മുഹമ്മദ് ശമീം
മൂന്നേ കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യം, ഇടതടവില്ലാതെ സംഭാഷണങ്ങള്‍ അതും തുര്‍ക്ചെ (ടർക്കിഷ്) ഭാഷയില്‍, മിന്നിമറയുന്ന സബ്‌ടൈറ്റിലുകള്‍ ഒന്നോടിച്ചു നോക്കാന്‍ പോലും പ്രയാസം, സബ്‌ടൈറ്റിലുകളില്‍ ഉപയോഗിച്ച ഭാഷയാണെങ്കില്‍ വേദഗ്രന്ഥങ്ങളുടെയും തത്വശാസ്ത്രങ്ങളുടെയുമൊക്കെ വിവര്‍ത്തനങ്ങളില്‍ മാത്രം കാണാറുള്ള കഠിനപദങ്ങളടങ്ങിയതും.

എന്നാല്‍പ്പോലും Winter Sleep എന്ന സിനിമയുടെ 196 മിനുട്ടുകളില്‍ ഒരു ക്ഷണം പോലും നഷ്ടപ്പെടുത്താതെ അതിജാഗ്രതയോടെ പിന്തുടരാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് Nuri Bilge Ceylan എന്ന പ്രതിഭാധനനായ ചലച്ചിത്രകാരന്റെ നിര്‍മിതിയുടെയും (Making) രചനാശൈലിയുടെയും (Craft) സൗന്ദര്യത്തിന്റെ അപാരത തന്നെയാണ്. ഇതിനു മുമ്പ് വണ്‍സ് അപോണ്‍ എ ടൈം ഇന്‍ അനറ്റോലിയയിലും ത്രീ മങ്കീസിലുമൊക്കെ നാം ഈ സൗന്ദര്യം അനുഭവിച്ചതാണ്. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം ത്രീ മങ്കീസ് ജീലാന് നേടിക്കൊടുത്തു. വണ്‍സ് അപോണ്‍ എ ടൈം ഇന്‍ അനറ്റോലിയയാകട്ടെ, കാനില്‍ ഗ്രാന്റ് പിക്‌സ് നേടുകയും പാം ഡി ഓറിന് നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയും ചെയ്‌തെങ്കില്‍ വിന്റര്‍ സ്ലീപ് പാം ഡി ഓര്‍ നേടി.
മധ്യ അനറ്റോലിയയിലെ കപഡോഷ്യയിലെ കഠിനമെങ്കിലും അതിമനോഹരമായ ശീതകാലമാണ് സിനിമയുടെ സ്ഥലകാല പശ്ചാത്തലം. അവിടെ ഹോട്ടല്‍ ഉള്‍പ്പെടെയുള്ള ബിസിനസ്സുകളും മറ്റുമായി കഴിയുന്ന, വാര്‍ദ്ധക്യത്തിലേക്കടുത്തു നില്‍ക്കുന്ന ഐദിന്‍ പ്രാദേശികമായി പ്രസിദ്ധി നേടിയ മുന്‍ നാടകനടനും കൂടിയാണ്. ഇപ്പോള്‍ പത്രങ്ങളില്‍ കോളങ്ങളെഴുതാറുള്ള അയാള്‍ തുര്‍ക്കി നാടകചരിത്രത്തെപ്പറ്റി ഒരു പുസ്തകമെഴുതാന്‍ ശ്രമിക്കുകയാണ്. ഐദിന്‍, അയാളുടെ ചെറുപ്പക്കാരിയും ആകര്‍ഷണമുള്ളവളുമായ ഭാര്യ നിഹാല്‍, വിവാഹമോചനത്തിനു ശേഷം ഐദിനോടൊപ്പം താമസിക്കുന്ന സഹോദരി നെസ്ല എന്നിവരോടൊപ്പമാണ് നമ്മുടെ മൂന്നര മണിക്കൂര്‍ നാം ചെലവിടുന്നത്. കഥാഗതിയില്‍ നിന്നും ഇടയ്‌ക്കെപ്പൊഴോ നെസ്ല മാഞ്ഞു പോകുന്നുണ്ട്. അവര്‍ക്കൊപ്പം ഐദിന്റെ സഹായി ട്രക് ഡ്രൈവർ ഹിദായത്ത്, വാടകക്കാരന്‍ ഇസ്മാഈല്‍ അയാളുടെ മകന്‍ ഇല്യാസ്, ഇസ്മാഈലിന്റെ സഹോദരനും പ്രദേശത്തെ ഇമാമുമായ ഹംദി എന്നിവരും വരുന്നു.
മഞ്ഞു മൂടിയ ഒരു പ്രതലത്തിലേക്കാണ് സിനിമ തുറക്കപ്പെടുന്നത്. പാറക്കെട്ടിനു മുകളില്‍ ഏകനായി നില്‍ക്കുന്ന ഐദിന്‍. തുടര്‍ന്ന് ഐദിനും ഹിദായത്തും കൂടിയുള്ള യാത്രയ്ക്കിടയില്‍ ഇല്യാസ് ട്രക്കിന്റെ വിന്‍ഡോ ഗ്ലാസ് എറിഞ്ഞു പൊട്ടിച്ചത് തന്റെ വാടകക്കാരനായ ഇസ്മാഈലുമായുള്ള ഐദിന്റെ തര്‍ക്കത്തിനും തുടര്‍ന്നുള്ള നാടകീയമായ ഒട്ടേറെ സംഭവങ്ങള്‍ക്കും വഴി തെളിച്ചു. പിന്നീടങ്ങോട്ടാണ് പല ആംഗിളുകളിലും പല സന്ദര്‍ഭങ്ങളിലും നിന്നു കൊണ്ടുള്ള പല തരം വാദപ്രതിവാദങ്ങള്‍ നമ്മള്‍ കേള്‍ക്കുന്നത്. വ്യക്തിയുടെ ധാര്‍മികമായ ഉത്തരവാദിത്തങ്ങള്‍ എവിടെ തുടങ്ങുന്നു, ഒരാളിലെ തിന്മകള്‍ അയാള്‍ക്കു പുറത്തുള്ള ഒരിടത്തില്‍ നിന്നോ ശക്തിയില്‍ നിന്നോ വരുന്നതാണോ, നന്മതിന്മകള്‍ ഭൂമിയെത്തന്നെ സ്വര്‍ഗനരകങ്ങളാക്കി മാറ്റുകയല്ലേ ചെയ്യുന്നത് തുടങ്ങിയ വിഷയങ്ങള്‍ ഈ വര്‍ത്തമാനങ്ങളിലൂടെ കടന്നു പോവുന്നു. ഉയര്‍ന്ന നാഗരികതയും മഹത്തരമായ സംസ്‌കാരവുമായി ഇസ്ലാം മതത്തെ ഇടയ്ക്ക് ഐദിന്‍ അംഗീകരിക്കുന്നുമുണ്ട്.
പുറമേക്ക് അങ്ങേയറ്റം സമാധാനപൂര്‍ണമെന്നു തോന്നിക്കുന്ന ആ കുടുംബത്തിനകത്ത് എരിയുന്ന, പകയുടെ ഒട്ടേറെ കനലുകള്‍ പുകഞ്ഞു കൊണ്ടിരിക്കുന്നത് സാവകാശം നാമറിയുന്നു. ഐദിനെ വെറുക്കാന്‍ ന്യായമായ കാരണങ്ങള്‍ പലര്‍ക്കുമുണ്ട്. ഭാര്യ നിഹാലിന്റെ ജീവകാരുണ്യപരമായ പ്രവര്‍ത്തനങ്ങളെയും അതിനു വേണ്ടിയുള്ള ധനശേഖരണത്തെയും മറ്റും ഐദിന്‍ തള്ളിക്കളഞ്ഞു. ഇടയ്‌ക്കൊരു സംഭാഷണത്തില്‍ നിഹാല്‍ അയാളെ unbearable, selfish, disdainful, cynical എന്നെല്ലാം വിശേഷിപ്പിക്കുന്നുണ്ട്. അതോടൊപ്പം തന്നെ അയാളുടെ കഴിവുകളെയും അവയുടെ പ്രസക്തിയെയും അവള്‍ മാനിക്കുകയും ചെയ്യുന്നു. iconoclast എന്നും അവളയാളെ വിശേഷിപ്പിക്കുന്നു.
അസ്തിത്വസാഹചര്യങ്ങളില്‍ നിലകൊള്ളുന്ന മനുഷ്യന്റെ വ്യക്തിപരമായ ഉത്തരവാദിത്തങ്ങളെസ്സംബന്ധിച്ച സാര്‍ത്രിയന്‍ തത്വചിന്തയെ സെയ്‌ലാന്റെ സിനിമ പ്രകാശിപ്പിക്കുന്നു. ധാര്‍മികമായ തെരഞ്ഞെടുപ്പുകള്‍ എവിടെ തുടങ്ങുന്നു എവിടെ ഒടുങ്ങുന്നു എന്നത് പ്രധാനപ്പെട്ട വിഷയമാണ്. സാര്‍ത്രെയുടെ നിരീക്ഷണത്തില്‍, പറയാനുള്ളത് പഠിക്കാതെ അരങ്ങിലേക്ക് വലിച്ചിഴക്കപ്പെട്ട നടന്മാരെപ്പോലെയാണ് മനുഷ്യര്‍. സക്രിപ്റ്റുമില്ല, പ്രോംപ്റ്ററുമില്ല. എങ്ങനെ ജീവിക്കണമെന്ന് സ്വയം തീരുമാനിക്കണം. ഒരിക്കല്‍ ലോകത്തിലേക്ക് വലിച്ചെറിയപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ താന്‍ ചെയ്യുന്നതിനെല്ലാം മനുഷ്യന്‍ ഉത്തരവാദിയാണ്.
സ്വതന്ത്രരായ വ്യക്തികളായി സൃഷ്ടിക്കപ്പെടാന്‍ നമ്മോട് ആവശ്യപ്പെട്ടിട്ടില്ലെങ്കിലും നാം സ്വതന്ത്രവ്യക്തികളാണ്. ഈ സ്വാതന്ത്ര്യം ജീവിതമാകെ തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ നമ്മളെ ശിക്ഷിക്കുകയാണ്. അനശ്വരമായ നിയമങ്ങളോ മൂല്യങ്ങളോ നമുക്ക് അനുസരിക്കുവാനില്ലെന്നത് നമ്മുടെ തെരഞ്ഞെടുപ്പുകളെ കൂടുതല്‍ പ്രാധാന്യമുള്ളതാക്കുന്നുവെന്നാണ് സാര്‍ത്രെ കരുതുന്നത്. കാരണം നാം ചെയ്യുന്നതിന്റെയെല്ലാം പൂര്‍ണമായ ഉത്തരവാദിത്തം നമുക്കു തന്നെ. മനുഷ്യന്‍ തന്റെ പ്രവൃത്തികളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒരിക്കലും ഒഴിയുന്നില്ല. നമ്മുടെ തന്നെ തെരഞ്ഞെടുപ്പുകളില്‍ നിന്ന് നമുക്ക് ഒരിക്കലും ഒഴിയാന്‍ പറ്റില്ല.
ഈ ആശയങ്ങള്‍ ഐദിന്റെയും മറ്റും പല സംഭാഷണങ്ങളില്‍ കടന്നു വരുന്നുണ്ട്. conscience, morality എന്നീ പദങ്ങള്‍ ധാരാളമായി ഉപയോഗിക്കുന്നുമുണ്ട്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ധാര്‍മികോത്തരവാദിത്തങ്ങളെപ്പറ്റി ഭാര്യയും സഹോദരിയും ഐദിനുമായി തര്‍ക്കങ്ങളിലേര്‍പ്പെടുന്നുണ്ട്. തന്റെ സഹോദരപുത്രന്‍ ട്രക്കിന്റെ ഗ്ലാസ് തകര്‍ത്തതുമായി ബന്ധപ്പെട്ട് ഇമാം ഹംദി ഒരു പാടു തവണ അനുരഞ്ജനത്തിനു ശ്രമിച്ചു. എന്നാല്‍ ഐദിന്‍ തന്റെ പത്രകോളത്തിലൂടെ പരോക്ഷമായി ഹംദിയെ പരിഹസിക്കാനാണ് മുതിരുന്നത്.
മാപ്പു പറയാന്‍ ഹംദിക്കൊപ്പം വന്ന ഇല്യാസ് ഐദിന്റെ മുന്നില്‍ ബോധം കെട്ടു വീഴുന്ന ദൃശ്യം നേരെ കുതിരകളെ ഓടിച്ചു പിടിക്കുന്ന മറ്റൊരു ദൃശ്യത്തിലേക്കാണ് തുറക്കുന്നത്. തുടര്‍ന്ന് ഒരു കുതിരയെ അല്‍പം ക്രൂരമായിത്തന്നെ മെരുക്കുന്ന ദൃശ്യം. അതിനു സാക്ഷികളായി ഐദിനും ഹിദായത്തും. നിഹാലുമായി തര്‍ക്കം നടന്ന ദിവസം ഐദിന്‍ ആ കുതിരയെ സ്വതന്ത്രനായി വിടുകയും ചെയ്തു. പിന്നീടൊരു സന്ദര്‍ഭത്തില്‍ ഐദിന്റെ വെടിയേറ്റു വീണ മുയലിന്റെ പിടച്ചില്‍ ദൃശ്യമാകുന്നു. അസ്തിത്വ സാഹചര്യങ്ങളെയും ആന്തരികസംഘര്‍ഷങ്ങളെയും സൂചിപ്പിക്കുന്ന ബിംബങ്ങളായി കുതിരയും മുയലും മാറുന്നു.
കഥയുടെ അവസാനത്തില്‍ ഐദിന്‍ നിഹാലിനോട് പശ്ചാത്തപിക്കുന്നുണ്ട്. തുര്‍ക്കി നാടകചരിത്രത്തെക്കുറിച്ച പുസ്തകം അയാള്‍ എഴുതാനാരംഭിക്കുന്നേടത്ത് വിന്റര്‍ സ്ലീപ് അവസാനിക്കുന്നു.
ദാമ്പത്യ കുടുംബ സാമൂഹിക ബന്ധങ്ങളിലെ സ്വത്വ സംഘര്‍ഷങ്ങളുടെ ഇഴകളെ പിരിച്ച് സൂക്ഷ്മതലത്തില്‍ വിശകലനം ചെയ്യുന്നു ജീലാന്റെ സിനിമ. മനുഷ്യസ്വഭാവത്തിന്റെയും അതിന്റെ നിഗൂഢതകളുടെയും ഒരു അപഗ്രഥനമായി വിന്റര്‍ സ്ലീപ് നമുക്കനുഭവപ്പെടും. ഈ ഛായ സൃഷ്ടിക്കും വിധം തന്നെയാണ് ചിത്രത്തിന്റെ ഫ്രെയിമുകളും ഷോട്ടുകളും. ഒരു ദൃശ്യവിരുന്ന് എന്ന് ശരിക്കും പറയാം. അഭിനേതാക്കളുടെ പ്രകടനവും എടുത്തു പറയേണ്ടതാണ്. ഭാവചലനങ്ങളിലെല്ലാം തന്നെ ഐദിനെ കൃത്യമായി ആവാഹിക്കാന്‍ Haluk Bilginer ക്ക് സാധിച്ചിട്ടുണ്ട്. നിഹാല്‍ ആയി വന്ന Melisa Soezen നെയും എടുത്തു പറയേണ്ടതാണ്.