മുഹമ്മദ് ശമീം
കവിത തന്നിലേക്ക് വന്ന വഴികളെപ്പറ്റി പാബ്ലോ നെരൂദ ഇങ്ങനെ പാടി:
“ആ പ്രായത്തിലാണ് എന്നെത്തേടി കവിത വന്നണഞ്ഞത്.
എനിക്കറിയില്ല,
എവിടെ നിന്നാണത് വന്നെത്തിയതെന്ന്.
കുളിര്‍ത്ത് വിറയ്ക്കുന്ന ശിശിരത്തില്‍ നിന്നോ,
പതഞ്ഞൊഴുകുന്ന നദിയില്‍ നിന്നോ
എങ്ങനെയെന്നുമെപ്പോഴെന്നുമെനിക്കറിയില്ല.”

കവിതയിലേറിയുള്ള യാത്രകളില്‍ നെരൂദ മാച്ചു പിച്ചുവിലേക്കും ചെന്നു. ആല്ഡെസ്സിലാണ് മാച്ചു പിച്ചു (Machu Picchu). ഇന്‍കാ റെഡ് ഇന്ത്യന്‍ വംശജരുടെ പഴയ കോട്ടയാണത്. സ്പാനിയാര്ഡുകള്ക്കെതിരായ ഇന്‍കാകളുടെ ചെറുത്തുനില്പിന്റെ ചരിത്രത്തില്‍ വലിയ സ്ഥാനമുള്ള മാച്ചു പിച്ചു 1943ല്‍ സന്ദര്‍ശിച്ച നെരൂദ From the Heights of Machu Picchu എന്ന, സാമാന്യം വലുപ്പമുള്ള കാവ്യം രചിച്ചു. Arise to birth with me, my brother.. നെരൂദ പാടി.
“എന്നോടൊപ്പം ഉയര്‍ന്നു വരിക സഹോദരാ, ജനനത്തിലേക്ക്.
നിന്റെ ദുഃഖങ്ങളുടെ അഗാധതയില്‍ നിന്ന് നീ നിന്റെ കൈ നീട്ടുക,
എനിക്കായി.
…..
നിങ്ങളുടെ രക്തവും നിങ്ങളുടെ ഉഴവുചാലും
എനിക്ക് കാണിച്ചു തരിക.
പറയൂ, ഇവിടെ വെച്ചവരെന്നെ ശിക്ഷിച്ചുവെന്ന്.
ഒരു രത്നം നല്ല പോലെ തിളങ്ങാഞ്ഞതിന്,
വേണ്ട സമയത്ത് ഭൂമി കല്ല് തരാഞ്ഞതിന്,
അല്ലെങ്കില്‍ ധാന്യം തരാഞ്ഞതിന്
നിങ്ങളെയവര് കൊന്നുവീഴ്ത്തിയ കല്ല് എനിക്ക് കാട്ടിത്തരിക.
നിങ്ങളെ കുരിശേറ്റിയ മരവും.
പഴയ തീക്കല്ലുകള്‍ ഉരച്ചു കത്തിക്കൂ,
പഴയ വിളക്കുകള്‍.
നൂറ്റാണ്ടുകളിലൂടെ മുറിവുകളിലൊട്ടിച്ചേര്ന്നു പോയ ചമ്മട്ടികള്
രക്തം തിളങ്ങുന്ന കോടാലികള്‍.
നിങ്ങളുടെ മരിച്ച വായിലൂടെ സംസാരിക്കാന്‍ ഞാനിതാ വരുന്നു.”
I come to speak for your dead mouths
ചിലിയിലെ തെരഞ്ഞെടുക്കപ്പെട്ട സോഷ്യലിസ്റ്റ് ഗവണ്മെന്റിന്റെ ഉപദേശകനായിരുന്നു പാബ്ലോ നെരൂദ. 1970 നവംബറില്‍ ചിലിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സാല്‍വദോര്‍ അയെന്ദെ (Salvadore Allende) ലാറ്റിന്‍ അമേരിക്കയില്‍, തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്ന ആദ്യത്തെ മാര്‍ക്സിസ്റ്റാണ്. എന്നാല്‍ 1973 സെപ്തംബറില്‍ സൈനികമേധവി ഒഗൊസ്തോ പിനോഷെയുടെ നേതൃത്വത്തില്‍ സൈന്യം അധികാരം പിടിച്ചെടുത്ത്, തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ അട്ടിമറിച്ചു. അയെന്ദെ വധിക്കപ്പെട്ടു. 1973 സെപ്തംബര്‍ 11 നാണ് അയെന്ദെ കൊല്ലപ്പെട്ടതെങ്കില്‍, അതേ വര്‍ഷം അതേ മാസം 23 നാണ് നെരൂദ അന്തരിക്കുന്നത്.
കവിയുടെ ജീവിതത്തിലെ ഒരു കാലത്തെയാണ് Pablo Larrain തന്റെ Neruda എന്ന സിനിമയിലൂടെ അവതരിപ്പിക്കുന്നത്. അതാകട്ടെ, ഒരു ജീവചരിത്ര സിനിമ അല്ല താനും. പ്രത്യേകമായ ഒരു ചരിത്ര പശ്ചാത്തലത്തില്‍ നെരൂദയിലെ കവി, രാഷ്ട്രീയക്കാരന്, പോരാളി എന്നീ ഘടകങ്ങളോടൊപ്പം നെരൂദ എന്ന വ്യക്തിയെക്കൂടി വിശകലനം ചെയ്യാന്‍ സിനിമ ശ്രമിക്കുന്നുണ്ട്.
കഥ നടക്കുന്നത് പക്ഷേ, വളരെ മുമ്പാണ്. 1948ല്‍ ചിലിയിലെ പ്രസിഡന്റായിരുന്ന ഗബ്രിയേല്‍ ഗോണ്‍സാലെസ് വിദെല കമ്യൂനിസത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയും ചിലിയന്‍ കമ്യൂനിസ്റ്റ് പാര്‍ട്ടി നിരോധിക്കുകയും ചെയ്തു. ഓസ്കാര്‍ പെലൂഷോനോ എന്ന ഒരു പൊലീസ് ഓഫീസര്‍ നെരൂദയെ പിടിക്കാനുള്ള ചുമതലയേല്‍ക്കുകയാണ്. ഈ പേരും പൊലീസുകാരന്റെ റോളുമെല്ലാം അല്പം തമാശയായും പ്രതീകാത്മകമായും ഒക്കെയാണ് സിനിമയില്‍ വരുന്നത്. പെലൂഷ് (peluche) എന്ന വാക്ക് സ്പാനിഷില്‍ സ്റ്റഫ് ചെയ്ത മൃഗപ്പാവകള്ക്കാണത്രേ ഉപയോഗിക്കുക.
തന്റെ ആര്‍ജന്റീനന്‍ ഭാര്യയോടൊപ്പം നെരൂദ ഒളിവില്‍ പോയി. കമ്യൂനിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ജനങ്ങളുമെല്ലാം അദ്ദേഹത്തെ സഹായിച്ചു കൊണ്ടിരുന്നു. ഇതിനിടയില്‍ പിടിക്കാന്‍ ശ്രമിക്കുന്ന പെലൂഷോനോയും. ഇതാണ് പാബ്ലോ ലാറെയ്ന്റെ സിനിമയുടെ പശ്ചാത്തലം.

“ഇവിടെ മരിച്ചു വീണവരുടെ പേരില്‍,
ഈ രക്തം ചിന്തിയവരെ ശിക്ഷിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു.
ഈ ജഡങ്ങളില്‍ ചവുട്ടി അധികാരമേറിയ
കൊലയാളിയെ ശിക്ഷിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു.
എല്ലാവര്ക്കും ഹസ്തദാനം ചെയ്ത് പുഞ്ചിരിച്ച്
കഴിഞ്ഞതെല്ലാം മറന്നിരിക്കുന്നു എന്ന് പറയാന്‍
എനിക്ക് സാധ്യമല്ല.
അവരുടെ രക്തം പുരണ്ട കൈകളില്‍
സ്പര്ശിക്കാനെനിക്കറപ്പാണ്.
അവരെ ശിക്ഷിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു.
അവര്‍ ഇവിടെ വിചാരണ ചെയ്യപ്പെടണം.
ഈ തുറന്ന സ്ഥലത്ത്, ഇവിടെത്തന്നെ
അവരെ ശിക്ഷിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു.”
രാഷ്ട്രീയപ്രവര്‍ത്തകനും കലാപകാരിയും എന്നതോടൊപ്പം തന്നെ ഒരു hedonist എന്ന നിലയിലുള്ള നെരൂദയും സിനിമയില്‍ വരുന്നുണ്ട്. ഒരു വ്യക്തിയുടെ വ്യത്യസ്ത തലങ്ങളും സ്വഭാവങ്ങളും തമ്മിലുള്ള പൊരുത്തവും പൊരുത്തക്കേടും ഇതിന്റെ പ്രധാനപ്പെട്ട ഒരു പ്രമേയമാണ്. നെരൂദയുടെ പുസ്തകങ്ങളില്‍ പെലുഷോനോ ആകൃഷ്ടനാവുന്നുണ്ട്. അത് അയാളിലും കടുത്ത ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നു. അയാളുടെ ആഖ്യാനത്തിലൂടെയാണ് കഥ മുന്നോട്ട് പോവുന്നത്. Gael Garcia Bernal ന്റെ വ്യത്യസ്തവും ഉജ്വലവുമായ വേഷമാണ് പെലൂഷോനോ. നെരൂദയായി Luis Gnecco അഭിനയിക്കുന്നു.