മുഹമ്മദ് ശമീം
കെൻ ലോച്ചിന്റെ രണ്ട് സിനിമകൾ
ഒന്ന്) ഡാനിയൽ ബ്ലേക്കിന്റെ കഥ
“ഞാന്‍ ഡാനിയല്‍ ബ്ലേക്ക്…”
ന്യൂ കാസിലിലെ ഒരു ആശാരിയായിരുന്ന ഡാനിയൽ ബ്ലേക്കിന്റെ അന്തിമസന്ദേശം കെയ്തി വായിച്ചു.
അതൊരു പ്രകമ്പനം തന്നെ സൃഷ്ടിച്ചു. Daniel Blake’s Manifesto എന്നും call for respect and acknowledgement എന്നും അറിയപ്പെട്ട ഈ സന്ദേശം ബ്രിട്ടീഷ് പാർലിമെന്റ് വരെ ചർച്ച ചെയ്തുവത്രേ.
അതിങ്ങനെയാണ്:
“I, Daniel Blake
I am not a client, a customer nor a service user
I am not a shirker, a scrounger, a beggar nor a thief
I am not a national security number nor a blip on a screen
I paid my dues, never a penny short and proud to do so
I don’t tug the forelock, but look my neighbour in the eye
I don’t accept or seek charity
My name is Daniel Blake, I am a man, not a dog As such,
I demand my rights, I demand you treat me with respect
I, Daniel Blake, am a citizen Nothing more, nothing less. Thank you.”

താൻ സിനിമയിൽ നിന്ന് വിരമിക്കുകയാണെന്ന് 2014 ൽ, തന്റെ എഴുപത്തെട്ടാമത്തെ വയസ്സിൽ, പ്രഖ്യാപിച്ചിരുന്നു കെൻ ലോച്. എന്നാൽ പിഴുതെറിയപ്പെട്ട, വിഭവങ്ങൾ അപഹരിക്കപ്പെട്ട മനുഷ്യർക്ക് പിന്നാലെ അലയുന്ന അദ്ദേഹത്തിന്റെ കാമറക്ക് കണ്ണടക്കാൻ പറ്റുമായിരുന്നില്ല. രണ്ട് വർഷം കഴിയും മുമ്പേ, 2016ൽ അദ്ദേഹം I, Daniel Blake എന്ന സിനിമയുമായി രംഗത്ത് വന്നു. 2019ൽ Sorry we missed you എന്ന ചിത്രവും.
2016ൽ കാൻ ഫിലിം ഫെസ്റ്റിവലിൽ Golden Palm (Palm D’or) പുരസ്കാരം നേടിയിരുന്നു ഡാനിയൽ ബ്ലേക്. സോറി വി മിസ്ഡ് യു ആകട്ടെ, 2019ലെ പാം ഡി ഓർ നോമിനേഷനും നേടി. ഇതിനു മുമ്പ് 2006ൽ The Wind that Shakes the Barley എന്ന ചിത്രത്തിനും കെൻ ലോച് ഇതേ പുരസ്കാരം നേടിയിട്ടുണ്ട്.
വിരമിക്കുന്നു എന്ന് പ്രഖ്യാപിച്ചിട്ടും സാധാരണ മനുഷ്യരുടെയും അവരുടെ പട്ടിണിയുടെയും തൊഴിൽ രാഹിത്യത്തിന്റെയും പിന്നാലെ അലയുകയും സാമൂഹിക ക്രമത്തിന്റെ നൈതികരാഹിത്യത്തോട് കലഹിക്കുകയും ചെയ്തു ലോചിന്റെ ധിഷണയും കാമറയും. തീവ്രമായ രാഷ്ട്രീയാഭിമുഖ്യമുള്ള, ഉറച്ച ഒരു സോഷ്യലിസ്റ്റ് എന്ന നിലക്ക് അതങ്ങനെയേ ആകുമായിരുന്നുള്ളൂ. തെറ്റായ സാമൂഹികക്രമങ്ങൾ കോണിലേക്ക് പറിച്ചെറിയുന്ന ഒരു പാട് ജീവിതങ്ങളുണ്ട്. ആ ജീവിതങ്ങളും അവയിലെ ദുരിതങ്ങളുമാണ് ഡാനിയൽ ബ്ലേക് (I, Daniel Blake) വിക്കി ടർണർ (Sorry we missed you) എന്നീ കഥാപാത്രങ്ങൾക്ക് ഉയിര് നൽകുന്നത്.
മൂലധനപ്രധാനമായ സാമൂഹ്യവ്യവസ്ഥയുടെയും കോർപറേറ്റോക്രസിയുടെയും ഇരകളായിരുന്നു ബ്ലേക്കും ടർണറും. “വീ ആർ ആൾ ഡാനിയൽ ബ്ലേക്” എന്ന് സഹൃദയലോകം കെൻ ലോച്ചിന്റെ സിനിമയെ വരവേറ്റു. മറുഭാഗത്ത് ചിത്രത്തിനെതിരായി വൻ വിമര്‍ശനങ്ങളുമുണ്ടായി. ഡാനിയൽ ബ്ലേക് യാഥാര്‍ത്ഥ്യത്തെ പ്രതിനിധാനം ചെയ്യുന്നില്ലെന്നും അതൊരു വികാരപ്രകടനം മാത്രമാണെന്നുമായിരുന്നു ന്യൂകാസിൽ ജോബ്സെന്റർ പ്ലസിലെ എംപ്ലോയർ റിലേഷന്ഷിപ് മാനേജർ സ്റ്റീവ് മക്കാളിന്റെ അഭിപ്രായം.
എന്നാൽ laissez faire മുതലാളിത്തം പ്രത്യക്ഷത്തിൽ പ്രകടിപ്പിക്കുന്ന ആഡംബരങ്ങളുടെ മറുപുറത്തുള്ള ജീവിതങ്ങളെയാണ് കെൻ ലോചിന്റെ കാമറ തേടിച്ചെന്നത്. വർകിങ് ക്ലാസ് എന്ന് വിളിക്കപ്പെടുന്ന അടിസ്ഥാനവർഗത്തിന്റെ ദൈനംദിന ജീവിതത്തിന്റെ ആഴങ്ങളിലൂടെയായിരുന്നു അത് സഞ്ചരിച്ചത്. ആ സഞ്ചാരവഴികളിലാണ് ലോച്, ഡാനിയൽ ബ്ലേക്കിനെയും വിക്കി ടർണറെയും കണ്ടെത്തിയത്.
ഡാനിയൽ ബ്ലേക്കിന്റെ അവസാന സന്ദേശം കെയ്തി വായിക്കുമ്പോൾ, അത് കേൾക്കാൻ അവളുടെ രണ്ട് മക്കളുൾപ്പെടെ വളരെക്കുറച്ചാളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അധ്വാനിച്ചുണ്ടാക്കിയ പണം പോലും ഉപയോഗിക്കുന്നതിന് ഉദ്യോഗസ്ഥന്മാരുടെയും ഔദ്യൗഗിക സംവിധാനങ്ങളുടെയും കരുണ ആവശ്യമായിത്തീര്‍ന്നിരിക്കുന്ന കാലത്ത് ഡാനിയൽ ബ്ലേക്കിന്റെ കഥ നമ്മുടെയും കഥയായിത്തീരുന്നു. ബ്ലേക്കിന്റെ സന്ദേശത്തിൽ രാജ്യമോ കാലമോ പറയുന്നില്ലല്ലോ. ഏത് രാജ്യത്തെയും നികുതിദായകരായ ജനങ്ങളുടെ പ്രതിനിധിയാണ് ഡാനിയൽ ബ്ലേക്. പാശ്ചാത്യരാജ്യങ്ങൾ കെട്ടിപ്പൊക്കിയിരിക്കുന്ന വികസനത്തിന്റെ അവകാശവാദങ്ങൾ എത്രത്തോളം വ്യര്‍ത്ഥമാണെന്നും ബ്ലേക്കിന്റെ ജീവിതം തെളിയിക്കുന്നു.
ഔദ്യോഗികതലത്തിൽ നാം ഇന്നനുഭവിക്കുന്നതെല്ലാം ഡാനിയൽ ബ്ലേക്കിന്റെ ജീവിതത്തിലുണ്ട്. ഉദ്യോഗസ്ഥന്മാര്, നിയമക്കുരുക്കുകള്‍, ചുവപ്പു നാടകള്‍, ഫോറവും സി.വിയും പൂരിപ്പിക്കുന്നതിനുള്ള വര്‍ക് ഷോപ്പുകള്‍, സാധാരണക്കാരന് വഴങ്ങാത്ത ഓണ്‍ലൈൻ സംവിധാനങ്ങള്‍. ഏറ്റവുമവസാനം ശവമടക്കിന്റെ സമയക്രമീകരണത്തിന് പണം ചോദിക്കുന്ന പുരോഹിതൻ വരെ. ചിത്രം പുറത്തിറങ്ങുന്ന സമയത്തും ഇപ്പോഴും ബ്രിട്ടനിൽ ഭരണത്തിലുള്ള യാഥാസ്ഥിതികകക്ഷി പ്രാന്തീകരിക്കപ്പെട്ട മനുഷ്യരുടെ പ്രശ്നങ്ങളെ ഏത്രത്തോളം ക്രൂരമായാണ് അവഗണിക്കുന്നത് എന്നതിന്റെ സാക്ഷ്യവുമാണ് ഐ ഡാനിയൽ ബ്ലേക്. ശക്തമായ എതിർപ്പുകളെയും വിമർശങ്ങളെയും നേരിടേണ്ടി വന്നു ഡാനിയൽ ബ്ലേക്കിന്.
സര്‍ക്കാരുകളുടെ സാമ്പത്തിക നിയന്ത്രണങ്ങൾ തങ്ങളുടെ അന്നത്തിന്റെ വക അന്നന്ന് കണ്ടെത്തുന്നവരെ മാത്രമാണ് ബാധിക്കുന്നത്. ഉന്നതർ അപ്പോഴും അവരുടെ വെട്ടിപ്പുകൾ പോലും സര്‍ക്കാറിന്റെ സഹായത്തോടെയും അല്ലാതെയും നിര്‍ബാധം തുടരുന്നു. കറന്‍സി അസാധുവാക്കലിന് ശേഷം നമ്മളും അനുഭവിക്കുന്ന പ്രതിസന്ധികളാണല്ലോ ഇതൊക്കെ. അതേസമയം വൻ തോക്കുകളുടെ കടങ്ങൾ മില്യൻ കണക്കിന് എഴുതിത്തള്ളുകയും ചെയ്യുന്നു മറുഭാഗത്ത്.
2008ലെ Recession ന് ശേഷമാണ് ബ്രിട്ടനിൽ സാമ്പത്തിക നിയന്ത്രണങ്ങളും പരിഷ്കാരങ്ങളും കൊണ്ടുവന്നത്. ചെറിയ വേതനം കൊണ്ട് ജീവിക്കുന്ന വലിയൊരു ശതമാനം പേരെ അത് ആഴത്തിൽ ബാധിച്ചു. ജോലി കണ്ടെത്താൻ ശ്രമിക്കുന്നവരും അംഗവൈകല്യവും അസുഖവും കാരണം ജോലി ചെയ്യാൻ പറ്റാത്തവരും സര്‍ക്കാറിന്റെ സാമ്പത്തിക സഹായത്താൽ ജീവിക്കുന്നവരുമൊക്കെയായിരുന്നു അവര്‍.
അക്ഷരാര്‍ത്ഥത്തിൽ പട്ടിണിയിലായിപ്പോയ ഇവരെയാണ് ഡാനിയൽ ബ്ലേക്കും കെയ്തിയും പ്രതിനിധീകരിക്കുന്നത്. ഒടുക്കം സഹികെട്ട ഡാനിയല്‍, ജോബ് സെന്ററിന്റെ മതിലിന്മേൽ ‘ഞാന്‍ ഡാനിയല്‍ ബ്ലേക്ക്, മരണം വരെ നിരാഹാരം അനുഷ്ഠിക്കാൻ പോകുന്നു’ എന്ന് വലുതായി എഴുതി വെച്ചതിന്റെ പേരിൽ അറസ്റ്റിലായി.
ഹൃദയാഘാതം വന്നതിനെത്തുടര്‍ന്ന്, അമ്പത്തൊമ്പത് വയസ്സുള്ള ഡാനിയൽ ബ്ലേക്കിന് ജോലി ചെയ്യുന്നതിനുള്ള ഫിറ്റ്നെസ് നഷ്ടപ്പെട്ടതായി ആരോഗ്യവകുപ്പ് തീരുമാനിച്ചു. മരപ്പണിക്കാരനായ ബ്ലേക്ക് തനിക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ക്കായി അധികാരസ്ഥാപനങ്ങളിൽ കയറിയിറങ്ങി, ചുവപ്പ് നാടകള്ക്കകത്ത് വീര്‍പ്പു മുട്ടി, ഓണ്‍ലൈൻ അപേക്ഷാ സൈറ്റുകള്‍ക്ക് മുന്നിൽ മിഴിച്ചിരുന്ന് ആകെ വശം കെടുകയാണ്. മാസങ്ങൾ വിശ്രമം നിര്‍ദ്ദേശിച്ച ഡോക്ടറുടെ ഉപദേശത്തെ മറികടന്ന് ജോലിക്ക് പോകാൻ അയാൾ ശ്രമിക്കുമ്പോഴാകട്ടെ, തൊഴിൽ വകുപ്പിലെ ആരോഗ്യ പ്രവര്‍ത്തകർ ഇടപെടുകയും ചെയ്യുന്നു.
ഈ യാത്രയ്ക്കിടയിലാണ് അയാൾ കെയ്തിയെ കണ്ടുമുട്ടുന്നത്. രണ്ട് മക്കളുടെ അമ്മയാണവള്‍. വിധവയും. ഭക്ഷണത്തിനായി ഫുഡ് ബാങ്കിനെ ആശ്രയിക്കേണ്ടി വരുന്ന അവളുടെ ജീവിതം ബ്ലേക്കിന്റെതിനെക്കാൾ ദുഷ്കരമാണ്. കെയ്തിയുടെയും രണ്ട് മക്കളുടെയും പിതൃതുല്യസുഹൃത്തായി ബ്ലേക്ക് മാറി. നിരന്തരം അവഗണിക്കപ്പെടുന്ന ജീവിതങ്ങളായിത്തീര്ന്നു, ബ്ലേക്കിന്റെതും കെയ്തിയുടെതും. മക്കളുടെ വിശപ്പടക്കാൻ കെയ്തിക്ക് അവസാനം വേശ്യാവൃത്തിയിൽ വരെ ഏര്‍പ്പെടേണ്ടി വരുന്നുണ്ട്.
ഫുഡ് ബാങ്കിൽ വെച്ച് കിട്ടിയ ബീന്‍സിന്റെ ടിൻ വളരെപ്പെട്ടെന്ന് ആരും കാണാതെ ആര്‍ത്തിയോടെ വായിലേക്കൊഴിക്കാൻ കെയ്തി ശ്രമിക്കുന്നതും അത് പിടിക്കപ്പെടുന്നതുമായ ഒരു രംഗമുണ്ട് സിനിമയില്‍. അത്യന്തം ഹൃദയഭേദകമാണ് അത്. അവൾ വേശ്യാവൃത്തിയിലേക്ക് തിരിഞ്ഞതറിഞ്ഞ ബ്ലേക്ക് അസ്വസ്ഥനും നിരാശനുമായിത്തീര്‍ന്നു.
ബ്ലേക്കിന്റെ അപ്പീൽ അവസാനം അനുവദിച്ച് കിട്ടി. ഹിയറിങ്ങിന്റെ ദിവസം കെയ്തിയോടൊപ്പം അധികാരികള്‍ക്ക് മുന്നിലെത്തിയ അദ്ദേഹം പക്ഷേ അതിന് തൊട്ടു മുമ്പായിത്തന്നെ ടോയ്ലറ്റിൽ തളര്‍ന്നു വീണു. ശവസംസ്കാരദിവസമാണ് അദ്ദേഹം നേരത്തെ തയ്യാറാക്കിയിരുന്ന കുറിപ്പ് കെയ്തി വായിക്കുന്നത്. അത് ഡാനിയൽ ബ്ലേക്കിന്റെ സന്ദേശമാണ്, ഒപ്പം നീതി തേടുന്ന വ്യക്തിയുടെ അവകാശപ്രഖ്യാപനവും. കെൻ ലോച്ചിന്റെ കലാപ പ്രഖ്യാപനവുമാണത്.
ലോച്ചിന്റെ സ്ഥിരം എഴുത്തുകാരൻ പോൾ ലാവെര്ടി തന്നെയാണ് ഡാനിയൽ ബ്ലേക്കിന്റെയും സോറി വി മിസ്ഡ് യുവിന്റെയും തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഇംഗ്ലണ്ടിലെ അറിയപ്പെടുന്ന കൊമേഡിയൻ ഡേവ് ജോണ്‍സ്, ഡാനിയൽ ബ്ലേക്കിനെയും ഹേയ്ലി സ്ക്വിറെസ് കെയ്തിയെയും അവതരിപ്പിക്കുന്നു. ഉജ്വലമാണ് രണ്ടു പേരുടെയും പ്രകടനം. നര്‍മത്തിന് പ്രാധാന്യം നല്കുന്ന വിധമാണ് ഡാനിയൽ ബ്ലേക്കിന്റെ പരിചരണം. ഡാർക് ഹ്യൂമർ ജോനറിൽപ്പെടുത്താവുന്ന ചിത്രമാണത്.
കഥാപാത്രങ്ങളും സന്ദർഭങ്ങളുമായി കൃത്യമായ എംപതി സൃഷ്ടിക്കുന്നതിൽ റോബി റിയാന്റെ ഫ്രെയിമുകൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. പലപ്പോഴും ഫ്രെയിമിനകത്താണ് നാം. റോബി റിയാൻ തന്നെയാണ് രണ്ട് ചിത്രങ്ങളുടെയും കാമറ. ജോർജ് ഫെന്റന്റെ സ്കോറും രണ്ട് സിനിമകളെയും ആസ്വാദ്യമാക്കുന്നുണ്ട്.
ഓണ്‍ലൈൻ അപേക്ഷ നല്കാൻ കംപ്യൂട്ടറുമായി ഡാനിയൽ മല്ലടിക്കുന്ന ഒരു രംഗമുണ്ട്. തന്റെ വഴിക്ക് വരാൻ വിസമ്മതിക്കുന്ന കര്സറിനെപ്പറ്റി അദ്ദേഹത്തിന്റെ ആത്മഗതം: ‘Fucking apt name for it’. പുതിയ ഇംപെര്സനല്, വെര്‍ച്വൽ ലോകത്തിന്റെ മന്ത്രം ‘We are digital by default’ എന്ന് ഡാനിയൽ ബ്ലേക്കിനോട് പറഞ്ഞപ്പോൾ അദ്ദേഹം ഉടനെ പ്രതികരിക്കുന്നത്. ‘Yeah? Well I’m pencil by default’ എന്നാണ്.
രണ്ട്) കൂലിയടിമത്തത്തിന്റെ തൊഴിലാളിച്ചന്തകൾ
പ്രായം ചെല്ലുന്തോറും ഈ ചലച്ചിത്രകാരന്റെ കണ്ണുകൾക്ക് തിളക്കമേറുന്നു, ചിന്തകൾ കൂടുതൽ തീക്ഷ്ണമാവുന്നു, പ്രതികരണങ്ങൾക്ക് മൂർച്ച കൂടുന്നു. താരതമ്യവിചാരത്തിൽ ‘പുവർ കൗ’വിനെക്കാളും ‘ഫാമിലി ലൈഫി’നെക്കാളും പ്രസക്തനായിത്തീരുന്നുണ്ടെന്നു തോന്നുന്നു ‘ദ് വിൻഡ് ദാറ്റ് ഷേക്സ് ദ് ബാർലി’യിലെ കെൻ ലോച്. ഡാനിയൽ ബ്ലേക്കിൽ അദ്ദേഹം കൂടുതൽ ചടുലതയാര്ജിക്കുന്നു, ശബ്ദം കൂടുതൽ ഉച്ചത്തിലാവുന്നു. ആ പരിധിക്കുമപ്പുറത്തെത്തിനിൽക്കുന്നുണ്ട് ‘Sorry, We Missed You’ വിലെ ലോച്.

ബ്രിട്ടനിലെ സെക്യൂരിറ്റി അസസ്മെന്റ് സംവിധാനത്തിന്റെ നൂലാമാലകളിലാണ് ഡാനിയൽ ബ്ലേക് പ്രത്യക്ഷത്തിൽ കെണിഞ്ഞു നിന്നിരുന്നതെങ്കിൽ, റിക്കി ടർണറെയും കുടുംബത്തെയും കണ്ടുമുട്ടുന്നത് ഗിഗ് എകോണമിയുടെ (gig economy) പരിസരങ്ങളിലാണ്.
ഒറ്റക്കുതിരയെ കെട്ടിയ ഇടുങ്ങിയ ഇരുചക്രവണ്ടിയെയാണ് ഗിഗ് എന്ന് വിളിക്കുക. ഗിഗ് എകോണമി എന്നാൽ ഷോട് ടേം ഇടപാടുകളുടെയും ടെംപററി, ഇന്‍ഡിപെന്‍ഡന്‍ഡ് കോണ്‍ട്രാക്ടുകളുടെയും സാമ്പത്തികവ്യവസ്ഥയാണ്. ഒരു തൊഴിലാളിക്ക് ഒരു തൊഴിലുടമയെ മാത്രം ആശ്രയിച്ചു നിൽക്കേണ്ടി വരുന്നില്ല എന്ന ഗുണം ഇതിന് പറയാറുണ്ടെങ്കിലും മറുവശത്ത് ഇതിന്റെ അടിത്തറ തന്നെ കൂലിയടിമത്തത്തിന്റെ തൊളിലാളിച്ചന്തകളാണ്.
ഡാനിയൽ ബ്ലേക്കിനെപ്പോലെ റിക്കി ടർണറും വരുന്നത് ന്യൂകാസിലിൽ നിന്ന് തന്നെ. സിനിമ തുടങ്ങുമ്പോൾ അദ്ദേഹം ഒരു ഇന്റർവ്യൂവിലാണ്. കെട്ടിടനിര്മാണത്തൊഴിലും പ്ലംബിങ്ങും മറ്റുമൊക്കെയായി ജീവിച്ചിരുന്ന ഒരു ഡേ ലേബറർ ആയിരുന്നു റിക്കി. ഇന്നുവരെ ആരുടെയും ഔദാര്യത്തെ ആശ്രയിക്കാതെ ജീവിക്കാൻ പറ്റിയതിൽ അഭിമാനമുണ്ടെങ്കിലും കുടുംബത്തെ ഗ്രസിച്ചിരിക്കുന്ന ഋണഭാരം കൂടുതൽ വരുമാനമുണ്ടാക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നു. അങ്ങനെയാണ് PDF (Parcels Delivered Fast) എന്ന പുതുശതകസംരംഭത്തിന്റെ ഡെലിവറി വാൻ ഡ്രൈവറാകാൻ അയാൾ തീരുമാനിക്കുന്നത്.
വളരെ ഗൗരവത്തിലും ദേഷ്യത്തോടെയും മാത്രം സദാ സംസാരിക്കുന്ന, കമ്പനിയുടെ ബോസ് (പക്ഷേ, അയാളും ഗിഗ് എകോണമിയുടെ ഒരു ഇര മാത്രമാണ്) അയാൾക്ക് തൊഴിൽ നിര്‍ദ്ദേശങ്ങൾ നൽകി. കൂട്ടത്തിൽ അയാൾ പറഞ്ഞു, റിക്കി ഒരു തൊഴിലാളിയായിരിക്കില്ല. മറിച്ച് ഓണർ-ഡ്രൈവർ ഫ്രാഞ്ചൈസി ആയിരിക്കും. ശമ്പളമായല്ല അയാൾക്ക് പണം ലഭിക്കുക, മറിച്ച് ഫീസ് ആയിട്ടായിരിക്കും.
ഓണർ-ഡ്രൈവറാകുമ്പോൾ വണ്ടി വാങ്ങേണ്ടത് റിക്കി തന്നെയാണ്. അതും ഒരു വിൻഡോലെസ് വൈറ്റ് വിഡബ്ല്യൂ (വോക്സ്വാഗൻ) ക്രാഫ്റ്റർ വാൻ തന്നെ വേണം. അതിന് ലോൺ കിട്ടണമെങ്കിൽ പ്രഥമതുകയായി ആയിരം ക്വിഡ് (പൗണ്ട് സ്റ്റെര്‍ലിങ്) വേണം. അല്ലെങ്കിൽ വണ്ടി കമ്പനി നല്‍കും. പക്ഷേ, ദിവസം അറുപത്തഞ്ച് ക്വിഡ് വാടക നൽകണം. എന്തെങ്കിലും കാരണവശാൽ ജോലി ചെയ്യാൻ പറ്റാതെ വരുമ്പോൾ പകരം ഡ്രൈവറെ കണ്ടെത്തേണ്ട ചുമതലയും റിക്കിയുടെതാണ്.
അതേസമയം ഇത്രയെല്ലാം സാഹസപ്പെടുമ്പോഴും ഗിഗ് എകോണമിക്ക് കീഴിൽ അയാൾ ഒരു കരാർത്തൊഴിലാളി മാത്രമാണ് താനും.
തുടര്‍ന്നുള്ള റിക്കിയുടെ ജീവിതസഞ്ചാരങ്ങളിലൂടെയാണ് സിനിമ വികസിക്കുന്നത്. റിക്കിയുടെ ഭാര്യ, ഹോം കെയർ നഴ്സായ ആബിയും ഗിഗ് എകോണമിയുടെ ഭാഗം തന്നെ. വാനിന്റെ പേമെന്റ് അടക്കാൻ വേണ്ടി അവളുടെ കാർ റിക്കി വിറ്റതിനെത്തുടര്‍ന്ന് അവള്‍ക്ക് ജോലിസ്ഥലങ്ങളിലേക്ക് ബസ്സിൽ പോകേണ്ടി വരുന്നു.
സാവകാശം റിക്കി കുടുംബത്തിന്റെ പരസ്പരബന്ധങ്ങൾ പോലും ഒരുതരം ടെന്‍ഡർ റിലേഷന്ഷിപ് ആയി മാറുന്നു. തങ്ങളുടെ സെക്സ് പോലും റ്റുഡു ലിസ്റ്റിൽ ഉൾപ്പെടുത്തി ചിട്ടപ്പെടുത്തേണ്ടി വരുന്നു റിക്കിക്കും ആബിക്കും. ക്രിസ് ഹിച്ചെൻ ആണ് റിക്കിയെ അവതരിപ്പിക്കുന്നത്. ആബിയായി വരുന്നത് ഡെബ്ബി ഹണിവുഡും.
വികസനത്തിന്റെ പുറം കാഴ്ചകൾക്കപ്പുറം വർകിങ് ക്ലാസ്സിന്റെും പിഴുതുമാറ്റപ്പെടുന്ന മറ്റ് വിഭാഗങ്ങളുടെയുമൊക്കെ കഥകൾ ഇനിയും കെൻ ലോച്ചിന്റെ കാമറയിൽ നിന്നും പുറത്തേക്ക് വരുമായിരിക്കാം.
ഈ ലോകത്ത് അവഗണിക്കപ്പെട്ടവരും പട്ടിണിയും ഉള്ളേടത്തോളം കാലം Les Miserables (പാവങ്ങള്‍) പോലുള്ള നോവൽ വായിക്കപ്പെടുക തന്നെ ചെയ്യും എന്ന് തന്റെ തന്നെ നോവലിനെപ്പറ്റി വിക്തോർ യൂഗോ പറയുന്നുണ്ട്. ഡാനിയൽ ബ്ലേക്കിനും സോറി വി മിസ്ഡ് യൂവിനും കിട്ടിയ അംഗീകാരങ്ങൾ മുഖ്യധാരയിൽ നിന്ന് പിഴുതുമാറ്റപ്പെടുന്ന ജീവിതങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണ്. എണ്‍പതാം വയസ്സിലും കെൻ ലോച്ചിന്റെ ചിന്തകളും കാഴ്ചകളും എത്രത്തോളം ഷാര്‍പ്പ് ആണ് എന്നതിനും തെളിവാണ് ഈ രണ്ട് സിനിമകൾ.