മുഹമ്മദ് ശമീം
രണ്ടേ രണ്ട് കഥാപാത്രങ്ങൾ, കഥയുടെ ഏതാണ്ട് തൊണ്ണൂറ്റഞ്ച് ശതമാനവും നടക്കുന്നത് ഒരേ സീനിൽ. ആദ്യത്തെ മൂന്ന് നാല് മിനുട്ടുകള്‍ കനത്ത നിശ്ശബ്ദത.
അതേസമയം ഴാക് സാഗയുടെ (Jack Zaga) മെക്സിക്കൻ സിനിമ Warehoused (Almacenedos) രൂപകങ്ങൾ കൊണ്ട് സമ്പന്നമാണ്. ഉറുമ്പുകൾ ഇതിൽ മുഖ്യകഥാപാത്രങ്ങളെപ്പോലെത്തന്നെ പങ്ക് ചേരുന്നുണ്ട്. കുറഞ്ഞ സമയം മാത്രമേ സാൽവലിയൺ കമ്പനിയുടെ വേർഹൗസിന് പുറത്തുള്ള ലോകം നമ്മൾ കാണുന്നുള്ളൂവെങ്കിലും ആദ്യദൃശ്യത്തിലെ സബ് വേ സ്റ്റേഷൻ ജനനിബിഡമാണ്. അങ്ങോട്ടുമിങ്ങോട്ടുമുള്ള ആളുകളുടെ ധ്രുതസഞ്ചാരങ്ങൾ. വേർഹൗസിലെ ചുമതലക്കാരൻ ലിനോയ്ക്ക് അതിന് പുറത്ത് ഒരു ജീവിതമില്ല. സ്വയം അതിനകത്ത് ബന്ധിതനാക്കിയിരിക്കയാണയാൾ.

തീവ്രമായ അന്തരമുണ്ട് വേര്ഹൗസിന്റെ അകത്തെയും പുറത്തെയും ലോകങ്ങൾ തമ്മില്‍. രണ്ടും രണ്ട് ലോകങ്ങളാണ്. ഒഴുക്കിന്റെയും കര്‍മോൽസുകതയുടെയും ലോകമാണ് പുറത്ത്. അതിലുപരി അത് ശബ്ദങ്ങളുടെ ലോകമാണ്. അകത്താകട്ടെ, മരവിപ്പിക്കുന്ന നിശ്ശബ്ദതയും ശൂന്യതയുമാണ്. ഈ ലോകത്തേക്കാണ് ചെറുപ്പക്കാരനായ നിൻ കടന്നു വരുന്നത്. ലിനോ വിരമിക്കാൻ ഇനി ദിവസങ്ങളേയുള്ളൂ. പകരം ചുമതലയേക്കാനാണ് നിൻ വരുന്നത്. നിന്നിനെ പരിശീലിപ്പിക്കാനുള്ള ഉത്തരവാദിത്തം ലിനോയ്ക്കാണ്.
എന്നാൽ പറയാൻ അയാൾക്കൊന്നുമുണ്ടായിരുന്നില്ല. മൂന്ന് രജിസ്ത്രറുണ്ട് അവിടെ. ഒന്ന് വരുന്ന സാധനങ്ങൾ രേഖപ്പെടുത്താൻ, രണ്ടാമത്തേത് പുറത്തേക്ക് പോകുന്നത് എഴുതി വെക്കാൻ, മൂന്നാമത്തേത് കേടുപാടുകള്‍ കുറിക്കാനുള്ളതും. അലൂമിനിയത്തിന്റെ കപ്പല്പ്പാമരങ്ങളും കൊടിമരങ്ങളും (masts and poles) ആണ് സാല്വലിയൺ കമ്പനിയുടെ ഉല്പന്നങ്ങൾ. അവിടുത്തെ ശൂന്യതയെക്കുറിച്ച് നിന്നിനോട് അയാൾ പറയുന്നത് ട്രക്ക് ഏത് സമയത്തും വന്നെത്താം എന്നാണ്. കാത്തിരിക്കുക എന്നതല്ലാതെ സ്വന്തമായി എന്തെങ്കിലും ചെയ്യുക എന്നത് അയാൾക്കറിയില്ല. ലിനോയുടെ അഭിപ്രായത്തിൽ നിൻ അയാളെക്കാള്‍ ഭാഗ്യവാനാണ്. എന്തെന്നാൽ ട്രെയിനിയായി പതിനൊന്ന് കൊല്ലം ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട് അയാൾക്ക്. എന്നാൽ നിൻ അഞ്ച് ദിവസം കൊണ്ട് തന്നെ സ്വതന്ത്രമായി ചുമതലയേൽക്കാൻ പോവുകയാണ്.
രണ്ടുപേരുടെയും പ്രകൃതത്തിലെ അന്തരം വളരെപ്പെട്ടെന്ന് വ്യക്തമാവുന്നുണ്ട്. അതിനകത്ത് ഇരിക്കാൻ ഒരേയൊരു കസേരയേയുള്ളൂ. സീനിയർ എംപ്ലോയി എന്ന നിലക്ക് ആ കസേര തനിക്കുള്ളതാണ് എന്നും അഞ്ച് ദിവസം കഴിഞ്ഞാൽ തനിക്ക് അതിൽ ഇരിക്കാം എന്നും അയാൾ നിന്നിനോട് പറഞ്ഞു. പിറ്റേന്ന് നിൻ വന്നത് പുതിയ ഒരു കസേരയുമായിട്ടാണ്. തനിക്കിത് നേരത്തേ തോന്നിയിരുന്നെങ്കിൽ പതിനൊന്ന് കൊല്ലം താൻ ഇതിനകത്ത് രാവിലെ മുതല്‍ ജോലിസമയം തീരുംവരെ നില്‍ക്കേണ്ടി വരില്ലായിരുന്നല്ലോ എന്ന് അപ്പോഴാണ് അല്ഭുതത്തോടെ ലിനോ ചിന്തിക്കുന്നത്.

ഒരര്‍ത്ഥത്തിൽ മുതലാളിത്തമാണ് വേര്‍ഹൗസ്ഡ് എന്ന സിനിമയുടെ തത്വശാസ്ത്രവും രാഷ്ട്രീയവും.
എന്നാൽ നിരന്തര നവീകരണ ശേഷിയാണല്ലോ മുതലാളിത്തത്തിന് അതിജീവനം നൽകുന്നത്. സിനിമയുടെ സന്ദേശവും അതാണ്. Living is to reinvent oneself day in and day out. ഇതിനെപ്പറ്റി ഴാക് സാഗയുടെ തന്നെ ഒരഭിമുഖത്തിൽ പറയുന്നത്, നമ്മുടെ most valuable asset എന്ന് പറയുന്നത് സമയം ആണെന്നാണ്. നമ്മുടെ ജീവിതം അതിപ്രധാനമാണ് എന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞാൽ നമുക്ക് ലോകത്ത് വ്യത്യസ്തത സൃഷ്ടിക്കാൻ സാധിക്കും എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
അല്പനേരത്തെ വിടുതലിന് ശേഷം പിറ്റേന്ന് വേര്‍ഹൗസിൽ തിരിച്ചെത്തിയ ലിനോ അവിടെ നികത്തപ്പെട്ട ശൂന്യതയും അതിലേക്കിറക്കി വെച്ചിരിക്കുന്ന ഉല്പന്നവും കണ്ട് അല്‍ഭുതം കൂറുന്നുമുണ്ട്. ലിനോ ആയി വേഷമിട്ട യോസെ കരോലോസ് റൂയിസിന്റെയും (Jose Carolos Ruiz) നിൻ ആയി വരുന്ന ഹോസെ മെലെന്ഡെസിന്റെയും (Hoze Melendez) പ്രകടനം അത്യുജ്വലമാണ്.