്. ഇതിന് ഒരു രാഷ്ട്രീയ വശം കൂടിയുണ്ട്. ഏകമോ അതിപ്രധാനമോ ആയ പ്രശ്‌നമായി ലൈംഗികത കത്തിനില്‍ക്കുമ്പോൾ മറ്റു പലതും സ്വാഭാവികമായി തമസ്‌കരിക്കപ്പെടും എന്നതാണത്. മനുഷ്യജീവിതത്തിനും സംസ്‌കാരത്തിനും നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരായ പ്രതിരോധങ്ങളില്‍പ്പോലും അനാരോഗ്യകരമായ വിള്ളലുകൾ സൃഷ്ടിക്കാൻ ഈ പ്രവണത നിമിത്തമായേക്കാം.

രതിയുമായി ബന്ധപ്പെട്ട അതിഭാവുകത്വവും കാല്‍പനികതയും കലര്‍ന്ന വര്‍ണനകളും പുതിയ കാലത്ത് സൃഷ്ടിക്കപ്പെട്ട പരസ്യകാമചേഷ്ടകളും സൃഷ്ടിക്കുന്ന ഒരു ലൈംഗികദാരിദ്ര്യമുണ്ട്. ഇത്തരം ചേഷ്ടകളെ സ്വയം തന്നെ ഒരു അധര്‍മമായി സദൂമ്യരെ പ്രവാചകൻ ലൂത്വ് ഓര്‍മപ്പെടുത്തുന്നതായി ഖുര്‍ആൻ ഉദ്ധരിക്കുന്നുണ്ട്. ഇതിനപ്പുറം ആ സമൂഹത്തിന്റെ മുഖ്യസ്വഭാവമായി സ്വവര്‍ഗാസക്തി മാറുന്നതിന് ഒരു പ്രധാന കാരണം എന്ന നിലക്കും ഇത്തരം പരസ്യചേഷ്ടകളെ വിലയിരുത്താം. ഈ അതിഭാവുകത്വങ്ങൾ തന്നെയും പ്രയോഗതലത്തിൽ ഒരുതരം അസംതൃപ്തി സൃഷ്ടിച്ചേക്കാം. പൊട്ടിത്തെറിക്കുന്ന അഗ്നിപര്‍വതങ്ങളും തിളച്ചുമറിഞ്ഞ് പരന്നൊഴുകുന്ന ലാവയും പ്രപഞ്ചത്തെ പ്രകമ്പനം കൊള്ളിക്കുന്ന സീല്‍ക്കാരങ്ങളും ഉരുണ്ടുകൂടുന്ന വിയര്‍പ്പുമണികളിൽ പ്രതിഫലിക്കുന്ന മഴവില്‍വര്‍ണങ്ങളും ആകാശത്തിന്റെ മുകള്‍ത്തട്ടിലേക്കുയര്‍ത്തിക്കൊണ്ടുപോകുന്ന ലഘുത്വവുമൊക്കെ കഥകളിലും കവിതകളിലും വായിക്കാനുള്ളതാണ്. കാലുകള്‍ക്ക് ബലമില്ലെങ്കിൽ കട്ടിലിന് ആട്ടമുണ്ടാവുമെന്നല്ലാതെ പ്രപഞ്ചത്തിൽ ഒരു പ്രകമ്പനവും യഥാര്‍ത്ഥത്തില്‍ ഉണ്ടാകാന്‍ പോകുന്നില്ല. മറ്റ് പല കാര്യങ്ങളിലും കാല്‍പനികതയും പ്രായോഗികതയും തമ്മിലുള്ള അന്തരം തിരിച്ചറിയുന്ന മനുഷ്യന്‍ രതിയില്‍ മാത്രം ഈ അതിഭാവുകത്വത്തിന്റെ സാക്ഷാല്‍ക്കാരം പ്രതീക്ഷിക്കുന്നു.

The Forbidden Fruit by D- Mark-O
“The Forbidden Fruit” painting by D- Mark-O

ഒപ്പം ഓണ്‍ലൈനിലും ഓഫ്‌ലൈനിലുമൊക്കെ അവൻ ദര്‍ശിക്കുന്ന വൈചിത്ര്യങ്ങളും വൈകൃതങ്ങളും രതിയുടെ സ്വാഭാവികരീതികളിൽ അപൂര്‍ണത തോന്നിക്കുന്നു. ഇത് പക്ഷേ, ഒരര്‍ത്ഥത്തിൽ പണ്ടേ തുടങ്ങിയതാണ്. അറുപത്തെട്ട് രതിനിലകൾ വിവരിക്കുന്നുണ്ട് കാമസൂത്രയിൽ വാല്‍സ്യായനന്‍. ഇതില്‍പ്പലതും പൗരാണികക്ഷേത്രച്ചുവരുകളിൽ ശില്‍പങ്ങളായി ചിത്രീകരിച്ചതായും കാണാം. എന്നാൽ ഇതിലെ മൂന്നോ നാലോ നിലകളൊഴിച്ച് ബാക്കിയുള്ളവയിലേതെങ്കിലും പ്രാക്ടീസ് ചെയ്യാൻ ഏതെങ്കിലും ദമ്പതികൾ തുനിഞ്ഞാൽ ജീവിതകാലം മുഴുവൻ നടുവൊടിഞ്ഞ് കിടക്കാൻ അതു തന്നെ മതി. ഈ അറുപത്തെട്ട് നിലകളുടെയും പ്രയോഗത്തിലും അനുഭൂതിയിലും വിചാരപ്പെട്ടു നടക്കുന്ന ഒരാൾ ഒന്നുകിൽ ഇണയിൽ നിരാശനാവും, അല്ലെങ്കിൽ തന്നെ ഒന്നിനും കൊള്ളാത്തവനായി മനസ്സിലാക്കും. ഇത്തരം പ്രവണതകളൊക്കെയും വിചിത്രവും അസ്വാഭാവികവുമായ രീതികൾ അന്വേഷിക്കാൻ മനുഷ്യനെ പ്രേരിപ്പിച്ചേക്കാം.

ഇത്തരം നൈരാശ്യങ്ങളെ ശമിപ്പിക്കുന്നതിന് വേണ്ടിയാണ് ലൈംഗികതയിൽ ആപല്‍ക്കരവും അധാര്‍മികവുമായ പരീക്ഷണങ്ങള്‍ക്ക് അവൻ മുതിരുന്നത്. പാശ്ചാത്യ രാജ്യങ്ങളിൽ പലേടത്തും ഓര്‍ഗികൾ സംഘടിപ്പിക്കപ്പെടാറുണ്ട്. ഒരുപാട് ഇണകൾ ഒരുമിച്ചൊരു മുറിയില്‍, ചിലപ്പോൽ പരസ്പരം ചേര്‍ന്നു കൊണ്ടൊക്കെ നടക്കുന്ന മദിരോല്‍സവങ്ങളെയും രതിക്കൂത്തുകളെയുമാണ് orgy എന്ന് പറയുക.

ഒപ്പം ശരിയായ ലൈംഗികവിദ്യാഭ്യാസത്തിന്റെയും അവബോധത്തിന്റെയും അഭാവവും നിലനില്‍ക്കുന്നു. ജനനേന്ദ്രിയങ്ങളുടെ പരസ്പരഘര്‍ഷണമല്ല ലൈംഗികത. ശരീരത്തിലെ എല്ലാ അവയവങ്ങളും ഒപ്പം മനസ്സും ബോധവും പൂര്‍ണമായും പങ്കു കൊള്ളേണ്ട ഒരു പ്രക്രിയയാണത്. നോട്ടം, ചുംബനം, സ്പര്‍ശനം, വര്‍ത്തമാനം എല്ലാം ഇതിൽ പ്രധാനമാണ്. ഇണയുടെ അഭീഷ്ടങ്ങൾ അറിയാനും സാക്ഷാല്‍ക്കരിക്കാനുമുള്ള വ്യഗ്രത രണ്ടു പേരിലുമുണ്ടാവണം. രതിയിലേര്‍പ്പെടുന്ന ഇണകളുടെ ലോകം അവരുടെ മാത്രം ലോകമാണ്. അതങ്ങനെത്തന്നെയായിരിക്കുകയും വേണം. ഇത്തരം ബോധങ്ങളുടെ അഭാവവും സ്വാഭാവികമായ രതിയിൽ അതൃപ്തി സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ത്തന്നെ ശരിയായ ലൈംഗികാവബോധം പ്രസക്തമായിത്തീരുന്നു.

കലാപം 
സദാചാരവാദത്തെയും അധികാരത്തെയും പറ്റി മുകളിൽ പറഞ്ഞു. മനുഷ്യന്റെ വികാരങ്ങൾക്ക് മേൽ ചെലുത്തുന്ന ആധിപത്യം അവനെ കൂടുതൽ അനുസരണയുള്ളവനാക്കാൻ ഉതകുന്നതാണ്. മതാധികാരങ്ങളാകട്ടെ, ആളുകൾക്ക് പരമാവധി ഇടുക്കമുണ്ടാക്കാനും അതിലൂടെ അവനിൽ പാപപീഡയും വിഷാദവും സൃഷ്ടിക്കാനുമാണ് ശ്രമിച്ചു പോന്നിട്ടുള്ളത്.

ശരീരം ആകർഷകമാണെന്നും അപ്രകാരം ആകർഷിക്കുന്ന ശരീരം മാത്രമാണ് സ്ത്രീ എന്നും ആ ആകർഷണമാണ് പുരുഷന്റെ പതനത്തിന് കാരണമെന്നും കേവലം മജ്ജയുടെയും കൊഴുപ്പിന്റെയും ചീഞ്ഞുപോയേക്കാവുന്ന മാംസത്തിന്റെയും സമ്മേളനമല്ലാതെ മറ്റൊന്നുമല്ല ആകർഷകമായ ഒരു സ്ത്രീശരീരം എന്ന വിചാരം എല്ലായ്പോഴുമുണ്ടാവണമെന്നുമൊക്കെ പല രീതിയിലും പല അളവിലും മതാധികാരങ്ങൾ പഠിപ്പിക്കാൻ ശ്രമിക്കാറുണ്ട്.

മധ്യകാലയൂറോപ്പിലെ സഭ നിയമപരമായി ഭാര്യാഭർത്താക്കന്മാരായ ഇണകളുടെ കാര്യത്തിൽപ്പോലും പല നിയമങ്ങളിലൂടെയും ഇടപെടലുകൾ നടത്തിയിരുന്നതായി കാണാം. ഇണ ചേരുമ്പോൾ സ്ത്രീ മുകളിലായിരിക്കുന്ന ലൈംഗിക നിലകളെ പാപവും കുറ്റകരവുമായി വിധിച്ചു. വദനസുരതം പോലുള്ള രീതികളെയും അഭിശപ്തമായും കൊടും പാതകമായും കണ്ടു.

സദാചാരകാർക്കശ്യത്തിന്റെ പേരിൽ നിലവിൽ വന്ന ചട്ടങ്ങൾ പല സമൂഹങ്ങളിലും തികച്ചും സ്ത്രീവിരുദ്ധമായിരുന്നു. കന്യാചർമപരിശോധന മുതൽ ചാരിത്ര്യപ്പൂട്ട് വരെ ഇതിന് ഉദാഹരണങ്ങളാണ്. ആദ്യരാത്രിയിൽ ആദ്യഭോഗത്തിന് ശേഷം വധു കന്യാചർമഛദത്തിന്റെ അടയാളമായി രക്തം പുരണ്ട തുണി മുറിക്ക് പുറത്ത് കാത്തുനിൽക്കുന്ന വരന്റെ ബന്ധുക്കളെ കാണിക്കണമെന്ന ചട്ടം പലേടത്തും നിലനിന്നു.

പെണ്ണിനെ ചാരിത്ര്യവതിയായി നിലനിർത്തുന്നതിന് വേണ്ടി ലോഹം കൊണ്ടുള്ള അടിവസ്ത്രം ധരിപ്പിക്കുന്ന സമ്പ്രദായവും മധ്യകാല യൂറോപ്പിന്റെ ചരിത്രത്തിൽ രേഖപ്പെട്ടു കാണാം. Chastity belt (ചാരിത്ര്യപ്പൂട്ട്) എന്നായിരുന്നു ഇതിന്റെ പേര്.

ഇത്തരം പ്രവണതകളോടൊക്കെയുള്ള കലാപങ്ങൾ ലൈംഗിക അരാജകവാദം, കുടുംബനിരാകരണം, ശരീരരാഷ്ട്രീയം, നഗ്നതാ പ്രദർശനം തുടങ്ങിയവയിലേക്ക് നയിച്ചതായും മനസ്സിലാക്കാം. ക്വിയർ ലൈംഗികതയുടെ ചരിത്രത്തെ ഇതിൽ നിന്ന് പൂർണമായും അടർത്തി മാറ്റി മനസ്സിലാക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.

ഈ ലേഖനത്തിലേക്ക് ട്രാന്‍സ് ജെന്‍ഡറുകൾ എന്ന വിഭാഗത്തെ കൊണ്ടു വന്നിട്ടില്ല. ട്രാന്‍സ് ജെന്‍ഡര്‍, സ്വവര്‍ഗാഭിരമിത്വം, ഉഭയലൈംഗികാസക്തി തുടങ്ങിയ വിഷയങ്ങൾ കൂട്ടിക്കുഴച്ച് ചര്‍ച്ച ചെയ്യേണ്ടതല്ല. വേറെത്തന്നെ ഒരു ചര്‍ച്ചാ വിഷയമാണ് ട്രാന്‍സ് ജെന്‍ഡറുകളുമായി ബന്ധപ്പെട്ടത്. അതേസമയം ശിഖണ്ഡിയെ മുന്നിൽ നിര്‍ത്തി ഭീഷ്മർ യുദ്ധം ചെയ്തതു പോലെ ലൈംഗിക ഉദാരവല്‍ക്കരണവാദികളുടെ മുഴുവൻ പരിശ്രമങ്ങളും ഈ ട്രാന്‍സ് ജെന്‍ഡറുകളെ മുന്നിൽ നിര്‍ത്തിക്കൊണ്ടാണ്. ഇതാകട്ടെ, യഥാര്‍ത്ഥ വിഭിന്ന ലൈംഗികവിഭാഗങ്ങൾ എന്ന് പറയാവുന്ന, ട്രാന്‍സ് ജെന്‍ഡറുകളുടെയും (അപര ലിംഗികള്‍) ഹെര്‍മഫ്രൊഡൈറ്റുകളുടെയും (ഉഭയലിംഗികള്‍, ഇന്റർ സെക്‌സ് പെര്‍സന്‍സ്) അവകാശങ്ങൾ ഉയര്‍ത്തിപ്പിടിക്കുന്നതിന് തടസ്സമാണ് സൃഷ്ടിക്കുക.

വിവാഹം കഴിക്കാനുള്ള അവകാശത്തോടൊപ്പം സ്വവര്‍ഗദമ്പതികള്‍ക്ക് ദത്തെടുക്കാനുള്ള അവകാശം കൂടി ഇവരുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിൽ ഉള്‍പ്പെടുന്നുണ്ടല്ലോ. ദത്തെടുക്കാൻ കുഞ്ഞുങ്ങളെ ഇഷ്ടം പോലെ കിട്ടും. എന്നാൽ ഈ ദമ്പതികള്‍ക്കൊപ്പം വളര്‍ന്നു വരുന്ന കുഞ്ഞിന്റെയും ഐഡന്റിറ്റി ഇതേ രീതിയിൽ സെറ്റ് ചെയ്യപ്പെടാനുള്ള സാധ്യത വളരെക്കൂടുതലാണ്.

സംസ്‌കാരം
സാസ്‌കാരിക പരിണാമം എന്ന് മുകളിൽ പ്രയോഗിച്ചിട്ടുണ്ട്. ഖുര്‍ആനിലെ ലൂത്വിന്റെ പരിശ്രമങ്ങളോടുള്ള അദ്ദേഹത്തിന്റെ ഭാര്യയുടെ തന്നെ എതിര്‍പ്പ് ഇതിനെയാണ് അടയാളപ്പെടുത്തുന്നത്. സദൂമിൽ നിലനിന്നിരുന്നത് മെയിൽ ഹോമോസെക്ഷ്വാലിറ്റിയാണ്. ഒരു നിലക്കും അതിന്റെ ഗുണഭോക്താവല്ല ആ സ്ത്രീ.

Sappho and Erinna in a Garden at Mytilene by Simeon Solomon, 1864
“Sappho and Erinna in a Garden at Mytilene” by Simeon Solomon

സ്ത്രീ സ്വവര്‍ഗാസക്തി അഥവാ ലെസ്ബിയനിസത്തിനും വലിയ പഴക്കമുണ്ട്. ബി.സി.ഇ ആറാം ശതകത്തിലെ ഗ്രീക് കവി സാഫോയുടെ (Sappho) ജന്മദേശമായ ദ്വീപാണ് ലെസ്ബോസ്. ഇതിൽ നിന്നാണ് ലെസ്ബിയൻ എന്ന പേര് ഉൽഭവിക്കുന്നത്. സാഫോയുടെ കവിതകൾ, ജീവിതം തുടങ്ങിയവയ്ക്കൊന്നും കൃത്യമായ തെളിവുകളില്ല. Ode to Aphrodite, Tithonus poem എന്നീ രണ്ട് കൃതികളാണ് അവരുടെ പേരിൽ ആരോപിക്കപ്പെട്ടതായി നിലനിൽക്കുന്നത്. സ്ത്രീകളോടുള്ള (സ്വലിംഗികളോടുള്ള) തന്റെ പ്രണയത്തെ വിളംബരം ചെയ്യുന്ന സാഫോയുടെ കവിതകൾ സ്ത്രൈണസൌന്ദര്യത്തെ പ്രധാനമായും കേന്ദ്രീകരിക്കുന്നു. സ്ത്രീകളുടെ ദൈനംദിനചര്യകൾ, അവരുടെ ബന്ധങ്ങൾ, ആചാരങ്ങൾ തുടങ്ങിയവയെക്കുറിച്ചാണ് അവർ കൂടുതലും എഴുതിയത്. സാഫോയെപ്പറ്റി ആൽഗർനൺ ചാൾസ് സ്വിൻബേൺ (Algernon Charles Swinburne) എഴുതിയ Sapphics എന്ന കവിതയിൽ (1866) ലെസ്ബിയൻ എന്ന പദം കടന്നുവരുന്നുണ്ട്. എന്നാൽ രണ്ട് സ്ത്രീകൾ തമ്മിലുള്ള ഈറോട്ടിക് റിലേഷൻഷിപ്പിനെ സൂചിപ്പിക്കാൻ ലെസ്ബിയനിസം എന്ന പദം ഉപയോഗിച്ചു തുടങ്ങിയത് 1870 ഓടെയാണത്രേ. അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന മറ്റൊരു പദം ട്രിബഡിസം (tribadism) ആണ്. സ്വലിംഗിയായ പങ്കാളിയെ പ്രണയിക്കുന്ന സ്ത്രീയെത്തന്നെയാണ് ട്രിബേഡ് (tribade) എന്ന് പറയുക. ഇന്ന് ലെസ്ബിയൻ എന്ന് വ്യവഹരിക്കുന്ന അതേ അർത്ഥം.

എന്നാൽ ആധുനികകാലത്ത് ലെസ്ബിയൻ എന്ന പദം രതിയെക്കാള്‍ രാഷ്ട്രീയവുമായാണ് ബന്ധപ്പെടുന്നത്. ഒന്നിലും പുരുഷനെ ആശ്രയിക്കാതിരിക്കുക എന്ന തീവ്രാശയം വെച്ചു പുലര്‍ത്തിയിരുന്ന, പുരുഷവിദ്വേഷവും പുരുഷനിരാകരണവും മുഖമുദ്രയാക്കിയിരുന്ന റാഡിക്കല്‍ ഫെമിനിസ്റ്റുകള്‍ കുടുംബജീവിതത്തിന്റെ ചിട്ടകള്‍ക്ക് വഴങ്ങുന്നതിനോ പുരുഷന്റെ ശാരീരികതൃഷ്ണകള്‍ തൃപ്തിപ്പെടുത്തുന്നതിനോ അയാളുടെ പിന്തുടര്‍ച്ചയ്ക്കായി മക്കളെ പ്രസവിക്കുന്നതിനോ തങ്ങള്‍ക്ക് ബാധ്യതയില്ലെന്ന് പ്രഖ്യാപിച്ചു. തനിക്ക് സംരക്ഷണം നല്‍കുന്നതിന് പ്രത്യുപകാരമായി മാത്രമാണ് സ്ത്രീ ഇത്രയും കാര്യങ്ങള്‍ക്ക് സന്നദ്ധയാവുന്നത്. ഈ സംരക്ഷണം സ്വയം നേടിയെടുത്താല്‍ പിന്നെ ഇത്തരം കാര്യങ്ങളില്‍ നിന്നെല്ലാം അവള്‍ മുക്തയായിത്തീരും. വിവാഹവും കുടുംബഘടനയും സാമൂഹിക തിന്മകളുടെ പ്രത്യക്ഷകാരണമാണെന്ന് ഷൂലാമിത്ത് ഫയര്‍‌സ്റ്റോണിനെപ്പോലുള്ള ഫെമിനിസ്റ്റ് ചിന്തകർ വിലയിരുത്തിയിട്ടുണ്ട്.

homo 1ഇതിന്റെ അടുത്ത ഘട്ടത്തിലുള്ള വികാസമാണ് സ്ത്രീ-പുരുഷ ബന്ധങ്ങൾ നിരാകരിക്കപ്പെട്ടതും സ്വവര്‍ഗപ്രണയം സ്വാഭാവികവും സ്വീകാര്യവുമായിത്തീര്‍ന്നതും. ഇതേത്തുടര്‍ന്ന് മൈ ബോഡി, മൈ ചോയ്‌സ് എന്ന മുദ്രാവാക്യത്തോടെ മുന്നോട്ട് വെക്കപ്പെട്ട രാഷ്ട്രീയാശയമാണ് ലെസ്ബിയൻ ഫെമിനിസം. ഈ ലെസ്ബിയൻ ഫെമിനിസമാണ് പുതിയ കാലത്തെ ലെസ്ബിയൻ ലൈംഗികാസക്തിയായി വികസിച്ചത് എന്ന് കരുതേണ്ടിയിരിക്കുന്നു. വൈയക്തികമായി ദാമ്പത്യബന്ധത്തിൽ ഉണ്ടാകുന്ന അസംതൃപ്തികളും ഇതിന് നിമിത്തമായേക്കാം. അത്തരമൊരു പരിചരണമാണ് ദീപാ മേത്തയുടെ ഫയർ എന്ന സിനിമയിലുള്ളത്.

തന്റെ സമൂഹം പരമ്പരാഗതമായി കൊണ്ടു നടക്കുന്ന സംസ്‌കാരത്തെ ഭര്‍ത്താവ് ചോദ്യം ചെയ്തു എന്നതാണ് ലൂത്വിന്റെ ഭാര്യയെ പ്രകോപിതയാക്കിയത്. സാത്വികനും പ്രവാചകനുമായ ഭര്‍ത്താവില്‍ നിന്ന് ദൂരം പാലിക്കാൻ അവര്‍ക്ക് പ്രേരണ നല്‍കിയതും ഈ പ്രകോപനമാണ് എന്നു വേണം ചിന്തിക്കാന്‍.

ഇസ്‌ലാമികദര്‍ശനത്തിൽ എതിക്‌സിന് വലിയ പ്രാധാന്യമാണുള്ളത്. അതിന്റെ അടിത്തറയിലാണ് ലൈംഗികത ഉള്‍പ്പെടെയുള്ള മനുഷ്യന്റെ എല്ലാ വ്യവഹാരങ്ങളെയും അത് വിശദീകരിക്കുന്നത്. രതിയിലെ ആനന്ദത്തെയും ആസ്വാദനത്തെയും ഇസ്‌ലാം അംഗീകരിക്കുന്നുണ്ട്. നിന്റെ പങ്കാളിയുമായി ഇണ ചേരുന്നതിൽ നിനക്ക് പുണ്യമുണ്ട് എന്നു വരെ നബിവചനങ്ങളിൽ കാണാം. ആ പ്രസ്താവനയോടുള്ള ഒരനുയായിയുടെ പ്രതികരണവും കൃത്യമായിരുന്നു. ഞങ്ങളിലൊരാൾ അയാളുടെ ആസക്തി ശമിപ്പിക്കുന്നതിന് വേണ്ടി ശ്രമിക്കുകയും എന്നിട്ട് അതയാള്‍ക്ക് പുണ്യമായിത്തീരുകയും ചെയ്യുന്നുവെന്നാണോ അങ്ങ് പറയുന്നത് എന്ന് അദ്ദേഹം സംശയമുന്നയിച്ചു. നിസ്സന്ദേഹം തീര്‍ച്ചയായും എന്ന് പ്രതികരിച്ച പ്രവാചകനാകട്ടെ, തന്റെ ആനന്ദം അയാൾ അവിഹിതമായ മാര്‍ഗത്തിലൂടെയാണ് കണ്ടെത്തുന്നതെങ്കിൽ അതയാളുടെ പാപമായിത്തീരില്ലേ എന്ന് തിരിച്ചു ചോദിച്ചു. അത് ശരി തന്നെ എന്ന് പ്രതികരിച്ച സഹാബികളോട്, എങ്കിൽ അല്ലാഹു വിഹിതമാക്കിയ മാര്‍ഗത്തിലൂടെ അയാൾ നേടുന്ന ശാരീരികാനന്ദം അയാളുടെ പുണ്യം തന്നെയാണ് എന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

അപ്രകാരം ലൈംഗികതയിലെ ആനന്ദത്തെ പുണ്യമെന്ന് പവിത്രീകരിക്കുമ്പോഴും ഉത്തരവാദിത്തമോ പ്രതിബദ്ധതയോ ഇല്ലാത്ത സ്വാർത്ഥാസക്തിയായി അതിനെ പരിചരിക്കാൻ ഖുർആൻ തയ്യാറാകുന്നില്ല. നിങ്ങളുടെ ഇണകള്‍ നിങ്ങളുടെയും നിങ്ങൾ അവരുടെയും വസ്ത്രമാണ്, പുതപ്പാണ് എന്ന് ഒരു മെറ്റഫർ കാണാം വേദപുസ്തകത്തില്‍. ഇത് ഒരേസമയം ആനന്ദത്തെയും അതേസമയം തന്നെ പ്രതിബദ്ധതയെയും കുറിക്കുന്ന ഒരുല്‍പ്രേക്ഷയാകുന്നു. ഇണകൾ തമ്മിലുള്ള ബന്ധത്തെ മീഥാഖുൻ ഗലീള് എന്ന് ഖുര്‍ആൻ വിശേഷിപ്പിക്കുന്നു. അതാകട്ടെ, ലൈംഗികതക്ക് കെട്ടുറപ്പും ഭദ്രതയും നല്‍കുന്നു. സ്വാഭാവികമായും ഈ ഭദ്രതയില്ലാത്ത ആസ്വാദനരൂപങ്ങളെ നീചവൃത്തികൾ (ഫവാഹിശ്) ആയാണ് അത് കാണുന്നത്.

എതിക്‌സിന്റെ അടിത്തറയിൽ നിന്നുകൊണ്ടല്ലാതെ ലൈംഗികമായ പാരസ്പര്യത്തെ കാണാനും വിശദീകരിക്കാനും വേദഗ്രന്ഥത്തിന് പറ്റില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s